ആറുമാസമായി
മഹാവിജനതയുടെ തിമിർപ്പിലാണ്
ഹിമാലയം
ആറുമാസമായി മഹാവിജനതയുടെ തിമിർപ്പിലാണ് ഹിമാലയം
ദൂരത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലെ പട്ടാള ബാരക്കുകളില്‍ ആയുധമേന്തിയ പട്ടാളക്കാര്‍. ഏതാനും ദൂരെ മാറി ചൈനീസ് പട്ടാള ക്യാമ്പുകള്‍. ചൈനീസ് പാതക്കുകീഴെ ഏതാനും പട്ടാളക്കാര്‍ റോഡിന് കുറുകെ ഇട്ട ബാരിക്കേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ആറുമാസമായി ഇങ്ങോട്ട് സഞ്ചാരികളായി ആരും എത്താറില്ല- ലോക്ക്ഡൗൺ കാലത്തെ ഒരു ഹിമാലയ യാത്രയാണിത്
21 Nov 2020, 04:35 PM
കൊല്‍ക്കത്തയില്‍നിന്ന് 40 മിനിട്ട് യാത്ര ചെയ്ത് ഇന്‍ഡിഗോ വിമാനം നോര്‍ത്ത് സിക്കിമിലെ പക്വോംഗ് വിമാനത്താവളത്തില്‍ ടേബിള്‍ടോപ്പ് ലാന്റിംഗ് നടത്തുമ്പോള്‍ ചുറ്റുമുള്ള ഹിമാലയന്‍ കാഴ്ചകള്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. മേഘാവൃതമായ അന്തരീക്ഷം ഉയരത്തില്‍നിന്നുള്ള ഹിമാലയന്‍ കാഴ്ചകളെ നിഷ്പ്രഭമാക്കി.
രാജ്യത്ത് അഞ്ച് ഉയരം കൂടിയ വിമാനത്താവളങ്ങളിലൊന്നാണ് രണ്ടുവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത സിക്കിമിലെ പാക്വോംഗ്. കുന്നിന്‍ചരുവിലെ റണ്‍വേയിലിറങ്ങി കോവിഡ് (റാപിഡ്) ടെസ്റ്റും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നാട്ടുകാരല്ലാത്തവര്‍ വിരളം.
സുഹൃത്തുക്കള്‍ക്കൊപ്പം ഗാംഗ്‌ടോക്ക് ലക്ഷ്യമാക്കി വാഹനം കയറ്റിറക്കങ്ങളിലൂടെ മുന്നോട്ട്. കിഴക്കന്‍ ഹിമാലയത്തിലെ പ്രധാന കേന്ദ്രമായ ഗാംഗ്‌ടോക്ക് കൊടുവളവുകള്‍കൊണ്ട് സമ്പന്നമായി തണുത്ത് പച്ചയണിഞ്ഞ് നില്‍ക്കുന്നു. കുത്തനെ റോഡുകള്‍, അവക്കിരുവശത്തും ഭംഗിയുള്ള നടപ്പാതകള്‍, റോഡുകള്‍ക്ക് മുകളിലൂടെ കരകളെ ബന്ധിപ്പിക്കുന്ന ചെറിയ പാലങ്ങള്‍, കയറ്റങ്ങള്‍ക്കിടയില്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെ നീളം കൂടിയ ചവിട്ടുപടികള്‍. ഇന്ത്യയിലെ മറ്റൊരു പട്ടണത്തിനും അവകാശപ്പെടാനില്ലാത്ത വെടിപ്പും വൃത്തിയുമുള്ള പട്ടണക്കാഴ്ച്ച.
കുന്നിന്‍പുറത്തെ നിര്‍മിതിക്ക് പേരുകേട്ട സ്ഥലമാണ് ഗാംഗ്‌ടോക്ക്. ഇന്ത്യയില്‍ ഇതുപോലെ മറ്റൊന്നുള്ളത് മിസോറാം തലസ്ഥാന നഗരമായ ഐസ്വാളിലാണ്. എങ്കിലും ഗാംഗ്‌ടോക്ക് പോലെ പുരാതന ചരിത്രത്തിന്റെ ഓര്‍മകള്‍ പറയാന്‍ ഐസ്വാളിന് ഏറെ കഥകളില്ല. പതിനാറാം നൂറ്റാണ്ട് മുതല്‍തന്നെ ഈ പ്രദേശത്ത് കുന്നിന്‍പുറത്തെ നിര്‍മിതികള്‍ ആരംഭിച്ചതായി രേഖകള്‍ പറയുന്നു.
ശിവാലിക് രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയാണിവിടെ. കുന്നുകളുടെ നൈസര്‍ഗികത ചോരാതെ, ശാസ്ത്രീയമായ വാസ്തുവിദ്യകളുടെ വഴക്കങ്ങള്‍ തനിമയാര്‍ന്ന് ആവാസകേന്ദ്രങ്ങളായി പരിണമിച്ചിരിക്കുന്ന കാഴ്ചയാണ് ഗാംഗ്‌ടോക്കും സിക്കിമിലെ മറ്റു പട്ടണങ്ങളും നല്‍കുന്നത്. അഞ്ച് മുതല്‍ പത്ത് നിലകള്‍ വരെയുള്ള നൂറ് കണക്കിന് കെട്ടിടങ്ങളാണ് ഒരു കുന്നുപോലും ഇടിച്ചുനിരത്താതെ ഇവിടങ്ങളില്‍ നിര്‍മിച്ചിരിക്കുന്നത്.

മുമ്പ് ഗാംഗ്‌ടോക്ക് യാത്രകള്‍ ആരംഭിച്ചിരുന്നത് ന്യൂ ജല്‍പായ്ഗുരിയില്‍ നിന്നായിരുന്നു. ഇവിടെനിന്ന് ചുരം കയറി നാലുമണിക്കൂര്‍ യാത്രയുണ്ട് ഗാംഗ്‌ടോക്കിലേക്ക്. ദുരെനിന്ന് ഹിമാലയ കാഴ്ചകള്‍ കണ്ട് ടീസ്റ്റ നദിയുടെ ഓരം ചേര്‍ന്നുള്ള യാത്ര വ്യത്യസ്ത അനുഭവമാണ് നല്‍കുക. എന്നാല്‍ വിമാനയാത്ര നല്‍കുന്ന സമയലാഭം സിക്കിമിലെ മറ്റു കാഴ്ചകള്‍ക്കായി മാറ്റിവച്ചാല്‍ അത് മറ്റൊരനുഭവം നൽകും.
വിമാനത്താവളത്തില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട് ഗാംഗ്‌ടോക്ക് പട്ടണത്തിലേക്ക്. ഈ നഗരത്തെ രണ്ടായി മുറിച്ച് ഉയരങ്ങളില്‍ നിന്നൊഴുകിവരുന്ന റാണിഷൂല്‍ നദിയും കടന്ന് നഗരകേന്ദ്രത്തിലെത്തുമ്പോള്‍ സൂര്യന്‍ ചായാന്‍ തുടങ്ങിയിരുന്നു. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്ന ഇവിടുത്തെ കാഴ്ചകള്‍ കാണാന്‍ ഈ കോവിഡ് കാലത്ത് സഞ്ചാരികള്‍ ഇല്ലാത്തതിനാല്‍ ഗാംഗ്‌ടോക്ക് പട്ടണം തികച്ചും വിജനമായി കണ്ടു. ഗാംഗ്‌ടോക്കിലെ തിരക്കേറിയ എം.ജി.റോഡ് സഞ്ചാരികളില്ലാതെ ശൂന്യമായി കണ്ടപ്പോള്‍ അത്ഭുതം തോന്നി.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ കൂടിച്ചേരുന്ന സ്ഥലമാണ് സിക്കിമിന്റെ ഭരണസിരാകേന്ദ്രം കൂടിയായ എം.ജി.റോഡ്. മനോഹരമായി ഡിസൈന്‍ ചെയ്ത് വൃത്തിയായി സംരക്ഷിച്ചുപോരുന്ന ഈ പ്രദേശം ചില യൂറോപ്യന്‍ രാജ്യങ്ങളിലെ പാതയോരങ്ങളെ ഓര്‍മപ്പെടുത്തും. റോഡിനിരുവശത്തും സഞ്ചാരികളെ ആകര്‍ഷിക്കുന്ന വാസ്തുശില്‍പങ്ങളും, ചെറുതും വലുതുമായ നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളും, നല്ല ഇരിപ്പിടങ്ങളും ഒക്കെയുള്ള പ്രദേശം തികച്ചും വിജനമായിരുന്നു. സഞ്ചാരികളില്ലാതെ ഈ പട്ടണം കോവിഡ് ‘ബാധിച്ച്’ നിശ്ചലമായിക്കിടക്കുന്ന കാഴ്ച, മഹാമാരി വിനോദസഞ്ചാര മേഖലയെ എങ്ങനെ ബാധിച്ചു എന്നതിന്റെ തെളിവായിരുന്നു. ആളൊഴിഞ്ഞ എം.ജി. റോഡിലൂടെ നടന്നു നീങ്ങുമ്പോള്‍ രാത്രിയിലെ തണുപ്പ് ശരീരത്തെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.

ടിബറ്റന്‍ ബുദ്ധിസത്തിന്റെ പ്രശസ്ത കേന്ദ്രമായി സിക്കിം ഭൂപ്രദേശം പരിണമിച്ചതിന്റെ അടയാളങ്ങള്‍ ഏറ്റവും കൂടുതല്‍ കാണാനാവുക ഗാംഗ്‌ടോക്കിലാണ്. ടിബറ്റോളജി പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ മുതല്‍ അനേകം ബുദ്ധ സന്യാസിമഠങ്ങള്‍ ഇവിടെയുണ്ട്. സിക്കിമിലെ 194 ചെറുതും വലുതുമായ മൊണാസ്റ്ററികളില്‍ ഭൂരിഭാഗവും ഗാംഗ്‌ടോക്കിലാണ്.
1894ലാണ് തൂത്തോബം നംഗ്വാല്‍ രാജാവ് തുംപോങ്ങില്‍ നിന്ന് സിക്കിമിന്റെ തലസ്ഥാനം ഗാംഗ്‌ടോക്കിലേക്ക് മാറ്റിയത്. 1975 വരെ സിക്കിമില്‍ രാജഭരണമായിരുന്നു. രാജഭരണം അവസാനിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും അതിന്റെ മനോഭാവങ്ങളില്‍ മാറ്റം വന്നിട്ടില്ല. ടിബറ്റില്‍ നിന്നും നേപ്പാളില്‍ നിന്നുമായി ഒട്ടേറെ കുടിയേറ്റക്കാര്‍ ഇവിടെ ഉണ്ടെങ്കിലും, ഈ നാട്ടുകാരായ ലെപ്ച്ച, ഭൂട്ടിയ വിഭാഗക്കാര്‍ തന്നെയാണ് ഭൂരിപക്ഷവും. കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം, കൃഷി, ടൂറിസം എന്നിവ തന്നെയാണ് പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍. സര്‍ക്കാര്‍ വര്‍ഷങ്ങളായി ടൂറിസത്തിന് വന്‍ പ്രാധാന്യമാണ് നല്‍കിവരുന്നത്. അതുകൊണ്ടുതന്നെ പ്രധാന വരുമാനവും ടൂറിസം തന്നെയാണ്.
ചെറുതും വലുതുമായ നൂറുകണക്കിന് ഹോട്ടലുകളാണ് ഗാംഗ്‌ടോക്ക്, നാംചി, പിലിംഗ്, ചാങ്കു എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നത്. നാടന്‍, വിദേശമദ്യങ്ങളും വൈവിധ്യമേറിയ ഇറച്ചി വിഭവങ്ങളും ഇവിടുത്തെ പ്രത്യേകതയായിരുന്നു. ഇപ്പോള്‍ ഈ ഹോട്ടലുകള്‍ എല്ലാ അടഞ്ഞുകിടക്കുകയാണ്. സുഹൃത്തുക്കളുടെ വീടുകളില്‍ വിരുന്നുകാരന്‍ ആയതോടെ വ്യത്യസ്ത രുചികളുള്ള ഭക്ഷണങ്ങള്‍ എനിക്ക് കഴിക്കാനായി. തിബറ്റന്‍ അഭയാര്‍ത്ഥികളുടെ സിക്കിമിലെ ഏറ്റവും വലിയ കേന്ദ്രത്തിലേക്ക് ഗാംഗ്‌ടോക്കില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട്.
കര്‍മാപലാമ അനേകം വര്‍ഷങ്ങള്‍ ഒളിവില്‍ താമസിച്ച റൂംടെക് മൊണാസ്ട്രി അതുകൊണ്ടുതന്നെ വളരെ പ്രശസ്തമാണ്. പതിനേഴാം കര്‍മാപലാമ ടിബറ്റിന്റെ തലസ്ഥാനമായിരുന്ന ലാസയില്‍ നിന്ന് പാലായനം ചെയ്ത് ഹിമാലയ താഴ്‌വരയായ സിക്കിമില്‍ അഭയം തേടി എത്തിയതോടെയാണ് റൂംടെക് മൊണാസ്ട്രി പ്രശസ്തമായത്.
ലാസയിലെ ബുദ്ധാശ്രമം പോലെയാണ് ഇവിടെയും മൊണാസ്ട്രി നിര്‍മിച്ചിരിക്കുന്നത്. ടിബറ്റന്‍ വാസ്തുവിദ്യകൊണ്ട് നിര്‍മ്മിതമായ ഈ മൊണാസ്ട്രിയില്‍ ടിബറ്റന്‍ പ്രമാണങ്ങളുടെ അപൂര്‍വ ശേഖരം തന്നെയുണ്ട്. മുമ്പ് ഇവിടെ എത്തിയപ്പോള്‍ സഞ്ചാരികളുടെ തിരക്കുമൂലം മെറ്റല്‍ ഡിറ്റക്റ്ററിലൂടെയുള്ള പരിശോധനയും കഴിഞ്ഞേ ഇതിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സദാസമയവും പട്ടാളക്കാരുടെ നിരീക്ഷണം ഉണ്ടായിരുന്ന പ്രശസ്തമായ ഈ മൊണാസ്ട്രി തികച്ചും വിജനമായിരുന്നു. കോവിഡ് മൂലം അടച്ചിട്ട ഈ കേന്ദ്രം സന്ദര്‍ശിക്കാന്‍ അപൂര്‍വമായി മാത്രമെ ഇപ്പോള്‍ ആരെങ്കിലും എത്താറുള്ളൂ.
മൊണാസ്ട്രിക്കകത്ത് കയറിയപ്പോള്‍ ഏതാനും യുവാക്കള്‍ ടിബറ്റന്‍ മതപഠനത്തില്‍ വ്യാപൃതമായിരിക്കുന്നു. തികഞ്ഞ ഏകാന്തതയില്‍ ഇവരുടെ മന്ത്രോച്ഛാരണങ്ങള്‍ അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഒമ്പതാം കര്‍മാപലാമ വാങ്ചുക് ദോര്‍ജെയാല്‍ നിര്‍മിച്ചതാണ് ഈ ബൃഹദ്മന്ദിരം. വര്‍ഷങ്ങള്‍ കഴിഞ്ഞ് പതിനാറാം കര്‍മാപാലാമയായ ശ്യാല്‍സങ് ടിബറ്റില്‍ നിന്ന് സിക്കിമില്‍ എത്തുമ്പോള്‍ റൂംടെക് നാശത്തിന്റെ വക്കിലായിരുന്നു. അരുവികളാലും മലനിരകളാലും ചുറ്റപ്പെട്ട റൂംടെകിന്റെ മനോഹാരിതയും പാവനത്വവും വീണ്ടെടുക്കേണ്ടത് തന്റെ ധാര്‍മിക ദൗത്യമാണെന്ന് കരുതിയ അദ്ദേഹം അന്നത്തെ സിക്കിം രാജകുടുംബത്തിന്റെ സഹായത്തോടെ നാലുവര്‍ഷമെടുത്ത് ഈ ആശ്രമം പുതുക്കിപ്പണിതു.
ടിബറ്റിലെ തന്റെ താവളമായിരുന്ന തസുര്‍പ്പു മൊണാസ്ട്രിയില്‍ നിന്ന് കൊണ്ടുവന്ന പ്രമാണങ്ങളും വസ്തുക്കളും ഇന്നും ഇവിടെ സുരക്ഷിതമാണ്. 1966ലെ ടിബറ്റന്‍ പുതുവത്സരത്തിലാണ് ഇദ്ദേഹം അതിനെ ‘ധര്‍മചക്ര സെന്റര്‍' ആയി പ്രഖ്യാപിച്ചത്. ഇവിടെ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണസ്തൂപവും ടിബറ്റന്‍ തങ്കചിത്രങ്ങളും വിശാലമായ ധ്യാനശാലകളുമൊക്കെയായി റൂംടെക് മൊണാസ്ട്രി ഈ കോവിഡ് കാലത്തും സമ്പന്നമാണ്.
ആള്‍ത്തിരക്കില്ലാത്ത ഇവിടെ മണിക്കൂറുകളാണ് ചിലവിട്ടത്. ടിബറ്റോളജി പഠിക്കുന്നവരുമായി നടത്തിയ നീണ്ട സംസാരത്തില്‍ ഈ കൊച്ചുലാമമാര്‍ പുലര്‍ത്തുന്ന ആത്മനിയന്ത്രണങ്ങളും അവരുടെ വിശ്വാസും ബുദ്ധികൂര്‍മ്മതയുമൊക്കെ ശരിക്കും അത്ഭുതപ്പെടുത്തി.
നഗരബഹളങ്ങളില്ലാത്ത കോവിഡ് കാലം ഗാംഗ്‌ടോക്കിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടുണ്ട്. ഹോട്ടലുകള്‍ ഇനിയും തുറന്നിട്ടില്ല. ആയിരക്കണക്കിന് ടാക്‌സികള്‍ റോഡിന് ഇരുവശങ്ങളിലും നിര്‍ത്തിയിട്ടിരിക്കുന്നു. എവിടെയും തികഞ്ഞ ശാന്തത. രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഹിമാലയകേന്ദ്രങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍.
ഇവിടേക്ക് ഇപ്പോള്‍ സഞ്ചാരികള്‍ ആരും വരുന്നില്ല. അത് സാമ്പത്തികമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കോവിഡ് എന്ന ശാനത്തെ പിടിച്ചുകെട്ടാന്‍ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്ന് ഗാംഗ്‌ടോക്കിലെ മാധ്യമ പ്രവര്‍ത്തകനായ വിഷ്ണു പറയുന്നു.

രണ്ട് ദിവസത്തെ ഗാംഗ്‌ടോക്കിലെ വിശ്രമത്തിനുശേഷം സര്‍ക്കാരിന്റെയും, പട്ടാളത്തിന്റെയും പ്രത്യേക അനുമതി ലഭിച്ചതിനുശേഷമാണ് ഹിമാലയന്‍ യാത്രക്ക് പുറപ്പെട്ടത്. ഗാംഗ്‌ടോക്കില്‍ സാമാന്യം തണുപ്പുണ്ടായിരുന്ന തികച്ചും പ്രസന്നമായ ഒരു പകലിന്റെ തുടക്കത്തില്‍ സിക്കിമിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് യാത്ര ആരംഭിച്ചത്.
ആളൊഴിഞ്ഞ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ചെങ്കുത്തായ മലനിരകള്‍ക്കിടയിലൂടെയുള്ള യാത്രയില്‍ പട്ടാള വണ്ടികളും, ചില ചരക്ക് വാഹനങ്ങളും ഞങ്ങളെ പലതവണ കടന്നുപോയി. ഇന്ത്യ-ചൈന അതിര്‍ത്തിയായ നാഥുലയാണ് ലക്ഷ്യസ്ഥാനം. മുമ്പും ഈ വഴിയിലൂടെ പലതവണ യാത്ര നടത്തിയിട്ടുണ്ടെങ്കിലും തികച്ചും ഒറ്റപ്പെട്ട യാത്രാനുഭവം ആദ്യത്തേതും ഭയപ്പെടുത്തുന്നതുമായിരുന്നു. നാഥുല എന്നാല്‍ ചൂളം വിളിക്കുന്ന പാത എന്നാണ് അര്‍ത്ഥം. ഉയരം തേടിയുള്ള നാഥുല യാത്രക്കിടയില്‍ ഒരു വശത്ത് ചിതറിക്കിടക്കുന്ന നേപ്പാളികളുടെയും ഭൂട്ടാനികളുടെയും, പട്ടാള ബാരക്കുകളുടെയും കാഴ്ച, മറുവശത്ത് അങ്ങ് ദൂരത്തായി ഹിമാലയം അതിന്റെ പ്രതാപം വിളിച്ചറിയിച്ചുകൊണ്ട് വെട്ടിത്തിളങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
ഹിമാലയം ഒരുപാട് ഓര്‍മകളുടെ മഹാപ്രസ്ഥാനമാണ്. ദിക്കില്‍ നിന്ന് ദിക്കിലേക്കുള്ള ശാങ്കര സഞ്ചാരങ്ങള്‍, കാളിദാസകാവ്യസൗഗന്ധികങ്ങള്‍, സ്വാമിതപോവനം, പീറ്റര്‍ മാത്തിസനും, ജോര്‍ജ്ജ് ഷാലറും, പ്രബോധ്കുമാര്‍ സന്യാലും, പോള്‍ ബ്രണ്ടനും, പൊറ്റെക്കാട്ടും പിന്നെ ടെന്‍സിംഗ് നോര്‍ഗയും, എഡ്മണ്ട് ഹിലാരിയും, റെയ്‌നോള്‍ഡ് മെസ്‌നറും മുതല്‍ പുതിയ കാലത്തെ നിരവധി യൂട്യൂബര്‍മാര്‍വരെ നിണ്ടുനില്‍ക്കുന്നവരുടെ അന്വേഷണ ശ്രേണി.
ഇന്നും തുടരുന്ന ഇത്തരം ഹിമഗൂഢമായ അന്വേഷണ ശ്രേണിയിലേക്ക് വീണ്ടും ഒരാള്‍. ആയിരക്കണക്കിന് അടി ഉയരത്തിലേക്കുള്ള യാത്രയില്‍ വാഹനം 90 ഡിഗ്രിയില്‍ മഞ്ഞുമലകളെ ലക്ഷ്യവെച്ച് വളവുകള്‍ തിരിയുമ്പോള്‍ താഴെ പേടിപ്പെടുത്തുന്ന കാഴ്ചകള്‍. താഴെ ദൂരെ തികച്ചും വിജനമായ നാടപോലെ വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡുകള്‍, ഭയപ്പെടുത്തുന്ന അഗാധ ഗര്‍ത്തങ്ങള്‍. മുന്‍ യാത്രകളിലൊക്കെതന്നെ ഈ റോഡുകള്‍ വാഹനങ്ങള്‍ക്കൊണ്ട് സമ്പന്നമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നാഥുലയിലേക്ക് പ്രത്യേക അനുമതി വാങ്ങി നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.
മഞ്ഞുകമ്പളം വിരിച്ച ഹിമവാന്റെ മാറിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ട യാത്ര ചെന്നെത്തിയത് ചാങ്കു തടാകക്കരയിലാണ്. മഞ്ഞുരുകി രൂപപ്പെട്ട ചാങ്കു തടാകക്കരയില്‍ ഇപ്പോള്‍ ആരുമില്ല. അനേകം ചെറിയ ചായക്കടകളും ഹോട്ടലുകളും, തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. തികച്ചും വിജനമാണ് ചാങ്കു തടാകത്തിന്റെ കരകള്‍. ഈ തടാകക്കരയില്‍ ‘യാക്' എന്ന മലമ്പശുവിന്റെ പുറത്തുകയറി യാത്ര ചെയ്യുന്ന സഞ്ചാരികളെ കാണാമായിരുന്നു.
നൂറുകണക്കിന് നേപ്പാളികളും, ഭൂട്ടിയകളുമാണ് ഇവിടെ ഇതുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ വ്യാപൃതരായിരുന്നത്. തണുപ്പകറ്റാന്‍ ചൂടുചായയും, നാടന്‍, വിദേശമദ്യവും വിറ്റിരുന്ന ഭൂട്ടിയ വിഭാഗക്കാരായ പെണ്‍കുട്ടികള്‍, തണുപ്പകറ്റാന്‍ വസ്ത്രങ്ങള്‍ മാറ്റി നല്‍കുന്ന നേപ്പാളി പെണ്‍കുട്ടികള്‍, ചൂടുള്ള ഭക്ഷണം വിളമ്പി നല്‍കുന്ന സ്ത്രീകളുടെയൊന്നും കാഴ്ച ഇപ്പോഴില്ല. എല്ലാം ഒഴിഞ്ഞ് തികച്ചും ശാന്തമായി തണുത്തുറഞ്ഞ് കിടക്കുന്ന ചാങ്കുവിലെ പകലുകള്‍ കോവിഡ് കാലത്തെ ശരിക്കും അടയാളപ്പെടുത്തുന്നതു തന്നെയാണ്.
വിജനമായ ‘ചാങ്കു' തടാകക്കരിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കുവാഹനങ്ങളില്‍ ചിലത് സിക്കിമിലേക്കും, മറ്റു ചില ട്രക്കുകള്‍ കൊല്‍ക്കത്തയിലേക്കുമുള്ളവയാണ്. ചില വാഹനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തികടന്ന് ചൈനയുടെ തിബറ്റന്‍ തലസ്ഥാനമായ ലാസവരെ പോകുന്നവയാണ്. കോവിഡ് കാലത്തും അതിര്‍ത്തിയിലൂടെയുള്ള ചരക്കുനീക്കത്തിന് കാര്യമായ ഭംഗം സംഭവിച്ചിട്ടില്ലെന്ന് വാഹനത്തിലെ ഡ്രൈവര്‍മാര്‍ പറയുന്നു.

ചാങ്കുവിലെ നേപ്പാളി സ്ത്രീയുടെ കടയില്‍ നിന്ന് വാങ്ങിയ തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍ മാറ്റി നാഥുലപാസിലേക്ക് പുറപ്പെട്ടപ്പോള്‍ തണുത്ത കാറ്റ് മഞ്ഞുമലകളില്‍ തട്ടി വസ്ത്രങ്ങളെ തഴുകിപോയതറിഞ്ഞു. ‘ചാങ്കു'വില്‍ നിന്ന് ഏതാനും മണിക്കൂര്‍ മാത്രമെ നാഥുല പാസിലേക്കുള്ളൂ. യാത്രയില്‍ ഇടക്ക് ഹര്‍വീന്ദര്‍ സാബ് ക്ഷേത്ര ദര്‍ശനവുമുണ്ട്. സഞ്ചാരികള്‍ കുറവായതിനാല്‍ ഇവിടെയും ഒഴിഞ്ഞുകിടക്കുകയാണ്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങാതെ പുരാതനമായ ഈ പട്ടുപാതയിലൂടെ (Silk Route) നാഥുല ലക്ഷ്യമാക്കി റോഡില്‍ കുമിഞ്ഞ് കൂടിയിരിക്കുന്ന ഐസ് കട്ടകളെ വകഞ്ഞുമാറ്റി വാഹനം വീണ്ടും ഉയരങ്ങള്‍ കീഴടക്കി മുന്നോട്ടുനീങ്ങി.
1642-ല്‍ ടിബറ്റന്‍ കിരീടാവകാശിയായിരുന്ന ഫുങ്‌സോങ് നംഗ്വാല്‍ രാജാവായിരിക്കുമ്പോഴാണ് ഈ പാതക്ക് (Silk Route) തുടക്കമിട്ടത്. പിന്നീട് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലായി. 1994-ല്‍ വീണ്ടും ഈ പാത തുറന്നെങ്കിലും ഇന്ത്യ-ചൈന യുദ്ധത്തെ തുടര്‍ന്ന് അടച്ചു. ചൈനയില്‍ നിന്ന് മദ്ധ്യേഷ്യ വഴി ചരക്കുഗതാഗതത്തിനായി നിര്‍മിച്ച പാത 2006 ജൂലൈ 6നാണ് വീണ്ടും തുറന്നത്.
മണ്ണിടിച്ചിലും, മഞ്ഞുവീഴ്ച്ചയും കൊണ്ട് ഇടക്കിടെ ഗതാഗതം തടസ്സപ്പെടാറുണ്ടെങ്കിലും ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും, തിരിച്ചും ധാരാളം ചരക്കുവാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇന്ത്യന്‍ പട്ടാളത്തിന്റെയും, ചൈനീസ് ഭടന്‍മാരുടെയും ജാഗരൂകമായ കണ്ണുകള്‍ ഇവിടെ സദാ ജാഗ്രതയിലാണ്. സമുദ്ര നിരപ്പില്‍ നിന്ന് 14500 അടി ഉയരത്തിലുള്ള ഈ പാതപോലെ മറ്റൊന്ന് എവിടെയുമില്ല.
സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്‌ടോക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ പട്ടുപാത ചൈനയിലെ തിബറ്റന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ലാസയിലാണ് അവസാനിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് 545 കി.മീറ്ററും ലാസയില്‍ നിന്ന് 460 കി.മീറ്റര്‍ ദൂരവും താണ്ടിയാല്‍ ഇന്ത്യാ-ചൈന അതിര്‍ത്തി പ്രദേശമായ നാഥുലയില്‍ എത്താം. കോവിഡിന് മുമ്പുള്ള കാലങ്ങളില്‍ യഥേഷ്ടം ചരക്കുവാഹനങ്ങളാണ് ഈ വഴി കടന്നുപോയിരുന്നത്. വര്‍ഷത്തില്‍ 100 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കിടിയിലും ഈ വഴിയിലൂടെ മാത്രം നടക്കുന്നത്.
ചാങ്കുവില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ യാത്ര ചെയ്ത് നാഥുലയില്‍ എത്തുമ്പോള്‍ ചുറ്റുപാടും മഹാവിജനതയാണ്. തികഞ്ഞ ഏകാന്തത. നട്ടുച്ചയിലെ സൂര്യന്റെ ചൂടില്ലാത്ത രശ്മികള്‍ മഞ്ഞുമലയില്‍ തട്ടി ഉരുകിയൊലിച്ച് ജലമായി പിന്നീട് ആതൊരു അരുവിയായി ഒഴുകിയിറങ്ങുന്ന കാഴ്ച രസാവഹമാണ്. പകലില്‍ ഏതാനും മണിക്കൂറുകളില്‍ മാത്രം കാണുന്ന ഈ പ്രതിഭാസം ഹിമാലയകാഴ്ചകളെ ധന്യമാക്കും. രാജ്യാതിര്‍ത്തിക്ക് ഏതാനും മീറ്റര്‍ മാറി വാഹനം നിര്‍ത്തി കാഴ്ചകള്‍ കാണാന്‍ പുറത്തിറങ്ങുമ്പോള്‍ എങ്ങും മഹാവിജനത. നാലുഭാഗത്തും ആകാശം മുട്ടിനില്‍ക്കുന്ന പര്‍വതങ്ങള്‍.
നോക്കിയാല്‍ കാണുന്ന ദൂരത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലെ പട്ടാള ബാരക്കുകളില്‍ ആയുധമേന്തിയ പട്ടാളക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നു. ഏതാനും ദൂരെ മാറി ചൈനീസ് പട്ടാള ക്യാമ്പുകള്‍. ചൈനീസ് പാതക്കുകീഴെ ഏതാനും പട്ടാളക്കാര്‍ റോഡിന് കുറുകെ ഇട്ട ബാരിക്കേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറുമാസക്കാലമായി ഇങ്ങോട്ട് സഞ്ചാരികളായി ആരും എത്താറില്ല. പട്ടാളക്കാരുടെ സംഭാഷണങ്ങളും, ചൈനീസ് പട്ടാളക്കാരുടെ നോട്ടവുമൊക്കെയായി ഒരു മണിക്കൂര്‍ മാത്രമേ നാഥുലയില്‍ ചെലവിട്ടുള്ളൂവെങ്കിലും ഇവിടുത്തെ തികഞ്ഞ ഏകാന്തതയും തണുപ്പിന്റെ ഹിമാലയന്‍ അനുഭവങ്ങളും മുന്‍ യാത്രയേക്കാള്‍ അനുഭവവേദ്യമായി.
ഹിമാലയത്തിലെ ഉയരംകൂടിയ അതിര്‍ത്തി പ്രദേശമായ നാഥുലപാസില്‍ ഇരു രാജ്യങ്ങളും നിരവധി പട്ടാളക്കാരെയാണ് അതിര്‍ത്തി സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഒരുപാടുപേര്‍ കടന്നുപോയ വഴിയിലൂടെ ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും ചരക്ക് വാഹനങ്ങള്‍ കനത്ത പരിശോധനയ്ക്ക് ശേഷം കടന്നുപോകുന്നു. ഇവിടെയെത്തുന്ന ഒരോ സഞ്ചാരിയെയും അടിമുടി വീക്ഷിക്കുന്ന പട്ടാളക്കാരന്റെ ജോലി അവര്‍ ജാഗ്രതയോടെ നിര്‍വ്വഹിക്കുന്നു. നാഥുലയിലെ പകലുകള്‍ അസ്തമിക്കാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ അവിടെനിന്ന് തിരിച്ചുപോകണമെന്ന പട്ടാളക്കാരുടെ സൗഹൃദ അറിയിപ്പിന് കാരണമായി അവര്‍ പറഞ്ഞത്, വൈകിയാല്‍ ഏതുസമയവും മഞ്ഞ് പാളികള്‍ ഇളകിവന്ന് ഗതാഗതം തടസ്സപ്പെടാമെന്നാണ്.
കനത്ത മഞ്ഞും, ഇടയ്ക്ക് പെയ്തുപോയിരുന്ന മഴയുടെ നനവും പര്‍വ്വതശിഖരങ്ങളില്‍ നിന്ന് ഏത് സമയത്തും മണ്ണിടിഞ്ഞ് വരാനുള്ള സാധ്യതയെയും സൂചിപ്പിച്ചു. സൂര്യന്‍ പര്‍വശിഖരങ്ങള്‍ക്കിടയിലൂടെ ചാഞ്ഞ് ഹിമവാന്റെ വെട്ടിത്തിളങ്ങുന്ന കാഴ്ച നല്‍കുന്നതിനിടെ തിരിച്ചുള്ള യാത്ര തുടങ്ങി. ചരിത്രത്തില്‍ നിരവധി പേരാണ് ഞാനിപ്പോള്‍ നില്‍ക്കുന്ന പട്ടുപാത യിലൂടെ കടന്നുപോയിട്ടുള്ളത്. മദ്ധ്യേഷ്യയില്‍ നിന്ന് തത്വചിന്തകന്മാരും സഞ്ചാരികളും പണ്ഡിതന്മാരും ഇതുവഴി കടന്നുപോയി. ഇവിടെ നിന്ന് അകിലും, ആനക്കൊമ്പും, അങ്കവസ്ത്രങ്ങളും, ശംഖും, സുഗന്ധ ദ്രവ്യങ്ങളും കടന്നുപോയി. ഫാഹിയാനും, അല്‍ബിറൂണിയും, ഹുയാന്‍സാങ്ങും വന്നു.
ആയിരക്കണക്കിനാളുകള്‍ ഇവിടുത്തെ കഠിനമായ തണുപ്പിനോട് മല്ലടിച്ച് മരിച്ചുവീണു. അങ്ങനെ നാഥുല ചരിത്രത്തിലെ ഹിമശിഖരമായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ ഇരുരാജ്യങ്ങളും കരാറനുസരിച്ച് 30 ഇനങ്ങളില്‍ പരസ്പര വ്യാപാരം നടത്തുന്നുണ്ട്. 2006-ല്‍ ഈ പാത വീണ്ടും തുടങ്ങിയതോടെയാണ് സിക്കിമിന്റെ വികസന, ടൂറിസം സാധ്യതകള്‍ക്ക് വേഗം വര്‍ദ്ധിച്ചത്. നാഥുലയില്‍ നിന്ന് വളരെ വേഗത്തിലാണ് ചാങ്കു തടാകക്കരയില്‍ തിരിച്ചെത്തിയത്. തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍ നേപ്പാളി സ്ത്രീയുടെ കടയില്‍ തിരിച്ച് നല്‍കി, ഒരിക്കല്‍കൂടി തിരക്കില്ലാത്ത, ഐസ് പോലെയായി കിടക്കുന്ന ചാങ്കു തടാകത്തിലെ ജലകാഴ്ചകള്‍ കണ്ട് ഉയരങ്ങളില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ സന്ധ്യയുടെ ഇളംവെട്ടം തണുപ്പിന്റെ നിഗൂഢതകള്‍ക്കൊപ്പം ശരീരത്തെ ആവാഹിച്ചുതുടങ്ങിയിരുന്നു.
ദൂരെ മനോഹരമായ കാഴ്ചയൊരുക്കി നാട പോലെ കിടക്കുന്ന വളഞ്ഞും പുളഞ്ഞും കിടക്കുന്ന വഴികള്‍, വിദൂരത്തായി ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനോട് ചേര്‍ന്നുള്ള കാഞ്ചന്‍ജംഗ പര്‍വ്വത ദൃശ്യങ്ങള്‍ മനസ്സിലും, ശരീരത്തിലും അനുഭൂതി നിറച്ചു. നാഥുല മുതല്‍ ചാങ്കു, എവറസ്റ്റ് ഹിമാലയന്‍ കാഴ്ചകള്‍ക്ക് ശേഷം ഗാംഗ്‌ടോക്കിലെത്തിയപ്പോള്‍ വിജനമായ പട്ടണം ഉറക്കത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
അക്ബറലി പുതുനഗരം
21 Nov 2020, 10:22 PM
ഒരു ഹിമാലയൻ യാത്ര കഴിഞ്ഞുവന്ന പോലുണ്ട് വായന കഴിഞ്ഞപ്പോൾ. നല്ല എഴുത്ത്. അഭിനന്ദനങ്ങൾ.
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
സെബിൻ എ ജേക്കബ്
Nov 14, 2022
3 Minute Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
സി.വി ശ്രീജിത്ത്
21 Nov 2020, 11:58 PM
മികച്ച യാത്രാനുഭവം. ഒപ്പം സഞ്ചരിക്കാൻ കഴിയുന്ന എഴുത്ത്. അനുഭൂതി പകർന്നതിന് നന്ദി.