കേരളത്തിലെ ആദ്യത്തെ ന്യൂറോ സര്‍ജനായ ഡോ. കുമാരന്‍ ബാഹുലേയന്റെ സംഭവബഹുലമായ ജീവിതത്തില്‍നിന്ന് ഒരേട്. കേരളത്തില്‍ മെഡിക്കല്‍ കോളേജ് ഇല്ലാതിരുന്ന കാലത്ത്, 1949ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ പഠിച്ച് യു.എസിലെത്തി പ്രമുഖ ന്യൂറോ സര്‍ജന്മാരില്‍ ഒരാളായി വളര്‍ന്ന കഥ കൂടിയാണിത്. അദ്ദേഹത്തിന്റെ 'ഡോ.ബി' എന്ന ആത്മകഥയില്‍നിന്ന്.
3 Aug 2022, 10:48 AM
ഒന്ന്
1927-ല്‍ ചെമ്മനാകരിയിലെ ഒരിടത്താണ് എന്റെ പിറവി. അച്ഛന്റെയും അമ്മയുടെയും വാസം ഈ ദേശത്തായിരുന്നു. ഇരുവരുടെയും ജന്മഗൃഹം ചെമ്മനാകരിയിലായിരുന്നു. ലവണാംശമുള്ള മലിനജലം നിറഞ്ഞ ഭൂപ്രദേശമാണ് ഈ ഗ്രാമം. തീര്‍ത്തും അവികസിതമായ ഒരു പ്രദേശം. അതായിരുന്നു എന്റെ പിറവിയുടെ നാളുകളില്‍ ഈ നാട്.
തിരുവിതാംകൂര്‍ രാജാവിന്റെ അധീനതയിലുള്ള ഈ പ്രദേശത്തെ മനുഷ്യര്‍ അരപ്പട്ടിണിയിലാണ് ഭൂരിഭാഗം കാലവും അതിജീവിച്ചത്. കൃത്യമായി വരുമാനം ലഭിക്കുന്ന ജോലികളൊന്നും ഇവര്‍ക്കു വശമുണ്ടായിരുന്നില്ല. പ്രകൃതി കനിഞ്ഞുനല്‍കിയ വിഭവങ്ങള്‍ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ വൈദഗ്ദ്ധ്യം നേടാന്‍ ഇവര്‍ക്കു ശേഷിയുണ്ടായിരുന്നില്ല. പഴകി ശീലിച്ച സാമൂഹ്യക്രമം എന്ന നിലയില്‍ ജാതിവ്യവസ്ഥയും ഭരണക്രമവും പുലര്‍ന്നുപോന്നു. പ്രധാനമായും നാലഞ്ചു വിഭാഗം മനുഷ്യരാണ് ഈ ദേശത്ത് ജീവിച്ചിരുന്നത്.
മത- ജാതികളാല്‍ വേര്‍തിരിക്കപ്പെട്ട ഇവര്‍ അവരുടെ വിശ്വാസങ്ങളില്‍ അഭയംതേടി കാലത്തോടു സംവദിക്കാതെ പുറംതിരിഞ്ഞുനിന്നു. കൃഷിയായിരുന്നു ഏക ജീവനോപാധി. മഴയെ ആശ്രയിച്ചുമാത്രം ക്രമപ്പെടുത്തിയിരുന്ന പാരമ്പര്യ കാര്‍ഷികതന്ത്രങ്ങളാണ് ഇവര്‍ പ്രയോഗിച്ചിരുന്നത്. രണ്ടേ രണ്ടു വിളകള്‍. നെല്ലും തെങ്ങും. കാലവര്‍ഷത്തിന്റെ തോതനുസരിച്ച് ഈ വിളവുകളില്‍ ഏറ്റക്കുറച്ചിലുണ്ടായി. ഈ ദേശത്തെ ദരിദ്രസമ്പന്നഗൃഹങ്ങളില്‍ ഇരുകൃഷിയുമായി ബന്ധപ്പെടാത്തവര്‍ ഉണ്ടായിരുന്നില്ല എന്നതാണ് നേര്. ഭൂരിഭാഗവും ഭൂ ഉടമകളല്ല. അധഃസ്ഥിതരെന്ന് പരിഗണിക്കപ്പെട്ടിരുന്ന പുലയര്‍ക്ക് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇവര്‍ കുടില്‍ കെട്ടിയിരുന്നത് വെളിമ്പ്രദേശങ്ങളിലോ പുറമ്പോക്കുഭൂമിയിലോ ആണ്. ഇന്നാട്ടിലെ പ്രധാന സമുദായം ഈഴവരുടേതാണ്. ആചാരവിശ്വാസക്രമങ്ങള്‍ സമാനമായിരുന്നെങ്കിലും ധനനിലയില്‍ സമൂഹാംഗങ്ങള്‍ക്ക് ഐകരൂപ്യമുണ്ടായിരുന്നില്ല. അതിസമ്പന്നരും പരമദരിദ്രരും ഇക്കൂട്ടത്തിലുണ്ട്.

ശ്രീനാരായണഗുരുവിന്റെ സമുദായനവീകരണ ആശയങ്ങളും സഹോദരന്‍ അയ്യപ്പന്റെ ഈ രംഗത്തുള്ള ഇടപെടലുകളും പ്രത്യക്ഷത്തില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല. പരിഷ്‌കരണത്തിനുള്ള ത്വര ആന്തരികമായി പ്രകടിപ്പിച്ചിരുന്നു എന്നു കരുതാം. പൊതുവഴികളോ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഇടങ്ങളോ അപൂര്‍വ്വമായി മാത്രമേ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഊടുവഴികളാണ് യാത്രയ്ക്കായി ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്. മഴക്കാലത്ത് ഈ പാതകള്‍ സഞ്ചാരയോഗ്യമല്ല. ഇത്തിപ്പുഴയാറാണ് ചെമ്മനാകരിയുടെ ജീവസ്രോതസ്സ്. ഈ ആറിനെ സ്പര്‍ശിക്കാതെ ഇവിടെയെത്തുക അസാദ്ധ്യം. മറ്റു ദേശങ്ങളിലേക്കുള്ള സഞ്ചാരത്തിന് ഈ പുഴ കടക്കാനായി വിവിധ ഇടങ്ങളില്‍ കടവുകളുണ്ട്.
മനുഷ്യനിയന്ത്രിതമായ യാനങ്ങളാണ് നദിയില്‍ ഉപയോഗിച്ചിരുന്നത്. പൊതുവായ ഉപയോഗം ഇവിടെയും അസാദ്ധ്യം. പ്രദേശമാകെ ചതുപ്പുനിലമായതുകൊണ്ടാണ് ചെമ്മനാകരിയെന്ന സ്ഥലനാമം വന്നുചേര്‍ന്നത്. വേമ്പനാട്ടുകായലില്‍നിന്ന് ഉപ്പുവെള്ളം കയറുന്നതുകൊണ്ട് മറ്റു കൃഷികള്‍ക്കൊന്നും മണ്ണ് അനുയോജ്യമായിരുന്നില്ല. രണ്ടിനം നെല്‍വിത്തുകളേ ഇവിടെ വിളവിറക്കാന്‍ കഴിയുകയുള്ളൂ. പൊക്കാളിയും ഓരുമുണ്ടകനും. അപൂര്‍വ്വം ചില അവസരങ്ങളില്‍ കൂട്ടുവിതയുമുണ്ടാവും. വിളയ്ക്ക് ചെളിയൊരുക്കുന്നത് പ്രത്യേക രീതിയിലാണ്. വിത്തിട്ടു മുളപ്പിക്കാനായി ആദ്യം തുണ്ടം കോരും. ഏതാണ്ട് ഒന്നരമീറ്റര്‍ നീളത്തിലും വീതിയിലുമാണ് നെല്ലു മുളപ്പിക്കാനായി തിട്ടയുണ്ടാക്കുക. വിത്തു മുളച്ച് ഒരടിയോളം ആവുമ്പോള്‍ ഒരുക്കിയ നിലത്തേക്ക് തൂമ്പയുപയോഗിച്ച് വെട്ടിയെടുത്ത് എറിയും. ഈ ജോലികളിലെല്ലാം പ്രാവീണ്യമുള്ളവര്‍ യഥേഷ്ടമുണ്ട്.
പച്ചക്കറി ഉള്‍പ്പെടെയുള്ള മറ്റു ഭക്ഷ്യവിളകളൊന്നും ഇവിടെ കൃഷി ചെയ്തിരുന്നില്ല. തെങ്ങാണ് ഈ പ്രദേശത്തുകാരുടെ മറ്റൊരു വിള. ഒരു കൃഷി എന്ന നിലയില്‍ ഇതിനെ പരിഗണിച്ചിരുന്നില്ല. മഴയുടെയും വെയിലിന്റെയും തോതനുസരിച്ച് ലഭിക്കുന്ന വിളവിലായിരുന്നു എല്ലാവരുടെയും നോട്ടം. തേങ്ങയോടൊപ്പം ഓലയും തടിയും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി പൂര്‍ണമായും പ്രയോജനപ്പെടുത്തി. വീടുകളുടെ മേല്‍ക്കൂരയ്ക്കും ചുമരിനും ഓലകള്‍ മെടഞ്ഞാണ് ഉപയോഗിച്ചിരുന്നത്. മുഴുവനായും ചെങ്കല്ലുപയോഗിച്ച് പണിത വീടുകളൊന്നും ഈ പ്രദേശത്തുണ്ടായിരുന്നില്ല. ഭൂവുടമകളോ ജന്മികളോ ആയിരുന്ന അപൂര്‍വ്വം ചിലരുടെ വീടുകള്‍ക്കു മാത്രമാണ് മണ്‍ചുവരുകള്‍ ഉണ്ടായിരുന്നത്. അവയും പേരിനു മാത്രം. ഓല കെട്ടിയ വീടിനകത്ത് നിര്‍മ്മിക്കുന്ന പത്തായപ്പുരകള്‍ക്കേ ചെങ്കല്ലുകൊണ്ടുള്ള ചുമരുകളുണ്ടാവൂ. ഇവയ്ക്കകത്താണ് ധാന്യശേഖരം. എന്റെ അമ്മയുടെ വീട് ഇത്തരത്തിലുള്ള ഒന്നായിരുന്നു.

പാരമ്പര്യരീതിയിലാണ് വെളിച്ചെണ്ണ ഉണ്ടാക്കിയത്. അവശേഷിക്കുന്ന തൊണ്ട് പ്രയോജനപ്പെടുത്തി ചകിരി പിരിച്ച് പരുവപ്പെടുത്തുന്നത് പ്രദേശത്തെ മുഴുവന്‍ വീടുകളിലെയും പ്രധാന ജോലികളിലൊന്നായിരുന്നു. സ്ത്രീപുരുഷവ്യത്യാസമോ പ്രായഭേദമോ ഇല്ലാതെ കുടുംബാംഗങ്ങള്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടു. കരയിലെ അപൂര്‍വ്വം ചില കുടുംബങ്ങള്‍ കക്കയും മണലും വാരി അന്യദേശങ്ങളില്‍ വില്‍പ്പന നടത്തി ജീവിച്ചുപോന്നു. ഈ പ്രദേശത്തേക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗം വള്ളങ്ങളായിരുന്നു. ജലമാര്‍ഗ്ഗം തിരുവനന്തപുരം വരെ സഞ്ചരിക്കുന്നതിനും അക്കാലത്ത് സൗകര്യമുണ്ടായിരുന്നു. ഇത്തിപ്പുഴയാര്‍ വഴിയായിരുന്നു ഇതെല്ലാം നടന്നത്.
ചെമ്മനാകരിയിലെ ഈഴവ ജന്മികുടുംബത്തിലായിരുന്നു അമ്മയുടെ ജനനം. അവരുടെ അച്ഛന്‍ കളത്തില്‍ കുട്ടന്‍ പ്രദേശത്തെ ഭൂവുടമകളില്‍ പ്രധാനിയാണ്. വിവാഹശേഷവും ഭൂരിഭാഗം സ്ത്രീകളും അവരുടെ വീടുകളിലാണ് കഴിഞ്ഞത്. നായര്‍സമുദായാചാരമായ മരുമക്കത്തായസമ്പ്രദായത്തിന്റെ ഏതാണ്ടൊരു പകര്‍പ്പുതന്നെയായിരുന്നു ഈ ക്രമം. എന്നാല്‍, ഭൂസ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. പ്രദേശത്തെ ഈഴവകുടുംബങ്ങളില്‍ ജീവിതസൗകര്യം ഉള്ളവര്‍ വിരളമായിരുന്നു. കളത്തില്‍ കുടുംബ ത്തിന്റെ കൈവശം താവഴിയായി വന്നുചേര്‍ന്ന ഭൂമിയുടെ ഉടമസ്ഥത മുത്തച്ഛനില്‍നിന്ന് ഏകമകനിലേക്കാണ് കൈമാറ്റംചെയ്തത്. അമ്മ ജാനകിയെക്കൂടാതെ രണ്ടു സഹോദരിമാരും കളത്തില്‍വീട്ടിലുണ്ട്.
മാങ്കായിമനയുടെ അധീനതയിലുള്ള ഭൂമിയും മുത്തച്ഛന്‍ കൈകാര്യംചെയ്തിരുന്നു. ഇതിനു പ്രതിഫലമായി അവിടെനിന്നു ശേഖരിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ മനയിലെത്തിക്കുകയും ചെയ്തിരുന്നു. ജന്മിഗൃഹത്തിന്റെ പ്രൗഢി കളത്തില്‍ തറവാട്ടില്‍ ഉണ്ടായിരുന്നെങ്കിലും വൃത്തിയുള്ള ശുചിമുറി അവിടെയില്ല. വീട്ടില്‍നിന്നും അല്പം അകലെ മണ്ണില്‍ കുഴിയെടുത്താണ് മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നത്. വീടിനകത്ത് സ്ത്രീകള്‍ക്കു കഴിയാനായി പ്രത്യേകം ഇടമുണ്ട്. മുത്തച്ഛന്‍ വീടിനകത്ത് കട്ടില്‍മാതൃകയില്‍ കെട്ടിയുണ്ടാക്കിയ ഉയര്‍ന്ന സ്ഥലത്തും അതിനു താഴെ പായയില്‍ മുത്തശ്ശിയും ശയിക്കും. അവശേഷിച്ചിരുന്നവര്‍ കൂരയ്ക്കുള്ളില്‍ ലഭ്യമായ സ്ഥലത്ത് ഒതുങ്ങിക്കൂടും.
പ്രദേശത്തെ ഈഴവ വൈദ്യഗൃഹങ്ങളിലൊന്നായ കൊട്ടൂരത്തില്‍ തറവാട്ടിലെ കുമാരനാണ് എന്റെ അച്ഛന്‍. വേലുവൈദ്യന്റെയും ചീരന്‍കുട്ടിയുടെയും അഞ്ചു മക്കളില്‍ മൂത്തയാള്‍. കൂട്ടുകുടുംബശൈലി പിന്തുടര്‍ന്നതുകൊണ്ട് അച്ഛന്റെ സഹോദരങ്ങളും മറ്റു ബന്ധുക്കളും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. അച്ഛന് എവിടെനിന്നെങ്കിലും വിദ്യാഭ്യാസം ലഭിച്ചതിന് തെളിവുകളൊന്നുമില്ല. കുടുംബത്തിലെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനായാണ് അച്ഛന്‍ ജീവിച്ചത്. സഞ്ചാരിയും ആചാരലംഘകനുമായ അദ്ദേഹം കുടുംബബന്ധങ്ങളില്‍നിന്ന് അകലം പാലിച്ചു. അന്യര്‍ക്കുവേണ്ടി ത്യാഗംചെയ്ത അച്ഛന്‍ സ്വവസതിയുടെ അഭിവൃദ്ധിക്കായി യത്നിച്ചില്ല. സംഗീതപ്രേമിയായ അദ്ദേഹം ഉത്സവപ്പറമ്പുകളില്‍ കാഴ്ചക്കാരനായും സംഗീതക്കച്ചേരികളില്‍ ശ്രോതാവായും അലഞ്ഞുനടന്നു. സംഗീതപ്രതിഭയായിരുന്ന വൈക്കം വാസുദേവന്‍നായരുടെ പ്രധാന സുഹൃത്തുക്കളിലൊരാളായി മാറിയ അച്ഛന്‍ നാടകങ്ങളില്‍ വേഷപ്രച്ഛന്നനായി. രംഗപടത്തിലെ കഥാപാത്രങ്ങളില്‍നിന്ന് സ്വാഭാവികജീവിതത്തിലേക്ക് ഇറങ്ങിവരാന്‍ വളരെയെളുപ്പം അദ്ദേഹത്തിനു കഴിഞ്ഞില്ല.

നാടകയാത്രയില്‍ മലപ്പുറത്തെ വേദിയില്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍നിന്ന് വേഷമുരിയാതെ നാട്ടിലെത്തിയ അച്ഛന്‍ ഇസ്ലാംമത അനുയായി ആയതായി തെറ്റിദ്ധരിക്കപ്പെട്ടു. അതിനുമപ്പുറം അദ്ദേഹം ഇസ്ലാം വിശ്വാസിയായി മാറിയെന്ന പ്രചാരണവും ഒരുഭാഗത്ത് നടന്നു. ഒന്നും അദ്ദേഹത്തെ ബാധിച്ചില്ല. അരാജകജീവിതത്തിലൂടെ സ്വാംശീകരിച്ച അറിവുകള്‍ സ്വയം പ്രയോഗിച്ച് മറ്റുള്ളവരെ അമ്പരപ്പിച്ചു.
അമ്മയുമായുള്ള അച്ഛന്റെ വിവാഹം സംബന്ധിച്ച വിവരങ്ങളൊന്നും എനിക്കു പരിചിതമല്ല.
ഓര്‍മ വച്ചനാള്‍ മുതല്‍ അമ്മയുടെ കുടുംബഗൃഹമായ കളത്തില്‍വീട്ടിലാണ് എന്റെ വാസം. അപൂര്‍വ്വമായോ ആഘോഷാവസരങ്ങളിലോ മാത്രമേ കൊട്ടൂരത്തില്‍വീട്ടിലേക്കു പോയിരുന്നുള്ളൂ. ഈ വസ്തുതയാണ് ജന്മഗൃഹത്തെക്കുറിച്ചുള്ള എന്റെ സംശയത്തിനു ഹേതു. എനിക്കു ഭഗീരഥി എന്ന സഹോദരിയും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു. സഹോദരന്മാര്‍ ഒന്നൊന്നായി പത്തു വയസ്സിനു മുമ്പേ മരിച്ചു. സമാന രോഗലക്ഷണങ്ങളോടെയുള്ള ഇവരുടെ അകാലമൃത്യുവിന്റെ ഹേതു എന്തായിരുന്നു എന്ന് അക്കാലത്ത് മുതിര്‍ന്ന സഹോദരനായ എനിക്ക് അജ്ഞാതമാണ്. എന്റെ ശൈശവ-ബാല്യം പിന്നിട്ട നാളുകള്‍ ചെമ്മനാകരിയുടെ പൊതുസാഹചര്യങ്ങളില്‍നിന്ന് ഒട്ടും വിഭിന്നമായിരുന്നില്ല. ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവമാണ് ഇതില്‍ പ്രധാനം. കുടിക്കാനും കുളിക്കാനുമുള്ള ജലത്തിന് ഒരേ സ്രോതസ്സിനെത്തന്നെ ഭൂരിഭാഗവും ആശ്രയിച്ചു. വീടുകളോടനുബന്ധിച്ച തൊടികളില്‍ ഉണ്ടായിരുന്ന കുളങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അങ്ങനെ ഭൂരിഭാഗം ജലശേഖരങ്ങള്‍ മലിനമായി. കോളറ, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങളും ചര്‍മ്മവ്യാധിയും അക്കാലത്ത് വ്യാപകമായിരുന്നു. ചെമ്മനാകരിയില്‍ അടിയന്തിരചികിത്സ ലഭ്യമായിരുന്ന ആശുപത്രികള്‍ എന്നല്ല ചികിത്സകരും ഉണ്ടായിരുന്നില്ല. അകലെയുള്ള ആശുപത്രികളില്‍ എത്തിക്കുന്നതിന് വാഹനങ്ങള്‍ ഇല്ല. എന്നുമാത്രമല്ല, ഗതാഗതത്തിനനുയോജ്യമായ പാതകളും ഉണ്ടായിരുന്നില്ല. പ്രദേശത്തെ പ്രമാണിമാരായ ചിലരുടെ വസതികളില്‍ അടിയന്തിരഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ വന്നിരുന്നെങ്കിലും മിക്കപ്പോഴും ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്കായില്ല. ഇക്കാരണംകൊണ്ട് ഡോക്ടര്‍മാരുടെ ഗൃഹാഗമനത്തെ മരണവുമായി ബന്ധിപ്പിച്ചു കാണാനാണ് നാട്ടുകാര്‍ ശ്രമിച്ചത്. അങ്ങനെയാണ് കൂടപ്പിറപ്പുകളുടെ അകാലവിയോഗത്തിന് നിദാനം മലിനമായ ചുറ്റുപാടുകളാണെന്ന് ഞാന്‍ ഉറപ്പിച്ചത്.
കളത്തില്‍വീടിനു സമീപത്തുള്ള അക്കരപ്പാടം പ്രാഥമികവിദ്യാലയത്തിലാണ് ഞാന്‍ പഠിച്ചുതുടങ്ങുന്നത്. അതിനുമുമ്പേ അവിടെയുള്ള ആശാന്‍പള്ളിക്കൂടത്തില്‍ പോയതിന്റെ നേര്‍ത്ത ഓര്‍മ്മയേ ഉള്ളൂ. ഈഴവകുടുംബങ്ങളിലെ കുട്ടികളാണ് ആശാനരികിലും പള്ളിക്കൂടത്തിലും പ്രധാനമായും എത്തിയിരുന്നത്. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തിലുള്ള ഏതാനും കുടുംബങ്ങള്‍ മാത്രമേ ചെമ്മനാകരിക്കും ചുറ്റിലും പാര്‍ത്തിരുന്നുള്ളൂ. സമൂഹത്തിലെ മേല്‍ത്തട്ടിലുള്ള സമുദായങ്ങളുമായി അകന്ന ബന്ധമാണ് പുലയര്‍ സൂക്ഷിച്ചിരുന്നത്. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. രഹസ്യമായെങ്കിലും നിലനിന്നിരുന്ന തൊട്ടുകൂടായ്മയാണ് ഈ ജനവിഭാഗത്തെ വിദ്യാസമ്പാദത്തില്‍നിന്ന് അകറ്റിയത്. ഈഴവര്‍ക്കു മുകളിലെന്ന് നടിച്ചിരുന്ന നായര്‍, ബ്രാഹ്‌മണ കുടുംബങ്ങള്‍ എല്ലാവരില്‍നിന്നും അകലം പാലിച്ചു.
നിത്യരോഗിയും അവശയുമായ അമ്മയാണ് എന്റെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നത്. സമ്പന്നമായ ഗാര്‍ഹികാവസ്ഥയിലും അവര്‍ എക്കാലവും ബഹുവിധവ്യാധികള്‍ക്ക് അടിമയാണ്. ശ്വാസതടസ്സമായിരുന്നു പ്രധാനമായും അവര്‍ അനുഭവിച്ചിരുന്ന രോഗം. ഒരിറ്റു ശ്വാസത്തിനായി പല രാത്രികളില്‍ അവര്‍ പുളയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അമ്മയുടെ സഹോദരനോ സഹോദരിമാര്‍ക്കോ ഈ അനാരോഗ്യസാഹചര്യം ആശങ്കയുണ്ടാക്കിയില്ല. മുത്തച്ഛനും മുത്തശ്ശിയും അമ്മയുടെ ആധിയോട് പുലര്‍ത്തിയ നിസ്സംഗതയാണ് മറ്റുള്ളവരിലേക്കു പകര്‍ന്നത്.
ലോകമാകെ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട കാലമായിരുന്നു അത്. രാജ്യവുമായിപ്പോലും വിദൂരബാന്ധവം ഇല്ലാതിരുന്ന ചെമ്മനാകരിയിലേക്കും ആഹാരദൗര്‍ല്ലഭ്യത്തിന്റെ കാണാക്കൈകള്‍ നീണ്ടുവന്നു. അരിക്കും മറ്റു നിത്യോപയോഗ അത്യാവശ്യധാന്യങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പിന്റെ ദൈര്‍ഘ്യം നീളുകയും ജനതയുടെ ആരോഗ്യം ക്ഷയിക്കുകയും ചെയ്തു. ജന്മികുടുംബത്തിലെ ഒരന്തേവാസി എന്ന നിലയില്‍ ദാരിദ്ര്യം നേരിട്ടു ബാധിച്ചില്ലെങ്കിലും ഞാനുമതിന് മിക്കപ്പോഴും ഇരയായി. സവിശേഷമായ മിടുക്കോ ഊര്‍ജ്ജസ്വലതയോ കൈവശമുള്ള ഒന്നായിരുന്നില്ല എന്റെ കുഞ്ഞുനാള്‍. വയറു നിറയെ ആഹാരം കഴിക്കാനുള്ള മോഹം പലപ്പോഴും സഫലീകരിച്ചില്ല. അര്‍ദ്ധപ്പട്ടിണിക്കാരനായതില്‍ ഞാന്‍ ഖിന്നനായി.
അച്ഛന്റെ തന്നിഷ്ടഭാവം കളത്തില്‍വീട്ടിലെ ഞങ്ങളുടെ വാസം സന്തോഷകരമല്ലാതാക്കി. ജോലിയില്‍ വിമുഖന്‍, തന്നിഷ്ടക്കാരന്‍, അപഥസഞ്ചാരി തുടങ്ങിയ വിശേഷണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും അച്ഛനെതിരെ പ്രചരിക്കപ്പെട്ടിരുന്നു. ഈ പരാതികള്‍ മാനിച്ചില്ലെന്നു മാത്രമല്ല, നിര്‍ഭയനായി അദ്ദേഹം ഇതിനെയെല്ലാം നേരിടുകതന്നെ ചെയ്തു. എന്നാല്‍ എന്റെ നില അതായിരുന്നില്ല. അച്ഛനോടുള്ള പുച്ഛം എനിക്കുനേരെയും ഉയര്‍ന്നു. കുടുംബാംഗങ്ങളില്‍ ചിലര്‍ മാത്രമല്ല, വീട്ടുവേലക്കാരും തൊടിയിലെ പണിക്കാരും ഇതേ പരിഗണനയേ എനിക്കു തന്നുള്ളൂ. പതിനഞ്ചു വയസ്സിലധികം ഇളയവള്‍ ആയിരുന്നു ഭഗീരഥി. ഈ അകല്‍ച്ച ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും നിഴലിച്ചു.
‘അമേരിക്കന്‍ ചാരൻ’, ‘സാമ്രാജ്യത്വ ഏജൻറ്’
ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ എന്റെ സേവനം പൂര്‍ണ്ണമായും ഇവിടെ വേണമെന്ന ഒരാവശ്യം ഉയര്‍ന്നു. പ്രാരംഭദശയില്‍ ഒരു സ്ഥാപനം നേരിടാനിടയുള്ള തടസ്സങ്ങളെല്ലാം ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയും അഭിമുഖീകരിച്ചു. ജന്മനാടെന്ന പരിഗണനയോ ജനോന്മുഖതയോ ഇവിടെ പ്രതിബന്ധങ്ങള്‍ തരണംചെയ്യാന്‍ എന്നെ സഹായിച്ചില്ല.
ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തുക ആവശ്യമായിവന്നിരുന്നു. ആരംഭദശയില്‍ മുതല്‍മുടക്ക് അനായാസം നടന്നെങ്കിലും ദൈനംദിന പ്രവര്‍ത്തനച്ചെലവ് കണ്ടെത്താനുള്ള ചില പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടിവന്നു. അത്തരമൊരാലോചനയാണ് അന്തര്‍ദ്ദേശീയ നിലവാരമുള്ള സുഖവാസകേന്ദ്രം എന്നതിലെത്തിയത്. ദേശത്തിന്റെ പ്രകൃതിദത്തമായ സവിശേഷത പ്രയോജനപ്പെടുത്തുകയെന്ന ആശയമാണ് വേമ്പനാട്ട് കായലോരത്ത് വിനോദസഞ്ചാരികള്‍ക്കായി കളത്തില്‍ ലേക്ക് റിസോര്‍ട്ട് ആരംഭിക്കാന്‍ പ്രചോദനമായത്. കായലരികില്‍ ആശുപത്രിയോടു ചേര്‍ന്നുള്ള ഭൂമി ഉടമയില്‍നിന്ന് അവര്‍ ആവശ്യപ്പെട്ട വില നല്‍കിയാണ് ഞാന്‍ വാങ്ങിയത്. ഇത്തരം ക്രയവിക്രയങ്ങള്‍ക്ക് സദാശിവനാണ് മേല്‍നോട്ടം വഹിച്ചത്. ഹോസ്പിറ്റലിന്റെ ആദ്യ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് സദാശിവനെയാണ്. അദ്ദേഹം ഗൗരവമായിത്തന്നെ സ്ഥാപനത്തെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും മുന്നോട്ടു നയിച്ചു. എന്നാല്‍ ചില താളപ്പിഴകള്‍ വരുന്നതായി വാര്‍ഷികാവധിയില്‍ ചെമ്മനാകരിയിലെത്തിയ എനിക്കു മനസ്സിലായി. സ്ഥാപനത്തിനാവശ്യമായ ജോലിക്കാരെ കണ്ടെത്തുന്നതിലും നിയമിക്കുന്നതിലും അയാള്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ദേശത്തെ സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളുമായി അഭിഭാഷകനായ അദ്ദേഹത്തിന് ബന്ധമുണ്ട്. ഈ അടുപ്പം ദുരുപയോഗംചെയ്യുന്നത് അയാള്‍ അറിഞ്ഞുമില്ല. ചിലരുടെ ശുപാര്‍ശകളുടെ വെളിച്ചത്തില്‍ നിയമിച്ചവര്‍ അയോഗ്യരോ ജോലിചെയ്യാന്‍ തðപരരോ ആയിരുന്നില്ല. എന്റെ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ""ബാഹുലേയന്റെ പണമല്ലേ, ചെലവഴിക്കുന്നതില്‍ എന്താണ് പ്രയാസം'' എന്ന മനോനിലയിലേക്ക് കാര്യങ്ങള്‍ വഴിമാറുന്നതായി ചിലര്‍ എനിക്കു മുന്നറിയിപ്പ് തന്നിരുന്നു.

പ്രദേശത്തെ ജന്മിയായിരുന്ന അപ്പൂപ്പനൊപ്പം അലസമായി നടന്ന വയല്‍വഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ എനിക്കവസരം കിട്ടി. കാലഭേദത്തില്‍ അപ്പൂപ്പന്റെ കൈവശമുണ്ടായിരുന്ന മണ്ണിന് പുതിയ അവകാശികള്‍ ഉണ്ടായി. അവരാണ് ഈ ഭൂമി എനിക്കു കൈമാറിയത്. ഭൂമിയുടെ ചിതറിപ്പോയ അവകാശം തിരികെപ്പിടിക്കുകയാണെന്ന ബോധം ഒരുവേള എന്നെ അഹങ്കാരിയാക്കി മാറ്റിയിരുന്നു. എന്നാല്‍ പ്രകൃതിയുടെ സ്വാഭാവികനീതിയോര്‍ത്ത് അത്തരം അനാവശ്യചിന്തകളെ ഞാന്‍ കയ്യൊഴിയുകയാണുണ്ടായത്. ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങുകയും റിസോര്‍ട്ടിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തതോടെ എന്നോടുള്ള സമീപനത്തില്‍ ഈ പ്രദേശത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി മാറ്റം വരുത്തി. പ്രാദേശിക നേതാക്കള്‍ എന്നോട് നേരിട്ട് പണം ചോദിച്ചു. പാര്‍ട്ടി ഫണ്ടിലേക്കാണെന്നായിരുന്നു അവരുടെ അവകാശവാദമെങ്കിലും യാഥാര്‍ത്ഥ്യമതായിരുന്നില്ല. അവരുടെ ആവശ്യം നിരാകരിച്ചതോടെ ഞാന്‍ അവരുടെ ശത്രുഗണത്തിലായി. ചിലരുടെ വേണ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യവും അംഗീകരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഇതും എന്നോടുള്ള വിയോജിപ്പിന് ഹേതുവായി.
ടോള്‍ മുതല്‍ ആശുപത്രി വരെയുള്ള പാതയുടെ നിര്‍മ്മാണമോ ചെമ്മനാകരിയുടെ വികസനത്തിലേക്ക് ഞാന്‍ തുറന്നിട്ട വാതായനങ്ങളോ അവര്‍ പരിഗണിക്കാന്‍ കൂട്ടാക്കിയില്ല. മറിച്ച്, എന്നെ അവരുടെ പ്രഖ്യാപിത പ്രതിയോഗിയാക്കി മാറ്റി. പാര്‍ട്ടിയുമായുള്ള സ്പര്‍ദ്ധ നിലനില്‍ക്കുന്ന അവസരത്തിലാണ് ഒരു സംഘടനയുടെ പ്രതിനിധികളെന്ന മുഖവുരയോടെ ചിലര്‍ വന്നത്. സംഭാഷണം ആരംഭിക്കുന്നതുതന്നെ ഉരുളയ്ക്കുപ്പേരിയെന്നു തോന്നിക്കുന്ന മറുപടിയോടെയായിരുന്നു. ""ഞങ്ങളെക്കുറിച്ച് എന്തറിയാം'' എന്നായിരുന്നു അവരുടെ ചോദ്യം. ""മഹാത്മാഗാന്ധിയെ കൊന്നവരാണ് നിങ്ങളെന്ന് എനിക്കറിയാം'' എന്നായിരുന്നു എന്റെ ഉത്തരം. പിന്നീടധികമൊന്നും ഇതേക്കുറിച്ച് സംസാരിക്കാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. സംഘടന രാജ്യത്തിന് നല്‍കിയ സേവനങ്ങളെ സംബന്ധിച്ച് അവര്‍ വാചാലരായി. സുനാമി ദുരന്തകാലത്ത് ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ആശ്രയമായത് ഈ സംഘടനയാണെന്ന് അവര്‍ അവകാശപ്പെട്ടു.
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ബാലന്‍മേനോന്‍, രാജശേഖരന്‍പിള്ള തുടങ്ങിയവരായിരുന്നു അവരില്‍ രണ്ടുപേര്‍. ""ചിലര്‍ നിങ്ങളെയും ആശുപത്രിയെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. സാമ്പത്തികമായും നിങ്ങള്‍ സുരക്ഷിതമല്ല. ഞങ്ങള്‍ നിങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ഒരുക്കമാണ്.'' സംഘത്തിലുണ്ടായിരുന്ന ബാലന്‍ മേനോന്‍ പറഞ്ഞു. ധനകാര്യസ്ഥാപനത്തില്‍നിന്ന് വായ്പയെടുത്താണ് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നത്. ഹോസ്പിറ്റലില്‍നിന്ന് കിട്ടുന്ന വരുമാനം വായ്പാതിരിച്ചടവിനു മതിയാവുമായിരുന്നില്ല. നാലു കോടി രൂപയും വായ്പയായാണ് ബാങ്ക് അനുവദിച്ചിരുന്നത്. പലിശ ഉള്‍പ്പെടെ ഏതാണ്ട് അമ്പതുലക്ഷം രൂപ ത്രൈമാസഗഡുവായി ബാങ്കില്‍ തിരികെ അടയ്
ക്കണം. ആശുപത്രിയുടെ യഥാര്‍ത്ഥചിത്രം ഞാന്‍ അവരുടെ മുന്നില്‍ നിരത്തി. ഏറെനേരത്തെ ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമായ പണവും സ്ഥാപനം നടത്താനുള്ള ആള്‍ബലവും നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. ഈ കൂടിക്കാഴ്ച നടന്ന് തൊട്ടടുത്ത ദിവസങ്ങളിലാണ് ബാങ്കില്‍ ആദ്യഗഡു അടയ്ക്കേണ്ടിയിരുന്നത്. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് ഈ സംഘം ചെമ്മനാകരിയില്‍നിന്നും മടങ്ങിയത്. ബാങ്കിനു നല്‍കാനുള്ള തുകയില്‍ പലിശമാത്രം സംഭരിച്ച് അടയ്ക്കാനേ ഇവര്‍ക്കു കഴിഞ്ഞുള്ളൂ. അടുത്ത ഗഡുവിനു മുമ്പ് മുഴുവന്‍ തുകയും നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കുകയും ചെയ്തു.
ഇതിനിടെ പമ്പാമണപ്പുറത്ത് നടന്ന ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ എനിക്ക് സംഘടനയുടെ ഉന്നത നേതാവുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ലഭിച്ചു. ബാലന്‍ മേനോനും സംഘവും എന്നെ ക്ഷണിക്കുകയും സംഘടനയുടെ പരമാദ്ധ്യക്ഷനുമായുള്ള കൂടിക്കാഴ്ച ഒരുക്കുകയുമാണ് ചെയ്തത്.
ഈ സംഘടനയുമായി ഞാന്‍ സഹവര്‍ത്തിത്വത്തിലായെന്ന വാര്‍ത്ത പരന്നതോടെ മറ്റു പാര്‍ട്ടികള്‍ എനിക്കെതിരെയുള്ള ആരോപണങ്ങള്‍ കടുപ്പിച്ചു. ഇതിനിടെ വൈക്കത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ-അമേരിക്കന്‍ ഹോസ്പിറ്റല്‍ ഫോര്‍ വുമണ്‍ ആന്റ് ചില്‍ഡ്രന്‍സില്‍ തൊഴില്‍തര്‍ക്കങ്ങള്‍ ഉയര്‍ത്താന്‍ ഒരു തൊഴിലാളിസംഘടന ശ്രമിച്ചു. അവരുടെ ആവശ്യത്തിനു വഴങ്ങാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. അന്നുവരെ അവിടെ ജോലിചെയ്തിരുന്നവര്‍ക്ക് നിയമപ്രകാരം അര്‍ഹതയുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കി എല്ലാവരുടെയും സേവനം സമീപദിവസം അവസാനിപ്പിച്ചു. ഈ ആശുപത്രിയുടെ പ്രവര്‍ത്തനം അതിനടുത്ത ദിവസം സേവാഭാരതിയെ ഏല്‍പ്പിച്ചു. ഇതുകൂടി ചേര്‍ന്നതോടെ ഞാന്‍ പൂര്‍ണ്ണമായും ചില പാര്‍ട്ടികള്‍ക്ക് വിരുദ്ധനായി.

അമേരിക്കന്‍ ചാരനും സാമ്രാജ്യത്വ ഏജന്റുമായി ഞാന്‍ മാറുന്നതാണ് പിന്നീട് കണ്ടത്. തരംകിട്ടുമ്പോഴെല്ലാം ഇതേ ആരോപണം അവര്‍ എനിക്കെതിരെ മുദ്രാവാക്യമായി മുഷ്ടിചുരുട്ടി വിളിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം സുഖകരമായി മുന്നോട്ടു പോവുകയെന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. മറ്റു പരാതികളൊന്നും മാനിക്കാനോ അവരോട് സന്ധിക്കാനോ ഞാന്‍ ശ്രമിച്ചില്ല.
എന്റെ അസാന്നിദ്ധ്യത്തിലാണ് ബാഹുലേയന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടാവുന്നത്. ഇന്ദിരയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുവെച്ചായിരുന്നു നിര്‍ണ്ണായകമായ ഈ കൂടിച്ചേരല്‍. നേരത്തെ പരസ്പരം പങ്കുവെച്ച ആശയങ്ങളുടെ വെളിച്ചത്തില്‍ ഒരു പ്രവര്‍ത്തനമാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനായി മോഹന്‍ദാസ്നായര്‍, ഡോ. എം. എസ്. വല്യത്താന്‍, ഇന്ദിര എന്നിവരാണ് അവിടെ ഒത്തുചേര്‍ന്നത്. ഇന്ത്യന്‍ ചികിത്സാരംഗത്തെ അതികായന്മാരില്‍ ഒരാളായ ഡോക്ടര്‍ വല്യത്താന് ഇന്ദിരയുമായി അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
ഔഷധനിര്‍മ്മാണവില്പനരംഗവുമായി ദീര്‍ഘകാല ബന്ധ മുള്ള എം.ഡി. നായര്‍ ഈ സംഘത്തിലെത്തുന്നതും ഇന്ദിരയുടെ കുടുംബവുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ അമ്പലപ്പാട്ട് ദാമോദരനാശാന്‍ റവന്യൂ ബോര്‍ഡ് സെക്രട്ടറിയും എക്സൈസ് കമ്മീഷണറുമായിരുന്നു. സംസ്ഥാനത്തെ നിരവധി ഉയര്‍ന്ന പദവികള്‍ വഹിച്ച ദാമോദരനാശാന് ഇന്ദിരയുടെ പിതാവായ കെ. കെ. കര്‍ത്തായുമായി സൗഹൃദമുണ്ട്. ഈ സാഹോദര്യമാണ് ഇന്ദിരയും എം.ഡി. നായരും തമ്മിലുള്ള അടുപ്പത്തിന് കാരണം.
മാവേലിക്കരയിലെ ഒരു പ്രശസ്ത കുടുംബത്തിലെ അംഗമായ ഡോക്ടര്‍ വല്യത്താന്‍ ചികിത്സയെക്കാള്‍ തിളങ്ങിയത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്താണ്. രാജ്യത്തെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനായും അമരക്കാരനായും വല്യത്താന്‍ ശേഷി തെളിയിച്ചിരുന്നു. ഡോ. വല്യത്താനും എം.ഡി. നായരും ഇന്ദിരയുമെല്ലാം അവരുടേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എന്നെ അറിയിക്കുകയാണ് ചെയ്തത്. ഒരു സ്പെഷ്യാലിറ്റി ചികിത്സാകേന്ദ്രം എന്ന ഇവരുടെ ആശയത്തില്‍ എനിക്കു ഭിന്നസ്വരം ഉണ്ടായിരുന്നില്ല. എന്നാല്‍ അത് സ്ഥാപിക്കേണ്ട സ്ഥലവും ദൈനംദിന നടത്തിപ്പും സ്ഥാപനത്തിന്റെ ഘടനയും സംബന്ധിച്ച അവരുടെ നിലപാടുകള്‍ ഞാന്‍ അതേപടി സ്വീകരിച്ചില്ല. ഇക്കാലത്ത് വല്യത്താനുമായി ലഭ്യമായ വിവരവിനിമയസംവിധാനങ്ങള്‍ വഴി നിരന്തരം ആശയസംവാദം നടത്തിയിരുന്നു. പൂര്‍ണ്ണസഹായം വാഗ്ദാനം ചെയ്ത അദ്ദേഹം ആശുപത്രി നിര്‍മ്മാണത്തിന്റെ പ്രാരംഭകാലത്ത് ചെമ്മനാകരിയിലെത്തുകയും ചെയ്തു.
എം.ഡി. നായരെ ആദ്യമായി നേരില്‍ കാണുന്നത് മദ്രാസില്‍വെച്ചാണ്. ഇന്ദിരയോടൊപ്പം അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അവിടെയെത്തിയ ഞാന്‍ ഹോട്ടലിലാണ് താമസിച്ചത്. ബാഹുലേയന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പ്രാരംഭകാലത്ത് പ്രധാനചുമതലകള്‍ വഹിക്കാന്‍ അദ്ദേഹം തയ്യാറായി. ട്രസ്റ്റ് ചെയര്‍മാനായും മാനേജിംഗ് ഡയറക്ടറായും സേവനം അനുഷ്ഠിച്ച നായര്‍ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും അംഗീകരിക്കുവാന്‍ നിരവധി അവസരങ്ങളില്‍ എനിക്കു കഴിഞ്ഞില്ല. ഡോക്ടര്‍ വല്യത്താന്‍, പി. കെ. ഹരികുമാര്‍, എ.സി. ജോസ്, മാണി എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ നിരാകരിക്കേണ്ടിവന്നതിന്റെ കാരണം അവയൊന്നും എന്റെ മനസ്സിന്റെ വേറിട്ട സംവേദനക്ഷമതയെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല എന്നതുകൊണ്ടാണ്. വിലപിടിപ്പുള്ള ഉപദേശങ്ങളായിരുന്നു അവരില്‍നിന്ന് ലഭിച്ചതെന്ന് മനസ്സിലാക്കിയിട്ടും അവ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. ഏതാണ്ട് പതിനേഴു വര്‍ഷക്കാലത്തോളം എം.ഡി. നായര്‍ പ്രസ്ഥാനവുമായി ചേര്‍ന്നുനിന്നും ഡോക്ടര്‍ വല്യത്താനും അദ്ദേഹത്തിന്റെ ഔദ്യോഗിക ജോലിത്തിരക്കുകള്‍ മാറ്റിവെച്ചും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചു. അദ്ദേഹത്തിന്റെ സ്വാധീനഫലമായി ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ഉടമ അഞ്ജി റെഡ്ഡി ഇരുപതു ലക്ഷം രൂപ ഫൗണ്ടേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി. സമൂഹത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ഉന്നതരുമായി അടുപ്പമുള്ള എം.ഡി. നായര്‍ അതെല്ലാം ബി.സി. എഫിന്റെ ഉയര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തി.
ബഫലോ എന്ന ഭൂമിക
സാഹസികത ഉള്‍ക്കൊള്ളുന്ന വിനോദങ്ങളോടുള്ള മമത ഭാഷാപഠനത്തോടും ഞാന്‍ പുലര്‍ത്തിയിരുന്നു. എനിക്കു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ പര്യാപ്തമായ പര്‍വ്വതശിഖരങ്ങള്‍ പാടില്ല എന്ന മനോഭാവമാണ് എന്നെ മികച്ച സാഹസികനാക്കി മാറ്റിയത്. ബാല്യംമുതലേ ഈ ഭാവമെന്നോടൊപ്പമുണ്ട്. വൈക്കത്തേക്കുള്ള സ്‌കൂള്‍യാത്രയ്ക്കിടെ സുഹൃത്തുക്കളുടെ ആഗ്രഹം സഫലീകരിക്കാനായി വഴിയരികില്‍ പുരയിടത്തിലെ ഉയരമുള്ള മാവില്‍നിന്ന് മാങ്ങ പറിച്ചെടുക്കുമായിരുന്നു. സംഭവിക്കാനിടയുള്ള അപകടത്തെഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഗൗനിച്ചതേയില്ല. സൗഹൃദാവസരങ്ങളില്‍ മാത്രമല്ല, ആശങ്ക തോന്നിയ ജീവിതസന്ദര്‍ഭങ്ങളിലും ഞാനിതേ മനശ്ശക്തിയാണ് പ്രകടിപ്പിച്ചത്.
നാനാടത്തെ ഇംഗ്ലീഷ് സ്‌കൂള്‍ പഠനകാലത്ത് സംസ്‌കൃതം അഭ്യസിക്കാനുള്ള എന്റെ നിശ്ചയവും ഇങ്ങനെ രൂപംകൊണ്ടതാണ്. അക്കരപ്പാടത്തിനടുത്ത് താമസിക്കുന്ന നാരായണന്‍വൈദ്യന്റെയരികില്‍ സംസ്‌കൃതം പഠിക്കാന്‍ പോയത് ഈ താല്‍പര്യം ഒന്നുകൊണ്ടുമാത്രമാണ്. അല്പകാലംകൊണ്ടുതന്നെ സംസ്‌കൃതകാവ്യങ്ങളിലെ ചില ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കിയ ഞാന്‍ അവയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.
അന്യഭാഷാജ്ഞാനം കൈവരിക്കാനുള്ള എന്റെ ശേഷി മറ്റുള്ളവരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണെന്ന് ഞാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. നാനാടത്തെ ഇംഗ്ലീഷ് സ്‌കൂളില്‍നിന്നുള്ള പഠനമാധ്യമമാറ്റം ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു എന്നതിന്റെ തെളിവ് അക്കാലത്തുതന്നെ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. അനായാസേന ആംഗലേയം കൈകാര്യംചെയ്യാനുള്ള കഴിവ് തുടര്‍ന്നുള്ള പഠനത്തെ ആയാസരഹിതമാക്കി. എഡിന്‍ബറോയിലും കാനഡയിലും ഒടുവില്‍ ബഫലോയിലും എത്തിയ എന്നില്‍നിന്നും മലയാളം ഏതാണ്ടു പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. എന്റെ ബാല്യകാലം മാത്രമേ മാതൃഭാഷയില്‍ പൊതിഞ്ഞ ഓര്‍മ്മകളുടെ ശേഖരത്തില്‍ സംഭരിക്കപ്പെട്ടുള്ളൂ.
എഡിന്‍ബറോയില്‍ എന്റെ കാമുകിയായിരുന്ന ഷേര്‍ളി തോംസണാണ് ഫ്രഞ്ച് ഭാഷയിലേക്ക് എന്നെ അടുപ്പിച്ചത്. അവള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ഭാഷ എനിക്കും ഇഷ്ടമുള്ളതായി മാറുകയാണുണ്ടായത്. കഥകളോടും കവിതകളോടും മമത കാണിച്ച ഷേര്‍ലിയും ഞാനും ഒരുമിച്ചാണ് പ്രമുഖ ഫ്രഞ്ച് കവി ബോറിസ് വിവാന്റെ 'ലെ ഡിസേര്‍ട്ടിയര്‍' വായിച്ചത്. യുദ്ധത്തോടും ഹിംസയോടുമുള്ള നിരാശകലര്‍ന്ന വെറുപ്പും പ്രതിഷേധവുമാണ് രണ്ടാംലോകയുദ്ധത്തിന്റെ ദുരന്തകാലത്ത് രചിക്കപ്പെട്ട ഈ കവിതയുടെ പ്രമേയം. സൈനികസേവനത്തിന് നിര്‍ബ്ബന്ധിക്കപ്പെടുന്ന ഒരു സാധാരണ ഫ്രഞ്ച് പൗരന്റെ സംഘര്‍ഷത്തിന് എന്റെ ജീവിതവുമായും സാമ്യമുണ്ടെന്ന് അധികം വൈകാതെ എനിക്കു ബോദ്ധ്യപ്പെട്ടു. എന്റെ അനിഷ്ടം മാനിക്കാതെ ഏതാനും വര്‍ഷങ്ങള്‍ക്കകം എനിക്കു സൈനികവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്നു. ഷേര്‍ലിയോടൊപ്പമുള്ള ഫ്രഞ്ച്ഭാഷാമനനം അതീവഹൃദ്യമായിരുന്നതുകൊണ്ട് അതിവേഗം എനിക്കതുള്‍ക്കൊള്ളാനുമായി.
അല്‍ബനിയില്‍നിന്നാണ് ഞാന്‍ സ്പാനിഷ് പരിചയിക്കുന്നത്. അമേരിക്കന്‍ ജനസംഖ്യയില്‍ സ്പാനിഷ് പാരമ്പര്യവും ഭാഷയും കൈവശമുള്ളവര്‍ യഥേഷ്ടമുണ്ട്. ന്യൂറോസര്‍ജറിയുമായി ബന്ധമുള്ള നിരവധി പുസ്തകങ്ങളുടെ രചന സ്പാനിഷിലാണ് നടന്നത്. മൂലകൃതി വായിക്കുകയെന്ന താല്‍പര്യത്തിന് ഭാഷ അറിയുകതന്നെ വേണമെന്ന അറിവാണ് സ്പാനിഷ് പഠനത്തിലേക്കു നയിച്ചത്.
പൂര്‍ത്തിയാവാതെപോയ എന്റെ ആദ്യവിവാഹത്തിലും തങ്കമ്മയുമായുള്ള രണ്ടാം ദാമ്പത്യത്തിലും എനിക്കു പങ്കാളിയുമായി പരിചയപ്പെടാന്‍പോലും അവസരമുണ്ടായിരുന്നില്ല. മേയോ ക്ലിനിക്കില്‍ നിന്ന് തിരികെയെത്തിയ ഞാന്‍ ജീവിതസായാഹ്നം ബഫലോയില്‍ ചെലവഴിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്റെ ദീര്‍ഘ ദുരിതജീവിതത്തെ വര്‍ണ്ണാഭമാക്കി മാറ്റിയ ഭൂമികയാണ് ബഫലോ. അവിടെ സംതൃപ്തമായ ഒരു കുമിളയ്ക്കുള്ളില്‍ ക്രമീകരിക്കപ്പെട്ട സുരക്ഷിതത്വത്തെ ഇന്ദിരയെപ്പോലെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഇന്ദിരയ്ക്കു പിന്നാലെ എന്റെ മനോവിചാരവും അവ്വിധം പരുവപ്പെടുന്നത് വാസ്തവത്തില്‍ ഞാനറിയാതെയാണ്. എന്റെ ചിന്താരഥത്തിന്റെ ആവേഗങ്ങള്‍ മനസ്സിലാക്കിയ ഇന്ദിര ജന്മദേശത്തോടുള്ള എന്റെ അഭിനിവേശം മനസ്സിലാക്കുന്നതില്‍ വിജയിച്ചു. അവര്‍ എനിക്ക് സ്വാതന്ത്ര്യം അനുവദിക്കാന്‍ തയ്യാറായിരുന്നു. വൈകി വളര്‍ന്ന ബന്ധത്തില്‍ ചില ഫോര്‍മുലകളാണ് ഞങ്ങള്‍ പ്രാവര്‍ത്തികമാക്കിയത്. പരസ്പരം ബഹുമാനിക്കുകയെന്ന ഈ തന്ത്രം പരാജയപ്പെടരുതെന്ന് ഞങ്ങള്‍ ഇരുവരും ആഗ്രഹിച്ചു. അതിനായി ഇപ്പോഴും യത്നിക്കുന്നു.
ചെമ്മനാകരിയെന്ന എന്റെ ദേശത്തെയും അവിടുത്തെ മനുഷ്യരെയും വലംവയ്ക്കുന്നതാണ് ജീവിതസായാഹ്നത്തിലെ എന്റെ ചിന്തകള്‍. സംതൃപ്തനോ എന്ന അന്വേഷണത്തിന് കൃത്യമായ ഉത്തരം എനിക്കില്ല. പ്രദേശത്തെ ഓരോ ആളുടെയും ചികിത്സ, വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതുവരെ ദൗത്യം പൂര്‍ത്തിയായെന്ന് ഞാന്‍ കരുതുന്നില്ല. ആകസ്മികമായി വന്നണയുന്ന അവസരങ്ങളോ സൗഭാഗ്യങ്ങളോ അല്ല ഒരു ദേശത്തിന്റെ സര്‍വ്വതോമുഖ പുരോഗതിയെ നിശ്ചയിക്കേണ്ടത്. ഉത്തമമാതൃകയല്ല എന്നിലൂടെ ദര്‍ശിക്കപ്പെട്ടതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബാഹുലേയന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിലനില്‍ക്കേണ്ടത് ട്രസ്റ്റിലെ പങ്കാളികളുടെ ആവശ്യവുമായി മാത്രമല്ല പരുവപ്പെട്ടുവരേണ്ടത്.
എന്റെ കളിക്കൂട്ടുകാരന്‍ ദിവാകരന്റെ മക്കളില്‍ ഒമ്പതാമത്തെ മകള്‍ ജെസി സഹായിയായി എന്നോടൊപ്പമുണ്ട്. ഓരോ മനുഷ്യനും അവന്‍ ആശിക്കുന്നിടത്ത് ജീവിതപരിസരം ഒരുക്കാനും ജീവിക്കാനും അവകാശമുണ്ടെന്ന വിശാലമായ സോഷ്യലിസ്റ്റ് ബോധമാണ് എന്നില്‍ നിറഞ്ഞിട്ടുള്ളത്. ജെസിയുടെയും കുടുംബത്തിന്റെയും സംതൃപ്തി ദേശത്തിന്റെ ആനന്ദമായി പരിവര്‍ത്തിക്കപ്പെടണമെന്ന് ഞാന്‍ ആശിക്കുന്നു. സ്വപ്നങ്ങള്‍ നിലച്ചിട്ടില്ല. ബാഹുലേയന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ചില പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.
ചെമ്മനാകരിയില്‍നിന്നുള്ള പിന്‍വിളി അവഗണിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ബഫലോയില്‍നിന്ന് പുറപ്പെടുന്നതോടെ പിന്നീടൊരു മടക്കം സാദ്ധ്യമല്ലെന്ന തോന്നല്‍ ഉള്ളില്‍ നിറഞ്ഞിരുന്നു. ഇന്ദിരയോടൊപ്പം അവസാനകാലം ചെലവഴിക്കണമെന്ന തീവ്രമോഹത്തെ മറികടക്കാന്‍ എനിക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു. എന്നോടൊപ്പം ചെമ്മനാകരിയില്‍ ഇന്ദിരയും ഉണ്ടാവണമെന്ന ആശ ഞാന്‍ അവരുടെ മുന്നില്‍ അവതരിപ്പിച്ചില്ല. വളരെ വൈകിമാത്രം അവരുടെ ജീവിതത്തിലേക്കു പ്രവേശിച്ച എനിക്ക് അതിനുള്ള അര്‍ഹതയുണ്ടോ എന്ന് ഞാന്‍ സന്ദേഹിച്ചു.
ഇന്ദിരയുമായുള്ള ജീവിതചങ്ങാത്തം എനിക്കു നിരവധി സുഹൃത്തുക്കളെ സമ്മാനിച്ചു. അവരില്‍ ഭൂരിഭാഗവും സമൂഹത്തിലെ ഉന്നതന്മാരായിരുന്നു. രാജകുടുംബങ്ങളിലുള്ളവരോ ധനികരായ പ്രമാണിമാരോ ഉദ്യോഗസ്ഥപ്രമുഖരോ ആയിരുന്നു ഇവര്‍. ഇന്ദിരയുടെ അച്ഛന്‍ കര്‍ത്തായ്ക്ക് തിരുവിതാംകൂര്‍ രാജകുടുംബവുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നു. കൊട്ടാരത്തിലെ രാജസേവകഗണത്തില്‍ ഉള്‍പ്പെട്ടിരുന്ന പ്രമുഖരിലൊരാളായ കര്‍ത്താ തന്റെ കുടുംബാംഗങ്ങളും കൊട്ടാരവുമായുള്ള ബന്ധം വിളക്കിച്ചേര്‍ത്തിരുന്നു. ഇതുവഴി ഇന്ദിരയും രാജബന്ധത്തെ അതുല്യമായി പരിഗണിച്ചു.
ബഫലോയില്‍ മാത്രമല്ല, എവിടെയും എന്റെ ജീവിതത്തെ സുഗന്ധമുള്ളതാക്കിമാറ്റുവാന്‍ ശ്രമിച്ചവരുടെ പട്ടിക ദൈര്‍ഘ്യമേറിയതാണ്. ഡോ. ഓഗ്രയെ ഞാന്‍ സന്ധിക്കുന്നത് ബഫലോയില്‍ വച്ചാണ്. യൂണിവേഴ്സിറ്റി ഓഫ് ബഫലോയില്‍ പീഡിയാട്രിക് വിഭാഗം തലവനായ ഓഗ്ര കാശ്മീരി ബ്രാഹ്‌മണനാണ്. ലുധിയാന മെഡിക്കല്‍ കോളേജില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയതിനുശേഷമാണ് അദ്ദേഹം ബഫലോയില്‍ എത്തുന്നത്. ഒരു ഇന്ത്യന്‍ എന്ന പൊതുവികാരമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. ഗാഢസൗഹൃദത്തിലായ ഓഗ്ര എന്റെ ജീവിതത്തിന്റെ സുഖദുഃഖങ്ങള്‍ അറിയുകയും എന്നോടൊപ്പം പങ്കുചേരുകയും ചെയ്തു. ഇന്ത്യയിലേക്കു മടങ്ങിവരാനും ചെമ്മനാകരിയില്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കാനും ഓഗ്ര പ്രോത്സാഹിപ്പിച്ചു. ബാഹുലേയന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ചെയര്‍മാനായി നീണ്ട പതിനാലു വര്‍ഷം ഓഗ്ര എന്നോടൊപ്പം ചേര്‍ന്നു നിന്നു.
ഫൗണ്ടേഷന്റെ സാമൂഹ്യസേവനപദ്ധതികള്‍ക്ക് രൂപം നല്‍കി യത് അദ്ദേഹമാണ്. ഇപ്പോള്‍ ദല്‍ഹിയില്‍ താമസമാക്കിയിരിക്കുന്ന ഈ കാശ്മീരി പണ്ഡിറ്റ് സമീപ സന്ദര്‍ശനങ്ങളിലും ചെമ്മനാകരിയില്‍ എത്തിയിരുന്നു.
വിചിത്രമാണ് മനുഷ്യന്റെ ജീവിതവൈവിദ്ധ്യം. മാതൃഭാഷയെ ഇപ്പോഴും അനായാസം കൈകാര്യംചെയ്യുന്ന ഇന്ദിര അന്ത്യകാലം ചെലവഴിക്കാന്‍ അഭിലഷിക്കുന്നത് ബഫലോയിലാണ്. എന്നാല്‍ വാക്യാര്‍ത്ഥത്തില്‍ മലയാളം മറവികളിലേക്കു മറഞ്ഞുപോയ ഞാന്‍ ചെമ്മനാകരിയിലേക്കു വീണ്ടും തിരികെയെത്തിയിരിക്കുന്നു. വിചിത്രവും വിസ്മയകരവുമായ അനുഭവങ്ങള്‍ സമ്പുഷ്ടമാണ് ഓരോ മനുഷ്യനുമെന്ന തോന്നല്‍ എന്നിലുണ്ട്. ""ശ്രീനാരായണഗുരുവും കൂട്ടുകാരു''മെന്ന ഗ്രന്ഥത്തിന്റെ പാരായണത്തിനു ശ്രമിക്കുകയാണ് ഞാന്‍. മലയാള അക്ഷരങ്ങളില്‍ അജ്ഞനാണ് ഞാന്‍. മാതൃഭാഷയുടെ പുനര്‍വായനയെ ത്വരിതപ്പെടുത്താന്‍ സഹോദരന്‍ കമലാസനന്‍ എനിക്കൊരു പഠനസഹായി സമ്മാനമായി നല്‍കിയിട്ടുണ്ട്. മറവിയിലാഴ്ന്ന അക്ഷരങ്ങളെ ഓര്‍മ്മയുടെ വെളിച്ചത്തിലേക്ക് വരുത്താന്‍ ശ്രമിച്ചുകൊണ്ട് ഞാനെന്റെ വായന തുടരട്ടെ.
(സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗം)
Truecopy Webzine
Jul 02, 2022
1.6 minutes Read