ഒടുവിലൊന്ന് നിലവിളിക്കാന്‍പോലുമാകാതെ ജീവനറ്റുപോയ ആയിരക്കണക്കിന് മനുഷ്യര്‍, ഒരു കണക്കിലും പെടാതെ മണ്ണടിഞ്ഞ പക്ഷികള്‍, മൃഗങ്ങള്‍, നിമിഷനേരം കൊണ്ട് ശവപ്പറമ്പായി മാറിയ ഒരു നാട്. ശേഷിച്ചത് എണ്ണമറ്റ അനാഥര്‍, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മഹാമാരികള്‍ കൊണ്ട് മരിച്ചുജീവിക്കുന്നവര്‍. അവരുടെ മുഖങ്ങള്‍ മനസ്സിനെ പൊള്ളിച്ചു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു....
ജീവനറ്റിട്ടും തുറന്നുവെച്ച ആ കുഞ്ഞുകണ്ണുകളിലെ ഇരുട്ട്, വേദനയുടെ ആഴം ലോകത്തിന് പകര്‍ന്നുകൊടുത്തു. ഭോപ്പാല്‍ എന്നാല്‍ വേദനയുടെയും വഞ്ചനയുടെയും ഓര്‍മകളാണ്.
ഭോപ്പാലിലെത്താന്‍ ഇനിയും മണിക്കൂറുകളുണ്ട്... സഹയാത്രികനായ സുഹൃത്ത് പറഞ്ഞു. ലക്ഷ്യത്തിലേക്ക് അതിവേഗം പായുകയാണ് ട്രെയിന്‍. വെയില്‍ കനക്കുംതോറും കാറ്റിന് അസഹ്യമായ ചൂട് കൂടി വരുന്നു. ബെര്‍ത്തില്‍ നിന്നിറങ്ങി മുഖം കഴുകി ഡോറിന് സമീപം നിന്നു.
ഇരുമ്പ് ബോഗിയാകെ ചുട്ടുപഴുത്തിരിക്കുന്നു. പുറത്ത്, നോക്കെത്താദൂരത്ത് ഉരുളക്കിഴങ്ങ് പാടങ്ങള്‍. ചിലയിടങ്ങളില്‍ മഞ്ഞപ്പട്ട് വിരിച്ചതുപോലെ കടുക് കൃഷി. പുറത്തുനിന്നുള്ള ശക്തിയായ കാറ്റില്‍ മുഖം നിമിഷനേരം കൊണ്ട് വരണ്ടുണങ്ങി.
വേദനയുടെയും വഞ്ചനയുടെയും ഓര്‍മ
ദുരന്തത്തിന് ഇരയായ കുഞ്ഞ്, രഘുറായിയുടെ പ്രശസ്ത ചിത്രം
ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം നടന്ന ഭോപ്പാലിലെ കുരുതി ഭൂമിയിലേക്കാണ് യാത്ര. 37 വര്‍ഷം പിന്നിട്ടു. അന്നത്തെ വാര്‍ത്തകളും ദൃശ്യങ്ങളും മനസ്സിലേക്ക് മാറിമാറി വന്നു. പുറംകാഴ്ചകള്‍ക്കുമേല്‍ അവ തെളിഞ്ഞുനിന്നു. ലോകത്തിന് ദുരന്തത്തിന്റെ വേദന പകര്‍ന്ന രഘുറായിയുടെ ചിത്രങ്ങള്‍ കണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു.
വിഷപ്പുക ശ്വസിച്ച് വിറങ്ങലിച്ച കുഞ്ഞിനെ മണ്ണിട്ട് മൂടുന്നതിന് മുമ്പെടുത്ത ചിത്രമായിരുന്നു ഏറെ വേദനിപ്പിച്ചത്. ജീവനറ്റിട്ടും തുറന്നുവെച്ച ആ കുഞ്ഞുകണ്ണുകളിലെ ഇരുട്ട്, വേദനയുടെ ആഴം ലോകത്തിന് പകര്‍ന്നുകൊടുത്തു. ഭോപ്പാല്‍ എന്നാല്‍ വേദനയുടെയും വഞ്ചനയുടെയും ഓര്‍മകളാണ്.
സമയം പോയതറിഞ്ഞതേയില്ല. ട്രെയിന്‍ വലിയ ശബ്ദത്തോടെ ഭോപ്പാലിലേക്ക് നിരങ്ങി അമര്‍ന്നുനിന്നു. സാമാന്യം ഭേദപ്പെട്ട റെയില്‍വെ സ്റ്റേഷനാണ് ഭോപ്പാല്‍. ആള്‍ത്തിരക്കിനൊപ്പം പുറത്തെത്തി. സൈക്കിള്‍ റിക്ഷ മുതല്‍ ആഢംബര കാറുകള്‍ വരെ യാത്രക്കാരെ കാത്തുകിടക്കുന്നു. പുറത്തിറങ്ങി വരുന്നവരെ ഓട്ടോക്കാര്‍ വഴിയില്‍ നിന്ന് തന്നെ സ്വന്തമാക്കി കൊണ്ടുപോവുകയാണ്. ഓട്ടോക്കൂലി പത്തും ഇരുപതും കുറക്കണം എന്നും പറഞ്ഞ് ചിലര്‍ ശബ്ദത്തോടെ വിലപേശുന്നുമുണ്ട്.
യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇന്നത്തെ അവസ്ഥ
'നമസ്‌തേ ജി' എന്നു പറഞ്ഞ് എന്റെ അടുത്തേക്കും ഒരു ഓട്ടോക്കാരന്‍ വന്നു. വാതകദുരന്തം നടന്ന സ്ഥലത്തേക്കാണ് പോകേണ്ടതെന്ന് പറഞ്ഞപ്പോള്‍ മീറ്റര്‍ ചാര്‍ജ്ജിന് പോകാം എന്ന ധാരണയിലെത്തി. നഗരത്തിന്റെ പരിഷ്‌കാരങ്ങള്‍ ഒന്നും എവിടെയുമില്ല. മിക്കവരും സാധാരണ ജീവിതം നയിക്കുന്ന നാടാണെന്ന് ആദ്യ കാഴ്ചയിലേ വ്യക്തം.
മുന്നോട്ടുപോകുംതോറും നഗര തിരക്ക് പാടേ അപ്രത്യക്ഷമായി. തിരക്കില്ലാത്ത ചെറിയ കവലകളും, കൂട്ടമായി ആളുകള്‍ താമസിക്കുന്ന ഗലികളും പിന്നിട്ട് ഓട്ടോ മുന്നോട്ട്.
റാം കിഷന്‍ പറഞ്ഞത്...
മുന്നോട്ട് പോകും തോറും ഭയവും, സങ്കടവും കൂടി ശരീരം ആസകലം വിറച്ചുതുടങ്ങി. പരിചിതമുഖങ്ങള്‍ പലതും റോഡരികില്‍ മരിച്ചുകിടക്കുന്നു. നെഞ്ചുപൊട്ടി വീണുപോകും എന്ന അവസ്ഥയില്‍ വീട്ടിലേക്ക് ഓടിക്കയറി.
തിരക്കൊഴിഞ്ഞ വഴിയിലേക്ക് കടന്നപ്പോള്‍ ഓട്ടോഡ്രൈവര്‍ നേരിയ ആകാംഷയോടെ സംസാരിക്കാന്‍ തുടങ്ങി. ആരാണെന്നും, എന്തിനാണ് അവിടെ പോകുന്നത് എന്നുമായിരുന്നു അറിയേണ്ടിയിരുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ഉടന്‍ മറുപടി വന്നു, 'ഞാന്‍ റാംകിഷന്‍ ആണ് സര്‍'.
മറു ചോദ്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം പറഞ്ഞു തുടങ്ങി. ഫാക്ടറിക്ക് എതിര്‍വശത്തെ ഗലിയില്‍ ആയിരുന്നത്രെ റാംകിഷനും കുടുംബവും താമസിച്ചിരുന്നത്. ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അച്ഛന്റെ സഹോദരന്റെ അടുത്തേക്ക് പോയതാണ്. ദീപാവലിക്കും ഹോളിക്കും മാത്രമാണ് വീട്ടില്‍ വരാറ്. അതുകൊണ്ടുതന്നെ അപകടം നടക്കുന്ന സമയത്ത് അദ്ദേഹം ഡല്‍ഹിയിലായിരുന്നു.
യൂണിയന്‍ കാര്‍ബൈഡ് കമ്പനിയ്‌ക്കെതിരെ നടന്ന പ്രതിഷേധം
'പിറ്റേന്ന് വന്ന് പത്രത്തില്‍ നോക്കിയതും കണ്ണില്‍ ഇരുട്ടുകയറി. ഏറെനേരം കഴിഞ്ഞാണ് ബോധം കിട്ടിയത്. പിന്നീട് എത്രയും പെട്ടെന്ന് വീട്ടിലെത്താന്‍ ഓട്ടമായിരുന്നു. പ്രായമായ അച്ഛന്റെയും അമ്മയുടെയും കുഞ്ഞനുജത്തിയുടെയും മുഖങ്ങള്‍ മാറിമാറി മനസ്സില്‍ തെളിഞ്ഞു. ഓര്‍മ കനക്കുന്നതിനനുസരിച്ച് തലയിലേക്ക് ഇരുട്ട് കയറി വന്നു. ഭോപ്പാലിലൂടെ പോകുന്ന ഏതോ ട്രെയിനില്‍ കയറിപ്പറ്റി. മണിക്കൂറുകള്‍ യുഗങ്ങള്‍ പോലെ കടന്നുപോയി. അപകടത്തിന്റെ പിറ്റേന്ന് രാത്രിയാണ് എത്തിയത്. എങ്കിലും പോലീസ് കടത്തിവിട്ടില്ല. പുലര്‍ന്നശേഷമാണ് മറ്റുള്ളവര്‍ക്കൊപ്പം കടത്തിവിട്ടത്, അതും അപകടമാണെന്ന മുന്നറിയിപ്പോടെ. കാരണം, അപ്പോഴും അപകട സാധ്യത ഉണ്ടായിരുന്നത്രെ.
വിഷവാതകം ശ്വസിച്ച് ജീവന്‍ വെടിഞ്ഞവരെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ആംബുലന്‍സില്‍ കയറ്റുന്നതാണ് ആദ്യം കണ്ടത്. മുന്നോട്ട് പോകും തോറും ഭയവും, സങ്കടവും കൂടി ശരീരം ആസകലം വിറച്ചുതുടങ്ങി. പരിചിതമുഖങ്ങള്‍ പലതും റോഡരികില്‍ മരിച്ചുകിടക്കുന്നു. നെഞ്ചുപൊട്ടി വീണുപോകും എന്ന അവസ്ഥയില്‍ വീട്ടിലേക്ക് ഓടിക്കയറി. വാതില്‍ ചവിട്ടിതുറന്ന് നോക്കിയപ്പോള്‍ ഒറ്റമുറി വീട്ടില്‍ പ്രിയപ്പെട്ടവര്‍ ചലനമറ്റുകിടക്കുന്നു...'
യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഇന്ന്
കണ്ണുതുടച്ച് റാംകിഷന്‍ ഓട്ടോ റോഡരികിലേക്ക് ഒതുക്കി. എതിര്‍വശത്തേക്ക് വിരല്‍ചൂണ്ടി അദ്ദേഹം പറഞ്ഞു; 'അതാണ് മരണഫാക്ടറി'. മീറ്ററില്‍ കണ്ട തുക കൊടുത്ത് ഇറങ്ങിയപ്പോള്‍ എത്രയെന്ന് പോലും ശ്രദ്ധിക്കാതെ കീശയിലേക്കിട്ടു.
റാംകിഷന്‍ നിറകണ്ണുകളോടെ തിരിച്ചുപോയി... ആ മനസ്സിന്റെ നീറ്റല്‍ എന്റെ കണ്ണുകളിലുണ്ടായിരുന്നു.
യൂണിയന്‍ കാര്‍ബൈഡ്, ഒരു അസ്ഥിപഞ്ജരം
ഭോപ്പാല്‍ ദുരന്ത സ്മാരകം
വിഷവാതകം ഇരച്ചു കയറിയ ജെ.പി നഗറിലാണ് നില്‍ക്കുന്നതെന്ന് മനസ്സിലായത് തൊട്ടടുത്ത ദുരന്ത സ്മാരകം കണ്ടപ്പോഴാണ്. കൈക്കുഞ്ഞിനെ സാരിയില്‍ പൊതിഞ്ഞു പിടിച്ച് കരയുന്ന അമ്മയുടെ ഒറ്റക്കല്‍ ശില്‍പമായിരുന്നു അത്.
എതിര്‍വശത്ത് അമേരിക്കന്‍ കമ്പനിയുടെ അസ്ഥിപഞ്ചരം നിശ്ചലം. കാടുപിടിച്ചു കിടക്കുന്ന പാഴ്മരങ്ങളാണ് 70 ഏക്കറോളമുള്ള യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ പുറംകാഴ്ച. ദൂരെ ദ്രവിച്ചു വീഴാറായ വാതകക്കുഴലുകള്‍. അവയിലൂടെയാണ് അനിയന്ത്രിതമായി വിഷവാതകം പുറത്തെത്തിയത്.
ഒരാള്‍ പൊക്കത്തിലുള്ള വലിയ ചുറ്റുമതിലിനുള്ളില്‍ ഫാക്ടറിക്ക് ശക്തമായ പൊലീസ് സുരക്ഷ. മതിലിനുപുറത്ത് നിറയെ മുദ്രവാക്യങ്ങളാണ്. ഭരണകൂടങ്ങള്‍ എങ്ങനെയാണ് അവിടുത്തെ ജനതയെ വിറ്റ് പണമാക്കിയതെന്ന് കരിക്കട്ടകൊണ്ടുവരെ ആ മതിലുകളില്‍ എഴുതിവെച്ചിട്ടുണ്ട്.
വിഷപ്പുകക്കുമേല്‍ വളര്‍ന്ന സ്വപ്നങ്ങള്‍
അമേരിക്കന്‍ കമ്പനിയുടെ ലാഭക്കണ്ണ് പതിയുന്നതുവരെ ഭോപ്പാലും മറ്റേതൊരു ഇന്ത്യന്‍ ഗ്രാമത്തിന് സമാനമായിരുന്നു. കര്‍ഷകരും റിക്ഷാവലിക്കാരും ചെറുകച്ചവടക്കാരുമായിരുന്നു ഭൂരിഭാഗവും. അതിലുപരി, പ്രകൃതിരമണീയമായ പ്രദേശം കൂടിയായിരുന്നു. ഇന്ത്യയുടെ തടാകനഗരമാണ് ഭോപ്പാല്‍. അത്രമേല്‍ ഭൂപ്രകൃതിയാല്‍ സമ്പുഷ്ടം.
അപകട സമയത്ത് മൂന്ന് ഭീമന്‍ ടാങ്കുകളില്‍ 42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് ശേഖരം ഉണ്ടായിരുന്നു. പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ അതീവ ശ്രദ്ധയോടെ സൂക്ഷിക്കേണ്ട രാസവസ്തുവാണിത്. എന്നാല്‍, താപനില ക്രമീകരിക്കാന്‍ ശീതീകരണ സംവിധാനം ഇല്ലായിരുന്നു.
എന്നാല്‍, 1969ല്‍ ഭീമന്‍ ടാങ്കുകളും അസംസ്‌കൃത വസ്തുക്കളുമായി വന്ന യൂണിയന്‍ കാര്‍ബൈഡ് നാടിന്റെ തലവര മാറ്റി. തുടക്കത്തില്‍ അത്യപൂര്‍വം പേര്‍ക്കാണ് അപകട സാധ്യതയെക്കുറിച്ച് ധാരണ ഉണ്ടായിരുന്നത്. എന്നാല്‍, എതിര്‍പ്പുകളെ കമ്പനി പണം വാരിയെറിഞ്ഞ് നിശ്ശബ്ദമാക്കി. ജോലിയും വാഗ്ദാനങ്ങളും നല്‍കി കുറച്ചു പേരെയെങ്കിലും വരുതിയിലാക്കാനും സാധിച്ചു. പ്രവര്‍ത്തനം ആരംഭിച്ചതോടെ റോഡുകള്‍ വികസിച്ചു, കച്ചവടം കൂടി. ഗ്രാമം പുതിയ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി.
ഫാക്ടറിക്കകത്തെ സ്ഥിതി മറ്റൊന്നായിരുന്നു. തുടക്കത്തില്‍ തന്നെ വന്‍തോതില്‍ കാര്‍ബറിന്‍ എന്ന രാസവസ്തു ഉല്‍പാദനം തുടങ്ങി. ആവശ്യമായ സുരക്ഷാ സജ്ജീകരം ഉണ്ടായിരുന്നില്ല. സാധാരണ പ്ലാന്റുകള്‍ക്ക് ആവശ്യമായ ക്രമീകരണം മാത്രം. വളരെ പെട്ടെന്ന് വന്‍ലാഭം കൊയ്യാന്‍ സാധിച്ചതോടെ കമ്പനി അടുത്ത ഘട്ടത്തിലേക്ക് കടന്നു.
1979ഓടെ മീഥൈല്‍ ഐസോസൈനേറ്റ് കൂടി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. അപകട സമയത്ത് മൂന്ന് ഭീമന്‍ ടാങ്കുകളില്‍ 42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് ശേഖരം ഉണ്ടായിരുന്നു. പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ അതീവ ശ്രദ്ധയോടെ സൂക്ഷിക്കേണ്ട രാസവസ്തുവാണിത്. എന്നാല്‍, താപനില ക്രമീകരിക്കാന്‍ ശീതീകരണ സംവിധാനം ഇല്ലായിരുന്നു. ഇതുമൂലമാണ് അപകടം അത്ര ഭീകരമായത്.
വിഷവാതകങ്ങള്‍ വിഴുങ്ങിയ നഗരം
കാര്‍ബറിന്‍ നിര്‍മാണത്തിന് മറ്റൊരു ടാങ്കില്‍ നിന്ന് മീഥൈല്‍ ഐസോസൈനേറ്റ് എത്തിക്കുന്ന പൈപ്പ് കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. രാത്രിയോടെ ജീവനക്കാര്‍ കൂറ്റന്‍ പൈപ്പിലേക്ക് വെളളം അടിച്ച് വൃത്തിയാക്കുകയായിരുന്നു. അതിനിടെ വെള്ളത്തിന് ശക്തി കൂടിയത് അവര്‍ക്ക് തിരിച്ചറിയാനായില്ല.
തല്‍ഫലമായി, ശക്തിയായി വന്ന വെള്ളം പൈപ്പിലെ അവശിഷ്ടങ്ങള്‍ക്കൊപ്പം മീഥൈല്‍ ഐസോസൈനെറ്റ് ടാങ്കിലേക്ക് ചോര്‍ന്നിറങ്ങി. ജലവും മീഥൈല്‍ ഐസോസൈനേറ്റും കലര്‍ന്നതോടെ നിമിഷനേരം കൊണ്ട് ടാങ്കില്‍ രാസപ്രവര്‍ത്തനം നടക്കാന്‍ തുടങ്ങി.
പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താപനില കൂടാതെ ക്രമീകരിക്കേണ്ട ടാങ്ക് 200 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു. സംഭരണിയിലെ മര്‍ദ്ദം താങ്ങാവുന്നതിലും അധികമായി. മറ്റൊരു ടാങ്കിലേക്ക് എത്രയും വേഗം രാസപദാര്‍ത്ഥങ്ങള്‍ മാറ്റുക എന്നതുമാത്രമായിരുന്നു സാധ്യമായ വഴി. എന്നാല്‍ അതിന് യാതൊരു സംവിധാനവും സജ്ജമല്ലായിരുന്നു. രാസപ്രവര്‍ത്തനത്തിന്റെ ഫലമായി മര്‍ദ്ദം അസ്വാഭാവികമായി ഉയര്‍ന്നുകൊണ്ടിരുന്നു.
കുരുതി കഴിഞ്ഞ ശരീരങ്ങളെ ദഹിപ്പിച്ച ശ്മശാനം നടത്തിപ്പുകാരനായ ശിവചരണ്‍പുരി പറഞ്ഞത്, തന്റെ ശരീരവും ഇവിടെത്തന്നെ ദഹിപ്പിക്കണം, അല്ലെങ്കില്‍ തനിക്ക് മോക്ഷം ലഭിക്കില്ല എന്നായിരുന്നു.
അത്തരം സാഹചര്യങ്ങളില്‍ സ്വയംതുറന്ന് വാതകം പുറന്തള്ളുന്ന സംവിധാനം മാത്രമായിരുന്നു പ്രവര്‍ത്തനക്ഷമമായി ഉണ്ടായിരുന്നത്. അതുതന്നെ സംഭവിച്ചു. ആകാശത്തേക്ക് ലക്ഷ്യംവെച്ചു നിര്‍മിച്ച വാതകക്കുഴലുകള്‍ താനേ തുറന്നു. അവസാന സാധ്യതയായ അത്തരം വാതകക്കുഴലുകള്‍ക്കുപോലും രാസപ്രവര്‍ത്തനം തടയാന്‍ കഴിയുമായിരുന്നു.
എന്നാല്‍, ഫാക്ടറിയിലെ വാതകക്കുഴലുകള്‍ ഒന്നും രാസപ്രവര്‍ത്തനം തടയാനുള്ള ലോഹങ്ങള്‍ കൊണ്ടായിരുന്നില്ല നിര്‍മിച്ചത്. ആകാശത്തേക്ക് തുറന്ന കുഴലിലൂടെ വന്‍തോതില്‍ കാര്‍ബണ്‍ മൊണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഓസ്റ്റിന്‍, ഹൈഡ്രജന്‍ സയനൈഡ് എന്നിവക്കൊപ്പം മീഥൈല്‍ ഐസോസൈനേറ്റും പുറത്തുവന്നു.
ഡിസംബറിലെ തണുപ്പുള്ള കാറ്റിനൊപ്പം ഭോപ്പാലിനുമീതെ വിഷവാതകങ്ങള്‍ പരന്നൊഴുകി. അതിശൈത്യത്തിലാണ്ടു കിടക്കുകയായിരുന്ന ഗ്രാമത്തെ നിമിഷനേരംകൊണ്ട് വിഷപ്പുക മൂടി. അപായസൈറണ്‍ വലിയ ശബ്ദത്തില്‍ മുഴങ്ങിയെങ്കിലും വിഷവാതകം ശബ്ദത്തിന് മുമ്പേ വീടുകളില്‍ എത്തിയിരുന്നു. പുലര്‍ച്ചെയോടെ നാടാകെ വിഷമയമായി. ജനലിനും വാതിലിനും ഉള്ളിലൂടെ വാതകം അരിച്ചുകയറി. വായുവില്‍ പൂര്‍ണമായും കലര്‍ന്നു. അതോടെ, ഓരോ ശ്വാസത്തിനൊപ്പവും വിഷപ്പുക ശരീരത്തിനുള്ളില്‍ നിറഞ്ഞു.
വിഷവാതകം ശ്വസിച്ച് മരിച്ചുവീണവര്‍
ശ്വാസ നാളിയിലെ എരിച്ചിലോടെ ചുമച്ചുകൊണ്ടാണ് ഗ്രാമീണര്‍ കണ്ണുതുറന്നത്. മിക്കവരും ശ്വാസംമുട്ടിയും ചുമച്ചും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പുറത്തേക്കോടി. അടുത്തനിമിഷം കണ്ണില്‍ ഇരുട്ടുകയറാന്‍ തുടങ്ങി. മിക്കവരുടെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. അവര്‍ പരസ്പരം കൂട്ടിയിടിച്ചും മറിഞ്ഞുവീണും റോഡുകളില്‍ പരന്നുകിടന്നു. വേദനയുടെ കടലാഴങ്ങള്‍ അനുഭവിച്ചാണ് ഓരോ മനുഷ്യന്റെയും ജീവന്‍ പോയത്.
ചിലര്‍ കാഴ്ച നഷ്ടപ്പെടും മുമ്പ് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറിയെങ്കിലും എന്താണ് സംഭവിച്ചത് എന്നറിയാതെ അവരും കൈമലര്‍ത്തി. മരിക്കാനുള്ള ഒരിടം മാത്രമായിരുന്നു അന്ന് ആശുപത്രികള്‍. കിലോമീറ്ററുകള്‍ അപ്പുറമുള്ള റെയില്‍വെ സ്‌റ്റേഷനിലേക്കുപോലും വിഷവാതകമെത്തിയിരുന്നു. ആറു കിലോമീറ്ററില്‍ വിഷവാതകം മരണം കൊയ്യുകയായിരുന്നു.
ചോര്‍ച്ചയുണ്ടായി മണിക്കൂറുകള്‍ക്കകം മരിച്ചുവീണത് 3587 പേരാണ്. ഒരു മാസത്തിനിടെ മരണസംഖ്യ പതിനായിരത്തോളമായി. പുലര്‍ച്ചെ നാലു മണിയോടെ മാത്രമാണ് വാതകചോര്‍ച്ച നിര്‍ത്താന്‍ സാധിച്ചത്. മനുഷ്യ ജീവനേക്കാള്‍ വലുതായി ലാഭത്തെ കണ്ടിരുന്ന യൂണിയന്‍ കാര്‍ബൈഡ് കമ്പനി അപ്പോഴേക്കും ആ ഗ്രാമത്തെ ശ്മാശാനമാക്കിയിരുന്നു.
തലമുറകളിലേക്ക് പടര്‍ന്ന വിഷം
ഭരണകൂടവും പൊലീസും പ്രാധാന്യത്തോടെ ചെയ്ത ജോലി ചോള റോഡ് ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കലായിരുന്നു. ഭോപ്പാലിലെ ഡോ.സത്യനാഥ് സാരംഗി പറഞ്ഞത്, ഒരു സര്‍ക്കാര്‍ അന്നവിടെ ഉണ്ടായിരുന്നില്ല എന്നാണ്. ദുരിതം മാത്രം ബാക്കിവെച്ച് കാലം കടന്നുപോയി.
ദുരന്തം നടന്നിട്ട് 36 വര്‍ഷം പിന്നിടുന്നു. അതിനിടെ, ജീവനറ്റുപോയത് 25,000- 30,000 മനുഷ്യരാണ്. കൃത്യമായ മരണസംഖ്യപോലും ഭരണ കൂടത്തിന്റെ കൈയിലില്ലാത്തതും ഇതിനു പുറകിലെ ഗൂഢാലോചനയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ചോള ശ്മശാനത്തില്‍ ഒരേസമയം എരിഞ്ഞടങ്ങിയത് ആയിരങ്ങളാണ്. കുരുതി കഴിഞ്ഞ ശരീരങ്ങളെ ദഹിപ്പിച്ച ശ്മശാനം നടത്തിപ്പുകാരനായ ശിവചരണ്‍പുരി പറഞ്ഞത്, തന്റെ ശരീരവും ഇവിടെത്തന്നെ ദഹിപ്പിക്കണം, അല്ലെങ്കില്‍ തനിക്ക് മോക്ഷം ലഭിക്കില്ല എന്നായിരുന്നു.
കാന്‍സര്‍, ശ്വാസതടസം, വിട്ടുമാറാത്ത ചുമ, വിഷാദം, തളര്‍ച്ച, ക്ഷയം ഇതെല്ലാം സ്വാഭാവിക അസുഖങ്ങളാണ് ദുരന്തം ബാക്കിയാക്കിയവര്‍ക്ക്. സാമൂഹിക പ്രശ്നങ്ങളും അതിരറ്റതാണ്. വിവാഹം അപൂര്‍വമായി മാത്രമാണ് നടക്കുന്നത്. വര്‍ഷങ്ങളുടെ ചികിത്സക്കുശേഷമാണ് അമ്മയാകാന്‍ സാധിക്കുക. ദുരിതം അപ്പോഴും അവസാനിക്കുന്നില്ല. മാരകരോഗങ്ങളുമായാണ് ഓരോ കുഞ്ഞിന്റെയും ജനനം. സെറിബ്രല്‍ പള്‍സി, മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്നിങ്ങനെയുള്ള രോഗങ്ങളുമായാണ് ഓരോ കുട്ടിയും പിറക്കുന്നത്. രണ്ടു ലക്ഷത്തോളം പേര്‍ നിത്യരോഗികളായി. അഞ്ചു ലക്ഷത്തോളം പേരെ ദുരന്തം പ്രത്യക്ഷത്തില്‍ ബാധിച്ചു.
മരണവ്യാപാരിയുടെ അന്ത്യം
വാറന്‍ ആന്‍ഡേഴ്‌സന്‍
ദുരന്തം നടന്ന് നാലുദിവസങ്ങള്‍ക്കുശേഷമാണ് യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ അറസ്റ്റുചെയ്യാന്‍ പോലും ഭരണകൂടം തയ്യാറായത്. അന്ന് വൈകീട്ടുതന്നെ 25,000 രൂപ ആള്‍ജാമ്യത്തിന് അദ്ദേഹം പുറത്തിറങ്ങി. ഉടന്‍, സ്വകാര്യ വിമാനത്തില്‍ അമേരിക്കയിലേക്ക് പറന്നു, പിന്നീട് ഇയാളെ ഇന്ത്യ കണ്ടിട്ടില്ല. നിരവധി തവണ കോടതി സമന്‍സ് അയച്ചെങ്കിലും അദ്ദേഹത്തിന്റെ പണക്കൊഴുപ്പിനുമുകളില്‍ എല്ലാ സംവിധാനങ്ങളും വിധേയരായി.
2010ല്‍ വാറന്‍ ആന്‍ഡേഴ്‌സന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കൂട്ടക്കുരുതിക്ക് കാരണമെന്ന് കോടതി വിധിച്ചു. 2000 ഡോളര്‍ പിഴയും രണ്ടു വര്‍ഷം തടവുമായിരുന്നു ശിക്ഷ. എന്നാല്‍, അതൊന്നും മരണവ്യാപാരിയായ വാറന്‍ ആന്‍ഡേഴ്‌സനെ തൊട്ടില്ല. അദ്ദേഹം ഒരിക്കല്‍ പോലും ഇന്ത്യയിലേക്ക് വന്നില്ല. 2014ല്‍ അദ്ദേഹം മരിച്ചു എന്ന വാര്‍ത്തയോടെ ആ അധ്യായം എരിഞ്ഞടങ്ങി.
അനീതിയുടെ മഹാചരിത്രം
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മനുഷ്യവിരുദ്ധ ഇടപെടലിന് മികച്ച ഉദാഹരണമാണ് ഭോപ്പാല്‍ ദുരന്തം. ഭരണാധികാരികളുടെ വഞ്ചനയുടെ ചരിത്രം കൂടിയാണത്. കൊടിനിറത്തിനപ്പുറം രാഷ്ട്രീയകഴുകന്മാര്‍ ഒന്നായി പണക്കൊഴുപ്പിനുമുന്നില്‍ ജനതയെ വില്‍ക്കുകയായിരുന്നു.
ഇരകളെ ഇത്രമേല്‍ വില്‍ക്കാന്‍ ഭരണകൂടങ്ങള്‍ ധൈര്യം കാണിച്ചതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്- ദുരന്തത്തിനിരയായവരില്‍ 58% മുസ്‌ലിംകളും 30% ദലിതുകളുമാണ്.
നഷ്ടപരിഹാരമായി കിട്ടിയ കോടികള്‍ അവര്‍ പങ്കിട്ടെടുത്തു. സകലതും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് 25,000 രൂപ മാത്രമാണ് ലഭിച്ചത്. അതും, നിരന്തര പ്രതിഷേധങ്ങള്‍ക്കുശേഷം. ദിവസങ്ങള്‍ നീണ്ട ട്രെയിന്‍ ഉപരോധം വരെ നടത്തേണ്ടിവന്നു. ദുരിതബാധിതരെ കച്ചവടം നടത്തിയതില്‍ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും ഉള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്.
അത്രമേല്‍ മനുഷ്യക്കുരുതി നടത്തിയിട്ടും യൂണിയന്‍ കാര്‍ബൈഡ് പേരുമാറ്റി ഡൗ കെമിക്കല്‍സ് എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. ഡൗ കെമിക്കല്‍സിന് നിയമസഹായം നല്‍കുന്നത് കോണ്‍ഗ്രസ് നേതാവായ അഭിഷേക് സിങ്വി ആണെന്നതുകൂടി ചേര്‍ത്തുവായിക്കണം. ഡൗ കെമിക്കല്‍സിന്റെ ഇപ്പോഴത്തെ മേധാവിയായ ആന്‍ഡ്രു ലിവറസിനെ ആലിംഗനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ എത്രമേല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നതിന് മികച്ച ഉദാഹരണം കൂടിയാണ് ഭോപ്പാല്‍ ദുരന്തം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഡൗ കെമിക്കല്‍സ് മേധാവിക്കൊപ്പം
ജീവിതം അനാഥമായവര്‍ തെരുവില്‍ നീതിക്ക് പോരാട്ടം നടത്തുമ്പോള്‍ കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശ് പറഞ്ഞത്, 110 കോടി രൂപ മുടക്കി ദുരന്ത സ്മാരകം നിര്‍മ്മിക്കും എന്നാണ്.
ജീവിച്ചിരിക്കുന്ന മനുഷ്യര്‍ തന്നെയാണ് ദുരന്ത സ്മാരകങ്ങള്‍ എന്ന് രാഷ്ട്രീയ ജീവികള്‍ക്ക് 36 വര്‍ഷത്തിനിപ്പുറവും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് വേണ്ടത് പൂര്‍ണ പുനരധിവാസമാണ്.
കാരണം, ഗ്രീന്‍പീസ് റിപ്പോര്‍ട്ട് പ്രകാരം 200 ടണ്‍ വിഷമാലിന്യമാണ് കമ്പനിയില്‍ കുഴിച്ചുമൂടിയത്. മണ്ണിലേക്കിറങ്ങിയ വിഷമാലിന്യങ്ങള്‍ ശുദ്ധജലത്തിലാകെ കലര്‍ന്നിട്ടുണ്ട്. ഇപ്പോഴും പാതിജീവനുമായി ജനിക്കുന്ന കുട്ടികള്‍ അത് അടിവരയിടുന്നു.
ഇരകളെ ഇത്രമേല്‍ വില്‍ക്കാന്‍ ഭരണകൂടങ്ങള്‍ ധൈര്യം കാണിച്ചതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്- ദുരന്തത്തിനിരയായവരില്‍ 58% മുസ്‌ലിംകളും 30% ദലിതുകളുമാണ്.
ഫാക്ടറിക്കുമുകളില്‍ ഇരുട്ട് കനത്തുവരികയാണ്. തിരിച്ചുപോകാന്‍ ഓട്ടോയില്‍ കയറുമ്പോള്‍ കാലം പോലും നിശ്ചലമായ ആ ദിവസം മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു. ഇരകള്‍ എന്ന പ്രയോഗം പോലും പ്രഹസനമാണ്, കണ്ടുതീര്‍ത്ത ജീവിതങ്ങള്‍ക്കുമുന്നില്‍. ഓരോ മനുഷ്യരുടെയും കണ്ണുകളിലെ ദൈന്യത ഉറക്കെ പറയുന്നുണ്ട്, അനീതിയുടെ മഹാചരിത്രം.
ദുരന്ത നാളുകളിൽ മറ്റൊരു ദുരന്ത സ്മരണ.
ഇവരുടെ എവറെഡി ബാറ്ററി, ടോർച്ചു എന്നിവ ഇപ്പോഴും നമ്മുടെ നാട്ടിൽ സുലഭം. ഒരു പക്ഷേ ഈ കൂട്ടക്കൊല അങ്ങ് അമേരിക്കയിലായിരുന്നെങ്കിൽ അറിയാമായിരുന്നു കളി. ഒരു തെരഞ്ഞെടുപ്പ് ഉത്സവത്തിനിടയ്ക്ക് ദുരന്തവാർത്തകളെ മുക്കാനും അന്ന് കഴിഞ്ഞു.
ഇ.കെ.അജിത്
10 Apr 2020, 12:23 PM
അഭിനന്ദനങ്ങൾ, ഭോപ്പാലിന്റെ ദുരന്ത കാഴ്ചകളുെടെ വ്യത്യസ്തമായ വിവരണമായി
Bindu T S
10 Apr 2020, 07:57 AM
സംരക്ഷിക്കേണ്ടവർതന്നെ കൊലയാളി കളാകുന്നതാണ് മനുഷ്യസമൂഹത്തിന്റെ ഏറ്റവും വലിയ ദുരന്തം
Rafeekparoli
11 Apr 2020, 12:11 PM
നിസ്സഹായരായ ജനതയായി ഇനിയും നമ്മൾ എത്ര കാലം?