മരിച്ചത് കുടുംബത്തിലെ 43 പേർ; ഒരു രാത്രികൊണ്ട് ആരുമില്ലാതായവൻ, ദീപൻ

70 പേരുടെ ദാരുണമരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തത്തിന് ആഗസ്റ്റ് ആറിന് ഒരു വർഷം തികയുമ്പോൾ, സ്വന്തം കുടുംബത്തിലെ 43 പേർ നഷ്ടമായ ദീപൻ എന്ന യുവാവ് ഒരു വർഷം എങ്ങനെയാണ് കഴിച്ചുകൂട്ടിയത്? ഒരു അന്വേഷണം

ടുക്കി രാജമലക്കടുത്തുള്ള പെട്ടിമുടിയിൽ 70 പേർ മരണത്തിലേക്ക് ഒലിച്ചുപോയിട്ട് ഒരു വർഷം തികയുന്നു. 2020 ആഗസ്റ്റ് ആറിനായിരുന്നു ആ കൊടും ദുരന്തം. ദുരന്തഭൂമിയിൽ നിന്ന് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തെടുക്കുമ്പോൾ വാവിട്ട് കരയുന്ന ദീപൻ എന്ന ചെറുപ്പക്കാരനെ കേരളം മറന്നിട്ടുണ്ടാകില്ല. ദീപന്റെ കുടുംബത്തിലെ 43 പേരാണ് ദുരന്തത്തിൽ മരിച്ചത്, ഗർഭിണിയായ ഭാര്യയടക്കം. രക്ഷപ്പെട്ടത് ദീപനും അമ്മ പളനിയമ്മയും മാത്രം. അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്മയുടെ ചികിത്സക്ക് ദീപൻ ഇപ്പോഴും മൂന്നാർ കോളനിയിൽ അമ്മാവന്റെ വീട്ടിലാണ് താമസം.

പെട്ടിമുടി ദുരന്തത്തിൽ പളനിയമ്മയുടെ എല്ലുകളെല്ലാം പൊട്ടി. ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദനയുണ്ടാകാറുള്ളതിനാൽ ആശുപത്രി അടുത്തുള്ളിടത്ത് താമസിക്കുകയാണ്. സർക്കാർ വീട് നിർമിച്ച് നൽകിയെങ്കിലും 13 കിലോമീറ്റർ ദൂരെയുള്ള കുറ്റിയാർവാലിയിൽ നിന്ന് മൂന്നാറിലെത്തുക ബുദ്ധിമുട്ടായതിനാലാണ് ഇവർ മൂന്നാർ കോളനിയിൽ താമസിക്കുന്നത്.

2019 നവംബർ പത്തിന് പെട്ടിമുടിയിൽ ഒരു വിവാഹം നടന്നു; തോട്ടം തൊഴിലാളികളായ പ്രഭുവിന്റെയും ഭാര്യ പളനിയമ്മയുടെയും ഇളയമകൻ ദീപനും തിരുനെൽവേലി സ്വദേശി മുത്തുലക്ഷ്മിയും തമ്മിൽ. ഒമ്പത് മാസങ്ങൾക്കിപ്പുറം 2020 ആഗസ്റ്റ് ആറിന് രാത്രി പത്തേമുക്കാലോടെ പെട്ടിമുടി എന്ന പ്രദേശം തന്നെ ഒരു ഉരുൾപൊട്ടലിൽ ഒലിച്ചുപോയപ്പോൾ കൂടെ ഒലിച്ചുപോയത് ഇരുപത്തിയേഴുകാരനായ ദീപന്റെ സ്വപ്നങ്ങൾ കൂടിയാണ്.

പെട്ടിമുടി ദുരന്തസ്ഥലം

ദീപനൊപ്പം ഉറങ്ങുകയായിരുന്ന പൂർണ ഗർഭിണിയായ മുത്തുലക്ഷ്മിയെ ബോധം വന്നപ്പോൾ അയാൾക്ക് കണ്ടെത്താനായില്ല. ചെളിയിലും കരിങ്കല്ലുകൾക്കും ഇടയിൽ പുതഞ്ഞുകിടന്നിരുന്നതിനാൽ അയാൾക്ക് അവളെ തേടിപ്പോകാനും സാധിച്ചില്ല. പിറ്റേദിവസം രക്ഷാപ്രവർത്തകരാണ് അവളുടെ മൃതദേഹം കണ്ടെടുക്കുന്നത്. ഒരു രാത്രികൊണ്ട് ആരുമില്ലാതായവന്റെ കഥയാണ് ദീപൻേറത്. ഒപ്പം ദുരന്തത്തിന്റെ രക്തസാക്ഷിയായി ജീവിച്ചുതീർത്ത ഒരു വർഷത്തെ നീറുന്ന ഓർമകളും. ദീപനുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:

പെട്ടിമുടിയായിരുന്നു എന്റെ ലോകം

ന്റെ അച്ഛനും അമ്മയും കണ്ണൻ ദേവന്റെ തോട്ടത്തിലെ തൊഴിലാളികളായിരുന്നു. അങ്ങനെയാണ് ഞങ്ങൾ തിരുനെൽവേലിയിലെ ഊര് വിട്ട് മൂന്നാറിലെത്തിയത്. അമ്മയുടെ ആങ്ങളമാർ ഇവിടെയുണ്ടായിരുന്നു. അടുത്തടുത്ത ലയങ്ങളിലായാണ് ഞങ്ങളെല്ലാവരും താമസിച്ചിരുന്നത്. കുട്ടിക്കാലത്ത് തേയിലച്ചെടികൾക്കിടയിൽ നിന്ന് ഉണങ്ങിയ വിറക് ശേഖരിക്കാൻ പോയും അവയുടെയിടയിൽ കളിച്ചുമാണ് ഞങ്ങൾ വളർന്നത്. എപ്പോഴും ചൂടുചായക്ക് അടുപ്പ് കത്തിയിരിക്കുന്നതിനാൽ ധാരാളം വിറക് ലയങ്ങളിൽ ആവശ്യമാണ്. എല്ലാവരും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ ഒരുമിച്ച് നടന്നവരും ജീവിച്ചവരുമാണ്. ഞങ്ങളെല്ലാം ഒരുമിച്ചാണ് രാത്രികളിലിരുന്ന് പഠിച്ചിരുന്നതുപോലും. എവിടെപ്പോയാലും പെട്ടിമുടിയിൽ തിരികെയെത്തി കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിച്ചും കറങ്ങി നടന്നും സമയം ചെലവഴിക്കാൻ കൊതിയാകുമായിരുന്നു. ഒരുപക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെ തന്നെയായിരിക്കും.

പെട്ടിമുടിയിൽ ലയങ്ങളുടെ തുടക്കത്തിൽ ഒരു ചായക്കടയുണ്ട്. വൈകിട്ട് മഞ്ഞിറങ്ങുന്നതും നോക്കി ഇവിടെ ചായകുടിച്ചിരിക്കാൻ നല്ല രസമാണ്. തോട്ടത്തിൽ പണി ചെയ്യുന്നവരും മൂന്നാറിലും മറ്റും ടാക്സി ഓടിക്കലും മറ്റ് ജോലികളുമായി കഴിയുന്നവരുമെല്ലാം ആ സമയത്ത് ഇവിടെയുണ്ടാകും. ഞാൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ പാസായ ആളാണ്. തിരുനെൽവേലിയിലാണ് പഠിച്ചത്. ഡ്രൈവിംഗ് വളരെ ഇഷ്ടമായതുകൊണ്ടും പെട്ടിമുടിയിലെ കൂട്ടുകെട്ടുകൾ വിട്ടുപോകാനുള്ള മടികൊണ്ടുമാണ് മൂന്നാറിൽ ടാക്സി ഓടിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

ജീവിതത്തിലേക്ക് വരുന്നു, മുത്തുലക്ഷ്മി

തിരുനെൽവേലിയിലെ ബന്ധുക്കൾ വഴിയാണ് മുത്തുലക്ഷ്മിയുടെ കല്യാണാലോചന വന്നത്. അച്ഛനും അമ്മയ്ക്കും ഒറ്റമകൾ. അവൾ ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ജോലി നോക്കുകയായിരുന്നു. എന്റെ ആദ്യത്തെ പെണ്ണുകാണലായിരുന്നു.

അവളെ എനിക്കും എന്നെ അവൾക്കും ഇഷ്ടമായതോടെ വിവാഹം നടത്താൻ എല്ലാവരും തീരുമാനിച്ചു. അങ്ങനെയാണ് 2019 നവംബർ പത്തിന് മൂന്നാറിലെ കോവിലിൽ വച്ച് വിവാഹം നടന്നത്. വിവാഹശേഷം ജോലിക്ക് പോകേണ്ടെന്ന് അവൾ തീരുമാനിച്ചു. വളരെ സന്തോഷം നിറഞ്ഞതായിരുന്നു അതിനുശേഷമുള്ള നാളുകൾ. പെട്ടിമുടിയിൽ ഏതെങ്കിലും ഒരു വീട്ടിൽ വിശേഷമുണ്ടായാൽ അത് പെട്ടിമുടിയിലെ 36 വീടുകളിലെയും വിശേഷമായിരുന്നു. ദുരന്തമുണ്ടാകുന്നതിന് പത്തുദിവസം മുമ്പും ഞങ്ങൾ ഇവിടെയൊരു കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചിരുന്നു. ലക്ഷശ്രീ എന്ന ആ പെൺകുട്ടിയും ദുരന്തത്തിൽ മരിച്ചു.

കൈയിൽനിന്ന് അവൾ ഊർന്നുപോയ ആ ദിവസം

അന്നൊരു സാധാരണ മഴ ദിവസമായിരുന്നു. രാവിലെ അച്ഛന് രാജമലയിൽ പോകാനുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ ടാക്സിയിൽ അവിടേക്ക് കൊണ്ടുപോയി. പോകുന്ന വഴിക്ക് മരം വീണ് റോഡ് ബ്ലോക്കായിരുന്നു. ഞാനും അച്ഛനും കൂടിയാണ് അത് മുറിച്ചുമാറ്റി റോഡ് ക്ലിയർ ചെയ്തത്. തിരികെ വന്നപ്പോൾ പലയിടങ്ങളിലും മണ്ണിടിഞ്ഞിരുന്നു. ഞാനും കൂട്ടുകാരും കൂടി മണ്ണ് മാറ്റാനും അപകടസാധ്യതയുള്ള മരങ്ങളുടെ കൊമ്പുകൾ മാറ്റാനും തുടങ്ങി. അതുകൊണ്ടുതന്നെ അന്ന് ഓട്ടമുണ്ടായിരുന്നിട്ടും പോകണ്ട എന്ന് വച്ചു.

പ്രദേശത്ത് കറന്റ് ഉണ്ടായിരുന്നില്ല. ഗർഭിണികളും കുട്ടികളും വൃദ്ധരുമെല്ലാമുള്ളതിനാൽ പല വീടുകളിലും ഇത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ച് വിവരം അറിയിച്ചപ്പോൾ എത്രയും വേഗം വരാമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ വൈകുന്നേരമായിട്ടും കറന്റ് വന്നില്ല. വൈകുന്നേരം പതിവുപോലെ അടുത്തുള്ള ചേട്ടന്മാരും കൂട്ടുകാരുമൊക്കെയായി കട്ടൻ കാപ്പിയും കുടിച്ച് വർത്തമാനം പറഞ്ഞിരുന്നു. നിർത്താതെ പെയ്യുന്ന മഴയിൽ എല്ലാവർക്കും ആശങ്കയുണ്ടായിരുന്നെങ്കിലും ഇത്രയും വലിയൊരു ദുരന്തം ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അപ്പോഴൊന്നും കരുതിയതേയില്ല.

രാത്രി ഭക്ഷണവും കഴിച്ച് ഭാര്യയെയും കൂട്ടി ഉറങ്ങാൻ കിടന്നു. അവളുടെ ഡേറ്റ് അടുത്തിരുന്നു. ആഗസ്റ്റ് 28നാണ് ഡോക്ടർമാർ ഡേറ്റ് പറഞ്ഞിരുന്നത്. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ അവളെ ആശുപത്രിയിൽ കൊണ്ടുപോകാനിരിക്കുകയായിരുന്നു. പിന്നെ പ്രസവം കഴിഞ്ഞാലേ തിരിച്ചുവരാനാകുമായിരുന്നുള്ളൂ. അധികം ദിവസം ഇങ്ങനെ കിടക്കാനാകാത്തതിനാൽ അവളെ ഞാൻ ചേർത്തുപിടിച്ചാണ് കിടന്നത്.

ഇടയ്‌ക്കൊന്ന് അവൾക്ക് ബാത്ത്‌റൂമിൽ പോകണമെന്ന് പറഞ്ഞപ്പോൾ അവളെ കൊണ്ടുപോയി കാലിൽ എണ്ണയിട്ട് തിരുമ്മിക്കൊടുത്തിട്ടാണ് വീണ്ടും കിടന്നത്. നല്ല ഉറക്കം പിടിച്ചപ്പോഴാണ് ആന വണ്ടി ഇടിച്ചതുപോലെയൊരു ഒച്ച കേട്ടത്. എന്തോ വന്ന് വീട്ടിൽ ഇടിച്ചതായും തോന്നി. ഭാര്യയെ ചേർത്ത് പിടിച്ചിട്ട് അമ്മയെ വിളിച്ചു നോക്കി. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഓർമയില്ല. നോക്കുമ്പോൾ എന്റെ കയ്യിൽ ഇറുകെ പിടിച്ചിരുന്ന മുത്തുലക്ഷ്മിയെ കാണാനുണ്ടായിരുന്നില്ല. എന്റെ കൈപിടിച്ചാണ് അവൾ ഈ വീട്ടിലേക്ക് വന്നത് ഇപ്പോൾ എന്റെ കയ്യിൽ നിന്ന് തന്നെ അവൾ ഊർന്ന് പോയെന്ന് ആദ്യം മനസ്സിലായില്ല.

എന്റെ കൈ മുറിഞ്ഞത് മാത്രമാണ് ഞാൻ അറിഞ്ഞത്. വലിയ നഷ്ടങ്ങൾ വേറെയുണ്ടായെന്ന് അപ്പോൾ അറിയില്ലായിരുന്നു. അമ്മയെ പിറ്റേദിവസമാണ് കണ്ടെത്തിയത്. നല്ല ഉയരത്തിലാണ് വെള്ളം വീട്ടിലേക്ക് കയറിവന്നത്. ആളുകളുടെ ഭയങ്കര കരച്ചിൽ മാത്രമാണ് രാത്രിയിൽ കേൾക്കാനുണ്ടായിരുന്നത്. ചുറ്റിലും ഭയങ്കര ഇരുട്ടായിരുന്നു. രാവിലെ വരെ ആ മണ്ണിൽ തന്നെ ഞാനും കിടന്നു. അഞ്ചേമുക്കാലായപ്പോൾ നാല് ചേട്ടന്മാർ വന്ന് ആദ്യം എന്നെയാണ് പൊക്കിയെടുത്തത്. അടുത്തുതന്നെ അമ്മയും കിടന്ന് കരയുന്നുണ്ടായിരുന്നെങ്കിലും മഴയുടെയും കാറ്റിന്റെയും ഒച്ചയും മറ്റുള്ളവരുടെ കരച്ചിലുമൊക്കെ കാരണം ഞാനത് കേട്ടില്ല. മരിച്ചവരെല്ലാം ബന്ധുക്കളാണ്.

എന്റെ മാമൻമാരും അവരുടെ മക്കളുമൊക്കെയാണ് മരിച്ചത്. ചേട്ടനും ചേട്ടന്റെ ഭാര്യയും രണ്ട് മക്കളും മരിച്ചു. അവർ തൊട്ടുമുകളിലുള്ള ലയത്തിലാണ് താമസിച്ചിരുന്നത്. അവിടെ ചേട്ടത്തിയുടെ അച്ഛനും രണ്ട് അമ്മമാരും കൂടി ഉണ്ടായിരുന്നു. അതിൽ ഒരു അമ്മ വലിയ ശബ്ദം കേട്ടപ്പോൾ തന്നെ റോഡിലേക്ക് ഇറങ്ങി ഓടിയതുകൊണ്ട് രക്ഷപ്പെട്ടു. പക്ഷേ അവർ വേറെയാരെയും വിളിച്ചുണർത്താൻ ശ്രമിച്ചില്ല. ഞങ്ങളുടെ വീട്ടിൽ ഞാനും മുത്തുലക്ഷ്മിയും അച്ഛനും അമ്മയുമാണ് ഉണ്ടായിരുന്നത്.

ഇപ്പോഴും അപകടസാധ്യത

ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് പലപ്പോഴും പോയിട്ടുണ്ട്. ചേട്ടന്മാരും ഞാനും അവിടെ വിറകിനും അച്ഛൻ ജോലി ചെയ്യുമ്പോൾ ഭക്ഷണം കൊണ്ടുപോയി കൊടുക്കാനുമൊക്കെ അവിടെ പോയിട്ടുണ്ട്. ഉരുൾ പൊട്ടിവന്ന പാറക്കല്ലുകളൊക്കെ നേരത്തെ കണ്ടിട്ടുണ്ട്. പക്ഷെ അത് ഞങ്ങളുടെ ജീവിതം തന്നെയില്ലാതാക്കുമെന്ന് അറിയില്ലായിരുന്നു. കമ്പനിയുടെ ഫീൽഡ് ഓഫീസർ ആയിരുന്ന സെന്തിൽകുമാറിനോട് ആളുകളെ മാറ്റണമെന്ന് രാത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രാജമലയിൽ നിന്ന് താഴേക്ക് വരാനുള്ള മടികൊണ്ട് അയാൾ വീട്ടിൽ നിന്ന് പുറത്തേക്കുവരാൻ പോലും തയ്യാറാകാതെ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ പോലും ഒരു വീട് തകർന്നുവെന്നും ഒരു ടിപ്പറും ജെ.സി.ബിയും വേണമെന്നുമാണ് അയാൾ അധികൃതരെ വിളിച്ചറിയിച്ചത്. പിന്നീട് കമ്പനി അയാളെ അവിടെ നിന്ന് മാറ്റി. പെട്ടിമുടിയിൽ ഞങ്ങൾ താമസിച്ചിരുന്ന ലയങ്ങളിൽ ഇപ്പോൾ കണ്ണൻ ദേവൻ കമ്പനിയുടെ ആന്ധ്രയിൽ നിന്നുള്ള തൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇവിടെ അപകട സാധ്യതകൾ ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്. കഷ്ടപ്പെടുന്നവരുടെ ജീവന് കമ്പനി യാതൊരു വിലയും കാണാത്തതുകൊണ്ടാണ് വീണ്ടും അവിടെ തൊഴിലാളികളെ താമസിപ്പിക്കുന്നത്. നഷ്ടപ്പെട്ടതൊന്നും മുതലാളിമാർക്കല്ലല്ലോ ഞങ്ങൾക്ക് അല്ലേ?

അമ്മ ഇപ്പോഴും രോഗി

ഞാൻ പിറ്റേന്നുതന്നെ ആശുപത്രിയിൽ നിന്ന് പോന്നു. വീടിരുന്നിടത്തുനിന്നും മുത്തുലക്ഷ്മിയെയും അമ്മയെയും അച്ഛനെയും ജീവനോടെ തന്നെ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. സത്യത്തിൽ അവിടെയെത്തിയപ്പോഴാണ് ഇത്ര വലിയ അപകടമാണ് അവിടെ നടന്നതെന്ന് എനിക്ക് മനസ്സിലായത്. അമ്മയെ ജീവനോടെ കിട്ടിയപ്പോൾ എനിക്ക് പിന്നെയും പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ അവരുടെ മൃതദേഹങ്ങളാണ് കണ്ടത്. അമ്മ കുറെക്കാലമായി ആശുപത്രിയിൽ തന്നെയാണ്. ആദ്യം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ഇടയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊണ്ടുപോയി ചികിത്സിച്ചു. ആറുമാസം ചികിത്സിച്ച ശേഷം ഇനി വീട്ടിൽ ചികിത്സിച്ചാൽ മതിയെന്ന് ഡോക്ടർമാർ പറഞ്ഞു. അമ്മക്ക് ഇപ്പോഴും തണുപ്പ് കൂടിയാൽ ദേഹം മുഴുവൻ വേദനിക്കാൻ തുടങ്ങും. എല്ലുകളെല്ലാം പൊട്ടിപ്പോയിട്ടുണ്ട്. ഷൺമുഖാനന്തൻ എന്ന മാമന് മൂന്നാർ കോളനിയിൽ വീടുണ്ട്. അവിടെയാണ് ഇപ്പോൾ താമസിക്കുന്നത്. തൊട്ടടുത്ത് തന്നെ അമ്മയുടെ ചേച്ചിയും താമസിക്കുന്നുണ്ട്. സർക്കാർ പറഞ്ഞ വീട് കുറ്റിയാർവാലിയിൽ നിർമ്മിച്ച് നൽകിയിട്ടുണ്ട്. പക്ഷേ എപ്പോഴും ആശുപത്രിയിൽ പോകാനുള്ള സൗകര്യത്തിനാണ് ഇവിടെ താമസിക്കുന്നത്. മാമന്റെ രണ്ട് ആൺമക്കളും ദുരന്തത്തിൽ മരിച്ചതാണ്. അതിൽ ഒരാളുടെ മൃതദേഹം ഇപ്പോഴും കിട്ടിയിട്ടില്ല.

കണ്ടെത്താനുള്ള നാലുപേരിൽ മൂന്നുപേരും എന്റെ കുടുംബക്കാർ

പെട്ടിമുടിയിൽ തിരികെയെത്തിയ ദിവസം മുതൽ ഞാനും കാണാതായവരെ അന്വേഷിച്ചിറങ്ങിയിരുന്നു. നാല് പേരെ കണ്ടെത്താനുള്ളതിൽ മൂന്നുപേർ എന്റെ കുടുംബത്തിലെ തന്നെയാണ്. ചേട്ടന്റെ ഭാര്യ, മൂത്ത കുട്ടി, പിന്നെ ഷൺമുഖാനന്തൻ മാമന്റെ മകൻ. നാലഞ്ച് മാസം ഞാനും മാമനും കൂടി ഇവരെ അന്വേഷിച്ച് നടന്നു. പെട്ടിമുടിക്ക് താഴെ ഭൂതക്കിടങ്ങ് എന്ന സ്ഥലമുണ്ട്. അത് കഴിഞ്ഞും ഞങ്ങൾ അന്വേഷിച്ച് പോയി. അവിടെയൊക്കെ വലിയ വലിയ പാറകളാണ് മൊത്തം. ടോർച്ച് അടിച്ച് മാത്രമേ പകൽ പോലും അവിടേക്ക് പോകാനാകൂ. അത്രയ്ക്കും ഇരുട്ട് നിറഞ്ഞ കാടാണ് അവിടെയെല്ലാം. ഞാൻ ജനിച്ചതിന് ശേഷം ഇതുവരെയും അവിടെ പോയിട്ടില്ല. ഇത് ആദ്യമായാണ് ആ ഭാഗങ്ങളിലേക്കൊക്കെ പോയി നോക്കുന്നത്.

ഒരുമാസം മുമ്പാണ് കോവിഡ് ചികിത്സക്ക് വേണ്ടിയുള്ള വണ്ടിയിൽ ഡ്രൈവറായി ജോലിക്ക് കയറിയത്. ഇത്രയും കാലം ഇടയ്ക്കൊക്കെ ആളില്ലാതെ വരുമ്പോൾ കിട്ടിയിരുന്ന ടാക്സി ഓട്ടങ്ങളാണ് ഉണ്ടായിരുന്നത്. അതുവച്ചാണ് ജീവിച്ചിരുന്നത്. പിന്നെ അമ്മയെയും കൊണ്ട് ആശുപത്രിയിൽ പോകാൻ ഒരു സ്ഥിരജോലിയുണ്ടെങ്കിൽ പറ്റില്ലായിരുന്നു. അതുകൊണ്ടാണ് അന്നൊന്നും ജോലി അന്വേഷിക്കാതിരുന്നത്. അപകടത്തിൽ പരിക്കേറ്റതുകൊണ്ട് എനിക്കും തുടർച്ചയായി വണ്ടി ഓടിക്കുമ്പോൾ ശരീര വേദന തുടങ്ങും. അതിപ്പോഴുമുണ്ട്. ഞാൻ വീട്ടിൽ ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്നു ഇത്രയും ദിവസം. ഓർക്കുന്തോറും മുത്തുലക്ഷ്മിയെയും മരിച്ച ഓരോരുത്തരെയും ഓർമ വരും. അപ്പോൾ കരച്ചിൽ വരും. എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിച്ചിരുന്നതെന്ന് ഓർക്കും. ഒറ്റയ്ക്കിരിക്കുന്നത് നിർത്താൻ കോവിഡ് സെന്ററുകളിൽ ജോലി ചെയ്യുന്ന എന്റെ ബന്ധുക്കൾ തന്നെയാണ് എന്നെയും ജോലിക്കായി വിളിച്ചുകൊണ്ട് പോയത്. മരിച്ചുപോയ ഒരു മാമൻ രാജമല പാലത്തിൽ ബസ് ഓടിച്ചിരുന്നയാളാണ്. പകരക്കാരനായി എന്നോട് ജോലിയ്ക്ക് കയറാൻ പറഞ്ഞിട്ടുണ്ട്. അത് ആകുമ്പോൾ ടാക്സി പോലെ കൂടുതൽ ദൂരമൊന്നും ഓടിക്കണ്ടല്ലോ? ശമ്പളവും കിട്ടും. മുമ്പ് നാല് ജീപ്പുകൾ ഉണ്ടായിരുന്നു. ദുരന്തമുണ്ടായപ്പോൾ അതിൽ നാലെണ്ണം നഷ്ടപ്പെട്ടുപോയി. ഒരു വണ്ടി എൻജിൻ പണിക്കായി കൊടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ ആ വണ്ടി മാത്രമാണ് ഉള്ളത്. അമ്പതിനായിരം രൂപയോളം ആ വണ്ടിയുടെ മേൽ ഇപ്പോഴും കടമാണ്. അത് ഓടുന്നതാണ് ഇപ്പോഴത്തെ ആകെ വരുമാനം.

അപകടം കഴിഞ്ഞ് എനിക്ക് ജീവിതമുണ്ടായിട്ടില്ല. ജീവിതം പോയി. പെട്ടിമുടി തന്നെയായിരുന്നു എന്റെ ജീവിതവും. വെറുതെ ഇങ്ങനെ നടക്കുന്നു, അമ്മയെ നോക്കുന്നു, ആശുപത്രിയിൽ പോകുന്നു. എന്താണ് ചുറ്റിലും സംഭവിക്കുന്നതെന്ന് ഞാൻ അറിയുന്നില്ല. ഭാര്യ പോയി, അച്ഛൻ പോയി, ചേട്ടൻ പോയി, അവരുടെ മക്കൾ പോയി, മാമന്മാരും മാമിമാരും അവരുടെ മക്കളും പോയി, കൂട്ടുകാർ പോയി. ഒന്നിച്ച് മരിച്ചുപോയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. എല്ലാവരുടെയുമൊപ്പം ഞാനും മരിച്ചിരുന്നെങ്കിൽ ഇതൊന്നും അറിയേണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ ഇത്രയും സങ്കടവുമുണ്ടാകില്ലായിരുന്നു. പുതിയ സ്ഥലത്തേക്ക് താമസം മാറിയാലും അതൊന്നും ഒരിക്കലും പെട്ടിമുടി പോലെയാകില്ല.

Comments