ബ്രിട്ടീഷ് രാജിൽനിന്ന് മോദി രാജിലേക്ക്... കർഷക സമരം ചമ്പാരന്റെ തുടർച്ചയാണ്

ഇന്ത്യയാകെ പടരുന്ന കർഷക സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിശകലനം ചെയ്ത് ട്രൂ കോപ്പി വെബ്‌സീനിൽ ബി. രാജീവൻ എഴുതിയ ‘ചമ്പാരനിൽ നിന്ന് കൊളുത്തുന്ന പുതിയ കർഷക സമരജ്വാല’ എന്ന ലേഖനത്തിൽനിന്നുള്ള ഭാഗങ്ങളാണിത്.

ബി.ജെ.പി ഗവണ്മെന്റിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ സംസ്ഥാനങ്ങളിൽ ഉയർന്നുവരുന്ന കർഷകരുടെ പ്രക്ഷോഭം പല കാരണങ്ങളാൽ ഗാന്ധി നയിച്ച കർഷക സമരങ്ങളെ ഓർമിപ്പിക്കുന്ന ഒന്നാണ്. സ്വന്തം ഭൂമിയിൽ എന്തു കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, സ്വന്തം ഉൽപ്പന്നങ്ങൾക്ക് എന്ത് വില കിട്ടണം തുടങ്ങിയ കർഷകരുടെ മൗലികമായ അവകാശങ്ങളെ നിഷ്‌ക്കരുണം എടുത്തുകളഞ്ഞ് ബ്രിട്ടീഷുകാർ ഇന്ത്യൻ കർഷകരെ അർദ്ധ പട്ടിണിക്കാരും അടിമകളുമാക്കി മാറ്റിയതിനെതിരെ ആയിരുന്നു ഗാന്ധി ചമ്പാരനിൽ നിന്ന് തന്റെ സമരത്തിന് തുടക്കം കുറിച്ചത്. ഈ തുടക്കം യഥാർത്ഥത്തിൽ ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയിൽ നിന്ന് നാടിനെ വീണ്ടെടുക്കുന്നതിനുള്ള ഇന്ത്യൻ കർഷകരുടെ പുതിയ ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കം കൂടിയായിരുന്നു.

ഇന്നിപ്പോൾ നരേന്ദ്ര മോദി ഗവൺമെന്റ് ഏകപക്ഷീയമായി പാസാക്കിയെടുത്ത കാർഷിക നിയമങ്ങൾ ചെറുകിട കർഷക സമൂഹത്തെ ആഗോള കോർപ്പറേറ്റ് മുതലാളിത്തത്തിന് പൂർണമായും അടിമപ്പെടുത്തുന്നതിനുള്ള അധികാര പത്രങ്ങളാണ് എന്നുതന്നെ പറയേണ്ടിവരും. കാരണം, ഈ നിയമങ്ങൾ നടപ്പാകുന്നതോടെ ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തെന്ന പോലെ കർഷകർക്ക് അവരുടെ ഭൂമിയിലും കൃഷിയിലും ഉൽപന്നങ്ങൾക്കും മേലുള്ള അവശേഷിക്കുന്ന അവകാശങ്ങൾ കൂടി ക്രമേണ എടുത്തു കളയപ്പെടുകയാവും ഫലത്തിൽ സംഭവിക്കുക.

സ്വതന്ത്ര വിപണി, കരാർ കൃഷി

കൊളോണിയൽ സാമ്രാജ്യവാഴ്ച കാലത്ത്, എന്ത് കൃഷി ചെയ്യണമെന്നും എന്ത് വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കണമെന്നുമുള്ള കർഷകന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള പൂർണമായ നിയന്ത്രണമാണ് അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയതെങ്കിൽ ആഗോള മൂലധന സാമ്രാജ്യത്തിന്റെ കാലത്ത് കർഷകരെ കെണിയിലാക്കുന്നത് ദരിദ്ര കർഷകർക്ക് അപ്രാപ്യമായ സ്വതന്ത്ര വിപണിയുടേയും കരാർ കൃഷിയുടേയും നടപ്പാക്കലാണെന്നുമാത്രം. അന്തിമ പരിശോധനയിൽ, നിയന്ത്രിത കമ്പോളത്തിന്റെയും നിയന്ത്രിത കൃഷിയുടെയും ഇടുക്കുതൊഴുത്തിനുള്ളിൽ ബന്ധിക്കപ്പെട്ട ചമ്പാരനിലെ കർഷകർക്ക് ബ്രിട്ടീഷ് മുതലാളിമാർ പറഞ്ഞത് മാത്രം കൃഷിയിറക്കി അവർ പറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്നെങ്കിൽ നരേന്ദ്രമോദി നടപ്പാക്കുന്ന, കർഷകർക്കപ്രാപ്യമായ സ്വതന്ത്ര കമ്പോളത്തിൽ കോർപ്പറേറ്റ് ഭീമന്മാർ വ്യവസ്ഥകൾ നിർദ്ദേശിക്കുന്നു- രണ്ട് സന്ദർഭങ്ങളിലും ഇന്ത്യൻ കർഷകർ അനുഭവിക്കേണ്ടി വരുന്ന പാരതന്ത്ര്യവും ചൂഷണവും അന്തഃസ്സത്തയിൽ ഒന്നുതന്നെയാണ്. അതിനാൽ, പുതിയ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ തുടങ്ങിയ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം നിർണായകമാണ്.

കർഷകർ പുതിയ രാഷ്ട്രീയ ശക്തിയാകുന്നു

ഇന്ന് ആഗോള മുതലാളിത്ത മൂലധനത്തിന്റെ പുതിയ കെണികളിൽ നിന്നുള്ള മോചനത്തിനായി സമരം ചെയ്യുന്ന ഇന്ത്യയിലെ കർഷകർ ദേശീയ മുതലാളിത്ത ദേശ രാഷ്ട്രത്തിലെ ‘ജനത'യെന്ന സ്വത്വത്തിൽ നിന്ന് പുറത്തുവരുന്ന ജനസഞ്ചയമാണ്. അതിനാൽ ദേശീയതയുടെ ബാധ്യതകളിൽ നിന്ന് പുറത്തുകടക്കുന്ന ഈ കർഷക സമൂഹം രാഷ്ട്രീയമായ അതിന്റെ പഴയ പരിമിതികളിൽ നിന്ന് പുറത്തേക്കു വരുന്ന ഒരു പുതിയ രാഷ്ട്രീയ ശക്തിയാണ് ഇന്ന്. സ്വാതന്ത്ര്യസമര കാലത്തെന്ന പോലെ ദേശീയ മുതലാളി വർഗത്തിന്റെ ഒരു രാഷ്ട്രീയ ചട്ടക്കൂട് അതിനാവശ്യമില്ല. ലിബറൽ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്തുവരുന്ന ഒരു പുതിയ രാഷ്ട്രീയ ശക്തിയെന്ന നിലയിൽ ആഗോള മൂലധന ശക്തികൾക്കും അതിന്റെ സാമന്ത ഭരണകൂടങ്ങൾക്കും എതിരെ സമരം ചെയ്യുന്ന കർഷക ജനസഞ്ചയം ഒരു ബദൽ ആഗോള രാഷ്ട്രീയ പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ ഈ കർഷക സമൂഹം അതിന്റെ പഴയ വർഗപരമായ പിന്നാക്കാവസ്ഥയേയും ഏകാന്തതയേയും മറികടന്നുപോകുന്നു.
അതുകൊണ്ടുതന്നെ, ആഗോള കോർപ്പറേറ്റ് ശക്തികളുടെ കാര്യസ്ഥനെന്ന നിലയിൽ നരേന്ദ്രമോദി നടപ്പാക്കാൻ പോകുന്ന കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന സമരം ഒരൊറ്റപ്പെട്ട സമരമല്ല. ജനങ്ങളുടെ ചെറുത്തുനിൽക്കുന്ന ജീവിത സ്വാധികാരത്തിന്റെ അഥവാ യഥാർത്ഥ ജനാധിപത്യത്തിന്റെ വിജയത്തിന് വേണ്ടിയുള്ള സമരമാണ്; ഗാന്ധി സ്വപ്നം കണ്ട ‘പൂർണ സ്വരാജി'നുവേണ്ടിയുള്ള സമരത്തിന്റെ തുടർച്ചയാണ്.


ലേഖനം പൂർണമായി ട്രൂ കോപ്പി വെബ്‌സീനിൽ വായിക്കാം

Download Truecopy Webzine

From Play Store |From App Store

Comments