ഡാലിയന്‍ അറ്റ്കിന്‍സണിന്റെ കൊല:
ശിക്ഷ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക്
ഡാലിയന്‍ അറ്റ്കിന്‍സണിന്റെ കൊല: ശിക്ഷ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക്
ബ്രിട്ടനില്‍ 35 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു കേസില്‍ ഒരു പൊലീസുകാരന്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നത്.
27 Jun 2021, 05:01 PM
കറുത്തവംശജനായ ഫുട്ബോള്‍ താരം കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ കുറ്റക്കാരനാണെന്ന് ബ്രിട്ടിഷ് കോടതി വിധിച്ചു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇദ്ദേഹം ശിക്ഷിക്കപ്പെടുക. ബ്രിട്ടനില്‍ 35 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു കേസില്‍ ഒരു പൊലീസുകാരന്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നത്. പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബായ ആസ്റ്റര്‍ വില്ലയുടെ താരമായിരുന്ന ഡാലിയന്‍ അറ്റ്കിന്‍സണ്‍ ആണ് 2016 ആഗസ്റ്റ് 15ന് പുലര്‍ച്ചെ പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.
പോലീസ് ഉദ്യോഗസ്ഥനായ ബഞ്ചമിന്‍ മോങ്ക് 33 സെക്കൻറ് സമയം ഇലക്ട്രിക് സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച് വെടിവച്ചുവെന്നും നിലത്തുവീണ ഡാലിയനെ രണ്ട് തവണ തലയില്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയെന്നും കോടതിയ്ക്ക് ബോധ്യപ്പെട്ടു. ഇലക്ട്രിക് സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കാന്‍ അനുവദനീയമായതിലും ആറിരട്ടി അധികമാണ് പോലീസ് ഇദ്ദേഹത്തിന് നേരെ വൈദ്യുതി ഉപയോഗിച്ചത്. കൊല്ലപ്പെട്ട ദിവസം ഡാലിയന്‍ കടുത്ത മാനസിക പ്രശ്നങ്ങളിലും ആരോഗ്യ പ്രശ്നങ്ങളിലുമായിരുന്നെന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ളോയിഡ് വധക്കേസിലെ പ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന് കോടതി 22 വര്‍ഷം തടവുശിക്ഷ വിധിച്ചത്. മിനിയപ്പലിസ് നഗരത്തില്‍ ജോര്‍ജ്ജ് ഫ്ളോയിഡിനെ വിലങ്ങുവച്ച് നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചുകൊന്ന കേസിലാണ് പോലീസ് ഓഫീസറായിരുന്ന ഡെറക് ഷോവിന് തടവ് ശിക്ഷ വിധിച്ചത്. മരണ വെപ്രാളത്തില്‍ ജോര്‍ജ്ജ് ഫ്ളോയിഡ് 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്ന് നിലവിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വംശീയവിവേചനത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലുണ്ടായ സംഭവത്തിലാണ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

അതേസമയം 48കാരനായ ഡാലിയന്‍ അറ്റ്കിന്‍സണിന്റെ കേസില്‍ തങ്ങള്‍ക്ക് നീതി വൈകിയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. സംഭവം നടന്ന് അഞ്ച് വര്‍ഷമാകാറാകുമ്പോഴാണ് കേസിലെ വിധി വരുന്നത്. ടെല്‍ഫോര്‍ഡിലെ മീഡോ ക്ലോസില്‍ ഡാലിയന്റെ പിതാവ് താമസിക്കുന്ന വീടിന് പുറത്തുവച്ചാണ് അദ്ദേഹത്തെ പോലീസ് മര്‍ദ്ദിച്ചത്. മോങ്കിനൊപ്പമുണ്ടായിരുന്ന സഹപോലീസുകാരി മേരി എലന്‍ ബെറ്റ്ലി സ്മിതും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും ഇവര്‍ ഡാലിയനെ ശാരീരികമായി ഉപദ്രവിച്ചിരുന്നില്ല. വൃക്കസംബന്ധമായ അസുഖങ്ങളും ഹൈപ്പര്‍ടെന്‍ഷനും ഉണ്ടായിരുന്ന ഡാലിയന്‍ പതിവായി ഡയാലിസിസിന് വിധേയനായിരുന്നു. പിറ്റേന്ന് ഷെഷയറിലെ ആശുപത്രിയില്‍ നടക്കേണ്ട ഡയലാസിസിനായി ടെല്‍ഫോര്‍ഡിലെ ഷ്രോപ്ഷെയറിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ജീവിത പങ്കാളി കാരെന്‍ റൈറ്റിനൊപ്പം തങ്ങുകയായിരുന്നു അദ്ദേഹം. എന്നാല്‍ രാത്രിയായപ്പോഴേക്കും അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹം സ്വയം മിശിഹയെന്ന് വിളിക്കാന്‍ ആരംഭിച്ചതായും പിതാവ് ഏണസ്റ്റ് താമസിക്കുന്ന മീഡോ ക്ലോസിലെ വീട്ടില്‍ പോകണമെന്ന് വാശിപിടിക്കാന്‍ ആരംഭിച്ചതായും ഇവര്‍ പറയുന്നു. ഇവര്‍ തടഞ്ഞിട്ടും വാഹനമെടുത്ത് അദ്ദേഹം അവിടേക്ക് പോകുകയായിരുന്നു. 2001ല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് സമ്പാദിച്ച പണമുപയോഗിച്ച് ഡാലിയന്‍ വാങ്ങിയ വീടാണ് ഇത്.
രാത്രി 1.10ഓടെ പിതാവിന്റെ വീട്ടിലെത്തിയ ഇദ്ദേഹം പുറത്തുനിന്ന് ധാരാളം ബഹളമുണ്ടാക്കിയതോടെ അയല്‍വാസികള്‍ ഉണര്‍ന്നിരുന്നു. അകത്തുകയറിയ ഇദ്ദേഹം താന്‍ പിതാവിനെ ഇത്രയേറെ സ്നേഹിച്ചിട്ടും അദ്ദേഹവും മറ്റ് ബന്ധുക്കളും എന്തിനാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് ആക്രോശിച്ചു. താന്‍ മിശിഹയാണെന്നും താനിപ്പോള്‍ വന്നിരിക്കുന്നത് നിങ്ങളെ കൊല്ലാനാണെന്നും ഡാലിയന്‍ പിതാവിനോട് പറഞ്ഞു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. നൈറ്റ് ഡ്യൂട്ടിക്കുണ്ടായിരുന്നത് ബെഞ്ചമിന്‍ മോങ്കും മേരി എലനുമാണ്. ഇവര്‍ വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഡാലിയനാണ് തുറന്നുകൊടുത്തത്. തുടര്‍ന്നാണ് ആറ് മിനിറ്റ് നീണ്ട ഏറ്റുമുട്ടലുണ്ടായത്. എന്നാല്‍ ഒടുവില്‍ 33 സെക്കന്‍ഡ് നേരം ഇലക്ട്രിക് സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ചതാണ് മരണത്തിന് കാരണമായത്. വൈദ്യുതി തോക്ക് ഉപയോഗിക്കുന്നതിന് അനുവദനീയമായതിലും ആറിരട്ടി കൂടുതലാണ് മോങ്ക് ഉപയോഗിച്ചത്.
താന്‍ മിശിഹയാണെന്നും ഒരു ലക്ഷം വോള്‍ട്ട് തന്റെ മേല്‍ ഉപയോഗിച്ചാലും ഒന്നും സംഭവിക്കില്ലെന്നും ഡാലിയന്‍ വെല്ലുവിളിച്ചതായി മോങ്ക് പറയുന്നു. വെടിവച്ചിട്ട ശേഷമാണ് അദ്ദേഹം ഡാലിയന്റെ തലയില്‍ രണ്ട് തവണ ചവിട്ടിയത്. മോങ്കിന്റെ പോലീസ് ബൂട്ടിലുണ്ടായിരുന്ന രക്തക്കറയും വിചാരണയില്‍ പരിഗണിക്കപ്പെട്ടു. വൈദ്യുത വെടിയേറ്റ ഡാലിയന്‍ തിരികെ ആക്രമിക്കുമെന്ന ഭയത്തിലാണ് താന്‍ തലയില്‍ ചവിട്ടിയതെന്നും തലയല്ല തോളാണ് ലക്ഷ്യമിട്ടതെന്നും മോങ്ക് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ആക്രമിക്കപ്പെടുന്ന സമയത്ത് ഡാലിയന്‍ വൈദ്യസഹായം ആവശ്യമായ വിധത്തില്‍ മാനസികവും ആരോഗ്യകരവുമായ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കി. ചവിട്ടേറ്റതിന്റെ പാട് അദ്ദേഹത്തിന്റെ തലയിലുണ്ടായിരുന്നു. എന്നാല്‍ താന്‍ ഡാലിയന് മേല്‍ പ്രയോഗിച്ച ബലം കുറച്ച് പറഞ്ഞതും ഡാലിയനില്‍ നിന്നും നേരിട്ട ഭീഷണി കൂട്ടിപ്പറഞ്ഞതും തങ്ങള്‍ക്ക് അമ്പരപ്പുണ്ടാക്കിയതായും അവര്‍ ചൂണ്ടിക്കാട്ടി.
ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി ആറ് ദിവസങ്ങളില്‍ പത്തൊമ്പത് മണിക്കൂറുകളിലായി പൂര്‍ത്തിയാക്കിയ കേസില്‍ ആദ്യം കൊലക്കുറ്റം ചുമത്തിയിട്ട് പിന്നീട് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ ഇത്രയും കാലം പുറത്തുവിടാതിരുന്ന അധികൃതരുടെ നടപടിയും വിമര്‍ശിക്കപ്പെടുന്നു. 1986ലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഇതിന് മുമ്പ് കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. ഹെന്റി ഫോളി എന്ന മുന്‍ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആല്‍വിന്‍ സോയെര്‍ എന്ന പൊലീസുകാരനെതിരെയും ചുമത്തിയത് മനഃപ്പൂര്‍വമല്ലാത്ത നരഹത്യയാണ്.
അരുണ്‍ ടി. വിജയന്‍
Apr 01, 2022
2 Minutes Read
അസ്മരി ഹഖ് ബാധോന്‍
Mar 24, 2022
4 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 05, 2022
5 Minutes Read
അരുണ്‍ ടി. വിജയന്‍
Jan 23, 2022
19 Minutes Read
മുസാഫിര്‍
Jan 17, 2022
6 Minutes Read
അരുണ്‍ ടി. വിജയന്‍
Jan 16, 2022
4 Minutes Read