Post -Human humanism മൂലധനാധികാരത്തെ ചെറുക്കുന്ന ബദൽ അധികാരത്തിന്റെ ഒരു മുന്നണി രൂപപ്പെടുകയാണ്

പിറവിയിലേർപ്പെട്ടിരിക്കുന്ന പുതിയ മനുഷ്യന്റെ ശക്തികളും മാഞ്ഞുപൊയ്‌ക്കൊണ്ടിരുന്ന പഴയ മനുഷ്യത്വത്തെ നിലനിർത്താൻ ശ്രമിക്കുന്ന ശക്തികളും തമ്മിലുള്ള ഒരു സംഘർഷത്തിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. പുതിയ യന്ത്രാത്മക കർത്തൃത്വ മാതൃക എല്ലാത്തരം കീഴാളരെയും മനുഷ്യാനന്തര മനുഷ്യരായി ആവിഷ്‌കരിക്കാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ മൂലധനാധികാരത്തെ ചെറുക്കുന്ന ജൈവരാഷ്ട്രീയ ബദൽ അധികാരത്തിന്റെ ഒരു മുന്നണി രൂപപ്പെടുകയാണ് ഇന്ന്. ഈ കോവിഡ് കാലത്തുപോലും വ്യാപകമാവുന്ന മരണഭയം അവഗണിച്ച് അമേരിക്കയിലെ കറുത്തവരും ബുഡാപെസ്റ്റിലെ വിദ്യാർത്ഥികളും ഇന്ത്യയിലെ കർഷകരും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്നു- 'മനുഷ്യാ'നന്തര മാനവികതയെക്കുറിച്ച് സ്പിനോസയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ പശ്ചാത്തലത്തിൽ ഒരു രാഷ്ട്രീയ-സൈദ്ധാന്തിക വിശദീകരണം

‘‘ഏതായാലും ഒരു കാര്യം തീർച്ചയാണ്. മനുഷ്യൻ ഒരിക്കലും പണ്ടുമുതലേ നിലനിന്നുപോന്നതോ സുസ്ഥിരമോ ആയ ഒരു വൈജ്ഞാനിക പ്രശ്‌നമല്ല. താരതമ്യേന ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു നിശ്ചിത ഭൂപ്രദേശത്ത്, അതായത് പതിനാറാം നൂറ്റാണ്ടു മുതൽക്കുള്ള യൂറോപ്യൻ സംസ്‌കാരത്തിനുള്ളിൽ സമീപകാലത്തു മാത്രമുണ്ടായ ഒരു കണ്ടെത്തലാണ് ' മനുഷ്യൻ' എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല...
നമ്മുടെ ചിന്തയുടെ പുരാവസ്തു ശാസ്ത്രം അനായാസമായി വെളിപ്പെടുത്തുന്നത് മനുഷ്യൻ അടുത്ത കാലത്തു നടന്ന ഒരു കണ്ടുപിടുത്തമാണെന്നും ഒരു പക്ഷെ അതിന്റെ അന്ത്യം അടുത്തുകൊണ്ടിരിക്കുന്നു എന്നുമാണ്. ...അതിനാൽ കടൽത്തീരത്തെ മണൽത്തട്ടിൽ വരച്ച ഒരു മുഖം പോലെ മനുഷ്യൻ
മാഞ്ഞുപോകുമെന്ന് തന്നെ ഒരുവന് വാത് വയ്ക്കാവുന്നതേയുള്ളൂ''.

മിഷേൽ ഫൂക്കോയുടെ The Order of Things: An Archaeology of Human Science എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ ഉപസംഹാര വാക്യങ്ങളിൽ ചിലതാണ് മുകളിൽ കുറിച്ചത്. മനുഷ്യന്റെ അന്ത്യം എന്നതുകൊണ്ട് ഫൂക്കോ അർത്ഥമാക്കുന്നത് മനുഷ്യവംശത്തിന്റെ അന്ത്യം എന്നല്ല. പാശ്ചാത്യ മുഖ്യധാരാ ആധുനികതയിൽ രൂപപ്പെട്ട മാനവികശാസ്ത്ര വ്യവഹാരങ്ങളുടെ കേന്ദ്രമായി ഉയർന്നുവന്ന മനുഷ്യൻ എന്ന കർത്തൃത്വ പരികൽപന മാഞ്ഞുപോകുന്നതിനെ കുറിച്ചാണ് ഫൂക്കോ പറയുന്നത്. ഈ മനുഷ്യ സങ്കൽപ്പമാണ് ആധുനിക ലിബറൽ ഹ്യുമനിസത്തിനും അടിസ്ഥാനമായി പ്രവർത്തിക്കുന്നത്.

മിഷേൽ ഫൂക്കോ

ആധുനിക മനുഷ്യസങ്കൽപ്പത്തെ സാദ്ധ്യമാക്കിയ വ്യവഹാരങ്ങളും പ്രയോഗങ്ങളും അപ്രസക്തമാവുകയും പുതിയ വ്യവഹാരങ്ങളും അവയുമായി ബന്ധപ്പെട്ട പ്രയോഗരൂപങ്ങളും ആവിർഭവിക്കുകയുംചെയ്യുന്ന പുതിയകാലത്ത് ആധുനികമനുഷ്യകേന്ദ്രിതമായ ചിന്താരൂപങ്ങൾക്കൊപ്പം ആധുനിക യുഗത്തിന്റെ മാനവികതാവാദവും മാഞ്ഞുപോകാതെ വയ്യ. ഇങ്ങനെ ആധുനിക മനുഷ്യ മാതൃകയുടെ അന്ത്യത്തെ കുറിച്ച് പറയുന്നഫൂക്കോ ഒരു പുതിയ മനുഷ്യനേയും മാനവികതയേയും സാധ്യമാക്കുന്ന വ്യവസ്ഥകളെക്കുറിച്ചുള്ള ചിന്തകളിലേക്ക് കൂടി തന്റെ അവസാനകാല രചനകളിൽ തിരിയുന്നുണ്ട്.
ലൈംഗികതയുടെ ചരിത്രത്തെകുറിച്ചുള്ള തന്റെ അവസാനകാല രചനകളിൽ യൂറോപ്യൻ നവോത്ഥാന മാനവികതയുടെ വിപ്ലവകരമായ ചോദനകളെ വീണ്ടെടുക്കാൻ ഫൂക്കോ ശ്രമിക്കുന്നുണ്ട്.

സ്വയംസൃഷ്ടിക്കാനുള്ള മനുഷ്യരുടെ ശക്തി എന്ന നിലക്ക് നൈതികമായ ആത്മപരിചരണ ശ്രദ്ധയെ (Ethical care of the Self ) ഫൂക്കോ ഇവിടെ ഉയർത്തിയെടുക്കുന്നു. ഇങ്ങനെ ലൂയി അൽത്തൂസറെ പോലെത്തന്നെ മാനവികതാ വാദവിരുദ്ധത ( Theoritical Anti -Humanisam) യുടെ വക്താവായി അറിയപ്പെടുന്ന ഫൂക്കോ തന്റെ അവസാന കാല രചനയിൽ ‘മനുഷ്യന്റെ' മരണത്തിനുശേഷമുള്ള മാനവികത അഥവാ മനുഷ്യാനന്തര മാനവികത ( post- human humanism) എന്താണ് എന്ന ചോദ്യം യഥാർത്ഥത്തിൽ ഉന്നയിക്കുകയാണ് ചെയ്യുന്നത് . അതിനാൽ ഇന്ന് ലോകത്ത് നിലവിൽ വന്നുകൊണ്ടിരിക്കുന്ന മനുഷ്യാനന്തര മാനവികതയെ സാധ്യമാക്കുന്ന വ്യവസ്ഥകളെ ( Conditions ) കുറിച്ചുള്ള അന്വേഷണം യൂറോപ്യൻ നവോത്ഥാന മാനവികതയുടെ വിദ്ധ്വംസകമായ സവിശേഷതകളെ കൂടി കണക്കിലെടുത്തു കൊണ്ടുവേണം എന്ന് വരുന്നു.

കാരണം, ഇന്ന് അരങ്ങൊഴിയാൻ തുടങ്ങുന്നത് നവോത്ഥാന മാനവികതയുടെ വിപ്ലവകരമായ പ്രവണതകളെ നിഷ്‌ക്രിയ മാക്കിക്കൊണ്ട്, ലോകജനതയെ മുഴുവൻ വംശീയമായും സാംസ്‌കാരികമായും പാർശ്വവൽക്കരിക്കുന്നതിലൂടെ ഉയർന്നു വന്ന യൂറോപ്യൻ മനുഷ്യ മാതൃകയും അതിന്റെ വൈപരീത്യങ്ങളെ മൂടിവയ്ക്കുന്ന ആധുനിക മാനവികതയുടെ പ്രത്യയശാസ്ത്ര വ്യവഹാരങ്ങളുമാണ്.

ഇങ്ങനെ, പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടേയും അതിന്റെ രാഷ്ട്രീയ രൂപങ്ങളുടേയും സൃഷ്ടിയായ ‘മനുഷ്യ'ന്റെ അന്ത്യത്തിനുശേഷം രൂപംകൊള്ളുന്ന നവ മാനവികതയുടെ ആവിർഭാവത്തിന് വഴിയൊരുക്കിയ ഒരു രാഷ്ട്രീയ- സൈദ്ധാന്തിക പശ്ചാത്തലമുണ്ട്. ആധിപത്യം പുലർത്തുന്ന വ്യവസ്ഥയുടെ സ്ഥൂലവും സൂക്ഷ്മവുമായ അധികാര ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താൻ പോന്ന ഒട്ടേറെ രാഷ്ട്രീയ സംഭവങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിലും എഴുപതുകളിലുമായി ലോകത്ത് ഉയർന്നുവരികയുണ്ടായി.

യുദ്ധാനന്തര കാലത്ത് ലോകത്തെ രണ്ടു ചേരികളായി തിരിച്ച ശീതയുദ്ധത്തിന്റെ നടുവിലൂടെ ലിബറൽ ജനാധിപത്യത്തിന്റെയും സോവിയറ്റ് മാർക്‌സിസത്തിന്റെയും പരിമിതികൾക്കും ജീർണ്ണതകൾക്കുമെതിരെ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ലോകമെമ്പാടും വിവിധരൂപങ്ങളിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളായിരുന്നു അവ. പഴയ ട്രേഡ് യൂണിയനുകൾ വിട്ട് പുറത്തുവന്ന തൊഴിലാളികളും തൊഴിലില്ലാത്തവരും കറുത്തവരും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും തെണ്ടികളും അധ്യാപകരും തത്വചിന്തകരും കലാകാരരും കവികളും ഗായകരും എല്ലാം പങ്കെടുത്ത ഈ പ്രക്ഷോഭ പരമ്പരകളുടെ ഒരുയർന്ന രൂപമായിരുന്നു 1968 ലെ ഫ്രഞ്ച് വിദ്യാർത്ഥി വിപ്ലവം.

ഈ നവീന വിപ്ലവ പ്രസ്ഥാനം യുദ്ധവിരുദ്ധ- ന്യുക്ലിയർ ആയുധ വിരുദ്ധ സമരങ്ങൾ തുടങ്ങി വിമോചന ദൈവശാസ്ത്രവും ബ്ലാക്ക് പാന്തറും മാവോയിസ്റ്റ് ഗറില്ലാ യുദ്ധവും വരെയുള്ള എണ്ണമറ്റ രൂപങ്ങളിലാണ് ഓരോ രാജ്യത്തും ഉയർന്നു വന്നത്. ഹിപ്പികളും ബീറ്റിൽസും അടക്കമുള്ള അക്കാലത്തെ പ്രതി- സംസ്‌കാര, പ്രതി- ഭാവുകത്വ കലാപങ്ങളെല്ലാം ഒരർത്ഥത്തിൽ യുവാക്കൾ തുറന്നു വിട്ട ഈ വിപ്ലവത്തിന്റെ ഭാഗമായിരുന്നു.

ലോകവ്യാപകമായി ജീവിതത്തിന്റെ വിവിധ തുറകളിൽ പെട്ട മനുഷ്യർ വിവിധ രീതികളിൽ നടത്തിയ ഈ പ്രക്ഷോഭങ്ങൾ വിപ്ലവത്തിന്റെ പഴയ അളവുകോലുകളിലൊന്നും ഒതുങ്ങുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ സ്റ്റാലിനിസ്റ്റുകൾക്കോ ലിബറൽ സോഷ്യൽ ഡെമോക്രാറ്റുകൾക്കോ ഈ നവീന ഇടതുപക്ഷ വിപ്ലവം എന്തെന്ന് മനസ്സിലാക്കാൻ തന്നെ കഴിഞ്ഞില്ല. എന്നാൽ, ഈ വിപ്ലവത്തിന്റെ യഥാർത്ഥ ചരിത്രം ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എങ്കിലും ലോക മുതലാളിത്ത മൂലധന ശക്തികൾ, ബഹുമുഖമായി പ്രവർത്തിച്ച ഈ വിപ്ലവം ഉയർത്തിയ ഭീഷണി ആഴത്തിൽ തിരിച്ചറിയുകയുണ്ടായി.

സ്വകാര്യ - പൊതുകാര്യ വിഭജനത്തെ മറികടന്ന്​ ജീവിതത്തിന്റെ സൂക്ഷ്മ- സ്ഥൂല തലങ്ങളിൽ നവീന ഇടതുപക്ഷ വിപ്ലവത്തിന്റെ ശക്തികൾ ഉയർത്തിയ ചെറുത്തുനിൽപ്പിന്റെ ആഘാതം മറികടക്കാൻ ലോകമുതലാളിത്ത വ്യവസ്ഥക്ക് അതിന്റെ സങ്കുചിത ദേശീയ പരിധികളെ ഭേദിച്ച് ഒരു ആഗോള പ്രതിഭാസമായി വിശ്വരൂപം കൈക്കൊള്ളേണ്ടിവന്നു എന്നതാണ് യാഥാർഥ്യം .

ഇങ്ങനെ നവീന ഇടതു പക്ഷ വിപ്ലവത്തിന്റെ ബഹുമുഖമായ ചെറുത്തുനിൽപ്പുകളും അവയുടെ പ്രത്യാഘാതങ്ങളും ചേർന്ന് സൃഷ്ടിച്ച യുഗനിർണ്ണായകമായ ഒരു പരിവർത്തനത്തിന്റേതാണ് ആധുനിക മനുഷ്യാനാന്തര മാനവികതയുടെ ചരിത്ര പശ്ചാത്തലം.

ഈ നവീന ഇടതുപക്ഷത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന രാഷ്ട്രീയ -സൈദ്ധാന്തിക സംഭവങ്ങളുടെ ഒത്തുചേരലാണ് ആധുനിക മനുഷ്യന്റെ അന്ത്യത്തെ കുറിച്ചും മനുഷ്യാനന്തര മാനവികതയെ കുറിച്ചും ഉള്ള ചോദ്യങ്ങളെ മുഖരിതമാക്കിയത്. ഈ സംഭവങ്ങളിലൊന്ന് ചരമമടയുന്ന ആധുനിക മനുഷ്യന് ബദലായി മിഷേൽ ഫൂക്കോ ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന യൂറോപ്യൻ നവോത്ഥാന മാനവികതയുടെ വിധ്വംസക ചൈതന്യത്തിന് നൂറ്റാണ്ടുകൾക്ക് ശേഷം പുതിയ മാനങ്ങളോടെ സംഭവിക്കുന്ന ഉയിർത്തെഴുന്നേൽപ്പാണ്.

മറ്റൊന്ന് ആധുനിക മനുഷ്യനടക്കമുള്ള എല്ലാ കൊളോണിയൽ പ്രത്യയശാസ്ത്ര നിർമ്മിതികളുടെയും ആത്മാവായ യൂറോ സെൻട്രിസത്തിനെതിരെ പാർശ്വവത്കരിക്കപ്പെട്ട ലോകങ്ങളിൽ നിന്ന് ഉയർന്നുവരാൻ തുടങ്ങിയ കേന്ദ്രരഹിതമായ ഒരു ലോകത്തിന്റെ രാഷ്ട്രീയമാണ്. എന്നാൽ ഈ ഒത്തുചേരൽ ഒരു യാദൃച്ഛിക സംഭവമായിരുന്നില്ല .

യൂറോ കേന്ദ്രിത മനുഷ്യന്റെ അന്ത്യത്തിലേക്കും പുതിയൊരു മാനവികതയുടെ ഉദയത്തിലേക്കും നയിക്കാൻ പാകത്തിൽ നവീന ഇടതുപക്ഷ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ സംഭവിച്ച ഈ കൂടിച്ചേരലിന്റെ അനിവാര്യത വ്യക്തമാകണമെങ്കിൽ യൂറോപ്യൻ നവോത്ഥാന ആധുനികതയെ കീഴ്‌പ്പെടുത്തിക്കൊണ്ടും വെള്ളക്കാരല്ലാത്ത ലോക ജനസഞ്ചയത്തെ ഒന്നാകെ വംശീയമായും രാഷ്ട്രീയമായും അടിമപ്പെടുത്തികൊണ്ടും പാശ്ചാത്യ മുഖ്യധാരാ ആധുനികതയും അതിന്റെ മനുഷ്യ സങ്കൽപവും രൂപപ്പെട്ടതിന്റെ സൂക്ഷ്മ ചരിത്രം വിശദമാക്കപ്പെടേണ്ടതുണ്ട്.

രണ്ട്

യൂറോപ്യൻ നവോത്ഥാന മാനവികത പല കാരണങ്ങളാൽ വിപ്ലവകരമായ ഒരു തുടക്കമായിരുന്നു. അതുവരെ പരലോകോന്മുഖമായിരുന്ന മനുഷ്യജീവിതം ഇഹലോകത്തിലേക്ക് തിരിയുന്ന ഒരു ചരിത്രസന്ധിയായിരുന്നു അത്. അന്ന് മതചിന്ത തന്നെ പരലോകത്തെ കുറിച്ചുള്ള സാങ്കൽപ്പിക ചർച്ചകളിൽ നിന്നും ജീവിതത്തിന്റേയും പ്രകൃതിയുടേയും യാഥാർഥ്യങ്ങളിലേക്ക് ആന്തരികമായി തല കീഴ്‌മേൽ മറിയുകയാണുണ്ടായത്. ജീവിതവും പ്രകൃതിയും അതീതത്വ (Transcendence ) ത്തിൽ നിന്ന് അന്തഃസ്ഥിത ( Immanence ) ത്വത്തിലേക്കും ചരിത്രം സ്വയം സിദ്ധതയിൽ നിന്ന് നിർമ്മാണാത്മകതയിലേക്കും പരിവർത്തിച്ചു. ജീവിതത്തിന്റെ ശക്തികളെ കുറിച്ചുള്ള ചിന്തകൾ രാഷ്ട്രീയത്തിലും ശാസ്ത്രത്തിലും കലയിലും തത്വചിന്തയിലും ദൈവശാസ്ത്രത്തിലും ഒരേസമയം ത്രസിച്ചു നിന്നു. ആധുനിക ഭരണകൂട പരമാധികാര യന്ത്രം ( Sovereignty Machine) കയ്യാളുന്നതിനും കൊളോണിയൽ സാമ്രാജ്യത്വമായി പരിണമിക്കുന്നതിനു മുമ്പുമുള്ള വാണിജ്യ മുതലാളിത്തത്തിന്റെ കാലമായിരുന്നു അത്.

മദ്ധ്യയുഗത്തിന്റെ അന്ത്യത്തിലെ ചിന്താപരമായ സന്ദിഗ്ധതകൾക്കും അവ്യക്തതകൾക്കും അന്ത്യം കുറിക്കുന്ന തത്വചിന്താപരമായ മുന്നേറ്റങ്ങളുടെ പശ്ചാത്തലം ഇതാണ്. സ്‌കോട്ടിഷ് കത്തോലിക്ക പുരോഹിതനും തത്വചിന്തകനുമായിരുന്ന ഡൺസ് സ്‌കോട്ടസ് (Duns Scotus .1266 -1308 ) പ്രപഞ്ചവസ്തുക്കളെ അവയുടെ പരലോക ബന്ധത്തിൽ നിന്ന് വേർപെടുത്തിയ ചിന്തകനാണെന്ന് പറയാം.

ഓരോ വസ്തുവിനും അതിന്റേതായ ഒരു അനന്യഭിന്ന സത്ത ( singular essence ) ഉണ്ടെന്ന് പറയുന്നതിലൂടെ അദ്ദേഹം എല്ലാ വസ്തുക്കളുടേയും ലൗകികമായ ഉണ്മ പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. അത് ‘ഈ ലോക'ത്തിന്റേയും ‘ഈ ജീവിത'ത്തിന്റേയും സ്വശക്തികളെ ആഴത്തിൽ അംഗീകരിക്കുന്ന ഒരു ലോക വീക്ഷണത്തിന്റെ തുടക്കമായിരുന്നു; അന്തഃസ്ഥിതത്വത്തിന്റെ ( Plane Of Immanence) ചിന്താപരമായ കണ്ടെത്തലായിരുന്നു. പ്രകൃതിയുടേയും ജീവിതത്തിന്റേയും ഇദന്തനത ( Thinsess ) യെ കുറിച്ചുള്ള ഈ കണ്ടെത്തൽ യൂറോപ്പിന്റെ മറ്റൊരു കോണിലിരുന്നുകൊണ്ട് ഇതേകാലത്ത് ദാന്തേ ( 1265 -1321) കത്തോലിക്കാ പള്ളിയുടെ വിലക്കിനെ വകവയ്ക്കാതെ ഏറ്റുപറഞ്ഞു.
ഇതിനെ തുടർന്ന് മനുഷ്യാസ്തിത്വത്തിന്റെ മൗലികമായ അർത്ഥവും മൂല്യവും നിർഭയം ഉയർത്തിപ്പിടിക്കുന്ന തത്വചിന്തകരുടേയും ശാസ്ത്രഞ്ജരുടെയും ഒരുനിര തന്നെ യൂറോപ്പിൽ ഉയർന്നുവന്നു. നിക്കോളാസ് ക്യൂസ (Nicholas Of Cusa ), പിക്കൊ ഡെല്ലാ മിറാൻഡോള (Pico della Mirandola) ബോവില്ലസ് ( Bovillus ), ഫ്രാൻസിസ് ബേക്കൺ, ഗലീലിയോ ഗലീലി തുടങ്ങിയവരിലൂടെ പതിമൂന്നാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടു വരെ ജീവിതത്തിന്റെ സർഗശക്തിയെ സ്വതന്ത്രമാക്കാനുള്ള ഈ പദ്ധതി വിവിധ മേഖലകളിൽ മുന്നോട്ടു പോയി. തത്വചിന്തയിലും ശാസ്ത്രത്തിലുമെന്ന പോലെ അലൗകിക അതീത ശക്തികളിൽ നിന്ന് മനുഷ്യനെ രാഷ്ട്രീയമായി വീണ്ടെടുക്കാനുള്ള ചിന്തകളും ഇക്കാലത്ത് ശക്തമായി ഉയർന്നുവന്നു. വില്യം ഓഫ് ഒക്കം ( William Of Occam ), മാഴ്സിലിയൂസ് ഓഫ് പദുവ ( Marsilius Of Padua ) എന്നിവരിലൂടെ പള്ളിയുടെ അധികാരത്തെ ജനസഞ്ചയ ( Multitude ) ത്തിന്റെ അധികാരമായി പ്രഖ്യാപിക്കുന്ന റിപ്പബ്ലിക്കൻ ചിന്തകൾ ആവിഷ്‌കരിക്കപ്പെട്ടു. മതനവീകരണം തുറന്നു വിട്ട ജനങ്ങളുടെ അധികാരത്തെ വീണ്ടെടുക്കുന്ന രാഷ്ട്രീയ ചിന്തകൾ സ്പിനോസയിൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പരമ സീമയായ സമ്പൂർണ ജനാധിപത്യമായി (Absolute Democracy) സൈദ്ധാന്തിക സാധൂകരണം നേടി. അങ്ങനെ അതീതത്വത്തിൽ നിന്ന് പ്രകൃതിയുടേയും ജീവിതത്തിന്റേയും അന്തഃസ്ഥിതത്വത്തേയും അനന്യ ഭിന്നത ( Singularity ) യേയും വീണ്ടെടുക്കുന്ന തത്വചിന്തയും ഭരിക്കപ്പെടുന്നവരുടെ അധികാരത്തെ ജനാധിപത്യത്തിന്റെ ഉള്ളടക്കമായി കണ്ടെടുക്കുന്ന രാഷ്ട്രീയ ചിന്തയും സ്പിനോസയിൽ ഒത്തു ചേരുന്നു. ഈ സംഭവമാണ് പിന്നീട് പാശ്ചാത്യ മുഖ്യധാരാ ആധുനികതക്ക് ബദലായ ന്യൂന ധാര ( Minoritarian ) ആധുനികതയുടെ സൈദ്ധാന്തികനായി സ്പിനോസയെ മാറ്റുന്നത്.

മാഴ്സിലിയൂസ് ഓഫ് പദുവ

എന്നാൽ ആധുനികതയുടെ തുടക്കത്തിലെ, മനുഷ്യജീവിതത്തെ വിപ്ലവകരമായി മാറ്റിമറിച്ച ഈ മുന്നേറ്റങ്ങൾക്കെതിരേ യൂറോപ്പിലുടനീളം അതിശക്തമായ ഒരു പ്രതിവിപ്ലവം രൂപപ്പെട്ടു. നവോത്ഥാനം തുറന്നുവിട്ട അന്തഃസ്ഥിതാധികാരത്തിൽ അധിഷ്ഠിതമായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരെ ജനങ്ങളെ പാരതന്ത്ര്യത്തിലും ഭയത്തിലും അടക്കി നിർത്തുന്ന പരമാധികാര കേന്ദ്രിതമായ അതീതത്വ ( Transcendence) ത്തിന്റെ ഒരു രാഷ്ട്രീയം ഈ പ്രതിവിപ്ലവത്തിലൂടെ യൂറോപ്പിൽ ആധിപത്യത്തിലേക്കുയർന്നു.

കൊളോണിയൽ കൊള്ളകളിലൂടെയും അടിമകളുടെയും കൂലിത്തൊഴിലാളികളുടെയും അദ്ധ്വാനത്തിലൂടെയും ശക്തിയാർജ്ജിച്ച യൂറോപ്യൻ മുതലാളിത്ത മൂലധനവും ജീവിത സംഘർഷങ്ങളെ മൂടിവയ്ക്കുന്ന അതീത ശക്തിയായ പരമാധികാര ഭരണകൂട മാതൃകയും തമ്മിലുള്ള സമ്മേളനമായിരുന്നു ഈ പ്രതി വിപ്ലവത്തിന്റെ ഉള്ളടക്കം. അമേരിക്ക അടക്കമുള്ള കോളനി രാജ്യങ്ങളിലെ തദ്ദേശീയ ജനതയെ അടിമപ്പെടുത്തുന്നതിനു വേണ്ടി വികസിപ്പിക്കപ്പെട്ട ആധുനിക ഭരണകൂട പരമാധികാരത്തിന്റെ യന്ത്രത്തിന്റെ സങ്കേതങ്ങൾ തിരികെ യൂറോപ്പിലേക്ക് തന്നെ ഇറക്കുമതി ചെയ്യപ്പെടുന്നതോടെ യൂറോപ്യൻ ജനജീവിതത്തിനു മേൽ ഈ പ്രതി വിപ്ലവത്തിന്റെ വിജയം പൂർണമാകുന്നു.

ഇവിടം മുതൽ പാശ്ചാത്യ ആധുനികത ഒരു മേലാള മുഖ്യധാരയും അതിനെ ചെറുത്തുനിൽക്കുന്ന ഒരു കീഴാള ന്യൂനധാരയുമായി രണ്ടായി പിളരുന്നു. പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ തത്വചിന്തയുടേയും രാഷ്ട്രീയചിന്തയുടെയും ചരിത്രം മുഴുവൻ പൊതുവെ പറഞ്ഞാൽ ഈ പിളർപ്പിന്റെ വിടവടയ്ക്കുന്നതിനോ സാമാന്യ സത്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഈ പിളർപ്പിനെ മൂടി വയ്ക്കുന്നതിനോ ഉള്ള ശ്രമങ്ങളാണ്. പാശ്ചാത്യ മുഖ്യധാരാ ലിബറൽ രാഷ്ട്രമീമാംസയുടേയും തത്വചിന്തയുടേയും ‘മനുഷ്യൻ' മുതലാളിത്ത പൗര സമൂഹത്തിലെ സ്വകാര്യവ്യക്തി ( Private Individual )സ്വത്വത്തിന്റെ സാമാന്യവത്കരണമാണ്; എല്ലാക്കാലവും ഒരേ പോലെ നിലകൊള്ളുന്ന ഒരു ശാശ്വത കർത്തൃത്വ മാതൃകയിലേക്കുള്ള സാമാന്യവത്ക്കരണം. അങ്ങനെ നവോത്ഥാനം കണ്ടെത്തിയ മനുഷ്യത്വത്തിന്റെ വിപ്ലവകരമായ അന്തഃസ്ഥിതത്വവും അനന്യ ഭിന്നത ( Singularity ) യും മതത്തിനു പകരം ആധുനിക ഭരണകൂടത്തിന്റെ അതീതാധികാരവുമായി ഏറ്റുമുട്ടി ആധുനികതയുടെ ന്യൂന ധാരയിലേക്ക് അദൃശ്യമാവുകയാണ് ചെയ്യുന്നത്.

നൂറ്റാണ്ടുകളോളം പിൻവാങ്ങി നിന്ന വിധ്വംസകമായ ഈ ന്യൂനധാരയാണ് അറുപതുകളിലേയും എഴുപതുകളിലേയും നവീന ഇടതുപക്ഷ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മാനങ്ങളോടെ പ്രത്യക്ഷത്തിലേക്ക് ഉയർന്നു വരാൻ തുടങ്ങുന്നത്. ഇത് സംഭവിക്കുന്നതാകട്ടെ നേരത്തെ സൂചിപ്പിച്ചതുപോലെ മൂന്നു നൂറ്റാണ്ടുകൾക്കു ശേഷമുള്ള ബാറൂക് സ്പിനോസയുടെ ഉയിർത്തെഴുന്നേൽപ്പിലൂടെയാണ്.

1968 ലെ വിപ്ലവത്തിനുപിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ സൈദ്ധാന്തിക പ്രശ്‌നങ്ങളുടെ തത്വചിന്ത എന്ന നിലയിലാണ് സ്പിനോസിസം ആനയിക്കപ്പെട്ടത്. ആ പ്രശ്‌നങ്ങൾ പാശ്ചാത്യ മുതലാളിത്ത ലിബറൽ രാഷ്ട്രീയത്തിന്റെയും സോവിയറ്റ് മാർക്‌സിസത്തിന്റെയും പ്രതിസന്ധികളിൽ നിന്ന് രൂപപ്പെട്ടവയായിരുന്നു. ഈ രണ്ടു രാഷ്ട്രീയ സമീപനങ്ങളും പ്രകൃതിക്കും ‘പ്രാകൃത 'ത്വത്തിനും എതിരെ പ്രവർത്തിക്കുന്ന മനുഷ്യ സമൂഹത്തിന്റെ സ്വച്ഛന്ദമായ നിലനിൽപ്പിലും ആ നിലനിൽപ്പിനെ ഭദ്രമാക്കുന്ന അധികാര പ്രയോഗത്തിന്റെ അനിവാര്യതയിലും വിശ്വസിക്കുന്ന പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ അടിസ്ഥാന മനുഷ്യ-ജീവിത ദർശനത്തെ ആഴത്തിൽ ഒരേപോലെ പങ്കുവയ്ക്കുന്നവയായിരുന്നു. പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ ഈ അടിസ്ഥാനങ്ങളെ തള്ളിക്കളയുന്ന ഒരു ബദൽ സൈദ്ധാന്തിക-രാഷ്ട്രീയ ദര്ശനമെന്ന നിലയിൽ സ്പിനോസിസത്തിന്റെ ഉയിർപ്പ് തത്വചിന്തയിലും രാഷ്ട്രമീമാംസയിലും സൃഷ്ടിച്ച വിപ്ലവം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്.

1968 -ഉം സ്പിനോസയുടെ ഉയിർത്തെഴുന്നേൽപ്പുമായും ഉള്ള ബന്ധത്തെ കുറിച്ച് അന്റോണിയൊ നെഗ്രി ഇങ്ങനെ രേഖപ്പെടുത്തി: ‘1968 ആധുനികതയുടെ പരമസീമയായി നിലകൊള്ളുന്ന മിസ്റ്റിസിസത്തിനും രാഷ്ട്ര മീമാംസയിലെ ഷിമിത്തിയൻ സിനിസിസത്തിനും പകരം യാഥാർഥ്യനിഷ്ഠമായ രാഷ്ട്രീയ വീക്ഷണം പുനഃസ്ഥാപിച്ചുകൊണ്ട് ഹൈഡഗ്ഗറിസത്തിനെതിരേ സ്പിനോസ പുനർജ്ജന്മം കൊണ്ടു'. ( Spinoza: Then and Now. P. 28.)

ബാറൂക് സ്പിനോസ

1968 ലെ വിപ്ലവം തുറന്നുവിട്ട രാഷ്ട്രീയ- സൈദ്ധാന്തിക പ്രതിസന്ധികൾ ഏറ്റെടുത്തുകൊണ്ട് സ്പിനോസിസ്റ്റുകളായി മാറിയ തത്വചിന്തകരുടെയും രാഷ്ട്രീയ സൈദ്ധാന്തികരുടേയും ഒരു വലിയ നിര തന്നെ ഉയർന്നു വരികയുണ്ടായി. അലക്സാൻഡ്രെ മാതിറൻ, ലൂയി അൽത്തൂസർ, പിയേർ മാഷ്റെ, എത്തിയെൻ ബാലിബാർ, ഴീൽ ദെലേസ് , ഫെലിക്‌സ് ഗത്താരി, അന്റോണിയോ നെഗ്രി, മൈക്കിൾ ഹാർട്, പിയേർ ഫ്രാൻസ്വാ മോറോ, ഫ്രാൻസ്വാ സൂറാബിക് വിലി , മൊയ്റ ഗേറ്റൻസ്, ബ്രയാൻ മാസുമി , സാമുവൽ ഡിലാന്റ, ഡൊണ ഹരോവേ തുടങ്ങിവർ അവരിൽ ചിലരാണ്. മനുഷ്യൻ എന്ന ഒരു സ്ഥിര കർത്തൃത്വ സങ്കൽപത്തെ കേന്ദ്രവും അടിസ്ഥാനവും ആക്കുന്ന ആധുനിക സൈദ്ധാന്തിക- രാഷ്ട്രീയ വ്യവഹാരങ്ങളുടെ പരിമിതി തുറന്നു കാണിക്കുകയും സ്വയം സിദ്ധമെന്നു കരുതപ്പെടുന്ന സുസ്ഥിര കർത്തൃത്വത്തിനു പകരം ചരിത്രവും ജീവിതവും സൃഷ്ടിക്കുന്ന ഭിന്ന കർത്തൃത്വങ്ങളുടെ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആധുനിക 'മനുഷ്യ'ന്റെ ചരമ ശുശ്രൂഷയിലും പുതിയ മനുഷ്യന്റെ പിറവിയിലും പങ്കെടുക്കുന്നവരാണ് മേൽപ്പറഞ്ഞ ചിന്തകർ.

മൂന്ന്

പ്രകൃതിയേയും ‘പ്രാകൃത' ജീവിതത്തേയും പരിഷ്‌കൃത മനുഷ്യന്റെ നിലനിൽപ്പിൽ നിന്ന് വേർപെടുത്തുന്ന ഒരു വിച്ഛേദം സാങ്കൽപികമായി സൃഷ്ടിക്കുന്ന ആധുനിക രാഷ്ട്രമീമാംസയുടേയും തത്വചിന്തയുടെയും വ്യവഹാരങ്ങളിൽ കൂടിയാണ് ‘മനുഷ്യൻ' എന്ന ആധുനിക കർതൃത്വം നിലവിൽ വരുന്നത്. മനുഷ്യ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കപ്പെട്ട മദ്ധ്യകാല മതാധികാരത്തെ ആധുനിക മനുഷ്യനെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പരമാധികാരത്തിൽ മാറ്റി പ്രതിഷ്ഠിക്കുന്നതിന് പ്രകൃതിയിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്ന ഇത്തരമൊരു വിച്ഛേദത്തിന്റെ കോട്ട അനിവാര്യമായിരുന്നു.

തോമസ് ഹോബ്സും ദക്കാർത്തെയും റൂസ്സോയും തുടങ്ങി ഇമ്മാനുവേൽ കാന്റും ഹെഗലും വരെയുള്ള ആധുനിക യൂറോപ്യൻ ചിന്തകരിൽ പ്രവർത്തിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ ദ്വൈതവാദം ( dualilsm ), ദൈവാധികാരത്തെ ആധുനിക മനുഷ്യാധികാരത്തിൽ നിക്ഷേപിക്കുന്നതിനും രാഷ്ട്രീയ പരമാധികാരകേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നതിനും വേണ്ടി മനുഷ്യ ജീവിതത്തെ പ്രകൃതിക്കെതിരേ നിർത്തുന്ന ഈ കോട്ടയുടെ കാവൽ സങ്കേതങ്ങളായിരുന്നു. അങ്ങനെ സ്വയംസിദ്ധമായ പ്രപഞ്ച പ്രകൃതിയുടെ സാമ്രാജ്യത്തിനുള്ളിൽ അതിനെതിരേ നിലകൊള്ളുന്ന മനുഷ്യ പ്രകൃതിയുടെ സാങ്കൽപികമായ മറ്റൊരു സാമ്രാജ്യം ( Imperium In Imperio ) പടുത്തുയർത്താനാണ് യൂറോപ്യൻ ആധുനികത ശ്രമിച്ചത്.

അമേരിക്കകളിലെയും ആഫ്രിക്കയിലെയും ഏഷ്യൻ രാജ്യങ്ങളിലേയും ‘പ്രാകൃത മനുഷ്യ'രെ യാതൊരു മനഃസ്സാക്ഷിക്കുത്തും കൂടാതെ കൊന്നൊടുക്കാനും അടിമകളാക്കാനും യൂറോപ്യന്മാർക്ക് അധികാരവും ആത്മബലവും നൽകിയത് പ്രകൃതിക്കെതിരെ സൃഷ്ടിച്ച ഈ ‘മനുഷ്യ സാമ്രാജ്യത്വ'ത്തിന്റെ ആധികാരികതയാണ്. സ്പിനോസ പ്രകൃതിക്കെതിരെ മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ഈ ‘മനുഷ്യ സാമ്രാജ്യത്വ'ത്തിന്റെ കോട്ടയുടെ അടിത്തറ തന്നെ തകർത്ത ചിന്തകനായിരുന്നു.

ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ നിലനിൽപ്പിനും വളർച്ചക്കും ഭരണകൂട പരമാധികാരത്തിന്റെ അതീത ശക്തി ഉൽപ്പാദിപ്പിക്കുന്ന ബലപ്രയോഗരൂപങ്ങളെ ഒഴിവാക്കാനാകുമായിരുന്നില്ല. ആധുനിക ഭരണകൂട പരമാധികാരത്തിൽ പ്രവർത്തിക്കുന്ന ഈ അധീശത്വ ശക്തിയാകട്ടെ പ്രകൃതിയിൽ നിന്നും പ്രാകൃതത്വത്തിൽ നിന്നും പരിഷ്‌കൃത മനുഷ്യ സമൂഹത്തെ കാത്തുരക്ഷിക്കാനും പോറ്റാനുമുള്ള അനിവാര്യമായ അതീതാധികാരമായാണ് ഭാവന ചെയ്യപ്പെട്ടിരിക്കുന്നത്.

അതായത് മനുഷ്യർ പരസ്പരം മല്ലടിക്കുന്ന പ്രാകൃത ജീവിതത്തിന്റെ അരാജകത്വത്തിൽ നിന്നും അവ്യവസ്ഥയിൽ നിന്നും അയൽക്കാരെ ആക്രമിക്കാത്ത മാന്യരായ മനുഷ്യരുടെ സുഭദ്രമായ ഒരു സമൂഹം നിലവിൽ വരണമെങ്കിൽ പ്രകൃത്യാ ആക്രമണകാരികളായ മനുഷ്യരെ മുകളിൽ നിന്ന് നിയന്ത്രിക്കുന്ന ഒരധികാര കേന്ദ്രം വേണ്ടിവരുന്നു എന്നർത്ഥം. പരസ്പരം ആക്രമിക്കാത്ത അച്ചടക്കമുള്ള പ്രജകൾ ശരീരവും അവരെ നിയന്ത്രിക്കുന്ന അധികാര കേന്ദ്രം തലയുമായി ഭാവന ചെയ്യപ്പെട്ട തോമസ് ഹോബ്‌സിന്റെ 'ലെവിയത്താൻ' ഈ അധികാര സങ്കൽപ്പത്തിന്റെ മാതൃകയാണ്.

പ്രജകളിൽ ആർക്കും ആരേയും കൊല്ലാനോ ആക്രമിക്കാനോ അധികാരമില്ലാതിരിക്കുകയും സാമൂഹ്യഭദ്രതക്കുവേണ്ടി അതിനുള്ള സമ്പൂർണമായ അധികാരവും അവകാശവും പരമാധികാര കേന്ദ്രത്തിൽ നിക്ഷിപ്തമായിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഉടമ്പടിയുടെ വിവിധ രൂപങ്ങളാണ് ഏകാധിപത്യം മുതൽ ലിബറൽ ജനാധിപത്യം വരെ പാശ്ചാത്യ മാതുകയിലുള്ള എല്ലാ ഭരണകൂട സമൂഹങ്ങളിലും പ്രവർത്തിക്കുന്നത്.

അധികാരം ജനങ്ങൾക്ക് പിന്നീട് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ സ്ഥാപിക്കപ്പെട്ട സോഷ്യലിസ്റ്റ് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യങ്ങളിലും പ്രവർത്തിച്ചു പോരുന്നത് ഈ ഭരണ കൂട മാതൃക തന്നെയാണ്.
സമൂഹത്തെ ഒന്നാകെ പ്രകൃതിയുടേയും പ്രാകൃതത്വത്തിന്റെയും ആന്തരികവും ബാഹ്യവുമായ ആക്രമണങ്ങളിൽ നിന്നും അരാജകത്വങ്ങളിൽ നിന്നും കാത്തുരക്ഷിക്കാനെന്ന പേരിൽ സമൂഹത്തിനു മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ഈ അധികാര ഭാവന യഥാർത്ഥത്തിൽ ആധുനിക സ്വകാര്യ സ്വത്തുടമസ്ഥന്മാരുടെ സമൂഹമെന്ന ഏറ്റവും പ്രകൃതി വിരുദ്ധവും സമൂഹ വിരുദ്ധവുമായ ഒരു വ്യവസ്ഥയുടെ അടിയുറപ്പിനും ഭദ്രതക്കും വേണ്ടി കണ്ടു പിടിക്കപ്പെട്ട ഒന്നാണ്.

അതിനാൽ അത് സമൂഹത്തിനുള്ളിൽ തന്നെ ഉയർന്നു വരുന്ന ചെറുത്തു നിൽപ്പുകളുടെ സംഘർഷങ്ങളെ കൈകാര്യം ചെയ്യാനുളള യന്ത്ര സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും സാധൂകരണം നൽകാനായി ഭാവന ചെയ്യപ്പെട്ട ഒരതീത ശക്തി കേന്ദ്രമാണ്.

ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ സൂക്ഷ്മ - സ്ഥൂല തലങ്ങളിൽ ഈ ഭരണയന്ത്ര സംവിധാനങ്ങളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് മനുഷ്യശരീരങ്ങളെ വിവിധതരം അറിവുകളുടെ വിഷയങ്ങൾ എന്ന നിലയിൽ വിഭജിച്ചും തരംതിരിച്ചും നിയന്ത്രിച്ചും പരിചരിച്ചും രൂപാന്തരപ്പെടുത്തിയും കീഴാളരുടെ ചെറുത്തുനിൽപ്പുകളെ നിർവീര്യമാക്കുന്നതിനു വേണ്ടിയാണ്. മനുഷ്യശരീരങ്ങളിൽ ഈ വിധം അധികാരത്തിന് കടന്നു പ്രവർത്തിക്കാൻ കഴിയുന്നത് അനുഭവങ്ങൾക്കെല്ലാം ആധാരമെന്നു കരുതപ്പെടുന്ന, ആധുനിക സമൂഹത്തിലെ സുസ്ഥിര വ്യക്തി സ്വത്വത്തിന്റെ ആത്മബോധത്തിനുള്ളിൽ ശരീരങ്ങൾ തടവിലാക്കപ്പെടുന്നതു മൂലമാണ്. ആധുനിക ഭരണകൂടാത്മക സമൂഹങ്ങളുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായ ഈ സുസ്ഥിര പൗരകർത്തൃത്വത്തിന്റെ സാമാന്യവത്ക്കരണത്തിൽ നിന്നാണ് ഭിന്നതകളുടെ (Differences ) പ്രവാഹത്തിലൂടെയും പരാനുവർത്തനങ്ങളിലൂടെയും ( Becomings ) പ്രവർത്തിക്കുന്ന മനുഷ്യ ജീവിതത്തിന്റെ സങ്കോച മൂർത്തിയായ ആധുനിക ‘മനുഷ്യൻ' പിറക്കുന്നത്.

ഈ ‘മനുഷ്യന്റെ ' നിലനിൽപ്പിന് ആധാരമായ രാഷ്ട്രീയ- ധാർമിക വ്യവഹാരങ്ങളുടെ സാധുതയാണ് സ്പിനോസയുടെ ഉയിർത്തെഴുന്നേൽപ്പിലൂടെ സമൂലം ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്. കാരണം, ഭരണകൂട പരമാധികാരത്തിന്റെ അനിവാര്യതയിൽ അടിയുറച്ച ആധുനിക പാശ്ചാത്യ രാഷ്ട്രമീമാംസയുടെ എല്ലാ രൂപങ്ങളിൽ നിന്നും ഭിന്നമായ ഒരധികാര സങ്കൽപം സ്പിനോസ അവതരിപ്പിക്കുന്നു എന്നതാണ്. സ്പിനോസയിൽ അധികാരം, മതങ്ങൾ ദൈവത്തിന്റെ അധികാരത്തെ കുറിച്ച് സങ്കൽപിച്ചിരുന്ന മാതൃകയിൽ ഭരണകൂട പരമാധികാരത്തിലോ വ്യക്തിയുടെ സ്വതന്ത്രമായ ഇച്ഛയിലോ കുടികൊള്ളുന്നതായി കരുതപ്പെടുന്ന നിരുപാധികവും അമൂർത്തവുമായ ഒരതീത കേവല ശക്തിയല്ല. അതനുസരിച്ച്, പ്രകൃതിയിലുള്ള എല്ലാ പ്രതിഭാസങ്ങളും, അവയുടെ സവിശേഷമായ നിലനിൽപ്പിന്റെ സ്വഭാവമായി അവയിൽ തന്നെ അടങ്ങിയിരിക്കുന്ന ശക്തികളുടെ പ്രകാശനത്തിലൂടെ പരസ്പര ബന്ധിതമായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.

ഓരോ പ്രതിഭാസത്തിനും പ്രകൃതിയിൽ ഇങ്ങനെ നിലനിൽക്കാനായുള്ള അവകാശമുണ്ട്. ഈ അവകാശം ( Right ) നിർണയിക്കുന്നത് അവയുടെ നിലനിൽപിൽ അടങ്ങിയിരിക്കുന്ന അന്തഃസ്ഥിത ശക്തികളുടെ സവിശേഷതകളാണ്. മത്സ്യം എന്ന ജീവിക്ക് വെള്ളത്തിനടിയിൽ നീന്തി നടക്കാനുള്ള അന്തഃസ്ഥിതമായ ശക്തി ( Power ) അഥവാ അധികാരമുണ്ട്. ഈ അധികാരമാണ് മത്സ്യത്തിന് വെള്ളത്തിൽ നീന്താനുള്ള അവകാശത്തെ നിർണ്ണയിക്കുന്നത്. പ്രകൃതിയുടെ അന്തഃസ്ഥിത ശക്തികളിലൂടെ അല്ലാതെ അതിനപ്പുറം ഒരമൂർത്താധികാര ശക്തിയായി സ്പിനോസയുടെ ദൈവത്തിനുപോലും നിലനിൽപ്പില്ല.

പ്രകൃതിയിൽനിന്ന് വേറിട്ടു നിൽക്കുന്ന അതീത കേവല ശക്തികളെ അസാദ്ധ്യമാക്കുന്ന പ്രപഞ്ച- ജീവിത ശക്തികളുടെ അന്തഃസ്ഥിതത്വം എന്ന ഈ തത്വം തന്നെയാണ് സ്പിനോസ തന്റെ രാഷ്ട്രീയ ദർശനത്തിലും ഉയർന്ന രൂപത്തിൽ ആവർത്തിക്കുന്നത്. അധികാരത്തെ കുറിച്ചുള്ള ഉണ്മാ സിദ്ധാന്തപരമായ (Ontological ) ഈ സമീപനമനുസരിച്ച് ഏതു ഭരണകൂട സ്ഥാപനത്തിന്റെയും അധികാരത്തിന് ഭരിക്കപ്പെടുന്നവരുടെ അധികാര/ അവകാശത്തെ അപേക്ഷിച്ചുള്ള സമൂഹസിദ്ധമായ പദവി നൽകുന്ന അധികാരത്തെ മറികടക്കാനാവില്ല .

ഇതിൽ നിന്ന് വ്യക്തതമാകുന്നത് അധികാരം ഭരിക്കുന്നവർ മുകളിൽ നിന്ന് താഴേക്കു ഭരിക്കപ്പെടുന്നവരിൽ പ്രയോഗിക്കുന്ന ഏകമുഖമായ ഒരമൂർത്ത ബലപ്രയോഗം അല്ല എന്നാണ്. അതായത് ഏകമുഖമായി താഴേക്കു പ്രവഹിക്കുന്നു എന്ന് കരുതപ്പെടുന്ന ഒരതീത കേവല ശക്തി എന്നതിനേക്കാൾ അധികാരം രണ്ടു ശക്തികൾ തമ്മിലുള്ള അന്തഃസ്ഥിതമായ ഒരു യഥാർത്ഥ ബന്ധമാണെന്നർത്ഥം.

അധികാരത്തെ കുറിച്ചുള്ള ഈ ധാരണ പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ അധികാര സങ്കൽപ്പത്തിന് നേർ വിപരീതമാണ്. പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ അധികാര സങ്കൽപം ഭരണകൂട പരമാധികാര കേന്ദ്രത്തിൽ നിന്ന് ഭരിക്കപ്പെടുന്നവർക്കുമേൽ പ്രയോഗിക്കപ്പെടുന്ന നിരുപാധികവും ഏകമുഖവുമായ ഒരു ശക്തി എന്നുള്ള നിലക്കുള്ളതാണ്. സ്പിനോസയുടെ അധികാര സങ്കൽപമാകട്ടെ ജീവിതത്തിന്റെ ഉണ്മയിൽ അന്തഃസ്ഥിതമായിരിക്കുന്ന നിലനിൽപ്പിന്റെ അധികാരമാണ് .

അതിനാൽ അധികാരത്തെ കുറിച്ചുള്ള പരസ്പര വിരുദ്ധങ്ങളായ ഈ രണ്ടു സങ്കൽപങ്ങളും യഥാർത്ഥത്തിൽ രണ്ടുതരം അധികാരങ്ങളെ കുറിച്ചുള്ളവയാണ്. ഒന്ന് ജീവിതത്തിന്റെ ശക്തികളെ ഭരിക്കാനും കീഴ്‌പ്പെടുത്താനും നിയന്ത്രിക്കാനും അന്യവത്ക്കരിക്കാനും വികൃതമാക്കാനും വഴിതിരിച്ചു വിടാനുമുള്ള അധികാരമാണെങ്കിൽ മറ്റൊന്ന് ജീവിതത്തിന്റെ ശക്തികളുടെ ചെറുത്തുനിൽപ്പും സ്വതസിദ്ധമായ സ്വാതന്ത്ര്യത്തിന്റെ പ്രകാശനവുമാണ്; ജീവിതത്തിന്റെ നിർമാണാത്മകമായ ശക്തികളുടെ അംഗീകരണവും ആവിഷ്‌കാരവുമാണ്.

ഇവയിൽ ആദ്യത്തേത് ഉണ്മാരഹിതവും നിഷേധാത്മകവും ജീവിത വിരുദ്ധവുമായ മിഥ്യാശക്തി ആണെങ്കിൽ രണ്ടാമത്തേത് ജീവിതത്തിന്റെ നിലനിൽക്കാനും വികസിക്കാനും സ്വയം പ്രകാശിപ്പിക്കാനുമുള്ള അവകാശവും ചെറുത്തു മുന്നേറാനുള്ള സ്വാധികാരവുമാണ്. ഇതിൽ ആദ്യത്തേത് മുകളിൽ നിന്ന് താഴേക്കു മാത്രം പ്രയോഗിക്കപ്പെടുന്ന ലംബമാനമായ ( Vertical) ഒരു ബന്ധമാണ്. രണ്ടാമത്തേതാകട്ടെ മനുഷ്യരുടെ പരസ്പര ബന്ധത്തിലൂടെയും പരാനുവർത്തനത്തിലൂടെയും ( Becoming ) രൂപപ്പെടുന്ന തിരശ്ചിനമായ (Horizontal) ഒരു ബന്ധരൂപമാണ്.

ഈ രണ്ടു തരം അധികാരങ്ങളേയും വേർതിരിക്കാൻ മിക്ക യൂറോപ്യൻ ഭാഷകളിലും രണ്ടു വ്യത്യസ്ത പദങ്ങൾ പ്രയോഗിക്കുന്നതായി കാണാം. ദെലേസും ഗത്താരിയും നെഗ്രിയും മറ്റും ഭരിക്കുന്ന അതീതാധികാരത്തെ സൂചിപ്പിക്കാൻ ഫ്രഞ്ച് ഭാഷയിലെ ‘pouvoir ' എന്ന പദവും ജീവിതാധികാരത്തെ സൂചിപ്പിക്കാൻ ‘puissance' എന്ന പദവും ആണ് പ്രയോഗിക്കുന്നത്. ലാറ്റിൻ ഭാഷയിലെ ‘potestas', ‘potentia' എന്നീ പദങ്ങളാണ് യഥാക്രമം അവർ പ്രയോഗിക്കുന്നത്. ഇംഗ്‌ളീഷിൽ രണ്ടുതരം അധികാരങ്ങളേയും കുറിക്കാൻ ‘Power' എന്ന ഒരു പദം മാത്രമേ ഉള്ളൂ. അതുകൊണ്ട് ഫ്രഞ്ച്, ലാറ്റിൻ, രചനകളുടെ ഇംഗ്‌ളീഷ് പരിഭാഷകളിൽ അധികാരത്തിന്റെ ഈ ഭിന്നത വ്യക്തമാക്കാൻ power എന്ന പദത്തിലെ ആദ്യാക്ഷരം ചെറുതും വലുതുമാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മലയാളത്തിലെ ‘അധികാരം' എന്ന പദത്തിനും ഈ പരിമിതിയുണ്ട്.

ഇതുപോലെ ദെലേസും ഗത്താരിയുംകണ്ടുപിടിച്ച ‘War Machine' എന്ന പരികൽപന ഭരണകൂടാത്മകമായ അധികാര രൂപങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അവയെ ചെറുക്കുന്ന ജീവിതത്തിന്റെ സർഗാത്മകമായ വിദ്ധ്വംസകതയുടെ ശക്തികളെ ഉൾക്കൊള്ളുന്ന അതി സാന്ദ്രമായ ഒരു അമൂർത്തയന്ത്ര നിർമ്മിതിയാണ്. War Machine എന്ന പരികല്പനക്കു യുദ്ധയന്ത്രം മുതൽ, കലാരൂപങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ഭാവശക്തി ( Affects ) മുതൽ ജീവിതത്തിലെ സ്‌നേഹശക്തി വരെയുള്ള യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയും.

അധികാരത്തെ കുറിച്ചുള്ള ഈ വിരുദ്ധ സങ്കൽപ്പങ്ങൾ നമ്മെ നയിക്കുന്നത് ഭരണകൂടാധികാരത്തെ അപേക്ഷിച്ച് ഭരിക്കപ്പെടുന്നവരുടെ അധികാരമാണ് അഥവാ ഭരണകൂടാധികാരത്തെ ചെറുത്തു നിൽക്കുന്ന, ജനങ്ങളുടെ അധികാരമാണ് ആദ്യമേ നിലകൊള്ളുന്ന മൗലികമായ അധികാരം എന്ന കണ്ടെത്തലിലേക്കാണ് ( Primacy of the power of resistance). അതിനെ അടിച്ചമർത്താൻ വേണ്ടി രൂപം കൊള്ളുന്ന ഒരു ദ്വിതീയ പ്രതിഭാസം മാത്രമാണ് ഭരണകൂടാധികാരം. അതിനാൽ അത് ഒരു അതീത മിഥ്യയാണ് ( Transcendent Illusion ) എന്നു പറയാം.

ഇങ്ങനെ ആധുനിക ഭരണ കൂട രാഷ്ട്രീയത്തിന്റെ അധികാര സങ്കൽപ്പത്തെ യാഥാർഥ്യ പദവിയിൽ നിന്ന് തരാം താഴ്ത്തുന്ന ഈ സ്പിനോസിസ്റ്റ് സമീപനത്തിന്റെ പൊരുൾ വ്യക്തമാവുക സ്പിനോസയുടെ ജനാധിപത്യ രാഷ്ട്രീയ സിദ്ധാന്തത്തിലാണ്. സ്പിനോസക്ക് ജനാധിപത്യം കേവല സ്വതന്ത്ര വ്യക്തി സ്വത്വങ്ങളെന്ന് സ്വയം വിശ്വസിക്കുന്ന പൗരന്മാർ വോട്ടെടുപ്പിലൂടെ സ്വന്തം ഭരണാധികാരികളെ തീരഞ്ഞെടുക്കുന്നു എന്ന് കരുതുന്ന ലിബറൽ ജനാധിപത്യ നാടകമല്ല. അവിടെ സംരക്ഷിക്കപ്പെടുന്നത് ഭരണകൂടാധികാരത്തിന്റെ ഭദ്രത മാത്രമാണ്.

ലിബറൽ ജനാധിപത്യത്തിൽ ജനങ്ങളും അവരെ ഭരിക്കുന്നവരും തമ്മിൽ ഉണ്ടെന്നു കരുതപ്പെടുന്ന പ്രതിനിധാനാത്മകമായ ബന്ധം വേർപെടലിനെ സംയോഗമായി ധരിക്കുന്ന അയഥാർത്ഥമായ ഒരു ബന്ധ സങ്കൽപ്പമാണ്. (ദെലേസിന്റെ ഭാഷയിൽ disjunctive synthesis).

സ്പിനോസയുടെ ജനാധിപത്യ സങ്കൽപ്പം ഭരണകൂടാധികാരത്തിന്റെ ഭദ്രത ലക്ഷ്യം വയ്ക്കുന്ന ഒന്നല്ല. മറിച്ച്, ഭരിക്കപ്പെടുന്ന ജനസഞ്ചയത്തിന്റെ ജീവിത സ്വാധികാരത്തിന്റെ ശാക്തീകരണത്തിലൂടെ ഭരണകൂടാധികാരത്തെ അപ്രസക്തമാകും വിധം ജനസഞ്ചയം ആർജ്ജിക്കുന്ന സ്വയം ഭരണാവകാശമാണ് സ്പിനോസക്ക് ജനാധിപത്യം. സ്പിനോസ മുന്നോട്ടു വയ്ക്കുന്ന ഈ സമ്പൂർണ ജനാധിപത്യ ( Absolute Democracy ) സിദ്ധാന്തം ആധുനിക ‘മനുഷ്യ' സ്വത്വസങ്കൽപ്പത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ ആധുനികതയുടെ എല്ലാ രാഷ്ട്രീയരൂപങ്ങളുടേയും പരിമിതികളെ മറികടക്കുന്ന ഒന്നാണ്. അതിനാൽ ഈ സമ്പൂർണ ജനാധിപത്യ സങ്കൽപ്പം ‘മനുഷ്യാ'നന്തര മാനവികതയുടെ രാഷ്ട്രീയ പ്രയോഗ ദർശനത്തിലേക്കാണ് വാതിൽ തുറക്കുന്നത്.

നാല്

വിമോചകമായ ഈ രാഷ്ട്രീയ സമീപനത്തിന് ആസ്പദമായി വർത്തിക്കുന്നത് മനുഷ്യനെയും പ്രകൃതിയെയും വിരുദ്ധ ലോകങ്ങളിലേക്ക് വേർപെടുത്താത്ത സ്പിനോസയുടെ അദ്വൈതമായ ഉണ്മാസിദ്ധാന്തമാണ്. സ്പിനോസയെ സംബന്ധിച്ച് പ്രകൃതിക്കെതിരെ പൊരുതുന്നതിലൂടെയല്ല പരിഷ്‌കൃത മനുഷ്യ സമൂഹങ്ങളും സംസ്‌കാരങ്ങളും രൂപപ്പെട്ടതും വികസിക്കുന്നതും.

സ്പിനോസക്ക് മനുഷ്യസമൂഹങ്ങളുടേതായ എല്ലാ സിദ്ധികളും ശക്തികളും പ്രകൃതിയുടെ തുടർച്ചയാണ്, പ്രകൃതിയുടെ തന്നെ ഭിന്നരൂപങ്ങളിലുള്ള പുനർനിർമ്മിതികളും വ്യത്യസ്ത ആവർത്തനങ്ങളുമാണ്. പാശ്ചാത്യ ആധുനികതയുടെ മനുഷ്യ വികാസ സങ്കൽപ്പം കരുതുമ്പോലെ, മനുഷ്യന്റേതായ ഒന്നും പ്രകൃതിക്കെതിരെ പൊരുതി നേടിയ വിജയങ്ങളല്ല എന്നർത്ഥം.

മറിച്ച്, പ്രതികൂല ശക്തികളെ ഒഴിവാക്കിയും മെരുക്കിയും അനുകൂല ശക്തികളെ വികസിപ്പിച്ചും പ്രകൃതിയെ തന്നെ പുനർനിർമ്മിച്ചുകൊണ്ട് പ്രകൃതിയുടെ ഭാഗമെന്ന നിലയിൽ രൂപപ്പെട്ടതാണ് മനുഷ്യന്റെ സാമൂഹ്യ ജീവിതവും സംസ്‌കാരങ്ങളും. അതുകൊണ്ടാണ് തോമസ് ഹോബ്‌സ് അടക്കമുള്ള പാശ്ചാത്യ ആധുനികതയുടെ രാഷ്ട്ര മീമാംസകർ വിഭാവനം ചെയ്യുന്നതുപോലെ മനുഷ്യനെ പ്രകൃതിയിൽ നിന്നും പ്രാകൃത വാസനകളിൽ നിന്നും വേർപെടുത്തി അച്ചടക്കമുളള പരിഷ്‌കൃത സമൂഹത്തിന്റെ സൃഷ്ടിക്കും നിലനിൽപ്പിനും ഒരതീത ബാഹ്യശക്തിയുടെ , അധികാര കേന്ദ്രത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന ധാരണയെ സ്പിനോസ തള്ളിക്കളയുന്നത്.

അതുകൊണ്ടു തന്നെ പ്രകൃതിയിൽ നിന്നും ‘പ്രാകൃത' സമൂഹങ്ങളിൽ നിന്നും വേർതിരിക്കപ്പെട്ട ആധുനിക പരിഷ്‌കൃത മനുഷ്യന് സ്പിനോസയുടെ സമൂഹ സങ്കൽപ്പത്തിൽ നിലനിൽപ്പില്ല. ഇക്കാരണത്താലാണ് അഗാധ പരിസ്ഥിതി വിജ്ഞാനീയത്തിലും ( Deep Ecology ) സ്പിനോസിസം ഇന്ന് ഒരു സ്വാധീന ശക്തിയായി മാറിയിരിക്കുന്നത്.

ഇങ്ങനെ സ്പിനോസക്ക് മനുഷ്യൻ പ്രപഞ്ച പ്രകൃതിയുടെ സാമ്രാജ്യത്തിനുള്ളിൽ നിർമിക്കപ്പെട്ട സമൂഹ പ്രകൃതിയുടെ മറ്റൊരു സാമ്രാജ്യത്തിൽ പോറ്റി വളർത്തപ്പെട്ടവനല്ലാത്തതുകൊണ്ടു തന്നെ ആ മനുഷ്യൻ മറ്റു പ്രകൃതി പ്രതിഭാസങ്ങളുമായും ജീവജാലങ്ങളുമായും സദാ പരസംക്രമണങ്ങളിൽ ഏർപ്പെട്ടു മാത്രം ജീവിക്കുന്നവനാണ്.

അതായത്, പൊതുവേ പ്രകൃതിക്ക് മുഴുവൻ ബാധകമായ നിയമങ്ങൾക്കപ്പുറം മനുഷ്യന് മാത്രമായി ഒരു നിയമവും സ്പിനോസ അനുവദിച്ചു കൊടുക്കുന്നില്ല. പ്രകൃതിയിൽ നിന്ന് വേർതിരിക്കപ്പെട്ടാൽ പിന്നെ മനുഷ്യന് തന്നെ നിലനിൽപ്പില്ല എന്ന സ്പിനോസയുടെ ഉണ്മാസിദ്ധാന്തത്തിന്റെ അംഗീകരണമാണ് യഥാർത്ഥത്തിൽ ഇന്ന് മനുഷ്യന്റെ മരണം എന്ന ആശയമായി ഉയർന്നു വന്നിരിക്കുന്നത്.

സ്പിനോസയുടെ ഈ ഉണ്മാസിദ്ധാന്തം ഏറ്റെടുത്തുകൊണ്ടാണ് ഡൊണ ഹരോവേ ( Donna Haraway ) യെ പോലുള്ള ചിന്തകർ ഇന്ന് മുന്നോട്ടു വന്നിരിക്കുന്നത്. അവർ ആധുനിക മനുഷ്യനും പ്രകൃതിയിലെ ജീവജാലങ്ങൾക്കുമിടയിലുള്ള അതിർ വരമ്പുകളെ മാത്രമല്ല മനുഷ്യനും യന്ത്രങ്ങളുമായുള്ള വേർ തിരിവിനേയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ മനുഷ്യനേയും ജീവജാലങ്ങളേയും നവ സാങ്കേതിക വിദ്യയുടെ യന്ത്രങ്ങളേയും യന്ത്രാത്മക സംഘാതങ്ങളുടെ ( Machinic Assemblages) ഉണ്മാസിദ്ധാന്ത പരമായ ( Ontological Plane ) ഒരേ തലത്തിൽ ഏകീകരിക്കുന്നതിലൂടെ ‘മനുഷ്യ' കർത്തൃത്വ മടക്കമുള്ള സത്താ സങ്കൽപ്പങ്ങളേയും സ്വത്വ സങ്കൽപ്പങ്ങളേയും കടന്നാക്രമിക്കുകയാണ് ഹരോവേ ചെയ്യുന്നത്.

സാങ്കേതിക വിദ്യയും അവയാവിഷ്‌കരിക്കുന്ന യന്ത്രങ്ങളും അടിസ്ഥാന പരമായി മനുഷ്യനും പ്രകൃതിക്കും വിരുദ്ധമാണെന്ന ധാരണ യഥാർത്ഥത്തിൽ മനുഷ്യകേന്ദ്രിത വ്യവഹാരങ്ങളുടെ ഭാഗമായി തന്നെ രൂപപ്പെട്ടു വന്നവയാണ്. മുതലാളിത്ത വ്യവസായ യുഗത്തിലെ യന്ത്രങ്ങളേയും പ്രകൃതിക്കെതിരേ നിലകൊള്ളുന്ന മുതലാളിത്ത വ്യവസ്ഥയേയും സമീകരിച്ചു കാണുന്നതിലൂടെയാണ് ഈ ധാരണ ശക്തിയാർജ്ജിച്ചത്.

മാക്‌സ് ഹോഖൈമ (Max Horkheimer) യേയും അഡോണോയേയും പോലുള്ള ചിന്തകർ തന്നെ സാങ്കേതിക വിദ്യയെ മനുഷ്യ ജീവിതത്തിന് വിപരീതമായി പ്രതിഷ്ഠിക്കുന്ന പ്രവണതക്ക് ശക്തി പകർന്നിട്ടുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു സൈദ്ധാന്തിക പക്ഷത്തു നിന്നാണെങ്കിൽ കൂടി മാർട്ടിൻ ഹൈഡഗറും സാങ്കേതിക വിദ്യയുടെ വികാസം മനുഷ്യ ജീവിതത്തിന് വിനാശകരമായി തീരുന്നു എന്നാണ് സമർത്ഥിക്കുന്നത്.

വിവര - വിനിമയ വിപ്ലവത്തിന്റേയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടേയും കാലം വന്നിട്ടും മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണ്. വ്യവസായാനന്തര ഉത്പ്പാദന വ്യവസ്ഥയിൽ അറിവുകളും ആശയങ്ങളും ബിംബങ്ങളും അനുഭൂതികളും പരിചരണങ്ങളും അടക്കമുള്ള എണ്ണമറ്റ അമൂർത്ത വസ്തുക്കളുടെ ( Immaterial Products ) ജീവിതത്തിൽ നിർണ്ണായകമായി തീർന്നിട്ടുണ്ട് . അതിന് സമാന്തരമായി സൈബർ നെറ്റിക്‌സിലും കൃത്രിമ ബുദ്ധി ( AI )വികസനത്തിലും ഉണ്ടായ പുതിയ കുതിപ്പുകൾ ഒരു വശത്ത് ആധുനിക മനുഷ്യ സത്താസങ്കല്പത്തെ തകർക്കാൻ സഹായിക്കുന്നതോടൊപ്പം മാനവരാശിയുടെ അന്ത്യത്തിന് തന്നെ വഴിയൊരുക്കും എന്ന ദുരന്ത ചിന്തക്കും കാരണമായിട്ടുണ്ട്. നവ സാങ്കേതിക വിദ്യയുടെ വികാസം മനുഷ്യ വംശത്തിന് വിനാശകരമായിത്തീരുന്ന കാലം വിദൂരമല്ലെന്ന പ്രവചനങ്ങൾ ഇതിനകം ശാസ്ത്ര ലോകത്തു നിന്നുതന്നെ വന്നുകഴിഞ്ഞു.

പ്രകൃതിയുടെ ഭാഗമായ മനുഷ്യനെ ആധുനിക മനുഷ്യ സങ്കൽപം പ്രകൃതിക്കെതിരെ പ്രതിഷ്ഠിച്ചതുപോലെ മനുഷ്യ ശരീരത്തിന്റെയും മനസ്സിന്റെയും തുടർച്ചയായ സാങ്കേതികവിദ്യയെ മനുഷ്യനെതിരേ പ്രതിഷ്ഠിക്കുന്ന ഈ ദുരന്ത പ്രവചനങ്ങളും മനുഷ്യസ്വത്വ കേന്ദ്രിതമായ സങ്കൽപ്പങ്ങളുടെ ഉൽപന്നങ്ങളാണ് .

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിലെന്നപോലെ യന്ത്രവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിലും സ്പിനോസയുടെ നിലപാട് 'മനുഷ്യാ'നന്തര മാനവികതക്ക് ഉയർത്തിപ്പിടിക്കാവുന്ന ഒന്നാണ്. ആധുനിക മനുഷ്യ സ്വത്വ സങ്കൽപ്പത്തിന്റെ സൃഷ്ടിയായ, യന്ത്രങ്ങളും മനുഷ്യജീവിതവും തമ്മിലുള്ള ഉണ്മാസിദ്ധാന്തപരമായ പിളർപ്പിനേയും വൈപരീത്യത്തേയും സ്പിനോസയുടെ ചിന്ത തള്ളിക്കളയുന്നു. സ്പിനോസയെ സംബന്ധിച്ച് മനുഷ്യന്റെ ചിന്തയും ജീവിത വ്യാപാരങ്ങളുമെല്ലാം നാനാതരം സങ്കേതങ്ങളും സാങ്കേതിക വിദ്യകളുമായി ഊടും പാവും പോലെ ഇഴ ചേർന്ന് നിൽക്കുന്നവയാണ്.

സ്പിനോസ പറയുന്നത്, മനുഷ്യന്റെ ചിന്താശക്തി തന്നെ താണ പടവുകളിൽ നിന്ന് ഉയർന്ന പടവുകളിലേക്ക് പുരോഗമിക്കുന്നത് മനുഷ്യമനസ്സ് സ്വയം നിർമ്മിക്കുന്ന ചിന്താപരമായ ഉപകരണങ്ങളിലൂടെയും സങ്കേതങ്ങളിലൂടെയും ആകുന്നു എന്നാണ്. ഇതാകട്ടെ , ലളിതമായ ഉപകരണങ്ങളിൽ നിന്ന് കൂടുതൽ സങ്കീർണ്ണമായ പ്രവൃത്തികൾക്കായി യന്ത്രങ്ങൾ നിർമ്മിക്കുന്നതിന് സമാനം തന്നെയാണെന്നും സ്പിനോസ പറയുന്നു ( The Emendations of The Inellect- Collected works of Spinoza. P. 17 ).

ഇതിനു സമാനമായി മനുഷ്യനും യന്ത്രവും തമ്മിലുള്ള ആധുനിക വൈപരീത്യത്തെ അഴിച്ചുമാറ്റുന്ന മനുഷ്യാനന്തര മാനവികതയിലേക്ക് നീളുന്ന ഒരു സമീപനം ഒന്നാം ലോകയുദ്ധത്തിന്റെ അന്തരീക്ഷത്തിൽ പോലും വാൾട്ടർ ബഞ്ചമിൻ കൈക്കൊള്ളുകയുണ്ടായി. ‘പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അധീശത്വമാണ് സാങ്കേതികവിദ്യയുടെ പരമലക്ഷ്യം എന്നാണ് സാമ്രാജ്യത്വം നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്' എന്ന പ്രസ്താവത്തെ തുടർന്ന് ബഞ്ചമിൻ ഉദാഹരണങ്ങൾ നിരത്തി പറയുന്നു. ‘സാങ്കേതിക വിദ്യയുടെ ലക്ഷ്യം പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ അധീശത്വമല്ല. അത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ്’. ( One Way Street and Other Essays - Walter Benjamin . P .104 )

പ്രകൃതിയേയും മനുഷ്യനേയും ഉണ്മാശാസ്ത്രപരമായി ഒരേ തലത്തിൽ സമന്വയിക്കുന്ന ഈ സ്പിനോസിസ്റ്റ് സമീപനം ഏറ്റെടുത്തു കൊണ്ടാണ് ഴീൽ ദെലേസും ഫെലിക്‌സ് ഗതാരിയും മനുഷ്യ കേന്ദ്രിതമായ എല്ലാ ആധുനിക വ്യവഹാരങ്ങളേയും അപ്രസക്തമാക്കുന്ന അമൂർത്ത യന്ത്രങ്ങൾ ( Abstract Machines ) എന്ന സൈദ്ധാന്തിക പരികൽപ്പന അവതരിപ്പിക്കുന്നത്.
എന്നാൽ ഇങ്ങനെ പറയുന്നത് പഴയ യാന്ത്രിക വാദങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ് എന്ന് ധരിക്കരുത്. ഇവിടെയാണ് പഴയ പ്രത്യക്ഷ യന്ത്രമാതൃകകളുമായി ബന്ധപ്പെട്ട യാന്ത്രികത ( Mechanical ) എന്ന സങ്കൽപ്പത്തിൽ നിന്ന് തികച്ചും ഭിന്നമായ യന്ത്രാത്മകം ( Machinic ) എന്നൊരു പുതിയ പരികൽപ്പന ദെലേസും ഗത്താരിയും അവതരിപ്പിക്കുന്നതിന്റെ പ്രാധാന്യം.

ഇതിലൂടെയാണ് സർഗാത്മകം / യാന്ത്രികം എന്ന പഴയ ദ്വന്ദ്വത്തെ അവർ മറികടക്കുന്നത്. യന്ത്രം എന്ന അവരുടെ പരികൽപ്പന അടഞ്ഞ യന്ത്രോപകരണങ്ങൾക്കപ്പുറത്തേക്ക് പോകുന്ന ഒന്നാണ്. സാധാരണ യന്ത്രോപകരണങ്ങൾ ചില നിശ്ചിത ധർമങ്ങൾ ആവർത്തിക്കുക മാത്രം ചെയ്യുന്ന അടഞ്ഞ യന്ത്രങ്ങളാണ്. എന്നാൽ ദെലേസിന്റെ ‘യന്ത്രം' എന്തിനെങ്കിലും വേണ്ടി നിർമ്മിക്കപ്പെട്ട എന്തെങ്കിലും നിശ്ചിത ധർമത്തിൽ ഒതുങ്ങുന്ന ഒരു അടഞ്ഞ സ്വത്വ രൂപമല്ല. അത് അതിന്റെ നാനാമുഖമായ തുറന്ന ബന്ധങ്ങളല്ലാതെ മറ്റൊന്നുമല്ല.

സാധാരണ യന്ത്രങ്ങളുടെ ആവർത്തിക്കുന്ന യാന്ത്രികതയിൽ നിന്ന് തികച്ചും വ്യത്യസ്തമായി മറ്റൊന്നിനും വേണ്ടി നിലകൊള്ളാതെ സ്വയം ഉൽപാദിപ്പിക്കുകയും സ്വന്തം ഉൽപന്നമായിരിക്കുകയും പരിവർത്തിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും കർത്തൃരഹിതവും സ്വത്വരഹിതമായ ഉണ്മയുടെ പ്രവർത്തനമാണ് ദെലേസിന്റെ യന്ത്രാത്മകം എന്ന പരികൽപ്പനയിൽ പ്രകടമാവുന്നത്.

അതിനാൽ യന്ത്രാത്മകത ഏതെങ്കിലും ഒറ്റപ്പെട്ട യന്ത്രത്തെയോ വ്യക്തിസ്വത്വത്തെയോ അല്ല മറിച്ച് , യന്ത്രങ്ങൾ യന്ത്രങ്ങളുമായി ഘടിപ്പിക്കപ്പെട്ട, യന്ത്രങ്ങൾ യന്ത്രങ്ങളിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ട യന്ത്രാത്മക സംഘാതങ്ങളെയാണ് ( Machinic Assemblages) പരാമർശിക്കുന്നത്.

ഭിന്നതകളെ ( Differences ) ഒഴിവാക്കുന്ന സ്വത്വ ( Identity ) സങ്കൽപ്പങ്ങളിലും സുസ്ഥിര കർത്തൃത്വ സങ്കൽപ്പത്തിലും അടിയുറച്ച ആധുനിക ‘മനുഷ്യ'നെ മറികടക്കുന്ന മനുഷ്യാനന്തര മനുഷ്യ കർതൃത്വം മനുഷ്യനും യന്ത്രങ്ങളും ജീവജാലങ്ങളും അടക്കമുള്ള മനുഷ്യേതര ( Non- human ) ഘടകങ്ങളും ഉൾച്ചേർന്ന ഒരു യന്ത്രാത്മക സംഘാതമാണ്. ഇതിൽ സംഭവിക്കുന്നത് ആധുനിക മനുഷ്യത്വത്തിന് ആധാരമായ സ്വകാര്യ വ്യക്തി സ്വത്വത്തിന്റെ തടവറയിൽ നിന്ന് ഒരു പുതിയ കർത്തൃത്വം പുറത്തു വരികയാണ്.

ഈ കർത്തൃത്വം അടഞ്ഞ സ്വത്വ ഘടനകൾ തകർക്കപ്പെടുമ്പോൾ ആവിർഭവിക്കുന്ന, ഭിന്നതകളെ ഉൾക്കൊള്ളുന്ന അനന്യതയാണ് അഥവാ അനന്യഭിന്നത( singularity) യാണ്. ഇത്തരം 'മനുഷ്യാ'നന്തര മനുഷ്യകർത്തൃത്വങ്ങൾ പ്രകൃതിയുമായും ഡിജിറ്റൽ യന്ത്രങ്ങളുമായും പരസംക്രമണങ്ങളിൽ ( Becomings ) ഏർപ്പെടാൻ കഴിയുന്ന യന്ത്രാത്മക കർത്തൃത്വങ്ങൾ ( Machinic Subjectivity )ആണ്.

സ്വാർത്ഥത്തിന്റെയും അഹങ്കാരത്തിന്റെയും സ്‌നേഹശൂന്യതയുടെയും ഇരുളടഞ്ഞ ആധുനിക മനുഷ്യ സ്വത്വങ്ങളിൽ നിന്നും മാനവരാശിയെ പുതിയ വെളിച്ചത്തിലേക്ക് നയിക്കാൻ പോന്ന ഈ യന്ത്രാത്മക കർത്തൃത്വങ്ങളുടെ ചെറുത്തു നിൽപ്പുകൾ രൂപപ്പെടുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ഡിജിറ്റൽ യന്ത്രങ്ങൾ കളിപ്പാട്ടങ്ങൾ പോലെ കൈകാര്യം ചെയ്യുന്ന കുട്ടികൾ പോലും ഇന്ന് പഴയ ലോക വ്യവസ്ഥക്കെതിരെ പുതിയ മനുഷ്യന്റെ പിറവിക്ക് വഴിയൊരുക്കുന്ന ചെറുത്തുനിൽപ്പിലാണ്.

അഞ്ച്

പാശ്ചാത്യ ആധുനിക യുഗത്തിന്റെ ‘മനുഷ്യന്' മാരകമായ പ്രഹരങ്ങളേൽപ്പിക്കുകയും പുതിയൊരു മനുഷ്യത്വത്തിന്റെ പിറവിക്ക് വഴിയൊരുക്കുകയും ചെയ്ത 1968 ലെ സ്പിനോസയുടെ ഉയിർത്തെഴുന്നേൽപ്പിനെ കുറിച്ചാണ് പറഞ്ഞു വന്നത്. എന്നാൽ പുതിയ ലോകത്തിനും മനുഷ്യനും വേണ്ടിയുള്ള ലോക ജനസാമാന്യത്തിന്റെ ചെറുത്തുനിൽപ്പുകൾ സൃഷ്ടിച്ച സംഘർഷങ്ങളെ ആഗോള മൂലധന സാമ്രാജ്യത്തിന്റെ ശക്തികൾ നവീന സാങ്കേതിക ശാസ്ത്ര വിപ്ലവത്തിന്റെ സഹായത്തോടെ പുതിയൊരു ഘട്ടത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇന്ന്.

ഉണ്മാ വ്യവഹാരതലത്തിൽ പരസ്പരം ലയിച്ചു നിൽക്കുന്ന പ്രപഞ്ച പ്രകൃതിയേയും സമൂഹ പ്രകൃതിയെയും മാനസിക പ്രകൃതിയെയും ഒരേപോലെ വിനാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത മൂലധനവുമായി ജീവിതത്തിന്റെ ശക്തികൾ ഏർപ്പെട്ടിരിക്കുന്ന ഈ സംഘർഷത്തിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് പുതിയ മാനവികതയുടെ ഉദയത്തെ കുറിച്ച് ചിന്തിക്കാനാവില്ല. ( Felix Guattari - Three Ecologies ).

മുതലാളിത്ത മൂലധനം നവീന സാങ്കേതിക ശാസ്ത്രത്തെ മുൻ നിർത്തി പഴയ പ്രത്യക്ഷ മൂർത്തരൂപങ്ങൾ കൈവെടിയുകയും ജീവിതത്തേയും പ്രകൃതിയേയും ഒന്നാകെ ഗ്രസിക്കുന്ന ഒരമൂർത്ത പരോക്ഷ ( virtual ) തീവ്ര പ്രതിഭാസമായി മാറുകയും ചെയ്തിരിക്കുന്നു. പഴയ അച്ചടക്ക സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ ശരീരങ്ങളേയും ചിന്തകളേയും അഭിരുചികളേയും ഭാവനകളേയും നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന നിയന്ത്രണ തന്ത്രങ്ങളുടെ സാങ്കേതിക വിദ്യ തന്നെ ഏറ്റവും വലിയ മൂലധന കേന്ദ്രീകരണത്തിന്റെ മേഖലയായി മാറിയിരിക്കുന്നു.

അങ്ങനെ ഇന്നത്തെ മുതലാളിത്തത്തിന് ‘വിവര മുതലാളിത്തം' (‘Data Capitalism) എന്നൊരു പേര് തന്നെ വീണിരിക്കുന്നു. ഇതോടെ പ്രകൃതിയേയും സമൂഹ ജീവിതത്തേയും ഗ്രസിക്കുന്ന ഒരു ജൈവാധികാര ശക്തി ( Bio political Power ) യായി മൂലധനം മാറിയിരിക്കുന്നു. ഒരു സാമ്പത്തിക വ്യവസ്ഥയെന്നതിനേക്കാൾ പ്രകൃതിക്കും ജീവിതത്തിനും മേലുള്ള മൂലധനാധിപത്യത്തെ കുറിക്കാൻ സമീപ കാലത്തായി രൂപപ്പെട്ട ‘Capitalocene ' എന്ന യുഗവാചിയായ പരികൽപ്പന സമകാലീന മുതലാളിത്തത്തിന്റെ സ്വഭാവത്തെ പുറത്തു കൊണ്ടു വരാൻ സഹായിക്കുന്ന ഒന്നാണ്.

എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. നവീന സാങ്കേതിക വിദ്യയുടെ കുതിപ്പ് കൊണ്ടുതന്നെ പഴയ ഫാക്റ്ററി മാതൃകയുടെ ബന്ധങ്ങളിൽ നിന്ന് പുറത്തു വന്ന അദ്ധ്വാനം പഴയ സ്ഥിര മൂലധന ( Fixed Capital ) ത്തിന്റെ സ്ഥല-കാല പരമായ ബന്ധനങ്ങളിൽ നിന്ന് കൂടി പുറത്തുവന്ന അധ്വാനമാണ് . I.C. T. അദ്ധ്വാന മേഖലയിൽ ചൂഷണം വ്യാപകവും ശക്തവുമാണെങ്കിൽ കൂടി ജീവിതവും അദ്ധ്വാനവും ഒന്നായി തീരുന്നതിലൂടെ, അങ്ങനെ യന്ത്രാത്മക കർത്തൃത്വങ്ങൾ രൂപപ്പെടുന്നതിലൂടെ ഈ പുതിയ അദ്ധ്വാനം മൂലധന ശക്തികൾക്ക് ബദലായ സംഘ ധിഷണ ( Collective Intelluct ) യുടെ ഒരു സ്വച്ഛന്ദ (Autonomous ) ശക്തിയായി രൂപാന്തരപ്പെടുക കൂടി ചെയ്യുന്നുണ്ട്.

ജീവിതത്തിന്റെ പൊതു- സ്വകാര്യ വിഭജനം തകരുകയും പുതിയ മുതലാളിത്തം ജീവിതത്തിന്റെ സമസ്ത മേഖലകളേയും ഗ്രസിക്കുകയും ചെയ്തതോടെ ആധുനിക മനുഷ്യത്വത്തെ മറികടക്കുന്ന പുതിയ യന്ത്രാത്മക കർത്തൃത്വ മാതൃക (ഫൂക്കോയുടെ ഭാഷയിൽ Dispositif ) എല്ലാത്തരം കീഴാളരേയും മനുഷ്യാനന്തര മനുഷ്യരായി ആവിഷ്‌കരിക്കാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ മൂലധനാധികാരത്തെ ചെറുക്കുന്ന ജൈവരാഷ്ട്രീയ ബദൽ അധികാരത്തിന്റെ ( bio political power ) ഒരു മുന്നണി രൂപപ്പെടുകയാണ് ഇന്ന്. ഈ കോവിഡ് കാലത്തുപോലും വ്യാപകമാവുന്ന മരണഭയത്തെ അവഗണിച്ചു കൊണ്ട് അമേരിക്കയിലെ കറുത്തവരും ബുഡാപെസ്റ്റിലെ വിദ്യാർത്ഥികളും ഇന്ത്യയിലെ കർഷകരും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്നു.

ചുരുക്കത്തിൽ, പിറവിയിലേർപ്പെട്ടിരിക്കുന്ന പുതിയ മനുഷ്യന്റെ ശക്തികളും മാഞ്ഞുപൊയ്‌ക്കൊണ്ടിരുന്ന പഴയ മനുഷ്യത്വത്തെ നിലനിർത്താൻ ശ്രമിക്കുന്ന ശക്തികളും തമ്മിലുള്ള ഒരു സംഘർഷത്തിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. ഒരു വശത്ത്, സ്വാർത്ഥ സ്വത്വത്തിന്റെ കവചങ്ങൾ വെടിഞ്ഞ് പരസ്പര പരസംക്രമണങ്ങളിലൂടെ ( Mutual Becomings ) സ്‌നേഹത്തെ രാഷ്ട്രീയശക്തിയായി തുറന്നുവിടാൻ കഴിയുന്ന യന്ത്രാത്മക കർത്തൃത്വ സംഘാതങ്ങളും അഥവാ ജനസഞ്ചയ ജനാധിപത്യ ശക്തികളും, മറുവശത്ത്, നിലനിൽപ്പിന്റെ ചട്ടക്കൂടുകൾ തകർന്ന് അമൂർത്ത വികൃതരൂപങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന പഴയ ലോകത്തിന്റെ ശക്തികളും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘർഷമാണിത്.

(ഡി.സി ബുക്‌സിനുവേണ്ടി ഡോ. പ്രസാദ് പന്ന്യൻ എഡിറ്റ് ചെയ്യുന്ന ‘ആർ യൂ ഹ്യൂമൻ?: പോസ്റ്റ് ഹ്യൂമൻ ചിന്തക്കൊരാമുഖം ' എന്ന പുസ്തകത്തിന് എഴുതിയ പ്രബന്ധം)

Comments