ബാങ്കിംഗ് തൊഴിലാളികൾക്ക് മുന്നിൽ സമരമല്ലാതെ വഴിയില്ല

രാപ്പകലില്ലാതെ പണിയെടുക്കുന്നവരുടെ വേതന കരാർ പുതുക്കി കൊടുക്കാത്തതെന്താണ്. മൂവായിരത്തോളം പേരെ അശാസ്ത്രീയ സ്ഥലംമാറ്റലുകൾ കൊണ്ട് ദ്രോഹിക്കുന്നത് എന്തിനാണ്. ആയിരക്കണക്കായ യുവാക്കൾക്ക് ജോലി കൊടുക്കാൻ മാത്രം ഒഴിവുകളുള്ള കാനറ ബാങ്ക് അതെ പറ്റി മിണ്ടാതിരിക്കുന്നത് എന്ത് കൊണ്ടാണ്. ബാങ്ക് ഓഫ് ബറോഡയിലെ തൊഴിലവസരങ്ങൾ അസ്ഥിരപ്പെടുത്തുന്നത് ആർക്ക് വേണ്ടിയാണ്. സിറ്റി ബാങ്ക് അതിലെ തൊഴിലവസരങ്ങൾ ആക്സിസ് ബാങ്കിലെ ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നത് എന്തിനാണ്. യൂണിയൻ അംഗത്വം എന്ന ഒരൊറ്റ കാരണത്തിന് പുറത്ത് സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് അതിന്റെ ജീവനക്കാരെ പിരിച്ച് വിടുന്നതിലെ മര്യാദയെന്താണ്.

നവംബർ പത്തൊമ്പതിന് ബാങ്കിംഗ് തൊഴിലാളികൾ ദേശീയ പണിമുടക്കിലേക്ക് പോവുകയാണ്. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും ബാങ്ക് മാനേജ്‌മെന്റുകളുമായും ചർച്ച ചെയ്ത് ഈ സമരം മാറ്റിവെക്കാൻ നടത്തിയ എല്ലാത്തരം പരിശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഈ സമരം തീരെയും ആഗ്രഹിച്ചിരുന്നതല്ല.

1946 മുതലിങ്ങോട്ട് നിരവധി സമരങ്ങളുടെ ഭാഗഭാക്കായവരെങ്കിലും അവസാനനിമിഷം വരെയും പണിമുടക്കാതിരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് ഞങ്ങൾ പടുത്തുയർത്തിയ ഒരു തൊഴിൽമേഖലയാണ്. ഞങ്ങൾ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുടെ തൊഴിലിന് വേണ്ടി, തൊഴിലവകാശങ്ങൾക്ക് വേണ്ടി ഇനിയുമിനിയും സമരം ചെയ്യേണ്ടി വരുന്നതിനെ ഞങ്ങൾ ഖേദപൂർവ്വം നോക്കിക്കാണുന്നു. പക്ഷേ സംവരണാധിഷ്ഠിതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും കൂടുതൽ പേർക്ക് തൊഴിലെത്തിക്കാനും സ്വയം അതിജീവിക്കാനും ഞങ്ങൾക്ക് സമരമല്ലാതെ മറ്റ് ഉപാധികളില്ല.

ബാങ്കിംഗ് മേഖലയുടെ സ്വകാര്യവൽക്കരണം മുതൽ അമിതമായ ചാർജ് ഈടാക്കൽ സമരവിഷയങ്ങളാക്കി ഉയർത്തിക്കൊണ്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കോപ്പറേറ്റുകൾക്ക് വേണ്ടിയുള്ള നവസാമ്പത്തികനയങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്നതിനെതിരെ, പൊതുജനങ്ങൾക്കൊപ്പം, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി, ഞങ്ങളും പോരാടുകയാണ്. ഞങ്ങൾ മാത്രമല്ല ഞങ്ങളെ പോലുള്ള പല സംഘടനകളും, നിങ്ങൾ മാത്രമല്ല നിങ്ങളെ പോലുള്ള പല മനുഷ്യരും ആ പോരാട്ടത്തിന്റെ ഭാഗമാണ്. അത്തരം സമരങ്ങളുടെ തുടർച്ചയിലാണ് ഈ സമരവും. അത്തരം സമരങ്ങളുടെ തുടർച്ച കണ്ടെത്താൻ വേണ്ടിക്കൂടിയാണീ സമരം.

തൊഴിലാളി സംഘടനകളുടെ ഉന്മൂലനം ഒരു പരസ്യമായ അജണ്ടയാണ്. തൊഴിലാളികൾ സംഘടിച്ച് തുടങ്ങിയ കാലം മുതൽക്കെ അതങ്ങനെയാണ്. ഭീകരമർദ്ദനങ്ങൾ മുതൽ പിരിച്ചുവിടലുകൾ വരെ അതിനായി പ്രയോഗിച്ച് പോരുന്നു. ഒരു കാലഘട്ടത്തിനിപ്പുറം തൊഴിലാളിവർഗ്ഗവും നേട്ടങ്ങളുണ്ടാക്കിയെങ്കിൽ അത് ത്യാഗസന്നദ്ധമായ സമരപരമ്പരകളിലൂടെയായിരുന്നു.

സ്ഥിരം തൊഴിലും നിയതമായ വേതനക്കരാറുകളും തൊഴിലവകാശങ്ങളും അങ്ങനെയാണ് ഉണ്ടായത്. ഇന്ത്യയിലത് സംവരണവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തോടൊപ്പം പതാകയേന്തിയ ബാങ്കിംഗ് തൊഴിലാളികളും അവരുടെ മേഖലയിൽ പലതും നേടിയെടുത്തതോടെയാണ് അവർ സമൂഹമദ്ധ്യത്തിൽ മാനിക്കപ്പെടുന്നവരായി മാറിയത്. അതിന് മുമ്പുള്ള കാലം, കൃത്യമായി പറഞ്ഞാൽ ദേശസാൽക്കരണത്തിന് മുമ്പുള്ള കാലം ബാങ്ക് ഉടമസ്ഥരുടെ അടിമകളായാണ് അവരെ കണ്ടിരുന്നത്. ബാങ്ക് ഉടമസ്ഥരുടെ ബന്ധുമിത്രാദികളായിരുന്നു ഉന്നത ഉദ്യോഗസ്ഥരായി വന്നിരുന്നത്. ക്ലാസ് ബാങ്കിംഗ് എന്ന നീതിരഹിതമായ കാഴ്ചപ്പാടായിരുന്നു പുലർന്നിരുന്നത്. സാധാരണക്കാർക്ക് ബാങ്കിംഗ് സേവനം അപ്രാപ്യമായിരുന്നു.

1969ലെ ദേശസാൽക്കരണം ബാങ്കുകളെ ഇന്ത്യൻ ജനതയുടെ പൊതുസ്വത്താക്കി. ബാങ്കിംഗ് ഒരു അവകാശമായി തീർന്നു. ഇതിനായി പാർലമെന്റിനകത്തും പുറത്തും തീ പാറിയ പോരാട്ടങ്ങൾ ഉണ്ടായി. ബാങ്ക് ജീവനക്കാരുടെ സമരങ്ങൾ സർക്കാർ നയമായി പരിണമിച്ചു വരാൻ കാൽനൂറ്റാണ്ട് വേണ്ടി വന്നുവെങ്കിലും അത് ഇന്ത്യൻ സാമ്പത്തിക മേഖലയെ ആകെ നവീകരിച്ചു.

1990കളോടെ സ്വകാര്യവൽക്കരണം എന്ന തിരിച്ച് നടത്തം തുടങ്ങി. ലാഭനഷ്ടങ്ങൾ നോക്കാതെ പൊതുമേഖല വിറ്റ് തുലയ്ക്കാമെന്നായി. കോർപ്പറേറ്റ് മീഡിയ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ നിന്നും ആർക്കും രക്ഷയില്ലാതായിരുന്നു. പക്ഷേ ബാങ്കിംഗ് തൊഴിലാളികൾ പിടിച്ച് നിന്നു. അവരുടെ കൊടി മടങ്ങിയില്ല. അവർ ഓരൊ ചുവട്ടടിയിലും ജാഗ്രത പുലർത്തി.

കഴിഞ്ഞ നാല് പതിറ്റാണ്ടത്തെ സമരങ്ങൾ സമാനതകളില്ലാത്തതായിരുന്നു. മിക്കവാറും എല്ലാ മേഖലകളിലും ചങ്ങാത്ത മുതലാളിത്തം അതിന്റെ നയം നടപ്പിലാക്കി. പക്ഷേ ബാങ്കിംഗ് മേഖലയിൽ അത് വളരെ കുറച്ച് മാത്രമാണ് പ്രതിഫലിക്കുന്നത്. ഇതുവരെ രോഷാകുലരാക്കിയിരിക്കുന്നു. അവർ ഏതാണ്ടൊരു പ്രതികാര മനോഭാവത്തോടെ കാര്യങ്ങൾ നോക്കി കാണാൻ തുടങ്ങിയിരിക്കുന്നു. അവരുടെ പിണിയാളുകൾ തൊഴിലാളി സംഘടനകളെയും അതിന്റെ നേതാക്കളെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. സജീവ പ്രവർത്തകരെ സമ്മർദ്ദത്തിലാക്കുകയാണ്.

ഇത് ബാങ്കിംഗ് മേഖലയിലെ മാത്രം കഥയല്ല. എല്ലായിടത്ത് നിന്നും സമാനമായ വാർത്തകൾ വരുന്നുണ്ട്. മാറി മറിഞ്ഞ ലേബർ റൂളുകൾ ഇതിനൊക്കെ ഉതകുന്ന പശ്ചാത്തലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

തൊഴിലാളി നേതാക്കളോടുള്ള അക്രമം സംഘടന നേരിടും. പക്ഷേ സി.എസ്.ബിയിൽ, (പഴയ കാത്തലിക്ക് സിറിയൻ ബാങ്ക്) ഡി.ബി.എസിൽ (പഴയ ലക്ഷ്മിവിലാസം ബാങ്ക്) രാപ്പകലില്ലാതെ പണിയെടുക്കുന്നവരുടെ വേതന കരാർ പുതുക്കി കൊടുക്കാത്തതെന്താണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ആത്മാർത്ഥമായി പണിയെടുത്ത് ബാങ്കിനെ നഷ്ടത്തിൽ നിന്നും കര കയറ്റിയ മൂവായിരത്തോളം പേരെ അശാസ്ത്രീയ സ്ഥലംമാറ്റലുകൾ കൊണ്ട് ദ്രോഹിക്കുന്നത് എന്തിനാണ്. ആയിരക്കണക്കായ യുവാക്കൾക്ക് ജോലി കൊടുക്കാൻ മാത്രം ഒഴിവുകളുള്ള കാനറ ബാങ്ക് അതെ പറ്റി മിണ്ടാതിരിക്കുന്നത് എന്ത് കൊണ്ടാണ്. ബാങ്ക് ഓഫ് ബറോഡയിലെ തൊഴിലവസരങ്ങൾ അസ്ഥിരപ്പെടുത്തുന്നത് ആർക്ക് വേണ്ടിയാണ്. സിറ്റി ബാങ്ക് അതിലെ തൊഴിലവസരങ്ങൾ ആക്‌സിസ് ബാങ്കിലെ ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നത് എന്തിനാണ്. യൂണിയൻ അംഗത്വം എന്ന ഒരൊറ്റ കാരണത്തിന് പുറത്ത് സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് അതിന്റെ ജീവനക്കാരെ പിരിച്ച് വിടുന്നതിലെ മര്യാദയെന്താണ്.

സൊണാലി ബാങ്കിൽ, ഫെഡറൽ ബാങ്കിൽ, ബാങ്ക് ഓഫ് ടോക്യോവിൽ ഒക്കെയും തൊഴിലാളിനേതാക്കൾക്കെതിരെ മുഴങ്ങിക്കേൾക്കുന്ന ഭീഷണികൾ നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നത് ഒരൊറ്റ കാര്യമാണ്. സമ്പൂർണ്ണമായ സ്വകാര്യവൽക്കരണത്തിന് വിഘാതം നിൽക്കുന്ന തൊഴിലാളികളെ, അവരുടെ സംഘടനയെ വഴിയിൽ നിന്നും നിഷ്‌കാസനം ചെയ്യുക. ബാങ്കുകളെ വീണ്ടും സ്വകാര്യകുടുംബങ്ങൾക്ക് തീറെഴുതുക. ജനങ്ങളുടെ സമ്പാദ്യം അവരിൽ നിന്നും അകറ്റി കൊണ്ട് പോവുക.

സമരത്തിന് പിന്നിലെ വികാരവിചാരങ്ങൾ ആർക്കും അപരിചിതമല്ല. ഇന്ത്യയിലെമ്പാടും ഇതെ ആശയങ്ങൾ, ആക്രോശങ്ങൾ മുഴങ്ങി കേൾക്കുന്നു. കർഷകർ മുതൽ ഐ.ടി. തൊഴിലാളികൾ വരെ സംഘടിക്കുന്നു. ഭരണകക്ഷിയുടെ തൊഴിൽ സംഘടനകൾ വരെ പ്രക്ഷോഭങ്ങൾ നടത്തുന്നു. ആകെ അശാന്തിയും അശുഭപ്രതീക്ഷകളുമാണ്. പക്ഷേ കാര്യങ്ങൾ അനുദിനം വ്യക്തമായി കൊണ്ടിരിക്കുകയാണ്. അത് മാറ്റങ്ങളുടെ ദിശാസൂചകമാണ്.

ഈ ഒരു പണിമുടക്കത്തിലൂടെ ബാങ്ക് തൊഴിലാളികൾ വിനീതമായി ആവശ്യപ്പെടുന്നത് ഇത്ര മാത്രമാണ്. ജനങ്ങളുടെ ബാങ്കിംഗ് സ്ഥാപനങ്ങൾ വിറ്റ് കളയരുത്. കാലാനുസൃതമായ വേതനവ്യവസ്ഥകൾ അംഗീകരിക്കണം. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് അവകാശമായി കിട്ടാനുള്ള തൊഴിലുകൾ നശിപ്പിച്ച് ഇല്ലാതാക്കരുത്. സംഘടിക്കാനുള്ള ജനാധിപത്യാവകാശങ്ങൾക്ക് മേലെ ദയവായി കുതിര കയറരുത്.

Comments