അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം- 2021 ൽ ബെന്യാമിൻ വായിച്ച മികച്ച പുസ്തകം

മലയാളസാഹിത്യത്തിന് മുതൽക്കൂട്ടാവുന്ന നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട വർഷമാണ് 2021. കെ. സി നാരായണന്റെ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ, പി. എഫ്. മാത്യൂസിന്റെ കടലിന്റെ മണം, ബോബി തോമസിന്റെ ശ്രമണ ബുദ്ധൻ, ടി.ഡി. രാമകൃഷ്ണന്റെ പച്ച മഞ്ഞ ചുവപ്പ്, കെ.ആർ. മീരയുടെ ഘാതകൻ, സോണിയ റഫീകിന്റെ പെൺകുട്ടികളുടെ വീട്, രവിവർമ്മ തമ്പുരാന്റെ മുടിപ്പേച്ച്, ഡോ. കെ രാജശേഖരൻ നായരുടെ ഞാൻ എന്ന ഭാവം, പി. രാമന്റെ ഇരട്ട വാലൻ, ഇ. സന്തോഷ് കുമാറിന്റെ ജ്ഞാനഭാരം, പി. സനൽ മോഹന്റെ കീഴാളപക്ഷ ചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും റമീസ് മുഹമ്മദിന്റെ സുൽത്താൻ വാരിയം കുന്നൻ, ഉംബെർത്തോ എക്കോയുടെ റോസാപ്പൂവിന്റെ പേര്, കസാൻദ് സാക്കിസിന്റെ വീണ്ടും ക്രൂശിലേറ്റപ്പെട്ട ക്രിസ്തു, ജോസി ജോസഫിന്റെ കഴുകന്മാരുടെ വിരുന്ന്, ദാമോദർ മൗജോയുടേ കാർമെലിൻ തുടങ്ങിയ കൃതികളുടെ പരിഭാഷ എന്നിങ്ങനെ ഒരു വലിയ നിര പുസ്തകങ്ങളുടെ പേര് എടുത്തു പറയേണ്ടതായിട്ടുണ്ട്. എങ്കിലും ഇവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നതും ഈ വർഷത്തിന്റെ സംഭാവനയായി അടയാളപ്പെടുത്തേണ്ടതുമായ പുസ്തകം വിനിൽ പോളിന്റെ അടിമ കേരളത്തിന്റെ അദൃശ്യചരിത്രം തന്നെയാണ്.

കേരളത്തിന്റെ ഇന്നോളമുള്ള ചരിത്രരചനയിൽ എവിടെയും കേരളത്തിൽ, ആഗോള അടിമ വ്യവസ്ഥിതിയുമായി കണ്ണിചേർക്കാവുന്ന തരത്തിൽ, ഒരു അടിമ വ്യവസ്ഥ നിലനിന്നിരുന്നതായി സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. എന്നുമാത്രമല്ല ഇവിടെ അങ്ങനെ ഒന്ന് ഉണ്ടായിരുന്നേ ഇല്ല എന്നും ഇവിടെ നിലനിന്നിരുന്നത് വെറും കർഷക കുടിയാൻ വ്യവസ്ഥിതി മാത്രമായിരുന്നു എന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നമുക്ക് കാണാൻ കഴിയും. എന്നാൽ അടിമത്തം എന്ന പദം ഉപയോഗിച്ചു തന്നെ കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക ചരിത്രം രചിക്കാനാവും എന്ന് പോർച്ചുഗീസ് - ഡച്ച് കാലത്തെ അടിമക്കച്ചവട രേഖകളും ബ്രിട്ടീഷുകാരുടെ അഞ്ചരക്കണ്ടി തോട്ടത്തിലെ തൊഴിലാളികളുടെ ചരിത്രവും ചേർത്തുവച്ച് സ്ഥാപിക്കാനാണ് ഈ പുസ്തകത്തിലൂടെ വിനിൽ പോൾ ശ്രമിക്കുന്നത്. സംഘപരിവാർ ആശയങ്ങളുടെ പ്രധാന ആരോപണങ്ങളിൽ ഒന്ന് കേരളത്തിലെ അടിമത്തം യൂറോപ്യൻ പദ്ധതിയുടെ ഭാഗമായിരുന്നു എന്ന്, എന്നാൽ അത് അങ്ങനെ ആയിരുന്നില്ല എന്നും അധിനിവേശകാലത്ത് രൂപം കൊണ്ട അടിമക്കച്ചവട സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തവും പഴക്കവും ഉള്ളതായിരുന്നു കേരളത്തിലെ അടിമക്കച്ചവടം എന്ന് ഈ പുസ്തകം തെളിയിക്കുന്നു. എന്നുമാത്രമല്ല കേരളത്തിൽ നിന്നും കേൾക്കുന്ന അടിമ അനുഭവങ്ങൾ കേവലം ഒറ്റപ്പെട്ട പ്രാദേശികാനുഭവങ്ങളായി തള്ളിക്കളയാനോ കോളോണിയൽ എത്തനോഗ്രാഫിയുടെ തെറ്റായ രേഖപ്പെടുത്തലായി കണക്കാക്കാനോ സാധിക്കുകയില്ല എന്നും വിനിൽ പോൾ പറയുന്നു. അത് വെറുതെ പറഞ്ഞ് പോവുകയല്ല കൃത്യമായ ചരിത്ര രേഖങ്ങളുടെ പിൻബലത്തിൽ, ഇനിയാർക്കും പഴയ വാദങ്ങളിലേക്ക് പിൻ നടത്തം നടത്താൻ കഴിയാത്ത വിധം, ഈ ചരിത്രയാഥാർത്ഥ്യത്തെ സ്ഥാപിച്ചെടുക്കാനും വിനിൽ പോളിനു കഴിഞ്ഞിട്ടുണ്ട്.

പുസ്തകത്തിലെ അടിമ കേരളം എന്ന ആദ്യഭാഗത്തിൽ കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയ മനുഷ്യരുടെ ചരിത്രങ്ങൾ കൊളോണിയൽ രേഖകളിൽ നിന്ന് കണ്ടെത്തി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. 1809 - ൽ കേണൽ കോളിൻസ് അയച്ച ഒരു കത്തിൽ പറയുന്ന കേപ് ടൗണിൽ നിന്നും ഒളിച്ചോടിപ്പോയ മലബാറുകാരൻ ഡെയ്മൻ എന്ന അടിമയുടെ കഥ, മൗറേഷ്യസിലെ മലബാർ ടൗൺ, കൊച്ചി എന്ന ഡച്ചുകാരുടെ അടിമ സങ്കേതം, ഫിലാണ്ടർ എന്ന ചോഗൻ അടിമ, ബ്രിട്ടനിൽ എത്തപ്പെട്ട റിപ്പൺ എന്ന ആലപ്പുഴക്കാരൻ അടിമയുടെ ജീവിതം, 1811 ൽ മലബാർ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന ഒരു വിചാരണയുടെ രേഖകൾ, അഞ്ചരക്കണ്ടി തോട്ടത്തിൽ നടന്നിരുന്ന വ്യാപകമായ അടിമ വ്യാപരം, എന്നിവ ഒക്കെ ഉദ്ധരിച്ചുകൊണ്ടാണ് വിനിൽ പോൾ തന്റെ വാദങ്ങൾ സുദൃഡമായി സ്ഥാപിച്ചെടുക്കുന്നത്. തുടർന്ന് കേരളത്തിലെ അടിമകൾ നേരിട്ട ക്രൂരതകൾ, അടിമ ക്രിസ്താനികളുടെ ചരിത്രം, ചില വിചാരണ തെളിവുകൾ എന്നിവ കൂടി ഈ ആദ്യഭാഗത്ത് അവതരിപ്പിക്കുന്നു.

വിനിൽ പോൾ

രണ്ടാം ഭാഗം മിഷണറി പ്രസ്ഥാനത്തെക്കുറിച്ചാണ്. കേരളത്തിലെ ദളിത് ക്രൈസ്തവരുടെ ചരിത്രവും രാഷ്ട്രീയവും, മിഷണറി പുരാശേഖരത്തിലെ മലയരയർ, നായാടി ക്രിസ്ത്യാനികളും ബാസൽ മിഷനും, ബൈബിളിലെ കീഴാള വ്യാഖ്യാനങ്ങളും കറുത്ത പ്രവാചകന്മാരും, മിഷണറി പ്രസ്ഥാനവും റോഡുകളുടെ സാമൂഹിക ചരിത്രവും, തിരുവിതാംകൂറിലെ ഉണർവ്വ് ചരിത്രം, ബ്രിട്ടീഷ മലബാറിലെ അടിമ ക്രിസ്താനികളും ബാസൽ മിഷൻ പ്രസ്ഥാനവും എന്നിവയാണ് ഈ ഭാഗത്തെ ലേഖനങ്ങൾ. ലക്ഷ്യം മറ്റൊന്നായിരുന്നു എങ്കിലും മിഷണറിമാരുടെ ദിനസരിക്കുറിപ്പുകൾ പലപ്പോഴും അടിമ കേരളത്തിന്റെ ചരിത്രം വെളിച്ചത്തു കൊണ്ടുവരാൻ സഹായകമായിട്ടുണ്ട്. അത് വെളിപ്പെടുത്തുന്നത് കേരളത്തിലെ സുറിയാനി പള്ളികളിൽ പലതിലും ഞായറാഴ്ച കുർബ്ബാനയ്ക്ക് ശേഷം അടിമ ലേലങ്ങൾ നടന്നിരുന്നു എന്നും ചിലതാവട്ടെ ആഴ്ചയിൽ ആറും ദിവസവും അടിമകളെ പാർപ്പിക്കുന്ന ഇടവും ഏഴാം ദിവസം ദിവ്യബലി അർപ്പിക്കുന്ന ഇടവുമായി മാറിമറിഞ്ഞിരുന്നു എന്നുമാണ്. എന്നുമാത്രമല്ല കേരളത്തിലെ ദളിതർ ക്രിസ്തുമതം സ്വീകരിച്ചത് ഭൗതീകമായ ഉന്നതിക്ക് വേണ്ടിയാണെന്ന് പഴയമുള്ള ആരോപണത്തെ വിനിൽ ഈ പുസ്തകത്തിൽ ശക്തമായി ഖണ്ഡിക്കുന്നുമുണ്ട്. കേരളത്തിലെ റോഡുകൾ എങ്ങനെയാണ് ജാതിവ്യവസ്ഥിതിയെ സംരക്ഷിച്ചിരുന്ന ഒരു ഹൈന്ദവ സംവിധാനം ആയിരുന്നത് എന്നും കീഴള മനുഷ്യർ ഈ റോഡുകളിൽ നിന്ന് എക്കാലത്തും ആട്ടിയോടിക്കപ്പെട്ടിരുന്നു എന്നും രേഖകൾ സാക്ഷ്യപ്പെടുത്തി വിനിൽ പോൾ പറയുന്നുണ്ട്.

കേരളത്തിന്റെ ചരിത്ര രചനയിൽ പലവിധമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ഇനിയും വെളിച്ചം കാണാത്ത അനേകം ഇടങ്ങൾ അതിൽ ഒളിച്ചു കിടക്കുന്നുണ്ടെന്നും തെളിയിക്കുന്നതാണ് വിനിൽ പോളിന്റെ ഈ പുസ്തകം. പഴയ ചരിത്രകാരന്മാരിൽ നിന്ന് വ്യത്യസ്തരായി വിവിധ യൂറോപ്യൻ ഭാഷകളിലും ശേഖരത്തിമുള്ള ചരിത്രരേഖകൾ കണ്ടെടുത്ത് നമ്മുടെ ഭൂതകാലത്തിലേക്ക് ശരിയായ വെളിച്ചം തെളിക്കുവാൻ പ്രാപ്തരായ ഒരുപിടി മികച്ച യുവാക്കളായ ചരിത്രപഠിതാക്കൾ നമുക്കുണ്ടായി വരുന്നുണ്ട് എന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. മനു എസ് പിള്ളയും മുഹമ്മദ് കൂരിയയും പി സനൽ മോഹനും റമീസ് മുഹമ്മദും അടങ്ങുന്ന ആ മികച്ച നിരയിലെ ഒരു നല്ല വാഗ്ദാനമാണ് വിനിൽ പോൾ എന്ന് ഈ പുസ്തകം അടിവരയിട്ട് തെളിയിക്കുന്നു.


ബെന്യാമിൻ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അക്കപ്പോരിന്റെ 20 നസ്രാണിവർഷങ്ങൾ, ആടുജീവിതം, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശ്ശബ്​ദസഞ്ചാരങ്ങൾ എന്നിവ പ്രധാന നോവലുകൾ.

Comments