വിഷുവിളക്കും
മാപ്പിളവിലക്കും
വിഷുവിളക്കും മാപ്പിളവിലക്കും
കാഞ്ചീപുരത്ത് വെച്ച ബോര്‍ഡിലും മല്ലിയോട്ടെ ബോര്‍ഡിലും "ഹിന്ദു' ആരാധനാലയമേ അല്ലാത്ത ജഗന്നാഥ ക്ഷേത്രത്തില്‍ വെച്ച ബോര്‍ഡിലും അക്ഷരങ്ങളേ വ്യത്യസ്തമാകുന്നുള്ളൂ. അര്‍ത്ഥം ഒന്നു തന്നെ! സി. പി. എമ്മും ഡി. വൈ. എഫ്. ഐയും പുരോഗമന കലാസാഹിത്യസംഘവുമെല്ലാം മല്ലിയോട്ടെ ഈ ബോര്‍ഡുവെപ്പിനെ അപലപിച്ചിട്ടുണ്ട് എന്നത് നല്ലതുതന്നെ. പക്ഷെ അജ്ഞാനോദയ യോഗങ്ങളുടെ കുങ്കുമ വര്‍ണങ്ങള്‍ ഇന്ന് കുറേശ്ശയെങ്കിലും കുഞ്ഞിമംഗലത്തിന്റെ ചുകപ്പിലും ലയിച്ചു ചേരുന്നുണ്ട്.
16 Apr 2022, 06:53 PM
കണ്ണൂര്‍ മല്ലിയോട്ട് പാലോട്ട് കാവില്‍ "മുസ്‌ലിംകള്‍ക്ക് ക്ഷേത്രപറമ്പില്‍ പ്രവേശനമില്ല' എന്ന ബോര്‍ഡ് വെച്ച വിവാദം രണ്ടു വര്‍ഷമായി തുടരുകയാണ്. കാവുകളിലും ക്ഷേത്രങ്ങളിലും ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല.' എന്ന ബോര്‍ഡ് സാധാരണമാണ്. കേരളത്തിനുള്ളത് കൊടി കെട്ടിയ നവോത്ഥാന ചരിത്ര പശ്ചാത്തലമാണെങ്കിലും മതത്തിനു പുറത്തുള്ളവര്‍ക്ക് എന്നും ക്ഷേത്രത്തില്‍ പ്രവേശനമില്ലാത്തതില്‍ അസാധാരണമായൊന്നും ഇതില്‍ ആരും കണ്ടിരിക്കില്ല. ജാതിയുടെയും മതത്തിന്റെയും ഉച്ചനീച സങ്കല്പത്തില്‍ സ്ഥാപിക്കപ്പെട്ട ശ്രേണീ ബന്ധം നിലനിര്‍ത്തുന്ന ഈ മലയാളനാട്ടിലല്ലാതെ ജാതി -മത തിരിച്ചറിയല്‍ കാര്‍ഡു കാട്ടി മാത്രം ദേവസന്നിധി പൂകേണ്ട നിര്‍ബന്ധം അന്യസംസ്ഥാനങ്ങളിലൊന്നുമില്ല എന്നാണറിവ്.
കൊണ്ടാടപ്പെടുന്ന വിശാലഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷത്തിനും കേരള ക്ഷേത്രങ്ങളില്‍ തന്നെ ജാതീയമായി പ്രവേശിക്കാന്‍ പറ്റാത്ത, അവരാരും ഹിന്ദുവായിക്കഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്താണ് ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ സ്റ്റേറ്റ് ഇടപെടുന്നത്. നാരായണ ഗുരു ഈഴവർക്ക്സ്വന്തമായി ശിവനെ ഉണ്ടാക്കി പ്രതിഷ്ഠിച്ചതിനുമപ്പുറത്ത് ഗുരുശിഷ്യനായ ആനന്ദതീര്‍ത്ഥന്‍ തീയർക്ക് കര്‍മാധികാരമുള്ള പാലോട്ട് കാവുകളിലും തൈരയും കുഴിത്തുറയും പോലുള്ള ക്ഷേത്രങ്ങളിലും ഈഴവരിലും കീഴ്‌നിലയിലുള്ളവരുടെ കൈ പിടിച്ച് ഒരുപോലെ ചെന്ന് തല്ലുകൊണ്ടതിന്റെ കൂടി നീക്കു ബാക്കിയാണ് കേരളീയ നവോത്ഥാനത്തിന്റെ ഇളന്തല ഭാഗം.

ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് കാലമേറെയായിട്ടും ദലിതജനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന മല്ലിയോട്ടുകാവില്‍ സ്ഥിതി മാറിയത് ആനന്ദ തീര്‍ത്ഥന്റെ ശ്രമം കൊണ്ടു മാത്രമായിരുന്നില്ല. അധികമാരുമറിയാത്ത പള്ളിക്കോല്‍ കുഞ്ഞിരാമന്‍ എന്ന കുഞ്ഞിമംഗലംകാരന്‍ തന്നെയായ സോഷ്യലിസ്റ്റുകാരനായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളുമുണ്ട്. ഊരുവിലക്കും സമുദായഭ്രഷ്ടും നേരിട്ട അദ്ദേഹത്തിന്റെ അവസാന കാലം അഴീക്കോടായിരുന്നുവത്രേ. അക്കാലത്തൊരിക്കല്‍ പാമ്പുകടിയേറ്റ കുഞ്ഞിരാമനെ കാണാന്‍ പോയ കുഞ്ഞിമംഗലത്തെ ചങ്ങാതിമാരോട് ‘മല്ലിയോട്ട് സമരം നടത്തിയതിന് കിട്ടിയ ദൈവശിക്ഷയെന്ന് നാട്ടില്‍ കഥയുണ്ടാക്കി കഴിഞ്ഞിരിക്കും അല്ലേ ' എന്ന് ഇദ്ദേഹം തമാശയായി പറഞ്ഞത് നാട്ടുമിത്തുകളുടെ ജന്മരഹസ്യം കൂടിയാണ്.
കുഞ്ഞിമംഗലത്തെ അബ്ദുള്‍ ഖാദര്‍ എന്ന കമ്യൂണിസ്റ്റ്കാരനായ ഒരു നാട്ടുമനുഷ്യന്‍ സത്തയുള്ള കാര്യങ്ങള്‍ പറയുകയും യുക്തിഭദ്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിനാല്‍ ആകണം "സത്ത്' എന്ന വിളിപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് സ്വകാര്യ സ്വത്തില്ലെന്നും ഭാര്യമാരെപ്പോലും പങ്കുവെക്കുമെന്നും ‘മാനിഫെസ്റ്റോ’
യില്‍ ഇങ്ങനെ പറയുന്നെന്നും കുഞ്ഞിമംഗലത്തെ ഒരു പൊതുയോഗത്തില്‍ വടക്കനച്ചന്‍ പതിവുപോലെ പ്രസംഗിച്ചപ്പോള്‍ കയ്യിലെ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ ഉയര്‍ത്തിക്കാട്ടി, ഇതില്‍ എവിടെയാണ് അങ്ങനെ പറഞ്ഞത് എന്ന് പരസ്യമായി ചോദ്യം ചെയ്ത് അച്ചനെ നാണം കെടുത്തി വിട്ടയാളാണ് അബ്ദുള്‍ ഖാദര്‍. കുഞ്ഞിമംഗലത്തിന്റെ വിമതപാരമ്പര്യം ഇങ്ങനെയൊക്കെയാണ്.

ആര്യദൈവങ്ങള്‍ക്ക് കീഴടങ്ങാത്തതിനാല്‍ പീഠപ്രതിഷ്ഠ ലഭിക്കാത്തവരും ബ്രഹ്‌മത്വം പറിച്ചെറിഞ്ഞ് വെന്ത കാലുമായി നാടുതെണ്ടവേ കീഴാളര്‍ തങ്ങളുടെ കുടിയിരിപ്പുകളിലേക്ക് കൈപിടിച്ചു കയറ്റിയവരുമാണ്
ദ്രാവിഡദൈവങ്ങള്‍. കുഞ്ഞിമംഗലത്തെ മറ്റൊരു പ്രധാന ദേശദേവതയായ പൂമാല ഏഴു കടലുതാണ്ടിയെത്തിയ പെണ്ണാണ്. അവള്‍
നൂറ്റെട്ടഴി കടക്കുമ്പോഴും മരക്കലത്തിന്റെ അണിയത്തിരുന്നത് പൂമാരുതനാണ്.
ഇതേ പൂമാലയുടെ തന്നെ മറ്റൊരു സങ്കല്പകഥയില്‍
ആര്യപ്പൂങ്കന്നിയായറിയപ്പെട്ട പൂമാല ആരിയക്കരയില്‍ നിന്ന് എഴുന്നള്ളിയ മരക്കലത്തിന്റെ കപ്പിത്താന്‍ ബപ്പിരിയനെന്ന മാപ്പിളയാണ്. അതേ ആരിയക്കരയില്‍ നിന്നു തന്നെയാണ് മല്ലിയോട്ടേക്ക് പാലോട്ട് ദൈവവും മരക്കലത്തിലേറിയും മെയ്യോലക്കുടപ്പുറത്തേറിയും എത്തിയത് എന്നാണ് ഉത്ഭവപുരാവൃത്തം. അണ്ടലൂരിലെ ശ്രീരാമനും പാലോട്ടെ മത്സ്യ രൂപത്തിനും തുണയായുണ്ടായതും "ബപ്പൂരാന്‍ 'തന്നെ; പുതിയ ഹൈന്ദവ വിശ്വാസി ബപ്പൂരാനെ ഹനുമാനാണെന്നൊക്കെ പറയുമെങ്കിലും. "മരക്കലവേറി വന്ന ദേദപ്പെട്ട ഒരു ഉമ്മയാണ് ആര്യപ്പൂങ്കന്നി. അവരുടെ കപ്പിത്താനായ ഭര്‍ത്താവാണ് ബപ്പൂരാന്‍ ' എന്നാണ് കളിയാട്ടമെന്ന ഗ്രന്ഥത്തിലൂടെ വടക്കന്‍ കേരളത്തില്‍ നാടോടി വിജ്ഞാന പഠനത്തിന് തുടക്കമിട്ട സി. എം. എസ്. ചന്തേര പറയുന്നത്.
പുരാവൃത്തം വിട്ട് ചരിത്രത്തിലേക്ക് പോയാല്‍ ബ്രാഹ്‌മണ്യം ശൂലത്തില്‍ കുത്തി നിര്‍ത്തി ചിത്രവധം ചെയ്ത ശ്രമണമത വിശ്വാസികളായ ഒരു സമൂഹത്തില്‍ നിന്നു ചിതറിത്തെറിച്ച് അളമുട്ടിയലഞ്ഞവരാണ് തീയരും മാപ്പിളയുമായത് എന്ന് കാണാനാകും. "ബൗദ്ധര്‍ 'എന്നുകൂടി മാപ്പിളമാര്‍ വിളിക്കപ്പെട്ടിരുന്നു. തലമുറകള്‍ ചവിട്ടി നടന്നുപോയ ആ മണ്ണില്‍ ഒന്നു ചെവി ചേര്‍ത്ത് വെക്കുക, മാപ്പിളയുടെയും തീയരുയുമെല്ലാം പൊതുപൂര്‍വികരായ ഒരു കുതി ഞരമ്പ് ആലംബമറ്റ് നിലവിളിച്ചൊഴുകുന്ന ചോരച്ചെത്തം കേള്‍ക്കാം.
നാരായണ ഗുരു സ്ഥാപിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ 1977 ലെ ഒരു സമ്മേളനത്തില്‍ പ്രഫ. നബീസ ഉമ്മാളും ബിഷപ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയും പങ്കെടുത്തിരുന്നു. ജ്ഞാനോദയ യോഗം എന്ന ആര്‍. എസ്. എസ് നിയന്ത്രിത ക്ഷേത്ര സംരക്ഷണക്കമ്മറ്റി അടുത്ത വര്‍ഷം അവിടെ "പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം' എന്ന ബോര്‍ഡ് വെപ്പിച്ചു. അതിനും മുമ്പെ മുഹമ്മദീയര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് അവിടെ ഉണ്ടായിരുന്നുവെന്ന ഒഴികഴിവിന്‍ പുറത്താണ് ഇങ്ങനെ ചെയ്തതത്രേ. പഴകിയ ആചാര നൂലുകളെ കമ്പി ചേര്‍ത്തുകെട്ടി ബലപ്പെടുത്തലാണ് തലശ്ശേരിയില്‍ സംഭവിച്ചത്. അതും നാരായണ ഗുരു പ്രതിഷ്ഠിച്ച ജഗന്നാഥക്ഷേത്രമെന്ന സോദരത്വേന വാഴേണ്ട മാതൃകാ ക്ഷേത്രത്തില്‍.
അക്കാലത്ത് തീയര്‍ക്ക് സവര്‍ണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കപ്പെട്ടിരുന്നുമില്ല. തീയരുടെ പാലോട്ടു കാവുകള്‍ അന്ന് ക്ഷേത്രമായി മാറിയിരുന്നുമില്ല. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ പഴകി ചായമിളകിപ്പോയ, 2021 ല്‍ തന്നെ വിവാദമായ ആ ബോര്‍ഡ് 22 ലും വിഷുവിളക്ക് പ്രമാണിച്ച് പുതുക്കം വരുത്തി വീണ്ടും നാട്ടിവെച്ചിരിക്കുന്നതിലെ വിരോധാഭാസം അവിടെയാണ്.
മല്ലിയോട്ടുള്ളത് പാലോട്ട് കാവാണ്. പാലോട്ട് കാവുകള്‍ എന്നാല്‍ ദ്രാവിഡ വേരുള്ള കാവാണ്. വൈദിക ക്ഷേത്രമല്ല. മത്സ്യാവതാരത്തിലുള്ള വിഷ്ണുവാണ് പാലോട്ട് ദൈവമെന്നാണ് സങ്കല്പം. കാവിലെ തെയ്യാട്ടമെന്ന കളിയാട്ടത്തില്‍ ആര്‍ക്കും വിലക്കില്ല എന്നതാണ് വടക്കിന്റെ വിവേക വിശാലത. തീയരുടെ മാത്രമായ പാലോട്ടു കാവുകളില്‍ - കുഞ്ഞിമംഗലമൊഴികെ അഴീക്കോട്, കീച്ചേരി, അതിയടം തുടങ്ങിയ ഇടങ്ങളിലോ പാലോട്ട് ദൈവത്തിന്റെ സങ്കല്പഭേദമായ ദൈവത്താര്‍ ആരാധിക്കപ്പെടുന്ന അണ്ടലൂര്‍ കാവിലോ കാപ്പാട്ട് കാവിലോ "മാടായി നഗര'മെന്ന് പേര്‍ ചൊല്ലി വിളിക്കപ്പെടുന്ന മുഹമ്മദീയരോട് ഈ തരത്തില്‍ "മാപ്പിള വിലക്ക് ' ഇല്ലതാനും.

വടക്കന്‍ കേരളത്തിലെ ഏതു തെയ്യക്കാവിലും മാടായി നഗരക്കാരായ മാപ്പിളമാര്‍ ഇടപെടുന്നതു പോലെ തന്നെ മല്ലിയോട്ടും മാപ്പിളമാര്‍ വ്യവഹരിച്ചിരുന്നു.
മല്ലിയോട്ട് പാലോട്ടുകാവില്‍ പത്തമ്പത് കൊല്ലം മുമ്പ് വരെ മുസ്‌ലിം ജനത ഇടപെട്ടത് മറ്റു കാവുകളിലേതുപോലെ തന്നെയാണെന്നാണ് ഗ്രാമവൃദ്ധന്മാര്‍ പറയുന്നത്. മേടം അഞ്ചിന് കളിയാട്ടാനന്തരം പാലോട്ട് നടക്കുന്ന മീന്‍ ചന്ത അന്നും ഇന്നും പ്രസിദ്ധമാണ്. മീന്‍ കച്ചവടക്കാര്‍ മിക്കവരും മുസ്‌ലിം മതസ്ഥരാണുതാനും. തെയ്യം പള്ളിയറ മുറ്റം വിട്ട് മതിലിനുപുറത്ത് വരികയും അമ്പലപ്പറമ്പിലെ മാപ്പിളക്കച്ചവടക്കാര്‍ പാലോട്ട് ദൈവത്തെ തൊഴുത് കുറി വാങ്ങുകയും ചെയ്ത് വന്നിരുന്നത്രേ അക്കാലത്ത്. മത്സ്യാവതാര ദൈവം മത്സ്യോപജീവികളായ മാപ്പിളമാര്‍ക്ക് അനുഗ്രഹം നല്കുന്ന ആ കാഴ്ച അവസാനിപ്പിച്ചതിനു പിന്നില്‍ എന്തായിരിക്കും കാരണമെന്ന് വ്യക്തമായറിയില്ല. ആറേഴു പതിറ്റാണ്ടുകള്‍ക്കിപ്പുറത്തുണ്ടായ ഏതോ നാട്ടുപ്രശ്‌നമാണ് ഒരു മത വിഭാഗത്തെ പേരെടുത്തു പറഞ്ഞുള്ള ഈ വിലക്കിനു പിന്നിലെന്ന് പറയപ്പെടുന്നു. മാപ്പിള നാമധാരികളായ ഒരു തെമ്മാടിക്കൂട്ടം പണ്ടൊരു കളിയാട്ടക്കാലത്ത് നടത്തിയ ആശാസ്യമല്ലാത്ത പ്രവൃത്തിയെത്തുടര്‍ന്നുണ്ടായ വിലക്കെന്നും വിമോചന സമരകാലത്ത് ലീഗ് സ്വീകരിച്ച സമീപനത്തോട് കാവും കമ്യൂണിസവും ഒന്നിച്ചു കൊണ്ടുപോയ ഒരു നാട് കാണിച്ച പ്രതികാരമെന്നും ഈ വിലക്കിന്റെ വേര് തിരഞ്ഞ ചിലര്‍ പറയുന്നുണ്ട്.
ഒറ്റയ്ക്കു പോയാല്‍ തടയുമെങ്കിലും കുടുംബസമേതം മുസ്‌ലിംകള്‍ക്കും വിഷു വിളക്കിന് പോകാം എന്ന ഔദാര്യ പൂര്‍വമായ അനുവാദം ഒന്നാമത്തെ വാദത്തിന് സാധൂകരണമായി ഇവിടെ നിലനില്ക്കുന്നുമുണ്ട്. കുടുംബമില്ലാത്ത മുസ്‌ലിം പുരുഷന്മാരെല്ലാം ശല്യക്കാരാണ്. കുടുംബസ്ഥനായാലും അല്ലെങ്കിലും ക്രിസ്ത്യാനിക്കും ഹിന്ദുവിനും ഏത് ഡിങ്കമതസ്ഥനും ഈ തകരാറില്ല എന്നുമുള്ള വെറുക്കപ്പെടേണ്ട സമീകരണം ഇവിടെ വന്നു പെടുന്നു എന്ന ഗുരുതരമായ ശരികേടുണ്ട്. രാമന്തളിയില്‍ പതിറ്റാണ്ടുകള്‍ മുമ്പ് നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ തിരിച്ചടിയായി കുഞ്ഞിമംഗലത്ത് മുസ്‌ലിംകളുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടിരുന്നത്രേ. അതുകൊണ്ട്, രണ്ടാമത്തെ കാരണം പോലൊരു രാഷ്ട്രീയ കാരണമാവാം ഈ വിലക്കിനു പിന്നില്‍ എന്ന് കരുതുന്നതിന്റെ പൂരകയുക്തിയായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു രണ്ടും ശരിയാവണമെന്നുമില്ല. ഇന്നലത്തെ അബദ്ധം ഇന്നിന്റെ ആചാരമായാല്‍ അതിനെ ന്യായീകരിക്കാന്‍ കഥകള്‍ ഉണ്ടാക്കുകയെന്നത് നാട്ടായ്മയുടെ സഹജസ്വഭാവമാണ്. നാട്ടുമിത്തുകള്‍ അങ്ങനെയാണ് ഉണ്ടാവുന്നത്. ഏതുകാരണം കൊണ്ടായാലും യുക്തിരഹിതവും ജനാധിപത്യ ലോകത്തില്‍ ഒരു നാടിന് പേരുദോഷമുണ്ടാക്കുന്നതുമായ ഈ നാട്ടുനടപ്പിനെ നാട്ടുകൂട്ടത്തിന് പുതിയ തീരുമാനങ്ങള്‍ കൊണ്ട് തിരുത്താവുന്നതേ ഉള്ളൂ. അതിനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.

ഇനി മല്ലിയോട്ട് സവര്‍ണ ദേവാലയങ്ങളിലേതുപോലെ ക്ഷേത്രാചാരം ബാധകമായ ഇടമാണെങ്കില്‍ തന്നെ ക്ഷേത്ര മതിലിനുപുറത്തെ ക്ഷേത്രപ്പറമ്പ് വിലക്കുന്നതിന് വിശ്വാസത്തിന്റെതായ ന്യായം പോലുമില്ല. അരനൂറ്റാണ്ടു മുമ്പ് അക്കാലത്ത് വിശാലഹിന്ദുവായിക്കഴിഞ്ഞിട്ടില്ലാത്ത പുലയര്‍ക്കുകൂടി ക്ഷേത്രപ്രവേശനമാവശ്യപ്പെട്ട് ആനന്ദ തീര്‍ത്ഥന്‍ പ്രക്ഷോഭം നടത്തിയ ഒരു ആരാധനാലയം കൂടിയാണ് ഇത്. തീയര്‍ ക്ഷേത്രത്തിനുപുറത്തായപ്പോള്‍ ഗുരു സ്വന്തം നിലയില്‍ ക്ഷേത്രം പണിതു. ജാതിയുടെ അര്‍ത്ഥശൂന്യത പറഞ്ഞു. ശിഷ്യനാകട്ടെ പുലയനെയും ക്ഷേത്രത്തില്‍ കയറ്റാന്‍ ഏറെ ദേഹദണ്ഡങ്ങള്‍ ഏറ്റുവാങ്ങി.
പുരോഗമന ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലെ കുതിരുമ്മലും മല്ലിയോടും തലായിയും വടക്കുംപാടും ഉള്‍പ്പെടുന്ന നാലൂര് സമുദായികളുടെ തലയിലെ നിലാവസ്തമിച്ച് നേരം വെളുക്കുമ്പോള്‍ അവരനുവദിച്ച് മാപ്പിളമാര്‍ കാവില്‍ കയറുകയോ കയറാതിരിക്കുകയോ ചെയ്യട്ടെ. ഇക്കാര്യത്തില്‍ ഒരു സര്‍ക്കാര്‍ തീരുമാനമോ കോടതി ഉത്തരവോ വരാനില്ല. വരേണ്ട കാര്യവുമില്ല. ആരെയും വിലക്കുന്ന കീഴ്വഴക്കമല്ല തെയ്യക്കാവുകളിലെ കളിയാട്ടത്തിന്റേത്. പക്ഷെ ഇവിടെ മുസ്‌ലിം എന്ന് എടുത്ത് പറഞ്ഞ് അപരവത്കരിക്കുകയും മറ്റ് "അഹിന്ദു'ക്കള്‍ക്ക് അത് ബാധകമാകാതിരിക്കുകയും ചെയ്യുമ്പോള്‍ വടക്കിന്റെ സാംസ്‌കാരിക വിവേകത്തിനു വിരുദ്ധമായ നിലപാടായിത്തീരുന്നു അത്. "നോമ്പുകാലത്ത് പള്ളീല്‍ പോകാതെ മാപ്പിളാരെന്തിന് കാവില്‍ ചുറ്റിത്തിരിയുന്നു' എന്ന തീവ്രമതബോധത്തില്‍ നിന്നു വരുന്ന ഇതിന്റെ മറുസാധൂകരണവും കൂടി ചേരുമ്പോള്‍ ഇരുവശവും ഒറ്റച്ചിത്രം തന്നെ കമ്മട്ടപ്പെടുത്തിയ മതമൗലികതയുടെ നാണയങ്ങള്‍ ഗൂഢമായി കിലുങ്ങുന്നു. പള്ളിയും കാവിലും ഒന്നുപോലെ വ്യവഹരിച്ച് വളര്‍ന്ന, മതത്തെ മനുഷ്യബന്ധങ്ങളില്‍ ഒരു തരത്തിലും ഇടപെടുത്താത്ത വടക്കന്‍ നാട്ടിലെ ദീനിയായ നാട്ടു മനുഷ്യന് ഇത് വേദനയുണ്ടാക്കുന്നു. അഭിമാനക്ഷതവും.
ഗുരുവിന്റെ ദര്‍ശനത്തിനു വിരുദ്ധമായ അറിയിപ്പ് ബോര്‍ഡ് നീക്കാന്‍ സ്വാമി ആനന്ദതീര്‍ത്ഥന്‍ നടത്തിയ ഉപവാസത്തെ തുടര്‍ന്ന് തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരത്തെ ബോര്‍ഡ് 1978 ഫെബ്രുവരിയില്‍ നീക്കപ്പെട്ടു. ആനന്ദതീര്‍ത്ഥന്റെ പ്രവര്‍ത്തന മണ്ഡലമായ കാഞ്ചീപുരത്ത് സ്ഥാപിക്കപ്പെട്ട
"ആദി ദ്രാവിഡര്‍ക്കും കുഷ്ഠരോഗികള്‍ക്കും പ്രവേശനമില്ല' എന്ന മറ്റൊരു ബോര്‍ഡ് നീക്കം ചെയ്യാന്‍ 1950 കളില്‍ അദ്ദേഹം നടത്തിയ തീവ്ര ശ്രമങ്ങള്‍ അന്ന് ഫലം കണ്ടതുമില്ല. കുഞ്ഞിമംഗലത്ത് ആണ്ടാം കൊവ്വലില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബോർഡ് നശിപ്പിക്കുകയും മർദ്ദിക്കുകയും ആണ് ചെയ്തത്. പണ്ട് കണ്ടോത്ത് ക്ഷേത്ര പരിസരത്ത് എ. കെ. ഗോപാലനുനേരെ ഉയര്‍ന്ന ഉലക്കകളും കുറുവടികളും ഒക്കെ റിപ് വാന്‍ വിങ്കിളിന്റെ ഉറക്കം വിട്ടുണര്‍ന്ന് വീണ്ടും ഊര്‍ജസ്വലരാകുന്നതിന്റെ ലക്ഷണമാണ് കാണുന്നത് .

കാഞ്ചീപുരത്ത് വെച്ച ബോര്‍ഡിലും മല്ലിയോട്ടെ ബോര്‍ഡിലും "ഹിന്ദു' ആരാധനാലയമേ അല്ലാത്ത ജഗന്നാഥ ക്ഷേത്രത്തില്‍ വെച്ച ബോര്‍ഡിലും അക്ഷരങ്ങളേ വ്യത്യസ്തമാകുന്നുള്ളൂ. അര്‍ത്ഥം ഒന്നു തന്നെ!
സി. പി. എമ്മും ഡി. വൈ. എഫ്. ഐയും പുരോഗമന കലാസാഹിത്യസംഘവുമെല്ലാം മല്ലിയോട്ടെ ഈ ബോര്‍ഡുവെപ്പിനെ അപലപിച്ചിട്ടുണ്ട് എന്നത് നല്ലതുതന്നെ. പക്ഷെ അജ്ഞാനോദയ യോഗങ്ങളുടെ കുങ്കുമ വര്‍ണങ്ങള്‍ ഇന്ന് കുറേശ്ശയെങ്കിലും കുഞ്ഞിമംഗലത്തിന്റെ ചുകപ്പിലും ലയിച്ചു ചേരുന്നുണ്ട്. സ്വാമി ആനന്ദ തീര്‍ത്ഥന്‍ ജീവിച്ചിരിപ്പുമില്ല.
ജനാധിപത്യത്തിന്റെയും മാനവികതയുടെയും സംസ്‌ക്കാരത്തിന്റെയും സ്വയം നവീകരിക്കുന്ന ചരിത്രബോധത്തിന്റെയും മുന്നില്‍, പണ്ടേ ചര്‍ച്ചയായ ആ ഫലകക്കുറി അവിടെ അങ്ങനെ തന്നെ വീണ്ടും തൂക്കിവെച്ച് മേന്മ നടിക്കുന്നവര്‍ക്ക് കാര്യമായ ചികിത്സ ആവശ്യമുണ്ട്.
ആ നാടിന്റെ അവശേഷിക്കുന്ന പ്രബുദ്ധത അത് നിറവേറ്റുമോ എന്നതിലേക്കാണ് ജനാധിപത്യ മതനിരപേക്ഷകേരളം ഉറ്റുനോക്കുന്നത്.
എഴുത്തുകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍.
റിദാ നാസര്‍
Jun 21, 2022
12 Minutes Read
ഷഫീഖ് താമരശ്ശേരി
May 25, 2022
9 Minutes Watch
ഡോ. ഉമര്‍ തറമേല്‍
May 10, 2022
10 Minutes Read
Think
Apr 25, 2022
4 Minutes Read
ഷഫീഖ് താമരശ്ശേരി
Apr 14, 2022
10 Minutes Read
മനില സി.മോഹൻ
Apr 12, 2022
70 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 31, 2022
4 Minutes Read