ഒന്നെടുക്കുമ്പോൾ രണ്ട്​: ബിജു ​റോക്കിയുടെ കവിത

വിതയെഴുതാൻ തുടങ്ങുമ്പോൾ
കിളി മാത്രമേയുള്ളൂ.

പല മാലകളിൽനിന്ന്
അക്ഷരമൂർത്തിയെടുത്തു
കിളിയെ കോർത്തു.

കൊക്കിനെ കൂടുതൽ കൂർപ്പിച്ചു.

വട്ടക്കണ്ണിയെ നീൾമിഴിയാക്കി
പാട്ടിൽ തേനൊഴിച്ചു
ചെമപ്പുവാലിൽ
പച്ചയും നീലയും അധികം ചേർത്തു.
ചിറകിൽ പപ്പുകളേറെ തുന്നിക്കൊടുത്തു.

കിളിച്ചിത്രം തീരുംമുമ്പേ
ഓലനാരുകളാൽ
കൂടൊരുക്കി, കിളി.

കൂടിനെക്കുറിച്ചെഴുതുമ്പോഴേക്കും
കിളി മുട്ടയിട്ടു.

മുട്ടയെക്കുറിച്ചെഴുതുമ്പോഴേക്കും
ചിറകിൻച്ചോട്ടിൽ ചൂട് പരന്നു

കുഞ്ഞ് വിരിയുമ്പോഴേക്കും
കവിയോട് ചോദിക്കാതെ
വലിഞ്ഞുകേറി പാമ്പ് വന്നു.

കവിത കിളിയെക്കുറിച്ചാണ്
പാമ്പ് വിളിക്കാതെ വന്നതാണ്.

കവി മൃദുലചിത്തനാണ്.
കിളിയും പൂവും മലരുമാണിഷ്ടം.
പക്ഷേ, പാമ്പിനതറിയില്ലല്ലോ.

പാമ്പ് കിളിക്കൂട്ടിലേക്ക്
താളഭംഗിയോടെ
വൃത്തമെഴുതി ഇഴഞ്ഞുകയറുന്നു.

പറഞ്ഞല്ലോ,
കിളിയുടെ കവിതയിൽ
പാമ്പിന് ഇടമില്ലെന്ന്.
പക്ഷേ, പാമ്പിനതറിയില്ലല്ലോ.

മുട്ടയും പാമ്പും
തൊട്ടടുത്ത് കണ്ട നിമിഷത്തിൽ
കവി കണ്ണടച്ചു.

കവിതയിൽ നിന്ന്
പാമ്പ് ഇഴഞ്ഞുപോകാൻ കൊതിച്ചു.

പക്ഷേ, പാമ്പിന്റെ വായിൽ
ഞെരിയുകയാണിപ്പോൾ
മുട്ടയും
പറക്കാൻ കൊതിച്ച കുഞ്ഞും.

ഹാ, കഷ്ടം വെച്ച്
പാമ്പിനെ തല്ലിച്ചതച്ച്
ജീവനോടെ കുഴിച്ചുമൂടി.

കിളിക്കൂട് അടുപ്പിൽ വെച്ചു.
എഴുതിയതെല്ലാം കീറിക്കളഞ്ഞു.
പുതിയ കവിത എഴുതിത്തുടങ്ങി.

കവിതയുടെ പേര്:
കിളിക്കൂട് ഒളിപ്പിച്ച വെളിച്ചം

മിന്നാമിനുങ്ങുകളെ പറത്തിവിട്ട്
കിളിക്കൂട് കത്തുന്നു
സൗമ്യമായ വെളിച്ചം പൊന്തുന്നു.
കിളിക്കുഞ്ഞിന്റെ ചിറകല്ലേ
മഞ്ഞവെളിച്ചമായി
ആളിയിളകി നിൽക്കുന്നു?

Comments