ലാരി കോളിൻസിനോടൊപ്പം ഡൊമിനിക് ലാപിയർ നടത്തിയ എഴുത്തുവിപ്ലവം ലോകമെമ്പാടുമുള്ള വായനക്കാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇരുവരും കൂട്ടായി രചിച്ച രാഷ്ട്രീയചരിത്ര കൃതികൾ ഒരേ സമയം ആധികാരികവും ജനപ്രിയവുമായിരുന്നു. ചരിത്രത്തിന്റെ വേറിട്ട വായനകൾക്ക് അതു വഴിയൊരുക്കി. ലോകം അറിഞ്ഞിട്ടില്ലാത്ത അസംഖ്യം കൊച്ചുകൊച്ചു സംഭവങ്ങളും അപൂർവ മുഹൂർത്തങ്ങളും കൊണ്ട് അവർ ചരിത്രത്തെ പൂർത്തിയാക്കുകയായിരുന്നു.
5 Dec 2022, 03:30 PM
ലാരി കോളിൻസിൻസും ഡൊമിനിക് ലാപിയറും.
വർഷങ്ങൾക്കു മുമ്പേ വായനയിലൂടെ പരിചിതരായ രണ്ടു പേരുകളാണിവ.
എപ്പോഴും ഒരുമിച്ച് കേട്ടിരുന്ന രണ്ടു പേരുകൾ.
ചരിത്രമെഴുതി ചരിത്രമായി മാറിയ ഒരു എഴുത്തുകൂട്ടായ്മ.
ഇതിലെ ഡൊമിനിക് ലാപിയർ ഇന്ന് പാരീസിൽ അന്തരിച്ചു.
അദ്ദേഹം ഫ്രഞ്ചുകാരനായിരുന്നു. (അമേരിക്കക്കാരനായിരുന്ന ലാരി കോളിൻസ് 2005-ലാണ് മരിച്ചത്.) ഇവർ ചേർന്ന് നടത്തിയ എഴുത്തുവിപ്ലവം ലോകമെമ്പാടുമുള്ള വായനക്കാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇരുവരും കൂട്ടായി രചിച്ച രാഷ്ട്രീയചരിത്ര കൃതികൾ ഒരേ സമയം ആധികാരികവും ജനപ്രിയവുമായിരുന്നു. ചരിത്രത്തിന്റെ വേറിട്ട വായനകൾക്ക് അതു വഴിയൊരുക്കി. ലോകം അറിഞ്ഞിട്ടില്ലാത്ത അസംഖ്യം കൊച്ചുകൊച്ചു സംഭവങ്ങളും അപൂർവ മുഹൂർത്തങ്ങളും കൊണ്ട് അവർ ചരിത്രത്തെ പൂർത്തിയാക്കുകയായിരുന്നു. പൊതുമണ്ഡലത്തിലെ വായനയ്ക്കും ചർച്ചയ്ക്കും ഇടയാക്കിയ ഇവരുടെ പുസ്തകങ്ങൾ ചരിത്രകാരന്മാരെപ്പോലും ഇരുത്തി ചിന്തിപ്പിക്കുവാൻ വഴിയൊരുക്കി. രാഷ്ട്രീയചരിത്രത്തോടൊപ്പം ഭൂമിശാസ്ത്രം, മതം, സംസ്കാരം, ഭാഷ, വേഷം, നിറം എന്നിങ്ങനെ സമൂഹത്തിന്റെ
വൈവിധ്യത്തെ കൃത്യമായി ഒപ്പിയെടുത്തവതരിപ്പിക്കുവാനും ഇവർക്ക് സാധിച്ചു. നോവൽ വായിക്കുന്നതുപോലെ വായിച്ചു പോകാവുന്ന ശൈലിയാണ് ഇവരുടെ രചനകളെ ജനപ്രിയമാക്കിയത്.
മൂന്നു വർഷത്തെ ഗവേഷണത്തിനു ശേഷം ഇവർ രചിച്ച Freedom at Midnight എന്ന പുസ്തകം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഐതിഹാസികമായ ഒരു കാലഘട്ടത്തിന്റെ കഥയാണ് പറഞ്ഞത്. അവസാനത്തെ വൈസ്രോയി ആയിരുന്ന ലൂയി മൗണ്ട്ബാറ്റൻ തൊട്ട് ഗാന്ധി വധക്കേസിലെ പ്രതികളെ വരെ നേരിൽക്കണ്ട് സംസാരിച്ചാണ് ഈ പുസ്തകം അവർ തയ്യാറാക്കിയത്. കൂടാതെ ലഭ്യമായ ഔദ്യോഗിക രേഖകളും വ്യക്തികളുടെ ഡയറികളും കത്തുകളും ഒക്കെ ഇതിനായി അവർ പരിശോധിച്ചു. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഇന്ത്യാ- വിഭജനത്തെപ്പറ്റിയും എഴുതപ്പെട്ട പുസ്തകങ്ങളും വായിച്ചു. ഇതിൽ നിന്നെല്ലാം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് Freedom At Midnight എന്ന ഗ്രന്ഥം ഇവർ രചിച്ചത്. 1976 ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകം ഇന്നും പല ഭാഷകളിലായി സജീവ വായനയിലുണ്ട്. ഇതിലെ അധ്യായങ്ങളുടെ പേരുകൾ പോലും കൊതിപ്പിക്കുന്നവയായിരുന്നു. "ഭരിക്കാൻ പിറന്ന വംശം, ഇന്ത്യയെ ദൈവത്തിന് വിടുക, ഒരു വൃദ്ധനും അദ്ദേഹത്തിന്റെ തകർന്ന സ്വപ്നവും, ലോകം ഉറങ്ങിയപ്പോൾ, ഗാന്ധി മരിച്ചോട്ടെ…. ' അങ്ങനെ വായനക്കാരെ പിടിച്ചിരുത്തുന്ന തലവാചകങ്ങൾ.
ഇതുപോലെയാണ് ഇവരുടെ മറ്റ് രചനകളും. Is Paris Burning എന്ന കൃതിയുടെ രചനയിലാണ് ഇവർ ആദ്യമായി ഒരുമിക്കുന്നത്. തുടർന്ന് O Jerusalem, Is New York Burning , Fifth Horseman എന്നീ രചനകൾ നടത്തി. കൂടാതെ ഇവർ ഒറ്റയ്ക്കും പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. എല്ലാത്തിന്റെയും പുറകിൽ വലിയ ഗവേഷണമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അവയെല്ലാം ഇന്നും വായിക്കപ്പെടുന്നു. ഡൊമിനിക് ലാപിയർ ഇന്ത്യയെപ്പറ്റി വേറെയും ഗ്രന്ഥങ്ങൾ രചിച്ചു. കൽക്കത്ത പശ്ചാത്തലമാക്കി രചിച്ച The City of Joy എന്ന നോവലും A Thousand Suns എന്ന ഓർമക്കുറിപ്പും ഇതിൽ വേറിട്ടുനിൽക്കുന്നു. സ്പാനിഷ് എഴുത്തുകാരനായ ജാവിയർ മോറോയോടൊപ്പം ഭോപ്പാൽ ദുരന്തത്തെപ്പറ്റി Five Past Midnight in Bhopal എന്ന പുസ്തകവും പ്രസിദ്ധമാണ്. 2008 ൽ ഇന്ത്യ ഗവൺമെൻറ് അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു.

ഡൊമിനിക് ലാപിയറിന്റെ നിര്യാണത്തോടെ പ്രസിദ്ധമായ ആ എഴുത്തധ്യായം ഓർമയാവുകയാണ്. 1931 ൽ ജനിച്ച ലാപിയറിന് മരിക്കുമ്പോൾ 91 വയസ്സായിരുന്നു. ചെറുപ്പകാലം തൊട്ടേ എഴുത്തിലും യാത്രയിലും രസം കണ്ട അദ്ദേഹം സൈനിക സേവനത്തിനു ശേഷം പത്രപ്രവർത്തനത്തിലും പുസ്തക രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1955-ൽ ലാരി കോളിൻസിനെ പരിചയപ്പെടുകയും അഞ്ചു പതിറ്റാണ്ടോളം ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെയാണ് നമ്മുടെ ഇന്നലെകളിലേക്കുള്ള വേറിട്ട കാഴ്ചകൾ അവർ സമ്മാനിച്ചത്. അവർ വാക്കുകൾ കൊണ്ട് ചരിത്രത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ചരിത്രം അതിന്റെ തീവ്രതയോടെ വായനക്കാരുടെ മനസ്സിൽ നിറഞ്ഞു. ഇനി വരാനിരിക്കുന്ന കാലത്തിന്റെ ഭാവി വായനക്കാരിലേക്കും ആ വാക്കുകൾ നിഷ്പ്രയാസം കടന്നു ചെല്ലുകതന്നെ ചെയ്യും. ആ മാസ്മരികത അവരും ആസ്വദിക്കും. ചരിത്രവായനയിലേക്ക് എന്നെയൊക്കെ കൈ പിടിച്ചു നടത്തിയ ഡൊമിനിക് ലാപിയർ എന്ന എഴുത്തുകാരന് ആദരവോടെ വിട.
എഴുത്തുകാരന്, സാമൂഹ്യ വിമര്‍ശകന്‍
വി.കെ. ബാബു
Jan 28, 2023
8 minutes read
ഡോ. ഉമര്‍ തറമേല്‍
Jan 27, 2023
7 Minutes Read
കലേഷ് മാണിയാടൻ
Jan 18, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch