truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 20 April 2021

truecoppy
Truecopy Logo
Readers are Thinkers

Tuesday, 20 April 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review

മമ്മൂട്ടിയുടെ ചിരി എന്നോട് പറഞ്ഞത്


Soundcloud

‘ഷൈലോക്കി'ലെ പലിശക്കാരന്‍, ‘മുന്നറിയിപ്പി'ലെ രാഘവന്‍, ‘വിധേയനി'ലെ പട്ടേലര്‍, ‘അമര'ത്തിലെ അച്ചു, ‘മതിലുകളി'ലെ ബഷീര്‍, ‘പൊന്തന്‍മാട'യിലെ മാട, ‘മൃഗയ'യിലെ വാറുണ്ണി... മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ ചിരിച്ച ചിരികളിലൂടെ...

7 Sep 2020, 07:35 PM

ബിന്ദു മുംതാസ്

അലസമായ ഒരു രാത്രിയില്‍ വെറുതെ സമയം കളയാമെന്നു കരുതിയാണ് ആമസോണ്‍ പ്രൈമില്‍ കയറിയത്. നീണ്ടുനീണ്ടു പോവുന്ന വെബ് സീരീസിനേക്കാള്‍ പ്രിയം സിനിമ തന്നെ. ഒടുക്കമറിയാനാവാത്ത പലതും ജീവിതത്തിലുള്ളതുകൊണ്ടാവാം നീണ്ട ഒടുങ്ങാത്ത സീരിസിനേക്കാള്‍ ഇഷ്ടം തോന്നുന്നതെപ്പോഴും സിനിമയോടാണ്. രണ്ടര മണിക്കൂര്‍ നാം ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതും എല്ലാം അറിഞ്ഞു കഴിയുമല്ലോ. 
മമ്മൂട്ടിയുടെ ‘ഷൈലോക്ക്' കാണാന്‍ ഇടയായതും അങ്ങനെയാണ്. മകളും ഞാനും ചിരിച്ചും കളിച്ചും പടം കണ്ടു തീര്‍ത്തു.  ഉറങ്ങുന്നതിനുമുമ്പ്  അവള്‍ എന്നോട് പറഞ്ഞു, ‘എനിക്ക്  ഷൈലോക്കിന്റെ  ചിരി ഒത്തിരി ഇഷ്ടപ്പെട്ടുകേട്ടോ, സിനിമ മുന്നോട്ടു പോകുംതോറും ചിരിയുടെ ഭാവം മാറുന്ന പോലെ.' പിറ്റേന്ന് കാത്തിരിക്കുന്ന പരീക്ഷയുടെ ആവലാതിയും പറഞ്ഞ് അവള്‍ തിരിഞ്ഞുകിടന്ന് ഉറക്കമായി.

 mammootty_shylok.jpg
ഷൈലോക്ക്

ഷൈലോക്ക് എന്ന ചിത്രം പ്രത്യേകിച്ച് വലിയ പുതുമ അവകാശപ്പെടാനില്ലാത്ത സാധാരണ entertainer മാത്രമാണ്. അതില്‍ ശ്രദ്ധിക്കപ്പെടുന്നത് മമ്മൂട്ടിയുടെ ചിരിയും, കറുത്ത വസ്ത്രത്തിലുള്ള സ്‌റ്റൈലിഷ് ഗെറ്റപ്പുമാണ്. ക്രൂരമായ പലിശക്കാരന്റെ ഒരുതരം കുനുഷ്ട് നിറഞ്ഞ ചിരിയില്‍ നിന്ന് ഉള്ളുരുക്കി പ്രതികാരം ചെയ്യാന്‍ തപം ചെയ്തു തുനിഞ്ഞിറങ്ങി, അതില്‍ വിജയിച്ച ഒരുവന്റെ  ചിരിയില്‍ നിര്‍ത്തിക്കൊണ്ട് പടം അവസാനിക്കുന്നു.
ചിരിയും കരച്ചിലും ആണല്ലോ ജീവിതത്തില്‍ നമ്മെ പരസ്പരം  അടുപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന്റെ സൂക്ഷ്മ വിചാരവികാരങ്ങളേയും, ശരീരഭാഷയിലൂടെ മനുഷ്യന്റെ സ്പന്ദനങ്ങളേയും കൊണ്ടാടുന്ന അഭിനേതാക്കള്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു ചിരികൊണ്ട് (നിസ്സഹായമായ  പുഞ്ചിരി മുതല്‍ ഭ്രാന്തമായ ചിരി വരെ) ഒരു കഥാപാത്രത്തിന് അതിനിഗൂഢമായ മനുഷ്യമനസ്സിന്റെ പ്രക്ഷുബ്ദാവസ്ഥകളിലേക്ക് ഭയചകിതരാക്കി കൊണ്ടുപോവാന്‍ വാക്കിന്‍ ഫീനിക്‌സിന് ‘ജോക്കര്‍' എന്ന സിനിമയില്‍ കഴിഞ്ഞു. ഒരൊറ്റ  കഥാപാത്രം അഭിനയം കൊണ്ടാടി അരങ്ങുതകര്‍ത്ത്​ അവസാനിപ്പിക്കുമ്പോഴും  നമ്മുടെ ഉപബോധമനസ്സിലേക്ക് തുളഞ്ഞുകയറിയ പേടിയുടെ നിഴലാട്ടങ്ങള്‍ വിട്ടിറങ്ങുന്നില്ല. അസ്ഥാനത്തുയരുന്ന ചിരിയേക്കാള്‍ ഭയാനകമായ ഒന്നുമില്ലെന്ന് നാം തിരിച്ചറിയുന്നു.

 mammootty-in-munnariyipp.jpg
മുന്നറിയിപ്പ്

മലയാള സിനിമയില്‍ എന്നും ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ചിരി മോഹന്‍ലാലിന്റേതാണ്. ശ്രീകൃഷ്ണനെ പോലെ കുസൃതി കലര്‍ന്ന ചിരി ചിരിച്ച് മലയാളികളുടെ മനസ്സില്‍ അദ്ദേഹം ഇടം നേടി. ചിത്രത്തിലെയും, ദശരഥത്തിലെയും അധിപനിലെയും, അങ്ങനെ നിരവധി  സിനിമകള്‍. ആ കാലഘട്ടത്തിലെ മോഹന്‍ലാല്‍ സിനിമകളിലെ പല ചേരുവകളിലൊന്ന് അദ്ദേഹത്തിന്റെ കണ്ണിറുക്കിയുള്ള ചിരിയായിരുന്നു.  മറിച്ച് മമ്മൂട്ടി ചര്‍ച്ചചെയ്യപ്പെട്ടത് ഘനമേറിയ കഥാപാത്രങ്ങളുടെ ആവിഷ്‌കരണത്തിനും; വക്കീല്‍, പൊലീസ്, പത്രപ്രവര്‍ത്തകന്‍ അങ്ങനെ പലതും. എന്നാല്‍ ഷൈലോക്ക് എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടുപോയത് മനസ്സില്‍ പലപ്പോഴായി ആഴത്തില്‍ കൊണ്ട മമ്മൂട്ടിയുടെ ചിരിയുടെ നാനാര്‍ഥങ്ങളിലേക്കാണ്. ചിരികളില്‍ മമ്മൂട്ടിയെ ബാക്കിവെക്കാതെ അദ്ദേഹം കഥാപാത്രത്തെ മാത്രം നമ്മുടെ  മനസ്സിലേക്കെറിഞ്ഞുതരുന്നു. പലപ്പോഴും, ഒരിക്കലും മറക്കാനാവാത്ത വിധം. 

രാഘവന്‍, പട്ടേലര്‍, ബഷീര്‍, അച്ചു

മലയാളികള്‍ മറക്കാനിടയില്ലാത്ത അത്തരം ഒരു പുഞ്ചിരി ‘മുന്നറിയിപ്പി'ലെ രാഘവന്റെതാണ്. ആഴ്ചകളോളം ആ ചിരി പ്രേക്ഷകരെ പിന്തുടര്‍ന്നിരിക്കാം. നമുക്ക്  ചുറ്റുമുള്ള സൗമ്യസ്വഭാവക്കാരില്‍ അറിയാതെ നാം ആ ചിരി പേടിയോടെ തിരഞ്ഞിട്ടുണ്ടാവാം. അതിനിഗൂഢമായ, ഏതാനം സെക്കന്റുകളില്‍  മാത്രം മിന്നിമാഞ്ഞ അവസാന സീനിലെ ഒരൊറ്റ ചിരിയില്‍ രാഘവന്‍ എന്ന കഥാപാത്രത്തെ മറക്കാനിടയില്ലാത്തവിധം നമ്മിലെ ഉപബോധമനസ്സിലേക്ക് നടന്‍ കെട്ടിയിറക്കുന്നു. ഒരു മനഃശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ രാഘവന്‍ എന്ന കഥാപാത്രത്തിന്റെ  മനസ്സിന്റെ താളപ്പിഴകളെ  ഒരു ചിരിയിലൊതുക്കി  നമ്മുടെ മുന്നിലെത്തിക്കാന്‍ മമ്മൂട്ടിയുടെ പുഞ്ചിരിക്കാവുന്നു.

Vidheyan
വിധേയനിലെ ഒരു രംഗം

‘വിധേയനി'ലെ പട്ടേലരെ ആരും ഓര്‍ക്കാന്‍കൂടി ഇഷ്ടപ്പെടുന്നുണ്ടാവില്ല, ഇപ്പോഴും. ക്രൂരതയുടെ ആള്‍രൂപം. ഏതു ക്രൂരകൃത്യവും ദയയുടെ ഒരു നേരിയ ലാഞ്ചന പോലുമില്ലാതെ അനായാസേന ചെയ്തുതീര്‍ക്കുന്ന  പട്ടേലരുടെ പൊട്ടിച്ചിരി കാണുന്നവരുടെ മനസ്സില്‍ വെറുപ്പിന്റെ തീര്‍ത്താല്‍ തീരാത്ത പകയുണ്ടാകുന്നു. അയാള്‍ ചിരിക്കുമ്പോള്‍ ക്രൂരമായ വന്യത കണ്ണില്‍ പരക്കുന്നു. അത് അശ്ലീല ചിരിയായാലും, കൊലച്ചിരിയായാലും. മനുഷ്യന്‍ പാടെ മരിച്ച പട്ടേലരുടെ ചിരിയില്‍ ഇരയെ തേടുന്ന ചെന്നായയുടെ മണം പരക്കുന്നു.

ഒരുപൂവിതള്‍ പോലെ പുഞ്ചിരിക്കാനേ മതിലുകളിലെ ബഷീറിനാവൂ. ചുറ്റും കോട്ടപോലെ  ഉയര്‍ന്നു നില്‍ക്കുന്ന ജയില്‍ മതിലിനുമപ്പുറം മൊട്ടിട്ട പ്രണയം പകര്‍ത്താന്‍ ബഷീറിന്റെ ചെറുപുഞ്ചിരിക്കാവുന്നു. അതിലോലമായ വാക്കുകള്‍ മതിലിനുമപ്പുറം നിന്ന്, ഒരിക്കലും കാണാത്ത നാരായണിയുമായി പങ്കുവെക്കുമ്പോള്‍ ബഷീറിന്റെ വാക്കുകളേക്കാള്‍ വിടരുന്ന ചിരിക്ക്  നമ്മോടു സംവദിക്കാനാകുന്നു. കഥകളുടെ സുല്‍ത്താന്റെ ജീവിതത്തിലെ കൗതുകം മുഴുവന്‍ ആവാഹിച്ചു ഒപ്പിയെടുത്ത് നമ്മുക്ക് പകര്‍ന്നു നല്കാന്‍ ബഷീര്‍ എന്ന കഥാപാത്രത്തിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി മാത്രം മതിയാവും. 

basheer.jpg

ജീവിതാനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്ന് തുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവരുടെ ചിരി പലപ്പോഴും നമ്മുടെ കണ്ണുകളില്‍ നനവ് പടര്‍ത്തുന്നു. ‘അമര'ത്തിലെ അച്യുതന്‍കുട്ടി പുഞ്ചിരിക്കുമ്പോഴും പൊട്ടിച്ചിരിക്കുമ്പോഴും നാം എത്ര തവണ നെഞ്ചിലെ നീറ്റലൊതുക്കി. ‘അച്ഛന്റെ മുത്ത് ' പത്താം തരത്തില്‍ ഒന്നാം ക്ലാസ്സോടെ വിജയിച്ചു എന്നറിയുന്ന നിമിഷം അച്യുതന്‍കുട്ടിയുടെ മുഖത്ത് വിരിയുന്ന ചിരി, ഒരു പിതാവിന്റെ  ആഹ്‌ളാദപ്രകടനങ്ങള്‍ക്കുമപ്പുറം ഉള്ളുരുക്കി ജീവിതം മുറുകെ പിടിക്കുന്നവര്‍ക്കു മാത്രം മനസിലാക്കാന്‍ കഴിയുന്ന മറ്റൊരു വികാരമായി മാറുന്നു. തന്റെ  മകളുടെ കയ്യും പിടിച്ച് കടപ്പുറത്തൂടെ ഓടി നടന്ന് മകളുടെ വിജയകഥ പറഞ്ഞ് ഉറക്കെ  പൊട്ടിച്ചിരിക്കുന്ന അച്യുതന്‍കുട്ടിയിലൂടെ, ചിരി ചുണ്ടുകളില്‍ വിടരുന്നതൊന്നു മാത്രമല്ലെന്നും അത് ശരീരം മുഴുവന്‍ പടര്‍ന്നാടി ചിലപ്പോഴെങ്കിലും പ്രകടമാക്കപ്പെടുമെന്നും മമ്മൂട്ടി  നമുക്ക് കാട്ടിത്തരുന്നു. ഒരു ചിരിക്കായി മോഹിച്ചു കാത്തിരുന്ന് ചിരിക്കുന്നവന്റെ  ചിരി ചുണ്ടുകളില്‍ മാത്രം വിടര്‍ന്നു കൊഴിയാന്‍ സാധ്യമല്ലല്ലോ! തിരക്കഥകള്‍ക്കപ്പുറത്തേക്ക് കഥാപാത്രങ്ങളെ കൊണ്ടുപോവാന്‍ ഒരു അഭിനേതാവിനു കഴിയുന്നത് വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തത് അഭിനയം കൊണ്ട് നികത്തപ്പെടുമ്പോഴാണ്. അത്തരം സിനിമകള്‍ ജീവിതം പോലെ തന്നെ വാക്കുകള്‍ക്കതീതമാവുന്നു.

mammutty.jpg
അമരം

നന്മ മാത്രം തൊട്ടറിഞ്ഞു ജീവിക്കുന്നവര്‍ക്കേ  നേര്‍മയോടെ ചിരിക്കാനാവൂ എന്ന് ‘വാത്സല്യ'ത്തിലെ വല്യേട്ടനായ രാഘവനിലൂടെ മമ്മൂട്ടി പറയുന്നു. എന്നാല്‍ ഇത്തിരി ചട്ടമ്പി ചിരിക്കുമ്പോള്‍ അതില്‍ ഒത്തിരി തിരുമാലിത്തരവും കാണും  എന്നും കോട്ടയം കുഞ്ഞച്ചനില്‍ നാം കണ്ടതാണ്.

അധഃകൃതന്റെ ചിരി

അപൂര്‍വമായേ ‘മൃഗയ'യിലെ വാറുണ്ണി ചിരിക്കുന്നുള്ളൂ. വാറുണ്ണി ചിരിക്കുമ്പോള്‍ നാം അമ്പരക്കുന്നു. നാം കണ്ടറിയാത്ത ജീവിതങ്ങളുടെ ചിരിയും കരച്ചിലുമെല്ലാം നമുക്കെന്നും വിസ്മയം തന്നെ. അത്തരം ജീവിതങ്ങളുടെ ഉള്ളറകളിലേക്ക് നടന്നുകയറി അവരെ നമുക്ക് മുമ്പില്‍ അനായാസേന അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കാകുന്നു. വാറുണ്ണിയുടെ ഇളംചിരി മുതല്‍ ഇമ അനക്കം വരെ നമ്മില്‍ കൗതുകം ഉണ്ടാക്കുന്നു.
അനുഭവങ്ങളുടെ വടുക്കളേറ്റി  ജീവിക്കുന്നവര്‍ പലരുണ്ട് നമുക്കിടയില്‍. ജീവിതത്തില്‍ ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍, ഒരു പക പോക്കല്‍ പോലെ.

varunni-mammuty.jpg
മൃഗയ

‘സാമ്രാജ്യ'ത്തിലെ അലക്സാണ്ടറും ‘ന്യൂഡല്‍ഹി'യിലെ ജി.കെയും  ജീവിതത്തില്‍ പുഞ്ചിരി നഷ്ടപ്പെട്ടവരാണ്. ഇത്തരം കഥാപാത്രങ്ങക്കൊപ്പം സഞ്ചരിക്കുമ്പോള്‍ നാം അസ്വസ്ഥരാവുന്നു. ഒരിക്കലെങ്കിലും അവരുടെ മുഖത്ത് ഒരു ചെറുചിരി വിടര്‍ന്നെങ്കില്‍ എന്ന് നാം ആശിച്ചു പോവുന്നു. പണവും പ്രതാപവും ഉണ്ടെങ്കിലും ചിരി മാഞ്ഞവരുടെ ജീവിതം അത്രമേല്‍ ദുസ്സഹം ആണെന്ന് ചിരിയില്ലായ്മയിലൂടെ മമ്മൂട്ടി പറയാതെ പറയുന്നു. 

നിര്‍വചിക്കാനാകാത്ത പുഞ്ചിരികള്‍ പലതുണ്ട് ജീവിതത്തില്‍. അതുപോലെ ഒന്നാണ് അധഃകൃതനായ പൊന്തന്‍മാടയുടേത്. തനിക്കെന്നും അന്യമായ മേലാളരുടെ ജീവിതത്തോടുള്ള വിസ്മയമുണ്ട്, നെഞ്ച് കത്തുന്ന പട്ടിണിയുടെ വേനലുണ്ട്, പൊന്തന്മാടയുടെ  ചിരിക്ക് നാനാര്‍ഥവും, വ്യാകരണവും, അലങ്കാരവുമില്ലാതാവുന്നു; അത് ചിരിക്കാന്‍ പഠിച്ചിട്ടില്ലാത്തവന്റെ ചിരിയായി മാറുന്നു. അത് അവന്റെ തന്നെ സത്യവും, സ്വത്വവും ആവുന്നു. കുതിരവണ്ടിയില്‍ തന്റെ ശീമത്തമ്പുരാനോടൊപ്പം (നസറുദ്ദീന്‍ ഷായുടെ  കഥാപാത്രം) പിന്നിലിരുന്ന് യാത്ര ചെയ്യുന്ന പൊന്തന്‍മാട, തന്റെ തമ്പുരാന്‍ ഇടതടവില്ലാതെ  ഉരുവിടുന്ന ഇംഗ്ലീഷ് വാചകങ്ങള്‍ കേട്ട് അത്ഭുതപ്പെട്ടു പുഞ്ചിരിക്കുന്നു. പറഞ്ഞതൊന്നുമേ മനസ്സിലായില്ലെങ്കിലും അവന് തന്റെ തമ്പുരാന്റെ നോവും നീറ്റലും അറിയാനാവുന്നു. പൊന്തന്‍മാട പുഞ്ചിരിക്കുമ്പോള്‍ അതില്‍ ഒരു ദേശത്തിന്റെ അടിയാളരുടെ സര്‍വ ദുഃഖവും, ദുരിതങ്ങളും, ആശകളും, നിരാശകളും  നിഴലിക്കുന്നത് നമുക്ക് കാണാം. ജാതിയും, ദേശവും, ഭാഷയും, സംസ്‌ക്കാരവും, മനസ്സുകള്‍ അറിയുന്നവര്‍ക്ക് ബാധമല്ലെന്നു  മാടയും തമ്പുരാനും നമ്മോടു പറയുന്നത് വാക്കുകള്‍ക്കപ്പുറം  നില്‍ക്കുന്ന ഇത്തരം  ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളിലൂടെയാണ്.
അങ്ങനെ ഒരുപാട് കഥയും കഥാപാത്രങ്ങളും. മമ്മൂട്ടി ചിരിക്കുമ്പോള്‍ നാം ചിരിക്കുള്ളിലെ അര്‍ത്ഥതലങ്ങള്‍ തേടി പോവുന്നു പലപ്പോഴും. നടനെ പാടെ മറക്കുന്നു. മനുഷ്യമനസ്സിനെ ആവിഷ്‌കരിക്കാന്‍ ചിരി പലപ്പോഴും കരച്ചിലിനേക്കാള്‍ ശക്തമായ രീതിയാവുന്നു. കാരണം മനുഷ്യന് മാത്രമാണത്രെ ചിരിക്കാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ മനുഷ്യനോളം നിഗൂഢത അവന്റെ ചിരിയിലും കണ്ടെന്നിരിക്കാം. അത് തൊട്ടറിഞ്ഞു നമ്മുടെ മുന്നില്‍ നിറഞ്ഞാടുന്ന കലയും കലാകാരന്മാരും അതാരുതന്നെ  ആവട്ടെ അനുഗ്രഹീതരാവാതെ തരമില്ല.


ദുൽഖർ സൽമാനും പിണറായി വിജയനും

  • Tags
  • #Mammootty
  • #Vidheyan
  • #Bindu Mumthas
  • #Malayalam Movie
kala 2

Film Review

സ്വാതി ലക്ഷ്മി വിക്രം

പിഴുതെറിയപ്പെടേണ്ട 'കള'കള്‍

Mar 26, 2021

4 Minutes Read

Nirmal Palazhi 2

Podcast

നിര്‍മല്‍ പാലാഴി / എം.എം. രാഗേഷ്

ഒരു രക്ഷയുമില്ല, മമ്മൂക്കയുടെയും ലാലേട്ടന്റേയും കെയർ...

Mar 20, 2021

30 Minutes Listening

Parvathy Mammootty 2

Short Read

Think

സൂപ്പര്‍ സ്റ്റാറുകള്‍ ഒന്നിക്കുന്ന 'പുഴു'; പാര്‍വതി-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

Mar 08, 2021

1 Minute Read

TGIK

Opinion

അശോകകുമാർ വി.

അഖില കേരള ആണ്‍വര്‍ഗ്ഗമേ, ആചാരമല്ല അടുക്കളയാണ് വലുത്

Jan 26, 2021

14 minutes read

TGIK

Opinion

കുഞ്ഞുണ്ണി സജീവ്

മഹത്തായ ഭാരതീയ അടുക്കളയിലെ ലളിത

Jan 24, 2021

9 Minutes Read

kabani

Interview

കബനി / മനില സി. മോഹന്‍

അരങ്ങിലെ കബനി അടുക്കളയിലെ ഉഷ

Jan 23, 2021

37 Minutes Watch

Jeo Baby Interview 2

Interview

ജിയോ ബേബി / മനില സി. മോഹന്‍

ജിയോ ബേബി എങ്ങനെ മഹത്തായ ആ അടുക്കളയിലെത്തി?

Jan 16, 2021

54 Minutes Watch

Cinema projectors 2

Covid-19

മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ. 

സ്‌ക്രീനില്‍ വെളിച്ചമെത്തുന്നതും കാത്ത് മുരുകന്‍ കോട്ടായി

Jan 04, 2021

12 Minutes Read

About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Next Article

Netflix സീരിയൽ കണ്ട് യഥാർത്ഥ നായികയെ കാണാൻ പോയ ആലുവക്കാരൻ

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster