മലയാളിയുടെ ചരിത്രബോധത്തിന്റെ
കടയ്ക്കല്‍ കത്തിവെക്കുന്ന
'ഭൂത'കാലം
മലയാളിയുടെ ചരിത്രബോധത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന 'ഭൂത'കാലം
കേരളത്തിലെ മനുഷ്യരുടെ ജീവിതത്തെ കുറിച്ചുള്ള ബോധ്യത്തെയും, ഇന്ന് നാം വെച്ചുപുലര്‍ത്തുന്ന പല തീര്‍ച്ചകളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ചരിത്രബോധത്തിന്റെയും കടയ്ക്കല്‍ കത്തി വെക്കുന്നതാണ് ഈ ചലച്ചിത്രം.
25 Jan 2022, 10:04 AM
കോവിഡ് നമ്മുടെ ജീവിതക്രമത്തെയും, കാലത്തെക്കുറിച്ചുള്ള ബോധ്യത്തെയും സാരമായി ബാധിച്ചപ്പോള്‍ തന്നെ യാദൃശ്ചികമെന്നോണം "കാലം' കേന്ദ്രവിഷയമായി കടന്നു വരുന്ന മൂന്നു സിനിമകള്‍ സംഭവിച്ചു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, തമിഴില്‍ വെങ്കട് പ്രഭുവിന്റെ മാനാട് ഇതാ ഇപ്പോള്‍ രാഹുല്‍ സദാശിവന്റെ ഭൂതകാലം. കാലത്തെ വിഷയമാക്കുമ്പോള്‍ ആദ്യ രണ്ടു സിനിമകള്‍ "ടൈം ലൂപ്പും,' (ഒരു ചക്രത്തില്‍ എന്നോണം കാലം തിരിയുന്നതും, അതില്‍ പെട്ടു പോകുന്ന മനുഷ്യരുടെയും കഥ പറഞ്ഞപ്പോള്‍) ഭൂതകാലം ചലനമില്ലാത്ത കാലത്തെയാണ് ദൃശ്യവല്‍ക്കരിക്കുന്നത്.
കഴിഞ്ഞുപോയകാലത്തിന്റെ ഭൂതങ്ങള്‍ ഇപ്പോഴും മനുഷ്യരെ വേട്ടയാടുന്ന കഥ അവതരണ ശൈലിയില്‍ ഹൊറര്‍ അന്തരീക്ഷം സൃഷ്ടിക്കുന്നുവെങ്കിലും, ഒരു ഹൊറര്‍ ചിത്രം മാത്രമായി കാണേണ്ടതല്ല ഭൂതകാലം എന്ന വാദത്തിലാണ് ഈ ലേഖനത്തിന്റെ നില്‍പ്പ്.
കേരളത്തിലെ മനുഷ്യരുടെ ജീവിതത്തെ കുറിച്ചുള്ള ബോധ്യത്തെയും, ഇന്ന് നാം വെച്ചുപുലര്‍ത്തുന്ന പല തീര്‍ച്ചകളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ചരിത്രബോധത്തിന്റെയും കടയ്ക്കല്‍ കത്തി വെക്കുന്നതാണ് ഈ ചലച്ചിത്രം. അത്തരം പല വീണ്ടുവിചാരങ്ങള്‍ക്കും ഹേതുവാകാന്‍ കഴിയുന്ന ആശയലോകം ഭൂതകാലം തുറന്നിടുന്നുണ്ട്. മനുഷ്യന്റെ ചരിത്രബോധ്യത്തെ വിമര്‍ശിക്കുന്നതില്‍ നീറ്റ്ഷെയുടെ തത്വചിന്താധാരയെ പിന്‍പറ്റി നില്‍ക്കുന്ന ദൃശ്യാവിഷ്‌ക്കാരമായും ഭൂതകാലത്തെ വായിച്ചെടുക്കാം. ഭൂതകാലത്തിന്റെ കഥയയെയും, കഥാപാത്രങ്ങളെയും, അവര്‍ നേരിടുന്ന ഭയത്തെയും (ചരിത്രബോധത്തെയും) കുറിച്ചുള്ള ഒരു വിശകലനമാണ് ഈ ലേഖനം. ആശയങ്ങളുടെ വികാസത്തിന് കഥാപരിസരം വിശദീകരിക്കേണ്ടത് അത്യാവശ്യമാകയാല്‍ സിനിമ അനുഭവിച്ചവര്‍ മാത്രം വായിക്കുക.
കാലം തീരുമാനിക്കുന്ന പാത്രസൃഷ്ടിയാണ് ഭൂതകാലത്തിന്റെ മികവ്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ തമ്മില്‍ പങ്കിടുന്ന ഭൂതകാലവും, ആ ഭൂതകാലത്ത് ജീവിക്കുന്ന മനുഷ്യരും, ഇവര്‍ തമ്മില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളുമെല്ലാം കഥയുടെ സത്തയാണ്. കഥയുടെ ഗതിയെ നിര്‍ണയിക്കുന്നത് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളല്ല, മരിച്ചവരാണ് എന്ന് വരുമ്പോഴാണ് സ്‌ക്രീനില്‍ കാണുന്ന കഥയ്ക്ക് സമാന്തരമായി കഥാപാത്രങ്ങള്‍ക്കിടയില്‍ ഒരു പൊതു ഭൂതകാലം (Shared Past) ഉരുത്തിരിഞ്ഞു വരുന്നതും ശക്തമാകുന്നതും. കഥ നടക്കുന്ന വാടക വീട്ടില്‍ കാലത്തെ മൂന്നായി തരം തിരിക്കാവുന്ന രീതിയില്‍ മൂന്ന് കഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒരു കുടുംബത്തിലെ മൂന്ന് തലമുറ. അമ്മൂമ്മ, അമ്മ, മകന്‍ (ഭൂതം, വര്‍ത്തമാനം, ഭാവി).

തളര്‍ന്നുകിടക്കുന്ന അമ്മൂമ്മയും, കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമായ നഴ്‌സറി അധ്യാപികയായ അമ്മയും, ഡീ. ഫാമം കഴിഞ്ഞു ജോലിക്കായി ശ്രമിക്കുന്ന മകനും ചേരുന്ന കുടുംബം ഒട്ടും സുഖകരമായ രീതിയിലല്ല ജീവിക്കുന്നത്. ഭൂതകാലത്തില്‍ അലിഞ്ഞുചേര്‍ന്ന പിതാവും, കഥയുടെ തുടക്കത്തില്‍ തന്നെ ഭൂതകാലത്തിലേക്ക് മറയുകയും പിന്നീട് വലിയ സ്വാധീനമായി മാറുന്ന അമ്മൂമ്മയും, സിനിമയിലെ അമ്മയും മകനും പങ്കിടുന്ന ഭൂതകാലത്തിന്റെ ഭാഗമാകുമ്പോള്‍, വാടക വീടിന്റെ അന്തരീക്ഷത്തില്‍ മിന്നിമറയുന്നത്, മുന്‍പ് അതേ വീട്ടില്‍ ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിന്റെ ഭൂതകാലമാണ്. ഒരു സാധാരണ കുടുംബം മനസിലാക്കുന്ന പോലെ തന്നെ തങ്ങള്‍ പങ്കിടുന്ന ഭൂതകാലം ഈ അമ്മയും മകനും പരസ്പരം മനസ്സിലാക്കുന്നതില്‍ ഉപയോഗിക്കുന്നു എന്നതില്‍ നിന്നാണ് കഥയിലെ പ്രശ്‌നം വളരുന്നത്.
സ്വന്തം അമ്മയുടെ മരണശേഷം തന്നെ മനസിലാക്കുവാന്‍ ആരും ഇല്ല എന്ന അവസ്ഥയില്‍ മനഃശാസ്ത്രജ്ഞയെ കാണുന്ന ആശ (രേവതി അവതരിപ്പിക്കുന്ന കഥാപാത്രം) താന്‍ ഡിപ്രെഷനിലേക്ക് തന്നെ പോകുമോ എന്ന ഭയം അറിയിക്കുന്നുണ്ട്. അവിടെയും ആശ തന്റെ കുടുംബത്തിന്റെ മാനസികാരോഗ്യചരിത്രത്തെ കുറിച്ച് ബോധ്യയാണ് (ഈ ബോധ്യം മൂലധനമാക്കി കൊണ്ട് കഴിയുന്നത്ര മരുന്നുകള്‍ ക്ലിനിക്കില്‍ നിന്നും നല്കുന്നുമുണ്ട്). ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മകളെ മറക്കുവാന്‍ കഴിയാതെ ജീവിക്കുന്ന ആശ, തന്റെ കുടുംബചരിത്രത്തെ കാണുന്നത് പല പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിട്ടാണ്. ഈ തുടര്‍ച്ച തന്നെ അമ്മയും മകനും പങ്കിടുന്ന ഭൂതകാലത്തില്‍ നിന്നും അവരെ വേര്‍തിരിക്കുന്നില്ല. മറുവശത്ത് മകന്റെ കഥാപാത്രം (ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന വിനു), തന്റെ പിതാവിനോടുള്ള സാദൃശ്യം മൂലം കുറ്റപ്പെടുത്തല്‍ നേരിടുന്നതും ഇതേ ഭൂതകാലത്തിന്റെ സ്വാധീനം മൂലമാണ്. പിതാവിനെ പോലെ വളര്‍ന്നു വഷളാവാതെ ഇരിക്കുവാന്‍ മകനെ ശ്രദ്ധയോടെ വളര്‍ത്തുന്ന അമ്മ, അച്ഛന്റെ സ്വഭാവം സ്വാഭാവികമായും മകന് കൈവരുമോ എന്ന ചരിത്രപരമായ സംശയത്തെ ഭയത്തോടെയാണ് നോക്കി കാണുന്നത്. മകന്‍ ഇമോഷണലി സപ്പോര്‍ട്ടീവ് ആണോ? എന്ന ഡോക്ടറുടെ ചോദ്യത്തിന് അവന്‍ അവന്റെ അച്ഛനെ പോലെയാണ് എന്ന ഒറ്റ ഉത്തരത്തില്‍ അമ്മ സ്വന്തം മകനെ വികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ കഴിയുന്നവനല്ല എന്നും മകനെ പൂര്‍ണമായും അച്ഛന്റെ ജീവചരിത്രത്തിന്റെ തുടര്‍ച്ചയായും മാറ്റുന്നു.
സിനിമയില്‍ അമ്മയും മകനും തര്‍ക്കിക്കുന്ന അവസരത്തില്‍, അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞത് മനസിലായേനേ എന്ന് വിനു പറയുമ്പോള്‍ ആണും പെണ്ണും നേര്‍ക്കുനേരെ നിന്ന് നമുക്ക് പരസ്പരം പൂര്‍ണമായി മനസിലാക്കുവാന്‍ സാധ്യമല്ല എന്നുകൂടിയാണ് പറയുന്നത്. കഥയില്‍ പരാമര്‍ശങ്ങളിലൂടെ മാത്രം കടന്നു പോകുന്ന "പിതൃരൂപം' കുടുംബം നേരിട്ട കടത്തിനും പേരുദോഷത്തിനും ഹേതുവാണ് എന്നുകൂടി "അമ്മ' പറയുമ്പോള്‍ സമൂഹത്തിന് അംഗീകരിക്കുവാന്‍ സാധ്യമല്ലാത്ത എന്തോ ഒന്ന് ചെയ്തതാണ് പിതാവിന്റെ ജീവിതത്തെ വിലയിരുത്തുന്നത്.
കഥയില്‍ മറ്റു പല കഥാപാത്രങ്ങളും തുടരെ തുടരെ ഈ പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, വിനുവിന്റെ അമ്മാവനും ആ കുടുംബം ഒന്നാകെ പങ്കിടുന്ന ഒരു ഭൂതകാലം ഓര്‍മ്മിപ്പിക്കുന്നു. കഥയിലുടനീളം നടക്കുന്ന ഈ ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് കഥയെ വര്‍ത്തമാനത്തിലേക്കോ, ഭാവിയിലേക്കോ കടക്കുന്നതില്‍ നിന്നും തടയുന്നത്. ഈ ഭൂതകാലം സമ്മാനിക്കുന്ന ദുരിതങ്ങളില്‍ നിന്ന് രക്ഷ നേടുവാന്‍ ഡോക്ടര്‍ ആശയോട് ആവശ്യപ്പെടുന്നത് തനിച്ചുള്ള നടത്തമോ, ഐസ്ക്രം കഴിക്കാനോ മറ്റുമാണ് (കുറെ മരുന്നുകളോടൊപ്പം). വിനു ആകട്ടെ സ്വന്തം കാമുകിയുമായി സമയം ചെലവഴിക്കുന്നതിലാണ് ഭൂതകാലത്തില്‍ നിന്നുമുള്ള രക്ഷ കണ്ടെത്തുന്നത് (അതും ചെലവേറിയതാകുന്നു).
ഓരോ തവണയും കഥാപത്രങ്ങള്‍ തങ്ങളുടെ വീട് കരുതി വെച്ചിരിക്കുന്ന ഭൂതകാലത്തില്‍ നിന്ന് രക്ഷ നേടുന്നത് പുറത്തുപോയി സാധനങ്ങള്‍ വാങ്ങുന്നതിലോ, യാത്ര ചെയ്യുന്നതിലോ ആണ്. ഭൂതകാലത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുവാന്‍ വിനോദത്തിന് പണം ചെലവാക്കുന്നവര്‍, അമ്മൂമ്മയുടെ മരണശേഷം വീല്‍ചെയര്‍ ഓണ്‍ലൈനില്‍ വില്പനക്ക് വെച്ചാലോ എന്ന് വിനു ആശയോട് ചോദിക്കുന്നതും ഇതേ ഭൂതകാലത്തില്‍ നിന്നുമുള്ള രക്ഷ ലക്ഷ്യം വെച്ചിട്ടാണ്. പക്ഷെ ഇതെല്ലാം തന്നെ താല്‍കാലിക ശ്രദ്ധ തിരിക്കല്‍ മാത്രമാണ്, രണ്ടു കഥാപാത്രങ്ങളും വീണ്ടും തങ്ങളുടെ ഭൂതകാലം കെട്ടികിടക്കുന്ന വീട്ടിലേക്ക് വരുന്നു. വീണ്ടും ഭൂതകാലത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുന്നു. ദൂരെ ജോലി ലഭിച്ചിട്ടും മകനെ അയക്കാന്‍ തയ്യാറല്ലാത്ത അമ്മ, ഭൂതകാലത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുവാന്‍ തയ്യാറാണെങ്കിലും, മകന് തന്റെ കണ്‍വെട്ടത്ത് നിന്നു മാറി ഒരു ഭാവി ആഗ്രഹിക്കുന്നില്ല. അവന്‍ പോയാല്‍ എനിക്ക് വേറെ ആരാണുള്ളത് എന്ന ചോദ്യം, മകന്റെ ഭാവിയിലേക്കുള്ള വളര്‍ച്ചയെ മാത്രമല്ല, അവന്‍ വളര്‍ന്നു അച്ഛനെ പോലെയാകുമോ എന്ന ചരിത്രപരമായ ഭയം കൂടി വ്യക്തമാക്കുന്നതാണ്.

ചുരുക്കത്തില്‍ രണ്ടു കഥാപാത്രങ്ങളും നേരിട്ടുള്ള സംഭാഷണത്തിന് മുതിരുന്നതിനുപകരം പഴയ കാലത്ത് തങ്ങള്‍ക്കുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ പെരുമാറുകയാണ് കഥയിലുടനീളം. ഇന്ന് കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും നടക്കുന്ന ഈ ഭൂതകാല വിശകലനവും, അതിന്റെ അടിസ്ഥാനത്തിലുള്ള പെരുമാറ്റവുമാണ് ഭൂതകാലം എന്ന സിനിമ നമുക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് തന്റെ മകനോ മകളോ ഏതു വിഷയം പഠിച്ചാലാണ് ഭദ്രവും ശോഭനവുമായ ഭാവി ഉണ്ടാകുക എന്ന സംശയത്തെ മാതാപിതാക്കള്‍ നേരിടുക തങ്ങള്‍ക്ക് അനുഭവപ്പെട്ട ഭൂതകാലത്തെ വിശകലനം ചെയ്തതിന് ശേഷം എടുക്കുന്ന തീരുമാനങ്ങളിലാണ്, സിനിമയില്‍ അമ്മയും മകനും തമ്മില്‍ ജോലി ലഭിക്കാത്തതുമായി ബന്ധപ്പെട്ടു നടക്കുന്ന തര്‍ക്കങ്ങള്‍ ശ്രദ്ധിക്കുക. എം.ബി.ബി.എസ് പഠിക്കാന്‍ മകനെ നിര്‍ബന്ധിക്കുന്ന അമ്മ ശ്രദ്ധിക്കുന്നത് താന്‍ ഭൂതകാലത്തെ കുറിച്ച് നേടിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. (ഡോക്ടര്‍ ആവുക എന്നത് അന്തസും സാമ്പത്തിക ഭദ്രതയും നല്‍കും എന്ന കണ്ടെത്തല്‍ അമ്മയുടെ ചരിത്രവിശകലനത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്). എന്നാല്‍ ഈ കണ്ടെത്തല്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയില്‍ മകന്റെ വര്‍ത്തമാനവും ഭാവിയും ഇല്ലാതെയാകുന്നു.
ആധുനിക മനുഷ്യന്‍ താന്‍ ജീവിച്ചു കഴിഞ്ഞ കാലത്തെ സന്തോഷവും, ദുഃഖവും, സുഖവും എന്താണ് എന്ന തിരിച്ചറിവില്‍ നിന്നാണ് വര്‍ത്തമാന ജീവിതത്തിലെ ഓരോ തീരുമാനങ്ങളും എടുക്കുക. പ്രായത്തില്‍ മുതിര്‍ന്നവര്‍, കൂടുതല്‍ അനുഭവങ്ങള്‍ ഉള്ളവരുമൊക്കെ പുതുതലമുറയ്ക്ക് മുന്‍പില്‍ മാതൃക ആകുന്നത് ഈ ചരിത്രബോധ്യം മൂലധനമായി പ്രകടിപ്പിച്ചുകൊണ്ടാണ്. ഈ മൂലധനത്തെ വിമര്‍ശനവിധേയമാക്കുന്നുണ്ട് ഭൂതകാലം. ചരിത്രബോധ്യത്തിലൂന്നിയ മൂലധനം എങ്ങനെ മുതലാളിത്തവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നും, അതിന്റെ തണലില്‍ എണ്ണത്തില്‍ പെരുകുകയും ഗുണത്തില്‍ തകരുകയും ചെയ്യുന്ന യുവാക്കള്‍ വളരുന്നു എന്നും സിനിമ അവതരിപ്പിക്കുന്നുണ്ട്. വിനുവിന്റെ സുഹൃത്തുക്കളായ ശ്യാം, സജിന്‍ എന്നീ യുവാക്കള്‍, മുന്‍തലമുറയുടെ ചരിത്രവിശകലനത്തിന്റെയും, മുതലാളിത്തത്തിന്റെയും നിര്‍മിതികളാണ്. മാതാപിതാക്കള്‍ നിര്‍ണയിക്കുന്ന വിഷയം പഠിച്ച്, ഒരു ഉപഭോക്താവ് എന്ന നിലയില്‍ ഫീസ് അടച്ച് കോഴ്‌സ് തീര്‍ന്നതിനുശേഷം എത്രയും വേഗം ഏതെങ്കിലും ജോലി ചെയ്തു രക്ഷപ്പെടുക എന്ന ആശയമാണ് ഭാവിയിലേക്ക് ദിശാസൂചികയായി കാണുന്നത്.
തങ്ങളുടെ സുഹൃത്തായ സജിന്‍ കൈവരിച്ച നേട്ടങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ കാണുമ്പോഴുണ്ടാകുന്ന അസൂയയും, വിഷമമവും കൊണ്ടെത്തിക്കുന്നത് ഉറക്കമില്ലായ്മയിലും, മദ്യപാനത്തിലുമാണ്. തങ്ങള്‍ "ഒരു ഗതിയും പരഗതിയും ഇല്ലാത്തവരാണ്' എന്ന ചിന്ത കൈവരുമ്പോള്‍ വിനുവും ശ്യാമിനെ പോലെ ഹോട്ടല്‍ പണിക്ക് പോകുവാന്‍ തയ്യാറാണ്. ഇത് ആശയോട് പറയുമ്പോഴുണ്ടാകുന്ന പ്രതികരണം തുറന്ന തര്‍ക്കത്തിലേക്ക് നീളുകയും ചെയ്യുന്നു.
അമ്മ എന്ന നിലയില്‍ താന്‍ മകനെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന ബോധ്യം തിരിച്ചറിയുന്ന അവസരത്തില്‍ ആശ വീണ്ടും തന്റെ മുറിക്കുള്ളിലേക്ക് പോകുന്നു. ഇവിടെ അമ്മയും മകനും ഒരുപോലെ മുതലാളിത്തത്താല്‍ ചതിക്കപെട്ടവരാണ്. വിനുവിന് അസ്തിത്വം നല്കുന്നത് തന്റെ ബൈക്കും ഫോണും ആണെകില്‍ ആശയ്ക്ക് താന്‍ കഴിക്കുന്ന മരുന്നുകളാണ് അസ്തിത്വം. മാര്‍ക്കറ്റിലെ ചരക്കുകള്‍ മനുഷ്യന്റെ അസ്തിത്വം നിര്‍ണയിക്കുന്ന വര്‍ത്തമാനകാലം കൂടിക്കലരുമ്പോള്‍ ഭൂതകാലം പൂര്‍ണമായും അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് പറയുന്നത്. വരുമാനത്തിന് വേണ്ടി ചെയ്യേണ്ട ജോലിക്കായി ആശയ്ക്ക് ഇല്ലാത്ത സന്തോഷം കുട്ടികളുടെ മുന്‍പില്‍ അഭിനയിക്കേണ്ടിവരും, ജോലി അന്വേഷിക്കുന്ന വിനുവിനൊടും ആവശ്യപ്പെടുന്നത് തനിക്ക് താല്പര്യമില്ലാത്ത വേഷത്തില്‍ വരാനാണ്. ചെയ്യുന്ന ജോലിയില്‍ തങ്ങളായി തന്നെ നിലനില്‍ക്കുവാന്‍ അമ്മയും-മകനും പങ്കിടുന്ന ഭൂതകാലം അവരെ അനുവദിക്കുന്നില്ല.

കഥാവസാനത്തില്‍, പ്രശ്നങ്ങളത്രയും വിനുവിനുമേല്‍ ഭ്രാന്തായി ചുമത്തപ്പെടുമ്പോള്‍, ഭാഗ്യമെന്നോണം ആശയ്ക്കും തങ്ങളുടെ വീട്ടിലും മനസിലും ആഘാതമുണ്ടാകുന്ന "ഭൂതകാലത്തെ' അറിയുവാന്‍ സാധിക്കുന്നു. ഈ സാധ്യത തന്നെ വളരെ വേഗം ആ വീട്ടില്‍ നിന്ന് മാറുവാനുള്ള തീരുമാനത്തിലേക്കും എത്തിക്കുന്നു. വീടിന്റെ ഭൂതകാലം വിനുവിനെ കൗണ്‍സില്‍ ചെയ്യുവാന്‍ എത്തുന്ന ജോര്‍ജ് എന്ന മനഃശാസ്ത്രജ്ഞന്റെ അന്വേഷണത്തില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വിശദീകരിക്കപ്പെടുന്നുണ്ടെങ്കിലും, അവ ഒരിക്കലും ആശയും- വിനുവും പങ്കിടുന്ന ഭൂതകാലത്തിന്റെ ഭാഗമല്ല. അത് ജോര്‍ജ് സ്വയം ആര്‍ജിച്ചെടുത്ത അറിവാണ്, അതിപ്പോള്‍ ജോര്‍ജ് എന്ന കഥാപാത്രം അറിയുന്ന ഭൂതകാലത്തിന്റെ ഭാഗമായിരിക്കുന്നു. പുതിയ വീട്ടിലേക്ക് മാറുന്നതിന് മുന്‍പ് അമ്മയും മകനും മനസ്സില്‍ തോന്നുന്നത് എല്ലാം തുറന്ന് പറയും എന്ന ഉറപ്പിലാണ് നില്‍ക്കുന്നത്. അമ്മയും മകനും ഒന്നായതിന്റെ പേരില്‍ ജോര്‍ജ് എന്ന മനഃശാസ്ത്രജ്ഞനും, അമ്മാവനും സന്തോഷവാന്മാരാകുമ്പോള്‍, കഥയിലെ ഭൂതകാലം അവസാനിക്കുന്നില്ല തുടരുന്നതേയുള്ളു. എന്നാല്‍ അത്തരം ഭൂതകാലത്തെ കുറിച്ചുള്ള വിശകലനങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന ആഘാതം വലുതും തിരുത്താന്‍ പറ്റാത്തതുമാണ് എന്ന തിരിച്ചറിവ് ഭൂതകാലം നല്കുന്നു.
1874-ല്‍ ഇതേ ശൈലിയിലുള്ള കാഴ്ച അവതരിപ്പിച്ചത് ഫ്രഡറിക്ക് നീത്ഷേയാണ്, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പോയ കാലത്തെ കുറിച്ചുള്ള ഏതൊരു ബോധ്യവും നമ്മെ മുന്നോട്ട് നടത്തേണ്ടതാണ്, അല്ലാതെയുള്ളവ വേദനയോ, സംതൃപ്തിയോ നല്‍കുന്നതാവും, മുന്നോട്ടുള്ള വളര്‍ച്ചയല്ല പോയ കാലത്ത് തന്നെ തളര്‍ന്ന് നില്‍ക്കുന്ന ജീവിതങ്ങളാണ് അത്തരം ബോധ്യങ്ങളുടെ ഫലം. ഭൂതകാലം എന്ന സിനിമ അത്തരം പല ബോധ്യങ്ങളും മുതലാളിത്തവും ചേര്‍ന്ന് നിര്‍മിക്കുന്ന വര്‍ത്തമാനജീവിതമാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്.
പഴയ കാലത്തെ ഭൂതകാലം എന്ന് വിളിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. അതെന്തുകൊണ്ടെന്ന് ഭൂതകാലം എന്ന സിനിമ ഗംഭീരമായി പറയുന്നുണ്ട്. കാനായിയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരുമിച്ചിരുന്നു സംവദിക്കുന്ന എറണാകുളത്തെ മുക്കാല ഭഗവതി എന്ന ശില്‍പം തുടങ്ങിവെച്ച സംവാദമാണിത് കേരളത്തില്‍. ചലച്ചിത്രഭാഷ്യത്തിലേക്കെത്തുമ്പോള്‍ അത് ഭൂതാവേശിതമായ, ഒരുനിലക്കും ഭാവിയിലേക്ക് വളരാനാവാതെ വര്‍ത്തമാനത്തില്‍ കെട്ടി നിന്ന് ഭയക്കുന്ന കേരളീയ വര്‍ത്തമാനമാനത്തെ അടയാളപ്പെടുത്തപ്പെടുന്നു. ചുറ്റുമുള്ള സമൂഹത്തിന്റെ വിഹ്വലതകളെ കലര്‍പ്പില്ലാതെ ആവാഹിച്ചതു കൊണ്ടാണ് ഈ ചലച്ചിത്രം നമ്മെ പേടിപ്പിക്കുന്നതും.
യാക്കോബ് തോമസ്
May 15, 2022
16 Minutes Read
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
അരുണ്‍ ടി. വിജയന്‍
May 14, 2022
4 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read