truecoppy
MORE
Truecopy Home
Readers
are
Thinkers

Sunday, 29 January 2023

truecoppy
Truecopy Logo
Readers are Thinkers

Sunday, 29 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
aavasa-vyuham-49748

Film Review

അതിരുവിട്ടുകുതിക്കുന്നു,
മലയാള സിനിമയുടെ
‘ആവാസവ്യൂഹ’ങ്ങൾ

അതിരുവിട്ടുകുതിക്കുന്നു, മലയാള സിനിമയുടെ ‘ആവാസവ്യൂഹ’ങ്ങൾ

ചിരസമ്മതശൈലികളെ പൂര്‍ണമായും തകര്‍ക്കുന്ന ടെക്‌നിക്കലി ക്യൂറേറ്റഡ് ആയ സിനിമാറ്റിക് ഭാഷയും കുറിക്കുകൊള്ളുന്ന സറ്റയറിക്കല്‍ ആഖ്യാനവുമാണ്​ ‘ആവാസവ്യൂഹം’ എന്ന സിനിമയിലുള്ളത്​. മോക്കുമെന്ററിയും സയന്‍സ് ഫിക്ഷനും  ഫാന്റസിയും തുടങ്ങി നിരവധി ഴോണറുകളുടെ സവിശേഷതകള്‍  അനുഭവഭേദ്യമാകുന്നുണ്ട് സിനിമയില്‍.  കെട്ടുകഥയുടെ ഭാവനാതലങ്ങളിലൂടെ പോയി സമകാലികരാഷ്ട്രീയം പറയുന്നതും അതില്‍ ഡോക്യുമെന്ററി ഫോര്‍മാറ്റിന്റെ ഉചിതമായ പ്രയോഗം വഴി  വസ്തുനിഷ്ഠാംശത്തെ ഫലപ്രദമായി സന്നിവേശിപ്പിക്കുന്നതും ബ്രില്യന്റായ ഒന്നായി തന്നെ വിലയിരുത്തപ്പെടണം. 

12 Aug 2022, 11:13 AM

വി.കെ. ബാബു

പാരിസിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ പ്രദര്‍ശനശാലയില്‍ പകുതി തവളയും പകുതി മനുഷ്യനുമായ ഒരു ജീവിയുടെ അസ്ഥികൂടം. അപൂര്‍വ്വമായ സ്പിഷീസുകളുടെയും ജീവികളുടേയും ശേഷിപ്പുകള്‍ക്കിടെ  അനേകരെ ആകര്‍ഷിക്കുന്ന പ്രദര്‍ശനവസ്തുവായ ഈ അസ്ഥികൂടത്തിന്റെ വിവിധ അവയവഭാഗങ്ങളില്‍നിന്നും ജീവന്റെ തുടിപ്പുകള്‍ വളര്‍ന്നുവരുന്ന ദൃശ്യത്തോടെയാണ്  ഈ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ച ആവാസവ്യൂഹം (The Arbit Documentation of an Amphibian Hunt ) അവസാനിക്കുന്നത്.

പ്രസ്തുത ജീവിയെ കണ്ടെത്തിയതും അതു തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയതും കേരളത്തിലെ പുതുവൈപ്പിനിലാണെന്ന് മ്യൂസിയത്തിലെ വിവരണത്തിലൂടെ നാമറിയുന്നു. സമാധാനപരമായ സമരങ്ങള്‍പോലും ഭീകരമായി അടിച്ചമര്‍ത്തപ്പെടുന്ന പ്രദേശമായി നാം അറിഞ്ഞിട്ടുള്ള പ്രദേശമാണ് പുതുവൈപ്പ്. നിരോധനാജ്ഞ ഇടയ്ക്കിടെ നിലവില്‍വരുന്ന  സ്ഥലം. കൊച്ചിയിലെ അഴീക്കോടും പുതുവൈപ്പിനിലും ഉണ്ടായിരുന്ന ഈ ജീവി കൊല്ലപ്പെട്ടതും അവിടെ വച്ചുതന്നെയാണ്. ജൈവികചരിത്രം പ്രദര്‍ശനശാലയിലെ ഒരു വസ്തു ആയിമാറുന്ന കാലത്തെ ചലച്ചിത്രമായി ആവാസവ്യൂഹം അടയാളപ്പെടുന്നു. പ്രകൃതിയും മനുഷ്യനുമായി ജീവിതപ്പെടുന്ന ഒരു പൊടിപ്പിനെ ഇഹലോകത്തും സൈബര്‍പരലോകത്തും ഊറ്റിയെടുക്കലിന്റെ ഉഭയജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്‍ ചെയ്യുന്നതെന്താണെന്ന് തികച്ചും നവീനമായി പറഞ്ഞുവയ്ക്കുകയാണ് ആവാസവ്യൂഹം എന്ന സിനിമ. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ക്രിഷാന്ദ് സംവിധാനവും ഡിസൈനും നിര്‍വഹിച്ച് നിര്‍മിച്ചിരിക്കുന്ന ആവാസവ്യൂഹം മലയാളത്തില്‍ ഒട്ടും പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവും ആഖ്യാനരീതിയും ഉള്ള സിനിമയാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയ സിനിമ ഫിക്ഷനും ഡോക്യുമെന്ററിക്കും ഡോക്യുഫിക്ഷനും ഫാന്റസിത്രില്ലറിനും ഇടയിലെവിടെയോ ആണ് നില്‍ക്കുന്നത്.  സങ്കീര്‍ണമായ യാഥാര്‍ത്ഥ്യത്തെ സൂക്ഷ്മമായി ആവിഷ്‌കരിക്കാന്‍ നിയതവും സാമ്പ്രദായികവുമായ ഏതെങ്കിലുമൊരു ഘടനയിലേയ്ക്ക് ഒതുങ്ങേണ്ടതില്ല ആഖ്യാനം. ചൂഷണത്തിന്റെ രീതികളും സമ്പ്രദായങ്ങളും നവീനമായി മുന്നേറുമ്പോള്‍ അടിത്തട്ടുജീവികളുടെ ജീവിതത്തെ അടയാളപ്പെടുത്താന്‍ പുതുരീതികള്‍ ആവശ്യമായിവരും. ആധുനികനെന്ന് കരുതപ്പെടുന്ന മനുഷ്യന്‍ എത്ര നിരാര്‍ദ്രനാണ് തന്റെ ചെയ്തികളില്‍ എന്ന് ഈ ചിത്രം ഭംഗിയായി കാണിച്ചുതരുന്നു.

മനുഷ്യന്‍ സൃഷ്ടിച്ച ഭരണസംവിധാനവും നീതിനിര്‍വഹണ സംവിധാനവും മതങ്ങളും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും എല്ലാം തന്നെ രക്തദാഹിത്വത്തിന്റെ ഭിന്നരൂപങ്ങളായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ജീവികള്‍ അതിന്റെ ഇരകളായി ഒടുങ്ങുകയും മ്യൂസിയത്തിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. ഏതെങ്കിലുമൊരു ചൂഷണ ഇടപാടിന്റെ ഇടനിലക്കാരായി മാറാത്ത ഒന്നും ആരും ഇവിടെയില്ല. പ്രണയങ്ങളെ അവര്‍ ക്രൂരമായി ഇല്ലാതാക്കും. ആഹ്‌ളാദങ്ങളെ ഞെരിച്ചമര്‍ത്തും. സൗഹൃദങ്ങളെ കുഴിച്ചുമൂടും. എല്ലാറ്റിനും പരിഷ്‌കൃതചൂഷണവ്യവസ്ഥയ്ക്ക് അതിന്റേതായ സംവിധാനങ്ങളുണ്ട്. 

പ്രകൃതിയും മനുഷ്യനും മതവും ശാസ്ത്രവും ഭരണകൂടവും മാധ്യമങ്ങളും രാഷ്ട്രീയവും എല്ലാം ചേര്‍ന്ന ഒരു ആവാസവ്യവസ്ഥയെയാണ് സിനിമ വിശകലനം ചെയ്യുന്നത്. വാര്‍ത്തകളെ തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സ്‌തോഭജനകങ്ങളായ വിവരവിഭവങ്ങളാക്കുന്ന മാധ്യമങ്ങള്‍. നിസ്സംഗമായി വിവരശേഖരണം നടത്തുന്ന ശാസ്ത്രം. തങ്ങളുടെ പൊള്ളയായ വിഭജനാശയങ്ങളുടെ സുവിശേഷങ്ങളില്‍ അഭിരമിക്കുന്ന വിവിധ കച്ചവട മതവിശ്വാസസ്ഥാപനങ്ങള്‍. ഇടനിലക്കാരന്റെ കൗശലം കാട്ടി ഉപജീവനം കഴിക്കുന്ന ജീര്‍ണിച്ച കക്ഷിരാഷ്ട്രീയക്കാര്‍. എവിടെനി​ന്നെത്തി എന്ന് ആര്‍ക്കും അറിഞ്ഞുകൂടാത്ത ജോയി കാണുന്ന ലോകം ഇതൊക്കെയാണ്. സ്വന്തം ഐഡന്റിറ്റിയെപ്പറ്റി ഒന്നുമറിഞ്ഞുകൂടാത്തവനാണ് ജോയി. ആധാറും റേഷന്‍കാര്‍ഡും ഒന്നുമില്ലാത്ത ഒരു ജീവി. മത്സ്യത്തിനും തവളയ്ക്കുമെന്നപോലെ അതിന്റെ ആവശ്യം അയാള്‍ക്കുമില്ല. അല്ലെങ്കില്‍ അയാളെ അങ്ങനെയാക്കിത്തീര്‍ത്തവര്‍ക്ക് അങ്ങനെ പറയുന്നതാണ് സൗകര്യം.  

ALSO READ

ആവാസവ്യൂഹം ഒരു പൊളിറ്റിക്കൽ ട്രീറ്റ്മെന്റ്

അഭിമുഖങ്ങളുടേതായ ഡോക്യുമെന്ററി ഭാഗങ്ങളിലൂടെ ജീവിതത്തിന്റെ ചലനാത്മകതയിലേക്കും സംഘര്‍ഷങ്ങളിലേയ്ക്കും പോകുന്നതാണ് ആഖ്യാനത്തിന്റെ ഒരു രീതി. വിവിധ അധ്യായങ്ങളായാണ് അവ വിന്യസിക്കപ്പെട്ടിട്ടുള്ളത്. 2015 മുതല്‍ 2023 വരെയുള്ള കാലത്ത് സംഭവിക്കുന്നത് എന്ന രീതിയില്‍ അത് കാലപരമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആ കാലളവിലെ  വിവിധ സന്ദര്‍ഭങ്ങള്‍. സാമൂഹ്യജീവിതത്തിന്റെ ആന്തരികസംഘര്‍ഷങ്ങളിലേയ്ക്ക് പ്രേക്ഷകരെ കൈപിടിച്ചുനടത്തുന്ന ഉചിതമായ പ്രവേശികകളായാണ് നിശ്ചലതയിലേയ്ക്ക്  ഘനീഭവിക്കപ്പെടുന്ന അഭിമുഖസീനുകള്‍.  പക്ഷേ, അവയിലേക്ക് സാകൂതം നാം കാതോര്‍ക്കാതിരിക്കില്ല. കണ്ണ് പായിക്കാതിരിക്കില്ല. അവ വിവിധ മനുഷ്യരുടെ വിചാരങ്ങളും വ്യാഖ്യാനങ്ങളുമാണ്. ജോയിയുടെ ജീവിതത്തെക്കുറിച്ചാണ് അവരെല്ലാവരും നമ്മോട് പറയുന്നത്. അതു അവരവരുടെ ജീവിതത്തെക്കുറിച്ചുള്ള അനുഭവവിവരണങ്ങളുമാണ്. അതുവഴി അനാവരണം ചെയ്യപ്പെടുന്നത് അവരുള്‍പ്പെടുന്ന സമൂഹത്തിന്റെ ചരിത്രജിവിതവുമാണ്.

കടലോരജീവിതത്തിന്റെ സന്ദിഗ്‌നാവസ്ഥകളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അവരുടെ ജീവിതകാമനകളുടെ സഞ്ചാരപഥങ്ങളുമാണത്. ലിസ്സിയും സുശീലന്‍വാവയും മുരളിയും മധുസ്മിതയും പ്ലാങ്കുമെല്ലാം അവര്‍ ബന്ധപ്പെട്ട ജോയി എന്ന വിചിത്രജീവിയെക്കുറിച്ചുപറയുന്നു. അവരുടെ നിരിക്ഷണങ്ങളുടെ സന്ദര്‍ഭങ്ങള്‍ക്കിടയ്ക്കാണ് ജോയിയെ നാം പരിചയപ്പെടുന്നത്.  പരിഷ്‌കൃതജിവിതം അന്യമായ കേവലം ഒരു ജീവി മാത്രമെന്ന് തോന്നിപ്പിക്കുന്ന ജോയി. ഒരു പക്ഷേ, കടലിലും കരയിലും ജീവിതം സാധ്യമായ ഒരാള്‍. മനുഷ്യനായും പ്രകൃതിയായും കണക്കാക്കാവുന്ന ഒരു അസ്തിത്വം. 

aavasa-vyuham

പശ്ചിമഘട്ടത്തിന്റെ പ്രാന്തങ്ങളില്‍ അപൂര്‍വ്വമായ ജീവികളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു എന്നത് നമ്മുടെ അറിവാണ്. Western ghats 2015 എന്ന ആമുഖഭാഗത്ത് പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടുവരുന്ന വിചിത്ര സ്പിഷീസായ ഉഷ്ണമേഖല തവളകളെക്കുറിച്ച് ഗവേഷണത്തിനായെത്തുന്ന ഒരു ടീമിന്റെ കണ്ടെത്തലുകളും അനുഭവങ്ങളുമാണുള്ളത്. അഭിമുഖചിത്രീകരണത്തിന്റെ യഥാതഥദൃശ്യങ്ങളോടെയാണ് സിനിമയുടെ തുടക്കം. കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരണങ്ങളും അനുഭവങ്ങളും . കാട്ടുചോലകളിലൂടെയും  കാട്ടരുവികളിലുടെയുമുള്ള അവരുടെ അന്വേഷണയാത്രയില്‍ സഹായിയായി കൂടെയുള്ള ജോയിയെ നാം കാണുന്നു. മനുഷ്യര്‍ക്ക് അദൃശ്യമായിരിക്കുന്ന ഇടങ്ങളിലുള്ള ജീവികളെ വിളിച്ചുവരുത്താനുള്ള അയാളുടെ കഴിവാകണം അയാളെ അവര്‍ക്കൊപ്പം ചേര്‍ത്തത്. അയാളുടെ ഈ കഴിവ് അവര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. ഗവേഷകരും പരിസ്ഥിതിപ്രവര്‍ത്തകരും ജോയിയുടെ ഈ കഴിവിനെപ്പറ്റി വാചാലരാകുന്നുണ്ട് (പുതുവൈപ്പ്-2019).ജോയിയുടെ  ജൈവചങ്ങാത്തങ്ങളില്‍  ലിസ്സിയെന്ന പെണ്‍കുട്ടിയെയും നാം കാണുന്നു. ആദിമമായ കാമനകളുടെ തീരങ്ങളില്‍ അവരണയുന്നതും. 

ലിസ്സി -അഴീക്കോട് 2017 എന്ന പേരിലുള്ള സിനിമയുടെ ആദ്യ അധ്യായത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകര്‍ ലിസിയുടെ ജീവിതം പറച്ചിലിന് സാക്ഷിയാകുന്നു. ജോയിയെക്കുറിച്ചും ചെമ്മീന്‍ തൊഴിലാളിയായിരുന്ന തന്നെക്കുറിച്ചുമുള്ള അവളുടെ ആഖ്യാനങ്ങള്‍ അതീവസ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. ചെമ്മീന്‍ കിള്ളുന്ന തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കവേയാണ് സജീവന്‍ എന്ന തരകന്‍ അഥവാ ബോട്ടുടമ അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. അവളുടെ ഇഷ്ടത്തിന് വിപരീതമായി അച്ഛന്റേയും അമ്മയുടേയും പിന്തുണയോടെ വീട്ടില്‍ പെണ്ണുകാണാന്‍ വരുന്ന സജീവനോട് അയാളുടെ ക്രിമിനല്‍ പശ്ചാത്തലം സൂചിപ്പിച്ച് തന്റെ അനിഷ്ടം തുറന്നുപറയുന്നുണ്ട് ലിസ്സി. പെണ്ണുകാണല്‍ സമയത്തുതന്നെ കൂളായി ഇഷ്ടക്കേട് തുറന്നുപറയുന്ന ലിസ്സി  പ്രേക്ഷകരുടെ മനസ്സില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രമായിത്തീരുന്നു. ചേട്ടനും അനിയനും കൂടിയുള്ള പെണ്ണുകാണല്‍ യാത്രയിലെ അവരുടെ സംഭാഷണങ്ങളില്‍നിന്നും തങ്ങളുടെ ആണഹന്തയെ ധിക്കരിച്ച ലിസ്സിയുടെ വിട് അക്രമിക്കുന്ന പ്രവൃത്തിയില്‍നിന്നും അവരുടെ ക്രിമിനല്‍ മാനസികാവസ്ഥ മറുപുറത്ത് നമുക്ക് അനുഭവഭേദ്യമാകുന്നു. സജീവനും അനുജനുംഅക്രമിക്കാനൊരുങ്ങുമ്പോള്‍ തടയുന്നത് കരുത്തനായ ജോയിയാണ് . അഭിമാനക്ഷതം സംഭവിച്ച അനുജന്‍ മുരളി സ്ഥിരം ഗുണ്ടയായ പ്ലാങ്കിനെയും സംഘത്തേയും ജോയിയെ അക്രമിക്കാന്‍ എര്‍പ്പാടാക്കുന്നു. ലിസ്സിയുടെ അച്ഛനായ കൊച്ചുരാഘവന് തന്നോടൊപ്പം  മീന്‍പിടിക്കാന്‍ കൂട്ടുവരുന്ന ജോയിയുടെ മീനിനെ ശബ്ദമുണ്ടാക്കി വിളിക്കാനുള്ള  വിചിത്രമായ കഴിവ് വെളിപ്പെടുന്നു.   മീനിനെ വരുത്തുന്ന ജോയിയുടെ ആ സൂത്രപ്പണിയെപ്പറ്റി കൊച്ചുരാഘവന്‍ ആശ്ചര്യപ്പെടുന്നു. മീന്‍വില്പനയിലെ ഇടനിലക്കാരുടെ ചൂഷണത്തില്‍ കൊച്ചുരാഘവന് ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയാതാവുന്നു.   വരത്തനായ ജോയിയെ ഭീഷണിപ്പെടുത്തിവിടാനുള്ള സജീവന്റേയും അനുജന്റേയും ശ്രമങ്ങള്‍ പരാജയപ്പെടുന്നതോടെ അവര്‍ വീണ്ടും അക്രമത്തിന് കോപ്പുകൂട്ടുന്നു. രാത്രിയില്‍ ജോയിയെ അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ സജീവന്‍ കൊല്ലപ്പെടുന്നു. ചുവന്ന താടിവേഷത്തിലുള്ള ജോയിയെ നാം കാണുന്നു. ജോയി കടലിലേയ്ക്ക് അപ്രത്യക്ഷനാകുന്നു. 

aavasa-vyuham

വാവ -പുതുവൈപ്പ് 2018 എന്ന രണ്ടാം അധ്യായത്തില്‍ സുശീലന്‍ വാവയാണ് ജീവിതംപറയുന്നത്. ഡിഗ്രിവരെ പഠിച്ച സുശീലന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വിവിധ ജോലികള്‍ ചെയ്ത ആളാണ്. കാര്‍ഷികലോണെടുത്ത് ചെമ്മീന്‍ കൃഷി നടത്തിയതും അതു തകര്‍ന്നപ്പോള്‍  പെട്ടെന്ന് പണം കിട്ടാനിടയുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലേയ്ക്ക് പോകുന്നതുമായ അനുഭവങ്ങള്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലാണ് ഈ മാര്‍ക്കറ്റിംഗും. ഗ്രീന്‍ എന്റര്‍പ്രണര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യവസായി ഇന്റര്‍നെറ്റ് ഡൊമൈനില്‍ പണം നിക്ഷേപിക്കുന്ന മണിചെയിന്‍ മോഡല്‍ പരിപാടി നടത്തുന്ന ആളാണ്. വാലൂ ആ ഡഡ് സൈബര്‍ നെറ്റിന്റെ  ചതിയില്‍പ്പെട്ടു കുത്തുപാളയെടുത്ത വാവ എവിടെയോ പോയിവരുന്ന വേളയിലാണ് ബീച്ചില്‍ തീരത്തണഞ്ഞ ഒരാളെ  കാണുന്നതും ആശുപത്രിയില്‍ എത്തിക്കുന്നതും. അയാളുടെ വൃത്തികെട്ട നാറ്റവും ശാരീരികപ്രത്യേകതകളും ശ്രദ്ധയില്‍പ്പെടുന്ന ഡോക്ടര്‍  അയാളുടെ ശരീരത്തിനുള്ളില്‍  ജീവിക്കുന്ന പുഴുക്കളെ കണ്ടെത്തുന്നു. പരിശോധനയ്ക്കായി സാമ്പിള്‍ പൂനയിലെ  ലാബിലേയ്ക്കും അവിടുന്ന് ഹൈദരാബാദിലേയ്ക്ക്   ജനറ്റിക് മാപ്പിംഗിനായും അയയ്ക്കുന്നു. അയാളെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന വാവ അയാളുടെ അതിവിചിത്രമായ പെരുമാറ്റങ്ങളും കഴിവും ശ്രദ്ധിക്കുന്നു. സവിശേഷമായ ചില ശബ്ദങ്ങള്‍ ഉണ്ടാക്കി മീന്‍ വരുത്താനുള്ള അയാളുടെ കഴിവ് വാവയെ ആഹ്‌ളാദചിത്തനാക്കുകയും അയാളത് കച്ചവടത്തിന്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.  വ്യാപാരം മെച്ചപ്പെടുന്നു. ജോയിയെ പരിചയപ്പെടുന്ന മാവോയിസ്റ്റ് അനുഭാവി കൊച്ചുരാമന്‍ ജോയിയെ പ്രസ്ഥാനത്തിലേയ്ക്ക് അടുപ്പിയ്ക്കാന്‍ ശ്രമിക്കുന്നു.

ജോയിയുടെ വിചിത്രമായ പെരുമാറ്റത്തില്‍ സംശയാലുവായ വാവ അയാളുടെ ചെയ്തികള്‍ പിന്തുടര്‍ന്ന് നിരീക്ഷിക്കുന്നു. പുതുവൈപ്പിലെ മുതലാളിയായ ബാലന്‍ വാവയെ കടം തിരിച്ചുകൊടുക്കാത്തതിന്റെ  പേരില്‍ വിരട്ടുകയും ജോയി സജീവന്റെ കൊലയാളിയാണെന്ന് പറയുകയും ചെയ്യുന്നു. സമരങ്ങള്‍ക്കും യോഗങ്ങള്‍ക്കും ദൃക്‌സാക്ഷിയാകുന്ന ജോയി പിന്നീട് പ്രസംഗങ്ങള്‍ തനിച്ചിരിക്കുമ്പോള്‍ സ്വയം ആവര്‍ത്തിക്കുന്നു .  ഭരണഘടന,മാവോയിസ്റ്റ്,144, ഉല്‍ക്കണ്ഠ ,യു.എ.പി. എ  തുടങ്ങിയ അപരിചിതമായ വാക്കുകള്‍ക്കുമേല്‍ ജോയി ആശയക്കുഴപ്പത്തിലാകുന്നു. പരിസ്ഥിതി നാശത്തേയും വികസനത്തേയും കുറിച്ചറിയുന്നു. കടല്‍ മത്സ്യത്തൊളിലാളികളില്‍നിന്നും കാട് ആദിവാസികളില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്നതായി കേള്‍ക്കുന്നു. എല്ലാം അയാള്‍ക്കന്യമായ ഈ ലോകത്തെ കാര്യങ്ങള്‍. ജോയിയുടെ കഴിവിന്റെ ബലത്തില്‍ സമ്പന്നനായിത്തീരുന്ന സുശീലന്‍വാവ ബോട്ടുകളുടെയും വള്ളങ്ങളുടെയും ഉടമയായിത്തീരുകയും അന്നദാനവും ഉത്സവനടത്തിപ്പുമായി  പ്രമാണിത്തത്തിലേയ്ക്ക് കടക്കുകയും ചെയ്യുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് മീന്‍ പിടിച്ചു എന്നപേരില്‍  ജോയിയും കൊച്ചുരാമനും  പോലീസ്  കസ്റ്റഡിയിലാകുന്നു. ഇതറിഞ്ഞ കൊല്ലപ്പെട്ട സജീവന്റെ അനുജന്‍ മുരളി എസ്. ഐ. ആന്റണിയ്ക്കും  സഹ പൊലീസുകാര്‍ക്കും കൈക്കൂലി കൊടുത്ത് ജോയിയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ കസ്റ്റഡിയില്‍നിന്ന്​ വിടുവിക്കുന്നു. ജോയിയെ കാണാന്‍ വരുന്ന ലിസ്സിയും വാവയും ബിജുവുമെല്ലാം പൊലീസിന്റെ കാപട്യപൂര്‍ണ്ണമായ  തനതുകളികള്‍ക്ക് സാക്ഷികളാകുന്നു.   ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ മര്‍ദ്ദനത്തിന് വിധേയമാക്കിയശേഷം "തീവ്രവാദി 'യും  "ദേശീയവിരുദ്ധനു'മായ ജോയിയെ മുരളിയ്ക്കും കൂട്ടര്‍ക്കും കൈകാര്യം ചെയ്യാനായി പൊലിസ് തന്ത്രപൂര്‍വം വഴിയില്‍ ഇറക്കിവിടുന്നു. അവനുനേരെ വെടിയുതിര്‍ത്ത അവര്‍ക്ക്  അതിനുശേഷം അവനെ കണ്ടെത്താന്‍ കഴിയാതാകുന്നു. ജോയി മിസ്സിംഗ് ആവുന്നു.

മുരളി -പുതുവൈപ്പ് 2020 എന്ന മൂന്നാം അധ്യായത്തില്‍ പുതുവൈപ്പിലെ മധുസ്മിതയാണ് അനുഭവം പറയുന്നത്. കുടുംബശ്രീ പ്രവര്‍ത്തകയാണ് തനിച്ചു ജീവിയ്ക്കുന്ന അവള്‍. നാലു വര്‍ഷം മുമ്പു നടന്ന സംഭവമാണ്  മധുസ്മിത ഓര്‍ത്തു പറയുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചത്തിയ അവള്‍ വീട്ടിനുള്ളില്‍ പേടിപ്പെടുത്തുന്ന വിചിത്രജീവിയെക്കണ്ട് പുറത്തേയ്ക്ക് ഓടുന്നു. ജീവിയെക്കുറിച്ച് പല ഭാഷ്യങ്ങള്‍ വരുന്നു. ഡോള്‍ഫിനെന്നും മ്യൂട്ടേഷന്‍ സംഭവിച്ച കാന്‍സര്‍ രോഗിയെന്നും മാലാഖയെന്നും അവതാരമെന്നും മറ്റും. അതു ലോകത്തെങ്ങും വാര്‍ത്തയാകുന്നു. ചാനലുകളില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. വീട് പോലീസ് വലയിലാകുന്നു. കലക്ടര്‍ കാണാനെത്തുന്നു. പള്ളീലച്ചന്‍മാര്‍ ഹാലേലുയ്യ പാടി ദൈവരൂപം പ്രത്യക്ഷമായിരിക്കുന്നു എന്നു പറയുന്നു. ഹിന്ദുത്വകക്ഷിക്കാര്‍ മിത്തോളജിയെ കൂട്ടുപിടിച്ച് അവതാരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചരിത്രകാരന്‍മാരും ശാസ്ത്രജ്ഞരും വ്യാഖ്യാനങ്ങളില്‍ മുഴുകുന്നു. ആരും ആ ജീവിയോട് ആശയവിനിമയം സാധ്യമാണോ എന്ന് ആരായാന്‍ തുനിയുന്നില്ല. സംശയത്തില്‍ ലിസ്സിയും വാവയും  കാണാന്‍ പോകുന്നു.  അവര്‍ ജോയിയെ തിരിച്ചറിയുന്നു. ക്രിസ്ത്യാനികളും ഹൈന്ദവരും ആയ മതജീവികള്‍ തമ്മില്‍ ഇതിനെച്ചൊല്ലി സംഘട്ടനം നടക്കുന്നു. സര്‍ക്കാരിനെ പറ്റിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമായിപ്പോലും വാഖ്യാനങ്ങള്‍ വരുന്നു. ജീവികളുമായുള്ള ജോയിയുടെ പാരസ്പര്യത്തെപ്പറ്റി ലിസ്സിയും വാവയും കൊച്ചുരാമനും ഓര്‍മകള്‍ പുതുക്കുന്നുണ്ട്. കടല്‍ ജീവികളുമായുള്ള അയാളുടെ വിനിമയബന്ധങ്ങള്‍ ആശ്ചര്യകരമായി അവര്‍ ഓര്‍മിച്ചെടുക്കുന്നു. പ്ലാങ്കു ജോയിയെ തിരിച്ചറിയുന്നതോടെ മുരളിയുമൊത്ത് കൊല ആസൂത്രണം ചെയ്ത് ഇരുട്ടിന്റെ മറവില്‍ നടപ്പാക്കുന്നു. തവളമനുഷ്യന്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങളിലൂടെ ലോകം അറിയുന്നു.

ഉപസംഹാരം -പാരിസ് 2023 എന്ന അവസാനഭാഗം ഭാവിയില്‍ പ്രദര്‍ശനവസ്തുവായി മാറുന്ന തവളമനുഷ്യന്റെ അസ്ഥികൂടത്തിന്റെ വിവരണങ്ങളില്‍ ചെന്നുനില്‍ക്കുന്നു.

ഡാര്‍ക്ക് ഹ്യൂമറിന്റെ പ്രയോക്താവായ അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ചാള്‍സ് ആഡംസിന്റെ What is normal for the spider is chaos for the fly  എന്ന വാക്കുകള്‍ ആരംഭമായുണ്ട് സിനിമയ്ക്ക്. ചിരസമ്മതശൈലികളെ പൂര്‍ണമായും തകര്‍ക്കുന്ന ടെക്‌നിക്കലി ക്യൂറേറ്റഡ് ആയ സിനിമാറ്റിക് ഭാഷയും കുറിക്കുകൊള്ളുന്ന സറ്റയറിക്കല്‍ ആഖ്യാനവും ഇതു ശരിവയ്ക്കുന്നു. മോക്കുമെന്ററിയും സയന്‍സ് ഫിക്ഷനും  ഫാന്റസിയും തുടങ്ങി നിരവധി ഴോണറുകളുടെ സവിശേഷതകള്‍  അനുഭവഭേദ്യമാകുന്നുണ്ട് സിനിമയില്‍ പല സന്ദര്‍ഭങ്ങളിലായി.  കെട്ടുകഥയുടെ ഭാവനാതലങ്ങളിലൂടെ പോയി സമകാലികരാഷ്ട്രീയം പറയുന്നതും അതില്‍ ഡോക്യുമെന്ററി ഫോര്‍മാറ്റിന്റെ ഉചിതമായ പ്രയോഗം വഴി  വസ്തുനിഷ്ഠാംശത്തെ ഫലപ്രദമായി സന്നിവേശിപ്പിക്കുന്നതും ബ്രില്യന്റായ ഒന്നായി തന്നെ വിലയിരുത്തപ്പെടണം. 

aavasa-vyuham

പത്ത് വര്‍ഷത്തിലൊരിക്കലേ സിനിമാനിര്‍മ്മാണത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന ഇത്തരം  സിനിമകള്‍ സംഭവിക്കാറുള്ളൂ എന്ന് ആവാസവ്യൂഹത്തെക്കുറിച്ച് എന്‍. എസ്. മാധവന്‍ ട്വീറ്റ് ചെയ്തത് അതുകൊണ്ടാവണം. രാഷ്ട്രീയമുള്ള സിനിമതന്നെയാണ് തന്റെ സിനിമയെന്നും എന്നാല്‍ ചിത്രീകരിച്ചിരിക്കുന്നത് ഒരു എന്റര്‍ടെയിനറായാണെന്നും  അതുകൊണ്ട് തന്നെ എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന സിനിമയാണിതെന്നും  പ്രിയങ്ക രവീന്ദ്രന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ കൃഷാന്ദ് പറയുന്നുണ്ട്. പരിചയിച്ച് ശീലമില്ലാത്ത ദൃശ്യഭാഷക്കൊപ്പം ശക്തമായി പറഞ്ഞു വച്ച രാഷ്ട്രീയമാണത്.

ആധുനിക മനുഷ്യന്‍ മറന്നുപോയ ജൈവികതയുടെ വേരുതേടിയുള്ള യാത്ര ഇതിലുണ്ട്. അതിജീവനത്തിനായി മനുഷ്യര്‍ നടത്തുന്ന പോരാട്ടങ്ങളുണ്ട്.  വികസനതീവ്രവാദികളുടെ ആക്രോശങ്ങളും പ്രതിരോധവുമുണ്ട്. മണ്ണാഴങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന വേരുകളെപ്പോലെ അതില്‍ അടിത്തട്ടുജനതയുടെ വിമോചനസ്വപ്നങ്ങളുടെ ജൈവസ്ഥലികളിലേയ്ക്കുള്ള സഞ്ചാരങ്ങളുണ്ട്. പ്രാദേശികമായി തോന്നാവുന്ന വിഷയം ആഗോളമാണ് എന്ന ഒരു സന്ദേശം സിനിമ തരുന്നുണ്ട്. ഇതിലെ പൊളിറ്റിക്കര്‍ സറ്റയര്‍ ഭാഗങ്ങള്‍ ബഷീറിന്റെ ആഖ്യാനത്തെ പൊതുവേയും "വിശ്വവിഖ്യാതമായ മൂക്കി'നെ സവിശേഷമായും ഓര്‍മപ്പെടുത്തുന്നു. ഇന്റര്‍നെറ്റ് ഡൊമൈനില്‍ നിക്ഷേപിച്ച് പരിസ്ഥിതിയെ മെച്ചപ്പെടുത്താനിറങ്ങിയ തട്ടിപ്പു വ്യവസായിയെ കാണിച്ചുതരുന്നുണ്ട്. കടല്‍ത്തീരത്തെ കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളും അവയെ മാവോയിസ്റ്റ് ചാപ്പകുത്തി അടിച്ചൊതുക്കുന്ന ഭരണകൂട പ്രവൃത്തികളേയും സിനിമ പരോക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്. പ്രകൃതിയും മനുഷ്യനുമായിരിക്കുന്ന ഉഭയാവസ്ഥയെ ദൈവത്തിന്റേയും സാത്താന്റേയും മതവ്യാപാരികള്‍ മുതലെടുക്കുന്നതിന്റെ വാസ്തവകഥനമുണ്ട്. ആരുമല്ലാത്ത ഒരാളെ, മീന്‍ മണക്കുന്ന, ചേറിലും വെള്ളത്തിലും കഴിയുന്ന ഒരാണിനെ തന്റെ പുരുഷനായി സ്വീകരിക്കുന്ന പെണ്ണിന്റെ ആര്‍ദ്രതയും സ്‌നേഹവും ചങ്കൂറ്റവുമുണ്ട്. 

ALSO READ

ജനിച്ചത് ഹിന്ദുരാഷ്ട്രത്തിലായിരുന്നില്ല, മരിക്കേണ്ടിവരിക ഒരു ഹിന്ദുരാഷ്ട്രത്തിലായിരിക്കുമോ?

മികച്ച ഛായാഗ്രഹണവും എഡിറ്റിംഗും ശബ്ദസന്നിവേശവും  ഇതിന്റെ സവിശേഷമായ ആഖ്യാനത്തിനൊപ്പം സഞ്ചരിച്ചു. പ്രകൃതിയുടെ വശ്യമായ ഇടങ്ങളെ ക്യാമറ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. ഒപ്പം രൗദ്രതയാര്‍ന്ന അതിന്റെ ഭാവമാറ്റങ്ങളും. ജോയിയും ലിസ്സിയും ഒന്നിച്ചുള്ള നേരങ്ങള്‍ കായലിന്റെ പശ്ചാത്തലത്തില്‍ മനോഹരമായി ഫ്രെയിമുകളില്‍ ദൃശ്യപ്പെടുത്തിയിരിക്കുന്നു.

ഊരാനെന്ന പാമ്പിന്റെ വിഷത്തെക്കുറിച്ച് മുരളി എന്ന കഥാപാത്രം പറയുമ്പോള്‍ ഊരാന്‍ വിഷപ്പാമ്പല്ലെന്നുള്ള ശാസ്ത്രഗവേഷകന്റെ വിവരണത്തിലേയ്ക്ക് ദൃശ്യം കട്ട് ചെയ്യുന്നു. മാര്‍ക്കറ്റിംഗിന്റെ ശൃംഖലയെക്കുറിച്ച് വാവ പറയുമ്പോള്‍ തുമ്പികളുടെ  ജീവിതശൃംഖലയെക്കുറിച്ച് ഗവേഷകന്‍ പറയുന്നതിലേയ്ക്ക് കട്ട് ചെയ്യുന്നുണ്ട്. ബാലന്‍ എന്ന മുതലാളി കടക്കാരനായ വാവയെ പിടികൂടാന്‍ വരുന്ന സന്ദര്‍ഭത്തില്‍ കുളത്തൂപ്പുഴ തവളയെക്കുറിച്ചുള്ള വിശകലനത്തിലേയ്ക്ക് കട്ടുചെയ്യുന്നുണ്ട്. ആ തവളകളെ തിന്നാന്‍ തെങ്കാശിയില്‍ നിന്നു പാമ്പുകളും ആ പാമ്പുകളുടെ മുട്ടകള്‍ തിന്നാന്‍ സൈബീരിയയില്‍നിന്നും പക്ഷികളും വരുന്നതായി വിവരിക്കുന്നു. ഇത്തരം സംക്രമണക്ഷമമായ ഇന്റര്‍കട്ടുകള്‍ ചിത്രത്തില്‍ ഉടനീളമുണ്ട്. അണലിപോലുള്ള വിഷപ്പാമ്പുകള്‍ നിര്‍മാണത്തിനുവേണ്ടി അകലെനിന്നും ജെ സി ബിയില്‍ കൊണ്ടുവരുന്ന മണ്ണ്  വഴിയാണ് കടല്‍ത്തീരത്തെത്തുന്നതെന്ന്  വാവ പറയുമ്പോള്‍ കടല്‍ത്തീരത്തെ വിഷലിപ്തമാക്കുന്ന വികസനവിദ്രോഹത്തിന്റെ അധിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റേതുതന്നെ. ഛായാഗ്രഹണം വിഷ്ണു പ്രഭാകര്‍ ആണ്. ചിത്രസംയോജനം രാജേഷ് ചെറുമഠം. സംഗീതവും പശ്ചാത്തലസംഗീതവും അജ്മല്‍ ഹസ്ബുല്ല. സൗണ്ട് മിക്‌സിംഗ് പ്രശാന്ത് പി മേനോന്‍. കലാ സംവിധാനം ശ്യാമ ബിന്ദു. ആവാസ വ്യൂഹത്തില്‍ അഭിനയിച്ചവര്‍ മിക്കവരും യൂട്യൂബ് കണ്ടന്റുകളിലൂടെ ശ്രദ്ധേയരായവരാണ്. ജോയ് ആയി രാഹുല്‍ രാജഗോപാലും മുരളിയായി ശ്രീനാഥ് ബാബുവും മികച്ച അഭിനയം കാഴ്ചവച്ചു. ലിസിയായി വേഷമിട്ട നിലീന്‍ സാന്ദ്ര, വാവയെ അവതരിപ്പിച്ച ഷിന്‍സ് ഛാന്‍,  മധുസ്മിതയായി അഭിനയിച്ച ഗീതി സംഗീത, കൊച്ചുരാഘവനായി വന്ന രമേശ് ചന്ദ്രന്‍, പ്ലാങ്ക് ആയി അഭിനയിച്ച നിഖില്‍ പ്രഭാകര്‍ എന്നിവരെല്ലാം തന്നെ  മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശേഷിയുള്ളവരാണെന്ന് ഈ ചിത്രത്തിലൂടെ  തെളിയിച്ചിച്ചുണ്ട്. 

  • Tags
  • #Film Review
  • #Avasa Vyuham Movie
  • #Natural Disasters
  • #Malayalam Cinema
  • #V.K Babu
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
thankam

റിന്റുജ ജോണ്‍

തങ്കം: ജീവിത യാഥാർഥ്യങ്ങളിലൂടെ വേറിട്ട ഒരു ഇൻവെസ്​റ്റിഗേഷൻ

Jan 28, 2023

04.56

ck muraleedharan

Interview

സി.കെ. മുരളീധരന്‍

മലയാളത്തില്‍ എന്തുകൊണ്ട് സിനിമ ചെയ്തില്ല?

Jan 27, 2023

29 Minutes Watch

Biju-Menon-Vineeth-Sreenivasan-in-Thankam-Movie

Film Review

മുഹമ്മദ് ജദീര്‍

തിരക്കഥയില്‍ തിളങ്ങുന്ന തങ്കം - thankam movie review

Jan 27, 2023

4 minutes Read

Nanpakal Nerathu Mayakkam

Film Review

അരവിന്ദ് പി.കെ.

തമിഴരിലേക്ക്​ മുറിച്ചുകടക്കുന്ന മലയാളി

Jan 23, 2023

3 Minutes Watch

nanpakal nerath mayakkam

Film Review

റിന്റുജ ജോണ്‍

വരൂ, സിനിമയ്​ക്കു പുറത്തേക്കുപോകാം, സിനിമയിലൂടെ

Jan 20, 2023

4 Minutes Watch

Qala

Film Review

റിന്റുജ ജോണ്‍

ഒരിക്കലും ശ്രുതിചേരാതെ പോയ ഒരു അമ്മ - മകള്‍ ബന്ധത്തിന്റെ കഥ

Jan 19, 2023

4 Minute Watch

Nan-Pakal-Nerath-Mayakkam-Review

Film Review

മുഹമ്മദ് ജദീര്‍

മമ്മൂട്ടിയുടെ ഏകാംഗ നാടകം, ഗംഭീര സിനിമ; Nanpakal Nerathu Mayakkam Review

Jan 19, 2023

4 minutes Read

asokan cheruvil

Interview

അശോകന്‍ ചരുവില്‍

അടൂർ, ശങ്കർ മോഹനെ ന്യായീകരിക്കുമെന്ന്​ പ്രതീക്ഷിച്ചില്ല: അശോകൻ ചരുവിൽ

Jan 17, 2023

3 Minute Read

Next Article

മാധ്യമത്തിലെ സി.പി.എം വിരുദ്ധ മുറിയിലിരുന്ന് ദാവൂദ് ആ ചരിത്ര വനിതയുടെ മുഖത്ത് തുപ്പരുത്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster