truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 June 2022

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 June 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Malayalam

Interview

താക്കറെയുടെയും ശിവസേനയുടെയും
ക്വ​ട്ടേഷൻ രാഷ്​ട്രീയം സൃഷ്​ടിച്ച മുംബൈ

താക്കറെയുടെയും ശിവസേനയുടെയും ക്വ​ട്ടേഷൻ രാഷ്​ട്രീയം സൃഷ്​ടിച്ച മുംബൈ

​ ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 04-ല്‍ പ്രസിദ്ധീകരിച്ച 'എ ജേണലിസ്റ്റ് ഇന്‍എഡിറ്റഡ്' എന്ന അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗത്തിന്റെ പുനഃപ്രസിദ്ധീകരണം.

23 Jun 2022, 02:59 PM

വിജു വി. നായര്‍

കെ.കണ്ണന്‍

കെ. കണ്ണന്‍: ഡല്‍ഹിയെപ്പോലെ മുംബൈ എന്ന മഹാനഗരവും കഥകളേറെയുള്ളതാണ്, രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും പ്രാദേശികവാദത്തിന്റെയും ജേണലിസത്തിന്റെയും സാമ്പത്തിക സാമ്രാജ്യങ്ങളുടെയും അധോലോകങ്ങളുടെയുമെല്ലാം. ബോംബെയില്‍ തുടങ്ങിയ കലാകൗമുദി പത്രത്തിന്റെ ചുമതലക്കാരനെന്ന നിലക്കായിരുന്നുവല്ലോ തുടക്കം. 

വിജു.വി.നായര്‍: എല്ലാ അര്‍ത്ഥത്തിലും നഗരമാണ് ബോംബെ. മുംബൈ എന്നു പറയാന്‍ മനസു വഴങ്ങുന്നില്ല. ആ പേരിന് ഈ നഗരത്തിന്റെ ഒരൊഴുക്കില്ല, ഇടയ്ക്ക് ഒരനുനാസിക മുക്കും ബ്രേക്കും. ബോംബെക്കാണ് ചേര്‍ച്ച. 
യാദൃശ്ചികമായാണ് ബോംബെയില്‍ തമ്പടിക്കേണ്ടിവന്നത്. കലാകൗമുദി പത്രം നേരത്തേ തുടങ്ങിയിരുന്നു. ഒരു സ്റ്റോപ്- ഗ്യാപ് അറേഞ്ച്‌മെന്റായി അവിടെ മൂന്നുമാസത്തേയ്ക്ക്- ജയചന്ദ്രന്‍ സാര്‍ (എസ്. ജയചന്ദ്രന്‍ നായര്‍) അങ്ങനെപറഞ്ഞതുകൊണ്ട് പോയതാണ്.

എസ്.ജയചന്ദ്രന്‍ നായർ
എസ്.ജയചന്ദ്രന്‍ നായർ

അതുപിന്നെ ചുമതലയായി മാറി. ആ കെണിവെച്ചത് മാണിസാറാണ് (എം.എസ്.മണി). ആളെ അന്ന് പരിചയപ്പെട്ടിരുന്നില്ല. ധാരാളം കേട്ടിരുന്നു, നാട്ടിലെയും ഡല്‍ഹിയിലെയും കഥകള്‍. ഇടക്ക് ബോംബെയില്‍ വന്നുപോകും. കഫ് പരേഡിലെ കൗമുദി ഗസ്റ്റ്ഹൗസില്‍ തങ്ങും, ഓഫീസിലേക്ക് വരവില്ല. കാര്യങ്ങള്‍ റിമോട്ട് സെന്‍സ് ചെയ്യും. അങ്ങനെയാണ് കണ്ടിട്ടുകൂടിയില്ലാത്ത ഒരിളം പ്രായക്കാരനെ പിടിച്ച് പത്രത്തിന്റെ ചുമതലക്കാരനാക്കുന്നത്. അതാണ് എം.എസ് മണി. ഒരുപാട് സവിശേഷതകളുള്ള അപൂര്‍വ ജന്മം. 

ആള്‍ സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമാണ് മുതലാളി- അടുത്തപ്പോഴാണ് മനസിലായത്. ആ മേലങ്കിയങ്ങോട്ട് നീക്കിയാല്‍ ഒരു രസികന്‍ മനുഷ്യനെ കാണാം. വികൃതിയോളം പോന്ന കുസൃതികള്‍. റെബലിന്റെ നൊസ്സ്. ഇതൊക്കെയുള്ളവരെ ഹൃദയം തുറന്ന് സഹിക്കുകയും ചെയ്യും. ഇനി, ജേണലിസത്തിലേക്കു വന്നാല്‍, ടോപ് ക്ലാസ് ന്യൂസ്മാനാണ് മൂപ്പര്. Nose for News എന്ന് പറയാറില്ലേ? ആ നോസ് മാത്രമല്ല, മൗലികതയുള്ള ഒരു സെന്‍സിബിലിറ്റിയുമുള്ള മനുഷ്യനായിരുന്നു. വന്യതയുടെ ഫ്രഷ്നസ് അദ്ദേഹം അനുഭവിപ്പിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് കിരീടം വച്ച കാലത്താണ് കലാകൗമുദി എന്ന ആശയത്തിന് ജീവന്‍ വയ്ക്കുന്നത്- To promote news letters. അച്ഛനുമായി തെറ്റി കേരളകൗമുദിയില്‍ നിന്ന് മാറിയതൊക്കെ ഒരു നിമിത്തം മാത്രമായിരുന്നു. 

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

അന്നത്തെ കലാകൗമുദി, മലയാളത്തിലെ ആനുകാലികതക്ക് പുതിയൊരു വഴി വെട്ടിയ പ്രസിദ്ധീകരണം കൂടിയായിരുന്നു.

ശരിയാണ്, അക്കാലത്ത് മാതൃഭൂമി സൃഷ്ടിച്ച ഒരോര്‍ത്തഡോക്സിയുണ്ട്- വായനയിലും എഴുത്തിലും. സ്വഭാവികമായും കാലത്തിന്റെ അനിവാര്യതയായി, കലാകൗമുദി.

തീര്‍ത്തും ഒറിജിനല്‍ എന്നു പറയാനാവില്ല. കെ. ബാലകൃഷ്ണന്റെ കൗമുദിയും എസ്.കെ. നായരുടെ മലയാളനാടും മുന്നോടികളായുണ്ട്. ആ ജനുസിന്റെ കുറെക്കൂടി ചോരയും ചൊടിയുമുള്ള എക്സ്ടെന്‍ഷന്‍. സാക്ഷാല്‍ എം. ഗോവിന്ദനാണ് ആ പേരിട്ടത്. അതില്‍ നിന്നുതന്നെ മനസിലാക്കാം, അങ്ങനെയൊരു അവാങ്ഗാദിനെ ആഗ്രഹിച്ച മനസുകളെ. 

പ്രസിദ്ധീകരണരംഗത്ത് എം.എസ് മണി അക്കാലത്ത് നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി ഓര്‍ക്കുന്നു. അതിന്റെ ഭാഗമായിരുന്നുവെന്നുപറയാം, മുംബൈ മലയാളികള്‍ക്കായി ഒരു പത്രം?

എം.എസ്. മണിയുടെ അര്‍ത്ഥമുള്ള കിറുക്കുകള്‍ അവിടംകൊണ്ടും തീരുകയല്ല, തുടങ്ങുക മാത്രമായിരുന്നു. കഥകള്‍ക്കുമാത്രമായി ഒരു മാസിക, ചിത്രങ്ങള്‍ക്ക് മാത്രമായി ഫോട്ടോ മാഗസിന്‍, നല്ല സിനിമക്ക് ഫിലിം മാഗസിന്‍, ഇതിലൊന്നും പെടാത്ത അലമ്പിന് ട്രയല്‍ - അതിനു പറ്റിയ ഒരു പത്രാധിപരും- എം.പി. നാരായണപിള്ള. ഇതൊന്നും ഒരു പത്രമുതലാളിയുടെ തലയിലുദിക്കുന്നതല്ല, ഒരു പാഷനേറ്റ് ജേണലിസ്റ്റിന്റെ ഹൃദയാവിഷ്‌കാരങ്ങളാണ്. പലതും  പച്ച പിടിക്കാതെ പോയി. തുടങ്ങിയപോലെ വച്ചവസാനിപ്പിക്കാനും യാതൊരു മടിയുമില്ല, മണിസാറിന്. 

എം. ഗോവിന്ദന്‍
എം. ഗോവിന്ദന്‍

അതിലത്ര അത്ഭുതമില്ല. ഏതൊരു സ്ഥാപനവും ഗതിപിടിക്കണമെങ്കില്‍ മൂന്നു കൂട്ടര്‍ വേണം. ഏറ്റവും മേലെ, വന്യമായി സ്വപ്നം കാണുന്നയാള്‍- എ വൈല്‍ഡ് ഡ്രീമര്‍. അയാളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റിയ പ്ലാനും പദ്ധതിയും വേണം. അതാണ് പ്ലാനര്‍മാരുടെ പണി. സംഗതി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. അതിനു പറ്റിയ എക്സിക്യുട്ടീവ് തട്ടുണ്ടാവണം. കലാകൗമുദിയില്‍ ആദ്യത്തെ രണ്ടു കൂട്ടരുമുണ്ടായി, മൂന്നാം ഘടകം സദാ ശുഷ്‌കം. സാധാരണഗതിയില്‍ ഏതു മുതലാളിയും ശ്രമിക്കുക, ഈ മൂന്നാം തട്ടിനെ ശക്തിപ്പെടുത്താനാവും. എം.എസ്. മണി ഒരിക്കലും അതിനു തുനിഞ്ഞില്ല. അതാണ് ആളൊരു ടിപ്പിക്കല്‍ മുതലാളിയല്ലെന്നതിന്റെ എമ്പിരിക്കല്‍ തെളിവ്. ഉള്ളിലെ ജേണലിസ്റ്റാണ് ആ വ്യക്തിത്വത്തെ ഭരിച്ചത്. അതുകൊണ്ടെന്താ, ആളൊരു ഒന്നാന്തരം ചങ്ങാതിയായി, പരിചയിക്കുന്ന ആര്‍ക്കും. ഒരോരുത്തര്‍ക്കും പറയാന്‍ ഒരുപിടി കഥകള്‍ ബാക്കിവയ്ക്കുന്ന ഫ്രന്റ്. ഇടക്കൊക്കെ തെറ്റിയെന്നുവരും. പിരിയും മുമ്പ് പറയും, ‘നോ ലൗ ലോസ്റ്റ്, ഒ.കെ?' അത് അങ്ങനെ തന്നെയാവുകയും ചെയ്യും. സങ്കടങ്ങളും സന്തോഷവുമെല്ലാം ആഘോഷമാക്കിയ ഒരനാര്‍ക്കിക്കല്‍ മൈന്‍ഡ്. ആ മനസിന്റെ കുസൃതികളിലൊന്നായിരുന്നു മലയാളത്തിലെ ആദ്യത്തെ പ്രവാസി ദിനപത്രം.  

കേരളത്തിനുപുറത്ത് ഒരു മലയാളപത്രം അച്ചടിച്ച് വില്‍ക്കാനുള്ള ഐഡിയ ശരിക്കും ആരുടെ പദ്ധതിയായിരുന്നു?

എണ്‍പതുകളില്‍ മനോരമയോ മറ്റോ സര്‍വേ നടത്തി, നഷ്ടക്കച്ചോടമാണെന്നു കണ്ട് ഉപേക്ഷിച്ച ആശയമാണ് ബോംബെയില്‍ നിന്നുള്ള മലയാളം ഡെയ്​ലി.  പ്രൊഡക്ഷന്‍ കോസ്റ്റ് കൂടുതലാണെന്നതു മാത്രമമല്ല, മലയാളം വായിക്കാന്‍ ബോംബെയില്‍ ആളെ കിട്ടുമോ എന്നതായിരുന്നു ചോദ്യം. പ്രധാനകാരണം ഈ ഭാഷക്ക് ബോംബെ പോലൊരു കമേഴ്സ്യല്‍ നഗരത്തില്‍ യൂട്ടിലിറ്റിയില്ലെന്നതാണ്.

എം.പി. നാരായണപിള്ള
എം.പി. നാരായണപിള്ള

എന്നിട്ടും കൈ പൊള്ളുന്ന ഈ കലാപരിപാടിക്ക് തുനിഞ്ഞതെന്തേ? മണിസാര്‍ പറഞ്ഞ ഒരുല്‍പത്തികഥയുണ്ട്. ദീര്‍ഘകാലമായി ബോംബെയില്‍ ജീവിക്കുന്ന നാണപ്പന്‍ (എം.പി നാരായണപിള്ള) ഇട്ട പദ്ധതിയാണ്. നഗരത്തില്‍ ആകെ 20 ലക്ഷത്തോളം മലയാളികള്‍. അതില്‍ സ്ഥിരതാമസക്കാരും വരത്തുപോക്കുകാരും പെടും. അവരില്‍ നാലിലൊന്നിനേ മലയാളം വായിക്കാന്‍ താല്‍പര്യമുള്ളൂ എന്നിരിക്കട്ടെ. അതായത് അഞ്ചുലക്ഷം പേര്‍. ഒരു പത്രം അഞ്ചാള്‍ വായിക്കുമെന്ന പത്രബിസിനസിലെ ലസാഗു അനുസരിച്ചാണെങ്കില്‍ ക്ലീന്‍ ഒരുലക്ഷം പ്രോസ്പെക്ടീവ് വരിക്കാര്‍. തുടക്കത്തില്‍ അതിന്റെ 50 ശതമാനം മാത്രം പ്രിൻറ്​ ഓര്‍ഡര്‍ വച്ചാലും 50,000 കോപ്പി. രണ്ടുമൂന്നുമാസം കൊണ്ട് സംഗതി ഒരുലക്ഷം കടത്താം. നയാപൈസ പരസ്യത്തിനോ മാര്‍ക്കറ്റിംഗിനോ മുടക്കണ്ട.  

ALSO READ

അച്ഛാ.., നിങ്ങള്‍ അത്തരമൊരു മനുഷ്യന്റെ നിര്‍വചനമാണ്

പ്രൊഡക്ഷന്‍ കോസ്റ്റ് പരമാവധി ചുരുക്കാനുള്ള വഴികളും പാക്കേജിലുണ്ട്. ബോംബെയുടെ സിരാകേന്ദ്രമായ നരിമാന്‍ പോയന്റില്‍ സ്‌ക്വയര്‍ഫീറ്റിന് ലക്ഷങ്ങള്‍ വരുന്ന ഓഫീസ് ഫ്ളോര്‍ ഫ്രീയായി കടയ്ക്കുന്നു- കേരളകൗമുദിയുടെ അഡൈ്വടൈസ്മെന്റ് ബ്യൂറോ. ഉച്ചക്കുശേഷം അത് പത്രമാപ്പീസാക്കാം. വാടകയും വമ്പന്‍ പകിടിയും ലാഭം. വാര്‍ത്തകള്‍ നാട്ടിലെ കേരളകൗമുദിയില്‍ നിന്ന് വരുത്താം. അത്യാവശ്യം സ്റ്റാഫിനെയും അവിടെ നിന്ന് ഡെപ്യൂട്ടേഷനില്‍ ഇറക്കാം. അവരുടെ താമസത്തിന് ഒരു ഫ്ളാറ്റ്. അവര്‍ക്കുള്ള വാടകയും സിറ്റി അലവന്‍സും മാത്രമാണ് ആ ഹെഡിലുള്ള ചെലവ്. മുഖ്യചെലവിനും ന്യൂസ്​പ്രിൻറും പ്രിന്റിങ് ചാര്‍ജുമാണ്. ത്രിഭുവനത്തിങ്കല്‍ കിട്ടാവുന്ന ഏറ്റവും വിലകുറഞ്ഞ കടലാസിലാണ് അച്ചടി, പ്രിന്റിംഗ് റേറ്റ് ഏറ്റവും കുറവുള്ള ഫ്രീപ്രസ് ജേണലില്‍.  

നാരായണപിള്ളയുടെ കുശാഗ്രബുദ്ധി ഫലിച്ചോ? 

പദ്ധതിപ്രകാരം പത്രമിറങ്ങി. വൈകാതെ തന്നെ ആസൂത്രണവും ഗ്രാസ്റൂട്ട് യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് പെരുത്തുവന്നു. അരലക്ഷം പോയിട്ട് 5000 കോപ്പി പോലുമാകുന്നില്ല. ചോയ്സ് ലളിതമായി- ഷട്ടറിടണോ അടിപറ്റണോ? ഈ അന്തര്‍നാടകമൊന്നും അറിയാതെയാണ് ബോംബയില്‍ വണ്ടിയിറങ്ങുന്നത്. 

പൊളിഞ്ഞ പദ്ധതിയെക്കുറിച്ചുള്ള നാണപ്പ​ ന്യായം എന്തായിരുന്നു?

ബോംബെയിലെത്തി ആദ്യമായി നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം തിരക്കി, എങ്ങനെയുണ്ട് പത്രക്കച്ചോടം? ഉല്‍പത്തിക്കാല തിയറിപ്രകാരം ഇപ്പോള്‍ ഒന്നൊന്നരലക്ഷം കടന്നിട്ടുണ്ടാവണം- മറുപടിയിലെ ഒളിക്കുത്ത് ആസ്വദിച്ചിട്ട് സൈദ്ധാന്തികന്‍ ആ ഉല്‍പ്പത്തിരഹസ്യം വെളിപ്പെടുത്തി: ‘‘ബോംബെയില്‍ ഒരു മലയാളം പത്രത്തിന്റെ ആവശ്യമേയില്ല. പക്ഷെ മണിക്ക് ആവശ്യമുണ്ട്. പത്രമല്ല, പലിശയില്ലാതെ ഇടക്കിടെ വായ്പ. അതു സംഘടിപ്പിക്കാന്‍ മാന്യമായ ഒരു ഈട്. അതാണീ പത്രം. ചത്‌വാനി ആന്റ് ഷാ എന്നൊരു ഗുജറാത്തി ഗ്രൂപ്പ്. ഗള്‍ഫിലേക്ക്​എക്സ്പോര്‍ട്ട് ബിസിനസാണ്. പത്രമാസികകളും കയറ്റി അയക്കും. അങ്ങനെ പണ്ടേമുതലുള്ള ബന്ധമാണ്. മണിക്ക് നാട്ടിലെ ബിസിനസിന് മറിക്കാന്‍ കാശുവേണ്ടപ്പോള്‍ ചത്വാനി കൊടുക്കും. ആവശ്യം കൂടിവന്നപ്പോള്‍ അയാള്‍ക്ക് ഒരുറപ്പിന് ഇവിടെ നല്ലൊരു ബിസിനസ് വേണം. അത് ക്ലച്ചുപിടിക്കുമോന്ന് മണിക്ക് സംശയം. അയാള്‍ക്കു കോണ്‍ഫിഡന്‍സ് കൊടുക്കാന്‍ ഇറക്കിയതാണ് ആ മനക്കണക്ക്.'' 
ആ ലക്ഷംവീട് പദ്ധതി പൊളിഞ്ഞെങ്കിലും പത്രം മെല്ലെ മെല്ലെ പച്ചപിടിച്ചു. 

എം.പി. നാരായണപിള്ളയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവല്ലോ വിജുവിന്. ആ ബന്ധത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?

ഒരുച്ചനേരത്താണ് ഒരു കോള്‍- ‘വിജു. വി. നായരുണ്ടോ?' 
ആരാ സംസാരിക്കുന്നതെന്ന് തിരിച്ചുചോദിച്ചു. 
മറുപടി: ‘ഓം പ്രകാശ് ചൗതാല, താങ്കളാരാണാവോ?' 
മനസുപറഞ്ഞ പേരു പറഞ്ഞു: ‘മുലായം സിങ് യാദവ്.’ 
മറുതലയ്ക്കല്‍ നിന്ന് ദീര്‍ഘമായ ചിരി, ഒടുവിലൊരു കൊളുത്തും- ‘പറ്റിയ ഉരുപ്പടിയെത്തന്നെ കിട്ടി.' 

ALSO READ

ജനാധിപത്യം എന്ന വാക്കുപോലും അസാധ്യമാക്കുന്ന കലാപത്തെരുവ്​

അതൊരു വല്ലാത്ത ബന്ധത്തിന്റെ തുടക്കമായി. രണ്ടിലൊരാളിന്റെ മരണംവരെ നീണ്ട നിത്യബന്ധം. വൈകാരികതയുടെ മുളകും പുളിയുമില്ല. പക്ഷെ തീവ്രമായിരുന്നു അതിന്റെ ഹൃദയഗുരുത്വം. കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും എന്നും പേശും, ഫോണില്‍. ഇടക്ക് നേരിലും കാണും. ഒന്നുകില്‍ നരിമാന്‍ പോയിന്റിലേക്കു മല വരും. അല്ലെങ്കില്‍ മമ്മദ് ബോറിവ്ലിയിലേക്ക് ചെല്ലും. അവിടെയാണെങ്കില്‍ മറ്റൊരു സൗരയൂഥമാണ്: നാണപ്പന്റെ നമ്പറൊന്നുമേശാത്ത കൂള്‍ ഗേള്‍ സ്നേഹമയിയായ പ്രഭചേച്ചി- സാക്ഷാല്‍ സി.പി. രാമചന്ദ്രന്റെ അനന്തരവള്‍, കറതീര്‍ന്ന പറളി സ്വരൂപം. പിന്നെ, അച്ഛന്റെ രണ്ടുതരം കോഗ്‌നിറ്റീവ് പ്രതിബിംബങ്ങള്‍, ബാലുവും കുഞ്ഞനും. പുസ്തകത്താളില്‍ നിന്ന് തിരിച്ചെടുക്കാനാവാത്ത ഒരു സെറ്റ് കണ്ണിനോട് സദാ മല്‍പ്പിടിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സി.പി- പവനന്റെ മകന്‍ സുരേന്ദ്രന്‍ എന്ന കവി, പത്രപ്രവര്‍ത്തകന്‍. അതുപിന്നെ അയലത്തേക്ക് പന്തലിക്കുന്നു- ഇ.പി.ഡബ്ല്യു പത്രാധിപര്‍ കൃഷ്ണരാജും കുടുംബവും, ചെങ്ങന്നൂര്‍ക്കാരന്‍ ചാണ്ടിയും കുടുംബവും, എന്നുവേണ്ട കോളനി ബസ് സ്റ്റാന്റിലെ ചായക്കാരന്‍ മുത്തുവരെ. എല്ലാവര്‍ക്കും നാണപ്പന്‍, പ്രിയപ്പെട്ട നാണപ്പന്‍.  

എം.പി നാരായണപിള്ളയുമായുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ പറയൂ.

നാരായണപിള്ള ആരിലും ചിരിയുണര്‍ത്തും. ചിരിക്കുന്ന ഒരോരുത്തരും ആ മനുഷ്യനെ സംബന്ധിച്ച് കഥാപാത്രങ്ങളാണ്- അതവര്‍ക്കറിയില്ല. ഒരനുഭവം പറയാം. വര്‍ഗീയ കലാപത്തില്‍ ബോംബെ കത്തിക്കാളുന്ന സമയം. ഒരുമാതിരിപ്പെട്ടവരൊക്കെ ജീവനുംകൊണ്ട് മാളത്തിലൊളിച്ചിരിപ്പാണ്.

ശിവസേന രൂപീകൃതമായശേഷം 1966 ഒക്ടോബര്‍ 30ലെ ആദ്യ സമ്മേളനത്തില്‍ ബാല്‍താക്കറെ/Photo:shivsena.org
ശിവസേന രൂപീകൃതമായശേഷം 1966 ഒക്ടോബര്‍ 30ലെ ആദ്യ സമ്മേളനത്തില്‍ ബാല്‍താക്കറെ/Photo:shivsena.org

ബാല്‍ താക്കറെയാണ് പേടിസ്വപ്നം. സഹികെട്ട് പത്രത്തില്‍ ഒരു എഡിറ്റോറിയല്‍ കൊടുത്തു- താക്കറെയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. ഇതുവായിച്ചയുടന്‍ ബോംബെയില്‍ നിന്ന് പേട്ടയിലേക്ക് പല ഫോണ്‍കോളുകള്‍ പോയി- ഞങ്ങള്‍ മലയാളികളെ കൊലക്കു കൊടുക്കുന്ന പണിയാണ് നിങ്ങളുടെ പത്രമിവിടെ ചെയ്യുന്നത്, എത്രയും വേഗം നിര്‍ത്തണം, പത്രാധിപരെ തിരിച്ചുവിളിക്കണം... ഈ ലൈനിലാണ് പരാതി പോയത്. ഉടനെ മണിസാറിന്റെ വിളിവരുന്നു- ഒരു മയത്തിലൊക്കെ മതി. ബോധമില്ലാത്ത കൂട്ടരാണ്, തെരുവില്‍. സൂക്ഷിക്കണം.  
ബോറിവ്ലിയില്‍ നിന്നുള്ള വിളി വേറെ ട്യൂണിലായിരുന്നു: ‘താനെന്തു മണ്ടത്തരമാടോ വച്ചുകാച്ചുന്നത്? അല്ലെങ്കില്‍ത്തന്നെ അയാള് ഹൗസ് അറസ്റ്റിലാ. ബാന്ദ്ര വിട്ട് പുലി പുറത്തിറങ്ങിയ ചരിത്രമുണ്ടോ? അയാളുടെ ബ്ലാക്ക്ക്യാറ്റ് പ്രൊട്ടക്ഷന്‍ എടുത്തുകളയുകയാണ് വേണ്ടത്. അടുത്ത സെക്കന്‍ഡില്‍ നില്‍ക്കും, കലാപം. ആ ലൈനിലൊരു കാച്ച് കാച്ച്' 

അതാണ് എം.പി. നാരായണപിള്ള. കഴുത്തില്‍ കത്തിവെച്ചുനില്‍ക്കുന്നവനായാലും വെറും കഥാപാത്രം. ബോംബെയുടെ തിരക്കില്‍പ്പെടാതെ സ്വയം കാത്ത അപൂര്‍വം ബോംബെക്കാരേയുള്ളൂ. ആ ജനുസിലാണ് അദ്ദേഹം. ഉറക്കമില്ലാത്ത നഗരത്തിന് പുലര്‍ച്ചെയുടെ ചൂടുപിടിക്കുമ്പോള്‍ ബോറിവ്ലിയിലെ ഫ്ളാറ്റില്‍ ആള്‍ ഉറക്കത്തിലായിരിക്കും. നഗരം ലഞ്ച്ബോക്സ് തുറക്കുമ്പോഴാവും ഉണര്‍ന്നുവരിക. ഉച്ചതിരിഞ്ഞാണ് പകല്‍ തുടങ്ങുക. അത് പാതിരാകഴിഞ്ഞും അവസാനിക്കുന്നില്ല. ഇതിനിടെ ബിസിനസ് തന്ത്രങ്ങളും രാഷ്ട്രീയ സൂത്രങ്ങളും ലേഖനങ്ങളില്‍ കെട്ടഴിയും. ജനം കരുതും, പിള്ളേച്ചന്‍ ബോംബെയിലെ ചങ്കന്‍ ബിസിനസ് മാഗ്‌നെറ്റാണെന്ന്. പലരും ഉറപ്പിച്ചിട്ടുണ്ട്, കറക്കുകമ്പനിയുടെ ഉസ്താദെന്ന്. കുറഞ്ഞപക്ഷം കിടിലന്‍ ബാങ്ക് ബാലന്‍സുള്ള ബുദ്ധിശാലിയെന്ന്: അങ്ങനൊക്കെ മറ്റുള്ളവര്‍ തന്നെപ്പറ്റി വിചാരിക്കുന്നത് കഥാനായകന് പെരുത്തിഷ്ടവുമായിരുന്നു.  
എല്‍.ഐ.സി കോളനിയിലൊരു ഫ്ളാറ്റ്. ഭാര്യയ്ക്ക് ഇ.പി.ഡബ്ല്യുവില്‍ ചെറിയ ഉദ്യോഗം. കലാകൗമുദി ഗ്രൂപ്പില്‍ നിന്ന് മാസാമാസം 5,000 ഉറപ്പികയുടെ ഒരു ചെക്ക്. കഴിഞ്ഞു, നമ്മുടെ മാഗ്‌നറ്റിന്റെ ആസ്തിയും വരായ്കയും. വളര്‍ന്നുവരുന്ന രണ്ടുമക്കള്‍. വരുമാന ശതമാനം മിനുക്കാന്‍ കണ്ട വഴിയാണ് ബില്‍ഡര്‍മാരുടെ ഡയറക്ടറി. ഡാറ്റ സംഘടിപ്പിച്ച് ഒരു പാര്‍ട്ട് ടൈം ഡി.ടി.പിക്കാരിയെ വെച്ച് കമ്പ്യൂട്ടറിലാക്കും. കൊല്ലത്തിലൊരിക്കല്‍ അച്ചടി. പുറംവില്‍പനയില്ല. ബില്‍ഡര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും മറ്റും എഴുതും. ചിലരെടുക്കും, പലര്‍ക്കും വേണ്ട. എന്നാലും നിര്‍ത്തില്ല. കാരണമാണ് വിചിത്രം. ആ ഡി.ടി.പിക്കാരി കുട്ടിയുടെ ചില്ലറ നിര്‍ത്തണ്ട. ഇതാണ് സുപ്രസിദ്ധ ബിസിനസ് തന്ത്രിയുടെ ഉപജീവനം. നാരായണപിള്ളയ്ക്ക് അത്രയൊക്കെയേ വേണ്ടിയിരുന്നുള്ളൂ. കാരണം, ജീവിതത്തിന് മനുഷ്യന്മാര് ഊതിപ്പെരുപ്പിക്കുന്നത്ര വലിപ്പമൊന്നുമില്ലെന്ന് നല്ല തിരിച്ചറിവുണ്ടായിരുന്നു. എല്ലാത്തരം മനുഷ്യസങ്കല്‍പങ്ങളുടെയും അടിസ്ഥാനപരമായ നിസ്സാരത, അല്ലെങ്കില്‍ കുഞ്ഞത്തം. എത്ര കൊടികെട്ടിയ ആശയത്തിനും സങ്കല്‍പത്തിനും അത്രയൊക്കെ സാംഗത്യമേയുള്ളൂ എന്ന ബോധം.

ഒരു ഫോണ്‍ സംഭാഷണത്തിനിടെ അദ്ദേഹം ചോദിച്ചു. ‘ദൈവമുണ്ടോ?' 
പണ്ട് ട്രയല്‍ വാരികയില്‍ ചോദിച്ച അതേ ചോദ്യം. 
പത്രാധിപര്‍ നാരായണപിള്ള യുക്തിവാദി മൂപ്പന്‍ ജോസഫ് ഇടമറുകിനെ ഇന്റര്‍വ്യൂ ചെയ്യുകയാണ്. 
ക്വസ്റ്റ്യന്‍ നമ്പര്‍ വണ്‍: ‘ദൈവമുണ്ടോ?' 
ഇടമറുക് ദൈവസങ്കല്‍പത്തിന്റെ ഉല്‍പത്തിയും വികാസവുമൊക്കെ വിവരിച്ചിട്ട് ഒന്നു ശ്വാസം കഴിക്കുമ്പോള്‍ ക്വസ്റ്റിയന്‍ നമ്പര്‍ ടു: ‘അപ്പോ, ദൈവമുണ്ടോ?' 
വീണ്ടും ഇടമറുക് സൈക്കോളജിയും ആന്ത്രപ്പോളജിയും ചരിത്രവുമെല്ലാം വലിച്ചിട്ട് സുദീര്‍ഘമായി മറുപടിക്കുന്നു. പറഞ്ഞുനിര്‍ത്തിയതും ക്വസ്റ്റ്യന്‍ നമ്പര്‍ ത്രീ: ‘എന്റെ ചോദ്യം ദൈവം ഉണ്ടോ ഇല്ലയോ എന്നാണ്'. 
ഇടമറുകല്ല, ഈശ്വരന്‍ പോലും കുഴയും.

ജോസഫ് ഇടമറുക്
ജോസഫ് ഇടമറുക്

നമ്മള്‍ പറഞ്ഞുവന്നത് അന്ന് ഫോണില്‍ വന്ന ചോദ്യങ്ങളെക്കുറിച്ചാണ്. ഏതോ മഹാരഹസ്യം ചുരുളഴിച്ച ത്രില്ലിലായിരുന്നു കഥാപുരുഷന്‍. ‘ഈ ചോദ്യം പണ്ട് ശങ്കരാചാര്യനോടു ചോദിച്ചു, ശിഷ്യന്‍ പത്മപാദര്‍. ഈശ്വര്‍ അനാദിയാണെന്നാണ് ഗുരുവിന്റെ മറുപടി. എന്നുവെച്ചാല്‍, ആദിയില്ലാത്തത്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, ഇതേവരെ തുടങ്ങിയിട്ടില്ലാത്തത്. എന്നുവെച്ചാല്‍ അങ്ങനൊരു ചരക്ക് ഇന്നേവരെ ഉണ്ടായിട്ടില്ല. ആചാര്യനായതുകൊണ്ട് ഗുരുവിന് നുണപറയാന്‍ വകുപ്പില്ല. അതുകൊണ്ട് ഉള്ള കാര്യം വളച്ചുകെട്ടി പറഞ്ഞു.'

അപ്പോ, ദൈവമുണ്ടോ? ചോദ്യം എം.പി നാരായണപിള്ളയുടെ നേര്‍ക്കാക്കി: ഉടനേ വന്നു മറുപടി: ‘വേണമെങ്കിലുണ്ട്.'
അതെന്താ ഇങ്ങനൊരു വളച്ചുകെട്ട്? 
‘ജീവിച്ചുപോകാന്‍ അങ്ങനൊരു സങ്കല്‍പം ആവശ്യമുള്ളവര്‍ക്ക് ദൈവമുണ്ട്. ആവശ്യമില്ലാത്തവര്‍ക്ക് ദൈവമില്ല.'
അപ്പോള്‍, സംഗതി ഒരു എസ്.യു.വിയാണ്- Subjective Utility Vehicle. അതു ‘കറക്ട്' എന്നു പറഞ്ഞ് കുറേ ചിരിച്ചു.  

ALSO READ

സംഘപരിവാര്‍ സമ്മര്‍ദം മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിട്ടുണ്ട്

നാണ്വാരുമായി വൈരുദ്ധ്യാത്മക ഭൗതികവാദത്തെപ്പറ്റി പറഞ്ഞ് തലതല്ലിച്ചിരിച്ചെന്ന് പണ്ട് വി.കെ.എന്‍ കഥാപാത്രം പറഞ്ഞ മാതിരി, ഇവിടെ ദൈവത്തെപ്പറ്റി പറഞ്ഞ് ചിരിച്ചുചിരിച്ചൊരു വഴിക്കായി. പോയന്റ് സിമ്പിള്‍: മനുഷ്യസങ്കല്‍പങ്ങളുടെ ഡ്വാര്‍ഫ്​നെസ്​. ചിന്തയുടെ പരിമിതി. അതു തിരിച്ചറിഞ്ഞാല്‍ പിന്നെ അംബീഷനില്ല, ആര്‍ത്തിയില്ല. അതൃപ്തിയുമില്ല. അത്തരക്കാര്‍ സ്വയം ഗൗരവത്തിലെടുക്കില്ല. ഈ നിലപാടിനൊരു കൊറോളറി കൂടിയുണ്ട്- അവര്‍ ആരേയും വലിയ ഗൗരവത്തിലെടുക്കില്ല. അതല്ലേ ശരിയായ നോര്‍മല്‍സി? മഹാഭൂരിപക്ഷവും അങ്ങനെയല്ല. അതുകൊണ്ട് അവര്‍ക്കുതോന്നും, ഇപ്പറഞ്ഞ നോര്‍മല്‍സി കിറുക്കാണെന്ന്. കുഴപ്പം ആരുടെയാണ്?

ആള്‍ക്കൂട്ടം എന്ന നോവലിന് 50 തികഞ്ഞ സന്ദര്‍ഭത്തില്‍ ആനന്ദ് ട്രൂ കോപ്പി തിങ്കിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ‘ബോംബെ  നഗരം എന്നിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു. ഞാന്‍ ഇന്ത്യയെ മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു. ബോംബെ ഒരു മിനി ഇന്ത്യയായിരുന്നു.' ശരിക്കും ആ മഹാനഗരത്തെ എങ്ങനെയാണ് അനുഭവിച്ചത്?

പണ്ട് കണ്ട ഹിന്ദിപ്പടങ്ങളിലൂടെ ബോംബെ മനസില്‍ എവിടെയൊക്കെയോ കയറിപ്പറ്റിയിട്ടുണ്ട്. പഴയൊരു പടം- സി.ഐ.ഡി. മനസില്‍ അതില്‍ ജോണി വാക്കര്‍ കാമുകിയൊത്ത് പാടിനടക്കുന്ന രംഗമുണ്ട്. റഫി സാഹിബിന്റെ വോയ്സ്. 
കഹി ബില്‍ഡിംഗ്, കഹി ട്രാമേം
കഹി മോട്ടോര്‍, കഹി മില്‍,
മില്‍താ ഹെ യഹാം സബ് കുച്ച്...
ഏക് മില്‍താ നഹി- ദില്‍
ഇന്‍സാന്‍ കാ, ഹെ നഹീ നമോ- നിഷാന്‍

ഹൃദയവും മനുഷ്യത്വവും ഒഴികെ എന്തും കിട്ടുന്ന ബോംബെ. ഈ നിരാശയ്ക്ക് കാമുകിയുടെ മറുപടിയുണ്ട്- 
സുനോ മിസ്റ്റര്‍ സുനോ ബന്ദു
യേ. ഹെ ബംബയ് മേരി ജാന്‍, 
അയ് ദില്‍ ഹെ, ആസാന്‍ ജീനാ യഹാം.

ആര്‍ക്കും അല്ലലില്ലാതെ ജീവിച്ചുപോകാന്‍ പറ്റിയ ഇടമെന്ന് കാമുകിയുടെ തിരുത്ത്. അത് 101% നേരാ. ദിവസവരായ്ക അഞ്ചുറുപ്പികയുള്ളവനും അഞ്ചുകോടിയുള്ളവനും മുട്ടില്ലാതെ ജീവിച്ചുപോകാം- അവനവന്റെ ലക്ഷ്വറിയില്‍. നഗരം എല്ലാവര്‍ക്കുമുള്ള അവസരമാണ്. തലസ്ഥാനനഗരങ്ങളിലെ ബ്യൂറോക്രാറ്റിക് ഈതോസില്ലിവിടെ. സദാ പുതുമയുടെ സാധ്യതകളുടെ പ്രോമിസാണ്. ആശകള്‍ ജ്വലിപ്പിക്കും, ഭാവനകള്‍ തെളിക്കും. 

ആദ്യമായി ബോംബെയിലൂടെ നടക്കുമ്പോള്‍ ജോണിവാക്കര്‍ പാടിയതൊക്കെ തിരഞ്ഞു. കൂറ്റന്‍ കെട്ടിടങ്ങളും നിറയെ മോട്ടോറുകളുമൊക്കെയുണ്ട്. ട്രാമുകള്‍ കളമൊഴിഞ്ഞിരുന്നു. മില്ലുകള്‍ തലയുയര്‍ത്തി നില്‍പുണ്ട്. ആളനക്കമില്ല. കാതലായ ഒരു ചരിത്രമാറ്റം നഗരത്തിനു സംഭവിച്ചുകഴിഞ്ഞിരുന്നു. അതുപറഞ്ഞാല്‍, വ്യക്തമായ ട്രാന്‍സിഷന്‍ ഘട്ടങ്ങളുണ്ട് ഈ നഗരത്തിന്. പടിഞ്ഞാറന്‍ കടലില്‍ എഴു ദ്വീപുകളായി ചിതറിക്കിടന്ന പ്രദേശത്തെ ബോംബെയാക്കിയത് ഓപ്പിയമാണ്- കറുപ്പ്. മധ്യപ്രദേശിലെ മാള്‍വയില്‍ നിന്നുള്ള കറുപ്പ് ചൈനക്ക് കയറ്റിവിടുന്ന കലാപരിപാടിയാണ് ആദ്യവ്യവസായം തന്നെ. കൂടെ പരുത്തിയുമുണ്ട്. ഈ രണ്ടു ചരക്കുകളാണ് ബോംബെയെ കാപ്പിറ്റലിസ്റ്റ് ക്ലാസിലേക്കുയര്‍ത്തുന്നത്, 18ാം നൂറ്റാണ്ടില്‍. ജെ.ജെ ഹോസ്പിറ്റല്‍, ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്നൊക്കെ കേട്ടിട്ടില്ലേ? ജെ.ജെ എന്നാല്‍ ജാം ഷെട്ജി ജീജിഭായ്. കലാകാരനോ സ്വാതന്ത്ര്യസമരസേനാനിയോ ഒന്നുമല്ല, ഓപ്പിയം കിംഗ്. ഗുജറാത്തില്‍ നിന്നുള്ള ഒരു പാഴ്സി അനാഥപ്പയല്, കറുപ്പുകച്ചോടം വഴി ഏഴു കപ്പലുള്ള വാണിജ്യസാമ്രാജ്യമായിത്തീര്‍ന്ന ചരിത്രം. ഇത്തരം റാഗ്സ് ടു റിച്ചസ് സ്റ്റോറികള്‍ പലതുമുണ്ട് ബോംബെയുടെ ആത്മകഥയില്‍. അതില്‍ നിന്ന് സിറ്റി ഓഫ് ഗോള്‍ഡ് എന്ന മിത്തുമുണ്ടായി. 

17ാം നൂറ്റാണ്ടില്‍ പറങ്കികളില്‍ നിന്ന് സ്ത്രീധനമായി കിട്ടിയ ദ്വീപസമൂഹത്തെ ബ്രിട്ടീഷുകാരാണ് കൂട്ടിത്തുന്നിയത്; ഭൂമിശാസ്ത്രപരമായും, സാംസ്‌കാരികമായും. ഭൂമിശാസ്ത്രപരമായ തുന്നല്‍പ്പണിയുടെ ഒരു രസം പറയാം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ചുമ്മാ നടന്ന് ഏഷ്യാറ്റിക് ലൈബ്രറിയിലെത്തുന്നവര്‍ അറിയുന്നില്ല, തെക്കേയറ്റത്തെ കൊളാബാ ഐലന്‍ഡില്‍ നിന്ന് ഓള്‍ഡ് വുമണ്‍സ് ഐലന്‍ഡിലേയ്ക്കാണ് നടന്നുകയറിയതെന്ന്. ഇനി കള്‍ച്ചറല്‍ തുന്നലിന്റെ കാര്യം. കറുപ്പും പരുത്തിയും വലിയ കച്ചോടമായപ്പോള്‍ പാഴ്സികളും മാള്‍വാറികളും ബനിയകളുമൊക്കെ ഗുജറാത്ത് ഭാഗത്തുനിന്നെത്തി തമ്പടിച്ചു. പിന്നെ കൊങ്കണ്‍ മുസ്ലിംകളും ബോറ, ഖോജ, മേമണ്‍ വിഭാഗങ്ങളെത്തി. ബ്രിട്ടീഷുകാര്‍ മുഖേന പല യൂറോപ്യന്‍ സമൂഹങ്ങളും ദ്വീപിലിറങ്ങി. മീന്‍പിടിത്തക്കാരായ കോളികളും തെങ്ങും നെല്ലും കൃഷിചെയ്യുന്ന കൊങ്കണികളും മറാഠിയും നേരത്തേയുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കിടയിലെ തുറന്ന വിനിമയം. എല്ലാവരും ഒത്തുപോകുന്ന ജീവിതം. ഇതെല്ലാം ചേര്‍ന്ന് ബോംബെക്ക് നല്‍കിയതാണ് അതിന്റെ കോസ്മോപൊളിറ്റന്‍ ക്യാരക്ടര്‍. അന്നുപക്ഷെ ഇതൊരു ഉല്‍പാദന നഗരമൊന്നുമായിട്ടില്ല. വിക്ടോറിയന്‍ ഭാവങ്ങളുള്ള ഒരു പ്രീ- ഇന്‍ഡസ്ട്രിയല്‍ നഗരമെന്നു പറയാം. 

വന്‍നഗരത്തിലെത്തുന്ന ആരുടെയും ആദ്യാനുഭവം വ്യഗ്രതയുടേതാണ്. ഒറ്റയ്ക്കാണ് വരുന്നതെങ്കില്‍ വിശേഷിച്ചും. നാട്ടിന്‍പുറത്ത് നിങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാവും. നിങ്ങള്‍ എല്ലാവരേയും അറിഞ്ഞില്ലെങ്കിലും നാട് നിങ്ങളെ അറിഞ്ഞുകൊണ്ടിരിക്കും. പട്ടണങ്ങളിലും ഈ തിരിച്ചറിവിന്റെ പോക്കറ്റുകളുണ്ടാവും, ചിലേടങ്ങളിലൊക്കെ നിങ്ങളെ അറിയും. ശരിയായ മെട്രോകളില്‍ പക്ഷെ നിങ്ങള്‍ ആരുമല്ല. എല്ലാത്തരം ഐഡന്റിറ്റികളും ആവിയായിപ്പോകുന്നു. അതുകൊണ്ടാണ് അവിടെ മനുഷ്യര്‍ ഒരൈഡന്റിറ്റിയുണ്ടാക്കാന്‍ പെടാപ്പാടുപെടുന്നത്. തട്ടുകടക്കാരനായാലും കോടീശ്വരനായാലും. ആധിപിടിച്ച ഈ ഓട്ടമാണ് നഗരത്തിന്റെ തിരക്കുണ്ടാക്കുന്നത്. 

വ്യവസായ നഗരം എന്ന ഐഡന്റിറ്റി ബോംബെക്ക് ലഭിക്കുന്നത് എങ്ങനെയാണ്?

ഡേവിഡ് സസൂണ്‍. ബാഗ്ദാദില്‍ നിന്ന് വധശിക്ഷ പേടിച്ച് മുങ്ങിയ ജൂതന്‍. പൊങ്ങിയത് ബോംബെയില്‍. പലിശക്ക് വായ്പകൊടുത്ത് വളര്‍ന്നു. അയാളുടെ മകന്‍ അബ്ദുള്ള ഇംഗ്ലണ്ടില്‍ പോയി പ്രഭുകുടംബത്തില്‍ നിന്ന് പെണ്ണുകെട്ടി സര്‍ ആല്‍ബേര്‍ട്ട് സസൂണായി. അങ്ങോര് കെട്ടിയതാണ് ഇന്നുകാണുന്ന സസൂണ്‍ ഡോക്ക്. ഈ സസൂണ്‍ കുടുംബമാണ് ആദ്യമായി ഒരു കോട്ടന്‍ മില്ല് പണിയുന്നത്, 1854ല്‍. പിന്നെ മില്ലുകളുടെ പ്രവാഹമായി.

ഡേവിഡ് സസൂണും മക്കളും
ഡേവിഡ് സസൂണും മക്കളും

ചൈനയിലെ യാണ്‍ മാര്‍ക്കറ്റിനുവേണ്ട നൂലുണ്ടാക്കുന്ന വമ്പന്‍ വ്യവസായ മേഖലയായി ബോംബെ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എണ്‍പതോളം മില്ലുകളുണ്ട്. അവിടെ മാത്രം ഏതാണ്ട് രണ്ടരലക്ഷം പേര്‍ക്ക് തൊഴില്‍. ദല്ലാള്‍പ്പണി, വായ്പക്കച്ചോടം, തുറമുഖം, ഓരോന്നായി പന്തലിച്ചു. എന്തിനും പണം കിട്ടുമെന്നായപ്പോള്‍ പുതിയ വ്യവസായങ്ങള്‍ മുളച്ചു. തെക്കന്‍ ജില്ലകളില്‍ തുണിമില്ലുകള്‍, സെന്‍ട്രല്‍ ജില്ല തൊട്ട് വടക്കോട്ടു പോയി പിന്നെ കിഴക്കോട്ടും പടിഞ്ഞാറോട്ടും പന്തലിക്കുന്ന നൂറുകണക്കിന് എഞ്ചിനിയറിങ് യൂണിറ്റുകള്‍, കെമിക്കല്‍ പ്ലാന്റുകള്‍, മരുന്ന് ഫാക്ടറികള്‍, ഇലക്ട്രിക്കല്‍ ഗുഡ്സ് യൂണിറ്റുകള്‍, മെഷിനറി നിര്‍മാണം, തുകല്‍ ഫാക്ടറികള്‍... ഇതിന്റെയൊക്കെ അനുബന്ധ വ്യവസായങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍. രാജ്യത്ത് എവിടെയുമുള്ളവര്‍ക്ക് അഭയവും പ്രതീക്ഷയുമായി ബോംബെ. തൊഴിലുകിട്ടാന്‍, മുതലിറക്കാന്‍, മുതലുകൊയ്യാന്‍. 1960കള്‍ വരെ ഈ നില തുടര്‍ന്നു. അറുപതുകളുടെ ഒടുവോടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ബോംബെയില്‍ ശക്തിപ്പെട്ടു. ജോര്‍ജ് ഫെര്‍ണാണ്ടസും ആര്‍.ജെ. മേത്തയും പിന്നെ സി.ഐ.ടിയുവും ഐ.എന്‍.ടി.യു.സിയും. എഴുപതുകളോടെ ശിവസേനയും കയറിപ്പറ്റി. ബോംബെ- താനെ വ്യവസായ മേഖലയില്‍ സമരങ്ങള്‍ പതിവായി. തൊഴിലാളികള്‍ ആവശ്യങ്ങള്‍ നേടിയെടുത്തു. ഇടതുപക്ഷത്തിന് മേല്‍ക്കൈ കിട്ടി. അടിയന്തരാവസ്ഥക്കാലത്ത് തൊഴിലുടമകള്‍ സംഘടിച്ചു തുടങ്ങി. പിന്നീടത് ഒരു ബലാബലത്തിലേയ്ക്ക് നീങ്ങി.

മുംബൈ ലോവര്‍ പാരലിലെ മധുസൂദന്‍ മില്‍സിലെ ഉപകരണങ്ങള്‍ സമരത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍/Photo:Wikipedia Commons
മുംബൈ ലോവര്‍ പാരലിലെ മധുസൂദന്‍ മില്‍സിലെ ഉപകരണങ്ങള്‍ സമരത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍/Photo:Wikipedia Commons

1982ലെ കോട്ടണ്‍മില്‍ സമരം എല്ലാം മാറ്റിമറിച്ചു. യൂണിയന്‍ നേതാക്കള്‍ പലരെയും തള്ളിമാറ്റി പുതിയൊരു താരോദയമുണ്ടായത് അക്കാലത്താണ്- ദത്ത സാമന്ത്. ഘാട് കൂപ്പറില്‍ ഒരു ക്ലിനിക്ക് നടത്തിവന്ന ഡോക്ടറാണ്. രോഗികള്‍ മിക്കവാറും തൊഴിലാളികള്‍. അവരുടെ ജീവിതയാതന കണ്ട് സഹികെട്ടാണ് ഡോക്ടര്‍ കളത്തിലിറങ്ങുന്നത്. പ്രീമിയര്‍ കാര്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക് വേതനം കൂട്ടിക്കൊടുത്തു. ആ വിജയം കണ്ട മില്‍ത്തൊഴിലാളികള്‍ അദ്ദേഹത്തെ ക്ഷണിച്ചു. ഐ.എന്‍.ടി.യു.സി അഫിലിയേഷനുള്ള രാഷ്ട്രീയ മസ്ദൂര്‍ സംഘാണ് അവരുടെ പ്രബലയൂണിയന്‍. അതിനെ തള്ളിയാണ് സാമന്തിനെ നേതാവാക്കിയത്. അങ്ങനെ ചരിത്രപ്രസിദ്ധമായ സമരം തുടങ്ങുന്നു. 65 മില്ലുകള്‍ അടച്ചു. ഒരു കൊല്ലത്തോളം തുറന്നില്ല. ഒന്നരലക്ഷം തൊഴിലാളികള്‍ പട്ടിണിയിലായി. സമരം വിജയിക്കാത്തതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, പ്രിമിയര്‍ കമ്പനി ലാഭത്തിലായിരുന്നതുകൊണ്ട് സാമന്തിന് വിലപേശി. ജയിക്കാനൊത്തു. ഇവിടെ തുണിമില്ലുകള്‍ നഷ്ടത്തിലാണ്. രണ്ട്, ഇന്ദിരാഗാന്ധിയുടെ കളി: ഈ സമരം കൂടി വിജയിച്ചാല്‍ ബോബെയിലെ ട്രേഡ് യൂണിയന്‍ ആധിപത്യം സാമന്തിനു കൂടും.

ദത്താ സാമന്ത് കോട്ടണ്‍ മില്‍ സമരത്തിനിടെ
ദത്താ സാമന്ത് കോട്ടണ്‍ മില്‍ സമരത്തിനിടെ

തുറമുഖ തൊഴിലാളികളാണ് അടുത്തപടി. അതുകൊണ്ട് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു. ചര്‍ച്ചയേ ഇല്ല. മില്ലുടമകള്‍ നഗരത്തിനു പുറത്തേക്ക് ഉല്‍പാദനം മാറ്റി. സമരം പൊളിഞ്ഞു, യാതൊരു മെച്ചവും തൊഴിലാളിക്കില്ലാതെ. സമരത്തിന്റെ ഇംപാക്ട് പ്രധാനമായും മൂന്നെണ്ണമാണ്. ഒന്ന്, ബോംബെയിലെ വ്യവസായങ്ങള്‍ മിക്കതും പുറത്തേക്ക് പോയി. ഗുജറാത്താണ് ഇതുകൊണ്ട് കോളടിച്ചത്. രണ്ട്, ബോംബെയില്‍ ട്രേഡ് യൂണിയനിസം തകര്‍ന്നു. അതോടെ തൊഴില്‍നിയമങ്ങള്‍ തോന്നിയപടിയായി. മൂന്ന്, വ്യവസായ നഗരം എന്ന നിലയില്‍ നിന്ന് കമേഴ്സ്യല്‍ നഗരായി മാറി, ബോംബെ. 

ദത്താ സാമന്തിനെ കാണാന്‍ കഴിഞ്ഞിരുന്നുവോ?

94ലാണ് ദത്താസാമന്തിനെ കണ്ടത്. അദ്ദേഹം അപ്പോഴും സജീവമായി രംഗത്തുണ്ട്. മില്‍ സമരം തെറ്റായിരുന്നു എന്നദ്ദേഹം പറഞ്ഞില്ല. തന്ത്രങ്ങള്‍ പിഴച്ചെന്നു സമ്മതിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് സര്‍ക്കാര്‍ ബോധപൂര്‍വ്വം ഒരു മില്‍ പ്രതിസന്ധി സൃഷ്ടിച്ചതാണെന്നും മില്ലുടമകള്‍ക്കുവേണ്ടി. സേവനവേതന വ്യവസ്ഥകളും ലേബല്‍ നിയമങ്ങളും ദുര്‍ബലമാക്കാന്‍ ഗൂഢ താല്‍പര്യങ്ങള്‍ അരങ്ങേറിയെന്നാണ് ഡോക്ടറുടെ വിശ്വാസം. അത് മറ്റൊരു കഥ. ദത്താ സാമന്തിന്റെ ആത്മാര്‍ഥതയെ സംശയിക്കാനാവില്ല. സാധാരണ ട്രേഡ് യൂണിയന്‍ നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം തൊഴിലാളികളുടെ ജീവിതത്തെയാണ് ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തേക്കാള്‍ മുന്നില്‍ നിര്‍ത്തിയത്. വെറുതെയല്ല, തൊഴിലാളികള്‍ ആ മനുഷ്യനെ പില്‍ക്കാലത്തും സ്നേഹത്തോടെ കണ്ടത്.  

മില്‍ സമരം പൊളിയുകയും ട്രേഡ് യൂണിയനിസം അപ്രസക്തമാകുകയും ചെയ്തതോടെ വ്യവസായ നഗരം എന്ന അസ്തിത്വത്തില്‍നിന്ന് ഈ നഗരം എങ്ങനെയാണ് മാറിപ്പോയത്?

സമരം പൊളിഞ്ഞതിന്റെ ഏറ്റവും വലിയ ബെനിഫിഷ്യറി ശിവസേനയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരക്ക് ജയ് വിളിച്ച് തടി കാത്ത താക്കറെ, മില്‍സമരം കൂടി വന്നതോടെ പാടേ അപ്രസക്തനായിപ്പോയിരുന്നു. എന്നാല്‍, സമരശേഷം ബോംബെ ഒരു കമേഴ്സ്യല്‍ നഗരമായി മാറിയതോടെ താക്കറെക്ക് വോയ്സ് തിരിച്ചുകിട്ടി. തൊഴില്‍ നിയമങ്ങള്‍ കടലെടുത്തല്ലോ. അതിന്റെ സ്വാഭാവിക പരിണതിയാണ് പ്ലെയ്സ്​മെന്റ് ഏജന്‍സികളുടെ പ്രളയം. ഏതു പണിക്കും കരാര്‍ തൊഴിലുകളാണ് ഇവരുടെ ഓഫര്‍. തൊഴില്‍ സുരക്ഷയോ വേതനവ്യവസ്ഥയോ ഉണ്ടാവില്ലെന്ന് ഗ്യാരണ്ടി. ഈ അരക്ഷിതാവസ്ഥ വ്യാപകമായതോടെ മഹാരാഷ്ട്രക്കാരായ യുവജനത ശിവസേനയില്‍ ചെന്നുചേര്‍ന്നു. പഴയ കമ്യൂണിസ്റ്റു തൊഴിലാളികളുടെ മക്കള്‍ വരെ ശിവസേനക്കാരായി. തട്ടിപ്പുകള്‍ അത്രയ്ക്കു വ്യാപകമായിരുന്നു. ഈ കാലത്താണ് ഗള്‍ഫ് റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വിസ്ഫോടനം. കേരളമെമ്പാടും ബ്രാഞ്ചുകളുള്ള ഗഫൂര്‍ കാ ദോസ്ത് എന്റര്‍പ്രൈസുകള്‍. ചിലരതിനെ ട്രാവല്‍ ഏജന്‍സി കച്ചോടവുമായി കൂട്ടിക്കെട്ടി. ചുരുക്കിപ്പറഞ്ഞാല്‍ തൊഴിലിന് ഇക്കാലത്തുള്ള അരക്ഷിതാവസ്ഥയുണ്ടല്ലോ, അത് അന്നേ ബോംബെയില്‍ രംഗപ്രവേശം ചെയ്തു.

കൊളാബയിലെ താജ്മഹല്‍ ഹോട്ടലിനു മുമ്പിലായുണ്ടായിരുന്ന കോട്ടന്‍ മില്ലുകള്‍
കൊളാബയിലെ താജ്മഹല്‍ ഹോട്ടലിനു മുമ്പിലായുണ്ടായിരുന്ന കോട്ടന്‍ മില്ലുകള്‍

ബോംബെ ഒരു പോസ്റ്റ്- ഇന്‍ഡസ്ട്രിയല്‍ സമൂഹമാവുകയായിരുന്നില്ല. സംഭവിച്ചത് ഡീ ഇന്‍ഡസ്ട്രിയലൈസേഷനാണ്. വലിയ വ്യവസായശാലകള്‍ ഗുജറാത്തിലേക്ക് പോയി. ചീപ് ലേബറും നികുതിയിളവും വഴി ഗുജറാത്ത് പരമാവധി വശീകരിച്ചു. മറ്റുള്ളവ നാഗ്പൂരിലേക്കും ഔറംഗബാദിലേക്കും നാസിക്കിലേക്കും പോയി. പവര്‍ലൂമുകള്‍ ഭീവണ്ടിയിലേക്ക്. ഈ ഒഴിയില്‍ കമേഴ്സ്യല്‍ നഗരത്തിന്റെ എടുപ്പുകള്‍ ഉയര്‍ന്നു- ഫുഡ് പ്ലാസകള്‍, ഷോപ്പിങ് മാളുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പ്ലാസകള്‍, ഓഫീസ് കോംപ്ലെക്സുകള്‍, പുതിയ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍... ചുരുക്കിപ്പറഞ്ഞാല്‍ ബോംബെയുടെ ഫംഗ്ഷനല്‍ പ്രകൃതം പാടേ മാറിപ്പോയി.  

ALSO READ

മതേതര ജനാധിപത്യ രാജ്യത്തെ 'മുടി' യുടെ ജാതി

ഈ കമേഴ്സ്യല്‍ മുഖമാണോ നഗരം? ഒരിക്കലുമല്ല. ഇത് ഉപരിതലമാണ്. സമാന്തരമായി മറ്റൊരു നഗരമുണ്ട്. ചേരികള്‍. ഒന്നേമുക്കാല്‍ കോടി പൗരാവലിയില്‍ ക്ലീന്‍ 40% ഈ ഡാര്‍ക്ക്​ യൂണിവേഴ്സിലാണ്. സത്യത്തില്‍, ഇതാണ് ശരിയായ നഗരം, മറ്റേത് ഇതിന്റെ നിഴല്‍ മാത്രമാണെന്ന് തോന്നിപ്പോവുന്നു. കാരണം, ചേരിയില്ലെങ്കില്‍ സിറ്റിയില്ല. ഇന്‍ഫോമല്‍ സെക്ടര്‍ പ്രവര്‍ത്തനം മുഴുക്കെ നടക്കുന്നതിവിടെയാണ്. ഉദാഹരണമായി തെക്കന്‍ ബോംബെയിലെ എലീറ്റ് മേഖലയായ കഫ് പരേഡ്. തൊട്ടുകിടക്കുന്ന ഗീതാനഗറില്ലെങ്കില്‍ കഫ് പരേഡില്‍ ജീവിതമില്ല- ഈ ചേരിക്കാരാണ് സമ്പന്ന ഫ്ളാറ്റുകളിലെ എല്ലാത്തരം പണികളുമെടുക്കുന്നത്. ഇനി, ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന് സെലിബ്രിറ്റി സ്റ്റാറ്റസുള്ള ധാരാവി. ഏതാണ്ട് 10 ലക്ഷം അന്തേവാസികള്‍ കഴിഞ്ഞുകൂടുന്നു. ചെറുകിട വര്‍ക്കുഷോപ്പുകളുടെ മഹാനഗരമാണത്.

ധാരാവി
ധാരാവി

പതിനായിരത്തില്‍പരം കുടില്‍ വ്യവസായ യൂണിറ്റുകള്‍, ചെറുകിട പ്രിന്റിംഗ് ബിസിനസുകള്‍, തുന്നല്‍ക്കമ്പനികള്‍, ലെതര്‍ യൂണിറ്റുകള്‍, ലെയ്ത്തുകള്‍... എല്ലാം അനധികൃതം. അതുകൊണ്ട് നയാപൈസ നികുതിയടയ്ക്കണ്ട. ലോക്കല്‍ ഗുണ്ടകള്‍ക്ക് ഹഫ്ത കൊടുക്കണമെന്നുമാത്രം. ടേണോവറിന് ഒരനധികൃത കണക്കുണ്ട്- ദിവസം 600 കോടി രൂപ. ഈ കരിനിഴല്‍ റിപ്പബ്ലിക് എവിടെയാണെന്നോ? ബോബെയുടെ ധനകാര്യജില്ലയായ ബാന്ദ്ര - കുര്‍ളയ്ക്ക് നേരെ മുന്നില്‍. നഗരത്തിന്റെ ഏതംശത്തിലുമുണ്ട് ഈ നിഴല്‍. അതോ നഗരം, ചേരിയുടെ നിഴലോ?

മലയാളിയെ സംബന്ധിച്ച് ബോംബെ ഒരു അധോലോകത്തിന്റെ കൂടി സാമ്രാജ്യമാണ്. പരിന്ദാ, സത്യ തുടങ്ങിയ സിനിമകളിലൂടെ നിറം പിടിപ്പിച്ച നുണകളുടെയും നേരുകളുടെയും ഒരു സാമ്രാജ്യം. വാസ്തവത്തില്‍ എന്തായിരുന്നു മുംബൈ അധോലോകം? 

ദസ്തേവ്സ്‌കിയല്ലേ നഗരത്തെ ഒരു ആക്സിഡെന്റല്‍ ട്രൈബ് എന്നുവിളിച്ചത്? പുറമേയ്ക്ക് ശാന്തമായിരിക്കുമ്പോഴും hostile ആണ് നഗരം. അതിന്റെ എല്ലാതരം വെളിച്ചങ്ങളിലും ഇരുട്ട് പതിയിരിപ്പുണ്ട്. അവിടെ നിന്നാണ് അധോലോകം എന്ന മറ്റൊരു വന്‍വ്യവസായത്തിന്റെ വരവ്.  

ഒരിക്കല്‍ നാട്ടിലെ ഒരു ചങ്ങാതി ലോഹ്യം പറയുന്ന കൂട്ടത്തില്‍ തിരക്കി, ബോംബെയില്‍ എവിടെയാ? നരിമാന്‍ പോയിന്റില്‍ എന്ന മറുപടി കേട്ടതും അടുത്ത ചോദ്യം: അവിടുന്ന് ഈ അണ്ടര്‍വേള്‍ഡ് എങ്ങനെയാ, അടുത്താണോ? ചിരിച്ചില്ലാ.. കാരണം, ബോംബെയിലെ ഒരു പ്രത്യേക പഞ്ചായത്താണ് ഇപ്പറഞ്ഞ ഡെസ്റ്റിനേഷന്‍ എന്നു കരുതിയിരുന്ന ഒരു കാലം സ്വന്തമായുണ്ടായിരുന്നു. പിന്നീട് നഗരത്തിലെത്തിയപ്പോള്‍ മനസിലായി, അത് ഒരിടത്തല്ല, എവിടെയും എപ്പോഴുമുണ്ടെന്ന്. ആ വെര്‍ച്വല്‍ പഞ്ചായത്തുകള്‍ക്ക് അദൃശ്യരായ തലൈവര്‍മാര്‍. മിത്തുകളായിട്ടാണ് അസ്തിത്വം. പഴയ മിത്തുകളില്‍ കരിംലാലയും ഹാജി മസ്താനും വരദരാജ മുതലിയാരുമൊക്കെ നിറഞ്ഞുനിന്നു. 20ാം നൂറ്റാണ്ടിന്റെ ഒടുവോടെ മിത്തുമാറി, അര്‍ബന്‍ ലെജന്‍ഡുകളിറങ്ങി-  ഛോട്ടാരാജന്‍, ഛോട്ടാ ഷക്കീല്‍, അരുണ്‍ ഗാവ്ലി, നായിക് അങ്ങനെ. ഓരോ ഡോണും ഓരോ അമര്‍ ചിത്രകഥ. ചേരികളില്‍, കോര്‍പറേറ്റ് മുറികളില്‍, മീഡിയയില്‍ അതിന്റെ പാരായണം നടക്കും.

വായിപ്പിക്കാന്‍ ഓത്തന്മാരുണ്ട്. അവരിലൂടെ റിയല്‍ എസ്റ്റേറ്റിലും സിനിമയിലും ഹവാലയിലും ഡ്രഗ്സിലുമായി ബിസിനസ് ഭംഗിയായി നടക്കും. എണ്ണം പറഞ്ഞ പാരലല്‍ ഇക്കോണമി. ബോംബെ സിറ്റി കോര്‍പറേഷന്റെ വാര്‍ഷിക ബജറ്റ് ശരാശരി 1000 കോടി രൂപയാണ്. പല സംസ്ഥാന ബജറ്റുകളേക്കാള്‍ വലുത്. ഈ യമണ്ടന്‍ കിഴിയെ വെല്ലും അണ്ടര്‍വേള്‍ഡ് ടേണോവര്‍. നന്ദി ചൊല്ലേണ്ടത് ഒരു സത്താറക്കാരന്‍ കോണ്‍സ്റ്റബിളിനോടാണ്. കള്ളക്കടത്ത്, ഹഫ്ത, കത്തിക്കുത്ത്, ചാരായംവാറ്റ്, നിലവാരത്തില്‍ കിടന്ന ഈ മേഖലയെ ആഗോളീകരിച്ച് ഹൈ ടെക്കാക്കിയത് ടിയാന്റെ ഓമനപുത്രനാണ്- ദാവൂദ് ഇബ്രാഹിം കാസ്‌കര്‍. മറ്റൊരാള്‍ കൂടിയുണ്ട്, രക്തബന്ധുവല്ലെങ്കിലും ദീപക് പട്ടേല്‍. കുറേക്കാലം ദുബായിലിരുന്ന് ബോംബെയെ ഉള്ളംകയ്യിലിട്ട് അമ്മാനമാടി. പിന്നെ ആര്‍.ഡി.എക്സ് പടക്കംവെച്ച് നഗരത്തെ ഒന്നു മൂക്കില്‍വലിച്ചു. 92ലെ വര്‍ഗീയ കലാപത്തിനുള്ള മറുവെടിയാണ് ഈ സ്ഫോടനപരമ്പര എന്നു ദാവൂദ് പറഞ്ഞിട്ടില്ല. പക്ഷെ ഇന്ത്യ അതങ്ങുറപ്പിക്കുന്നു. അങ്ങനെ പറയാനേ തല്‍ക്കാലം മാര്‍ഗമുള്ളൂ. പ്രതി അങ്ങ് കറാച്ചിയില്‍ സ്റ്റേറ്റ് ഗസ്റ്റ്, ഈ കഥാപാത്രത്തോട് ഒന്നു ഫോണില്‍ പേശാന്‍ അവസരമുണ്ടായി. ദീര്‍ഘകാലമായി ഈ ബീറ്റിലുള്ള ഒരു പ്രമുഖ ക്രൈം റിപ്പോര്‍ട്ടര്‍ ചങ്ങാതിയുടെ ചെലവില്‍, പ്രതീക്ഷിച്ചത് ഒരു അമരീഷ് പുരി നിവേശമാണ്, കുറഞ്ഞപക്ഷം പ്രാണ്‍-പ്രേംചോപ്ര സ്‌റ്റൈലെങ്കിലും. കേട്ടത് മാടപ്രാവിന്റെ സ്വരം. നിരാശ തോന്നി. മിന്നിമിന്നിയല്ലേ ട്യൂബ് ലൈറ്റ് തെളിയൂ- ഇത് വികാരാക്രോശത്തിന്റെ നാടകക്കളരിയല്ല, ഒരുണ്ട പോലും കാരണമില്ലാതെ പാഴാക്കാത്ത മെറ്റിക്കുലസ് വ്യവസായമാണ്. ആ സാമ്രാജ്യത്തിന്റെ സി.ഇ.ഒക്ക് വാക്കുകള്‍ക്കുപോലും ലുബ്ധ്. ഈ ഫോണ്‍പേച്ച് ചില്ലറ ആപ്പായി. ഐ.ബിക്കാരുടെ കയറിയിറക്കം, ക്വറീസ്. ഏതാണ്ട് അതേകാലത്ത് മറ്റുചില ബോംബെ പത്രക്കാരും ഇതേമാതിരി പേശിയിട്ടുള്ളതുകൊണ്ട് ചാരപ്പടയുടെ ശല്യം നീണ്ടില്ല. ഫലിതം മറ്റൊന്നാണ്. ഈ ചാരന്മാര്‍ക്കും ഇഷ്ടംപോലെ സൊള്ളാം, കറാച്ചിയിലേക്ക്. ലൈനില്‍ കിട്ടാത്ത പ്രശ്നമൊന്നുമില്ല. വിളിച്ച് ലോഹ്യം പറഞ്ഞുവെക്കാം​; അത്രതന്നെ.

1993ലെ ബോംബെ ബോംബ്‌സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌
1993ലെ ബോംബെ ബോംബ്‌സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌

അധോലോക വ്യവസായം നഗരമുള്ളിടത്തോളം നിലനില്‍ക്കും. പഴയമാതിരി വെര്‍ട്ടിക്കല്‍ ഘടനയും മുകളിലത്തൊരു ജോസ് പ്രകാശും എന്ന ശൈലിയൊക്കെ പോയി. 21ാം നൂറ്റാണ്ടില്‍ കുറേക്കൂടി തിരശ്ചീനമാണ് പഞ്ചായത്ത്. വെറും ഹിസ്റ്ററിഷീറ്റര്‍മാരുടെ കളിയല്ലിത്. അവരൊക്കെ കയ്യാളുകള്‍ മാത്രം. ശരിക്കുള്ള അധോലോക ജനുസ് പുലരുന്നത് പണ്ടേക്കു പണ്ടേ ഈ നഗരം വയ്ക്കുന്ന ആ പ്രലോഭനശക്തിയിലാണ്- സിറ്റി ഓഫ് ഗോള്‍ഡ്. ഫോര്‍ച്യൂണ്‍ ഹണ്ടേഴ്സിനുള്ള നിത്യപ്രലോഭനം. നിധിവേട്ടയ്ക്ക് പലര്‍ക്കും  പലവഴിയാണ്. ചിലര്‍ തോക്കുകൊണ്ട്, ചിലര്‍ തലകൊണ്ട്. തലയെ തോക്കാക്കി നോക്കിയ കഥാപാത്രങ്ങളുമുണ്ട്- ഹര്‍ഷദ് മേത്തയെപ്പോലെ. 

ഇന്ത്യയില്‍ നടന്ന ഏറ്റവും കുപ്രസിദ്ധമായ ഓഹരി കുംഭകോണത്തിന്റെ നായകനായിരുന്നുവല്ലോ ഈ ഹര്‍ഷദ് മേത്ത. ബോബെ സ്റ്റോക്ക് മാര്‍ക്കറ്റ് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പ്. ഈ കോവിഡുകാലത്തുപോലും ഗൂഗ്‌ളില്‍ ലോകത്തേറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ടി.വി/വെബ് സീരീസുകളുടെ പട്ടികയില്‍ രണ്ടാമതെത്തിയത് സോണി ലിവിന്റെ സ്‌കാം 1992: ദ ഹര്‍ഷദ് മേത്ത സ്‌റ്റോറി എന്ന സീരിസാണ്.

ഘാട്കൂപ്പറിലെ ഒരു ചെറിയ ജൗളിക്കടക്കാരന്റെ മകന്‍. കഷ്ടി ബി.കോംവരെ പോയി. പിന്നെ പല ലുടുക്കു പണികള്‍, ഒരിന്‍ഷുറന്‍സ് കമ്പനിയില്‍ സെയില്‍സ്മാന്‍, ഒടുവില്‍ ഷെയര്‍ ബ്രോക്കിംഗ് കമ്പനിയില്‍. നിധിവേട്ടയ്ക്ക് പറ്റിയ വഴി ഓഹരിക്കച്ചോടമാണെന്നു കണ്ട് പല ദല്ലാള്‍മാര്‍ക്കു കീഴില്‍ അഭ്യസിച്ചുനോക്കി.

സ്‌കാം 1992: ദ ഹര്‍ഷദ് മേത്ത സ്‌റ്റോറി എന്ന വെബ്സീരിസില്‍ നിന്ന്
സ്‌കാം 1992: ദ ഹര്‍ഷദ് മേത്ത സ്‌റ്റോറി എന്ന വെബ്സീരിസില്‍ നിന്ന്

ഒടുവില്‍ ഗുരുനാഥനെ കണ്ടെത്തി- പ്രസന്‍ പ്രാന്‍ ജീവന്‍ദാസ്. പേരെടുത്ത മൂന്നാനാണ്. അവിടെ നിന്നു ശിഷ്യനും പേരുണ്ടാക്കി. 1990 കാലത്ത് സെക്യൂരിറ്റീസ് വ്യവസായത്തിലിറങ്ങുന്നു. മേത്ത കൈവെച്ചാല്‍ ഓഹരിവില സ്വര്‍ഗത്തെത്തുമെന്ന ശ്രുതി പരന്നു. ഉദാഹരണമായി എ.സി.സി സിമന്റുകമ്പനിയുടെ ഓഹരി 200 രൂപയില്‍ കിടന്നത് മേത്തയുടെ കയ്യില്‍ പടപടാന്ന് 9000 രൂപയില്‍വരെയെത്തി. കോര്‍പറേറ്റുകള്‍ മേത്തക്കു മുന്നില്‍ ക്യൂ നിന്നു.  

ALSO READ

ഭൂരിപക്ഷവികാരം എന്നോ പ്രതിഷ്​ഠ നടത്തിക്കഴിഞ്ഞ അയോധ്യ...

വെറും ദല്ലാള്‍ ബുദ്ധിയല്ല, ഈ ഗുജറാത്തി പ്രയോഗിച്ചത്. കമ്പനിയുടെ ഓഹരികള്‍ ഇങ്ങനെയെങ്ങനെയാണ് വാണം പോലെ ഉയരുന്നതെന്നു ചോദിച്ച വിദഗ്ധര്‍ക്ക് മേത്ത പുതിയൊരു വേദോപദേശമോതി- ഓഹരികള്‍ പലതും അണ്ടര്‍വാല്യു ചെയ്താണിരിപ്പ്. ഒരു കമ്പനിയുടെ ഓഹരിമൂല്യം ശരിയായി തിട്ടപ്പെടുത്തേണ്ടതെങ്ങനെ? ആ കമ്പനി ഇന്നത്തെ നിലേല്‍ നിര്‍മിച്ചെടുക്കാന്‍ എന്തു ചെലവുവരുമോ അങ്ങനെ വേണം ഇന്നത്തെ മൂല്യമളക്കാന്‍. ഇതാണ് മേത്തയുടെ അസറ്റ് റീപ്ലെയ്സ്മെന്റ് തിയറി. ദലാല്‍ തെരുവിലെ വിദ്വാന്മാര്‍ക്കും പിങ്ക് പത്രങ്ങളിലെ മണിയാന്‍ ചെട്ടികള്‍ക്കും ഡൗണ്‍ലോഡ് ചെയ്തുകൊടുത്ത ബൈജൂസ് ആപ്പ്. അവര്‍ ആ പുത്തന്‍ എഞ്ചുവടി പഠിക്കുമ്പോള്‍ മേത്ത വര്‍ളി സീഫേസിലെ മണിമാളികയില്‍ ഏറ്റവും മുന്തിയ കാറുകളുടെ പരിലാളനയില്‍ റോളര്‍കോസ്റ്റര്‍ റൈഡ് തുടര്‍ന്നു. എന്നാലും ഇങ്ങനെ കളിക്കാന്‍ ഇത്രയ്ക്ക് കാശെവിടുന്ന്? ഭാഗ്യാന്വേഷികളും കുശുമ്പന്മാരും തലപുകച്ചു.  

മേത്തയുടെ ലൈന്‍ സിമ്പിളായിരുന്നു. ‘90 കള്‍ വരെ ബാങ്കുകള്‍ ഈക്വിറ്റിമാര്‍ക്കറ്റില്‍ പണമിറക്കിയിരുന്നില്ല. സര്‍ക്കാര്‍ ബോണ്ടുകളിലായിരുന്നു, അവരുടെ നിക്ഷേപം. ബാങ്കുകളുടെ ഈ മുതലാണ് മേത്ത മുതലാക്കിയത്. ഒരു ബാങ്കില്‍ നിന്ന് വന്‍തുക വാങ്ങി ഹ്രസ്വകാലത്തേക്ക് മറ്റു ബാങ്കുകള്‍ക്ക് മറിക്കുക, അതിന്റെ പലിശയാണ് കൊടുക്കുന്ന ബാങ്കിന്റെ ആദായം. ഇതിനുള്ള ഇടനിലപ്പണിക്ക് ചില്ലറ കമീഷന്‍ കിട്ടും. അങ്ങനെയാണ് സെക്യൂരിറ്റീസ് വ്യവസായത്തിലെ പതിവ്. കൊടുക്കുന്ന ബാങ്കിന്റെ പണം മേത്ത സ്വന്തം അക്കൗണ്ടിലിടും, മറ്റു ബാങ്കുകളുടെ സെക്യൂരിറ്റി വാങ്ങാന്‍ വേണ്ടി, ഒരു ചെറിയ കാലത്തേക്ക് മാത്രം. ഈ കാലയളവില്‍ ആ പണം- വന്‍തുകയാണ് കേട്ടോ- ഓഹരിവിപണിയിലിറക്കും. പ്രമോട്ട് ചെയ്യേണ്ട ഓഹരികള്‍ ഭീമമായി വാങ്ങിക്കൂട്ടും. അങ്ങനെ അവയ്ക്ക് വന്‍വിലയുണ്ടാക്കിയെടുക്കും. എ.സി.സി, സ്റ്റൈര്‍ലൈറ്റ്, വീഡിയോ കോണ്‍ തുടങ്ങിയവക്ക് ഭീകര ഡിമാന്റുണ്ടായത് അങ്ങനെയാണ്.

ഹർഷത് മേത്ത
ഹർഷത് മേത്ത

മൂന്നുമാസമാണ് ബാങ്ക് തിരിച്ചടവിനു നല്‍കുന്ന ക്രഡിറ്റ് പിരീയഡ്. അതിനകം മേത്ത ഓഹരി വിറ്റ് വന്‍ലാഭവും കൊയ്ത്, ബാങ്കിന്റെ കാശ് മടക്കും. ഈ കളിയില്‍ അന്ന് ഏഴ് ബ്രോക്കര്‍മാരേയുള്ളൂ ഇന്ത്യയില്‍. ബാങ്ക് രസീതാണ് (BR) ബ്രോക്കര്‍ക്ക് കൊടുക്കുക. അല്ലാതെ കാശിടപാടില്ല. ബി.ആറിന്റെ ഈടിലാണ് കളിയത്രയും. വില്‍ക്കുന്ന ബാങ്ക് രസീതു കൊടുക്കും. വാങ്ങുന്ന ബാങ്ക് അതിനുള്ള ചെക്ക് നല്‍കും. രണ്ടു ബാങ്കുകളും പരസ്പരം അറിയുകപോലുമില്ല, ഇടപാട്.  
ഈ കളി പുരോഗമിച്ചപ്പോള്‍ പ്രത്യേകിച്ചൊരു സെക്യൂരിറ്റിയുമില്ലാത്ത വ്യാജ ബി.ആര്‍ വച്ച് മേത്ത കാശുകൊയ്തു എന്നതാണ് കേസ്. ആ വകുപ്പില്‍ ബാങ്കുകളെ 4000 കോടി പറ്റിച്ചെന്നും. ആകെ 72 കേസുകളെടുത്തു, ദേശീയ അപസര്‍പ്പക ഏജന്‍സികളെല്ലാം കയറിയിറങ്ങി, മേത്ത അകത്തായി, ആര്‍.ബി.ഐ ഗവര്‍ണര്‍ വെങ്കട്ടരാമന്‍ രാജിവെച്ചു, എന്നുവേണ്ട സര്‍വ്വത്ര പുകിലായി. വിലയില്ലാത്ത പ്രോമിസറി നോട്ട് (വ്യാജ ബി.ആര്‍) വെച്ചുകളിച്ചു എന്നതാണ് പ്രതിയുടെ മേല്‍ ചുമത്തിയ കുറ്റങ്ങളുടെയെല്ലാം രത്നച്ചുരുക്കം. 

ഹര്‍ഷദ് മേത്തയെ കാണാന്‍ സന്ദര്‍ഭമുണ്ടായിട്ടുണ്ടോ?

ഉണ്ട്, ജയിലിലായിരിക്കുമ്പോള്‍. ജയിലില്‍ പിടിച്ചിട്ടിട്ടും മേത്ത കൂസിയില്ല. ആരോടും സംസാരിക്കാന്‍ സദാ തയ്യാര്‍. അങ്ങനെ ചെന്നുകണ്ടപ്പോഴാണ് കാര്യങ്ങള്‍ വിശദീകരിച്ചിട്ട് നേരെ ഒരു ചോദ്യം- ഞാന്‍ തെറ്റിച്ച നിയമമേതാണ്? ആ ചോദ്യത്തിന് 72 കേസുകള്‍ അടയിരുന്ന കോടതികളോ കുറ്റപത്രമെഴുതിയ ഏമാന്മാരോ ഇന്നേവരെ മറുപടി പറഞ്ഞിട്ടില്ല. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയിലുള്ള ഒരു സാമ്പ്രദായിക പ്രാക്ടീസ് ഉപയോഗിച്ച് കാശുണ്ടാക്കി, ഓഹരിയുടെയും വില കയറ്റി, ഓഹരി വിപണിയില്‍ ഒരുകൊല്ലം വന്‍ വിലക്കയറ്റവുമുണ്ടായി. അതൊരു കുറ്റകൃത്യമായി ഇന്ത്യന്‍ സാമ്പത്തിക നിയമങ്ങള്‍ പറയുന്നില്ല. ഇതേ കലാപരിപാടി ഇവിടുത്തെ മറ്റ് സെക്യൂരിറ്റീസ് ബ്രോക്കര്‍മാര്‍ സ്ഥിരമായി ചെയ്യുന്നുണ്ട്, വിദേശ ബാങ്കുകള്‍ക്കുവേണ്ടി. ആ ഭാഗത്തേക്ക് ആരും നോക്കുന്നതേയില്ല. ഇനി മേത്തയുടെ ഇടപാടിലുള്ള ചില ബാങ്കുകള്‍ക്ക് സാങ്കേതികാര്‍ഥത്തില്‍ മാത്രമാണ് ഇന്‍സോള്‍വന്‍സി. ഭൗതികമായി ഒന്നും നഷ്ടമായിട്ടില്ല. അപ്പോള്‍പ്പിനെ എന്താണ് മേത്ത ചെയ്തകുറ്റം? 

ALSO READ

കോടതിക്കുപുറത്തെ 'വിചാരണ'യൊച്ചകള്‍

ഈ പുകില് പത്തുകൊല്ലമായപ്പോഴേക്കും മേത്ത മരിച്ചു. കേസുകള്‍ അപ്രസക്തമായി. മേത്ത തുറന്നുകാട്ടിയത് സിസ്റ്റത്തിലെ പിഴവുകളാണ്. അതിന് രണ്ടു കറക്ഷനുണ്ടായതാണ് ആകെയുള്ള മെച്ചം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു, വിപണിയില്‍ ഡീ- മ്യൂച്യലൈസേഷന്‍ വ്യവസ്ഥ ചെയ്തു.  
ഹര്‍ഷദ് മേത്ത ഒരുശിരന്‍ കഥാപാത്രമാണ്. 72 കേസുകളും കോടതിയിലെ തിരക്കവും ജയില്‍വാസവുമൊക്കെ ഒരുവശത്ത്. പാപ്പരാക്കുന്ന നടപടികള്‍ വേറെയും. ഇതിനിടെ ഓഹരിമൂല്യം കൂട്ടുന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്കു ക്ലാസെടുക്കുക, മന്‍മോഹന്‍ സിംഗിന് ബജറ്റ് നന്നാക്കാന്‍ പ്രബന്ധം തയ്യാറാക്കി അയക്കുക എന്നുവേണ്ട അസാമാന്യ ഊര്‍ജമാണ് അയാള്‍ കെട്ടഴിച്ചത്. മറ്റാരായാലും തകര്‍ന്നുപോകുന്ന ചുറ്റുപാടില്‍ ഈ മനുഷ്യന്‍ ഒരു ലഹരിപോലെ റൈഡ് തുടര്‍ന്നു. ഇതാണ് ഫോര്‍ച്യൂണ്‍ ഹണ്ടേഴ്സിന്റെ പ്രകൃതം. വല്ലാത്ത റിസോള്‍വ്, റിസ്‌കെടുക്കാന്‍ ഒരു മടിയുമില്ല. സ്വയമൊരു റോളര്‍കോസ്റ്ററാണവര്‍. 

ബോംബെയില്‍ ഒരു മലയാള പത്രത്തിന്റെ ചുമതലക്കാരനായിരിക്കുമ്പോള്‍, അവഗണിക്കാന്‍ കഴിയാത്ത ഒരാളായിരിക്കും ബാല്‍ താക്കറെ. ഈ പ്രസ്ഥാനവുമായുള്ള വിനിമയങ്ങള്‍ ഏതുവിധത്തിലായിരുന്നു?

ബാല്‍താക്കറെ ബുദ്ധിയുള്ള ഭീരുവാണ്. ബുദ്ധിയും മേല്‍ത്തരം ഭീരുത്വവും മേല്‍ത്തരം. രണ്ടും മനസ്സിലാക്കാതെയാണ് മിക്കപ്പോഴും നമ്മള്‍ ആളെ വിധിക്കാറുളളത്. ഇത്തരക്കാര്‍ക്ക് ആള്‍ബലമുണ്ടാകും. അതാണവരുടെ രക്ഷാകവചം. അതിനുളളിലിരിക്കെ അവര്‍ അസാമാന്യ ധീരതയുടെ ഡയലോഗിറക്കും, സാഹസങ്ങള്‍ ചെയ്യിക്കും. ഇതാണ് ശിവസേന എന്ന പ്രസ്ഥാനം കൊണ്ട് താക്കറെ സാധിച്ചത്. ലളിതമായി പറഞ്ഞാല്‍, ശിവസേനയുടെ നശീകരണശേഷിയെയാണ് എല്ലാവരും പേടിച്ചത്. പേടിപ്പിക്കാന്‍ ഉപയോഗിച്ചത്. ആ പേടിയാണ് താക്കറെയുടെ മൂലധനം. ബോംബെയില്‍ എത്തിയ കാലത്ത് തുടങ്ങിയതാണ് ഈ കഥാപാത്രത്തെ മനസിലാക്കാനുള്ള ശ്രമം.  
കലാകൗമുദി പത്രത്തിന് ആദ്യമായി സണ്‍ഡേ സപ്ലിമെന്റുണ്ടായപ്പോള്‍ ആദ്യത്തെ കവര്‍സ്റ്റോറി താക്കറെ അന്വേഷണമാവട്ടെ എന്നു വിചാരിച്ചു. അങ്ങനെയാണ് മലയാറ്റൂരിനെ വിളിക്കുന്നത്. പണ്ട് ഫ്രീപ്രസ് ജേണലില്‍ സഹകാര്‍ട്ടൂണിസ്റ്റായിരുന്നല്ലോ, ഒരു കുറിപ്പും സ്‌കെച്ചും വേണം. ‘ടിയാനെ കണ്ടകാലം മറന്നു, ഒരു ലേറ്റസ്റ്റ് പടം അയച്ചുതാ' എന്ന് ബ്രിഗേഡിയര്‍. പടം കിട്ടി ഒരാഴ്ചയ്ക്കകം സംഗതികള്‍ അയച്ചുതന്നു. താക്കറെ ഒരു ഗ്ലൂമി ഇൻട്രോവേര്‍ട്ട്. നേരേ ചൊവ്വേ ഇടപെടില്ല, കാര്‍ട്ടൂണിസ്റ്റ് എന്ന നിലയ്ക്ക് ശരാശരി മാത്രം. അങ്ങനെ പോയി, മലയാറ്റൂരിന്റെ വര്‍ണന. അതൊക്കെ 1950കളിലെ കാര്യമാണ്.

ഫ്രീ പ്രസ് ജേണലിനുവേണ്ടി കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ബാല്‍ താക്കറെ. ബാല്‍താക്കറെയെക്കുറിച്ചുള്ള രാജ് താക്കറെയുടെ പുസ്തകത്തില്‍ നിന്നുള്ള ഫോട്ടോ
ഫ്രീ പ്രസ് ജേണലിനുവേണ്ടി കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ബാല്‍ താക്കറെ. ബാല്‍താക്കറെയെക്കുറിച്ചുള്ള രാജ് താക്കറെയുടെ പുസ്തകത്തില്‍ നിന്നുള്ള ഫോട്ടോ

വേറെ വഴിക്കു ചികഞ്ഞപ്പോഴാണ് ചുരുള്‍ തരക്കേടില്ലാതെ അഴിഞ്ഞുതുടങ്ങിയത്.  
ഫ്രീപ്രസ് ജേണലില്‍ അക്കാലത്ത് കൂടുതലും തെക്കെ ഇന്ത്യക്കാരാണ്. തന്നെ അവര്‍ ഒതുക്കുന്നു എന്നാണ് താക്കറെയ്ക്ക് തോന്നിയത്. പൊതുവെ തെക്കരോട് കടുത്ത നീരസമായി.  ഫ്രീപ്രസ് വിട്ട് മര്‍മിക് എന്ന കാര്‍ട്ടൂണ്‍ വാരിക തുടങ്ങുന്നു. അത് പരിശോധിച്ചാല്‍, പൊതുവേ കരുതുന്ന വര്‍ഗീയ ഭ്രാന്തന്റെ ഹിസ്റ്റീരിയയൊന്നുമല്ല കാണുക. ബോംബെയിലെ മറാഠികളുടെ വികാരം  ആവിഷ്‌കരിക്കുകയും അതിനൊരു ദിശാബോധം പകരുകയും ചെയ്യുന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരനെയാണ്. ആ കാലത്ത് മറാഠികള്‍ കഴിഞ്ഞിരുന്നത് വടക്കന്‍ ബോംബെയിലാണ്. തെക്കന്‍ ബോംബെയാണ് വരേണ്യരുടെ പ്രദേശം. സ്ഥാപനങ്ങളുടെ തലസ്ഥാനവും, സെക്രട്ടറിയേറ്റുമൊക്കെ അവിടെത്തന്നെ. അതുകൊണ്ട് സബര്‍ബന്‍ തീവണ്ടിയില്‍ കാലത്തേയുള്ള ഒഴുക്ക് തെക്കോട്ടാണ്. ഈ നിത്യയാത്രയില്‍ മറാഠികള്‍ അടക്കിപ്പിടിച്ചേ സ്വന്തം ഭാഷ പറയാറുള്ളൂ. കാരണം, മറാഠിഭാഷയെ അധഃകൃതഭാഷയായേ നഗരം പൊതുവില്‍ കണക്കാക്കിയിരുന്നുള്ളൂ.  

മര്‍മിക്കില്‍ താക്കറെ ഒരു ബോക്സ് കോളമുണ്ടാക്കി. അതാണ് ശിവസേനയുടെ പിറവിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ബോംബെയിലെ കോര്‍പ്പറേറ്റ് ലോകത്തുള്ളവരുടെ പേരുവിവരം നല്‍കും- മറാഠികളല്ലാത്തവരുടെ. വായിക്കുക, വാപൂട്ടുക എന്നതാണ് പംക്തിയുടെ തലക്കെട്ട്. പേരുവിവരം പറഞ്ഞിട്ട് ഒരു ചോദ്യവും- ‘മഹാരാഷ്ട്രക്കാരെവിടെ?' ആഴ്ചതോറും കൃത്യമായി വന്ന ഈ ബോക്സ് മറാഠികള്‍ക്കിടയില്‍ വലിയ ക്ഷോഭതരംഗമുണ്ടാക്കി. കുറേനാള്‍ കഴിഞ്ഞതും ബോക്സിന്റെ തലക്കെട്ട് ലേശമൊന്നു മാറുന്നു: വായിക്കുക, ഉണര്‍ന്നെണീല്‍ക്കുക. മര്‍മിക്കിലേയ്ക്ക് പ്രവാഹമായി. താക്കറെയ്ക്ക് പാര്‍ട്ടിയുണ്ടാക്കല്‍ എളുപ്പമായി. ആര്‍.എസ്.എസ് ശാഖകളെ മാതൃകയാക്കി ബ്രാഞ്ചുകളുണ്ടാക്കി. തെരഞ്ഞെടുപ്പില്ല. ഭാരവാഹിസ്ഥാനങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കി. പകരം സേനാപതി എന്ന ഒറ്റസ്ഥാനംമാത്രം. മറ്റവകാശികള്‍ വരാതെ നോക്കണമല്ലോ. അന്നത്തെ ബോംബെയിലെ ശരാശരി മറാഠാ വികാരമാണ് താക്കറെ പ്രതിഫലിപ്പിച്ചത്. നഗരജനതയില്‍ 43 ശതമാനമുണ്ടായിട്ടും മറാഠി ഭാഷക്കോ സംസ്‌കാരത്തിനോ യാതൊരു മേല്‍ക്കൈയും കിട്ടിയില്ല. ബോളിവുഡ് പോലും ഹിന്ദിമയമാണ്. ഒരൊറ്റ താരവും മഹാരാഷ്ട്രയില്‍ നിന്നില്ല. 

എന്നുമുതലാണ് ശിവസേന ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ "മണ്ണിന്റെ മക്കള്‍' വാദം ആളിക്കത്തിച്ചുതുടങ്ങിയത്?

1966ലാണ് സേനയുടെ ആദ്യ മാനിഫെസ്റ്റോ. അതില്‍ മറാഠിയുടെ സകല പ്രശ്നത്തിനുമുള്ള വില്ലനെ പ്രഖ്യാപിച്ചു- മദ്രാസികള്‍. എന്നുവെച്ചാല്‍ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷക്കാര്‍. ഇവര്‍ നഗരജനതയുടെ ഒമ്പതുശതമാനം മാത്രമേയുള്ളൂ. ഗുജറാത്തില്‍ 14 ശതമാനമുണ്ട്. എന്നാല്‍ അവര്‍ തൊഴിലുടമകളാണ്. അന്നം തരുന്ന കൈയ്ക്ക് കടിക്കേണ്ട എന്ന് താക്കറെ ഉപദേശിച്ചു. തെക്കരെ പിടിക്കാന്‍ ശരിയായ കാരണം, അവരായിരുന്നു വൈറ്റ്‌കോളര്‍ ജോലികളില്‍ കൂടുതലും. മറാഠി മധ്യവര്‍ഗത്തിന്റെ അസ്വസ്ഥതയ്ക്ക് പറ്റിയ സേഫ്റ്റിവാല്‍വ്. അങ്ങനെ മണ്ണിന്റെ മക്കള്‍ ലഹള അരങ്ങേറുന്നു. 

1960ല്‍ മഹാരാഷ്ട്രക്കാരെ അഭിസംബോധന ചെയ്യുന്ന ബാല്‍ താക്കറെ, തെക്കേ ഇന്ത്യക്കാരെ രൂക്ഷമായി ആക്രമിച്ചുകൊണ്ടാണ്​ താക്കറെ സംസാരിച്ചത്/ Photo:Shivasena.org

1971ല്‍ ജന. കരിയപ്പ ബോംബെയില്‍ നിന്ന് മത്സരിക്കുന്നു. കന്നഡിഗയായിട്ടും താക്കറെ പിന്തുണയ്ക്കുന്നു. എതിരാളികള്‍ ഇടതുപക്ഷക്കാരാണ്. ആള്‍ തോറ്റുപോയെങ്കിലും താക്കറെയുടെ ലൈന്‍മാറ്റം വ്യക്തമായി. മദ്രാസികളെ വിട്ട് പകരം കമ്യൂണിസ്റ്റുകാരെ ടാര്‍ഗറ്റാക്കുന്നു. ‘മോസ്‌കോയില്‍ മഴ പെയ്താല്‍ ലാല്‍ഭായ് മുംബൈയില്‍ കുടപിടിക്കും' എന്ന പരിഹാസത്തോടെയാണ് തുടക്കം. തെക്കെ ഇന്ത്യക്കാര്‍ കുറഞ്ഞപക്ഷം ഇന്ത്യക്കാരാണ്; കമ്യൂണിസ്റ്റുകള്‍ ഇന്ത്യക്കാരല്ല എന്നായി വ്യാഖ്യാനം. അന്ന് ഇടതുട്രേഡ് യൂണിയനുകള്‍ ബോംബെയില്‍ ശക്തമാണ്. താക്കറെയുടെ പുതിയ ലൈന്‍ ബിസിനസുകാരെ സേനയോട്

 

അടുപ്പിച്ചു. മുതലാളിമാരും ശിവസേനയും  ചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള പണി തുടങ്ങി. സി.പി.ഐ നേതാവ് കൃഷ്ണദേശായിയെ ശിവസൈനികര്‍ കൊല്ലുന്നു. താക്കറെ അവസരെ പിന്താങ്ങുന്നു, രാം ജത്​മലാനി അവരുടെ കേസ് വാദിക്കുന്നു. ബോംബെയിലെ ഏറ്റവും പഴയ ട്രേഡ് യൂണിയന്‍ ഓഫീസ്- ലാല്‍ബാഗ് പരേലിലെ ഗിര്‍നി കാംഗാര്‍ യൂണിയന്‍ ഓഫീസ് കത്തിക്കാന്‍ താക്കറെ ആഹ്വാനം ചെയ്യുന്നു. അനുയായികള്‍ അനുസരിക്കുന്നു. ഇതേ സമയം, ഭീവണ്ഡിയില്‍ മുസ്‌ലിംകളെ വകവരുത്തുന്ന കലാപരിപാടി ആരംഭിക്കുന്നു.

ഇതിലൊന്നും സര്‍ക്കാര്‍ നടപടികളില്ല, ഒരു പിക്​നിക്​ പോലെയാണ് ശിവസേനക്കാര്‍ ഓരോ അക്രമവും കൊലയും നടത്തിപ്പോന്നത്. മഹാരാഷ്ട്രയിലെ ഓരോ സര്‍ക്കാരുകളും സംരക്ഷിച്ചതുകൊണ്ടാണ് ശിവസേന നിലനിന്നതെന്നു വ്യക്തം. ഇടതുപക്ഷം ക്ഷയിച്ചുപോയി. മറ്റുകക്ഷികകളെല്ലാം തന്നെ ശിവസേനയുടെ അക്രമശേഷി ആവശ്യാനുസരണം വസൂലാക്കി. താക്കറെ അതിനനുസരിച്ച് മറിച്ചും. മറാഠി ഞരമ്പിന് തീപിടിപ്പിക്കുക മാത്രമല്ല അവരെ അക്രമത്തിന്റെ ആയുധമാക്കി വികസിപ്പിച്ചെടുത്തു. ഉത്തരേന്ത്യക്കാരായ ടാക്സിക്കാരെ വിറപ്പിച്ചുകൊണ്ട് സിഗ്‌നല്‍ ബോര്‍ഡുകളെല്ലാം മറാഠിയിലാക്കി. ഗുജറാത്ത്, മാര്‍വാറി സമുദായത്തെ വിരട്ടി, വലിയ സംഭാവനകള്‍ സ്ഥിരമായി വരുത്തി. ഹോട്ടലും ഇടത്തരം കച്ചോടങ്ങളും നടത്തിവന്ന തമിഴ്, കന്നഡ സംസ്ഥാനക്കാരെ പേടിപ്പിച്ചുനിര്‍ത്തി. മുസ് ലീങ്ങളെ തല്ലിയും കൊന്നും അവഹേളിച്ചും രണ്ടാംകിട പൗരന്മാരാക്കി. എന്തിനധികം, മഹാരാഷ്ട്രയിലെ ദളിതരെ സ്ഥിരമായി അവഹേളിച്ച് തരംതാഴ്ത്തിക്കൊണ്ടിരുന്നു. എതിര്‍ത്ത പലരേയും കൊന്നുതള്ളി. 

ശിവസേനയുടെ വിദ്വേഷ രാഷ്ട്രീയത്തോടും പ്രാദേശിക വാദത്തോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ എങ്ങനെയാണ് പ്രതികരിച്ചിരുന്നത്?  

മൗലികമായ രാഷ്ട്രീയമൊന്നുമില്ലാത്തതിനാല്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ബിസിനസുകാര്‍ക്കും താക്കറെയെ ആവശ്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിയോഗികളെ ഭിന്നിപ്പിക്കാന്‍. ബി.ജെ.പിക്ക് ഹിന്ദുവോട്ട് സമന്വയിപ്പിക്കാന്‍. വ്യവസായികള്‍ക്ക് യൂണിയന്‍ ശല്യം തീര്‍ക്കാന്‍. സിനിമാക്കാര്‍ക്ക് അലമ്പില്ലാതെ പടമിറക്കാന്‍. ബില്‍ഡര്‍മാര്‍ക്ക് സ്ഥലം കവരാന്‍. കെട്ടിമുടമകള്‍ക്ക് താമസക്കാരെ ഒഴിപ്പിക്കാന്‍. ചുരുക്കത്തില്‍, വരത്തരുടെ നഗരത്തില്‍ തിണ്ണമിടുക്കുള്ള ഒരു ചട്ടമ്പിയെക്കൊണ്ട് എല്ലാ വരത്തര്‍ക്കുമുണ്ടായിരുന്നു ആവശ്യങ്ങള്‍. താക്കറെ മൂലധനം കൂട്ടിക്കൊണ്ടിരുന്നു. ഒപ്പം, സ്വന്തം ബ്രാന്‍ഡ് മാനേജറായിക്കൊണ്ട് അതിന്റെ ഡിമാന്‍ഡും. ഉദാഹരണമായി മൈക്കല്‍ ജാക്സന്റെ ഷോ ബോംബെയില്‍ വന്നപ്പോള്‍, ദേ ജാക്സന്‍ നേരെ ‘മാതോശ്രീ’യിലെത്തി  താക്കറെയുടെ അതിഥിയാവുന്നു. ജാക്സന്റെ ആരാധകനല്ല താക്കറെ, ജാക്സന് ഈ ഹിന്ദു ഹൃദയസാമ്രാട്ടിനെ പിടിയുമില്ല. രാഷ്ട്രീയ ഡിസൈനായിരുന്നു സംഗതി. പോപ്പുലര്‍ മാസ് കള്‍ച്ചറിന്റെ ആസ്ഥാനമാണ് ബോംബെ. സിനിമയും ടി.വിയും ഫാഷനും ക്രിക്കറ്റും പരസ്യകലകളുമെല്ലാം. താക്കറെയെ പിണക്കിയാല്‍ കുഴപ്പമുണ്ടാകും. പടമിറക്കില്ല, ക്രിക്കറ്റ് കളി നടത്തില്ല, ഫാഷന്‍ ഷോ കര്‍ട്ടനിടും. അതുകൊണ്ട് ഈ മേഖലക്കാരെല്ലാം ബാലാസാഹേബിനെ വണങ്ങും. മൈക്കല്‍ ജാക്സിന്റെ ഷോ നടക്കണമെങ്കില്‍ ചെന്നു മുഖം കാണിക്കണം. ഹഫ്താപിരിവിന്റെ മറ്റൊരു രൂപം തന്നെ.  
ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്തുതോന്നുന്നു, താക്കറെയുടെ ശരിയായ രാഷ്ട്രീയത്തെപ്പറ്റി? വെറുപ്പിന്റെ രാഷ്ട്രീയമാണ് അതെന്ന് പെട്ടെന്നു തോന്നും. സത്യത്തില്‍ അയാള്‍ക്കങ്ങനെ സ്ഥായിയായ വെറുപ്പില്ല. 1960 ലെ മദ്രാസിയില്‍ നിന്ന് അതെത്രയോ ടാര്‍ഗറ്റുകള്‍ മാറിമാറിപ്പോയിരിക്കുന്നു. ഏറ്റവുമൊടുവില്‍ മുസ്ലിംകളെ കശാപ്പുചെയ്ത 92ലെ ഭീകരമായ വര്‍ഗീയ കലാപത്തിന് അധ്യക്ഷത വഹിച്ചയാള്‍. വൈകാതെ തന്നെ ലൈനാകെ മാറ്റിക്കളഞ്ഞില്ലേ?

താക്കറെയുമായി നേരിട്ട് ഇടപെടേണ്ടി വന്ന സന്ദര്‍ഭമുണ്ടായിട്ടുണ്ടോ?

വെറുതെ ഒരു ദര്‍ശനഭാഗ്യത്തിനായി പോയതാണ് താക്കറെയുടെ ഒരു പ്രസ് മീറ്റിന്. കൂട്ടിന് ഒരു ചങ്ങാതിയും- ഇന്ത്യന്‍ എക്സ്പ്രസിലെ പഴയ ന്യൂസ് എഡിറ്റര്‍ എര്‍വിന്‍ മെനേസിസ്. ബാലാസാഹേബ് പുതിയ ലൈനിറക്കുന്നു: അയോധ്യാ വിവാദം ഇനി മതിയാക്കാം. മുസ്‌ലിം രാഷ്ട്രങ്ങളേക്കാള്‍ കൂടുതല്‍ മുസ്‌ലിംകളുണ്ട് ഇന്ത്യയില്‍. അവരെയെല്ലാം ഒഴിവാക്കാനാവില്ല. അവര്‍ എങ്ങോട്ടു പോകും? പാക്കിസ്ഥാന്‍ സ്വീകരിക്കുകയില്ല, മറ്റു മുസ്​ലിം രാഷ്ട്രങ്ങളും. ഹിന്ദുസ്ഥാന്റെ പൗരന്മാരാണവര്‍. ഭരണഘടനയോട് കൂറുള്ളവരായിരിക്കുവോളം നമ്മള്‍ വേണം അവരെ പരിചയിക്കാന്‍... ' - ഇങ്ങനെയൊക്കെയാണ് പുതിയ ലൈന്‍. അറിയാതെ ചോദിച്ചുപോയി, will you then apologize for the 92 pogrom? പെട്ടെന്നൊരു നിശബ്ദത. എര്‍വിന്‍ എന്റെ വാപൊത്തി. മാറാഠി പത്രലേഖകര്‍ ഉഴിഞ്ഞുനോക്കി- ഏതോ അന്യഗ്രഹജീവിയെ കണ്ടമാതിരി. അതിനിടെ, ബാലാസാഹേബിന്റെ മറുപടി: ‘ജോക്കുലര്‍ ഫെലോ...' 
ഒന്നും സംഭവിക്കാത്തപോലെ അദ്ദേഹം വിഷയത്തിലേക്കു മടങ്ങി. ഉഴിഞ്ഞുനോട്ടക്കാരെ എര്‍വിന്‍ എന്തൊക്കെയോ അടക്കം പറഞ്ഞ് രംഗം ശമിപ്പിച്ചെടുത്തു. ബാലാസാഹേബിന്റെ ദര്‍ബാറില്‍ ചില അലിഖിത പ്രോട്ടോകോളൊക്കെയുണ്ട്. അതു തെറ്റിക്കുന്നത് ബ്ലാസ്​ഫെമി, ശിക്ഷാര്‍ഹം. നമുക്കും കിട്ടി ചെറിയൊരു ശിക്ഷ. പിന്നീടൊരിക്കല്‍ ഒരു പേഴ്സണല്‍ ഇന്റര്‍വ്യൂവിന് ശ്രമിച്ചപ്പോള്‍ അനുമതി കിട്ടിയില്ല. ‘മാതോശ്രീ’യില്‍ അടുപ്പമുള്ള മറ്റൊരാള്‍ വഴിയും ശ്രമിച്ചപ്പോഴും കിട്ടിയത് വലിയൊരു നോ. അന്നത്തെ ആ പ്രോട്ടോക്കോള്‍ ലംഘനം അത്ര ജോക്കുലറായിരുന്നില്ലെന്നര്‍ത്ഥം. അതൊരു വലിയ നഷ്ടമായി ഇന്നു തോന്നുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരപൂര്‍വ ഉരുപ്പടിയാണ് കൈവിട്ടുപോയത്. 

1992ലെ കലാപകാലത്തെ ബോംബെയെ ഓര്‍ത്തെടുക്കാമോ?

ഒരു കലാപവും ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്. ബോംബെ കലാപം ഉണ്ടാകുന്നത് 92 ഡിസംബറിലും 93 ജനുവരിയിലുമായിട്ടാണ്. അതിന്റെ നിര്‍മാണം അതിനും അഞ്ചുമാസം മുമ്പേ തുടങ്ങിയിരുന്നു. അയോധ്യയില്‍ അമ്പലം പണിയാനുള്ള കര്‍സേവ രണ്ടാമതും പ്രഖ്യാപിച്ചപ്പോള്‍ ബോംബെയില്‍ പണി തുടങ്ങി. ശിവസേനയും ബി.ജെ.പിയും സംഘപരിവാരത്തിലെ മറ്റുചങ്ങാതികളും. കര്‍സേവക്കുള്ള റിക്രൂട്ട്മെന്റും രാമക്ഷേത്രത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പറഞ്ഞാണ് തുടക്കം. രാമപാദുകപൂജകള്‍, ആ വിശുദ്ധ ഫുട്​വെയറും കൊണ്ടുള്ള ഘോഷയാത്രകള്‍, റാലികള്‍, തെരുവുയോഗങ്ങള്‍. അതിലെല്ലാം മുഴക്കിയ സ്ഥിരം മുദ്രാവാക്യങ്ങള്‍ ചിലതുണ്ട്: ‘ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹൈ.' കേട്ടാല്‍ വല്ല കുഴപ്പവുമുണ്ടോ? എങ്കില്‍ ബാക്കി കൂടി കേട്ടുനോക്കൂ- ‘ഹിന്ദുസ്ഥാന്‍ ഹിന്ദുവേശക, നഹി കിസി കെ ബാപ്കാ.' ഇന്ത്യ ഹിന്ദുക്കളുടേതാണ്, മറ്റൊരുത്തന്റേം തന്തേടെ വകയല്ലെന്ന്, ആയതിനാല്‍, ‘ഈസ് ദേശ് മേ രഹാനാ ഹോഗാ, തോ വന്ദേമാത്‌രം ബോല്‍നാ ഹോഗ.'

ബോംബൈ കലാപത്തിനിടെ ഫോട്ടോഗ്രാഫര്‍ സുധാരക് ഓല്‍വെ പകര്‍ത്തിയ ചിത്രം.
ബോംബൈ കലാപത്തിനിടെ ഫോട്ടോഗ്രാഫര്‍ സുധാരക് ഓല്‍വെ പകര്‍ത്തിയ ചിത്രം.

ശിവസേനയുടെ കോര്‍ണര്‍ മീറ്റിംഗുകളില്‍ മുസ്‌ലിം വിരുദ്ധതയായിരുന്നു സ്ഥിരം പംക്തി. നിരന്തരം സിസ്റ്റമാറ്റിക്കായ പ്രകോപനം. അന്ന് സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. സുധാകര്‍ റാവു നായിക് മുഖ്യമന്ത്രി. വര്‍ഗീയതയുടെ പരസ്യമായ ബില്‍ഡപ്പാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഭരണകൂടം അനങ്ങിയിട്ടില്ല, മീഡിയ ഏതോ നാട്ടുനടപ്പു റിപ്പോര്‍ട്ട് ചെയ്യും മാതിരി ദിവസം കഴിച്ചുകൊണ്ടിരുന്നു.

മുസ്‌ലിംകള്‍ കൂടുതലുള്ള പ്രദേശങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലുമാണ് ഈ പ്രകോപന കലാപരിപാടികള്‍ കൂടുതല്‍ ഉഷാറാക്കിയത്. ഉദാഹരണമായി ധാരാവി. ഒക്ടോബറില്‍ അവിടെ ഒരു ലഘുലേഖ പ്രചരിച്ചിരുന്നു, തമിഴില്‍. മുസ്‌ലിംകളുടേത് ഇന്ത്യയെ ആക്രമിച്ചു കൊള്ളയടിക്കാന്‍ വന്നവരുടെ പൈതൃകമാണ്, കൊള്ള കഴിഞ്ഞാല്‍ അവര്‍ മതം പ്രചരിപ്പിക്കും എന്നിങ്ങനെയാണ് ഉള്ളടക്കം. ഏതാനും ദിവസങ്ങള്‍ക്കകം അവിടെ ഒരു പൊതുയോഗം സംഘടിപ്പിക്കുന്നു. ശിവസേനാ നേതാവ് ബാബുറാവു മാനെയും മറ്റും മറ്റും പ്രസംഗിക്കുന്നു. മുസ്‌ലിംകള്‍ വിദേശികളാണ്, അവരുടെ കൈകളാല്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ അരക്ഷിതരായിരിക്കുന്നു എന്നാണ് ഉദ്ബോധനം. വി.എച്ച്.പിയുടെ ഒരു പാദുക ഘോഷയാത്ര പൈധോനിയില്‍ നടക്കുന്നു. ധ്യാനേശ്വര്‍ തൊറാട്ടിന്റെയും ശിവസേനാ ലോക്കല്‍ പ്രമുഖന്റെയും നേതൃത്വത്തില്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗങ്ങളിലൂടെ ഇപ്പറഞ്ഞപോലുള്ള പ്രകോപനങ്ങളൊക്കെ മുഴക്കിയുള്ള ഘോഷയാത്ര. ഒടുവിലൊരു പൊതുയോഗവും. അതില്‍ പ്രഫുല്‍ ദേശായി പ്രസംഗിക്കുന്നു, ഇതൊരു ശോഭായാത്രയല്ല, ജനമനസില്‍ ഒളിഞ്ഞിരിക്കുന്ന രാമനെ പുറത്തെടുക്കാനുള്ള പരിപാടിയാണ്, രാമദ്രോഹികളെ ജീവനോടെ വിടരുത്.  

ഇമ്മാതിരി സ്ഥിരം പംക്തികള്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും നടന്നുകൊണ്ടിരുന്നു. ബോംബെയിലുള്ള ആര്‍ക്കും തര്‍ക്കമില്ല, ജൂലൈ മുതല്‍ ഡിസംബര്‍ വരെ നടന്ന വിഷംതുപ്പലും വിരട്ടലും ബോധപൂര്‍വമായ പ്രകോപന യജ്ഞമായിരുന്നെന്ന്. പത്രമോഫീസുകളില്‍ വിവരങ്ങള്‍ കൃത്യമായെത്തും. മിക്കതും പത്രങ്ങള്‍ വിഴുങ്ങും. ശിവസേനാ മുഖപത്രമായ സാമ്നയും മറ്റു ചില മറാഠിപത്രങ്ങളും ഈ വര്‍ഗീയപ്രഘോഷത്തിന് ചൂട്ടുപിടിച്ചു. ഇംഗ്ലീഷ് പത്രങ്ങള്‍ മാനംനോക്കികളും ഓഹരിക്കമ്പോളത്തിന്റെ ഒത്താശപ്പണിക്കാരുമായി. അല്ലെങ്കില്‍ സെലിബ്രിറ്റി സൊറകള്‍. പൊലീസ് ഒരുപടി കൂടി കടന്ന് ഈ ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ചിഞ്ചിലമടിക്കാരായി. ഇതത്രയും നിഷ്‌കളങ്കമായ മതപരിപാടികള്‍ എന്നായിരുന്നു പൊലീസ് ഭാഷ്യം- റാലികള്‍ക്കൊക്കെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ട്, ഒന്നിലും രാഷ്ട്രീയമില്ല. 

ഇത്തരം പ്രകോപനങ്ങളോടുള്ള മുസ്‌ലിം പ്രതികരണം ഏതുവിധമായിരുന്നു?

വര്‍ഗീയ പ്രഘോഷം മുറുകുന്നു, അതിന് പൊലീസ് പിന്തുണ, ഭരണകൂടം കണ്ണടയ്ക്കുന്നു. മുസ്​ലിംകള്‍ക്ക് ആധി പിടിച്ചു. കേരളത്തിലെപ്പോലെയല്ല, ഭൂരിപക്ഷവും ദരിദ്ര മുസ്​ലിംകളാണ് ബോംബെയില്‍. അവര്‍ക്കിടയില്‍ രണ്ടുമൂന്നു സംഘടനകളിറങ്ങുന്നു. ബോംബെ മുസ്‌ലിം ആക്ഷന്‍ കമ്മിറ്റി, തന്‍സീം അള്ളാഹു അക്ബര്‍, ദളിത്- മുസ്‌ലിം സുരക്ഷാ സംഘ്... അങ്ങനെ ചിലത്. അവര്‍ മുസ് ലിംകള്‍ക്കിടയില്‍ യോഗം കൂടുന്നു. കൗണ്ടര്‍മൂവ് നടത്താനൊന്നും ശേഷിയില്ല. അരക്ഷിതാവസ്ഥ കൂടിവരുമ്പോള്‍ മനുഷ്യന്‍ നടത്തുന്ന ആധിപിടിച്ച രക്ഷാശ്രമങ്ങളാണ്. 

ബാബുറാവു മാനെ ബാല്‍താക്കറെയ്ക്കൊപ്പം
ബാബുറാവു മാനെ ബാല്‍താക്കറെയ്ക്കൊപ്പം

കൗണ്ട്ഡൗണ്‍ കഴിഞ്ഞ് ഡിസംബര്‍ ആറെത്തി. പള്ളി പൊളിക്കുന്നു. ഉച്ചയോടെ വൃത്താന്തം നഗരത്തിലും പരക്കുന്നു. മുസ്‌ലിം പ്രദേശങ്ങളില്‍ ആദ്യം ഒരു സ്തബ്ധതയായിരുന്നു. കാറുംകോളുമുണ്ട്, പെയ്ത് തുടങ്ങിയിട്ടില്ല. വര്‍ഗീയ കലാപത്തിന്റെ ആദ്യ തീപ്പൊരി വീഴുന്നത് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ്- ധാരാവിയില്‍. വീഴ്ത്തിയതോ? ശിവസേനാ നേതാക്കള്‍ ബാബുറാവു മാനെയും രാമകൃഷ്ണ കെനിയും ഇരുനൂറോളം പേരുടെ ഒരു സൈക്കിള്‍ റാലി നടത്തുന്നു. പണി പൊളിച്ചതിന്റെ വിജയാഘോഷം. പൊലീസ് ചുമ്മാ കാഴ്ച കണ്ടുനിന്നു. മുസ്‌ലിം പ്രദേശങ്ങളിലൂടെ ആഹ്ലാദാരവങ്ങളോടെ റോന്തുചുറ്റിയ റാലി ഒടുവില്‍ കാലാ കില്ലയില്‍ അവസാനിക്കുന്നു. അവിടെയൊരു പൊതുയോഗം. അതില്‍ വീരവാദങ്ങളും പതിവുള്ള മുസ്‌ലിം അവഹേളനങ്ങളും.  

തെക്കന്‍ ബോംബെയിലെ മുസ്‌ലിം പ്രദേശമായ ഡോംഗ്രിയില്‍ ഏതാണ്ട് ഇതേ നേരത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ‘ലാല്‍കര്‍ ഖണ്ഡാനന്ദ് കാര്യക്രം' അരങ്ങേറി- വിജയാഹ്ലാദ പ്രകടനമാണ്. നിരോധനാജ്ഞ നിലവിലുള്ള പ്രദേശമാണ്, പൊലീസ് അനങ്ങിക്കൊടുത്തില്ല. പറഞ്ഞ കാരണം ആലോചനാമൃതമായിരുന്നു- അത് നിരോധനാജ്ഞയുടെ പരിധിയില്‍ വരാത്ത ഒരു മതഘോഷയാത്രയായിരുന്നെന്ന്.  
അത്രയുമായതോടെ മുസ്‌ലിംകളും തെരുവിലേക്കിറങ്ങുന്നു. നഗരത്തിന്റെ പല ഭാഗങ്ങളില്‍ അവരുടെ പ്രതിഷേധം പടരുന്നു. ക്ഷോഭമത്രയും പൊലീസിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെയായിരുന്നു. പല പൊലീസ് സ്റ്റേഷനുകള്‍ക്കും വാഹനങ്ങള്‍ക്കും പൊതിരെ കല്ലേറ്. പൊലീസ് അടിച്ചമര്‍ത്താനിറങ്ങി. ഇവിടെവെച്ചാണ് സംഭവങ്ങളുടെ സ്വഭാവമാറ്റം തുടങ്ങുന്നത്. മുസ്‌ലിംകളുടെ പെരുമാറ്റത്തെ അവര്‍ക്കേറ്റ ദീര്‍ഘമായ അവഹേളനങ്ങളുടെയും അധിക്ഷേപത്തിന്റെയും പ്രതികരണമായി കാണാനല്ല പൊലീസ് തുനിഞ്ഞത്, മറ്റെന്തോ വന്‍കുഴപ്പങ്ങള്‍ വരുമെന്ന മട്ടില്‍ അവര്‍ നേരെ തന്നെ വെടിവെപ്പിലേക്ക് കാര്യക്രമം നീക്കി. വന്‍കുഴപ്പം പ്രതീക്ഷിക്കുന്നവരാണെങ്കില്‍, വര്‍ഗീയതയുടെ ബില്‍ഡപ്പ് തടയുമായിരുന്നു, പണി പൊളിച്ച ദിവസത്തെ വിജയപ്രകടനങ്ങളെങ്കിലും തടയുമായിരുന്നു. അതൊന്നുമുണ്ടായില്ലല്ലോ.

ALSO READ

എഴുപതാം പിറന്നാളില്‍ ആനന്ദ് തെല്‍തുംദേ മുംബൈ ജയിലിലാണ്

ഹിന്ദുത്വ വര്‍ഗീയതയെ അടിഞ്ഞാടാന്‍ അനുവദിക്കുകയും പ്രതികരണങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതാണ് പൊലീസ് നയം എന്ന് പകല്‍പോലെ വ്യക്തമായി. അപ്പോള്‍ പൊലീസിന് മതമുണ്ടോ? ഉണ്ട്. ബോംബെ പൊലീസിലെ കോണ്‍സ്റ്റാബുലറിക്ക് യൂണിഫോമിട്ടാലും മതം മുഴച്ചുവരുമെന്ന് ഒരേമാന്റെ തന്നെ മൊഴിയുണ്ട്. ശ്രീകൃഷ്ണ കമീഷന്‍ മുമ്പാകെ അഡീഷണല്‍ കമീഷണര്‍ വി.എന്‍. ദേശ്​മുഖ്​ വക. ബോംബെ പൊലീസിലെ മിഡില്‍ ലോ ലെവല്‍ ഉദ്യോഗസ്ഥരില്‍ 80 ശതമാനവും മുസ്‌ലിംകള്‍ കുഴപ്പക്കാരാണെന്ന ഉറച്ച വിശ്വാസികളാണ്. ഈ വെളിപ്പെടുത്തലിന് അഴകുള്ളൊരു അനുപല്ലവിയുണ്ട്- ആര്‍.ഡി ത്യാഗി. കലാപകാലത്ത് ജോയിന്റ് കമ്മീഷണറായി ‘സ്തുത്യര്‍ഹ സേവ'  നടത്തിയതിന് പിന്നീട് സേനാ- ബി.ജെ.പി ഭരണം വന്നപാടേ സിറ്റി കമീഷണറായി സ്ഥാനക്കയറ്റം കൊടുത്തു. ഒടുവില്‍ റിട്ടയര്‍ ചെയ്യുന്നതിനു തൊട്ടുമുമ്പ് ഈ സൂപ്പര്‍ കോപ് പ്രഖ്യാപിച്ചു. I am a loyal Soldier of Bala Saheb ഇതായിരുന്നു ബോംബെ പൊലീസ്. 

കലാപം രൂക്ഷമാക്കുന്നതില്‍ പൊലീസിന്റെയും ശിവസേനയുടെയും പങ്ക് എത്രത്തോളമാണ്?

രണ്ടു ഘട്ടങ്ങളായാണ് കലാപം നടന്നത്. ആദ്യഘട്ടം ഡിസംബര്‍ ആറ് മുതല്‍ അഞ്ചു ദിവസം. അതില്‍ പ്രധാനമായും മുസ്‌ലിം- പൊലീസ് ഏറ്റുമുട്ടലും പൊലീസ് വെടിവെപ്പുമായാണ് നടന്നത്. മുസ്‌ലിം- ഹിന്ദു ഏറ്റുമുട്ടലുകള്‍ അതിന്റെ ഉപവകുപ്പായിരുന്നു. വെടിവെപ്പിലാണ് കൂടുതല്‍ മരണവുമുണ്ടായത്. ഡിസംബര്‍ ഏഴിനു മാത്രം 63 പേര്‍. മൂന്നുദിവസം കൊണ്ട് നൂറു കടന്നു. പൊലീസ് ചടുലതയുടെ ഒരു സ്പെഷ്യല്‍ എപ്പിസോഡുണ്ട്. ഗോവണ്ടിയിലെ കുപ്രസിദ്ധമായ കോംബിംഗ് ഓപ്പറേഷന്‍. അവിടെ ദേവ്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രത്യേകിച്ചൊരു കുഴപ്പവുമില്ലാതെ ഡിസംബര്‍ ആറ് കടന്നുപോയി. പിറ്റേന്നും കുഴപ്പമില്ല. പൊടുന്നനെ പൊലീസ് സംഘങ്ങള്‍ കോളനികളില്‍ വീടുവീടാന്തരം കയറിയിറങ്ങുന്നു. മുസ്‌ലിം ചെറുപ്പക്കാരെ പേരുതിരക്കി കണ്ടെത്തി അറസ്റ്റു ചെയ്യുന്നു. ചോദ്യമുന്നയിച്ചാലുടന്‍ പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിക്കുന്നു.

ശിവസേനയുടെ ലോക്കല്‍ ശാഖയുമായി ചേര്‍ന്നുള്ള കലാപരിപാടിയാണിതെന്ന് പില്‍ക്കാലത്താണ് വ്യക്തമാകുന്നത്. ഗുട്ടന്‍സ് ഇത്രേയുള്ളൂ- ശാഖാ പ്രമുഖ് ദിന്‍കര്‍ സകാര്‍ക്കറുടെ സന്താനം അരുണ്‍ സകാര്‍ക്കറാണ് ദേവനാര്‍ സ്റ്റേഷനിലെ എസ്.ഐ. അയാളും കീഴ്പൊലീസുകാരും കൂടി നടത്തിയ ക്ലീനപ്പാണ് നമ്മള്‍ കണ്ടത്. നിരവധിപേരെ കൊന്നൊടുക്കിയ ഈ സംഭവം പുറത്തായപ്പോള്‍, സാമ്ന പത്രം സ്പെഷ്യല്‍ കാമ്പയിന്‍ തന്നെ നടത്തി, ദേവ്നാര്‍ പൊലീസിന്റെ മനോവീര്യം സംരക്ഷിക്കണമെന്നു പറഞ്ഞ്. ലോട്ടസ് കോളനി ബൈംഗന്‍വാഡി, ചിക്കല്‍വാഡി എന്നിവിടങ്ങളിലെ മനുഷ്യര്‍ക്ക് ടി വീര്യത്തിന് പാങ്ങില്ലായിരുന്നു; ദേഹത്ത് ജീവനുണ്ടായിട്ടുവേണ്ടേ? 

ഡിസംബര്‍ 12 ഓടെ കലാപത്തിന്റെ ആദ്യ ഗഡു ഒരുവിധം നിലച്ചു. മേജര്‍സെറ്റ് ലീലകള്‍. കലാപം കര്‍ട്ടനിട്ടെന്ന മട്ടില്‍ പൊലീസും പത്രങ്ങളും പ്രചരിപ്പിച്ചു. പക്ഷെ ഒരു കൊടുങ്കാറ്റിനുള്ള തയ്യാറെടുപ്പിലായിരുന്നു തല്‍പ്പരകക്ഷികള്‍. അതിന്റെ ചെറു സൂചനകള്‍ പലതുണ്ടായി. ഡിസംബര്‍ മൂന്നാംവാരം ഗോരെഗാവില്‍ രണ്ടു മുസ്‌ലിംകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് കത്തിക്കുന്നു, ഒരാള്‍ മരിക്കുന്നു, രണ്ടുമൂന്ന് ദിവസം കഴിയുമ്പോള്‍ ഡോംഗ്രിയില്‍ ഒരു മറാത്തി തൊഴിലാളിയെ ആരോ കുത്തിക്കൊല്ലുന്നു. അത് മുസ്‌ലിംകളാണെന്ന് വ്യാപക പ്രചാരണം. അതു ശരിയല്ലെന്ന് പിന്നീട് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതേസമയം പലേടത്തും പുതിയൊരിനം കുത്തുകേസ് അവതരിക്കുന്നു. വെറുതെ നില്‍ക്കുന്ന മനുഷ്യരെ മിന്നല്‍പോലെ വന്ന് കത്തിക്ക് പോറിയിട്ട് മുങ്ങുക. വയറ്റില്‍ പോറലേറ്റവര്‍ വീണുമരിക്കുന്നു. പ്രൊഫഷണല്‍ കില്ലര്‍മാര്‍ക്കുമാത്രം സാധിക്കുന്ന വിദ്യ. അത് ഏറ്റുവാങ്ങി മരിച്ചതില്‍ കൂടുതലും ഹിന്ദുക്കള്‍. ഈ പ്രഫഷണല്‍ വിദ്യ അരങ്ങേറുന്നത് ഒരു പ്രത്യേക പശ്ചാത്തലത്തിലാണ്. ഡിസംബര്‍ 26ന് ബി.ജെ.പി- ശിവസേന സഖ്യം ഒരു പുതിയ ഐറ്റം നമ്പര്‍ രംഗത്തിറക്കുന്നു- മഹാ ആരതി. നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന തെരുവിലെ ആരതി. അവിടെ പ്രകോപനപരമായ പ്രസംഗങ്ങളുണ്ടാവും. ആരതി കഴിഞ്ഞു പിരിഞ്ഞുപോകുന്നവര്‍ പോകുന്നവഴിയുള്ള മുസ്‌ലിം സ്ഥാപനങ്ങള്‍ കൊള്ളയടിക്കും. ഈ പുതിയ ഐറ്റം ആവിഷ്‌കരിക്കാന്‍ പറഞ്ഞ ന്യായം, മുസ്‌ലിംകള്‍ തെരുവില്‍ വെള്ളിയാഴ്ച നമസ്‌കാരം നടത്തുന്നതുകൊണ്ട് ട്രാഫിക് ജാമുണ്ടാവുന്നു. അത് നിര്‍ത്താന്‍ വകുപ്പില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് മഹാ ആരതിക്കും അവകാശമുണ്ട്. പതിവുപോലെ ഭരണകൂടം മൗനം പാലിച്ചു. ഓര്‍ക്കണം, കര്‍ഫ്യൂ നിലനില്‍ക്കുന്നിടത്താണ് ഈ ആരതിയും കൊള്ളയടിയും.  

മഹാ ആരതി ഒരു തന്ത്രമായിരുന്നു. മങ്ങിപ്പോയ കലാപാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍. അതിന്റെ ടെമ്പോ കൂട്ടിവന്നു. ജനുവരി ഒന്നിന് താക്കറെ അവതരിക്കുന്നു സാമ്ന പത്രത്തില്‍: ‘ഹിന്ദുന്നി ആക്രാമക് വ്യയാല ഹാവെ' എന്നുവെച്ചാല്‍, ഹിന്ദുക്കള്‍ ആക്രമണം തുടങ്ങിയേ തീരൂ. അക്രമത്തിനുള്ള തുറന്ന ആഹ്വാനം. കേട്ടഭാവം വെച്ചില്ല ഭരണകൂടം. അനുസരണയുള്ള അണികള്‍ ഭംഗിയായി കേട്ടു. പിറ്റേന്നുതന്നെ താര്‍ദേവില്‍ മുസ്‌ലിം കുടിലുകള്‍ക്കു തീയിടുന്നു. ധാരാവിയില്‍ ഇരുമ്പുവടി കൊണ്ടുള്ള ആക്രമണ പരമ്പര. ഇതൊരു തുടക്കം മാത്രമായിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന അഖണ്ഡയജ്ഞം. ആദ്യത്തേതില്‍ നിന്ന്​വ്യത്യസ്തമായി ഇതില്‍ കണിശതയുള്ള ആസൂത്രണം പ്രകടമായിരുന്നു. മിക്കവാറും പ്രദേശങ്ങളില്‍ ശിവസേന ശാഖയായിരുന്നു ആസൂത്രണ കേന്ദ്രം. ഓരോ ശാഖയിലും 200 പേരെങ്കിലും അംഗങ്ങളായുണ്ട്. അവരില്‍ ഒരു കൂട്ടര്‍ വോട്ടര്‍പട്ടികയും പ്രാദേശിക സ്ഥാപന ലിസ്റ്റും നോക്കി ആക്രമിക്കേണ്ടവരുടെ വിലാസം തയ്യാറാക്കും. ഒരു സംഘം പോയി ആ വിലാസങ്ങളില്‍ അടയാളം വയ്ക്കും. മറ്റൊരു സംഘം പിന്നീട് അവിടെ വന്ന് കൃത്യം നിര്‍വഹിച്ചു മടങ്ങും. 220 ശാഖകളാണ് നഗരത്തില്‍ ശിവസേനയ്ക്കുള്ളത്. ഈ കൃത്യനിര്‍വഹണത്തിന് വേണ്ട ബുദ്ധിയും ദേശവും സാങ്കേതികസഹായങ്ങളും നല്‍കാന്‍ നേതൃത്വവുമുണ്ട്. പണവും റെഡി. ധനസമാഹരണം മിക്കപ്പോഴും ഈസിയായിരുന്നു- കൊള്ളയടിക്കും.  

അണികള്‍ ഈ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കെ നേതൃത്വം അതിനുവേണ്ട താത്വിക പരിച അവതരിപ്പിച്ചു- ഹിന്ദു റിറ്റാലിയേഷന്‍ തിയറി. എക്കാലവും ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളില്‍ അവതരിപ്പിക്കപ്പെടാറുള്ള സ്ഥിരം ന്യായമാണിത്. ‘ആദ്യം എറിഞ്ഞത് മറ്റവരാണ്' സ്വാഭാവികമായും തിരിച്ചെറിയാനുള്ള അവകാശമുണ്ടല്ലോ. ഈ തിരിച്ചടി സിദ്ധാന്തം എന്നുമുള്ള മറക്കുടയാണ്. അഞ്ചുമാസമായി നടത്തിയ സിസ്റ്റമാറ്റഇക് വര്‍ഗീയ ബില്‍ഡപ്പും പ്രകോപനവും. മാത്രമല്ല, പള്ളിപൊളിക്കുകയും ഒരു മതവിഭാഗത്തെ അപ്പാടെ രണ്ടാംകിട പൗരന്മാരായി അവഹേളിക്കുകയും ചെയ്യുന്ന സംഘടിത ക്രിമിനാലിറ്റി ഭംഗിയായി മറച്ചുവയ്ക്കുന്ന തന്ത്രം. താക്കറെ ആ ന്യായവുമായി ആദ്യമിറങ്ങി. ബി.ജെ.പി നേതാക്കള്‍ പിന്നാലെ. 

തിരിച്ചടിമാത്രമാണ് നടക്കുന്നതെന്ന് സമര്‍ത്ഥിക്കാന്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയത് രണ്ടു സംഭവങ്ങളാണ്. വിജയ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ നാലു ഇത്താഡി തൊഴിലാളികള്‍ കൊല്ലപ്പെട്ടതും ജോഗേഗ്വറിയില്‍ ഒരു ഹിന്ദു കുടംബത്തെ അവരുടെ കുടിലിലിട്ട് കത്തിച്ചതും. ഇതുരണ്ടും നേരുമാണ്. പ്രശ്നം, നൂറുകണക്കിന് സമാന ക്രൂരതകള്‍ സ്വയം നടത്തിയ്ക്കൊണ്ടിരുന്നവരാണ് അതെല്ലാം മൂടിക്കൊണ്ട് ഒന്നുരണ്ട് സംഭവങ്ങളെ ഉയര്‍ത്തിപ്പറയുന്നത്. മറുപക്ഷത്തിന് ഇതുപോലെ നേത്വത്വമില്ല, പൊതുവേദിയില്‍ വോയ്സില്ല. അതുകൊണ്ട് താക്കറെയും സംഘവും ഉയര്‍ത്തിപ്പറയുന്നതിനാണ് സദാ മൈലേജ് കിട്ടുക. അതാണ് ചരിത്രവസ്തുതയായി പത്രങ്ങള്‍ എഴുന്നള്ളിക്കുക. റിറ്റാലിയേഷന്‍ തിയറിയും അതിന്റെ ന്യായീകരണത്തിന് കൊണ്ടുവന്ന സെലക്ടീവ് സംഭവങ്ങളും അങ്ങനെ കസേരയുറപ്പിച്ചു: തുടര്‍ന്നുള്ള സകല ചര്‍ച്ചകളിലും ഇതായി മുഖ്യ നറേറ്റീവ്. 

ഇതിനിടെ പ്രധാനമായി റാവു ഒന്നു ടൂറടിച്ച് കടന്നുപോയി. പ്രതിരോധമന്ത്രി പവാറിന്റെ സ്വന്തം തട്ടകമാണ്, സ്വന്തം പാര്‍ട്ടിയാണ് ഭരണത്തില്‍. ഉടനേ പട്ടാളത്തെ അയച്ചുകൊടുക്കുന്നു. അന്യസംസ്ഥാനക്കാരായ ജവാന്മാര്‍ക്കറിയുമോ ബോംബെയുടെ ഗല്ലികളും ഊടുവഴികളും? കറതീര്‍ന്ന മറാഠികളല്ലേ കോണ്‍സ്റ്റാബുലറി? അവര്‍ മിണ്ടിക്കൊടുക്കില്ല. പട്ടാളത്തെ ചില്ലറ ഫ്ളാഗ് മാര്‍ച്ചിനാകും പൊലീസ് മേധാവികള്‍ ക്ഷണിക്കുക. അതും നിവൃത്തിയില്ലാതെ വരുമ്പോള്‍ മാത്രം. പട്ടാളം കവാത്തുനടത്തിപ്പോകും, പിന്നാലെ കലാപകാരികള്‍ അവരുടെ കസര്‍ത്തുനടത്തും. മാഹിമില്‍ ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന പട്ടാളസംഘത്തെ ശിവസൈനികര്‍ കൂളായി കല്ലെറിഞ്ഞു. എന്തിനധികം, സ്ഥലം എം.പി കൂടിയായ സേനാനേതാവ് മധുകര്‍ സര്‍പൊദ്ദാറിനെ ഒരു ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റു ചെയ്തു പൊലീസിനു കൈമാറി- ആയുധവുമായി ആളെക്കൊല്ലാനിറങ്ങിയതിന്, എന്നിട്ടോ? രാത്രി തന്നെ പൊലീസ് കമീഷണര്‍ നേരിട്ടെത്തി ഇറക്കിക്കൊണ്ടുപോയി. ഇത്ര കണ്ട് പച്ചക്കായിരുന്നു കലാപക്കാരും പൊലീസും തമ്മിലുള്ള ഐക്യമുന്നണി. 

ഇത്ര നീചമായ ആക്രമണം പൊലീസിന്റെയും വര്‍ഗീയ ശക്തികളുടെയും ഒത്താശയിലും ഭരണകൂടത്തിന്റെ ക്രൂരമായ നിസ്സംഗതയിലും അരങ്ങേറിയിട്ടും അതിനെതിരെ മാധ്യമങ്ങളടക്കം ഒരുതരത്തിലുമുള്ള പ്രതിരോധശബ്ദങ്ങളും ഉണ്ടാകാതിരുന്നത് സമകാലിക കലാപങ്ങളുടെ കൂടി അനുഭവം വെച്ചുനോക്കുമ്പോള്‍ അത്ര അമ്പരപ്പിക്കുന്ന ഒന്നല്ല.

ജനുവരി അവസാനം വരെ ബോംബെ കത്തിക്കൊണ്ടിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഒന്നണഞ്ഞു തുടങ്ങുന്നത്. അപ്പോഴേക്കും ആവശ്യത്തിനുള്ള അടി കൊടുത്തുകഴിഞ്ഞു എന്ന് ഹിന്ദുത്വ നേതാക്കള്‍ തന്നെ പറഞ്ഞുതുടങ്ങിയിരുന്നു. ഭരണകൂടം വൈകാതെ അനന്തര കര്‍മത്തിലേയ്ക്കു പ്രവേശിച്ചു- കണക്കെടുപ്പ്. 973 മരണം, ഡാഷ് പരിക്ക്, ഡാഷ് ഡാഷ് നഷ്ടം ഇത്യാദി. പരേതരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം... കരുണാമയനായ ജനായത്ത ഭരണകൂടം. മീഡിയയില്‍ നിലയം വിദ്വാന്മാര്‍ നിരന്നു- പതിവു ധാര്‍മിക രോഷം, കണക്കും അതിബുദ്ധിയും വച്ചുള്ള കണ്ഠക്ഷോഭം, പൊലീസിനും സര്‍ക്കാറിനും മുഖമടച്ചുള്ള വിമര്‍ശനം, പരേതാത്മാക്കള്‍ക്ക് RIP. ശേഷം, അടുത്ത പ്രോഗ്രാം. യഥാര്‍ത്ഥ പുള്ളികള്‍ പതിവുപോലെ റഡാറിനു പുറത്ത്. സുരക്ഷിതം, സുരഭിലം. 
ഈ ഫാഷിസ്റ്റ് വെറി ഇത്ര എളുപ്പമാക്കിയത് ബോംബെയില്‍ നട്ടെല്ലുള്ള ഒരു സെക്കുലര്‍ കൗണ്ടര്‍ ഫോഴ്സില്ലെന്ന ദാരുണ യാഥാര്‍ത്ഥ്യമാണ്. മീഡിയ ഉള്‍പ്പെടെ വരേണ്യരുടെയും സെലിബ്രിറ്റികളുടെയും ക്ലബ്ബിലാണ്. ദാരിദ്ര്യത്തേപ്പറ്റി അമിതാഭ് ബച്ചന്റെ ധൈഷണിക പ്രഭാഷണം, സ്ത്രീശാക്തീകരണത്തിന് ബച്ചി കര്‍ക്കേരിയയുടെ ഡയലെക്ടിക്കല്‍ ഡിസ്‌കോഴ്സ്... ഈ പതിവിനിടെ ആരും നട്ടെല്ലു തപ്പാറില്ല. ആ ഉരുപ്പടിയുള്ള ഒരു കൗണ്ടര്‍ഫോഴ്സ് ഒടുവിലായി കണ്ടത് എണ്‍പതുകളിലെ മില്‍സമരത്തിലാണ്. അന്ന് പൊതുയോഗത്തിനു ചെന്ന താക്കറെയെ കൂവിത്തുരത്തിയ ചരിത്രമുണ്ട്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും ഡീ- ഇന്‍ഡസ്ട്രിയലൈസേഷനും ചേര്‍ന്ന് സംഘടിത തൊഴില്‍ മേഖല ഇല്ലാതാക്കി.

അന്ന് തൊഴിലുപോയ മറാഠികളുടെ മക്കളും പേരക്കുട്ടിയും ധാരാളമായി ശിവസേനക്കാരായി. അവര്‍ക്ക് താക്കറെ ഒരു വരുമാനമുണ്ടാക്കിക്കൊടുത്തു- സര്‍ക്കാര്‍ പുറമ്പോക്കുകള്‍ കയ്യേറി വടാപാവ് കച്ചോടം. മണ്ണിന്റെ മക്കള്‍ക്ക് അതിന്​ ജന്മാവകാശമുണ്ടെന്ന് പ്രചരിപ്പിച്ചു. മണ്‍മറഞ്ഞ ഓരോ മതാഘോഷവും സേന പുനരുജ്ജീവിപ്പിച്ചു. ഈ ആഘോഷങ്ങളുടെ സംഘാടനം അവരുടെ കുത്തകാവകാശമാക്കി. കാലാകാലം ഓരോരോ ശത്രുവിനെ കണ്ടെത്തും, ആക്രമിക്കും. ആ ക്വട്ടേഷന്‍ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ നഗരത്തില്‍ ആരുമില്ലെന്നുറപ്പുവരുത്തി. ഈ പോക്കിന് ആകെപ്പാടെ കിട്ടിയ അടി രണ്ടെണ്ണമാണ്. ഒന്ന് 1975 ലെ അടിയന്തരാവസ്ഥ. ഉടനെ ഇന്ദിരക്ക് ജയ് വിളിച്ച് തടി കാത്തു, താക്കറെ, പിന്നീട് 1993 മാര്‍ച്ചിലെ ബോംബെ സ്ഫോടന പരമ്പര. ശിവസേനയുടെ ഹെഡാഫീസായ ദാദറിലെ സേന ഭവന് നേരെ മുന്നിലാണ് പരമ്പരയിലെ ഒരു സ്ഫോടനം. താക്കറെ ഉടനടെ വാലു ചുരുട്ടി, കോംപ്രമൈസിന് പരസ്യമായിറങ്ങി. ഈ ഘട്ടങ്ങളിലും നഗരത്തിലെ സോകോള്‍ഡ് സിവില്‍ സൊസൈറ്റി സ്വന്തമായൊരു നട്ടല്ലു കണ്ടെത്താന്‍ തുനിഞ്ഞില്ല. അതൊക്കെ മെനക്കേടല്ലേ. കാര്യങ്ങള്‍ സാധിച്ചുതരുന്ന മാടമ്പിയുടെ ആശ്രിതരായിയിരിക്കുന്നതിലാണു സഖ്യം. 

ചുരുക്കത്തില്‍, കലാപം ഒരു ഹൊറര്‍പടം പോലെയങ്ങു കഴിഞ്ഞു. പടം തീര്‍ന്നെന്നു വച്ച് വല്ലതും മാറാറുണ്ടോ. കലാപമുണ്ടാക്കിയ കാരണങ്ങള്‍ അതേപടി നിലനില്‍ക്കുന്നു. ഒരുപക്ഷേ കൂടുതല്‍ ഷാര്‍പ്പായി. ഒരു മെജോറിറ്റേറിയന്‍ സ്റ്റേറ്റിന്റെ ഛായ വന്നുകഴിഞ്ഞില്ലേ, രാജ്യത്തിനു തന്നെ. ഛായയേ വന്നിട്ടുള്ളൂ പിടിപ്പതു പണി ബാക്കിയുണ്ട്. കലാപം അവസാനിക്കുന്നില്ല.

  • Tags
  • #Interview
  • #Truecopy Webzine
  • #K. Kannan
  • #Viju V Nair
  • #Bombay Riot
  • #Uddhav Thackeray
  • #Bal Thackeray
  • #Shiv Sena
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Condom

Philosophy of Condom

അനിത തമ്പി

ആണുറകളെപ്പറ്റി

Jun 29, 2022

15 Minutes Read

 Maythil.jpg (

Truecopy Webzine

Truecopy Webzine

ചില മേതിൽ അനുഭവങ്ങൾ

Jun 26, 2022

1 Minute Reading

army

Governance

Truecopy Webzine

തൊഴില്‍രഹിത യുവാക്കള്‍ക്കുമുന്നിലെ ഭരണകൂട അജണ്ട

Jun 25, 2022

2 minutes read

Hareesh Peradi

Opinion

കെ.കണ്ണന്‍

പു.ക.സക്ക്​ എന്തിനാണ്​ ഒരു മുഖ്യമന്ത്രി?

Jun 18, 2022

6 Minutes Read

kalanathan

Truecopy Webzine

Truecopy Webzine

സി.പി.എം, യുക്തിവാദം, യു. കലാനാഥന്‍

Jun 18, 2022

1 minute read

Alice Mahamudra

Interview

ഷഫീഖ് താമരശ്ശേരി

ഒരു റേപ്പിസ്റ്റും അയാളുടെ ബന്ധുക്കളും പൊലീസും എന്നോട് ചെയ്തത്

Jun 15, 2022

37 Minutes Watch

 11x.jpg

Interview

മനില സി.മോഹൻ

സെക്‌സിന്റെയും സദാചാരത്തിന്റെയും ബാധ്യത ലൈംഗിക തൊഴിലാളികളുടെ തലയില്‍ വെക്കരുത്

Jun 13, 2022

60 Minutes Watch

cov

GENDER AND NEW FASHION

Truecopy Webzine

Gen Z  Fashion ഫാഷന്‍ കൊണ്ട് സ്വാതന്ത്ര്യം  പ്രഖ്യാപിക്കുന്ന പുതുതലമുറ

Jun 12, 2022

4 Minutes Read

Next Article

വിദ്യാര്‍ഥികളുടെ കാലിലേക്കാണ് അധ്യാപകര്‍ ഇപ്പോഴും നോക്കിയിരിക്കുന്നത്, അതാണ്​ എന്റെ അനുഭവം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster