വീടിരുന്ന സ്ഥലം ചോദിച്ചാല്‍ അവര്‍
കടലിലേക്ക് വിരല്‍ ചൂണ്ടും;
ഇത് തീരദേശവാസികളുടെ ജീവിതം
വീടിരുന്ന സ്ഥലം ചോദിച്ചാല്‍ അവര്‍ കടലിലേക്ക് വിരല്‍ ചൂണ്ടും; ഇത് തീരദേശവാസികളുടെ ജീവിതം
വിഴിഞ്ഞം ഹാര്‍ബറും പുതുവൈപ്പിന്‍ എല്‍.പി.ജി പ്ലാന്റും ഉള്‍പ്പെടെയുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പലയിടങ്ങളിലായി നടക്കുന്ന കരിമണല്‍ ഖനനങ്ങളും കുറച്ചുനാളത്തേക്കെങ്കിലും നിര്‍ത്തി വച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
3 Jun 2021, 04:52 PM
കടലാക്രമണം മൂലം നിരവധി വീടുകളാണ് ഇക്കുറിയും നമ്മുടെ തീരദേശങ്ങളില്‍ നഷ്ടമായത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതല്‍ ഈ നഷ്ടത്തിന്റെ കണക്കെടുക്കാം. ജൂണ്‍ ഒന്നിന്, കടലെടുത്തതുമൂലം, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സ്വന്തം വീടുകളില്‍ ഇടമില്ലാതെ പോയ എത്രയെത്ര കുരുന്നുകളെയാണ് നാം വാര്‍ത്തകളിലൂടെ കണ്ടത്. എറണാകുളം ജില്ലയിലെ ചെല്ലാനത്താണ് കടല്‍ക്ഷോഭത്തില്‍ ഏറ്റവും നാശനഷ്ടങ്ങള്‍ സംഭവിച്ചത്. തീരങ്ങളില്‍ നിന്ന് നിശ്ചിത ദൂരം പാലിച്ച് ജീവിച്ചിരുന്ന ഈ ജനത അവിടേക്ക് താമസം മാറിയതല്ല വീടുകള്‍ നഷ്ടമാകാന്‍ കാരണം, പകരം തിരകള്‍ തീരത്തേക്ക് കയറിയതാണ്. ഭൂമി കടലിനടിയിലായതോടെ ഇനിയും പിന്‍വലിഞ്ഞ് താമസിക്കാന്‍ സ്ഥലമില്ലാത്ത ഇവര്‍ തിരമാലകളോട് ചേര്‍ന്ന് ജീവിക്കുന്നു.

അഞ്ച് വര്‍ഷം മുമ്പ് വീട് കടലെടുത്ത് പോയവരോട് പണ്ട് വീടിരുന്നത് എവിടെയായിരുന്നുവെന്ന് ചോദിച്ചാല്‍ അവര്‍ കടലിലേക്ക് കിലോമീറ്ററുകളോളം വിരല്‍ ചൂണ്ടേണ്ടി വരുന്ന സാഹചര്യമാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഇനിയൊരു അഞ്ചുവര്‍ഷം കൂടി കഴിയുമ്പോള്‍ ഇപ്പോള്‍ അവര്‍ക്കുള്ള ഇടം കൂടി ഇല്ലാതാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ തീരദേശത്തെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുതന്നെയാണ് അദ്ദേഹം അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞതെന്ന് തീരദേശ വാസികള്‍ പറയുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഇല്ലാതാകുന്ന കടല്‍ത്തീരങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തീരദേശ വാസികള്‍ക്ക് വിശ്വാസമില്ലാത്തതും അതിനാലാണ്.
ഓരോ വര്‍ഷവും കേരളത്തിലെ തീരങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈവര്‍ഷം തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഒരു കണക്കെടുപ്പനുസരിച്ച് പത്ത് മുതല്‍ മുപ്പത് മീറ്റര്‍ വരെ കടല്‍ത്തീരം നഷ്ടമായിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ചെല്ലാനം പോലെയുള്ള ഇടങ്ങളിൽ അത് രൂക്ഷമായിരുന്നു. കേരള തീരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷമാണ് കടല്‍ക്ഷോഭങ്ങളുടെ ശേഷി വര്‍ധിച്ചത് എന്നത് കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ തീരങ്ങളിലേത് മനുഷ്യനിര്‍മിത ദുരന്തങ്ങളാണെന്ന് വ്യക്തമാകും. മണ്‍സൂണ്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്.
മഴയത്ത് കുടയും പിടിച്ച് ടെറസിന് മുകളില്‍
മെയ് പതിനാലിനും പതിനഞ്ചിനുമാണ് ചെല്ലാനം നിവാസികളെ ദുരിതത്തിലാക്കി കടല്‍ കരയിലേക്ക് ആഞ്ഞടിച്ചത്. പതിനാലിന് ചെറിയ തോതില്‍ ആരംഭിച്ച കടലേറ്റം നോക്കിനില്‍ക്കേത്തന്നെ തങ്ങളുടെ വീടുകളെ വെള്ളത്തിനടിയിലാക്കുകയായിരുന്നെന്ന് കണ്ണമാലി സ്വദേശി ജോയ്സി ബാബു എന്ന വീട്ടമ്മ പറയുന്നു: ‘‘കടല് കയറിയിട്ട് ഇവിടെ നിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പേടിച്ച് ഉടുത്തിരുന്ന തുണി മാത്രമായാണ് എല്ലാവരും പോയതും. കയ്യില്‍ ഒരു മണി അരി പോലുമില്ലാതെയാണ് എല്ലാവരും വീടുവിട്ട് ഇറങ്ങിയത്. കടലില്‍ നിന്ന് കഷ്ടിച്ച് മുപ്പത് മീറ്റര്‍ മാത്രം അകലെയാണ് എന്റെ വീട്. ആദ്യം വന്ന ചെറുതിരകള്‍ക്ക് പിന്നീട് ശക്തികൂടി ഇവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയായിരുന്നു. രാവിലെ ഒമ്പതിന് തുടങ്ങിയ കടലേറ്റം രാത്രി രണ്ട് മൂന്ന് മണി വരെ തുടര്‍ന്നു. അടുത്തുള്ള രണ്ടുനില വീടുകളുടെ മുകള്‍ നിലകളായിരുന്നു ഞങ്ങള്‍ക്ക് ആശ്രയം. എന്നാല്‍ ആ വീടുകളുടെ അടിയില്‍ തിരമാലകള്‍ കയറുന്നത് കാണുമ്പോള്‍ അവിടെയിരിക്കാനും പേടിയായിരുന്നു. ഇവിടെ അടുത്ത് വികലാംഗരായ ഒരു ഭാര്യയും ഭര്‍ത്താവും ഉണ്ട്. അവര്‍ കോരിച്ചൊരിയുന്ന മഴയത്ത് കുടയും പിടിച്ച് ടെറസിന്റെ മുകളിലാണ് കയറിനിന്നത്. എല്ലാവരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ഒരു വീടിന്റെ സണ്‍ഷേഡിന്റെ ഉയരത്തില്‍ വരെ തിരമാലകള്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു.'’

‘‘പലരും ബന്ധുവീടുകളിലേക്കാണ് മാറിയത്. കണ്ണമാലിയില്‍ ക്യാമ്പുകള്‍ ഉണ്ടായിരുന്നില്ല. ഇവിടെ രണ്ട് സ്‌കൂളുണ്ട്. എന്നാല്‍ താഴ്ന്ന പ്രദേശത്തുള്ള ആ സ്‌കൂളുകളിലേക്ക് ചെറിയ മഴയിൽപോലും വെള്ളം കയറും. അതുകൊണ്ട് തന്നെ ഇവിടെ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പറ്റില്ല. ആ ദിവസങ്ങളില്‍ കഞ്ഞിവയ്ക്കാനൊന്നും പറ്റിയിരുന്നില്ല. കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. എല്ലാവരും വീടുകളില്‍ നിന്നിറങ്ങിയപ്പോള്‍ ഉടുത്തിരുന്ന നനഞ്ഞ തുണിയുടുത്താണ് ഈ ദിവസങ്ങള്‍ കഴിഞ്ഞത്.''- അവര്‍ പറയുന്നു.
ചെല്ലാനത്ത് എല്ലാക്കാലത്തും കടല്‍ കയറ്റം ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതലാണ് ഇത് ഇത്ര അപകടരമായതെന്നാണ് ജോയ്സി പറയുന്നത്. അതേവര്‍ഷം സെപ്തംബറില്‍ രാത്രി ആളുകള്‍ ഉറക്കത്തിലായിരുന്നപ്പോഴും അപകരമായ വിധം കടല്‍ കയറ്റമുണ്ടായി. എന്നാല്‍ ന്യൂനമര്‍ദ്ദത്തിലുണ്ടായ ഈ കടലാക്രമണം അപ്രതീക്ഷിതമായിരുന്നെന്നാണ് അവര്‍ പറയുന്നത്. ‘‘കടലിനി എളകാന്‍ പോണേയൊള്ള്. അടുത്ത മൂന്ന് മാസം ഇനിയെന്താണ് വരാന്‍ പോണേന്നൊന്നും അറിയാന്‍പാടില്ല. ഓരോരുത്തരും ഓരോരുത്തരുടെ ജീവനും കയ്യില്‍പിടിച്ചാണ് കെടന്നുറങ്ങണത്.''; ജോയ്സി പറയുന്നു.
ആ സമയത്ത് എല്ലാം വിലപിടിപ്പുള്ളവയായിരുന്നു
കടലാക്രമണത്തിന് പേരുകേട്ട സ്ഥലമാണ് ചെല്ലാനം കമ്പനിപ്പടി. കടലില്‍ നിന്നും അമ്പത് മീറ്റര്‍ പോലും അകലമില്ലാതെയാണ് ഇവിടെ വീടുകളുള്ളത്. ഏറെക്കാലമായി തങ്ങള്‍ ഈ ദുരിതമനുഭവിക്കുകയാണെന്നാണ് കമ്പനിപ്പടി സ്വദേശിനിയായ മറിയാമ്മ ജോര്‍ജ്ജ് പറയുന്നത്: ‘‘2010ല്‍ ഒരു മിനി ഫിഷിംഗ് ഹാര്‍ബര്‍ ചല്ലാനത്ത് ആരംഭിച്ച ശേഷം അതിന്റെ വടക്കോട്ടുള്ള ഭാഗങ്ങളില്‍ കടലാക്രമണം കൂടുതലാണ്. ആ ഭാഗത്ത് പുലിമുട്ട് ഇടാത്തതാണ് കടല്‍ക്ഷോഭം രൂക്ഷമാകാന്‍ കാരണം. പിന്നീട് 2017ല്‍ ഓഖി ദുരന്തമുണ്ടായപ്പോള്‍ ദുര്‍ബ്ബലമായ കടല്‍ഭിത്തിയുണ്ടായിരുന്ന ഭാഗങ്ങളില്‍ക്കൂടി കടല്‍ ശക്തിയായി കരയിലേക്ക് വന്ന് പല വീടുകളും പൂര്‍ണമായും അതിലേറെ വീടുകള്‍ ഭാഗികമായും നശിച്ചു. വീടും മുറ്റവും ചെളിയും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. അതിനുശേഷം തുടര്‍ച്ചയായി അഞ്ച് വര്‍ഷവും ചെല്ലാനത്ത് ശക്തമായ കടല്‍ക്ഷോഭമാണ് ഉണ്ടാകുന്നത്. ദുര്‍ബ്ബലമായ ഭാഗങ്ങളിലൂടെ കടല്‍ കരയിലേക്ക് ഇരച്ചുകയറുമ്പോള്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ഇത്തവണത്തെ കടലാക്രമണം തീരത്തെ വല്ലാതെ നശിപ്പിച്ച് കളഞ്ഞു. തീരത്തുള്ള ഒരു വീടിനെ പോലും കടല്‍ വിട്ടില്ല. ചെറിയകടവ് മുതല്‍ ചെല്ലാനം കമ്പനിപ്പടിയുടെ തെക്ക് വശം വരെയുള്ള പ്രദേശങ്ങളിലെ വീടുകളാണ് പൂര്‍ണ്ണമായും നശിച്ചത്. ഇവിടെയിപ്പോള്‍ കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ ചുരുക്കമാണ് ''

""ഞങ്ങളുടെ വീട് പുതിയതാണ്. എന്നാല്‍ പെയിന്റെല്ലാം പൊളിഞ്ഞ് അത് നാശമായി. കടലാക്രമണ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അത് ഇത്ര നാശം വിതയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വീട്ടുപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും എല്ലാം കടലെടുത്തു. വിലപിടിപ്പുള്ള സാധനങ്ങളും പട്ടയം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രേഖകളും എടുത്ത് ഓടാനാണ് എല്ലാവരും ശ്രമിച്ചത്. ആര്‍ക്കും ആരെയും സഹായത്തിന് വിളിക്കാനും ആരെയും സഹായിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു’’.
കടലാക്രമണത്തെത്തുടര്‍ന്ന് വീടുപേക്ഷിച്ച് പോയവര്‍ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും ചെളിയും മാലിന്യങ്ങളും കൊണ്ട് ഒരു വീട്ടിലേക്കും കയറാനാകാത്ത അവസ്ഥയാണ്. ""പലയിടങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും കടലാക്രമണത്തിന് ശാശ്വത പരിഹാരമാണ് ഞങ്ങള്‍ക്ക് വേണ്ടത്. പണ്ടത്തെ അപേക്ഷിച്ച് കടല്‍ ഒരുപാട് കിഴക്കോട്ട് വന്നിരിക്കുകയാണിപ്പോള്‍. ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ജനിച്ച് മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ഭാര്യയായി ഈ ചെല്ലാനത്ത് തന്നെയാണ് ഞാനെന്റെ എഴുപത്തിമൂന്നാം വയസ്സിലും ജീവിക്കുന്നത്. പണ്ട് വീടുകളുണ്ടായിരുന്ന സ്ഥലമെല്ലാം ഇപ്പോള്‍ പെരുംകടലായി മാറിയിരിക്കുകയാണ്. ആ വീടുകള്‍ തിരക്കിയാല്‍ അവിടെ ശക്തമായ തിരമാലകള്‍ ആഞ്ഞടിക്കുന്നത് കാണാം. കടല്‍ എടുത്തുപോകുന്തോറും ആളുകളും കിഴക്കോട്ടേക്ക് താമസം മാറിക്കൊണ്ടിരിക്കുകയാണ്''- മറിയാമ്മ ജോര്‍ജ്ജ് പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്പോഴുള്ള ഒഴുക്ക് പോലെയായിരുന്നു അത്. ചെല്ലാനം വെളാങ്കണ്ണി ബസാറിലെ എല്ലാ വീടുകളിലും മുട്ടൊപ്പം ചെളിയായിരുന്നുവെന്നാണ് സ്വദേശിയായ ജോസഫ് അറയ്ക്കല്‍ പറയുന്നത്: ""ഞങ്ങളൊക്കെ മത്സ്യത്തൊഴിലാളികളാണ്. ഒരുമാതിരിയുള്ള വെള്ളപ്പൊക്കമെല്ലാം തരണം ചെയ്യാന്‍ ഞങ്ങള്‍ക്ക് ആകും. പ്രളയകാലത്ത് നിങ്ങള്‍ അത് കണ്ടതാണ്. ആ ഞങ്ങള്‍ പോലും ഭയന്നുപോയ അവസ്ഥയാണ് ഇത്തവണ ചെല്ലാനത്തുണ്ടായത്. കടലാക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചപ്പോഴും ഞങ്ങള്‍ക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതിനപ്പുറമായിരുന്നു ഇത്തവണ. ഒരുമാതിരി വീട്ടുപകരണങ്ങളൊക്കെ മാറ്റിവച്ചിരുന്നു. എന്നാല്‍ ആ പരിധിക്ക് മുകളിലേക്കും വെള്ളം കയറിയപ്പോള്‍ വീടുകളിലേക്ക് കയറാന്‍ സാധിച്ചില്ല. എല്ലാവരും റോഡുകളിലായിപ്പോയി. കിടപ്പുരോഗികളെയും ഗര്‍ഭിണികളെയും റെസ്‌ക്യൂഫോഴ്സും നാട്ടുകാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാതെയാണ് പൊലീസും ഫയർഫോഴ്സും തീരദേശവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. എസ്.പി മുഴുവന്‍ സമയത്തും ഇവിടെത്തന്നെയുണ്ടായിരുന്നു.''

തിരമാലകള്‍ അടിച്ചുകയറുമ്പോഴും പലരും വീടുകളിൽനിന്നിറങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ഗത്യന്തരമില്ലാതെയാണ് അവര്‍ ഇറങ്ങിയത്. ഒരു ആയുസ്സിലെ സമ്പാദ്യം ഉപേക്ഷിച്ച് പോകാന്‍ പറ്റാത്തതും ഇതിന് കാരണമായി. പ്രളയകാലത്തും ഇത്തരം ധാരാളം മനുഷ്യരെ നാം കണ്ടിരുന്നു. എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് ഇനിയും പറയാറായിട്ടില്ല. എല്ലാവര്‍ക്കും ഇനി ഒന്നേയെന്ന് തുടങ്ങേണ്ടിവരും.
ചെല്ലാനത്തെ കടലാക്രമണത്തില്‍ ഏറ്റവും നാശനഷ്ടമുണ്ടായത് വേളാങ്കണ്ണിക്കും ബസാറിനുമിടയിലുള്ള പതിമൂന്നാം വാര്‍ഡിലാണ്. അഞ്ച് ശതമാനം വീടുകളില്‍ മാത്രമാണ് ഈ പഞ്ചായത്തില്‍ ഇത് ബാധിക്കാതിരുന്നത്. ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ വടക്കോട്ട് ദ്രോണാചാര്യ വരെയുള്ള ഭാഗങ്ങളിലാണ് ഇത് നാശം വിതച്ചത്. എട്ട് ഒമ്പത് വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു.
‘‘552 ദിവസമായി ഞങ്ങള്‍ സമരത്തില്‍ തന്നെയാണ്. കടല്‍ക്ഷോഭത്തിന്റെ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ശാശ്വത പരിഹാരമാര്‍ഗ്ഗങ്ങളാണ് നമ്മള്‍ ആവശ്യപ്പെട്ടതെങ്കിലും മണ്‍സൂണ്‍ വരുമ്പോള്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നിര്‍ദ്ദേശിച്ചിരുന്നത്. ജനുവരി മുതല്‍ ആ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തിയിരുന്നെങ്കില്‍ ഇത്ര രൂക്ഷത ഒരു സ്ഥലത്തും ഉണ്ടാകുമായിരുന്നില്ല. തീരശോഷണത്തിന്റെ പ്രധാന കാരണം കൊച്ചിന്‍ പോര്‍ട്ടിന്റെ ഭാഗത്ത് കടലിന്റെ ആഴം ക്രമാതീതമായി വര്‍ധിക്കുന്നതാണ്. തീരം ആഴം വച്ച് പോകുകയാണിവിടെ. തീരം ആഴം വയ്ക്കുന്നതിനാല്‍ തിരമാലകള്‍ തീരത്തേക്ക് വരുമ്പോള്‍ ശക്തികൂടുന്നു. ഈ തിരമാലകള്‍ കടല്‍ഭിത്തിയുടെ കിഴക്കുഭാഗത്തായാണ് പതിക്കുന്നത്. ആ വെള്ളത്തിന് തിരികെ കടലിലേക്ക് ഒഴുകിപ്പോകുന്നതിന് മാര്‍ഗ്ഗങ്ങളൊന്നുമില്ല. അത് വീടുകളിലേക്കും പുരയിടങ്ങളിലേക്കും കയറുകയാണ് ചെയ്യുന്നത്.'' ജോസഫ് വിശദമാക്കി.
കാരണം തീരദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
തീരദേശങ്ങളിലെ ഇപ്പോഴത്തെ ദുരിതങ്ങള്‍ക്ക് കാരണം ചുഴലിക്കാറ്റുകള്‍ മാത്രമാണെണ് മത്സ്യത്തൊഴിലാളികള്‍ വിശ്വസിക്കുന്നില്ലെന്നാണ് തീരദേശ വനിതാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് മാഗ്ലിന്‍ ഫിലോമിന പറയുന്നത്: ""1950കളില്‍ ഇന്ത്യ- നോര്‍വീജിയന്‍ പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ തുറമുഖങ്ങള്‍ ആരംഭിച്ചത്. അതിലൊരു തുറമുഖമായിരുന്നു വിഴിഞ്ഞത്തെ ഫിഷിംഗ് ഹാര്‍ബര്‍. ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ഹാര്‍ബറിന്റെ കാര്യമല്ല പറയുന്നത്. ഫിഷിംഗ് ഹാര്‍ബര്‍ വന്നതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയത് 1970 കാലഘട്ടങ്ങളിലാണ്. കൊല്ലം തങ്കശ്ശേരി ഹാര്‍ബറും ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചതാണ്. ഈ ഹാര്‍ബറുകളുടെ ഫലമായി വടക്കുഭാഗത്തെ പൂന്തുറ, കോവളം പ്രദേശങ്ങളിലെ തീരങ്ങള്‍ കാര്യമായി കടലെടുത്തുപോയി. പൂന്തുറക്കാര്‍ വലിയ ബഹളം ഉണ്ടാക്കിയതുകൊണ്ട് അവിടെയും കോവളത്തുമൊക്കെ കടല്‍ഭിത്തിയും പുലിമുട്ടും ഉണ്ടാക്കി. അവിടെ പുലിമുട്ട് ഉണ്ടാക്കിയപ്പോള്‍ ചെറിയതുറ, ബീമാപ്പള്ളി ഭാഗങ്ങളില്‍ കടലെടുക്കാന്‍ തുടങ്ങി. എന്നാല്‍ ഇത് രൂക്ഷമാകുന്നത് വിഴിഞ്ഞത്തെ വ്യാവസായിക ഹാര്‍ബറിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി പുലിമുട്ടുകള്‍ സ്ഥാപിച്ചതോടെയാണ്''.
കൊല്ലം ഹാര്‍ബറിന്റെയും ശക്തികുളങ്ങര ഹാര്‍ബറിന്റെയും പ്രതിഫലനമുണ്ടായത് അതിന് വടക്കുഭാഗത്തുള്ള തീരദേശ ഗ്രാമങ്ങളിലാണ്. കരിമണല്‍ ഖനനമാണ് ആലപ്പാട്ട് ഗ്രാമത്തിലൊക്കെ കടല്‍ക്ഷോഭത്തിന് കാരണമായത്. ഒന്നര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇവിടെ കടല്‍ത്തീരം പോയിട്ടുള്ളത്. ഇതും ഒരു സ്വാഭാവിക പ്രതിഭാസമായി കാണാനാകില്ല. സൂനാമി കൊല്ലത്തും ആലപ്പാട്ടും ആഞ്ഞടിച്ചതിന് കാരണം അവിടങ്ങള്‍ അപ്പോഴേക്കും താഴ്ന്ന പ്രദേശങ്ങളായി മാറിയതാണ്. കേരളത്തില്‍ കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ പരിശോധിച്ചാല്‍ അതിന്റെ പരിസര പ്രദേശങ്ങളിലെവിടെയെങ്കിലും ഒരു നിര്‍മാണ പ്രവര്‍ത്തനമോ മണല്‍ ഖനനമോ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. അല്ലാത്ത സ്ഥലങ്ങളിലൊക്കെ കടല്‍ ക്ഷോഭമുണ്ടായിട്ടുണ്ടെങ്കിലും വന്നതുപോലെ തന്നെ തിരിച്ച് പോയിട്ടുമുണ്ട്.
ചെല്ലാനത്തേത് വര്‍ഷങ്ങളായുള്ള പ്രശ്നമാണ്. സൗദി മാനാശേരി ഭാഗത്തൊക്കെ ഇതിലും മുമ്പ് പ്രശ്നങ്ങള്‍ തുടങ്ങിയതാണ്. ""കൊച്ചിന്‍ പോര്‍ട്ടില്‍ നിന്ന് ദിവസംതോറും ടണ്‍ കണക്കിന് മണ്ണാണ് കുഴിച്ചെടുക്കുന്നത്. കപ്പലിന് അടുക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ മണ്ണ് ആഴക്കടലില്‍ കൊണ്ടുപോയി നിക്ഷേപിക്കുമെന്നാണ് പറയുന്നത്. എന്ത് ശാസ്ത്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ആഴക്കടലില്‍ കൊണ്ടുപോയി മണ്ണ് കളയുന്നത്. അതേസമയത്ത് തന്നെയാണ് ചെല്ലാനം പോലുള്ള പ്രദേശങ്ങള്‍ താഴ്ന്നുവരുന്നത്. സൂനാമിക്ക് ശേഷം ചെല്ലാനത്തിന്റെ തെക്ക് വശത്ത് ഒരു ഫിഷിംഗ് ഹാര്‍ബറുണ്ടാക്കിയതാണ് ചെല്ലാനത്തെ കടല്‍ക്ഷോഭങ്ങള്‍ക്ക് പ്രധാന കാരണം. ഫിഷിംഗ് ഹാര്‍ബറുണ്ടാക്കുന്നതും മത്സ്യത്തൊഴിലാളികള്‍ തന്നെയല്ലേയെന്ന ചോദ്യവും ഇവിടെയുയരും. തീരപ്രദേശത്ത് മുഴുവന്‍ കൂമ്പാരം പോലെ കല്ലിട്ട് കഴിഞ്ഞാല്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ഉപജീവനത്തിന് എന്തുചെയ്യും?'' മാഗ്ലിന്‍ ചോദിക്കുന്നു.
ആദ്യം തകര്‍ന്നത് മതിലുകള്‍
ഇത് പെട്ടെന്നുണ്ടായ കടല് കയറ്റമെല്ലെന്നാണ് വടക്കേ ചെല്ലാനം സ്വദേശിയും ചെല്ലാനം കൊച്ചി ജനകീയ വേദി സംയുക്തസമക സമിതിയുടെ കണ്‍വീനറുമായ സെബാസ്റ്റ്യന്‍ വി. ടി. പറയുന്നത്: ‘‘ഞങ്ങളുടെ പൊതുയോഗങ്ങളിലെല്ലാം ഈ വര്‍ഷമുണ്ടാകുന്നത് കടലേറ്റം ആയിരിക്കില്ല ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കഴിഞ്ഞ വര്‍ഷത്തേതിലും ഒരടി കൂടുതല്‍ വെള്ളം പൊങ്ങുമെന്നാണ് പ്രതീക്ഷിച്ചതാണ്. എന്നാല്‍ പ്രതീക്ഷകള്‍ക്കും അപ്പുറത്താണ് ഇത്തവണ വെള്ളം പൊങ്ങിയത്. ഇത് പ്രതീക്ഷിച്ചിരുന്നതിനാല്‍ അധികൃതരെ ആശ്രയിക്കാതെ ജനങ്ങള്‍ തന്നെ മെയ് മാസത്തിന് മുമ്പ് ‘ചാക്ക് ചലഞ്ച്’ നടത്തിയിരുന്നു. വരുന്ന വെള്ളം കുത്തിയൊലിച്ച് വരുന്നത് ഒഴിവാക്കാനും വെള്ളം തിരിച്ച് വീടാനും ചാക്കില്‍ മണ്ണ് നിറച്ച് വീടുകളോട് ചേര്‍ന്ന് വച്ചിരുന്നു. കടലിനോട് ഏറ്റവും അടുത്ത് കിടക്കുന്ന വീടുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. കടലാക്രമണം തടയാനായി പലരും ഉറപ്പുള്ള മതിലുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ മൂന്ന് നാല് അടി ഉയരത്തില്‍ തിരകള്‍ ആഞ്ഞടിച്ചപ്പോള്‍ ഈ മതിലുകളാണ് ആദ്യം തകര്‍ന്നത്. പിന്നീട് വരുന്ന വെള്ളം മൂന്ന് അടി ഉയരത്തിലല്ല, പകരം അഞ്ചും ആറും അടി ഉയരത്തിലാണ് വരുന്നത്. വെള്ളം കുത്തിയൊലിക്കുന്നതിനാല്‍ പറമ്പുകളില്‍ പലയിടത്തും പുതിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ആര്‍ക്കും പരസ്പരം സഹായിക്കാന്‍ പറ്റാത്ത അവസ്ഥയായി. ജോയി എന്ന സുഹൃത്തിന്റെ വീട്ടില്‍ പ്രായമായ അപ്പനും അമ്മയും ഉണ്ടായിരുന്നു. വെള്ളം കട്ടില്‍പ്പൊക്കത്തിന് മുകളിലെത്തിയപ്പോള്‍ അവന്‍ സഹായത്തിനായി പലരെയും വിളിച്ചു. എന്നാല്‍ ഒഴുക്കിന്റെ ശക്തികൊണ്ടും പറമ്പിലെ കുഴികള്‍ കാരണവും ആര്‍ക്കും അവിടേക്ക് എത്തിച്ചേരാനായില്ല. ഒടുവില്‍ അവനും കുടുംബവും ഒരുവിധത്തിലാണ് രക്ഷപ്പെട്ടത്. ''

ചെല്ലാനത്ത് എല്ലാ വര്‍ഷവും കടലേറ്റം ഉണ്ടാകാറുണ്ട്. 2010ന് ശേഷം ഇത് കൂടുതലാകാന്‍ തുടങ്ങി. കൊച്ചിന്‍ പോര്‍ട്ടിന്റെ ആഴം കൂട്ടുന്നതാണ് ഇതിന് കാരണം. പലപ്പോഴും പരിഹാരം തേടി സമരങ്ങള്‍ നടന്നെങ്കിലും പരിഹാരം ഉടന്‍ കാണുമെന്ന ഉറപ്പില്‍ അതെല്ലാം അവസാനിപ്പിക്കുകയായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തില്‍ കടലേറ്റം ഉണ്ടായപ്പോഴാണ് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുന്നതും സമരം ശക്തമാക്കുന്നതും.
‘‘2019 ഒക്ടോബറില്‍ ഞങ്ങള്‍ സമരം ആരംഭിച്ചു. 585 ദിവസം പിന്നിട്ടുകഴിഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സമരം എല്ലാവരും വീടുകളിലേക്ക് മാറ്റി. ആളുകള്‍ അവരവരുടെ വീടുകളില്‍ നിരാഹാരം ഇരിക്കാന്‍ ആരംഭിച്ചു. വാട്സ്ആപ്പ് വഴിയൊക്കെയാണ് സമരം ഏകോപിപ്പിച്ചിരുന്നത്. കൊച്ചിന്‍ പോര്‍ട്ട് ഡ്രഡ്ജ് ചെയ്ത് കൊണ്ടുപോകുന്ന എക്കല്‍ തീരക്കടലില്‍ നിക്ഷേപിച്ചാല്‍ കടലിന് ആഴം കൂടുന്നത് കുറയ്ക്കാന്‍ സാധിക്കും. ജിയോ ട്യൂബുകള്‍ ഉപയോഗിച്ചുള്ള പുലിമുട്ടുകളുടെ സഹായത്തോടെ അത് ചെയ്യാനാകും. അതിനായി പശ്ചിമഘട്ട മലനിരകളിലെ കരിങ്കല്ലുകള്‍ ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കേണ്ടതില്ല. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് പോലെ അമിതമായ ചെലവും വരില്ല'' ; സെബാസ്റ്റ്യന്‍ വി. ടി. പറയുന്നു.
ഡ്രെഡ്ജ് ചെയ്യുന്ന എക്കല്‍ തരാമെന്ന് കൊച്ചിന്‍ പോര്‍ട്ട് സമ്മതിച്ചിട്ടുണ്ട്. അത് നല്ല നീക്കമാണെന്നും ജോസഫ് അറയ്ക്കല്‍ പറയുന്നു. ആ മണ്ണ് വീണ്ടും ഒഴുകിപ്പോകാതിരിക്കാന്‍ പുലിമുട്ടുകള്‍ ഇടുകയാണ് ചെയ്യുന്നത്. ട്രൈപ്പോഡും ടെട്രാപ്പോഡും ജിയോട്യൂബും എല്ലാം ഉപയോഗിച്ച് മണ്ണിന്റെ ഒഴുക്ക് തടഞ്ഞുനിര്‍ത്താം. എന്നാല്‍ കടല്‍ഭിത്തിക്ക് ഇപ്പുറത്ത് ജിയോട്യൂബുകള്‍ ഫലവത്തല്ല. കഴിഞ്ഞ അഞ്ച് വര്‍ഷം ചെല്ലാനത്തിന് വേണ്ടി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. 12,000 കോടി രൂപ മുടക്കിയെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയാണ് അവര്‍ക്ക്. പുനര്‍ഗേഹം പദ്ധതിയില്‍ സര്‍ക്കാര്‍ മുറുകെ പിടിച്ചിരിക്കുകയാണ്. ഈ പദ്ധതി ആദ്യം പ്രഖ്യാപിക്കുമ്പോള്‍ അമ്പത് മീറ്റര്‍ പരിധിയിലുണ്ടായിരുന്നവര്‍ക്ക് ഇപ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. വീണ്ടും പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അത് നൂറ് മീറ്റര്‍ പരിധിയിലേക്ക് പോകുകയാണ്. ശാശ്വത പരിഹാരമില്ലെങ്കില്‍ വീണ്ടും തീരം നഷ്ടപ്പെടുകയാകും ചെയ്യുക. പതിനെട്ടര കിലോമീറ്റര്‍ നീളത്തില്‍ 1.07 വീതിയില്‍ നാലായിരത്തി മുന്നൂറ്റി ചില്വാനം ഏക്കര്‍ ഭൂമിയാണ് ഇതുവരെ നഷ്ടമായിരിക്കുന്നതെന്നാണ് കണക്ക്. ചെല്ലാനത്തിന്റെ പഴയ ഒരു സര്‍വേയിലെ കണക്ക് അനുസരിച്ചാണ് ഇത്രയും ഭൂമി നഷ്ടമായതായി കണക്കാക്കുന്നത്. കൊച്ചി നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് ഒരു സെൻറ് ഭൂമിയ്ക്ക് എത്രരൂപ വിലവരും എന്ന് അദ്ദേഹം ചോദിക്കുന്നു. രണ്ട് സെൻറ് സ്ഥലമുള്ളയാള്‍ക്കും അമ്പത് സെൻറ് സ്ഥലമുള്ളയാള്‍ക്കും എല്ലാം യാതൊരു മാനദണ്ഡവും നോക്കാതെ പത്ത് ലക്ഷം രൂപ നല്‍കി ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജോസഫ് അറയ്ക്കല്‍ ആരോപിക്കുന്നു. ഇവിടെ എല്ലാവരും മത്സ്യത്തൊഴിലാളികള്‍ അല്ലെങ്കിലും അനുബന്ധ തൊഴിലെടുത്ത് ജീവിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ പുനര്‍ഗേഹം പദ്ധതി നടപ്പാക്കുമ്പോള്‍ അവരുടെ തൊഴില്‍ സംസ്‌കാരത്തോടുകൂടി ഇണങ്ങിനില്‍ക്കുന്ന വിധത്തില്‍ വേണം നടപ്പാക്കാന്‍. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ല. നേരെ തിരിച്ച് ആളുകളെ ഗതിമുട്ടിച്ച് ഇവിടെ നിന്നും ഒഴിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ മനുഷ്യായുസ്സ് മുഴുവനെടുത്ത് സമ്പാദിച്ചതൊന്നും ഇട്ടിട്ട് പോകാന്‍ തങ്ങള്‍ക്കാകില്ലെന്നും അദ്ദേഹം പറയുന്നു.
ചെല്ലാനം തീരത്തോട് ചേര്‍ന്ന് ചെറിയ ബീച്ചുകള്‍ രൂപം കൊള്ളുന്നതാണ് പ്രശ്നത്തിനുള്ള ശാശ്വതമായ പരിഹാരമെന്ന് ഇവരുടെ അഭിഭാഷകനായ തുഷാര്‍ നിര്‍മ്മല്‍ സാരഥി പറയുന്നു: ‘‘കഴിഞ്ഞ സര്‍ക്കാരും അഞ്ച് വര്‍ഷം കൊണ്ട് തീരം സംരക്ഷിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ അതിനുള്ള യാതൊരു നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല’’; തുഷാര്‍ ചൂണ്ടിക്കാട്ടുന്നു.
ടെട്രാപോഡ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മിക്കാമെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ തീരം സുരക്ഷിതമല്ലാത്തതിനാല്‍ അമ്പത് മീറ്റര്‍ പരിധിയില്‍ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കാമെന്നും പറയുന്നു. മാറ്റിത്താമസിപ്പിക്കുമ്പോള്‍ കിട്ടുന്ന ഇടം ബയോഷീല്‍ഡ് ആയി വികസിപ്പിച്ച് സ്വാഭാവിക തടയണയാക്കി മാറ്റുമെന്നൊക്കെയാണ് പറയുന്നത്. ഈ വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന കോണ്‍ഗ്രസുകാരും ഒരു പാരിസ്ഥിതിക പ്രശ്നം എന്ന നിലയ്ക്കാണ് ഇത് അവതരിപ്പിക്കുന്നത്. വാസ്തവത്തില്‍ മനുഷ്യ ഇടപെടല്‍ കൊണ്ടുണ്ടായ പ്രശ്നങ്ങളാണ് ഇതിന് കാരണം. തുറമുഖ നിര്‍മ്മാണവും ഹാര്‍ബറുകളുടെ നിര്‍മ്മാണവും പോര്‍ട്ടുകളുടെ പ്രവര്‍ത്തനവും പുലിമുട്ടുകള്‍ നിരന്തരമായി സ്ഥാപിക്കുന്നതുമെല്ലാം അതില്‍ വരുന്നു. കോഴിക്കോട്ടെയും കണ്ണൂരിലെയും ഹാര്‍ബറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും വിഴിഞ്ഞത്തെ പോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം കാണാന്‍ അവര്‍ക്ക് താല്‍പര്യമില്ല. കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഹാര്‍ബര്‍ മൗത്തിലാണ് അപകടമുണ്ടായതും മത്സ്യത്തൊഴിലാളുകള്‍ മരിച്ചതും. പോര്‍ട്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണല്‍ ഇവിടെ അടിഞ്ഞുകൂടിയതാണ് അപകടത്തിന് കാരണം. ആ വിഷയം ചര്‍ച്ച ചെയ്യാതെ കടല്‍ക്ഷോഭത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കാലാവസ്ഥാ വ്യതിയാനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ നിര്‍മ്മാണങ്ങളെല്ലാം തുടര്‍ന്നും നടക്കുമെന്നതിനാല്‍ ഈ പ്രശ്നങ്ങളും തുടരും. കാലാവസ്ഥാ വ്യതിയാനം നാം കാണേണ്ടത് തന്നെയാണ്. എന്നാല്‍ കടല്‍ക്ഷോഭത്തിന് കാരണമാകുന്ന പ്രാദേശിക ഘടകങ്ങളെ ഇവര്‍ അംഗീകരിക്കുന്നില്ല.
‘‘തീരം സുരക്ഷിതമല്ലെന്ന് വരുത്തി തീര്‍ത്ത് കുടിയൊഴിപ്പിക്കാനാണ് ഒരു വിഭാഗത്തിന് താല്‍പര്യം. പോര്‍ട്ടുമായി ബന്ധപ്പെട്ട സാഗര്‍മാല പോലുള്ള വന്‍കിട മൂലധന നിക്ഷേപമാണ് ഇവിടങ്ങളില്‍ ലക്ഷ്യമിടുന്നത്. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോജിസ്റ്റിക് പാര്‍ക്ക് നടപ്പിലാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വാഗ്ദാനം. പോര്‍ട്ടില്‍ നിന്നുള്ള സാധനങ്ങള്‍ സംഭരിക്കാനും സൂക്ഷിക്കാനും റീപാക് ചെയ്യാനുമൊക്കെയാണ് സ്വകാര്യ പങ്കാളിത്തത്തോടെ ലോജിസ്റ്റിക് പാര്‍ക്കുകള്‍ ഉപയോഗിക്കപ്പെടുന്നത്. ഒരുവശത്ത് മൂലധന നിക്ഷേപങ്ങള്‍ക്ക് ശ്രമിക്കുകയും മറുവശത്ത് തീരം സുരക്ഷിതമല്ലെന്ന് പറഞ്ഞ് ആളുകളെ കുടിയിറക്കുകയുമാണ് ചെയ്യുന്നത്. അന്തസ്സുള്ള ആര്‍ക്കും ഈ കുടിയിറക്കം അംഗീകരിക്കാന്‍ പറ്റില്ല. കേരളത്തിലെ 590 കിലോമീറ്റര്‍ തീരവും ഒരുപോലെ ഈ പ്രശ്നങ്ങള്‍ ബാധിക്കുന്നവയല്ല. പ്രാദേശികമായ സവിശേഷ സാന്നിധ്യങ്ങളാണ് അതിന് കാരണം. കൊച്ചിയിലെ പ്രശ്നം പോര്‍ട്ട് ആണ്. അതിനെ മറികടക്കാനാകുന്ന സമീപനമാണ് ഉണ്ടാകേണ്ടത്.

ചെല്ലാനവും ഒറ്റമശ്ശേരിയും തമ്മില്‍ പത്ത് കിലോമീറ്റര്‍ ആണ് ദൂരം. ചെല്ലാനത്ത് ഒരു ഹാര്‍ബര്‍ ഉണ്ട്. ഒറ്റമശ്ശേരിയുടെ തെക്ക് ഭാഗത്തും ഒരു ഹാര്‍ബറുണ്ട്. ഇതിന് രണ്ടിനും ഇടയിലായി വീണ്ടും ഒരു ഹാര്‍ബര്‍ കൊണ്ടുവരാനാണ് നീക്കം. ഇതിന്റെ ലോജിക് മനസ്സിലാകുന്നില്ല. ഇത്തരം അനാവശ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാലോചിക്കേണ്ടതുണ്ട്. തോട്ടപ്പള്ളിയിലെ ഹാര്‍ബര്‍ മണ്ണ് അടിഞ്ഞ് ഉപയോഗശൂന്യമായി. ഈ ഹാര്‍ബര്‍ വന്ന ശേഷം അതിന് സമീപ പ്രദേശങ്ങളില്‍ വലിയ തോതില്‍ കടലാക്രമണം ഉണ്ടായിരുന്നു. ഹാര്‍ബറും ഉപയോഗിക്കാന്‍ പറ്റിയില്ല, സമീപപ്രദേശങ്ങളിലെ മണ്ണ് നഷ്ടപ്പെട്ട് അവിടെ കടലാക്രമണങ്ങള്‍ പതിവാകുകയും ചെയ്തു. ഹാര്‍ബര്‍ കൊണ്ട് ആര്‍ക്കും ഗുണമുണ്ടായില്ലെന്ന് മാത്രമല്ല, ദുരിതം അനുഭവിക്കേണ്ടതായും വരുന്നു. കൊച്ചിന്‍ പോര്‍ട്ട് അടച്ചുപൂട്ടണമെന്ന് ഇനി പറയാനാകില്ല. എന്നാല്‍ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ബീച്ചുകള്‍ ഉണ്ടാക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളെന്നാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞിരിക്കുന്ന ആശയം.'' തുഷാര്‍ വിശദീകരിച്ചു.

പത്തുവര്‍ഷക്കാലത്ത് നിര്‍മാണം നിര്‍ത്തിവച്ച് തീരക്കടലിന് എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രീയ പഠനം നടത്തുകയാണ് വേണ്ടതെന്നും തീരദേശവാസികള്‍ കൂട്ടത്തോടെ പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്നില്ല. പകരം, വിഴിഞ്ഞം ഹാര്‍ബറും പുതുവൈപ്പിന്‍ എല്‍പിജി പ്ലാന്റും ഉള്‍പ്പെടെയുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പലയിടങ്ങളിലായി നടക്കുന്ന കരിമണല്‍ ഖനനങ്ങളും എല്ലാം തന്നെ കുറച്ചുനാളത്തേക്കെങ്കിലും നിര്‍ത്തി വച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അതിലൂടെ കടല്‍ക്ഷോഭത്തിന് പരിഹാരം കണ്ടെത്താനെങ്കിലും നമുക്ക് സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
തീരശോഷണം എന്നാല്‍ കടല്‍ കരയിലേക്ക് കയറിവരുന്നത് മാത്രമല്ല. ഒരു വിഭാഗം ജനങ്ങളുടെ ഭൂമിയും ആവാസ വ്യവസ്ഥയും ഉപജീവനവും സംസ്‌കാരവും എല്ലാം ഇതോടൊപ്പം ഒലിച്ചുപോകുകയാണ്. അഞ്ചോ പത്തോ വര്‍ഷം മുമ്പ് നഷ്ടപ്പെട്ട വീട് എവിടെയായിരുന്നുവെന്ന് ചോദിച്ചാല്‍ കിലോമീറ്ററുകളോളം കടലിന് ഉള്ളിലേക്ക് അവര്‍ ചൂണ്ടുന്ന വിരല്‍ത്തുമ്പിലുള്ളത് അവയെല്ലാമാണ്. അമ്പതും അറുപതും വര്‍ഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന പ്രമാണങ്ങളുള്ള ഭൂമിയാണ് ഇപ്പോള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന്. അതിനാല്‍ തന്നെ ഒരു ശാശ്വതപരിഹാരത്തിനായുള്ള കാത്തിരിപ്പിലാണ് തീരദേശവും തീരദേശവാസികളും.
ഡോ. അരുൺ പി.ആർ.
Jun 11, 2022
5.3 minutes Read
കെ.വി. ദിവ്യശ്രീ
May 18, 2022
6 Minutes Watch
അരുണ്‍ ടി. വിജയന്‍
Apr 01, 2022
2 Minutes Read
അസ്മരി ഹഖ് ബാധോന്‍
Mar 24, 2022
4 Minutes Read
കെ.വി. ദിവ്യശ്രീ
Mar 11, 2022
17 Minutes Watch
അരുണ്‍ ടി. വിജയന്‍
Jan 23, 2022
19 Minutes Read
അരുണ്‍ ടി. വിജയന്‍
Jan 16, 2022
4 Minutes Read
മുഹമ്മദ് ഫാസില്‍
Sep 30, 2021
8 minutes read