2021-ൽ രാഹുൽ രാധാകൃഷ്ണൻ വായിച്ച മികച്ച പുസ്തകം- The Greatest Tamil Stories Ever Told

ഭാഷകളുടെ അതിരുകൾ നിയന്ത്രിക്കാത്ത നാനാത്വത്താലാണ് ഇന്ത്യയിലെ സാഹിത്യം വേറിട്ട അനുഭവമാവുന്നത്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും വൈവിധ്യമാണ് ഇന്ത്യൻ സാഹിത്യചരിത്രത്തിനു വിശേഷമാനം കല്പിച്ചുനൽകുന്നത്. ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും കൊളോണിയൽ കെട്ടുപാടുകൾ പൊട്ടിച്ചെറിയാൻ വെമ്പൽ പുലർത്തിയ സമ്പന്നമായ പ്രാദേശിക ഭാഷകൾ എഴുത്തിന്റെ വഴിയിലൂടെ നടക്കാൻ ആരംഭിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ, ചില ഇന്ത്യൻ എഴുത്തുകാർ ഇംഗ്ലീഷിൽ എഴുതിയിരുന്നു. എന്നാൽ മറുവശത്ത് നോവൽ, ചെറുകഥ തുടങ്ങിയ യൂറോപ്യൻ വേരുകളുള്ള സാഹിത്യരൂപങ്ങളെ പ്രാദേശികഭാഷകളിലേക്ക് സ്വീകരിച്ച എഴുത്തുകാരും ഉണ്ടായി. അതുകൂടാതെ അധിനിവേശ ശക്തികളുടെ പിടിയിൽ നിന്നുള്ള കുതറൽ പ്രാദേശികാടിസ്ഥാനത്തിലുള്ള എഴുത്തുകളിൽ കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള സംഘടിതമായ (അസംഘടിതവും) മുന്നേറ്റങ്ങൾക്ക് പിന്തുണയേകുന്ന ഉത്‌പ്രേരകം എന്ന തലത്തിലാണ് എഴുത്തും വായനയും സഹായകമായത്. തമിഴ് ജനതയുടെ ചെറുത്തുനിൽപ്പുകളും ഇതോടൊപ്പം കൂട്ടിവായിക്കണം.

പതിനെട്ട്​, പത്തൊൻപത്​ നൂറ്റാണ്ടുകളിൽ അവർ പല നിർണായക മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചു. പരമ്പരാഗത തമിഴ് ഭരണവംശങ്ങളെ യൂറോപ്യൻ വംശജർ മാറ്റിനിർത്തുകയും പടിഞ്ഞാറുനിന്നുള്ള സാംസ്‌കാരികധാരയ്ക്ക് വേരോട്ടമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ മറികടന്ന്​ തമിഴ്‌ സമൂഹത്തിന്റെ സ്വത്വബോധം തമിഴ് ഭാഷയിലും പാരമ്പര്യത്തിലും ലയിച്ചുചേർന്നിരിക്കുന്നു. സ്വാഭാവികമായും സാംസ്‌കാരികവും മതപരവുമായ ചിന്തകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും പ്രകാശിപ്പിക്കുന്ന ഇടമായി തമിഴിലെ ഫിക്ഷൻ രൂപപ്പെട്ടു. ജനപ്രീതിയും വിനോദമൂല്യവും കൊണ്ട് വായനാസമൂഹത്തിൽ ആധിപത്യം പുലർത്തിയ ഫിക്ഷനിൽ നിന്ന്​ ഗൗരവമുള്ള വിഷയങ്ങളിലേക്കും പ്രതിപാദനശൈലിയിലേക്കും പ്രസ്തുത സാഹിത്യശാഖ യാത്ര ചെയ്തു.

സുബ്രമണ്യഭാരതി, വാ.വേ.സു. അയ്യർ, ആ. മാധവയ്യ തുടങ്ങിയവരിലൂടെ സാമൂഹികപരിഷ്‌കരണം ലക്ഷ്യമാക്കിയ കഥകൾ തമിഴിൽ ശ്രദ്ധേയമായി. 1930കളോടെ ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. മണിക്കൊടിയും ആനന്ദവികടനും പോലെയുള്ള മാസികകൾ കഥകൾക്ക് പ്രാധാന്യം നൽകി. മണിക്കൊടി എന്ന സാഹിത്യമാസിക ചെറുകഥയുടെ വികാസത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. പുതുമൈപ്പിത്തൻ, മൗനി, കു.പ. രാജഗോപാലൻ മുതലായ പ്രധാനപ്പെട്ട എഴുത്തുകാർ ഈ മാസികയിലൂടെ പ്രശസ്തി നേടി. ഇപ്പറഞ്ഞ എഴുത്തുകാർ പാശ്ചാത്യ ചെറുകഥയുടെ രൂപവും ഘടനയും കടമെടുത്തുകൊണ്ട്, പ്രാദേശികചുറ്റുപാടുകളിൽ വേരൂന്നി കഥകൾ മെനഞ്ഞെടുക്കാൻ ആരംഭിച്ചു.

സുജാത വിജയരാഘവൻ, മിനി കൃഷ്ണൻ

ഇക്കൂട്ടത്തിൽ പുതുമൈപ്പിത്തൻ സമൂഹത്തിന്റെ സ്ഥിതിഗതികളിലാണ് ശ്രദ്ധ പുലർത്തിയത്. സാമൂഹികവ്യവസ്ഥിതിയെ വിരോധാഭാസമായ നോട്ടത്തോടെ കണ്ട അദ്ദേഹം അത്തരം അനുഭവങ്ങളെ കഥകളിലൂടെ സാക്ഷാത്കരിച്ചു. ഗ്രാമീണ-നഗര ജീവിതത്തിന്റെ പച്ചയായ വഴികളും ചരിത്രവും മിത്തുകളുമൊക്കെ അദ്ദേഹത്തിന്റെ കഥാലോകത്തിനു കരുത്ത് പകർന്നു. മറ്റൊരു പ്രധാന എഴുത്തുകാരനായ മൗനി തന്റെ കഥാപാത്രങ്ങളെ നിരന്തരം മനഃശാസ്ത്രപരമായ വിശകലനത്തിന് വിധേയരാക്കിയാണ് കഥ വികസിപ്പിച്ചത്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തമിഴ് സാഹിത്യം നമുക്ക് പല തരത്തിൽ പരിചിതമാണ്. ഭൂമിശാസ്ത്രപരമായി നമ്മുടെ അടുത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്റെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ പരിസരത്തെ കുറിച്ചുള്ള അവബോധം സാഹിത്യത്തെ കൂടുതൽ അറിയുന്നതിൽ സഹായിച്ചു. 1950-കളിൽ ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഉയർച്ചയോടെ ജനപ്രിയവും ആളുകളിലേക്ക് വേഗത്തിൽ അടുക്കുന്നതുമായ എഴുത്തുകൾക്ക് പ്രചാരം വരുകയും തമിഴ് ജീവിതരീതിയുടെ പരിച്ഛേദമായി സാഹിത്യകൃതികൾ അവതരിക്കപ്പെടുകയും ചെയ്തു. ജയകാന്തൻ, സുന്ദര രാമസ്വാമി, കി. രാജനാരായണൻ, അശോകമിത്രൻ, തി. ജാനകിരാമൻ എന്നിവരെല്ലാം അൻപതുകളിൽ എഴുതിത്തുടങ്ങി. എഴുപതുകളിലും എൺപതുകളിലും പട്ടണങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചുള്ള മധ്യവർഗ കഥകൾക്ക് പ്രാധാന്യമേറി. തൊണ്ണൂറുകളിലാകട്ടെ ദലിതെഴുത്തുകാർ കഥാസാഹിത്യത്തിൽ കൂടുതൽ സംഭാവനകൾ നൽകിത്തുടങ്ങി. ദലിത് പശ്ചാത്തലത്തിൽ എഴുതുന്ന ബാമ ശിവകാമി, അഴകിയ പെരിയവൻ എന്നിവർ ശ്രദ്ധേയരായി. ഇങ്ങനെ മഹത്തായ പാരമ്പര്യമുള്ള തമിഴിലെ മുപ്പതുകഥകളുടെ സമാഹാരമാണ് സുജാത വിജയരാഘവനും മിനി കൃഷ്ണനും ചേർന്ന് എഡിറ്റ് ചെയ്ത Aleph Book Company പ്രസിദ്ധീകരിച്ച "The Greatest Tamil Stories Ever Told' എന്ന പുസ്തകം. കഴിഞ്ഞ വർഷം വായിച്ചതിൽ ശ്രദ്ധേയമായ ഈ പുസ്തകം 2021ൽ പുറത്തിറങ്ങി.

പതിനൊന്നു വിവർത്തകരാണ് തമിഴ് കഥാശാഖയെ അടയാളപ്പെടുത്തുന്ന, പല കാലങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള മുപ്പതു കഥകളെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. സുബ്രമണ്യഭാരതി മുതൽ എസ്. തേന്മൊഴി വരെയുള്ളവരുടെ കഥകൾ ഈ സമാഹാരത്തിലുണ്ട്. പുതുമൈപിത്തൻ, മൗനി, സുജാത, സുന്ദരരാമസ്വാമി, തി ജാനകിരാമൻ, തോപ്പിൽ മുഹമ്മദ് മീരാൻ, ഇന്ദിര പാർത്ഥസാരഥി, അശോകമിത്രൻ, ബാമ, പെരുമാൾ മുരുകൻ, അംബായി, എസ് രാമകൃഷ്ണൻ തുടങ്ങിയവരുടെ കഥകൾ ഈ പുസ്തകത്തിലുണ്ട്. ജയകാന്തൻ, ജയമോഹൻ എന്നിവരുടെ കഥകൾ ഇല്ല എന്നതും എടുത്തുപറയണം. സൂക്ഷ്മമായി തെരഞ്ഞെടുത്ത കഥകളെ മുഴുവൻ സൂചിപ്പിക്കാൻ ഈ കുറിപ്പിൽ സാധ്യമല്ല. എങ്കിലും വ്യത്യസ്തവും പ്രസക്തവുമായ ചില കഥകളെ കുറിച്ച് പറയാതിരിക്കാനാവില്ല.

ഛന്ദശ്ശാസ്ത്രം പഠിക്കാനായി അന്നാട്ടിലെ കീർത്തികേട്ട ഒരു കവിശ്രേഷ്ഠന്റെ അടുത്തേക്ക് പോകാൻ ഇച്ഛിക്കുന്ന കാക്കയുടെ കഥയാണ് സുബ്രമണ്യഭാരതിയുടെ "The Story of A Crow Learning Prosody'. കാക്കകളുടെ ഭാഷയിൽ അഭിമാനിക്കുന്നവരായിരുന്നു കഥയിലെ കാക്കദമ്പതികൾ. എന്നാൽ ആ ഭാഷയിൽ കാവ്യങ്ങളും മറ്റും രചിക്കുന്നതിനായി ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമായിരുന്നു. ഇതിനുവേണ്ടി കവിയായ വീരമാഗളപുലവറിൽ നിന്നും പദ്യരചനാശാസ്ത്രം പഠിക്കാനായി ആൺകാക്ക മോഹിച്ചു. പുലവർ കുട്ടികളെ പദ്യം പഠിപ്പിക്കുന്ന സമയത്ത് വീടിന്റെ മേൽക്കൂരയിൽ ഇരുന്നുകൊണ്ട് അത് ഗ്രഹിക്കാനായിരുന്നു കാക്ക തീരുമാനിച്ചിരുന്നത്. എന്നാൽ കാവ്യം രചിക്കാനുള്ള എല്ലാ ജ്ഞാനവും സ്വായത്തമായവളായിരുന്നു കാക്കയുടെ ഭാര്യയെന്ന് കാക്കയ്ക്ക് അറിയില്ലായിരുന്നു. പണ്ഡിതനായ കാക്കയുടെ ഭാര്യാപിതാവിൽ നിന്ന് ജ്ഞാനം സമ്പാദിച്ചുവെങ്കിലും സ്ത്രീയായതു കൊണ്ട് അത് ആർക്കും പരസ്യമായി പറഞ്ഞുകൊടുക്കാൻ കാക്കയുടെ ഭാര്യക്ക് അനുവാദമില്ലായിരുന്നു. എന്നാൽ ഇതെല്ലം കേട്ടുകൊണ്ടിരുന്ന മന്മഥദേവൻ ശരങ്ങളയച്ച് അവരെ കാമപരവശരാക്കി മാറ്റുകയും ലക്ഷ്യത്തിൽ നിന്ന് അവരെ വ്യതിചലിപ്പിക്കുകയും ചെയ്തു. ഭാഷ സംവേദനം ചെയ്യുന്ന ലാവണ്യാത്മകതയെ വരികൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കഥയിൽ ഭാഷയുടെ ഉത്കൃഷ്ടത, സാമൂഹികമായ നിലകൾ, സ്ത്രീ-പുരുഷ സമത്വം എന്നിങ്ങനെയുള്ള തലങ്ങളെ സ്പർശിക്കുന്നു.

മൗനി

എസ്.വി.വിയുടെ "A Village Experience' എന്ന കഥയ്ക്കും ആധാരമാവുന്നത് സാമൂഹിക പരിഹാസമാണ്. ബന്ധുവിന്റെ മരണത്തിനു അനുശോചനം അറിയിക്കാനായി വളരെ ദൂരെയുള്ള ഇടത്തേക്ക് പോകുന്ന ആഖ്യാതാവിന്റേയും ഭാര്യയുടെയും ഒരു ദിവസമാണ് കഥയിലുള്ളത്. മറ്റുള്ളവരെ ബോധിപ്പിക്കാനായി അനുഷ്ഠിക്കേണ്ടി വരുന്ന കർമങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ കാണുകയാണ് ഈ കഥയിൽ. ആയിരത്തിൽതൊള്ളായിരത്തി മുപ്പതുകളിൽ എഴുത്തിൽ സജീവമായ എസ്.വി.വിചാരരാഘവാചാര്യർ എന്ന എസ്.വി.വി. ഇംഗ്ലീഷിലായിരുന്നു എഴുതിത്തുടങ്ങിയത്. എഴുത്തുകാരനായ കൽക്കിയുടെ ഉപദേശപ്രകാരം അദ്ദേഹം പിന്നീട് തമിഴിൽ എഴുതാൻ ആരംഭിച്ചു.

കൽക്കി എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ രാമസ്വാമി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലുകളും സാമൂഹികനോവലുകളും ഏറെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ "The Governor's Visit' എന്ന കഥയാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് രണ്ടു നാട്ടുപ്രമാണിമാർ നടത്തുന്ന പ്രഹസനങ്ങളെ നർമത്തോടെ അവതരിപ്പിക്കുകയാണ് ഈ കഥയിൽ. ഗവർണറുടെ മുന്നിൽ തങ്ങളുടെ മഹിമ പ്രദർശിപ്പിക്കാനും അദ്ദേഹത്തിൽ നിന്ന് ആനുകൂല്യം പറ്റാനും പൊങ്ങച്ചക്കാരായ പ്രമാണികൾ നടത്തുന്ന നീക്കങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. മൗനി എഴുതിയ "The Family Chariot' എന്ന കഥയിലാകട്ടെ അമ്മ മരിക്കുന്നതോടെ മനോവിഷമത്തിലാകുന്ന കൃഷ്ണയ്യരുടെ ചിന്തകളാണ് വിവരിക്കുന്നത്. പഴയ തലമുറയിൽ പെട്ട അമ്മ സമൂഹവും സംസ്‌കാരവും ആധുനികമാവുന്നത് സാകൂതം വീക്ഷിച്ചിരുന്നു. എങ്കിലും അവർ പഴയ ആചാരങ്ങളെ കൈവെടിയാൻ ഒരുക്കവുമായിരുന്നില്ല. അമ്മയുടെ അഭാവത്തിൽ അനാഥമായ വീടും അമ്മ നിറവേറ്റിയ ഉത്തരവാദിത്തങ്ങളും സമ്മർദ്ദത്തിലാക്കുന്ന നായകന്റെ കഥയാണ് മൗനിയുടേത്.

പുതുമെെപിത്തൻ

ദൈവം ഭൂമിയിലെത്തി മനുഷ്യർക്കൊപ്പം ജീവിക്കുന്ന സന്ദർഭത്തെ ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന കഥയാണ് പുതുമൈപിത്തന്റെ "God and Kandasami Pillai'. ഭൗതികലോകത്തെ സങ്കുചിതമായ വിചാരങ്ങളും മനുഷ്യരുടെ സ്വഭാവരീതികളും ദൈവത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും വിമർശനപരമായ കണ്ണോടുകൂടെ കഥാകൃത്ത് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യരുടെ ദുരാഗ്രഹത്തെയും പണത്തോടുള്ള ആർത്തിയെയും കണക്കിന് പരിഹസിക്കുന്ന വിധത്തിലാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്. തന്നെ കാണാനെത്തിയ ദൈവത്തെ "അപ്പ' എന്ന് വിളിക്കട്ടെ എന്ന് ചോദിക്കുന്ന കന്ദസാമിയോട് "പേരപ്പ' എന്ന് വിളിച്ചാൽ മതിയെന്ന് ദൈവം മറുപടി കൊടുക്കുന്നു. അപ്പനെന്നു വിളിച്ചാൽ ദൈവത്തിന്റെ സ്വത്ത് കന്ദസാമി ആവശ്യപ്പെടുമോ എന്ന് ദൈവം ഭയക്കുന്ന വിധത്തിലാണ് ഈ പ്രതികരണം. ദൈവത്തിന്റെ സ്വത്ത്വിവരങ്ങളെ പറ്റി അയാൾ ചോദിക്കുന്നുമുണ്ട്. ഭൂമിയിലെത്തിയ ദൈവം ഉപജീവനമാർഗം കാണാനാവാതെ വിഷമിക്കുന്ന രംഗം കഥയിൽ അതീവരസകരമായി അവതരിപ്പിക്കുന്നു. നിറം, സൗന്ദര്യം, വേഷഭൂഷാദികൾ തുടങ്ങിയവയുടെ പ്രാധാന്യവും ദൈവത്തിനു ബോധ്യപ്പെടുകയാണ്. മനുഷ്യർക്കൊപ്പം ജീവിക്കാൻ താൻ പ്രാപ്തനല്ലെന്ന തിരിച്ചറിവിലേക്ക് ഭൂമിയിലെ സംഭവങ്ങൾ ദൈവത്തെ നയിക്കുന്ന കാഴ്ചയാണ് പുതുമൈപിത്തൻ ചിത്രീകരിക്കുന്നത്.

തമിഴിലെ ആദ്യകാലത്തെ സ്ത്രീ എഴുത്തുകാരിൽ പ്രധാനിയായ കുമുദിനിയുടെ രസകരമായ കഥയായ "Letters From The Inner Palace' പുരാണത്തിലെ ചില സ്ത്രീകഥാപാത്രങ്ങൾ അവരുടെ അച്ഛനമ്മമാർക്കും സുഹൃത്തുക്കൾക്കും എഴുതിയ കത്തുകളുടെ രൂപത്തിലാണ് ആകൃതിപ്പെടുത്തിയിരിക്കുന്നത്. നവവധുവായി അയോധ്യയിൽ എത്തിച്ചേർന്ന സീത അച്ഛനായ ജനകനും അമ്മയായ സുനയനയ്ക്കും, ഹിഡിംബിയുടെ മുത്തശ്ശി സമ്മർജനകേശി ഹിഡിംബിയ്ക്കും സ്‌നേഹിതയായ പിശാചവദനിക്കും ദമയന്തി അമ്മയ്ക്കും എഴുതിയ കത്തുകളിൽ കഥാപാത്രങ്ങളുടെ "മാനുഷിക'മായ ആകുലതകളും പരാതികളും നിറഞ്ഞിരിക്കുന്നു. ദശരഥന് കൈകേയിയോടുള്ള അടുപ്പവും ഹിഡിംബി ഭീമനെ വരിച്ചതിലുള്ള പരിഭവവും പുഷ്‌കരനുമായുള്ള ചൂതാട്ടത്തിൽ രാജ്യം നഷ്ടപ്പെട്ട നളന്റെ വിവരവും എല്ലാം മേൽപ്പറഞ്ഞ കത്തിടപാടുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ദൈവികവും രാജകീയവുമായ പരിവേഷങ്ങൾക്കപ്പുറം മനുഷ്യരെപ്പോലെ വ്യാകുലപ്പെടുകയും സന്ദേഹിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെയാണ് ഈ കത്തുകളിലൂടെ വെളിപ്പെടുന്നത്.

ബാമ / Photo: Newsclick, screengrab

സ്ത്രീകളുടെയുടെയും ദലിത് വിഭാഗത്തിൽ പെട്ടവരുടെയും ജീവനത്തിന്റെയും അതിജീവനത്തിന്റെയും കഥകൾ വിഭാവനം ചെയ്ത എഴുത്തുകാരിയാണ് ബാമ. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ട ബാമയുടെ "കരുക്ക്' എന്ന കൃതി ആത്മകഥാപരമായ അനുഭവങ്ങൾ നിറഞ്ഞതാണ്. വിവേചനങ്ങളും അവഗണനകളും നേരിടേണ്ടി വന്ന ബാമ ഏഴുവർഷത്തോളം ഒരു കന്യാസ്ത്രീ മഠത്തിലാണ് ജീവിച്ചിരുന്നത്. അവിടത്തെ അനീതി സഹിക്കാനാവാതെ അവർ അവിടം ഉപേക്ഷിച്ചു. സ്വന്തം അനുഭവത്തിന്റെ മൂർച്ചയിൽ നിന്ന് കഥായിടം ഒരുക്കുന്ന ബാമയുടെ ആഖ്യാനങ്ങൾ അരികുജീവിതത്തിന്റെ രാഷ്ട്രീയത്തെ ചേർത്തുപിടിക്കുന്നു. ബാമയുടെ ഒരു കഥ ഈ പുസ്തകത്തിലുണ്ട്. ബാമയുടെ "പൊന്നുത്തായി' സ്വന്തം കാലിൽ ഉറച്ചുനിന്നു കൊണ്ട് ജീവിക്കുന്ന സ്ത്രീയുടെ കഥ പറയുന്നു. മുപ്പതു വയസ്സിലെത്തി നിൽക്കുന്ന അവളുടെ വിവാഹജീവിതം പരാജയപ്പെടുകയും പറക്കമുറ്റാത്ത നാലുമക്കളെ മദ്യപനായ ഭർത്താവിനെ ഏൽപ്പിച്ച് അവൾ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. കരുത്തോടെ ജീവിതം മുന്നോട്ടുനീക്കുന്ന അവൾക്ക് പ്രതിബന്ധങ്ങൾക്ക് മുന്നിൽ തളരാൻ മനസ്സുവന്നില്ല. നിരക്ഷരയായ അവൾ അടുത്തുള്ള പട്ടണത്തിൽ പോയി പഴങ്ങളും പച്ചക്കറിയും മറ്റും വാങ്ങി നാട്ടിൽ കച്ചവടം ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. പ്രതികൂലാവസ്ഥയിലും തന്റേടത്തോടെ ചുവടുകൾ ചവിട്ടിക്കൊണ്ട് നീങ്ങുന്ന പൊന്നുത്തായി ശക്തയായ കഥാപാത്രമാണ്. ഒരുഘട്ടത്തിൽ ഭർത്താവ് കെട്ടിക്കൊടുത്ത താലി അവൾ അറുത്തുകളയുന്നുണ്ട്. മാത്രമല്ല, പത്തുവർഷം കഴുത്തിൽ കിടന്നിരുന്ന താലി വിറ്റുകൊണ്ട് അവൾ നാട്ടിൽ ഒരു ചെറിയ കച്ചവടസ്ഥാപനം തുടങ്ങുകയാണ്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് ബാമ "പൊന്നുത്തായി'യിലൂടെ സ്പഷ്ടമാക്കുന്നത്.

പെരുമാൾ മുരുകൻ / Photo: Wikimedia Commons

പെരുമാൾ മുരുകന്റെ കഥകൾ മണ്ണിൽ ലയിച്ചിരിക്കുന്നതാണ്. ഗ്രാമങ്ങളിലെ യഥാതഥമായ ജീവിതം അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഫിക്ഷനുകളിൽ അടുത്ത ബന്ധമുള്ള അയൽക്കൂട്ടത്തിന്റെ വ്യവഹാരങ്ങളുടെ സൂക്ഷ്മഭേദങ്ങൾ വെളിപ്പെടുന്നു. അദ്ദേഹത്തിന്റെ "The Goat Thief' എന്ന കഥയാണ് ഈ സമാഹാരത്തിലുള്ളത്. ആട് കള്ളൻ' എന്ന കഥ, പേര് സൂചിപ്പിക്കുന്നത് പോലെ വീടുകളിൽ നിന്ന് ആടുകളെ മോഷ്ടിക്കുന്ന ഭൂപതി എന്നയാളുടെ കഥയാണ്. അങ്ങനെയിരിക്കെ ഒരു തവണ, അവന്റെ മോഷണശ്രമം വിജയം കണ്ടില്ല. ഗ്രാമവാസികൾ അവനെ പിടികൂടാൻ ശ്രമിക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുന്ന ഭൂപതിയെയാണ് കഥയിൽ ചിത്രീകരിക്കുന്നത്. ബലമുള്ള ഇഴകളാൽ നെയ്ത ബന്ധങ്ങളുള്ള മനുഷ്യരുടെ ഇടയിൽ ചില ഒറ്റപ്പെട്ടതും അവിചാരിതവുമായ സംഭവങ്ങൾ സൃഷ്ടിക്കുന്ന സംഘർഷങ്ങളെ രൂപപ്പെടുത്താനാണ് കഥാകൃത്ത് ഇവിടെ ഉന്നമിടുന്നത് എന്ന് വ്യക്തമാണ്. ആടിനെ മോഷ്ടിക്കുക, വിൽക്കുക, മാംസത്തിനായി കൊല്ലുക എന്നിങ്ങനെയുള്ള വ്യവഹാരങ്ങളെ പരാമർശിക്കുന്ന കഥയിൽ എഴുത്തുകാരൻ പശുവിനു പകരം ആടിനെയാണ് തെരഞ്ഞെടുക്കുന്നത്. പെരുമാൾ മുരുകന് പശുക്കളെയും ആടിനെയും കുറിച്ച് നന്നായി അറിയാം. നിലവിലെ അന്തരീക്ഷത്തിൽ പശുക്കളെ തൊടാതെ വിടുന്നതാണ് നല്ലത് എന്നതിനാൽ കഥ പറയാൻ താൻ ആടിനെയാണ് സ്വീകരിച്ചതെന്ന് എഴുത്തുകാരൻ പറയുന്നു. "ആടുകൾ നിരുപദ്രവകാരികളും പ്രശ്‌നരഹിതരും എല്ലാറ്റിനുമുപരിയായി ഊർജ്ജസ്വലരുമാണ്' എന്ന വാദവും അദ്ദേഹം ഉയർത്തിക്കാട്ടുന്നുണ്ട്.

മടുപ്പും ഏകതാനതയും ഒരു മനുഷ്യനെ അങ്ങേയറ്റം വിരസനാക്കുന്ന സ്ഥിതിയെയാണ് സമകാലകഥാകാരൻ എസ്. രാമകൃഷ്ണൻ "Pigeon Fever' എന്ന കഥയിൽ ആവിഷ്‌കരിക്കുന്നത്. വിദ്യാഭ്യാസം കഴിഞ്ഞ നാളുകളിൽ തന്നെ സർക്കാർ ജോലിയുമായി നഗരത്തിൽ എത്തിപ്പെട്ട ഗോവർധന്റെ ദിവസങ്ങൾ അതിസാധാരണമായിരുന്നു. അധികം വൈകാതെ വിവാഹിതനായ അയാൾക്ക് നഗരത്തിന്റെ രൂപഭാവങ്ങൾ അപരിചിതമായി തുടങ്ങി. നൈരാശ്യത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും കരകയറാനായി പണ്ടെപ്പോഴോ മനസ്സിൽ ആവാഹിച്ച ഒരു ഇഷ്ടത്തെ അയാൾ പൊടിതട്ടിയെടുത്തു. പ്രാവുകളെ നിരീക്ഷിക്കുക എന്നതായിരുന്നു അത്. മുപ്പതു വർഷത്തെ ഔദ്യോഗിക ജീവിതത്തിന്റെ സ്ഥിരം ചേരുവകൾ വെറുക്കാൻ ആരംഭിച്ച അയാൾക്ക് ഊർജവും പ്രതീക്ഷയും നൽകുന്ന ഘടകമായി പ്രാവുകൾ പരിണമിക്കുകയാണ്. പ്രാവുകൾ ഒരുമിച്ചുകൂടുന്ന ഇടങ്ങൾ കണ്ടുപിടിക്കുക എന്നത് അയാളുടെ ദിനചര്യയായിത്തീർന്നു. പ്രാവുകളെ കാണാനായി ട്രെയിനിലും ബസിലും ഓട്ടോയിലും അയാൾ യാത്ര ചെയ്തു. അങ്ങനെ ഒരു ഓട്ടോ സവാരിക്കിടയിലാണ് അയാൾ പർദ്ദ ധരിച്ച, അയാളെപ്പോലെ പ്രാവുകളെ പിന്തുടരുന്ന ആ യുവതിയെ കണ്ടുമുട്ടിയത്. പ്രാവുകളെ കുറിച്ച് തനിക്കുള്ള അറിവ് പങ്കുവെച്ചു കൊണ്ട് ഗോവർധൻ അവരുമായി സൗഹൃദത്തിലാവുന്നു. സ്ത്രീയായതു കാരണം അവൾക്ക് അയാളെപ്പോലെ പ്രാവുകളെ തേടി പോകാനാവില്ല എന്നത് അവരിരുവരെയും ഖേദത്തിലാഴ്ത്തുന്നുണ്ട്. ഒരുപക്ഷെ ആ പ്രാവുകളെ അന്വേഷിച്ച് പോകാൻ "കുടുംബം' അവർക്ക് വിലങ്ങുതടിയായെങ്കിലോ എന്നോർത്തുകൊണ്ട് പ്രാവുകളുടെ വിവരം കുറിച്ചുവെച്ച പുസ്തകം അയാൾ ആ യുവതിക്ക് നൽകുന്നു. പ്രാവുകൾക്കപ്പം പ്രാവുകളെ സ്‌നേഹിക്കുന്ന യുവതിയും അയാളുടെ മനസിൽ ചേക്കേറുകയാണ്. പുറംചായങ്ങളും പൊടിപിടിച്ച ഘടനയുമുള്ള നഗരം മനുഷ്യരെ തമ്മിൽ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന ചിത്രമാണ് ഇവിടെ ദീപ്തമാവുന്നത്. മുഖമില്ലാത്ത മനുഷ്യർ ആന്തരികമായ സൗന്ദര്യത്തിന്റെ വക്താക്കളായി വികസിക്കുന്നു. പ്രാവുകളെ പോലെയുള്ള പ്രത്യാശയുടെ പ്രതീകമായ പക്ഷി ഉരുവപ്പെടുത്തുന്ന സർഗാത്മകതയെയാണ് കഥയിലെ കേന്ദ്രബിന്ദു. ഇരിക്കാനുള്ള ചുമരുകൾ തെരഞ്ഞെടുക്കുന്ന പ്രാവുകൾ പ്രസ്തുതയിടങ്ങളെ മനോഹരമാക്കുകയാണ്. തിരിച്ചുവരാത്ത പ്രാവുകളെ അനന്തമായി കാംക്ഷിച്ചുകൊണ്ട് ചുമരുകൾ പ്രതീക്ഷയോടെ നിലനിൽക്കുന്നു.

മേൽവിവരിച്ച കഥകളിൽ ഒതുങ്ങി നിൽക്കുന്നതല്ല പ്രസ്തുത സമാഹാരത്തിന്റെ കാമ്പും കാതലും. ഈ ലേഖനത്തിൽ പറയാൻ ബാക്കിവെച്ച കഥകളാണ്, ഒരു പക്ഷെ അതിനെ കൂടുതൽ സുന്ദരമാക്കുന്നത്. സുന്ദരരാമസ്വാമിയുടെ "Naadar Sir' എന്ന കഥ, സുജാതയുടെ "Snake' എന്ന കഥ, തോപ്പിൽ മുഹമ്മദ് മീരാന്റെ "Space Travellers' എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. ശക്തമായ സ്ത്രീപക്ഷരചനകളിലൂടെ ശ്രദ്ധേയയും ഈ വർഷത്തെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരത്തിന് അർഹയുമായ അംബായിയുടെ "Journey 4' എന്ന കഥയും ഈ സമാഹാരത്തിലുണ്ട്

തമിഴ് കഥകൾ സഞ്ചരിച്ച/ സഞ്ചരിക്കുന്ന ദൂരത്തെ ഗണിക്കാനുള്ള അളവുകോലായി "The Greatest Tamil Stories Ever Told' മാറുന്നു. ലളിതവും സുന്ദരവുമായ തമിഴഴകിന്റെ പ്രൗഢിയാണ് ഇംഗ്ലീഷിലൂടെ പുനരവതരിക്കുന്നത്. ആഹ്ളാദം ജനിപ്പിക്കുകയും ചിന്തയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന സർഗാത്മകതയുടെ തുറസ്സുകൾ കാലഗണനാപരമായി ഉരുത്തിരിയുന്ന സവിശേഷമായ കാഴ്ചാപഥമാണ് ഈ പുസ്തകത്തിൽ ദൃശ്യമാവുന്നത്. ഒരു സമൂഹത്തിന്റെ അന്ത:സംഘർഷങ്ങളെയും സംസ്‌കാരത്തിന്റെ ആന്തരികവും ബാഹ്യവുമായ ധാരകളെയും വലയംചെയ്തു കൊണ്ട് ഭാഷാഭൂപടം അതിരുകളും മൂലകളും ചിട്ടപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ മുപ്പതുകഥകൾ വിളിച്ചോതുന്നത്. 2021ലെ വായനയുടെ മികച്ച ഈടുവെയ്പ്പായി ഈ പുസ്തകത്തെ ഗണിക്കുന്നതിനു മറ്റു കാരണങ്ങളൊന്നും അന്വേഷിക്കേണ്ടതില്ലതന്നെ.

Comments