എന്തിനാണ്​ സിനിമയോടു മാത്രം ഇത്ര വിവേചനം?

ബാറുൾപ്പടെയുള്ള സ്ഥാപനങ്ങൾ 11 മണിവരെ തുറക്കുന്നുണ്ട്. പക്ഷെ തിയറ്റർ മാത്രം 9 മണിക്ക് അടയ്ക്കണമെന്ന് പറയുന്നത് മനസ്സിലാവുന്നില്ല- ഷോകൾക്കുള്ള കർശന നിയന്ത്രണം മൂലം സർക്കാർ സിനിമ മേഖലയ്ക്ക് ഈയിടെ പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും പ്രയോജനപ്പെുത്താൻ കഴിയുന്നില്ലെന്ന്​ സംവിധായകനും ഫെഫ്​ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്​ണൻ

അലി ഹെെദർ: കോവിഡിനെതുടർന്ന്​ അടച്ച തിയറ്ററുകൾ കഴിഞ്ഞ മാസം തുറന്നത് സിനിമ വ്യവസായത്തിന് ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച സിനിമകൾ ഓരോന്നായി മാറ്റിവെക്കുകയാണ്​. ഇപ്പോഴും പ്രതിസന്ധിയുണ്ടോ?

ബി.ഉണ്ണികൃഷ്ണൻ :സർക്കാർ കുറച്ച് ആനുകൂല്യങ്ങൾ റിലീഫ് പാക്കേജായി പ്രഖ്യാപിച്ചു. മാർച്ച് 31 വരെ വിനോദനികുതി ഒഴിവാക്കി. കെട്ടിട ലൈസൻസ്, എക്‌സ്ബിഷന് വേണ്ട ലൈസൻസ് ഇതിന്റെയൊക്കെ കാലാവധിക്ക് എക്‌സംപ്ഷൻ കൊടുത്തിരുന്നു. വൈദ്യുതി ചാർജ്ജ് തവണകളാക്കി. ഇവയെല്ലാം സഹായകരമായ നിലപാടായിരുന്നു. പക്ഷെ അതിന്റെ ഐറണി എന്നു പറഞ്ഞാൽ, ഇതൊന്നും നമുക്ക് ഫലത്തിൽ പ്രയോജനപ്പെടുന്നില്ല. എന്റർടെെൻമെന്റ് കിഴിവാകട്ടെ, ഇലക്​ട്രിസിറ്റി കിഴിവാകട്ടെ ഇതൊക്കെ ഷോ ശരിയായി റൺ ചെയ്യുമ്പോഴാണ് പ്രയോജപ്പെടുക. പല തിയറ്ററുകളും അടഞ്ഞ് കിടക്കുകയാണ്. 60 ശതമാനത്തോളം സ്‌ക്രീനുകൾ പ്രവർത്തിക്കുന്നില്ല. പ്രവർത്തിക്കുന്നത് വലിയ നഷ്ടത്തിലുമാണ്. സിറ്റിയിലൊക്കെ തിയറ്ററുകൾ തുറക്കേണ്ടത് കൊണ്ട് തുറക്കുന്നു എന്നേയുള്ളൂ. തിരുവനന്തപുരത്തും എറണാകുളത്തും പല തിയറ്ററുകളും പ്രവർത്തിക്കുന്നില്ല. 50 % ആളെ വെച്ച്​ മൂന്ന് ഷോ മാത്രം നടത്താം എന്നു പറയുമ്പോൾ ഫലത്തിൽ വൺ ബൈ തേർഡ് ആവും കളക്ഷൻ, അതിനും താഴെയാകും. അവിടെ ഈ ജി.എസ്.ടിയൊക്കെ വരുമ്പോൾ ബാക്കി ഒന്നും ഉണ്ടാവില്ല.

മറ്റൊന്ന് കേരളത്തിൽ, ഏറ്റവും കൂടുതൽ കളക്ഷൻ സെക്കൻഡ്​​ ഷോയ്ക്കാണ്. സെക്കൻറ്​ ഷോ ആണ് പലപ്പോഴും പടങ്ങളെ പിടിച്ചു നിർത്തുന്നത്. അതില്ലെന്ന് വരുമ്പോൾ പല വലിയ റിലീസുകളും മാറ്റിവെക്കേണ്ട സാഹചര്യം വരും. എന്നാൽ, ഇതിന്റെയൊരു മാനദണ്ഡവും മനസ്സിലാവുന്നില്ല. ബാറുൾപ്പടെയുള്ള സ്ഥാപനങ്ങൾ 11 മണിവരെ തുറക്കുന്നുണ്ട്. പക്ഷെ തിയറ്റർ മാത്രം 9 മണിക്ക് അടയ്ക്കണമെന്ന് പറയുന്നത് മനസ്സിലാവുന്നില്ല.

സെക്കൻഡ്​​ ഷോ അനുവദിക്കാതിരിക്കാൻ എന്ത് കാരണമാണ് സർക്കാർ പറയുന്നത്. ?

കോവിഡ് വ്യാപനം തന്നെയാണ് കാരണമായി പറയുന്നത്. പക്ഷെ അതിന്റെ യുക്തി മനസ്സിലാവുന്നില്ല. അങ്ങനെയാണെങ്കിൽ ബാക്കിയുള്ള സ്ഥലത്തും ഈ വ്യാപനം സംഭവിക്കേണ്ടതാണല്ലോ. അതല്ല അതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് നമുക്ക് അറിയില്ല. വേണ്ടത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ അങ്ങനൊരു തീരുമാനത്തിൽ സർക്കാർ എത്തിയത് എന്നതിനെ കുറിച്ച് സംശയമുണ്ട്​.

ഇത് മറികടക്കാൻ സംഘടനാപരമായി എന്തെങ്കിലും ഇടപെടൽ നടത്തിയിരുന്നോ?

എത്രയോ തവണ, തൊഴിലാളി സംഘടനകൾ സംസാരിച്ചിട്ടുണ്ട്. ബാക്കി എല്ലാ സംഘടനകളും നിവേദനം കൊടുത്തിട്ടുണ്ട്. ഇളവ് അനുവദിക്കില്ല എന്നാണ് കേരള സർക്കാർ നിലപാട്. ചീഫ് സെക്രട്ടറിയെ സംഘടനാ ഭാരവാഹികൾ കാണുന്നുണ്ട്.

പ്രശ്‌നം പരിഹരിക്കാനുള്ള എന്തെങ്കിലും നിർദേശങ്ങൾ കൈയിലുണ്ടോ?

സെക്കൻഡ്​​ ഷോയോടുകൂടി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്നില്ലല്ലോ. അതാണ്​ ഓപറേഷൻ ജാവ, മാസ്റ്റർ പോലുള്ള സിനിമകൾ നമുക്ക് കാണിച്ചു തന്നത്. തിയറ്ററുകളിൽ സിനിമ കാണാൻ തയാറുള്ള ഒരു വിഭാഗം ഇപ്പോഴുമുണ്ട്. സെക്കൻഡ്​ ഷോ കൂടി വന്നുകഴിഞ്ഞാൽ കോവിഡ് പ്രോട്ടോക്കോൾ കൂടി പാലിച്ച് സുരക്ഷിത സാഹചര്യത്തിൽ സിനിമ കാണാൻ പറ്റും എന്ന നിലവന്നാൽ ഒന്നോ രണ്ടോ മാസം കൊണ്ട് സിനിമ ഇന്റസ്ട്രി പഴയതുപോലെയാകും, തിരിച്ചുവരും.

എന്നാൽ, ഇതേ അവസ്ഥ തുടരുകയാണെങ്കിൽ ഇൻഡസ്ട്രി ഫംഗ്ഷൻ ചെയ്യില്ല. ചീഫ്​ സെക്രട്ടറിയുമായുള്ള മീറ്റിംഗ് കഴിയുമ്പോൾ ബഹുഭൂരിപക്ഷം തിയറ്ററുകളും അടക്കാൻ സാധ്യതയുണ്ട്. പിന്നെദി പ്രീസ്​റ്റ്​, വൺ പോലുള്ള വലിയ സിനിമകളൊക്കെ തള്ളിപ്പോവാൻ സാധ്യതയാണ് ഇപ്പോഴുള്ളത്.
ഇന്ത്യയിലെ വേറൊരു സംസ്ഥാനത്തിനും ഇത്തരം പ്രശ്​നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നില്ല. തമിഴ്‌നാട്ടിലൊക്കെ നൂറ് ശതമാനം ഒക്യുപെൻസിയിൽ എല്ലാ ഷോയും നടത്തുന്നുണ്ട്. ഇതുമൂലം അവിടെ കോവിഡ് വ്യാപനം ഉണ്ടായതായി അറിവില്ല. ഇതേ അവസ്ഥയാണ് തെലങ്കാനയിലും ആന്ദ്രയിലുമൊക്കെയുള്ളത്. ഷോ നിയന്ത്രണം കർശനമായുള്ളത് മഹാരാഷ്ട്രയിൽ മാത്രമാണ്. കാരണം അവിടെ കോവിഡ് കേസ് വളരെ കൂടുതലാണ്. തെലങ്കാനയിലോ കർണാടകയിലോ ചെന്നൈയിലോ നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിലോ ഇത് ബാധകമല്ല.

ഒരു എയർകണ്ടീഷൻ ബാറിൽ 11 മണിവരെ മദ്യം സെർവ് ചെയ്യുകയാണെങ്കിൽ അവിടെ സാമൂഹിക അകലം എത്ര പാലിക്കപ്പെടും എന്നത് നമുക്ക് ആലോചിക്കാവുന്നതാണ്. ഇലക്ഷൻ പ്രചാരണം നോക്കൂ. അത് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്ന മാനദണ്ഡം പാലിച്ചാണോ നടക്കുന്നത്. ഒരിക്കലുമല്ലല്ലോ. എന്താണ് സിനിമയോട്​ ഭയങ്കര വിവേചനം കാണിക്കുന്നത് എന്ന് മനസിലാവുന്നില്ല.

ഈ മേഖലയിലെ തൊഴിലാളികൾ എങ്ങനെയാണ്​ ജീവിക്കുന്നത്​?

തിയറ്ററുകൾ നിശ്ചലമായാൽ സ്വാഭാവികമായും പ്രൊഡക്ഷൻ മൊത്തം നിശ്ചലമാകും. പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളികളുണ്ട്, തിയറ്റർ തൊഴിലാളികളുണ്ട്. ഇതൊരു ചെയിൻ ആണ്​. അവരുടെ കാര്യം വലിയ കഷ്ടമാണ്. മാ​ത്രമല്ല, ​മേഖലക്ക്​ വലിയ സാമ്പത്തിക നഷ്ടം വരും. പലരും സിനിമ പൂർത്തിയാക്കി കാത്തിരിക്കുകയാണ്​. ഫണ്ടിന്റെ പലിശയൊക്കെ വല്ലാതെ കേറിക്കൊണ്ടിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളൊ മറ്റ് ബാങ്കുകളൊ പണമിടപാട് സ്ഥാപനങ്ങളോ സിനിമയ്ക്ക് ഫണ്ട് ചെയ്യാറില്ല. എല്ലാം പ്രൈവറ്റ് ഫൈനാൻസാണ്. അവരുടെ പലിശ താങ്ങുന്നതിനുമപ്പുറമാണ്. അവർക്കിതൊന്നും അറിയേണ്ട കാര്യമില്ലല്ലോ. ഓരോ മാസം കഴിയുന്തോറും അതിങ്ങനെ മൗണ്ട് ചെയ്തുവരികയാണ്. പലരും നിന്നനിൽപ്പിൽ ഇല്ലാതാവാനുള്ള ചാൻസ് വരെയുണ്ട്. ഒരു വ്യവസായം മൊത്തമായി തകരുകയാണ്. തൊഴിലാളികൾക്ക് പ്രശ്‌നമുണ്ട്. മുതൽമുടക്കുന്നവർക്ക് പ്രശ്‌നമുണ്ട്. എല്ലാവർക്കും പ്രശ്‌നമുണ്ട്.

ഈയിടെ തിയറ്ററിൽ റിലീസ് ചെയ്ത സിനിമകൾ ലാഭകരമാണോ ?

ഞങ്ങളുടെ കണക്കനുസരിച്ച്, ഓപറേഷൻ ജാവ ഇപ്പോൾ കലക്ട് ചെയ്തതിന്റെ ഇരട്ടി കളക്ട് ചെയ്യുമായിരുന്നു, സെക്കൻഡ്​ ഷോ ഉണ്ടായിരുന്നെങ്കിൽ. കാരണം ഇവിടെ രാവിലെ ​ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ്​ ഷോ. ഈ സമയത്ത്​ഷോ കാണാൻ ആരു വരാനാണ്? അത് ഒഴിവാക്കി 11 മുതൽ 11 വരെ തന്നാൽ മതി. കുറച്ചുകൂടി ലോജിക്കലായ സംഗതിയാണത്. 9 മുതൽ 9 എന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്ന സമയക്രമമല്ല. ഇത് ഈ വ്യവസായത്തെ സംബന്ധിച്ച്​ തീരെ പ്രായോഗികമല്ലാത്തതാണ്.

കുടുതൽ ഒ.ടി.ടി സിനിമകൾ വരുന്നുണ്ട്. ദൃശ്യം 2 പോലെ നല്ല തിയറ്റർ എക്സ്പീരിയൻസ് സാധ്യതയുള്ള സിനിമകൾ വരെ ഒ.ടി.ടിയെ ഫസ്റ്റ് ഓപ്ഷൻ ആയി കാണുന്നത് തിയറ്റർ വ്യവസായത്തെ ഏത് തരത്തിലാണ് ബാധിക്കുന്നത്.

അടുത്ത കാലത്ത്​, ഒ.ടി.ടി പ്ലാറ്റ്​ഫോമിന്​ ഗുണമുണ്ടാക്കാൻ പറ്റയിത് ദൃശ്യം 2 വിലൂടെയാണ്​. ബാക്കിയൊന്നും അത്ര ഗുണകരമായില്ല. അവർ പറയുന്നത് വലിയ താരങ്ങളുടെ വലിയ സിനിമകൾ മാത്രമേ താൽപര്യമുള്ളൂ എന്നാണ്. ദൃശ്യം 2 മൂന്ന് വലിയ ബ്രാന്റുകൾ കൂടിച്ചേരുന്നതാണ്. മോഹൻലാൽ എന്ന താരം, ദൃശ്യം എന്ന ബ്രാൻറ്​, ജിത്തു ജോസഫ് സംവിധായകൻ. ഇതുപോലെ എല്ലാ സിനിമകൾക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. പ്രൊക്യുവർമെൻറ്​ വലിയ സിനിമകൾക്ക് മാത്രമേ ഉണ്ടാവുകയുള്ളു. ഒ.ടി.ടി ഒരു ബദൽ എന്ന സാധ്യതയൊക്കെ ഏതാണ്ട് അടഞ്ഞ മട്ടാണ്.

ദൃശ്യം 2 തിയറ്ററിലായിരുന്നു റിലീസ്​​ ​ചെയ്​തിരുന്നത്​ എങ്കിൽ തിയറ്റർ വ്യവസായത്തിന്​ ഉണർവുണ്ടായേനെ എന്ന അഭിപ്രായം പലരും പങ്കുവെയ്ക്കുന്നത് കണ്ടു, എന്ത് തോന്നുന്നു?

അങ്ങനെ ഹൈപ്പോത്തറ്റിക്കൽ ആയി സംസാരിക്കാൻ എനിക്ക് അറിയില്ല. കാരണം രണ്ടും രണ്ട് കാഴ്ചയാണ്. മെയ് 13ന്​ മരക്കാർ എന്ന പടം തിയറ്ററിൽ എത്തുന്നതോടെ വലിയൊരു ഷോക്ക് വേവ് ആവും. അത് ഉറപ്പിച്ചു പറയാം. ആ സിനിമ ടാബ്ലറ്റുകളിൽ കാണേണ്ട പടം അല്ലല്ലോ. വലിയ കാഴ്ചയുള്ള, വലിയൊരു ക്യാൻവാസിലുള്ള പടമാണ്. അതായിരിക്കാം ഒരു പക്ഷെ മലയാള സിനിമയിലേക്ക് വലിയ രീതിയിൽ ആളുകളെ തിരിച്ചുകൊണ്ട് വരാൻ പോകുന്ന സിനിമ. അതുപോലെ മഹേഷ് നാരായണൻ ഒരുക്കിയ ഫഹദിന്റെ മാലിക്ക്. ഈ രണ്ട് സിനിമകൾ മേയിലേക്ക് ചാർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് മെയ് വളരെ നിർണായകമാണ് മലയാള സിനിമയെ സംബന്ധിച്ച്. ഈ രണ്ട് സിനിമ വർക്ക് ചെയ്തു കഴിഞ്ഞാൽ ഇന്റസ്ട്രി തിരിച്ചുവരും. അല്ലെങ്കിൽ പിന്നെയും പ്രശ്‌നമുണ്ടാകും.

കൊറോണ സമയത്ത് ഞാൻ ഒരു സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. അത് വലിയൊരു സിനിമയാണ്. മോഹൻലാലാണ് നായകൻ. എല്ലാ വർക്കും പൂർത്തീകരിച്ച് രണ്ട് മാസത്തിനുള്ളിൽ റിലീസ് ചെയ്യാൻ പറ്റും, പക്ഷെ ഓണത്തിനാണ് അത് റിലീസ് ചെയ്യാൻ വിചാരിക്കുന്നത്. അത്രയും ആളുകളിലേക്ക് എത്തണമെന്ന് ആഗ്രഹമുള്ളത് കൊണ്ടാണത്.

ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം കുത്തകവൽക്കരണത്തെയും മൂലധനാധിനിവേശത്തെയും ശക്​തമാക്കും എന്ന ആശങ്കയുമുണ്ട്​.

ഒ.ടി.ടി പ്ലാറ്റുഫോമുകൾ തുറന്നുകൊടുക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും ചർച്ച നടന്നപ്പോൾ ട്രൂ കോപ്പി തിങ്കിലൂടെ തന്നെ ഞാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിപ്പോൾ ശരിയായി വരുന്നു. അത് വലിയ രീതിയിലുള്ള മൊണോപോളി മാർക്കറ്റിലേക്ക് കൊണ്ടുവരുന്നു. മൂലധന കേന്ദ്രീകൃതമാകുന്നു. അവർ ഡിക്‌റ്റേക്ട് ചെയ്യാൻ തുടങ്ങുന്നു. അവർ വെക്കുന്ന നിബന്ധനകൾക്കനുസച്ചായിരിക്കണം സിനിമ എന്നൊക്കെ വരുന്നു. അതൊരു പ്രശ്നം തന്നെയാണ്.

പുതിയ ഒ.ടി.ടിയുടെ സാധ്യത എത്രത്തോളമാണ്​?

ഒരു പ്ലാറ്റ്​ഫോം ഡെവലപ്പ് ചെയ്യുക എന്നത് ചെറിയ കാര്യമല്ല. സാങ്കേതികമായി വലിയ സപ്പോർട്ട് വേണം. എല്ലാ രീതിയിലും സ്‌ട്രോങ്ങ് ആയിരിക്കണം. പ്രൊക്യുർമെന്റിന് വേണ്ട ക്യാപ്പിറ്റൽ നമ്മുടെ കയ്യിൽ വേണം. നിങ്ങൾക്ക് 50 സിനിമയോ 100 സിനിമയോ വാങ്ങി നിങ്ങളുടെ ബ്രാന്റ് ബിൽഡ് ചെയ്യേണ്ട സമയമുണ്ടല്ലോ. അതിന് മൂന്നോ നാലോ അഞ്ചോ വർഷമെടുക്കും. ആമസോണായാലും നെറ്റ്ഫ്‌ളിക്‌സ് ആയാലും അവർക്ക് ആ ക്യാഷ് റിസർവുണ്ട്. അവർ വലിയൊരു തുക കൊടുത്ത് ലുസിഫറോമാസ്റ്ററോ എടുക്കുമ്പോൾ അത് മുഴുവനും ആ പടത്തിൽ നിന്ന് റിയലെയ്​സ്​ ചെയ്യാം എന്നല്ല, അവരുടെ പ്ലാറ്റ്​ഫോം ബിൽഡിംഗിന്റെ ഭാഗമായ വെയിറ്റിംഗ് ഗെയിംമാണവരുടേത്​. നമുക്ക് അങ്ങനൊരു പ്ലാറ്റ്​ഫോം നിർമിച്ചെടുക്കണമെങ്കിൽ, ഇതൊക്കെ നമ്മുടെ മുമ്പിലുള്ള വെല്ലുവിളികളാണ്. അതൊക്കെ മറികടന്ന് വരാനാകുമോ എന്നത് എനിക്ക് അറിഞ്ഞൂടാ. ക്രൗഡ് ഫംണ്ടിങിലൂടെ ചിലരൊക്കെ അതിന് ശ്രമിക്കുന്നുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. അതൊക്കെ നടക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

ഒ.ടി.ടി (ഓവർ ദ് ടോപ്) സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?

ഞാൻ സെൻസർഷിപ്പിനെ അനുകൂലിക്കുന്ന ആളല്ല. അപ്പോൾ ഇതിനെ കുറിച്ച് പറയണോ. ഇന്നത്തെ സാഹചര്യത്തിൽ ഒരു ഇടപെടലിനുപോലും സാധ്യതയില്ലാത്ത കാര്യമാണ്. അത്രത്തോളം ഒരു കൺസൻസസോ ചർച്ചയോ ഇല്ലാതെയല്ലേ ഇത് ഡെവലപ്​ ചെയ്യുന്നത്. ഇവിടെ സു​പ്രീംകോടതി തന്നെ ഇൻസ്ട്രക്ഷൻ കൊടുക്കുന്നു, നിങ്ങൾ കുറേ കൂടി റെഗുലേറ്റ് ചെയ്യൂ എന്ന്. അത്തരത്തിലുള്ളൊരു കാലത്ത് നമുക്ക് എന്താണ്​ ചെയ്യാൻ പറ്റുക.

ഐ.എഫ്.എഫ്.കെ ഇത്തവണ നാല് സ്ഥലങ്ങളിലായിട്ടാണ് നടത്തിയത്. സ്ഥിരം വേദി ഉണ്ടാകുന്നതാണോ പല വേദികളിലായി നടത്തുന്നതാണോ ഏതാണ് നല്ലത്​. ഇത് മാതൃകയാക്കാൻ പറ്റുമോ ?

രണ്ടും രണ്ട് സാധ്യതകളാണ്, ഒന്ന് സിനിമ ഫെസ്റ്റിവൽ എന്ന ഒറ്റ വികാരത്തോടു കൂടി ഒരു സ്ഥലത്ത് കൃത്യമായ തിയതിയിൽ എല്ലാവരും ഒന്നിച്ച് ചേരു​േമ്പാൾ അതിലൊരു മതാത്മകതയുണ്ട്. അതിന് അതിന്റേതായൊരു കമ്മിറ്റ്‌മെൻറ്​ കാണാൻ കഴിയും. അതേസമയം, മറ്റൊരു പോസിബിലിറ്റിയുള്ളത്, നമ്മൾ പല സ്ഥലങ്ങളിലാകു​േമ്പാൾ, ആ ഇടങ്ങളിലെല്ലാം ഒരു ചലച്ചിത്ര സംസ്‌ക്കാരം വരികയാണ്. അതിന് അതിന്റേതായ ഗുണങ്ങളുമുണ്ട്. ഒരു പക്ഷെ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നതാകാം ലോംഗ് ടേം നല്ലത് എന്നുതോന്നുന്നു.

ചലച്ചിത്ര അക്കാദമിയിൽ അടുത്തകാലത്തായി രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാകുന്നുണ്ട്. താൽക്കാലിക ജീവനക്കാരെ സ്​ഥിരപ്പെടുത്താൻ കമൽ സർക്കാറിന്​ എഴുതിയ കത്തും എറണാകുളത്ത്​ ചലച്ചിത്രമേളയിൽ സലീം കുമാറിനെ മാറ്റിനിർത്തിയതുമൊക്കെ. പ്രത്യക്ഷത്തിലുള്ള ഇത്തരം രാഷ്ട്രീയ പക്ഷപാതിത്വം അക്കാദമിക്ക് അഭികാമ്യമാണോ ?

എല്ലാത്തിനും രാഷ്ട്രീയമുണ്ടല്ലോ. രാഷ്ട്രീയമില്ലാത്തതായി ഒന്നുമില്ല. പക്ഷെ അതിനെ സങ്കുചിത കക്ഷിരാഷ്ട്രീയത്തിലേക്ക് ചുരുക്കുന്നത് നിർഭാഗ്യകരമാണ്. അത് എവിടെ സംഭിവിച്ചാലും ശരിയല്ല. വിശാലമായ പുരോഗമന രാഷ്ട്രീയം അക്കാദമിക്ക് വേണ്ടതാണ്. അത് എല്ലാത്തിനും വേണ്ടതാണ്. അതിന്റെ വസ്തുതതകൾ നേരിട്ട് അറിയാവുന്നതുകൊണ്ട് കൂടുതൽ കമന്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. സഹപ്രവർത്തകരോടൊക്കെ സംസാരിച്ചതിലൂടെ അത് ഇങ്ങനെ പെരുപ്പിക്കേണ്ട ഒരു പ്രശ്‌നം ആയിരുന്നില്ല, അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. പെരുപ്പിക്കപ്പെട്ടതുതന്നെ എന്തോ ഒരു താൽപര്യത്തിന്റെ പേരിലാണ്.

കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സിനിമക്കാർ രാഷ്ട്രീയം പറയുന്നുണ്ട് ഇപ്പോൾ, അതിനെ എങ്ങനെ നോക്കിക്കാണുന്നു.

എല്ലാവർക്കും രാഷ്ട്രീയമുണ്ടല്ലോ, രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. അത് സിനിമയിൽ പ്രവർത്തിച്ചു എന്നുള്ളതുകൊണ്ട് ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെടേണ്ട കാര്യമില്ല. പക്ഷെ സിനിമയിൽ പ്രവർത്തിച്ചത് കൊണ്ട് മാത്രം അത് കിട്ടേണ്ട കാര്യവുമില്ല. നമ്മൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോൾ നമ്മൾ നമ്മളെത്തന്നെ വിലയിരുത്തേണ്ടതായിട്ടുണ്ട്. ഒരു ജനപ്രതിനിധി അല്ലെങ്കിൽ പാർലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ ഞാൻ യോഗ്യനാണോ, ഇതുവരെയുള്ള ജോലി എന്താണ്, എന്റെ പ്രവൃത്തി എന്താണ്, ഇനി അങ്ങോട്ടുള്ള എന്റെ ജിവിതം എന്തയിരിക്കും... അങ്ങനെ കുറച്ച് ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കിട്ടുന്നവർ അതിനകത്തേക്ക് വരട്ടെ എന്നു തന്നെയാണ് എന്റെ നിലപാട്. സിനിമയിൽ പ്രവർത്തിച്ചു എന്നതുകൊണ്ടുമാത്രം എനിക്ക് അങ്ങനൊരു ലൈസൻസ് കിട്ടണമെന്നില്ല. പിന്നെ എല്ലാവർക്കും രാഷ്ട്രീയമുണ്ട്. ഇപ്പൊ കൂടുതൽ കൂടുതൽ അതിനകത്തേക്ക് വരുന്നു, പ്രചാരണത്തിന് ഇറങ്ങുന്നു എന്നത് നല്ല കാര്യമായി തോന്നുന്നു.

Comments