ആര്‍.എസ്.എസ് ഇനിമേല്‍ വെറുമൊരു നിഴല്‍ ഭരണകൂടമോ സമാന്തരഭരണകൂടമോ ആയിരിക്കില്ല. അസ്സല്‍ ഭരണകൂടം തന്നെയാണത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കുപുറമേ വര്‍ദ്ധിച്ചുവരുന്ന വര്‍ഗ-ജാതി സംഘര്‍ഷങ്ങള്‍ക്കുമിടയിലാണ് നമുക്കിന്ന് ജീവിക്കേണ്ടിവരുന്നത്. അതിനാവശ്യമുള്ള വിഭവങ്ങള്‍ ബി.ജെ.പി യുടെ പാചകപ്പുരകളില്‍ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി ദൂരവ്യാപകമായി നിലനില്‍ക്കുന്ന കലാപങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ പടച്ചുവിടാനാണ് അവരുടെശ്രമം
17 Sep 2020, 12:10 PM
യഥാര്‍ത്ഥത്തില്‍ ഇന്ത്യയൊരു രാജ്യമല്ല; അതൊരു ഭൂഖണ്ഡമാണ്. യൂറോപ്പിനേക്കാള്‍ സങ്കീര്‍ണ്ണതയും വൈവിധ്യവുമുള്ള ഒരു ഭൂപ്രദേശം. യൂറോപ്പിലുള്ളതിനേക്കാള്‍ ഭാഷകള്‍, ദേശീയതകള്‍, ഉപദേശീയതകള്‍, തദ്ദേശീയഗോത്രങ്ങള്‍, മതങ്ങള്‍ എല്ലാം ഇവിടെയുണ്ട്. വൈവിധ്യപൂര്‍ണ്ണവും ലോലവുമായ ഈ സാമൂഹിക ആവാസവ്യവസ്ഥയെ ഒരു പെരുങ്കടലായിത്തന്നെ സങ്കല്‍പ്പിച്ചു നോക്കണം. അതിനെതിരെയാണ് ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭരണഘടന എന്ന തത്വത്തില്‍ ഉറച്ച് വിശ്വസിക്കുന്ന ഒരു ഹിന്ദുമേധാവിത്വസംഘടന പുതിയ തീട്ടൂരങ്ങളുമായി കടന്നുവരുന്നത്.

1925-ല്‍ സ്ഥാപിതമായ രാഷ്ട്രീയ സ്വയം സേവക് സംഘമെന്ന ആര്‍. എസ്. എസിനെക്കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ മാതൃത്വം അവകാശപ്പെടാവുന്ന സംഘടന. ജര്‍മ്മനിയിലെയും ഇറ്റലിയിലെയും ഫാസിസത്താല്‍ സ്വാധീനിക്കപ്പെട്ടവരാണ് ആ സംഘടനയുടെ സ്ഥാപകപിതാക്കന്മാര്‍. ഇന്ത്യയിലെ മുസ്‌ലിംകളെ ജര്‍മനിയിലെ ജൂതര്‍ക്ക് തുല്യരായി അവര്‍ കണ്ടു. ‘ഹൈന്ദവഭാരത'ത്തില്‍ മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. ഓന്തിനെപ്പോലെ നിറംമാറുന്ന സ്വഭാവമുള്ള ആര്‍. എസ്. എസ്, ഇന്നിപ്പോള്‍ അത്തരമൊരു ആശയം പ്രത്യക്ഷമായി പറയില്ലായിരിക്കാം. പക്ഷേ, ആ പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണം മുസ്‌ലിംവിരുദ്ധത തന്നെയാണ്. മുസ്‌ലിംകള്‍ എന്നും അപരരാണ് അവര്‍ക്ക്. അന്തര്‍ലീനമായ ഈ പ്രത്യയശാസ്ത്രം ബി.ജെ.പി നേതാക്കളുടെ വാക്കുകളിലും കലിതുള്ളുന്ന ജനക്കൂട്ടത്തിന്റെ മുദ്രാവാക്യങ്ങളിലും എപ്പോഴും ഉയര്‍ന്നു കേള്‍ക്കാം: `മുസല്‍മാന്‍ കാ ഏക് ഹി സ്താന്‍. കബറിസ്താന്‍ യാ പാക്കിസ്താന്‍.` 2019 ഒക്ടോബറിലാണ് ആര്‍.എസ്.എസിന്റെ പരമോന്നത നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനം വന്നത്: ‘ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്, അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.' ഇന്ത്യയെക്കുറിച്ച് മനോഹരമായ സങ്കല്‍പങ്ങളെല്ലാം അതോടെ നിര്‍വീര്യമായിപ്പോയി.
രാജ്യത്തില്‍നിന്ന് പ്രവിശ്യയിലേക്ക്
ഇക്കാലഘട്ടത്തിന് അവശ്യംവേണ്ട മഹത്തായ ഒരു വിപ്ലവമാണ് ഇപ്പോഴവിടെ അരങ്ങേറുന്നതെന്നാണ് ആര്‍. എസ്. എസ് അവകാശപ്പെടുന്നത്. നൂറ്റാണ്ടുകളോളം തുടര്‍ന്നുവന്ന മുസ്‌ലിം ഭരണത്തിന്റെ ആധിപത്യത്തെയും അടിച്ചമര്‍ത്തലിനെയും പൂര്‍ണമായി തുടച്ചുനീക്കുന്ന യജ്ഞത്തിലാണ് ഹിന്ദുക്കള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് ആര്‍. എസ്. എസ് ഭാഷ്യം. അവരുടെ വ്യാജചരിത്രനിര്‍മ്മിതിയുടെ ഭാഗം തന്നെയാണത്. യഥാര്‍ത്ഥത്തില്‍, ഹിന്ദുമതത്തിലെ നിഷ്ഠൂരമായ ജാതിസമ്പ്രദായത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇസ്‌ലാംമതം സ്വീകരിച്ചവരുടെ പിന്‍മുറക്കാരാണ് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യയിലെ മുസ്‌ലിംകള്‍.
യൂറോപ്യന്‍ ഭൂഖണ്ഡമാകെ തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് നാസി ജര്‍മനി ഒരുകാലത്ത് ഒരുമ്പെട്ടിറങ്ങിയത്. ആര്‍.എസ്.എസ് ഭരിക്കുന്ന ഇന്ത്യയിലെ കാര്യപരിപാടികള്‍ നേര്‍വിപരീതദിശയിലാണ്. വന്‍കരയോളം പോന്ന രാജ്യത്തെ ഒരു ചെറുരാജ്യത്തിലേക്ക് ചുരുക്കിയെടുക്കാനാണ് ആര്‍. എസ്. എസിന്റെ ശ്രമം. ഒരു രാജ്യമായിട്ടുപോലുമല്ല, ചുരുങ്ങി ചുരുങ്ങിവന്ന് ഒരു പ്രവിശ്യയോളം ചെറുതാകുകയാണ് അതിപ്പോള്‍. ഒരു പ്രാകൃത-വംശീയ-മതാധിഷ്ഠിത പ്രവിശ്യയുടെ രൂപമാണ് അത് ആര്‍ജിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെയൊക്കെ ചിന്തകള്‍ക്ക് അതീതമായമട്ടില്‍ സകലതിനെയും ദുഷിപ്പിച്ചുകൊണ്ട് അക്രമാസക്തമായി അത് രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. ആത്മനാശത്തിലേക്ക് കൂപ്പുകുത്തുന്ന ഈ പ്രക്രിയക്കിടെ ആരൊക്കെ, എന്തൊക്കെ, എത്രത്തോളം നാശത്തിലേക്കു വീഴുമെന്നു മാത്രമേ കണക്കുകൂട്ടാനുള്ളു.
ഇന്നിപ്പോള്‍ ആര്‍. എസ്. എസിന്റെ നിയന്ത്രണത്തിലുള്ള അത്ര ആളും അര്‍ത്ഥവും ഉണ്ടാക്കിയെടുക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവരുന്ന വെള്ള വംശീയവാദികള്‍ക്കോ നവനാസികള്‍ക്കോ പോലും കഴിയുന്നില്ല. രാജ്യത്തുടനീളം 57,000 ശാഖകള്‍, അതില്‍ അറുപതുലക്ഷം സായുധസമര്‍പ്പിത ‘സന്നദ്ധഭട'ന്മാര്‍. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകള്‍... ഒക്കെയും അവരുടെ നിയന്ത്രണത്തിനുകീഴിലുണ്ട്. സ്വന്തമായി ആരോഗ്യപരിപാലനകേന്ദ്രങ്ങള്‍, തൊഴിലാളിസംഘടനകള്‍, കര്‍ഷകസംഘടനകള്‍, മാധ്യമങ്ങള്‍, പലതുമുണ്ടവര്‍ക്ക്. ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്കായി ഒരു പരിശീലനസ്‌കൂളും അടുത്തയിടെ ആരംഭിച്ചിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. കാവിക്കൊടിക്കൂറയ്ക്കുകീഴില്‍ സംഘപരിവാര്‍ തഴച്ചുവളരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ അക്രമപരമ്പരകളിലൂടെ ആയിരക്കണക്കിനുപേരാണ് ഇന്ത്യയില്‍ കൊലചെയ്യപ്പെട്ടിട്ടുള്ളത്. അതിനെല്ലാം ഉത്തരവാദികള്‍ ആര്‍.എസ്.എസ് എന്ന സംഘടനതന്നെയാണ്. അക്രമങ്ങള്‍, വര്‍ഗ്ഗീയകലാപങ്ങള്‍ എല്ലാം അവരുടെ മുഖമുദ്രകളാണ്.
മോദി, ആര്‍.എസ്.എസിന്റെ സുവര്‍ണ അധ്യായം
പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിതത്തില്‍ എക്കാലത്തും ആര്‍.എസ്.എസുകാരനായിരുന്നു. ആര്‍.എസ്.എസിന്റെ സൃഷ്ടി. ആര്‍.എസ്. എസിലുള്ള മറ്റേത് നേതാവിനെയുംകാള്‍ സംഘടനയുടെ ചരിത്രഗതി തിരിച്ചുവിട്ടത് ബ്രാഹ്മണനല്ലാത്ത ഈ നരേന്ദ്രമോദിയാണ്. ആര്‍.എസ്.എസിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായങ്ങള്‍ കുറിക്കാന്‍ ഭാഗ്യമുണ്ടായത് അദ്ദേഹത്തിനുതന്നെ. ഞാനിവിടെ പറയാന്‍ പോകുന്ന, നരേന്ദ്രമോദിയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ കഥ ആവര്‍ത്തിച്ചുകേള്‍ക്കുന്നതുകൊണ്ട് ഈര്‍ഷ്യ തോന്നുന്നവരുണ്ടാകാം. മറവിരോഗം ഔദ്യോഗികമായി ആഘോഷിക്കപ്പെടുന്ന ഒരു കാലത്ത് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍, ആവര്‍ത്തനങ്ങള്‍ അനിവാര്യം തന്നെ.
അമേരിക്കയിലെ സെപ്തംബര്‍ 11 ആക്രമണത്തിനു തൊട്ടുപിന്നാലെ, 2001 ഒക്ടോബറില്‍ മോദിയുടെ രാഷ്ട്രീയരംഗപ്രവേശം സംഭവിച്ചു. അന്ന് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനെ ബി.ജെ.പി തല്‍സ്ഥാനത്തുനിന്ന് നീക്കി. അന്ന് എം.എല്‍.എ പോലുമല്ലാതിരുന്ന നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി അവരോധിച്ചു. മോദി മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ട് മൂന്നുമാസത്തിനുള്ളില്‍ തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ ഗുജറാത്തിലെ ഗോധ്രയില്‍ ദാരുണമായ ഒരു ട്രെയിന്‍ തീപിടുത്തമുണ്ടാകുന്നു. അതില്‍ 59 ഓളം ഹിന്ദു തീര്‍ത്ഥാടകര്‍ ദാരുണമാംവിധം ചുട്ടുകൊല്ലപ്പെട്ടു.
‘പ്രതികാരനടപടി'യെന്നോണം അക്രമാസക്തരായ ഹിന്ദുജനക്കൂട്ടം ആസൂത്രിതമായ കലാപം അഴിച്ചുവിട്ടു. ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറുപേര്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെടുകയുംചെയ്തു. നഗരത്തെരുവുകളില്‍ സ്ത്രീകള്‍ ബലാല്‍സംഗത്തിനിരകളായി. പതിനായിരക്കണക്കിനുപേര്‍ ഭവനരഹിതരായി. വംശഹത്യയ്ക്കു ശേഷം മോദി ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. കൂട്ടക്കുരുതിയൊക്കെ നടന്നിട്ടും മോദി ജയിച്ചു എന്നല്ല അതുകൊണ്ടൊക്കെ അദ്ദേഹം ജയിച്ചു എന്നാണ് പറയേണ്ടത്. ഹിന്ദുമനസ്സിനെ കീഴടക്കിയ ചക്രവര്‍ത്തിയായി അദ്ദേഹം. മൂന്നുവട്ടം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി. ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത പശ്ചാത്തലത്തിലാണ് 2014ല്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രചാരണം ആരംഭിക്കുന്നത്. 2002ലെ ഗുജറാത്തിലെ വംശഹത്യയില്‍ ഖേദിക്കുന്നുണ്ടോ എന്ന റോയിട്ടേഴ്സ് ലേഖകന്റെ ചോദ്യത്തിന് അബദ്ധത്തിലെങ്ങാനും കാര്‍ചക്രത്തില്‍പെട്ട് ചത്തുപോകുന്ന ഒരു നായയെ ഓര്‍ത്തുപോലും താന്‍ ഖേദിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പരിശീലനം സിദ്ധിച്ച, കറതീര്‍ന്ന ഒരു ആര്‍. എസ്.എസുകാരന്റെ വാക്കുകള്‍ തന്നെയായിരുന്നു അത്.
ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി മോദി അവരോധിക്കപ്പെടുമ്പോള്‍ ആഹ്ലാദിച്ചത് ഹിന്ദുദേശീയവാദികള്‍ മാത്രമായിരുന്നില്ല. ഇന്ത്യയിലെ വന്‍വ്യവസായികളും ബിസിനസുകാരും ലിബറല്‍ ചിന്തകരും അന്താരാഷ്ട്രമാധ്യമങ്ങളും മോദിക്ക് സ്തുതി പാടി. പ്രതീക്ഷയുടെയും പുരോഗതിയുടെയും പ്രതീകമായി എല്ലാവരും മോദിയെ വാഴ്ത്തിപ്പാടി. കുങ്കുമ വര്‍ണ്ണാഞ്ചിത സ്യൂട്ടിലെത്തിയ രക്ഷകന്‍! പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംഗമം! ഹിന്ദു ദേശീയതയുടെയും സ്വതന്ത്രകമ്പോളത്തിന്റെയും സംഗമം! സങ്കീര്‍ത്തകര്‍ പാടി.
സ്വേച്ഛാധിപത്യത്തിനു മുന്നില്‍ നാം മുട്ടുകുത്തിനിന്നു
ഹിന്ദുദേശീയവാദത്തിന്റെ കാര്യത്തില്‍ മോദി വിജയിച്ചെങ്കിലും സ്വതന്ത്രകമ്പോളത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ കാലിടറി. നിരവധി മണ്ടത്തരങ്ങളിലൂടെ അദ്ദേഹം സമ്പദ്വ്യവസ്ഥയെ മുട്ടുകുത്തിച്ചു. 2016-ല്‍ നോട്ടുനിരോധനത്തിലൂടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളെല്ലാം അദ്ദേഹം അസാധുവാക്കി. പ്രചാരത്തിലുള്ള കറന്‍സിയുടെ എണ്‍പതുശതമാനത്തോളമാണ് ഒറ്റരാത്രികൊണ്ട് അദ്ദേഹം അസാധുവാക്കിക്കളഞ്ഞത്. ഒരു രാജ്യത്തിന്റെയും ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണിത്. ധനകാര്യവകുപ്പുമന്ത്രിയുടെയോ ധനകാര്യ ഉപദേഷ്ടാവിന്റെയോ അഭിപ്രായം ഇക്കാര്യത്തില്‍ ആരാഞ്ഞതായും അറിവില്ല. അഴിമതിക്കും ഭീകരവാദ ധനസഹായത്തിനുമെതിരെയുള്ള സര്‍ജിക്കല്‍ സൈട്രക്കാണിത് എന്നായിരുന്നുഅദ്ദേഹത്തിന്റെ അവകാശവാദം. ഒരുതരം സാമ്പത്തിക പിത്തലാട്ടമായിരുന്നു അത്. നൂറുകോടിയിലധികം ജനങ്ങളുള്ള ഒരുരാജ്യത്തിനുമേല്‍ നടത്തപ്പെട്ട ഒരു ഒടിവിദ്യ. സകലരീതിയിലും അത് വിനാശം വിതച്ചു. പക്ഷേ അതിനെതിരെ നാട്ടിലൊരിടത്തും കലാപമുണ്ടായില്ല, പ്രതിഷേധങ്ങളുയര്‍ന്നില്ല. പഴയ കറന്‍സിനോട്ടുകള്‍ നിക്ഷേപിച്ച് പുതിയവ വാങ്ങാന്‍ ജനങ്ങള്‍ പൊരിവെയിലത്ത് അനുസരണയോടെ ക്യൂ നിന്നു. അതുമാത്രമേ അവര്‍ക്കും ശരണമുണ്ടായിരുന്നുള്ളു. ചിലിയോ കാറ്റലോനിയയോ ലെബനനോ ഹോങ്കോങ്ങോ ഒന്നും ഇവിടെ സംഭവിച്ചില്ല. ഒറ്റരാത്രികൊണ്ട് പലരും തൊഴില്‍രഹിതരായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടി. സ്വപ്നത്തില്‍ പോലും ആലോചിക്കാനാവാത്ത ഈ പ്രവൃത്തി മോദിയുടെ പതനം കുറിക്കുമെന്ന് ഞങ്ങളില്‍ പലരും ധരിച്ചുവശായി. ഞങ്ങള്‍ക്കുതെറ്റി. ഇന്നാട്ടിലെ ജനങ്ങള്‍ അതില്‍ആനന്ദം കൊള്ളുകയായിരുന്നു. വേദനകളെ ആനന്ദകരമാക്കി മാറ്റുന്ന അനുഭവം. മഹത്തായ, സമ്പന്നമായ, ഒരു ഹിന്ദുരാഷ്ട്രനിര്‍മ്മാണത്തിന്റെ ഈറ്റുനോവ് അനുഭവിക്കുന്ന ഭാവത്തിലാണ് അവര്‍ ആ കഷ്ടപ്പാടുകള്‍ സഹിച്ചത്.

‘ഒരു രാഷ്ട്രം, ഒരു നികുതി' വാഗ്ദാനത്തിനു തൊട്ടുപിന്നാലെ മോദി നടപ്പാക്കിയ ചരക്കു സേവന നികുതി (GST) യും നോട്ടുനിരോധനവും സ്പീഡിലോടുന്ന കാറിന്റെ ടയറുകള്‍ വെടിവെച്ചു തകര്‍ക്കുന്നതു പോലെയായിരുന്നുവെന്ന് മിക്ക സാമ്പത്തികവിദഗ്ധരും ഇപ്പോള്‍ സമ്മതിക്കും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പച്ചക്കള്ളമാണെങ്കിലും അത് സത്യസന്ധമാണെന്നു വിചാരിക്കുന്ന നിരവധിപേര്‍ ഇപ്പോഴും ഇവിടെയുണ്ട്. സാമ്പത്തികമാന്ദ്യം നേരിടുന്ന ഇന്ത്യക്ക് നോട്ടുനിരോധനം ഉത്തേജകമായിത്തീരുമെന്നാണ് ഇക്കൂട്ടര്‍ വാദിച്ചത്. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്നനിലയിലാണെന്ന് സര്‍ക്കാര്‍പോലും തുറന്നുസമ്മതിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നുകൂടി ഓര്‍ക്കണം. 2019-ലെ ആഗോള പട്ടിണി സൂചികയില്‍ 117 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 102-ാം സ്ഥാനമാണുള്ളത്. നേപ്പാള്‍ 73-ാം സ്ഥാനത്തും ബംഗ്ലാദേശ് 88-ാം സ്ഥാനത്തും വരുമ്പോഴാണിത്.
നോട്ടുനിരോധനം വെറുമൊരു സാമ്പത്തികകാര്യമായിരുന്നില്ല. അതൊരു വിധേയത്വ പരീക്ഷണമായിരുന്നു. മഹാനായ നേതാവ് നടത്തിയ ഒരു സ്നേഹപരീക്ഷ! നാം അദ്ദേഹത്തെ അനുഗമിക്കുമോ, എന്തൊക്കെ വന്നാലും അദ്ദേഹത്തെ നാം സ്നേഹിക്കുമോ എന്നതിന്റെയൊക്കെ പരീക്ഷണം. വര്‍ണ്ണച്ചിറകുവിരിച്ച് നാം നമ്മുടെ സ്നേഹാതിരേകം പ്രകടിപ്പിച്ചു. നോട്ടുനിരോധനത്തെ കൈനീട്ടി സ്വീകരിച്ച് സ്വേച്ഛാധിപത്യത്തിനു മുന്നില്‍ അരുമകിടാങ്ങളായി നാം മുട്ടുകുത്തിനിന്നു.
രാജ്യത്തിന് ദോഷകരമായത് ബി.ജെ.പിക്ക് ഗുണകരമായി. 2016നും 2017 നുമിടയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ താറുമാറായപ്പോള്‍ ബി.ജെ.പി ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു. വരുമാനം 81% വര്‍ദ്ധിപ്പിച്ച് തൊട്ടടുത്ത എതിരാളികളായ കോണ്‍ഗ്രസിനേക്കാള്‍ അഞ്ചിരട്ടി സമ്പന്നമായിത്തീര്‍ന്നു ആ പാര്‍ട്ടി. ഇതിനിടയില്‍ കോണ്‍ഗ്രസിന്റെ വരുമാനം 14 ശതമാനമായി കുറയുകയും ചെയ്തു. ചെറുപാര്‍ട്ടികള്‍ പ്രത്യക്ഷത്തില്‍ത്തന്നെ ദരിദ്രമായി. ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് ആയിടയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇങ്ങനെയുണ്ടാക്കിയ വരുമാനവര്‍ദ്ധന ബി.ജെ.പിയെ ഏറെ സഹായിച്ചു. 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ ഒരു ഫെറാറി കാറും പഴയൊരു സൈക്കിളും തമ്മിലുള്ള മത്സരം പോലെയാക്കാനും അതിനു കഴിഞ്ഞു. തിരഞ്ഞെടുപ്പുകള്‍ പണക്കൊഴുപ്പിന്റെ വിഷയമാകുന്നതോടെ അധികാരവും പണവും തമ്മിലുള്ള ബാന്ധവം കൂടുതല്‍ ദൃഢമായിത്തീരുന്നു. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ ഒരു തിരഞ്ഞെടുപ്പ് ഒരു വിദൂരസാധ്യതായി മാറുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍ കൊണ്ട്‌നോട്ടുനിരോധനം ഒരു മണ്ടത്തരമായിരുന്നുവെന്ന് ആര്‍ക്കും പറയാനാവില്ല.
മോദിയുടെ രണ്ടാമൂഴത്തില്‍ ആര്‍.എസ്.എസ് പൂര്‍വാധികം ശക്തമായി കളിച്ചുതുടങ്ങി. അവര്‍ ഇനിമേല്‍ വെറുമൊരു നിഴല്‍ ഭരണകൂടമോ സമാന്തരഭരണകൂടമോ ആയിരിക്കില്ല. അസ്സല്‍ ഭരണകൂടം തന്നെയാണത്. മാധ്യമങ്ങളുടെയും പൊലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും മേല്‍ ആര്‍.എസ്.എസ് പിടിമുറുക്കുന്നതിന്റെ ഉദാഹരണങ്ങള്‍ എത്രയോ ഉണ്ട്. സായുധസേനയിലും അത് കാര്യമായ സ്വാധീനം ചെലുത്തിത്തുടങ്ങി. വിദേശ നയതന്ത്ര ഉദ്യോഗസ്ഥന്മാരും അംബാസഡര്‍മാരും നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി ഉപചാരമര്‍പ്പിക്കുന്നു.
വിഭവങ്ങള്‍ ബി.ജെ.പിയുടെ പാചകപ്പുരകളില്‍ തയ്യാറാണ്
വാസ്തവത്തില്‍, നേരിട്ടുള്ള നിയന്ത്രണം തന്നെ ആവശ്യമില്ലാത്ത ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞു. നാനൂറിലധികം ടെലിവിഷന്‍ വാര്‍ത്താചാനലുകളും കോടിക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളും ടിക്ടോക് വീഡിയാകളും ജനങ്ങളെ വര്‍ഗ്ഗീയതയില്‍ നട്ടുനനച്ചു വളര്‍ത്തി വരികയാണ്.
ബി.ജെ.പിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തില്‍ ഒത്തൂകൂടിയ ആള്‍ക്കൂട്ടമാണ് 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ 450 വര്‍ഷം പഴക്കമുള്ള ബാബ്റിമസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കിയത്. ലോകത്തിലെ സുപ്രധാനമായകേസുകളിലൊന്നായി കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ഇതിനെ വിശേഷിപ്പിരുന്നു. ശ്രീരാമന്റെ ജന്മസ്ഥലത്ത് നേരത്തെയുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചിരുന്നതെന്നും അതാണ് തകര്‍ത്തതെന്നും ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും വാദിച്ചു. ബാബ്റിമസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ രണ്ടായിരത്തിലധികം പേര്‍ സംഘര്‍ഷങ്ങളില്‍ കൊലചെയ്യപ്പെട്ടു. മുസ്‌ലിംകളായിരുന്നു അതിലധികവും. തര്‍ക്കഭൂമിയിലുള്ള പൂര്‍ണമായ അവകാശം തെളിയിക്കാന്‍ മുസ്‌ലിംകള്‍ക്കു കഴിയുന്നില്ലെന്ന് കോടതി വിലയിരുത്തി. ഭൂമി ഒരു ട്രസ്റ്റിനു കൈമാറി ക്ഷേത്രം നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തി. ബി.ജെ.പി സര്‍ക്കാരിനാണ് ട്രസ്റ്റ് രൂപീകരിക്കാനുള്ള അവകാശം നല്‍കപ്പെട്ടത്. വിധിയെ എതിര്‍ത്ത ആളുകളെ കൂട്ടത്തോടെ അറസ്റ്റുചെയ്തു. മറ്റ് പള്ളികളിലേക്ക് ശ്രദ്ധ തിരിക്കുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍പ്രസ്താവന നിലവിലുണ്ട്. അവരത് പിന്‍വലിക്കാനിടയില്ല. എല്ലാവരും എവിടെയോ നിന്ന് വന്നു ചേര്‍ന്നവരാകുന്നതുകൊണ്ട്, എല്ലാം എന്തിന്റെയൊക്കെയോ മുകളില്‍ നിര്‍മ്മിക്കപ്പെട്ടതായതുകൊണ്ട്, അവര്‍ക്കിത് അനന്തമായ കര്‍മപദ്ധതിയായി നിലനിര്‍ത്താന്‍ കഴിഞ്ഞേക്കും.
കുമിഞ്ഞുകൂടിയ പണത്തിന്റെ ബലത്തില്‍ ബി.ജെ.പിക്ക് അതിന്റെ രാഷ്ട്രീയ എതിരാളികളെ ഒപ്പം നിര്‍ത്താനോ വിലയ്ക്കുവാങ്ങാനോ (തകര്‍ത്തു കളയാനോ പോലും) കഴിഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ദളിത്- പിന്നാക്കജാതികളില്‍ അടിത്തറയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് കനത്ത പ്രഹരമേറ്റത്. അവരുടെ പരമ്പരാഗത വോട്ടര്‍മാരില്‍ ഒരു പ്രധാനവിഭാഗം ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി എന്നിവ ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് ചേക്കേറി. ദളിത്-പിന്നോക്കജാതികളില്‍ നിലനില്‍ക്കുന്ന ജാതിശ്രേണികളെ സമര്‍ത്ഥമായി ചൂഷണം ചെയ്യാനും അതിനെ തുറന്നുകാട്ടി അതില്‍ നിന്ന് ഫലം കൊയ്യാനും ബി.ജെ.പി കഠിനമായി പരിശ്രമിച്ചിരുന്നു. പണക്കൊഴുപ്പും ജാതിഘടനയില്‍ വരുത്താന്‍ കഴിഞ്ഞ വിള്ളലുമൊക്കെ ചേര്‍ന്നപ്പോള്‍ പരമ്പരാഗത തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ താളംതെറ്റി. ദളിത്- പിന്നോക്കജാതി വോട്ടുകള്‍ പെട്ടിയിലായിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പി ചുവടുമാറ്റം നടത്തി. വിദ്യാഭ്യാസവും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ, സംവരണാനുകൂല്യങ്ങള്‍ നേടിയിരുന്ന ദളിത്- പിന്നോക്ക ജാതിക്കാരുടെ അവകാശങ്ങളെ തകര്‍ത്ത് അവരെ ജോലികളില്‍ നിന്നും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കുന്ന നയം ബി.ജെ.പി സ്വീകരിച്ചു. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ആള്‍ക്കൂട്ടക്കൊലകളും മര്‍ദ്ദനങ്ങളും അതില്‍പ്പെടും. വെളിയിട മലമൂത്ര വിസര്‍ജ്ജനരഹിതരാജ്യമാക്കി ഇന്ത്യയെ മാറ്റിയതിന് നരേന്ദ്രമോദി ഗേറ്റ്സ് ഫൗണ്ടേഷന്റെ ആദരവ് ഏറ്റുവാങ്ങിയ അതേ സെപ്തംബറിലാണ് തുറസ്സായ സ്ഥലത്ത് വിസര്‍ജ്ജനം നടത്തിയതിന്റെ പേരില്‍ രണ്ട് ദളിത് കുട്ടികളെ ഇതേനാട്ടില്‍ അടിച്ചുകൊന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ചെറ്റപ്പുരയുടെ മുന്നിലിരുന്നാണ് ആ രാജ്യദ്രോഹക്കുറ്റം അവര്‍ ചെയ്തുകളഞ്ഞത്! മനുഷ്യവിസര്‍ജ്യങ്ങള്‍ തലയിലേറ്റുന്ന ജോലി ഇപ്പോഴും ചെയ്യേണ്ടി വരുന്ന പതിനായിരക്കണക്കിന് ദലിതരുള്ള നാട്ടിലെ പ്രധാനമന്ത്രിയാണ് ശുചീകരണത്തിന്റെ പേരില്‍ രാജ്യാന്തരബഹുമതി നേടുന്നത്!
മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കുപുറമേ വര്‍ദ്ധിച്ചുവരുന്ന വര്‍ഗ-ജാതി സംഘര്‍ഷങ്ങള്‍ക്കുമിടയിലാണ് നമുക്കിന്ന് ജീവിക്കേണ്ടിവരുന്നത്. അതിനാവശ്യമുള്ള വിഭവങ്ങള്‍ ബി.ജെ.പി യുടെ പാചകപ്പുരകളില്‍ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി ദൂരവ്യാപകമായി നിലനില്‍ക്കുന്ന കലാപങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ പടച്ചുവിടാനാണ് അവരുടെശ്രമം.
(2019 നവംബര്‍ 19ന് ന്യൂയോര്‍ക്കിലെ കൂപ്പര്‍ യൂണിയന്‍ ഗ്രേറ്റ് ഹാളില്‍ 'ഭൂമിയുടെ ഭാഗധേയം' എന്ന വിഷയത്തില്‍, ജൊനാഥന്‍ ഷെല്‍ സ്മാരക പ്രഭാഷണ പരമ്പരയില്‍ നടത്തിയ പ്രഭാഷണം. ഡി.സി ബുക്‌സ് സെപ്റ്റംബറില്‍ പ്രസിദ്ധീകരിക്കുന്ന അരുന്ധതി റോയിയയുടെ ‘ആസാദി' എന്ന പുസ്തകത്തില്‍നിന്ന്. വിവര്‍ത്തനം: ജോസഫ് കെ. ജോബ്)
Deepu Sukumaran Nair
23 Feb 2022, 02:54 PM
യാതൊരു മൂല്യവും ഇല്ലാത്ത , തറക്കളികൾ മാത്രമാണ് മോദിയും സംഘ പരിവാറും നടത്തുന്നത്. പക്ഷേ അവരുടെ പ്രചരണങ്ങൾ ചെലവാകുന്നത് എന്തു കൊണ്ടാണ് എന്നത് കൂടി പരിശോധന വിഷയമാകണം. ആ നിലയിൽ ലേഖനം ഏകപക്ഷീയവും അപൂർണവും ആയി
ഡോ.പി.ഹരികുമാർ
16 Aug 2021, 09:52 AM
ദുഖസത്യം!
Raghavan satheesan Satheesan
1 Jun 2021, 08:42 PM
Said is reality.solution is only endless fight.Frontline Political parties must join together and try to abandon Their petty ambition of power.Educate those who are Hungry.
Sumayya. M
28 May 2021, 11:20 AM
ഇതിനൊരു പരിഹാരമേ ഉള്ളൂ. എല്ലാ പിന്നോക്ക വിഭാഗങ്ങളും ഒന്നിച്ചു നിന്നുകൊണ്ട് സർവ്വ ശക്തിയും സംഭരിച്ചു മോദി സർക്കാരിനെതിരിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുക.. ബിജെപി യെ ഇന്ത്യയിൽ നിന്ന് തുരത്തുന്നത് വരെ ഈ പോരാട്ടം നിർത്തരുത്....
ശുഹൈബ് kv
28 May 2021, 10:45 AM
ഇനിയുള്ള നാളുകളിൽ ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം ആയിരിക്കും
സുരേഷ്
28 May 2021, 09:18 AM
ഈ സ്ത്രീയ്ക്ക് എന്തും പറയാം, അതൊക്കെ സത്യം ആണെന്ന് മറ്റുള്ളവർ ധരിച്ചു കൊള്ളണം... ഇന്ത്യയിൽ ഇതൊക്ക നടക്കും. മറ്റു രാജ്യത്തു ആയിരുന്നു എങ്കിൽ ഇവർ പുറം ലോകം കാണില്ല.
sasi
27 May 2021, 02:59 PM
മഹാൻമാൻ ലോകത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്; അതിനെ മാറ്റിമറിക്കുകയാണ് വേണ്ടത് എന്ന വാക്കുകളാണ് ഇന്ന് പ്രസക്തം .
Shareef
27 May 2021, 02:24 PM
Well said, agreed with every points. But needed a solution.
Chandran Tv
27 May 2021, 01:11 PM
വളരെ നന്നായി പഠിച്ചു എഴുതി. മേൽ പറഞ്ഞ കാര്യങ്ങൾ ഒരു ഗവേഷണ വിഷയമായി എടുക്കേണ്ടതാണ്. അത്രയും വിദഗ്ദ്ധ പ്ലാനിംഗ് ആണ് നടന്നത്. നടക്കുന്നത്.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
എന്‍.ഇ. സുധീര്‍
Jan 24, 2023
11 Minutes Listening
എ. എ. റഹീം
Jan 24, 2023
3 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
കെ.പി. നൗഷാദ് അലി
Jan 10, 2023
7 Minutes Read
K.P.Thomas
24 Feb 2022, 11:23 AM
അരുന്ധതിയുടെ നിരൂപണങ്ങൾ എന്നും ഭയരഹിതവും ശ്രദ്ധേയവും സതൃസന്ധവുമാണ്..🙏