ഗര്‍ഭത്തിന്റേയും
ഗര്‍ഭച്ഛിദ്രത്തിന്റേയും
'സമ്മതം'
ഗര്‍ഭത്തിന്റേയും ഗര്‍ഭച്ഛിദ്രത്തിന്റേയും 'സമ്മതം'
ഈ മി ടൂ ശബ്ദങ്ങളില്‍ കള്ളനാണയങ്ങള്‍ ഉണ്ടെന്നാണെങ്കില്‍ തെളിയട്ടെ. എങ്കിലും ഈ ഒച്ചകള്‍ അമര്‍ച്ച ചെയ്യപ്പെടരുത്. മഹാനദികളില്‍ വെറുതെ ഒരോളമുണ്ടാക്കി ഒടുങ്ങുകയുമരുത്. ഇനിയും നിശ്ശബ്ദരായിരിക്കുന്നവരെ അത് പിടിച്ചു കുലുക്കിയേക്കും. പെണ്‍കുട്ടികള്‍ കയ്‌പ്പേറിയ അനുഭവങ്ങളുടെ പേരില്‍ വിദ്യാ-കലാലയങ്ങളില്‍ നിന്ന്, തുറന്നു കിട്ടുന്ന വാതിലുകളില്‍ നിന്ന്, കയറി നില്ക്കുന്ന വേദികളില്‍ നിന്ന്, തിരിച്ചു പോകരുത്. പെണ്ണുടലിനെ പെണ്ണുങ്ങള്‍ക്ക് തന്നെ തിരിച്ചു കിട്ടുവോളം ഈ ഓളം ഒടുങ്ങിപ്പോകാതെ കല്ലെറിഞ്ഞു കൊണ്ടേയിരിക്കേണ്ടതുണ്ട്
8 Mar 2021, 03:59 PM
1990 മുതല്‍ 2014 വരെ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ ലോകത്തു ശരാശരി 213 മില്യണ്‍ ഗര്‍ഭങ്ങള്‍ പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഇതില്‍ 44% അപ്രതീക്ഷിതമോ അനഭിലഷണീയമോ ആണ്. ഇതില്‍ തന്നെ 50% ഗര്‍ഭച്ഛിദ്രങ്ങള്‍ക്കു വിധേയമാവുകയും 13% ശതമാനം സ്വയം അലസിപ്പോകുകയും ചെയ്യുന്നു. 9% സ്ത്രീ മരണങ്ങളുടെ ഉത്തരവാദിത്തം ഗർഭച്ഛിദ്രങ്ങള്‍ക്കാണ്; അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ആജീവനാന്തവും. ഗര്‍ഭച്ഛിദ്രങ്ങള്‍ നിയന്ത്രണവിധേയവും ചില രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടതുമാണ്. ഗര്‍ഭച്ഛിദ്രങ്ങളുടെ വേദനയാര്‍ന്ന മറുവശം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണകളില്‍ വിഷയീഭവിച്ചിട്ടുമുണ്ടല്ലോ.
ഗര്‍ഭഛിദ്രങ്ങളുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിയാണ് സിംഗിള്‍ ഡോസ് ഗര്‍ഭനിരോധന ഗുളികകള്‍ ആവിര്‍ഭവിച്ചത്. ഐ-പില്‍ , പ്ലാന്‍-ബി, ദി മോര്‍ണിംഗ് ആഫ്റ്റര്‍ എന്നിങ്ങനെ പലപേരുകളില്‍ ലഭ്യമാണെങ്കിലും മുഖ്യമായും എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ്‌സ് pills രണ്ടു തരമുണ്ട്. ലെവോനോര്‍ജെസ്റ്ററല്‍(LNG), പിന്നെ ulipristal acetate.

LNG കൃത്രിമമായ പ്രൊജസ്റ്റിന്‍ ആണ്, ശാരീരിക ബന്ധത്തിന് ശേഷം ഗര്‍ഭ ധാരണം വേണ്ടെന്നു തോന്നുന്ന പക്ഷം 1.5 മില്ലിഗ്രാം ഗുളിക ഒറ്റത്തവണയാണ് കഴിക്കേണ്ടത്. 12 മണിക്കൂര്‍ ഇടവേളയില്‍ രണ്ടായി 0.75 മില്ലിഗ്രാം കഴിക്കുന്നതും തെറ്റല്ല. ulipristal acetate 30 മില്ലിഗ്രാം വരുന്ന selected progesterone receptor modulator ആണ്. അതായത് ഈ രണ്ടിന്റെയും പ്രധാനപ്രവര്‍ത്തനം അണ്ഡോല്പാദനം താല്‍ക്കാലികമായി തടയുക എന്നതും ബീജത്തിന് അണ്ഡത്തിനു സമീപം എത്താനുതകുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതും ആണ്. അതിനാല്‍ തന്നെ ഗര്‍ഭച്ഛിദ്രങ്ങളാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാം. ഇത് മൂലം വന്ധ്യത സംഭവിക്കുകയുമില്ല. ഗര്‍ഭത്തെ തടയുന്നതില്‍ ഇവ 98.2 % മുതല്‍ 99.1% വരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെറിയ തലവേദനയും ഉദര അസ്വസ്ഥതകളുമൊഴിച്ചാല്‍ ഇതിനു മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. പക്ഷെ ECP കള്‍ നിരന്തരമായ ഉപയോഗത്തിന് അനുയോജ്യമല്ല. ഇത്രയും കാര്യങ്ങള്‍ ഇവിടെ പറയാനായത് ഇതൊരു OTC മരുന്നായതു കൊണ്ടും അതിന്റെ ഗുണദോഷ വശങ്ങള്‍ അറിയേണ്ടത് ഉപയോക്താവിന്റെ കടമയായതു കൊണ്ടുമാണ്. അത് ലഭിക്കാന്‍ നിങ്ങള്‍ക്ക് ഒരു മെഡിക്കല്‍ ഷോപ്പില്‍ പോകേണ്ടതുള്ളതു കൊണ്ടും അവരുടെ അര്‍ത്ഥഗര്‍ഭമായ നോട്ടങ്ങളെ മറികടന്നു നിങ്ങള്‍ക്കൊന്നും അവിടെ ചോദിച്ചു മനസ്സിലാക്കുവാന്‍ കഴിഞ്ഞേക്കില്ല എന്നത് കൊണ്ടുമാണ്.
1970 കളില്‍ പ്രയോഗത്തില്‍ വന്ന എമര്‍ജന്‍സി ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്ത്രീസ്വത്വശരീരസ്വാതന്ത്ര്യ വാദത്തിന്റെ പ്രതിയോഗിയായ പ്രജനനത്തെ വളരെയെളുപ്പത്തില്‍ കടിഞ്ഞാണിട്ടു. എന്നിട്ടും അത് നാലു ദശാബ്ദക്കാലം സ്ത്രീകള്‍ക്ക് അപ്രാപ്യമായിത്തന്നെ നിലകൊണ്ടു.
Also Read: പ്രതിയെ വിവാഹം കഴിച്ചാല്‍ ഇല്ലാതാകുമോ റേപ് എന്ന കുറ്റകൃത്യം?
ECP കളുടെ പെറുവിയന്‍ ചരിത്രം ലോകത്തിനു വലിയ പാഠമാണ് നല്‍കിയത്. കൗമാര ഗര്‍ഭങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, നിര്‍ബന്ധിത മാതൃത്വം എന്നിവ പെറുവിയന്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, ലോകത്തെല്ലായിടത്തും ഗൗരവപൂര്‍ണമായ ശ്രദ്ധയര്‍ഹിക്കുന്നുവെന്ന് അവിടുത്തെ ആരോഗ്യമേഖല നടത്തിയ പഠനം മൂലം വിലയിരുത്തുകയും 2001ല്‍ നിയമപരമായി ECP കള്‍ പ്രായഭേദമന്യേ ഏവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ രാജ്യത്ത് വിതരണം ചെയ്യുകയും ചെയ്തു. സൂസന്ന ഷാവേസ് നയിച്ച ഫെമിനിസ്റ്റു കൂട്ടായ്മ ഇതിനു പിന്നില്‍ അഹോരാത്രം പ്രയത്‌നിച്ചിട്ടുണ്ട്. എന്നാല്‍ 2004ല്‍ കത്തോലിക്ക സഭ ഇതിനെതിരെ പരാതി നല്‍കുകയും ഗര്‍ഭധാരണം മുതല്‍ ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശത്തെ അത് ഹനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി 2009 ല്‍ ECP വിതരണം നിര്‍ത്തി വെപ്പിക്കുകയും ചെയ്തു. പിന്നീട് ലൈംഗികാക്രമണശേഷമുള്ള പ്രസവങ്ങള്‍ കൗമാരക്കാരില്‍ ഗണ്യമായി ഉയരുകയും സ്ത്രീകളുടെ പ്രത്യുല്പാദനാരോഗ്യത്തില്‍ പ്രകടമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ചെയ്തതിനു പിന്നാലെ 2016 ല്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങി സമരം ചെയ്തു പുനര്‍വിതരണം സാധ്യമാക്കി.
സമാനമായ പ്രക്ഷോഭം 2006ല്‍ ചിലിയില്‍ സോഷ്യലിസ്റ്റ് സാമൂഹിക പ്രവര്‍ത്തക മിഷേല്‍ ബാഷലറ്റ് പ്രസിഡന്റായതോടെ വിജയം കണ്ടു. "Now things are going to change, now we are in charge' എന്നാര്‍പ്പു വിളിച്ചുകൊണ്ടാണ് സ്ത്രീകള്‍ അന്ന് തെരുവുകള്‍ കീഴടക്കിയത്.

ഇന്ത്യയില്‍ ECP വിതരണം കുടുംബാസൂത്രണത്തിന്റെ ഭാഗമാണ്. എന്നാലിവ ലൈംഗികരോഗങ്ങളെ തടയുന്നില്ല എന്ന കാരണത്താല്‍ അധികം പ്രചാരം നല്കപ്പെട്ടില്ല. ഫെമിനിസം ഇന്‍ ഇന്ത്യ എന്ന പേരില്‍ ഒരു കൂട്ടായ്മ #mybodymymethod ക്യാമ്പയിന്‍ സ്ത്രീകള്‍ക്കിടയില്‍ നടത്തുന്നുണ്ട്. 2018 ല്‍ ചെന്നൈയിലെ അര്‍ച്ചന ശേഖര്‍ എന്ന സാമൂഹ്യപ്രവര്‍ത്തക ഇന്ത്യലിപ്പോഴും ECP കള്‍ക്കുമേല്‍ "shadow ban' നില നില്‍ക്കുന്നതായി ചൂണ്ടിക്കാണിച്ചിരുന്നു.
ഇവിടെ മതാധികാരികളും സദാചാര പരിപാലകരും രക്ഷക വേഷമണിഞ്ഞു വാദിക്കുന്നത് ഭ്രൂണാവകാശങ്ങളെക്കുറിച്ചാണ്. എന്നാല്‍ ECP കളുടെ പ്രവര്‍ത്തനം ഭ്രൂണാവസ്ഥയ്ക്കും മുന്‍പേ അണ്ഡവും ബീജവും ആയി നില്‍ക്കുന്നിടത്താണ്. ജീവാവിര്‍ഭാവത്തിനും മുന്‍പേ നടക്കുന്നത് എങ്ങനെയാണ് കൊലപാതകതുല്യമാവുക?
ECP കളുടെ ഉടല്‍ രാഷ്ട്രീയം
ആണധികാര സമൂഹത്തിന്റെ കടന്നുകയറ്റങ്ങളില്‍ തീര്‍ത്തും ഒറ്റപ്പെടുന്ന പെണ്ണ്, വൈദ്യസഹായം തേടാനോ തനിക്കു സംഭവിച്ചത് ഒരു ഡോക്ടറോട് പോലും തുറന്നു പറയാനോ ആവാതെ മാനസികത്തകര്‍ച്ചയനുഭവിക്കുന്നു. അത്തരം അനുഭവങ്ങള്‍ തീര്‍ത്തും നിഷ്‌കളങ്കരെന്നു കരുതിയവരില്‍ നിന്നോ സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിച്ചവരില്‍ നിന്നോ ആകുമ്പോള്‍ വളരെക്കാലം കൊണ്ട് നേടിയെടുക്കുന്ന വേദികളില്‍ നിന്ന് ആത്മഹത്യയെന്നോണം അപ്രത്യക്ഷയാവുന്നു. അവര്‍ക്ക് സംവേദനക്ഷമത നഷ്ടപ്പെടുകയോ, നഷ്ടപ്പെട്ടത് തനിക്കു മാത്രമാണെന്ന നീറ്റലില്‍, കുറ്റബോധത്തില്‍ മാനസികസന്തുലനം നഷ്ടമാകുകയോ ചെയ്യുന്നു. അതൊന്നും മുഖവിലയ്ക്കെടുക്കാതെ അതിജീവിച്ചവരെ കൊന്നും കെട്ടിത്തൂക്കിയും കത്തിച്ചും വ്യക്തിഹത്യ നടത്തി ബാക്കിയുള്ളവര്‍ക്ക് സ്വയമൊടുങ്ങാന്‍ വഴി കാണിച്ചും ഗുണപാഠ കഥകള്‍ ചമച്ച് നാം സമൂഹത്തെ ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.
"നാണക്കേട്' എന്ന വാക്കിനേക്കാള്‍, വികാരത്തെക്കാള്‍ മനുഷ്യനെ കൊല്ലാന്‍ മറ്റൊന്നിനുമാവില്ല. അതുണ്ടെങ്കില്‍ മറ്റൊന്നിനും നമ്മെ ജീവിപ്പിച്ചു നിര്‍ത്താനാവില്ല. മി ടൂ ഹാഷ്ടാഗുകള്‍ പൊട്ടിച്ചെറിഞ്ഞത് ഈ നാണക്കേടിന്റെ വടത്തെയാണ്. സ്ത്രീ അവളുടെ സത്വത്തെ സ്വതന്ത്രമാക്കുമ്പോള്‍ അതിനു തടസ്സമാവുന്ന അവളുടെ തന്നെ ശാരീരികപ്രശ്‌നങ്ങളെ അവള്‍ക്കു മറികടക്കേണ്ടതുണ്ട്.
2005 ലാണ് അമേരിക്കയില്‍ പോലും ECPകള്‍ OTC (over the counter) മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പെണ്ണിനെത്തന്നെ പെണ്ണിനെതിരെ തിരിക്കാന്‍ പ്രാഗല്‍ഭ്യമുള്ള ആണധികാരസമൂഹം അതിനെയും ചൂഷണത്തിന് ഉപയോഗിച്ചു. Manipulative consent-കളുടെ അസ്തിത്വം ആ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാകുന്നത് അവിടെയാണ്.

ഇതിനു മുന്‍പ് ട്രൂകോപ്പിയില്‍ തന്നെ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിച്ച കാര്യമുണ്ട്, ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമായ കോണ്ടം ഉപയോഗിക്കുന്നതില്‍ പോലും വൈമുഖ്യമുള്ളവരാണ് പുരുഷന്മാര്‍. മിക്കവാറും സ്ത്രീകള്‍ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ അത്തരം ശസ്ത്രക്രിയകള്‍ ചെയ്യാന്‍ പുരുഷന്മാര്‍ തയ്യാറാകുന്നേയില്ല.
ലൈംഗികത mutual consent ആണെന്ന് എത്ര തന്നെ വാദിച്ചാലും അതിനെ പൊതിഞ്ഞ പുരോഗമന നാട്യത്തിന്റെ ആടയെടുത്തു മാറ്റിയാല്‍ പുളയ്ക്കുന്ന വിഷപ്പുഴുക്കളെ സമൂഹത്തിന്റെ ഏതടരിലും കാണാം. പെണ്ണ് ഗുളിക തിന്നുകയോ കോപ്പര്‍ ടി വെക്കുകയോ ശസ്ത്രക്രിയ ചെയ്യുകയോ ചെയ്തോട്ടെ; എനിക്ക് വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ല എന്ന ചിന്ത തന്നെ എത്ര സ്ത്രീവിരുദ്ധമാണ്.
ദൃഷ്ടിഗോചരമായ ഗര്‍ഭം നാണക്കേടുണ്ടാക്കുന്നതാണെന്നും അഗോചരമായ മാനസികതകര്‍ച്ചകള്‍ മരണത്തില്‍ കലാശിച്ചാലും താരതമ്യേന രണ്ടാമത്തേത് ഭേദമാണെന്നും ഈ സമൂഹം അലിഖിത നിയമമായി കൊണ്ട് നടക്കുന്നു.
സ്ത്രീകളെ പുരോഗമനത്തിന്റെ പുകമറയ്ക്കുള്ളിലും ചൂഷണം ചെയ്യുന്നു പുരുഷസമൂഹം. ഒരു സ്ത്രീയെ മുദ്ര കുത്തി പടിയിറക്കിയാല്‍ ബാക്കിയുള്ളവര്‍ സ്വയം നിശ്ശബ്ദരായിക്കോളും എന്ന ധ്വനി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. അവിടെയാണ് കേരളപ്പെണ്‍കവികള്‍, women in cinema collective പോലെയുള്ള കൂട്ടായ്മകളുടെ പ്രാധാന്യം. എത്രയെത്ര സമരങ്ങള്‍ നടത്തിയാണ് ഇന്ന് കിട്ടുന്ന ഇത്തിരി വെട്ടത്തില്‍ എത്തിപ്പെട്ടതെന്ന്, അതിങ്ങനെ വ്യക്തിഹത്യക്കു തുനിഞ്ഞിറങ്ങിയവര്‍ക്കു മുന്നില്‍ അറുത്തു കളയാനുള്ളതല്ലെന്ന് സ്ത്രീകള്‍ക്കും ബോധ്യം വേണം.
ഈ മി ടൂ ശബ്ദങ്ങളില്‍ കള്ളനാണയങ്ങള്‍ ഉണ്ടെന്നാണെങ്കില്‍ തെളിയട്ടെ. എങ്കിലും ഈ ഒച്ചകള്‍ അമര്‍ച്ച ചെയ്യപ്പെടരുത്. മഹാനദികളില്‍ വെറുതെ ഒരോളമുണ്ടാക്കി ഒടുങ്ങുകയുമരുത്. ഇനിയും നിശ്ശബ്ദരായിരിക്കുന്നവരെ അത് പിടിച്ചു കുലുക്കിയേക്കും. പെണ്‍കുട്ടികള്‍ കയ്‌പ്പേറിയ അനുഭവങ്ങളുടെ പേരില്‍ വിദ്യാ-കലാലയങ്ങളില്‍ നിന്ന്, തുറന്നു കിട്ടുന്ന വാതിലുകളില്‍ നിന്ന്, കയറി നില്ക്കുന്ന വേദികളില്‍ നിന്ന്, തിരിച്ചു പോകരുത്. പെണ്ണുടലിനെ പെണ്ണുങ്ങള്‍ക്ക് തന്നെ തിരിച്ചു കിട്ടുവോളം ഈ ഓളം ഒടുങ്ങിപ്പോകാതെ കല്ലെറിഞ്ഞു കൊണ്ടേയിരിക്കേണ്ടതുണ്ട്.
എഴുത്തുകാരി, ആരോഗ്യപ്രവർത്തക.
റിദാ നാസര്‍
Aug 09, 2022
3 Minutes Watch
മുജീബ് റഹ്മാന് കിനാലൂര്‍
Aug 09, 2022
9 Minutes Read
എന്‍.വി.ബാലകൃഷ്ണന്‍
Aug 02, 2022
15 minutes Read
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
റിദാ നാസര്‍
Jul 29, 2022
5 Minutes Read
കെ.വി. ദിവ്യശ്രീ
Jul 18, 2022
15 Minutes Read
PJJ Antony
8 Mar 2021, 04:39 PM
"പെണ്ണ് ഗുളിക തിന്നുകയോ കോപ്പര്‍ ടി വെക്കുകയോ ശസ്ത്രക്രിയ ചെയ്യുകയോ ചെയ്തോട്ടെ; എനിക്ക് വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ല എന്ന ചിന്ത തന്നെ എത്ര സ്ത്രീവിരുദ്ധമാണ്." A serious portrayal of a very serious contemporary gender related issue in India. Though unable to endorse completely that doesn't reduce its relevance in any way.