മതാത്മക ഏകാധിപത്യവും ആഗോള കോർപ്പറേറ്റുകളും തമ്മിലുള്ള രഹസ്യ വേഴ്ചയെ നേരിടാൻ എല്ലാ മനുഷ്യരുടെയും അടിസ്ഥാന ജീവിതാവശ്യങ്ങളിലൂന്നിയ മതേതര പ്രക്ഷോഭങ്ങൾക്കേ കഴിയൂ. അതിനാൽ കർഷക സമരത്തെ അന്നം വിളയിക്കുന്നവന്റെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം എന്നതിനപ്പുറം ഇന്ത്യൻ പൗരസമൂഹത്തെ മതാധിഷ്ഠിത വികാരങ്ങൾ കൊണ്ട് ഭിന്നിപ്പിക്കുന്ന വലതു തീവ്രവാദത്തിനെതിരെയുള്ള ജനായത്ത സമരമായി മനസ്സിലാക്കേണ്ടതുണ്ട്.
1 Dec 2020, 03:28 PM
ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭം അതീവ രാഷ്ട്രീയ പ്രാധാന്യമുളളതു കൂടിയാണ്. തൊണ്ണൂറുകൾ മുതൽ ശക്തിപ്രാപിച്ച്ഭരണാധികാരം കയ്യടക്കിയ വലതുപക്ഷ ഏകാധിപത്യത്തോടും അത് ഒളിസേവ ചെയ്യുന്ന ആഗോള കോർപ്പറേറ്റ് മൂലധന താൽപര്യങ്ങളോടുമാണ് ഇപ്പോൾ കർഷകസമരം മുഖാമുഖം നിൽക്കുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ നവലിബറൽ നയങ്ങളെന്ന പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ഇന്ത്യൻ ഭരണകൂടം തിരശ്ശീല ഉയർത്തിയപ്പോൾ തന്നെയാണ് വിദ്വേഷത്തിന്റെ രാഷ്ട്രീയ ഗർജ്ജനത്താൽ അയോധ്യയിൽ മസ്ജിദിന്റെ മിനാരങ്ങൾ തകർന്നുവീണത്. ഒരു വശത്ത് ഉദാരവൽക്കരണം എന്ന കോർപ്പറേറ്റ് അധിനിവേശവും മറുവശത്ത് തീവ്രദേശീയതയുടെ കടുംമധുരം പുരട്ടിയ വെറുപ്പിന്റെ രാഷ്ട്രീയവും ചെകുത്താനും കടലുമായി ഇന്ത്യയെ ശ്വാസംമുട്ടിക്കുന്ന ഈ മൂന്നു ദശകങ്ങൾക്കുള്ളിലാണ് ലോകം കണ്ട ഏറ്റവും വലിയ ആത്മഹത്യാ പരമ്പരകൾക്ക് ഈ രാജ്യത്തെ കാർഷിക മണ്ണ് സാക്ഷ്യംവഹിച്ചതും. ആഗോളീകരണത്തിന്റെ അന്താരാഷ്ട്ര വ്യാപാര ഒപ്പിടൽ കർമങ്ങളിലും ഇറക്കുമതി നയങ്ങളിലും കോർപറേറ്റ് പ്രീണന ഇളവുകളിലും പുതിയ ഭാരത നിർമാണത്തിന്റെ കുടിയൊഴിപ്പിക്കലുകളിലും ആടിയുലഞ്ഞിട്ടാണ് ഗതിയില്ലാതെ ഓരോ കൃഷിക്കാരനും സ്വയം മരണം വരിച്ചത്. ദശലക്ഷക്കണക്കിന് കൃഷിക്കാർ ആത്മാഹുതി നടത്തിയിട്ടും ഭരണദേവതയുടെ കരളലിഞ്ഞില്ല. കാരണം കൃഷിയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരുടെ എണ്ണം 50 ശതമാനത്തിൽ നിന്ന് 10 ശതമാനത്തിൽ താഴെയാക്കി നിർത്തിയാൽ ഇന്ത്യ ലോകത്തെ വലിയ സാമ്പത്തികശക്തിയായി മാറും എന്നാണ് തൊണ്ണൂറുകളിൽ തന്നെ ലോകബാങ്ക് ഉപദേശിച്ചത്. അങ്ങനെ, പ്രത്യേക സാമ്പത്തിക മേഖലകൾക്കും ആറുവരിപ്പാതകൾക്കും വേണ്ടി കൃഷി ഭൂമി പിടിച്ചെടുത്ത്, ആത്മഹത്യകൾക്കും ഭൂമി വിട്ടുള്ള നഗര പലായനങ്ങൾക്കും ഇന്ത്യൻ ഭരണകൂടം അതിവിദഗ്ധമായി ആക്കംകൂട്ടി കൊടുത്ത് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ പുളകം കൊള്ളിച്ചു കൊണ്ടിരുന്നു.

മൻമോഹൻസിംഗിലൂടെയും ചിദംബരത്തിലൂടെയും കഴിഞ്ഞ പത്തു വർഷമായി അതിലും ബഹുആവേശത്തോടെ, ഇന്ന് മോദിയുടെ അനുഗ്രഹാശിസ്സുകളാലും അടിവെച്ചു മുന്നേറുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ ഓരോരോ മേഖലയിലേക്കും സ്വദേശി- വിദേശി കോർപ്പറേറ്റുകളെ സർവാധിപതികളായി പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുകയാണ്. ഖനനവും ബാങ്കിംഗും റെയിൽവേയും എന്നുവേണ്ട പ്രതിരോധരംഗം പോലും ഇവരുടെ കേളീരംഗങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. പൊതുമേഖലകൾ ഓരോന്നും തകർത്തും തീറെഴുതിയും നഗ്നമായ കോർപറേറ്റ് വാത്സല്യം കരകവിഞ്ഞ് ഒഴുകിയപ്പോൾ അതിനെ ഇന്ത്യൻ ഭരണകൂടം നേരിട്ടതും ഒറ്റപ്പെടുത്തി അമർച്ച ചെയ്തതും പ്രത്യക്ഷമായല്ല, പരോക്ഷമായാണ്. തീവ്രദേശീയതയും മതദ്വേഷവും ബ്രാഹ്മണ മതത്തിന്റെ അന്ധാചാരങ്ങളും അതിവിദഗ്ധമായി കൂട്ടിക്കുഴച്ചും അത് രാജ്യമെങ്ങും വിതരണം ചെയ്തും അടിസ്ഥാന ജീവിതാവശ്യങ്ങളായ തൊഴിൽ, വരുമാനം, ജോലിസ്ഥിരത, ഭൂമി, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം ഇത്യാദികളിൽനിന്ന് നമ്മുടെ ശ്രദ്ധയെ രാമമന്ദിരത്തിലേക്കും ഗോപൂജ യിലേക്കും ബീഫ് കൊലകളിലേക്കും ജാതിമത കലാപങ്ങളിലേക്കും വഴി തെറ്റിച്ചുകൊണ്ടുമാണ് സർവമേഖലകളിലും കോർപ്പറേറ്റ് ആധിപത്യത്തെ കുടിയിരുത്തുന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസിനേക്കാൾ തികഞ്ഞ ആജ്ഞാശക്തിയോടെ എല്ലാ എതിർപ്പുകളെയും തൃണവൽഗണിച്ച് ഈ ഗവൺമെൻറിന് ഉദാരവൽക്കരണ നയങ്ങൾ അതിശീഘ്രം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നു. അതായത് സമൂഹത്തെയാകെ മതാത്മകതയിൽ തളച്ചിടാൻ ഈ ഭരണവർഗത്തിന് കഴിഞ്ഞിരിക്കുന്നു എന്നു മാത്രമല്ല, രാജ്യദ്രോഹപരമായ എല്ലാ സാമ്പത്തികനയങ്ങളും കൊണ്ടുവരുമ്പോഴും തീവ്രദേശീയതയുടെ വൈകാരിക ആന്ദോളനങ്ങളിൽ പൗരസമൂഹത്തെ ഒഴുക്കിക്കൊണ്ടു പോകുന്നതിനാൽ ദേശ സ്നേഹത്തിന്റെ കടപപരിവേഷം ഇവർ മുൻകൂറായി നേടിയെടുത്തിരുന്നു.

തങ്ങളുടെ മത രാഷ്ട്രീയ കുതന്ത്രങ്ങൾ ഇന്ത്യൻ ജനതയെ വൈകാരികമായി കീഴ്പ്പെടുത്തി വിചാരശൂന്യരായി മാറ്റിയിരിക്കുന്നു എന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര ഗവൺമെൻറ് കഴിഞ്ഞ സെപ്റ്റംബർ 27 ന് പുതിയ മൂന്ന് കാർഷിക പരിഷ്കാരങ്ങൾ നിയമമാക്കി കൊണ്ടുവന്നത്. എന്നാൽ തീവ്രവലതു ഭരണവർഗത്തിന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചാണ്കർഷകസമരം മുന്നേറിയത്. എന്തുകൊണ്ടാണ് മറ്റെല്ലാ മേഖലകളിലും നടപ്പിലാക്കിയ കോർപ്പറേറ്റ് വൽക്കരണം കാർഷിക മേഖലയിൽ കൊണ്ടുവന്നപ്പോൾ മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള അതിശക്തമായ പ്രതിഷേധത്തിന് ഇടവരുത്തിയത്?
ഒന്നാമതായി, ഇന്ത്യൻ സമൂഹത്തിൽ 60- 70 ശതമാനം ജനങ്ങളും കാർഷികമേഖലയുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്. രണ്ടാമതായി, സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷവും ഭരണകൂടത്താൽ ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗമാണ് നമ്മുടെ കർഷക സമൂഹം. മൂന്നാമതായി, ഹരിതവിപ്ലവത്തിന്റെ അത്യുൽപ്പാദനത്താൽ ധാന്യസമൃദ്ധി കൈവരിച്ചിട്ടും അതിനൊത്ത സാമ്പത്തിക വരുമാനം കർഷക വിഭാഗത്തിന് ഉണ്ടായിട്ടില്ല. നാലാമതായി, പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്കുള്ള ധനസമാഹരണം ഇന്ത്യയിൽ അരങ്ങേറുന്നത് കൃഷിക്കാരന്റെ ഉൽപന്നങ്ങൾക്ക് നാമമാത്ര വില നൽകി അവരുടെ അധ്വാനം പിഴിഞ്ഞെടുത്താണ്.
അഞ്ചാമതായി, പുതിയ കാർഷിക നിയമങ്ങൾ കൂനിന്മേൽ കുരുവെന്ന വിധം എരിതീയിൽ നിന്നും വറചട്ടിയിലേക്ക് കർഷകരെ എടുത്തെറിയുന്നു. അതായത് നിലവിലുള്ള സർക്കാർ തറവില പോലും കൃഷിക്കാർക്ക് ലഭ്യമാകാത്ത വിധം കോർപ്പറേറ്റുകൾക്ക് കാർഷികോല്പന്നങ്ങൾ ചുളുവിലക്ക് തട്ടിയെടുക്കാൻ അവസരം കിട്ടിയിരിക്കുന്നു.
ഈ സന്ദർഭത്തിൽ ഇന്ത്യൻ കർഷകന് ഇനി കൃഷിയിടത്തിലേക്ക് തിരിച്ചു ചെന്നിട്ട് യാതൊരു പ്രയോജനവുമില്ല. അവിടെ അവരെ കാത്തിരിക്കുന്നത് കാർഷിക വൃത്തി ഉപേക്ഷിക്കലോ ആത്മഹത്യയോ മാത്രമാണ്. അതുകൊണ്ടാണ് രണ്ടും കൽപ്പിച്ച് കർഷക സഹസ്രങ്ങൾ അതിശൈത്യം അവഗണിച്ച് ഡൽഹിക്കുതിരിച്ചത്. ഏറ്റവും അസംഘടിത വിഭാഗം എന്ന നിലയിൽ ഭരണകൂടത്താൽ അവഗണന മാത്രം ഏറ്റുവാങ്ങിയ ഈ വർഗം അവരുടെ ചരിത്രപരമായ ഊർജ്ജം തിരിച്ചെടുത്തിരിക്കുകയാണ്.
ഡൽഹിയിൽ കഴിഞ്ഞ നാളുകളിൽ നടന്ന സമരങ്ങൾ ചാണക്യതന്ത്രം കൊണ്ടും കായികശക്തി കൊണ്ടും നിർവീര്യമാക്കിയതുപോലെ കർഷക പ്രക്ഷോഭം തകർക്കാൻ കേന്ദ്ര ഭരണത്തിന് സാധ്യമല്ല. കാരണം ഈ സമരമുഖത്ത് ജാതിമത വികാരങ്ങൾക്കതീതമായി മണ്ണിൽ പണിയെടുക്കുന്നവരുടെ വിയർപ്പിന്റെ മണമാണുള്ളത്. കോർപ്പറേറ്റുകൾക്ക് പാദസേവ ചെയ്യുന്ന ഭരണ നയത്തിനെതിരെ ഇന്ത്യൻ കർഷക സമൂഹമാണ് സംഘടിച്ചിരിക്കുന്നത്. അവരെ മതത്തിന്റെ പേരിലോ കപട ദേശഭക്തി കൊണ്ടോ ഭിന്നിപ്പിക്കാൻ സാധ്യമല്ല. വലതുപക്ഷത്തിന്റെ വർഗീയ ധ്രുവീകരണ തന്ത്രം ഇവരുടെ മുൻപിൽ മുനയൊടിഞ്ഞു കിടക്കുന്നു. അതായത് മതാത്മക ഏകാധിപത്യവും ആഗോള കോർപ്പറേറ്റുകളും തമ്മിലുള്ള രഹസ്യ വേഴ്ചയെ നേരിടാൻ എല്ലാ മനുഷ്യരുടെയും അടിസ്ഥാന ജീവിതാവശ്യങ്ങളിലൂന്നിയ മതേതര പ്രക്ഷോഭങ്ങൾക്കേ കഴിയൂ. അതിനാൽ ഈ കർഷക സമരത്തെ അന്നം വിളയിക്കുന്നവന്റെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം എന്നതിനപ്പുറം ഇന്ത്യൻ പൗരസമൂഹത്തെ മതാധിഷ്ഠിത വികാരങ്ങൾ കൊണ്ട് ഭിന്നിപ്പിക്കുന്ന വലതു തീവ്രവാദത്തിനെതിരെയുള്ള ജനായത്ത സമരമായി മനസ്സിലാക്കേണ്ടതുണ്ട്.
തങ്ങൾക്ക് അന്നം തരുന്ന കർഷക സമൂഹത്തോട്, മതരാഷ്ട്രീയം മനസ്സിൽ കുത്തിവെച്ച മനുഷ്യവിരുദ്ധ വികാരങ്ങളിൽ നിന്ന് മോചനം നേടി ഈ രാജ്യത്തെ പൗരസമൂഹം ഐക്യപ്പെടുമ്പോൾ അവിടെ തകർന്നു വീഴുന്നത് കോർപ്പറേറ്റുകളുടെ കാർഷിക അധിനിവേശം മാത്രമല്ല ഇന്ത്യൻ ജനായത്തഭരണത്തിന് അത്യന്തം ഭീഷണിയായി മാറിയ തീവ്രവലതു ഭരണവർഗം തന്നെയായിരിക്കും. അതിനാൽ ഈ കർഷക പ്രക്ഷോഭം നൽകുന്ന രാഷ്ട്രീയപാഠം ഇതാണ്: എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങളായ കൃഷി, ഭക്ഷണം എന്നിവയെ കേന്ദ്രമാക്കിയ മുദ്രാവാക്യങ്ങൾക്ക് മാത്രമേ ജനായത്ത വിരുദ്ധമായ തീവ്രമത തന്ത്രങ്ങളെയും ഒപ്പം കോർപ്പറേറ്റ് സാമ്പത്തികവാഴ്ചയെയും ഇന്ത്യൻ മണ്ണിൽനിന്ന് തൂത്തെറിയാൻ പറ്റൂ എന്നാണ്.
ഡല്‍ഹി വിറയ്ക്കുന്നു, കര്‍ഷകരുടെ സമരവീര്യത്തില്‍
തൊഴിലാളികളും കര്‍ഷകരും ഇതാ, ഇന്ത്യയുടെ സമരനായകരായി മാറുകയാണ്
Abdul Kader
1 Dec 2020, 08:36 PM
I read the above totally agree and the farmers must win . I wish all participants to get more energy to fight.
കെ. കണ്ണന്‍
Dec 21, 2022
5 Minutes Watch
രാകേഷ് ടികായത്ത്
Dec 18, 2022
32 Minutes Watch
കെ. സഹദേവന്‍
Sep 15, 2022
8 Minutes Read
പി. കൃഷ്ണപ്രസാദ്
Jan 10, 2022
59 Minutes Watch
Truecopy Webzine
Dec 19, 2021
5 Minutes Read
Truecopy Webzine
Dec 11, 2021
3 minutes read
K. Viswambharan
4 Dec 2020, 06:48 AM
Farmers are those who produce food, the basic necessity of all living beings. Here in India, Farmers are treated as slaves as they work in the soil. Without their toil, others can not eat. Therefore Government should recognise farming as the most important activity and Farmers should be recognised as class one workers. Government must procure his produce at the source of harvesting. Every farmer shall be paid a monthly salary which can be adjusted against sale of his/ her produce. A farmer shall be ranked equal to a gazetted officer.