കെ-റെയില്‍ വിഷയത്തിലെ ഭിന്നതക്കുകാരണം
പരിഷത്ത് അംഗങ്ങളുടെ സി.പി.എം ചായ്‌വ് ?
പ്രസിഡന്റ് മറുപടി പറയുന്നു
കെ റെയില്‍ വിഷയത്തിലെ ഭിന്നതക്കുകാരണം പരിഷത്ത് അംഗങ്ങളുടെ സി.പി.എം ചായ്‌വ്? പ്രസിഡന്റ് മറുപടി പറയുന്നു
സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകരില്‍ ഉണ്ടാകാം. സൈലന്റ്‌വാലി കാലത്ത് ഇല്ലാതിരുന്ന സോഷ്യല്‍ മീഡിയയുടെ സൗകര്യം അത്തരം വിയോജിപ്പുകള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതിനും അതിനു ദൃശ്യത കൈവരുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇത് ഏതെങ്കിലും രാഷ്ട്രീയ പക്ഷപാതിത്തം കൊണ്ടായിരിക്കണമെന്നില്ല. ചിലര്‍ അങ്ങനെ നിലപടെടുത്തിട്ടുമുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ബി. രമേശ് ട്രൂ കോപ്പി വെബ്‌സീനുമായി സംസാരിക്കുന്നു.
6 Oct 2022, 11:06 AM
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന നിലപാടല്ല ആദ്യഘട്ടത്തില്‍ ശാസ്ത്രസാഹിത്യപരിഷത്ത് എടുത്തിട്ടുള്ളതെന്ന് പ്രസിഡൻറ് ബി. രമേശ്. അതേസമയം, കേരളത്തിലെ ഗതാഗതം മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ സില്‍വര്‍ ലൈന്‍ ഒരു മുന്‍ഗണനാ പദ്ധതിയായി പരിഷത്ത് കാണുന്നില്ലെന്നും ട്രൂ കോപ്പി വെബ്‌സീനിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കെ റെയില്‍ വിഷയത്തില്‍ പരിഷത്തിലുള്ള അഭിപ്രായഭിന്നതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘‘കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി പരിഷത്ത് നടത്തിയ പഠനങ്ങളും ഇടപെടലുകളും പൊതുജനമധ്യത്തില്‍ നടത്തിയ ചര്‍ച്ചകളും എല്ലാം വച്ച് രൂപീകരിച്ചിട്ടുള്ള ഗതാഗതനയത്തില്‍ നിലവിലുള്ള റെയില്‍വേ പാതയിരട്ടിപ്പിച്ചും ശക്തിപ്പെടുത്തിയും സിഗ്നല്‍ സംവിധാനം ആധുനികവല്‍ക്കരിച്ചും ഒരു ഗതാഗത ബാക്ക് ബോണ്‍ ഉണ്ടാവണം എന്ന് നിര്‍ദേശിക്കുന്നുണ്ട്. നിലവില്‍ ആ പാതയ്ക്കു സമാന്തരമായി ആകാവുന്നത്ര വളവുകള്‍ നിവര്‍ത്തി അര്‍ദ്ധ അതിവേഗ ഇരട്ടപ്പാതയുടെ സാധ്യതയാണ് ആരായേണ്ടത്. അത്തരം പഠനങ്ങള്‍കൂടി നടക്കേണ്ടതുണ്ട്. ഒപ്പം നടക്കേണ്ട ദേശീയപാതാ വികസനവും (നാലുവരി-ആറുവരി) സംസ്ഥാന പതയുടെയും ജില്ലാ- താലൂക്ക്- ഗ്രാമീണ റോഡുകളുടെ വികസനവും പരിഗണിക്കണം. ഇതിന്റെ വിശദാംശങ്ങളും പരിഷത്ത് ചര്‍ച്ചചെയ്തിട്ടുണ്ട്. ഇങ്ങനെ കേരളത്തിന്റെ വികസനവും, ഗതാഗതപ്രശ്നങ്ങളും ദീര്‍ഘകാലമായി പഠിച്ചും, ചര്‍ച്ച ചെയ്തും, ജനങ്ങളോട് സംവദിച്ചുകൊണ്ടുമിരിക്കുന്ന പരിഷത്തിന് ആദ്യ ഘട്ടത്തില്‍ തന്നെ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പ്രാഥമികമായി അഭിപ്രായം പറയാന്‍ ബാധ്യതയുണ്ട്. അന്ന് പദ്ധതിയുടെ ഡി. പി. ആര്‍ നല്‍കാന്‍ കെ റെയില്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. നേരത്തെ സൂചിപ്പിച്ചപോലെ കേരളത്തിന്റെ ഗതാഗത രംഗത്തെക്കുറിച്ചും, കേരള വികസനത്തെക്കുറിച്ചും പരിഷത്ത് നടത്തികൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് സില്‍വര്‍ ലൈന്‍ കേരളത്തിന്റെ ഗതാഗത വികസനത്തില്‍ ഒരു മുന്‍ഗണനയല്ല എന്ന പ്രാഥമിക നിലപാടുണ്ടാകുന്നത്. അങ്ങനെ ഒരു അഭിപ്രായം പറയുമ്പോള്‍ത്തന്നെ, സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും പരിഷത്ത് തയ്യാറാവുകയായിരുന്നു. നിരവധി ചര്‍ച്ചകള്‍ക്കും, അവതരണങ്ങള്‍ക്കും ശേഷമാണ് സംഘടന ആ നിലപാട് സ്വീകരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകരില്‍ ഉണ്ടാകാം. സൈലന്റ്‌വാലി കാലത്ത് ഇല്ലാതിരുന്ന സോഷ്യല്‍ മീഡിയയുടെ സൗകര്യം അത്തരം വിയോജിപ്പുകള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതിനും അതിനു ദൃശ്യത കൈവരുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇത് ഏതെങ്കിലും രാഷ്ട്രീയ പക്ഷപാതിത്തം കൊണ്ടായിരിക്കണമെന്നില്ല. ചിലര്‍ അങ്ങനെ നിലപടെടുത്തിട്ടുമുണ്ട്. പരിഷത്തിന്റെ സവിശേഷഘടനയ്ക്കുള്ളില്‍ തികഞ്ഞ ജനാധിപത്യ സംവാദങ്ങള്‍ക്ക് ആവോളം സാധ്യതയുണ്ട്. ആശയപരമായ അത്തരം സംവാദങ്ങള്‍ പരിഷത്ത് നിലപാടുകള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തുന്നതായാണ് കണ്ടിട്ടുള്ളത്.''

‘‘സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പരിഷത്ത് തുടങ്ങിയ പഠനം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. റിപ്പോര്‍ട്ടും ഉടന്‍ പ്രസിദ്ധീകരിക്കാനാകും. അതുനല്‍കുന്ന പുതിയ അറിവ് സംഘടനയ്ക്കകത്തും പൊതുസമൂഹത്തിലും കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും എന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ വെളിച്ചത്തില്‍ പരിഷത്ത് നിലപാടും കൂടുതല്‍ വ്യക്തമാകും. അങ്ങനെയാണ് ഒരു ജനാധിപത്യ സമൂഹത്തില്‍ നിലപാടുകള്‍ ഉണ്ടാകേണ്ടത്.''
‘‘പരിഷത്ത് അംഗങ്ങളുടെ രാഷ്ട്രീയചായ്‌വ് എന്തുതന്നെയായാലും ഒരു വിഷയത്തിലെ സംഘടനാ നിലപാട് രൂപപ്പെടുന്നത് ആ വിഷയത്തിലെ ശാസ്ത്രീയ ധാരണകളുടെ അടിസ്ഥാനത്തിലാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ജനകീയശാസ്ത്ര പ്രസ്ഥാനമായിരിക്കുന്നത് സയന്‍സിന്റെ രീതീശാസ്ത്രമുപയോഗിച്ച് സാമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെ വിശകലനം ചെയ്തും പഠിച്ചും വിവിധ ചര്‍ച്ചകളിലൂടെയും സുതാര്യമായ ആശയ വിനിമയത്തിലൂടെയും തികച്ചും ജനാധിപത്യപരമായി അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതുകൊണ്ടും ഇടപെടല്‍ നടത്തുന്നതുകൊണ്ടുമാണ്. ഈ നിലപാടുകള്‍ പരമാവധി തെളിവുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും എന്നതാണ് ഒരു പ്രത്യേകത. സംവാദാത്മകതയാണ് ഈ രീതിയുടെ മറ്റൊരു സവിശേഷത. സയന്‍സില്‍ അന്തിമമായ അറിവുകളില്ലാത്തപോലെ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ നിലപാടുകള്‍ പുതുക്കുന്നതിനും സംഘടനയ്ക്ക് യാതൊരു മടിയുമില്ല. സാധാരണഗതിയില്‍ പരിഷത്ത് പ്രവര്‍ത്തകര്‍ ആര്‍ജിക്കുന്ന ഒരു സ്വഭാവ ഗുണവും ഈ തുറന്ന സംവാദാത്മകതയാണ്.''
‘‘സമൂഹത്തെ ബാധിക്കുന്ന ഏതു നയരൂപീകരണത്തിന്റെ കാര്യത്തിലും, അവ എത്രകണ്ട് രാഷ്ട്രീയമായ തീരുമാനങ്ങളാണെങ്കിലും, ‘എവിഡന്‍സ് ബേസ്ഡ്' ആയിരിക്കണം എന്നാണ് പരിഷത്ത് വിശ്വസിക്കുന്നത്. അങ്ങനെയാണ് സമൂഹത്തില്‍ അറിവ് പ്രവര്‍ത്തിക്കേണ്ടതും സമൂഹത്തെ മാറ്റിത്തീര്‍ക്കേണ്ടതും. എന്നാല്‍ ഇങ്ങനെ അറിവുകള്‍ നിര്‍മിക്കപ്പെടാത്ത ധാരാളം മേഖലകള്‍ സമൂഹവുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളിലുണ്ട്. അവിടങ്ങളിലൊക്കെ അറിവ് നിര്‍മിക്കുക എന്നത് ശാസ്ത്രത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന കാര്യമാണ്. ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരിഷത്ത് ചെയ്യാന്‍ ശ്രമിക്കുന്നത് ഈ മേഖലകളില്‍ ശാസ്ത്രത്തിന്റെ ജനകീയ പ്രയോഗത്തിനാണ്. ഇതാണ് പരിഷത്ത് നിലപാടുകളുടെ രാഷ്ട്രീയം നിര്‍ണയിക്കുന്നത്. ദരിദ്രഭൂരിപക്ഷത്തിനോടൊപ്പം നിന്ന് അത്തരം വിഷയങ്ങളെ സമീപിക്കുന്നു എന്നതാണ് ആ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തെയാണല്ലോ നമ്മള്‍ ലെഫ്റ്റ് എന്നു വിളിക്കുന്നതും. അങ്ങനെ നോക്കുമ്പോള്‍ പരിഷത്തിന്റെ നിലപാടുകള്‍ പരിഷത്തിന് ഒരു ബാധ്യത ആവേണ്ടതില്ല. സംഘടന അതിന്റെ അടിസ്ഥാന ചുമതലകള്‍ നിര്‍വഹിക്കുന്നത് ഒരു ബാധ്യതയായി കണക്കാക്കാന്‍ ആവില്ല എന്നു മാത്രമല്ല, അതാണ് പരിഷത്തിനെ പ്രസക്തമാക്കുന്നതും.''
‘‘ഏതൊരു വിഷയത്തെ സംബന്ധിച്ചും പരിഷത്ത് അഭിപ്രായം രൂപീകരിക്കുന്നത് ആ മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രീയപഠനങ്ങള്‍ പരിശോധിച്ചു കൊണ്ടാണ്. വേണ്ടത്ര പഠനങ്ങള്‍ ഇല്ലാത്തപ്പോള്‍ ആ മേഖലയുമായി ബന്ധപ്പെട്ട് പരിഷത്ത് മുന്‍പ് എടുത്തിരിക്കുന്ന നിലപാടുകളും, ചര്‍ച്ചകളും, ലഭ്യമായ പുതിയ വിവരങ്ങളും പരിശോധിക്കും. പലപ്പോഴും പുതിയ പഠനം തന്നെ ആവശ്യമായി വരാറുണ്ട്. ആ മേഖലയിലെ വിദഗ്ദ്ധന്മാരും, സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പഠനം നടത്താനുള്ള സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതപ്പോഴാണ്. ഇത്തരത്തില്‍ വരുന്ന പഠന വിവരങ്ങള്‍ സംഘടനയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ചചെയ്താണ് പരിഷത്ത് നിലപാടുകളിലേക്ക് എത്തുന്നത്.''
‘‘ഈ രീതിയില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ പലപ്പോഴും ‘ജനസമ്മിതി' ഉള്ളവയാവണമെന്നില്ല. ധാരാളം എതിര്‍പ്പും ക്ഷണിച്ചുവരുത്താം. പക്ഷേ സംഘടനയെ സംബന്ധിച്ച് ഏറെ പ്രധാനം ആ നിലപാടുകളിലേക്ക് എത്തിയ ശാസ്ത്രീയതയും അത് രൂപീകരിച്ച പ്രക്രിയയിലെ സുതാര്യതയും ജനാധിപത്യപരതയും തന്നെയാണ്. സൈലന്റ്? വാലി പ്രക്ഷോഭകാലത്താണ് പരിഷത്തിന്റെ ഈ രീതിക്ക് പാകത വന്നത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അന്ന് സംഘടനയ്ക്കുള്ളില്‍നടന്ന ആദ്യ ചര്‍ച്ചകളില്‍ അതൊരു വികസന പദ്ധതിയാണ് എന്നതുകൊണ്ട് അതിനെ അംഗീകരിക്കണം എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ഉണ്ടായിരുന്നത്. എന്നാല്‍ സസ്യശാസ്ത്രജ്ഞനായ പ്രൊഫ. എം.കെ. പ്രസാദാണ് സൈലൻറ് വാലിയുടെ മറ്റ് പാരിസ്ഥിതിക പ്രാധാന്യങ്ങള്‍ കൂടി സംഘടനയ്ക്കു മുമ്പില്‍ എത്തിക്കുന്നത്. അങ്ങനെയാണ് ഈ വിഷയം പഠിക്കുന്നതിന് സംഘടന അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തുന്നതും ആ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതും. ഉഷ്ണമേഖല മഴക്കാടുകളെ കുറിച്ച് ലോകത്തിന്റെ പല ഭാഗത്തും ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. സൈലന്റ്‌വാലിയെക്കുറിച്ച് വനഗവേഷണ സ്ഥാപനത്തിന്റെ പഠനവും, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുടെ റിപ്പോര്‍ട്ടുകളും ലഭ്യമായിരുന്നു. ഇവയെല്ലാം പരിശോധിച്ച് മഴക്കാടുകളെ സംബന്ധിച്ച സയന്‍സ് മനസിലാക്കി സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഒരു മള്‍ട്ടി ഡിസിപ്ലിനറി പഠനമായിരുന്നു അതെന്നു പറയാം. രസകരമായ കാര്യം സൈലന്റ്? വാലി പദ്ധതിയെ അനുകൂലിച്ചിരുന്ന പി.ടി. ഭാസ്‌കരപണിക്കരാണ് ആദ്യമായി പ്രസാദ് മാഷോട് അതിന്റെ മറുവശം അവതരിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. ഇത് സംഘടനക്കുള്ളില്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും സൂചനയായി കാണാം. സൈലന്റ് വാലിയില്‍ പരിഷത്ത് എത്തിച്ചേര്‍ന്ന നിലപാടിനോട് അക്കാലത്തെ ഇടതുപക്ഷ കക്ഷികളില്‍പെട്ട നിരവധിപേര്‍ യോജിപ്പ് പ്രകടിപ്പിച്ച് കൂടെ നിന്നിരുന്നു. അന്ന് എതിര്‍ചേരിയിലുണ്ടായിരുന്ന പലരും പിന്നീട് അന്നത്തെ തങ്ങളുടെ നിലപാട് ശരിയായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. സൈലൻറ് വാലി പദ്ധതി ഒരിക്കലും നടപ്പാക്കരുത് എന്നല്ല അന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പറഞ്ഞത്. അത് നടപ്പാക്കിയാല്‍ മാത്രമേ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പറ്റൂ എന്നുണ്ടെങ്കില്‍ അത് നടപ്പാക്കുക തന്നെ വേണം. എന്നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ട് എങ്കില്‍ അവ പരിശോധിക്കണം. അവ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം സൈലൻറ് വാലി പദ്ധതിയേക്കാള്‍ കുറവാണെങ്കില്‍ അതാണ് പരിഗണിക്കേണ്ടത്. അതിനുശേഷം മാത്രമേ ഇര്‍-റിവേഴ്‌സിബിള്‍ ആയ മാറ്റങ്ങള്‍ അതീവ പരിസ്ഥിതി പ്രധാനമായ ഒരു ഇടത്തില്‍ മനുഷ്യന്‍ ഉണ്ടാക്കാവൂ. പ്രത്യേകിച്ചും അത് ഭാവി തലമുറകളെ കൂടി ബാധിക്കുന്ന ഒന്നാകുമ്പോള്‍. ഒരുപക്ഷേ, സൈലൻറ് വാലി കാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നുവെങ്കില്‍ ഇന്നത്തെക്കാള്‍ കൂടുതല്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പഴി കേള്‍ക്കേണ്ടിവരുമായിരുന്നു. ചുരുക്കത്തില്‍, എന്ത് നിലപാട് എടുക്കുന്നു എന്നതിനേക്കാള്‍ നിലപാടിലേക്ക് എത്തിച്ചേരുന്ന ശാസ്ത്രീയവും ജനാധിപത്യപരവുമായ രീതിയിലാണ് പരിഷത്ത് ഊന്നുന്നത്. അതിനാല്‍ എത്തിച്ചേരുന്ന നിലപാടുകള്‍ക്ക് മേല്‍പ്പറഞ്ഞ പിന്‍ബലം ഉണ്ടെങ്കില്‍ അതായിരിക്കും ആ ശാസ്ത്രീയ നിലപാടുകളുടെ പ്രതിരോധവും കരുത്തും. അതുകൊണ്ടാണ് എത്ര വിവാദങ്ങളുണ്ടായാലും, വിഴിഞ്ഞം പദ്ധതി പോലെ, തികച്ചും വിപരീതമായ രാഷ്ട്രീയതീരുമാനങ്ങള്‍ ഉണ്ടായാലും, ഭാവിയില്‍ സമൂഹം ആ നിലപാടുകള്‍ വീണ്ടും പരിഗണിച്ചേ മതിയാകൂ എന്നുവരുന്നത്. ഈ ബോധ്യങ്ങളാണ് പരിഷത്ത് പ്രവര്‍ത്തകരെ സമ്മര്‍ദ്ദങ്ങളുള്ളപ്പോഴും ഉറച്ചുനില്‍ക്കാന്‍ പ്രാപ്തമാക്കുന്നത്.''

‘‘സംവാദാത്മകത നിലനിര്‍ത്തേണ്ട ഒരു സിവില്‍ സമൂഹത്തിന്റെ ശോഷണമാണ് അത് കാണിക്കുന്നത്. പരിഷത്തിന്റെ ഇടപെടല്‍ മേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം, ലിംഗതുല്യത, വികസനം, പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് ആഘോഷത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന പല അഭിപ്രായങ്ങളും ഇടതുപക്ഷ നിലപാടുകളല്ല എന്ന് പറയേണ്ടിവരും. വികസനം എന്ന വാക്കില്‍ അതിലെ ജനപക്ഷ സമീപനം അല്ലെങ്കില്‍ ഭൂരിപക്ഷ പരിഗണന ഉള്‍ച്ചേര്‍ന്നിരുന്നു. ഇന്നാകട്ടെ അത് ഒരു ഉപരി- മധ്യ വര്‍ഗ വിഷയമായി മാത്രം ചര്‍ച്ചചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. പരിഷത്തിന്റെ വികസന കാഴ്ചപ്പാട് നേരത്തെ വിശദീകരിച്ചിരുന്നല്ലോ. മുന്‍പൊക്കെ വികസനം എന്ന് പറയുമ്പോള്‍ അത് ആരുടെ വികസനം? എന്തുതരം വികസനം? എന്തിന്റെ വികസനം? എങ്ങനെയുള്ള വികസനം? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ അതിനോട് ബന്ധപ്പെട്ട് ഉയരുമായിരുന്നു. ആ ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. എന്നാല്‍ ഇന്ന് അത്തരം ചോദ്യങ്ങള്‍ ഉയരുന്നത് വികസന വിരുദ്ധമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ അന്തരീക്ഷം ഒരിക്കലും ഇടതുപക്ഷ സംവാദാത്മകതയെ അംഗീകരിക്കുന്നതല്ല. അതുകൊണ്ടാണ് ഇടതുപക്ഷ വിരുദ്ധം എന്ന് പറയേണ്ടി വരുന്നത്.''
ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിഡൻറ് ബി. രമേശുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 97
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read