മനുഷ്യന്‍ പരിമിതികളെ മറികടക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും ഇല്ലെങ്കിലും നമ്മളെക്കാള്‍ ബുദ്ധിമാന്മാരായ ജീവികള്‍ നമ്മെ കാണാന്‍ വരുന്നതാണ് അന്നും ഇന്നും എന്റെ യഥാര്‍ത്ഥ സ്വപ്നം. സര്‍വത്തിന്റെയും ഉടയവന്‍ എന്ന് സ്വയം അഹങ്കരിച്ച് ഈ ഭൂമിയുടെ ജൈവഘടനയെ മുഴുവന്‍ തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന ഈ മനുഷ്യജീവിയുടെ നിസാരത അവര്‍ നമുക്ക് ബോധ്യപ്പെടുത്തി തരുന്ന ഒരു ദിവസം... പ്രമുഖ എഴുത്തുകാരന്റെ വെറുമൊരു ശാസ്ത്രകല്‍പിതവിചാരമല്ലിത്, ഈ പ്രപഞ്ചത്തില്‍ നാം തനിച്ചല്ല എന്ന പ്രതീക്ഷാനിര്‍ഭരമായ മാനസികയുക്തിയാണ്.
8 Apr 2020, 12:20 AM
മരിക്കുന്നതിനുമുമ്പ് ഈ ലോകത്തില്‍ സംഭവിച്ചു കാണാന്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് ഒരിക്കല്‍ ഒരു ചോദ്യം വന്നപ്പോള്‍ ആലോചനക്ക് രണ്ടാമതൊരു വകയുമില്ലാതെ ഞാന്‍ പറഞ്ഞത്, ഒരു അന്യഗ്രഹജീവി ഭൂമി സന്ദര്‍ശിക്കുന്നത് കാണണം എന്നായിരുന്നു. ചിന്തിക്കാനും സ്വപ്നം കാണാനും തുടങ്ങിയ കാലം മുതലേയുള്ള ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അത്. വിദൂരത്തില്‍ നിന്ന് വിരുന്നുവന്ന അപരിചിതനായ വിരുന്നുകാരന്‍!
ഒരുദിവസം കാലത്ത് പത്രം തുറക്കുമ്പോള്‍ എട്ടുകോളം തലക്കെട്ടില്‍ അങ്ങനെ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെടുന്നത് അന്നും ഇന്നും എന്റെ സ്വപ്നങ്ങളുടെ ഭാഗമാണ്. ഈ പ്രപഞ്ചത്തില്‍ ഇപ്പോള്‍ നാം എത്ര അനാഥരാണ് എന്നോര്‍ക്കുമ്പോഴാണ് ആ സ്വപ്നം വീണ്ടും വീണ്ടും എന്നെ തേടി വരിക.
അല്ലെങ്കില്‍ ആലോചിച്ച് നോക്കൂ, കാറ്റും മഴയും ഇടിയും മിന്നലുമുള്ള ഒരു രാത്രി തന്റെ കുടിലില്‍ തനിച്ചായിപ്പോയ ഒരു കുട്ടിയെപ്പോലെയല്ലേ അനന്തവിശാലവും സങ്കീര്‍ണമായ ഘടനയുമുള്ള ഈ പ്രപഞ്ചത്തില്‍ നമ്മുടെ ഭൂമിയും നമ്മള്‍ മനുഷ്യരും. അവന് ഈ പ്രപഞ്ചത്തിന്റെ മറുകോണില്‍ എവിടെയോ ഒരു കൂട്ടുണ്ടെന്നറിയുന്നത്, അവന്‍ തനിച്ചല്ല എന്നറിയുന്നത് എത്ര ആശ്വാസകരമായിരിക്കും.

ഈ ഭൂമിയില്‍ നിന്ന് ഇത്തിരി ദൂരെ മാറി നിന്ന് ഈ പ്രപഞ്ചത്തെ ഒന്ന് നോക്കാന്‍ ശ്രമിച്ചാല്‍ എന്താവും നാം കാണുക? അവിശ്വസനീയ വേഗതയില്‍ പാറി നടക്കുന്ന ഗാലക്‌സികള്‍, കൂട്ടിയിടിക്കുന്ന നക്ഷത്രങ്ങള്‍, ആകാശത്തിന്റെ ചാത്തനേറ് പോലെ ഉല്‍ക്ക പ്രവാഹം, കറങ്ങി നടക്കുന്ന വാല്‍നക്ഷങ്ങള്‍, അള്‍ട്രാ വലയറ്റ് രശ്മികള്‍, പുതിയതായി പിറക്കുന്ന നക്ഷത്രങ്ങള്‍, മരിച്ച് തമോഗര്‍ത്തങ്ങള്‍ ആവുന്നവ, ഭീമന്‍ സൂര്യന്മാര്‍. അതിലേക്ക് വന്നു പതിക്കുന്ന ഗ്രഹങ്ങള്‍.
അതിഭീകരമായ ഈ കലാപദേശത്തിനിടയിലാണ് നമ്മുടെ കൊച്ചു ഭൂമി ഇത്തിരി ജീവനെയും അടുക്കിപ്പിടിച്ച് കഴിഞ്ഞു കൂടുന്നത്. അവനൊരു കൂട്ട് ഇല്ല എന്നു വന്നാല്‍.
ഭൂമി ഒരു അപൂര്‍വതയല്ല
നിശ്ചയമായും അങ്ങ് വിദൂരങ്ങളില്‍ എവിടെയോ ഒരിടത്ത്, അല്ല പലയിടങ്ങളില്‍, ആരൊക്കെയോ ഉണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം. യൂറോപ്യന്മാര്‍ സഞ്ചാരങ്ങളും വെട്ടിപ്പിടുത്തങ്ങളും തുടങ്ങുന്നതിനും മുന്‍പ് വിദൂരസ്ഥമായ ഒരു ദ്വീപില്‍ കഴിഞ്ഞിരുന്ന മനുഷ്യര്‍ തങ്ങള്‍ അല്ലാതെ ഈ ഭൂമിയില്‍ മറ്റാരും ഉണ്ടാവാന്‍ ഇടയില്ല എന്ന് വിശ്വസിച്ചതിനു തുല്യമാണ് ഇപ്പോഴത്തെ നമ്മുടെ ഏകാന്തത.
പ്രപഞ്ചഘടനയും സ്വഭാവവും വച്ചു നോക്കുമ്പോള്‍ ഭൂമി ഒരു അപൂര്‍വതയല്ല, ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് സമാനമായ സാഹചര്യങ്ങള്‍ (സൂര്യനില്‍ നിന്നുള്ള അകലം, ജലം വായു എന്നിവയുടെ സാന്നിദ്ധ്യം) സൃഷ്ടിക്കപ്പെടുക എന്നത് അത്ര പ്രയാസകരമായ കാര്യമേയല്ല.
പക്ഷേ അവിടെയുള്ള ജീവികള്‍ മനുഷ്യര്‍ക്ക് സമാനര്‍ ആണോ? നമ്മെപ്പോലെ രൂപമുള്ളവര്‍, നമ്മെപ്പോലെ ഭാഷ ഉപയോഗിക്കുന്നവര്‍, ബുദ്ധിയുള്ളവര്‍, ചിന്താശേഷിയുള്ളവര്‍? ഈ ഭൂമിയിലെ തന്നെ വ്യത്യസ്ത ഇടങ്ങളില്‍ ഉരുവംകൊണ്ട ജീവികള്‍ ഓരോന്നും പരിസ്ഥിതിക്കിണങ്ങും വിധം വ്യത്യസ്തരായി പരിണമിച്ചെങ്കില്‍ ഒരു വിദൂരഗ്രഹത്തില്‍ നടക്കുന്ന പരിണാമപ്രക്രിയയെ നമുക്ക് സ്വപ്നം കാണാന്‍ പോലും കഴിഞ്ഞെന്നുവരില്ല.
അവര്‍ ഭൂമിയില്‍ എത്തിയാല്‍ മനുഷ്യജീവിയോടുതന്നെ സംവദിക്കണം എന്ന് ശഠിക്കുവാനാകുമോ? അവ പരസ്പരം സംവദിക്കുന്നത്, കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്, വവ്വാലുകളെ പോലെ തരംഗങ്ങള്‍ കൊണ്ടാണെങ്കില്‍ അവയ്ക്ക് എങ്ങനെയാവും മനുഷ്യനോട് ഇടപെടാന്‍ കഴിയുക? ഇനി അഥവാ തങ്ങള്‍ക്ക് വളരെ അടുത്തു നില്‍ക്കുന്നു എന്നു തോന്നിയ വവ്വാലുകളോട് സംസാരിച്ചിട്ടു പോയാല്‍ അവ ഈ ഭൂമിയെക്കുറിച്ച് എന്താവും അവര്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാകുക? നമ്മുടെ കപ്പലുകളെ കുറിച്ച്, വിമാനങ്ങളെക്കുറിച്ച്, ആണവ നിലയങ്ങളെക്കുറിച്ച് ,റേഡിയോയെക്കുറിച്ച് ഒക്കെ അവക്ക് പറഞ്ഞു കൊടുക്കാനാവുമോ?
ഇനി അന്യഗ്രഹജീവികള്‍ വെള്ളത്തില്‍ ജീവിക്കുന്നവ ആണെന്ന് കരുതുക? അവ വന്ന് നീല തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും കണ്ടിട്ട് പോയാല്‍ അവ ഈ ഭൂമിയെക്കുറിച്ച് എന്താവും മനസിലാക്കുക?

ഈ ഭൂമിയെക്കുറിച്ച്, പ്രപഞ്ചത്തെക്കുറിച്ച് നാം മനസിലാക്കിയിട്ടുള്ളതില്‍ കുറച്ച് ഉറുമ്പുകളോട് പറഞ്ഞു കൊടുക്കാം എന്നു നാം കരുതിയാല്‍ എങ്ങനെയുണ്ടാവും? അതുപോലെ സ്വന്തം ബുദ്ധിയുമായി തട്ടിച്ചു നോക്കിയിട്ട് അവര്‍ നമ്മെ വെറും ഉറുമ്പുകളെ പോലെ ആയിരിക്കുമോ കണ്ടിരിക്കുക? ആയുസിലും ബുദ്ധിയിലും ഒട്ടും വളര്‍ച്ചയില്ലാതെ തമ്മിത്തല്ലി ജീവിക്കുന്ന കുറേ പീക്കിരി ജീവികള്‍ എന്ന്?
പെട്ടെന്ന് ഒരാധി വന്നു പൊതിയുന്നു
ഈ ഭാവനകള്‍ പോലും പ്രപഞ്ചത്തിന്റെ അനന്ത വൈവിധ്യത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനുള്ള പരിമിതിയെയാണ് കാണിക്കുന്നത്. മീനുകള്‍ ബഹിരാകാശ ജീവികളെ സ്വപ്നം കണ്ടാല്‍ അവയ്ക്ക് മീനുകളുടെ രൂപമാവും ഉണ്ടാകുക എന്നര്‍ത്ഥം വരുന്ന ഒരു ഷോര്‍ട് ഫിലിം ഓര്‍മ വരുന്നു. അതേ പരിമിതി നമ്മള്‍ മനുഷ്യര്‍ക്കും ഉണ്ട്. മനുഷ്യരൂപത്തിന് ചെറിയ വക ഭേദങ്ങള്‍ വരുത്തിയ ജീവികളെയാണ് നാം സ്വപ്നങ്ങളില്‍ വരച്ചുണ്ടാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ ഇന്ന് ഭൂമിയില്‍ കാണുന്ന തരം ജീവികളെപോലെ.
എന്നാല്‍ നമ്മുടെ കാഴ്ചക്കും കേള്‍വിക്കും പരിമിതിയുണ്ട്. ആ സ്‌പെക്ട്രത്തിനു പുറത്തു നില്‍ക്കുന്ന ഒരു ജീവി ഉണ്ടെങ്കില്‍ അതിനെ കാണാനോ കേള്‍ക്കാനോ നമുക്ക് സാധിക്കുകയേയില്ല.
എക്‌സ്‌റേ രശ്മികളുടെ രൂപത്തില്‍ ഉള്ളവയാണെങ്കില്‍? അള്‍ട്രാസോണിക് ശബ്ദത്തിന്റെ രൂപത്തില്‍? അമീബയെപ്പോലെ ഒരു സൂക്ഷജീവിയ്ക്ക് ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ഘടനയും തിരിച്ചറിയാനുള്ള ബുദ്ധിശക്തിയുണ്ടെങ്കില്‍? അവ ഭൂമി പലപ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍? നാം എങ്ങനെയാണ് അവയെ കാണുക, അവയോട് സംവദിക്കുക?
ഇനി ജലത്തിലും വായുവിലും അല്ലാതെ ശൂന്യതയില്‍ ജീവിക്കാന്‍ കഴിയുന്ന ജീവികള്‍ ആണെങ്കില്‍? പ്ലാസ്മ പോലെ അല്ലെങ്കില്‍ നമുക്കറിയാത്ത ഏതെങ്കിലും അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജീവികള്‍ ആണെങ്കില്‍? അവര്‍ക്ക് വായുവില്‍ പ്രവേശിക്കുമ്പോള്‍ ശ്വാസം മുട്ടില്ലേ? മീനുകള്‍ക്ക് ജലം എന്നതുപോലെ അവറ്റകള്‍ക്ക് മറ്റേതെങ്കിലും വാതകമോ നമുക്ക് പരിചയമില്ലാത്ത മറ്റേതെങ്കിലും അന്തരീക്ഷമോ ആണ് വേണ്ടതെങ്കിലോ? അവര്‍ ഈ ഭൂമിയില്‍ ഇറങ്ങാന്‍ ശ്രമിച്ച് അവര്‍ക്ക് വേണ്ട കാര്‍ബണ്‍ മോണോക്‌സൈഡ് കിട്ടാതെയും ഓക്‌സിജന്‍ എന്നൊരു വിഷ വാതകം ശ്വസിച്ചും മരിച്ചിട്ടുങ്കെിലോ?
വിമാനത്തില്‍ സഞ്ചരിക്കുമ്പോഴൊക്കെ ഈ ആശയം ആധി പോലെ എന്നെ വന്നുമൂടും. "ആകാശ'ത്തിനും പുറത്തുകടന്ന് സഞ്ചരിക്കുമ്പോഴാണ് നാം വായു എന്നൊരു ചില്ലുകൂട്ടില്‍ അടയ്ക്കപ്പെട്ട പാവം ജീവികളാണ് എന്ന് ശരിക്കും ഓര്‍മ വരിക. ആകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കുമ്പോള്‍, ജലത്തില്‍ മീനുകളെ പോലെയാണ് വായുവിനുള്ളിലെ മനുഷ്യനെ കാണുക.
ചില വിമാനയാത്രകളില്‍ അനന്തമായ മേഘപ്പരപ്പല്ലാതെ മറ്റൊന്നും കാണാനുണ്ടാവില്ല. അപ്പോള്‍ പെട്ടെന്ന് ഒരാധി വന്നു പൊതിയും. വല്ല അന്യഗ്രഹജീവികളും ബഹുദൂരം താണ്ടി ഭൂമിക്കുമുകളില്‍ വന്നു നോക്കുമ്പോള്‍ ഇവിടെ ഒന്നുമില്ല, ഇവിടെയുള്ളത് കുറച്ച് മേഘപടലങ്ങള്‍ മാത്രം എന്ന് വിധിയെഴുതി തിരിച്ചുപോകുമോ എന്ന ആധിയാണത്.
അവ ഭ്രാന്തന്മാരുടെ ദിവാസ്വപ്നങ്ങളായിരുന്നില്ല...
അന്യഗ്രഹജീവികള്‍ വരുന്നത് പറക്കും തളികയില്‍ ആയിരിക്കും എന്നത് മനുഷ്യന്റെ മറ്റൊരു പരിമിതഭാവനയാണ്. ഈ ദൂരമൊക്കെ താണ്ടാന്‍ കൃത്രിമ ഉപകരണങ്ങള്‍ക്കുപകരം ധൂമകേതുക്കള്‍ പോലെ പ്രാപഞ്ചിക വസ്തുക്കളെ ആവാം അവര്‍ ഉപയോഗപ്പെടുത്തുക എന്ന് ഞാന്‍ അനുമാനിക്കുന്നു.
ഇപ്പോള്‍ തന്നെ ഭൂമിക്കരികിലൂടെ വന്നുപോകുന്ന അത്തരം വസ്തുക്കളില്‍ ചിലതെങ്കിലും അന്യഗ്രഹത്തില്‍ നിന്ന് നിരീക്ഷണത്തിനയച്ച ഉപഗ്രഹങ്ങള്‍ അല്ല എന്ന് നമുക്ക് തറപ്പിച്ചു പറയാനാവുമോ?
അന്യഗ്രഹജീവികളെ മനുഷ്യന്റെയോ മറ്റ് ജീവികളുടെയോ സമന്മാരായി കാണുന്ന ചിന്തകളിലാണ് മേല്‍ വിചാരങ്ങള്‍ ഒക്കെ വരിക. എന്നാല്‍ അതീവ ബുദ്ധിശാലിയായ ഏതെങ്കിലും അന്യഗ്രഹജീവി അവന്റെ നേരമ്പോക്കിനു സൃഷ്ടിച്ചെടുത്ത ചിന്ന പൂന്തോട്ടം മാത്രമാണ് ഈ ഭൂമിയെങ്കിലോ? അവന്റെ കണ്ണിലെ ഉറുമ്പുകളായ നമ്മള്‍ ഇവിടെക്കിടന്ന് കാണിക്കുന്ന കോപ്രായങ്ങള്‍ ഒക്കെ കണ്ട് ആ ജീവി ആര്‍ത്ത് ചിരിക്കുന്നുണ്ടാവുമോ? അതോ, എന്നോ സൃഷ്ടിച്ച് കുറെക്കാലം പരിപാലിച്ച് പിന്നെ ബോറടിച്ചിട്ട് ഉപേക്ഷിച്ചു കളഞ്ഞ പാഴ്‌നിലമാണോ ഇത്?
അതുമല്ലെങ്കില്‍ അകലെയുള്ള ഏതോ അന്യഗ്രഹത്തിലുള്ളവര്‍ പരീക്ഷണശാല പോലെ കൊണ്ടുനടന്ന ഈ ഭൂമിയെ അവരുടെ കാലശേഷം ആ ഗ്രഹത്തിലുള്ളവര്‍ എന്നന്നേക്കുമായി മറന്നുകളഞ്ഞതോ? അവിടുത്തെ പുതുതലമുറയില്‍ പെട്ട ചരിത്രാന്വേഷകന്‍ തങ്ങളുടെ പുരാതന ചരിത്രം തേടിപ്പോവുകയും പൂര്‍വികര്‍ ഇങ്ങനെയൊരു ജീവസ്ഥലി നിര്‍മിച്ച് ഉപേക്ഷിച്ച് കളഞ്ഞെന്ന് കണ്ടെത്തുകയും അവര്‍ ഈ ഗ്രഹം തേടി വീണ്ടും വരികയും ചെയ്യുമോ?
മനുഷ്യന്‍ ഇനി എന്നെങ്കിലും അന്യഗ്രഹജീവികളെ തേടി സൗരയൂഥത്തിനും ഗാലക്‌സിയ്ക്കും പുറത്തേക്ക് സഞ്ചരിക്കുമോ? അവര്‍ നമ്മളെ തേടി വന്നില്ലെങ്കില്‍ നമ്മള്‍ അവരെ തേടിപ്പോകുമോ?
ചൊവ്വയില്‍ ജീവിക്കുക, ചന്ദ്രനില്‍ കപ്പ നടുക തുടങ്ങിയ പരിമിത സ്വപ്നങ്ങള്‍ അവന്‍ എന്നെങ്കിലും നേടിയെടുത്താലും അതിനപ്പുറത്തേക്ക് സഞ്ചരിക്കാന്‍ അവന് കഴിഞ്ഞുകൊള്ളണമെന്നില്ല. രണ്ട് വലിയ പരിമിതികളാണ് അതിനു തടസം, ഒന്ന് മനുഷ്യന്റെ ആയുസ്, രണ്ടാമത് വായുവിന്റെ അവശ്യകത. ഇതു രണ്ടും മറികടക്കാനാവാതെ നമുക്ക് സൗരയൂഥത്തിനു പുറത്തുപോലും കടക്കാനാവില്ല.
അല്ലെങ്കില്‍ മാനസിക വേഗത്തില്‍ സഞ്ചരിക്കാനാവുന്ന വാഹനങ്ങള്‍ കണ്ടെത്തണം.
ചിന്ത കൊണ്ട് നമുക്ക് നാനൂറു കോടി പ്രകാശവര്‍ഷം അപ്പുറത്തു നില്‍ക്കുന്ന ഒരിടത്തിലേക്ക് സഞ്ചരിക്കാന്‍ സമയമൊന്നും വേണ്ടല്ലോ. അപ്പോള്‍ നാം മറികടക്കേണ്ട മൂന്നാമത്തെ കാര്യം സമയമാണ്.
ഒരുകാലത്ത് തീര്‍ത്തും അസാധ്യമെന്ന് കരുതിയ പലതും സാധിച്ചെടുത്ത ചരിത്രമാണ് മനുഷ്യനുള്ളത്. ഫറവോയുടെ കാലത്ത് വിമാനവും യേശുവിന്റെ കാലത്ത് ലൈവ് ടെലികാസ്റ്റും ഏതെങ്കിലും ഭ്രാന്തന്മാരുടെ ദിവാസ്വപ്നം മാത്രമായിരുന്നു എങ്കില്‍ ഇപ്പോള്‍ നമ്മളത് യാഥാര്‍ത്ഥ്യമാക്കിയില്ലേ? അതുകൊണ്ട് എന്നെങ്കിലും ഒരിക്കല്‍ മനുഷ്യന്‍ ഈ കടമ്പകളെ മറികടക്കും എന്ന് ആശിക്കാനാണ് തോന്നുന്നത്.
ബെന്യാമിന്റെ മറ്റു എഴുത്തുകള്‍ വായിക്കാം:
ഇന്ത്യ മുസ്‌ലിം വിരുദ്ധമാവുകയാണെങ്കില്‍ പ്രവാസത്തിന്റെ ഭാവി
എം.എല്‍.എ ശബരീനാഥന് എഴുത്തുകാരന്‍ ബെന്യാമിന്റെ കത്ത്
Vijayan Balakrishnan
18 Apr 2020, 12:42 PM
അപര്യാപ്തമാണെങ്കിലും, സമത്വസുന്ദരമായ ഒരു ലോകവും, വർഗരഹിത, വർണരഹിത ലോകവ്യവസ്ഥയും കാണാൻ ആഗ്രഹിക്കുന്നു.
Remesh R
17 Apr 2020, 05:30 PM
ജാതി ,മത,വർണ്ണ ,ലിംഗ വേർതിരിവില്ലാത്ത ,കുഞ്ഞുങ്ങളേപോലെ നിഷ്ക്കളങ്കരായി എല്ലാവരാലും,എല്ലാവർക്കും സ്നേഹിക്കാൻ കഴിയുന്ന ലോകം
ബെന്യാമിന്‍/മിധു ജോര്‍ജ്
Sep 06, 2020
34 Minutes Watch
ബെന്യാമിന്‍
Apr 24, 2020
10 Minutes Read
ബെന്യാമിന്‍
Apr 18, 2020
3 Minutes Read
Noushad Basheer
18 Apr 2020, 12:49 PM
IN Whole World ,Every one ( expecially human beign ) appologious to God for their Sins. I desire that day come soon.