‘കറുത്തവര്‍ക്കെതിരെ
ബോംബെറിയാന്‍ ഞാനില്ല'
റിങ്ങിനുപുറത്തെ മുഹമ്മദലി
‘കറുത്തവര്‍ക്കെതിരെ ബോംബെറിയാന്‍ ഞാനില്ല'; റിങ്ങിനുപുറത്തെ മുഹമ്മദലി
‘10,000 കിലോമീറ്റര്‍ അകലെയുള്ള കറുത്തവര്‍ഗക്കാര്‍ക്ക് നേരെ ബോംബെറിയാന്‍ ഞാനില്ല, അവരെന്നെ ഒരിക്കലും കറുത്തവന്‍ എന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. ദരിദ്രരും നിഷ്‌കളങ്കരുമായ വിയറ്റ്‌നാം ജനതയെ വെടിവെക്കാന്‍ മനഃസാക്ഷി എന്നെ അനുവദിക്കുന്നില്ല, എന്തിന് ഞാനവരെ കൊല്ലണം?'. മുഹമ്മദലിയുടെ നിലപാടുകള്‍ വംശീയവിരുദ്ധ നിലപാട് ലോകമനഃസാക്ഷിയെ ആഴത്തില്‍ സ്വാധീനിച്ചു, അലി കളിക്കളത്തിനു പുറത്തും ജേതാവായി- 'ബോക്സിങ്ങ് റിങ്ങിലെ ഷഹന്‍ഷ' എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം
18 Oct 2020, 12:52 PM
1966 നവംബര്‍ 14ന് അലി അക്കാലത്തെ ഏറ്റവും ആക്രമണോത്സുകനായ ബോക്‌സര്‍ ക്ലീവ് ലാന്റ് വില്യംസുമായി ഏറ്റുമുട്ടിയത് ബോക്‌സിങ്ങ് ലോകത്തിന് വലിയൊരു പാഠപുസ്തകമായി. ലിസ്റ്റണ്‍ പോലും ഭയപ്പെട്ടിരുന്ന ഹാര്‍ഡ് ഹിറ്ററായിരുന്നു, വില്യംസ്. രണ്ടാം റൗണ്ടില്‍ രണ്ടു തവണ ഇടിയേറ്റുവീണ വില്യംസിന് മൂന്നാം റൗണ്ടില്‍ കഷ്ടിച്ച് ഒരു മിനുട്ട് മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളൂ.
രണ്ടാം റൗണ്ടില്‍ രണ്ടു മിനുട്ട് പതിനഞ്ചു സെക്കന്റ് കഴിഞ്ഞപ്പോള്‍ മുഖത്ത് കുടുങ്ങിയ ലെഫ്റ്റ് സ്‌ട്രെയിറ്റ് ഹിറ്റില്‍ തന്നെ വില്യംസ് തകര്‍ന്നു പോയിരുന്നു. മൂന്നാം റൗണ്ട് 25 സെക്കന്റ് കഴിഞ്ഞപ്പോള്‍ അലിയുടെ മിന്നല്‍ ലെഫ്റ്റ് ജാബ് ഒരിക്കല്‍ കൂടി വില്യംസിനെ വീഴ്ത്തി. കഷ്ടിച്ച് എഴുന്നേറ്റുനിന്ന വില്യംസിനെ ഇടികളുടെ പൂരമാണ് എതിരേറ്റത്. നിസ്സഹായനായി നിന്ന വില്യംസിനെ രക്ഷിക്കുവാന്‍ മത്സരം നിര്‍ത്തുകയല്ലാതെ റഫറിക്ക് മാര്‍ഗ്ഗമുണ്ടായിരുന്നില്ല.
അലിയുടെ ഏറ്റവും മികച്ച ബോക്‌സിങ് പെര്‍ഫോമന്‍സായിട്ടാണ് ബോക്‌സിങ് വിദഗ്ദര്‍ ഈ മല്‍സരം വിലയിരുത്തുന്നത്.
റിങ്ങിലൂടെ ഗ്ലൈഡ് ചെയ്തുകൊണ്ടുള്ള അതിമനോഹരമായ നീക്കങ്ങളും നൃത്ത സമാനമായ ചടുല പദചലനങ്ങളും, ശരീരവിന്യാസത്തിന്റെ മികവും തികച്ചും അപ്രതീക്ഷിതമായ ആംഗിളുകളില്‍ നിന്ന് പൊടുന്നനെ ഇടിയുതിര്‍ക്കാനുള്ള കഴിവും ശിരസ്സിന്റെ ചലനങ്ങള്‍ വഴി അപാരമായ പ്രതിരോധം തീര്‍ക്കുന്ന രീതിയും ഈ പോരാട്ടത്തെ ബോക്‌സിങ്ങ് ചരിത്രത്തിലെ മഹത്തായ പാഠപുസ്തകമാക്കി മാറ്റി.

ബോക്സിങ്ങ് റിങ്ങില്‍ ഒരു പോരാളി എങ്ങിനെ ചലിക്കണമെന്നതിന്റെ ഉദാത്ത പ്രദര്‍ശനമായി ബോക്‌സിങ്ങ് ലോകം അലിയുടെ ഈ മത്സരം കൊണ്ടാടുന്നു. കനത്ത ഇടികളുതിര്‍ത്ത് എതിരാളിയെ നിഷ്‌കരുണം കശാപ്പു ചെയ്തിരുന്ന വില്യംസ്, അലിയുടെ Ring general manship -ന്റെ ഏറ്റവും മികച്ച പ്രദര്‍ശനങ്ങളിലൊന്നില്‍ സ്‌കൂള്‍കുട്ടിയെ പോലെ അമ്പരന്നുപോയി. അലിയുടെ നേരെ ശക്തമായ ഒരു ഇടി പോലും വില്യംസിന് ഉതിര്‍ക്കാനായില്ല എന്നത് ബോക്‌സിങ് ചരിത്രത്തിലെ വലിയ അത്ഭുതങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വാട്ടീസ് മൈ നെയിം
1967- ഫെബ്രുവരിയിയില്‍ അക്കാലത്തെ മറ്റൊരു മികച്ച ബോക്‌സറുമായി അലി കൊമ്പുകോര്‍ത്തു. ലിസ്റ്റനു ശേഷം അലി എറ്റുമുട്ടിയ ഏറ്റവും ശക്തനായ എതിരാളി ആയിരുന്നു അയാള്‍. അലിയോട് ഏറ്റുമുട്ടിയ എല്ലാ ബോക്‌സര്‍മാരേയും പരാജയപ്പെടുത്തിയിരുന്ന, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പരാജയമെന്തെന്നറിയാത കരുത്തനായിരുന്നു ഏര്‍ണി ടെറല്‍.

പതിനഞ്ച് റൗണ്ട് മത്സരത്തില്‍ ഇടിയുടെ പെരുമഴയാണ് ടെറലിനെ എതിരേറ്റത്. ഏഴാം റൗണ്ടിലെ 61ാം സെക്കന്റില്‍ അലിയുടെ അപ്പര്‍കട്ടില്‍ കുടുങ്ങിയതു മുതല്‍ ടെറലിന്റെ റിങ്ങ് ജീവിതം തുലാസിലായി. തന്റെ പഴയ പേര്‍, കാഷ്യസ് ക്ലേ, എന്നു വിളിച്ച് പരിഹസിച്ചിരുന്ന ടെറലിനെ മത്സരം നീട്ടിക്കൊണ്ടുപോയി ഇടിവര്‍ഷം നടത്തുകയായിരുന്നു അലിയുടെ പദ്ധതി എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഏഴാം റാണ്ടിനുശേഷം ഓരോ ഇടി ഇടിക്കുമ്പോഴും വാട്ടീസ് മൈ നെയിം എന്നു ചോദിച്ചുകൊണ്ട് അലി ടെറലിനെ പരിഹസിച്ചു. Wonderful demonstration of boxing Skills and Barbarious display of Cruelty എന്നാണ് പ്രശസ്ത ബോക്‌സിങ് റിപ്പോര്‍ട്ടര്‍ ടെക്‌സ് മൗള്‍ ആ മത്സരത്തെക്കുറിച്ച് എഴുതിയത്.
സണ്ണി ലിസ്റ്റണ്‍, പാറ്റേഴ്‌സണ്‍, ടെറല്‍ എന്നിവരേക്കാളൊക്കെ മികച്ച ബോക്‌സര്‍ എന്ന് മത്സരശേഷം അലി അത്ഭുതം കൂറിയ പോരാളിയാണ് സോറാ ഫോളി. 1967 മാര്‍ച്ച് 12 - ന് ന്യൂ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന മത്സരം കാണികളുടെ എണ്ണത്തെക്കുറിച്ചുള്ള ബോക്‌സിങ്ങ് സംഘാടകരുടെ എല്ലാ കണക്കുകളും തെറ്റിച്ചു കളഞ്ഞു. ബോക്‌സിങ് റിങില്‍ ബുദ്ധിയും കരുത്തും സമന്വയിപ്പിച്ച് എതിരാളികളെ മുട്ടു കുത്തിച്ചിരുന്ന സോറാ ഫോളിയെ ബോക്‌സിങ് ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടങ്ങളിലൊന്നിനെ സാക്ഷിയാക്കി - റിക്കാര്‍ഡ് തകര്‍ത്ത 2,44,471 ഡോളറായിരുന്നു ഗേറ്റ് കളക്ഷന്‍- ഏഴാം റൗണ്ടിന്റെ 108ാം സെക്കന്റില്‍ അലി റിങ്ങില്‍ ഇടിച്ചുവീഴ്ത്തി.
കമിഴ്ന്നുവീണ ഫോളി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബാലന്‍സ് നഷ്ടപ്പെട്ട് വീണ്ടും മലര്‍ന്നുവീണു. നാലാം റൗണ്ടിലും ഫോളി ഇടിയേറ്റു വീണിരുന്നുവെങ്കിലും ടെന്‍ സെക്കന്റ് കൗണ്ടിനു മുമ്പ് കഷ്ടിച്ച് എഴുന്നേറ്റു നിന്നു രക്ഷപ്പെടുകയായിരുന്നു. മത്സര ശേഷം ഫോളി പറഞ്ഞ വാക്കുകള്‍ അലിയുടെ വിസ്മയകരമായ റിങ്ങ് മാജിക്കില്‍ വീണു പോയ ഒരു ആരാധകന് മാത്രം ഉച്ചരിക്കാനാവുന്ന വാക്കുകളാണ്: അലിയാണ് ലോകത്തിലെ എക്കാലത്തേയും മികച്ച ബോക്‌സര്‍. അയാളെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. ഞാന്‍ എല്ലാവരോടും മല്‍സരിച്ചതാണ്. ആരേയും എനിക്ക് തോല്‍പ്പിക്കാനാവും, അലിയെ ഒഴികെ.
നിര്‍ണായക മാറ്റങ്ങളാണ് ‘67 മാര്‍ച്ച് മുതല്‍ അലിയുടെ ജീവിതത്തില്‍ പിന്നീട് അരങ്ങേറിയത്. സാമൂഹികവും രാഷ്ടീയവുമായ കാര്യങ്ങളില്‍ ഇടപെടുമ്പോഴും കൃത്യമായി നിലപാടും പോരാളിയുടെ മനഃസ്‌ഥൈര്യവും അലി നിലനിറുത്തി എന്ന് ലോകത്തിനോട് വിളിച്ചു പറഞ്ഞ തികച്ചും അസാധാരണ സംഭവങ്ങള്‍.
എന്തിന് ഞാനവരെ കൊല്ലണം?
1967 മാര്‍ച്ചിലാണ് പ്രസിഡണ്ട് ലിന്‍ഡണ്‍ ജോണ്‍സണ്‍ തെക്കേ വിയറ്റ്‌നാമില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ബലം കൂട്ടാന്‍ കൂടുതല്‍ പേരെ നിയോഗിക്കുവാന്‍ തീരുമാനിക്കുന്നത്. അലി ആ ഡ്രാഫ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. 10,000 കിലോമീറ്റര്‍ അകലെ കറുത്തവര്‍ഗക്കാര്‍ക്ക് നേരെ ബോംബെറിയാന്‍ ഞാനില്ല, അവരെന്നെ ഒരിക്കലും കറുത്തവന്‍ എന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല എന്ന അലിയുടെ വാക്കുകള്‍ ലോകമെമ്പാടും വാര്‍ത്തയായി. അമേരിക്കയിലെ വംശീയ വേര്‍തിരിവ് കൂടി ചോദ്യം ചെയ്ത അലിയുടെ നിലപാട് സാര്‍വദേശീയമായി ശ്രദ്ധയാകര്‍ഷിച്ചു.

ഭരണകൂടത്തിന് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. 1967 ജൂണ്‍ 20ന് ഹൂസ്റ്റണ്‍ കോടതി ജഡ്ജി ജോ ഇന്‍ ഗ്രഹാം, അലിയെ മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അഞ്ചു വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കുകയും ചെയ്തു. ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു ഈ ശിക്ഷാവിധി. ദരിദ്രരും നിഷ്‌കളങ്കരുമായ വിയറ്റ്‌നാം ജനതയെ വെടിവെക്കാന്‍ മനഃസാക്ഷി എന്നെ അനുവദിക്കുന്നില്ല, എന്തിന് ഞാനവരെ കൊല്ലണം? അലിയുടെ ചോദ്യം ലോക മനഃസാക്ഷിയെത്തന്നെ പിടിച്ചുലച്ചു.
ജയില്‍ ശിക്ഷ കനത്ത പിഴ നല്‍കി ഒഴിവാക്കാനായെങ്കിലും, പക്ഷേ അലിക്ക് ബോക്‌സിങ് കിരീടം നഷ്ടമായി. നാലു വര്‍ഷത്തോളം ബോക്‌സിങ് റിങ്ങില്‍ അലിക്ക് കയറാനായില്ല. തനിക്ക് ഒരു ദ്രോഹവും ചെയ്യാത്ത മറ്റൊരു രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കാന്‍ തയാറില്ലെന്ന് ധീരമായി പ്രഖ്യാപിച്ച അലി അമേരിക്കന്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. കായിക ലോകത്തിന് കനത്ത ആഘാതവും നഷ്ടവുമായിരുന്നു അലിയുടെ നിരോധനം. തന്റെ കായിക മികവിന്റെ ഉച്ചസ്ഥായിയില്‍ നിന്നിരുന്ന ആ സമയത്ത് എത്ര വലിയ നേട്ടങ്ങളും കൊയ്തെടുക്കുവാന്‍ അലിക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നു.
1960 ഒക്ടോബര്‍ മുതല്‍ 1967 മാര്‍ച്ച് വരെ ആദ്യഘട്ട പ്രൊഫഷനല്‍ ബോക്‌സിങ് ജീവിതത്തില്‍, പങ്കെടുത്ത 29 മത്സരങ്ങളില്‍ ആധികാരിക ജയമായിരുന്നു അലി നേടിയത്. 23 നോക് ഔട്ട് ജയങ്ങളും. സാമ്പത്തികമായി വമ്പിച്ച നഷ്ടങ്ങളുണ്ടാവുമെന്നറിഞ്ഞിട്ടും തന്റെ യുദ്ധവിരുദ്ധ സമീപനത്തിൽനിന്ന് കടുകിട വ്യതിചലിക്കാന്‍ തയ്യാറാവാത്ത അലിയുടെ ആദര്‍ശപരമായ നിലപാട് ലോകത്തെമ്പാടും സമാധാന പ്രേമികളെ ആവേശം കൊള്ളിച്ചു. (ജോ ഫ്രേസിയറുമായി നടന്ന മല്‍സരത്തില്‍ ഒരു മിനുട്ടിന് 54,000 അമേരിക്കന്‍ ഡോളറായിരുന്നു അലിയുടെ പ്രതിഫലം! ഇപ്പോഴത്തെ ഇന്ത്യന്‍ നിരക്കില്‍ ഒരു മിനുട്ടിന് 41 ലക്ഷത്തോളം!).
വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരതകളിലേക്കും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നികൃഷ്ടതകളിലേക്കും വര്‍ണ്ണവെറിയുടെ അനീതിയിലേക്കും ലോകശ്രദ്ധ തിരിച്ചു വിടാന്‍ അലിയുടെ കരുത്തുറ്റ നിലപാടുകള്‍ക്കായി. സാമൂഹികമായും രാഷ്ട്രീയമായും വംശീയ വിദ്വേഷ വിരുദ്ധവുമായ അലിയുടെ നിലപാടുകള്‍ വ്യാപക അംഗീകാരം നേടുകയും അലി കളിക്കളത്തിനു പുറത്തും ജേതാവായിത്തീരുകയും ചെയ്തു.
67 മാര്‍ച്ച് മുതല്‍ ‘70 ഒക്ടോബര്‍ വരെ നീണ്ട നിരോധനം നിയമപരമായി നീങ്ങുന്നതിനുമുമ്പ് സിറ്റി ഓഫ് അറ്റ്‌ലാന്റ ഒരു പ്രത്യേക വകുപ്പ് ഉപയോഗിച്ച് അലിക്ക് ബോക്‌സിങ് ലൈസന്‍സ് നല്‍കി. അങ്ങിനെ 1970 ഒക്ടോബർ 26ന് അലിയുടെ തിരിച്ചുവരവിലെ ആദ്യ മല്‍സരത്തിന് കളമൊരുങ്ങി. പിന്നീട് അലിയെ വിറപ്പിച്ച ഏര്‍ണി ഷെയ് വേഴ്‌സിനേയും കാളക്കൂറ്റനായ റോണ്‍ ലൈലിനേയുമൊക്കെ ഇടിച്ചിട്ട ജെറി ക്വാറിയായിരുന്നു എതിരാളി. അലി വ്യക്തമായ മുന്‍തൂക്കം നേടിയ മല്‍സരത്തില്‍ മൂന്നാം റൗണ്ടില്‍ ജെറിയുടെ മുഖത്തുണ്ടായ വലിയ മുറിവില്‍ നിന്ന് രക്തം ഒലിച്ചിറങ്ങിയപ്പോള്‍ റഫറി മത്സരം നിര്‍ത്തുകയായിരുന്നു. അലിയുടെ മുപ്പതാം വിജയം
ആദ്യ ഭാഗം: ബോക്‌സിങ്ങ് റിങ്ങിലെ ഷഹന്‍ഷ
മുസാഫിര്‍
Mar 01, 2021
3 minute read
ഡോ. എം. മുരളീധരന്‍
Feb 09, 2021
5 minutes read
പ്രമോദ് പുഴങ്കര
Nov 26, 2020
5 Minutes Read
ഡോ. എം. മുരളീധരന്‍
Nov 25, 2020
9 Minutes Read