ആവാസവ്യൂഹം ഒരു പൊളിറ്റിക്കൽ ട്രീറ്റ്മെന്റ്

മനുഷ്യൻ പരിധിവിട്ട് പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഒരു ഓർമപ്പെടുത്തൽ കൂടിയാകുന്നുണ്ട് ആവാസവ്യൂഹം. പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന വൈപ്പിൻ പോലൊരു പ്രദേശത്തെ സിനിമയുടെ ഭൂമികയായി തിരഞ്ഞെടുത്തത് വഴി കൃത്യമായ രാഷ്ട്രീയവും മുൻവയ്ക്കുന്നുണ്ട് ഈ സിനിമ.

കൂടെ ചേർത്ത് നിർത്തുന്നവർക്കെല്ലാം സന്തോഷം നൽകുന്നവൻ ആണ് ജോയ്. അയാൾ എവിടെ നിന്ന് വന്നുവെന്നോ എന്താണ് അയാളുടെ ഭൂതകാലം എന്നോ ആർക്കും അറിയില്ല. സഹ്യന്റെ താഴ്‌വരയിൽ നിഗൂഢമായ ഒരിനം ഉഷ്ണമേഖല തവളയെ അന്വേഷിച്ച് വരുന്ന ഗവേഷണ സംഘത്തിനും ദാരിദ്ര്യത്തിന്റെ വക്കിലെത്തി നിൽക്കുകയായിരുന്ന ഒച്ച് രാഘവനും മീൻ കച്ചവടം നിർത്തി മൾട്ടി ലെവൽ മാർക്കറ്റിംഗ് പരീക്ഷിച്ച് പരാജയപ്പെട്ട വാവയ്ക്കും ജോയിയുടെ സാന്നിധ്യം ഗുണകരമായി മാറുന്നുണ്ട്. എന്തിന് അവിചാരിതമായി ജോയ് വന്നു പെട്ട വീട്ടിലെ താമസക്കാരിയായ മധുസ്മിതയ്ക്ക് പോലും ജോയിയേക്കൊണ്ട് നേട്ടമേ ഉണ്ടാകുന്നുള്ളൂ. അയാളിലെ അമാനുഷികമായ കഴിവുകളെക്കുറിച്ച് ഇവരെല്ലാവരും പിന്നീട് വാചലരാകുന്നുമുണ്ട്.

ആരായിരുന്നു ജോയ് എന്ന ആ അന്വേഷണത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്നത് മലയാളത്തിലെ ഏറ്റവും മികച്ച genre-bending സിനിമകളിൽ ഒന്നാണ്. പ്രമേയത്തിലെയും പരിചരണത്തിലെയും പുതുമകൾ കൊണ്ട് പ്രേക്ഷകർക്ക് നവ്യമായ ഒരു കാഴ്ചാനുഭവം പകർന്ന് നൽകുകയാണ് കൃഷാന്തിന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം "ആവാസവ്യൂഹം'

ആവാസവ്യൂഹത്തിൽ രാഹുൽ രാജഗോപാൽ

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം, സന്തുലനാവസ്ഥ നിലനിർത്താൻ ഉപകരിക്കുന്ന ഭക്ഷ്യ ശൃംഖല, പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ ആർത്തി, അതിന്റെ ഫലമായി ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ... ഇവയുടെയെല്ലാം സൂക്ഷ്മ രാഷ്ട്രീയം കുഴമറിഞ്ഞ് കിടക്കുന്ന ഒരു ആഖ്യാനരീതിയാണ് സംവിധായകൻ കൃഷാന്ത് സ്വീകരിച്ചിരിക്കുന്നത്.

ഫാന്റസി, ഡോക്യുമെന്ററി, റിയലിസം എന്നിങ്ങനെ വിവിധ ഴോണറുകളെ സമന്വയിപ്പിച്ച് കൊണ്ടുള്ള നരേറ്റീവ് ശൈലിയിൽ സംവിധായകന്റെ മിടുക്ക് തെളിഞ്ഞു കാണാം. സിനിമയിലുടനീളം ഉദാരമായി ഉപയോഗിച്ചിരിക്കുന്ന ആക്ഷേപ ഹാസ്യവും ബ്ലാക്ക് ഹ്യൂമറും പ്രേക്ഷകരെ കാഴ്ചയിൽ വ്യാപൃതരാക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന ഘടകങ്ങൾ ആണ്.

ആർ.കെ. ക്രിഷാന്ത്

അഭിനേതാക്കളുടെ പ്രകടനം ആണ് പ്രത്യേകം എടുത്ത് പറയേണ്ട മറ്റൊരു വിഷയം. ജോയ് ആയി വേഷമിട്ട രാഹുൽ രാജഗോപാൽ ശരീര ഭാഷയിലും പ്രകടനത്തിലും ആ കഥാപാത്രത്തിന്റെ നിഗൂഢത പകർന്ന് നൽകുന്നതിൽ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ താൻ സഹായിക്കുന്നവർ ആർത്തി കാട്ടുമ്പോൾ അയാളുടെ മുഖത്ത് പ്രതിഫലിക്കുന്ന നിരാശയും അസ്വസ്ഥതയും ഒക്കെ ഒരു മികച്ച നടൻ രാഹുലിൽ ഉണ്ടെന്നതിന്റെ തെളിവ് ആണ്. ഏറെ രസിപ്പിച്ച മറ്റ് രണ്ട് പ്രകടനങ്ങൾ ആണ് ചെമ്മീൻ കമ്പനി മുതലാളിയുടെ അനിയൻ മുരളി ആയി അഭിനയിച്ച ശ്രീനാഥ് ബാബുവിന്റേതും വാവ ആയി വരുന്ന ഷിൻസ് ഷാനിന്റേതും. രാഹുലും ശ്രീനാറും ഷിൻസും മലയാള സിനിമയ്ക്ക് ഭാവിയിൽ മുതൽക്കൂട്ടാവുന്ന അഭിനേതാക്കൾ ആവും എന്ന് ഉറപ്പിക്കാം. മധുസ്മിത ആയി അഭിനയിച്ച ഗീതി സംഗീത തന്റെ മികച്ച പ്രകടനങ്ങളുടെ തുടർച്ച കൊണ്ട് മലയാള സിനിമയിലെ മികച്ച ക്യാരക്ടർ ആർട്ടിസ്റ്റുകളുടെ നിരയിലേക്ക് ഇതിനകം ഉയർന്നു കഴിഞ്ഞ അഭിനേത്രിയാണ്. ഇതിലും ആ തഴക്കം പ്രകടമാണ്. ലിസ്സി ആയി അഭിനയിച്ച നിലീൻ സാന്ദ്ര ആദ്യ ചിത്രത്തിന്റെ പകപ്പ് ഒന്നുമില്ലാതെ തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട്.

ആവാസവ്യൂഹത്തിൽ മധുസ്മിതയായി ഗീതി സംഗീത

Chaotic എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരം എഡിറ്റിംഗ് ശൈലി സ്വീകരിച്ചിരിക്കുമ്പോൾ തന്നെ അതിലൊരു റിഥം നിലനിർത്തിയിരിക്കുന്നത് സിനിമാസ്വാദനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. "കുളത്തൂപ്പുഴ തവള മുട്ടയിടുമ്പോൾ തെങ്കാശിയിൽ നിന്ന് പാമ്പ് വരും' എന്ന് ഉഭയജീവി ഗവേഷകൻ പറഞ്ഞു നിർത്തുമ്പോൾ കട്ട് ചെയ്ത് നേരെ വാവക്ക് കടം കൊടുത്ത മുതലാളി വരുന്ന സീൻ ഒക്കെ അതിഗംഭീരം. എഡിറ്റർ രാകേഷ് ചെറുമഠം ഒരു വലിയ കയ്യടി അർഹിക്കുന്നുണ്ട്.

ഡോക്യുമെന്ററി സ്വഭാവമുള്ള അഭിമുഖ രംഗങ്ങളിൽ സ്റ്റാറ്റിക് ഷോട്ടുകളും അതിനെ ബാലൻസ് ചെയ്യാൻ മറ്റിടങ്ങളിൽ വളരെ ഫ്ളൂയ്ഡ് ആയ ചിത്രീകരണ ശൈലിയും സ്വീകരിച്ച് മികച്ച ദൃശ്യാനുഭവം ഒരുക്കിയിരിക്കുകയാണ് ഛായാഗ്രാഹകൻ വിഷ്ണു പ്രഭാകർ. പ്രകൃതി ഒരു അവിഭാജ്യ ഘടകം തന്നെയാണ് ഈ സിനിമയിൽ. അത് കൊണ്ട് തന്നെ സൂക്ഷ്മ ശബ്ദങ്ങളെ പോലും വ്യക്തതയോടെ പകർത്തിയിരിക്കുന്ന ശബ്ദ വിഭാഗവും അവരുടെ പങ്ക് ശ്രദ്ധേയമാക്കിയിട്ടുണ്ട്.

ആവാസവ്യൂഹത്തിൽ നിന്ന്

മനുഷ്യൻ പരിധി വിട്ട് പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകുന്നുണ്ട് ആവാസവ്യൂഹം. പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന വൈപ്പിൻ പോലൊരു പ്രദേശത്തെ സിനിമയുടെ ഭൂമികയായി തിരഞ്ഞെടുത്തത് വഴി കൃത്യമായ രാഷ്ട്രീയവും മുൻവയ്ക്കുന്നുണ്ട് ഈ സിനിമ. നിയതമായ സിനിമാ വ്യാകരണങ്ങളെ പൊളിച്ചെഴുതുന്ന ചലച്ചിത്രശൈലിയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ രേഖപ്പെടുത്തൽ ആയി മാറുകയാണ് ആവാസവ്യൂഹം. ജോയ് അഥവാ Homme Grenoulle സിനിമയിൽ മാത്രമല്ല പുറത്തും ആനന്ദം പകരുകയും ആശങ്കകൾ ബാക്കി വയ്ക്കുകയും ചെയ്യുമ്പോൾ ആവാസ വ്യൂഹം പ്രസക്തമായ ഒരു പ്രസ്താവന ആവുകയാണ്. സോണി ലിവ് OTT പ്ലാറ്റ്ഫോമിൽ ആണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

Comments