തിയാഗോ സിൽവ: മെസ്സിയോടും റൊണാൾഡോയോടും ചേർത്തുവായിക്കാൻ മറന്ന പേര്

തിയാഗോ ഒരു പ്രതിഭാസമാണെന്ന് പറഞ്ഞത് ബ്രസീലിന്റെ മഹാനായ കളിക്കാരനും കോച്ചുമായിരുന്ന ഡുംഗയാണ്. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് തിയാഗോ സിൽവ, ബ്രസീലിന് വേണ്ടി കളിച്ച 43 അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോളുകൾക്ക് കാരണമാകുന്ന ഒരൊറ്റ വീഴ്ച പോലും വരുത്തിയിട്ടില്ല. ഈ ലോകകപ്പിന്റെ തിളക്കം തിയാഗോ സിൽവ നയിക്കുന്ന ബ്രസീലിയൻ പ്രതിരോധ നിരക്കുകൂടി അവകാശപ്പെട്ടതാണ്

കരുൺ

ഡിഫെൻഡർ ആയതുകൊണ്ടുമാത്രം മെസ്സിയോടും റൊണാൾഡോയോടും നമ്മൾ ചേർത്തുവായിക്കാൻ മറന്നുപോവുന്ന ഒരു അമാനുഷനുണ്ട്, 38 കാരൻ തിയാഗോ സിൽവ.

ബ്രസീൽ ടീം ക്യാപ്റ്റനും പ്രതിരോധത്തിന്റെ അമരക്കാരനുമാണ് തിയാഗോ. "എന്റെ തലമുറയിലെ ഏറ്റവും പ്രഗത്ഭനായ ഡിഫെൻഡർ' എന്ന് സാക്ഷാൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് (zlatan ibramovich) വിശേഷിപ്പിച്ച ഫുട്‌ബോളർ. "He is the Benjamin Button of football' എന്ന് ചെൽസി കോച്ചായിരുന്ന തോമസ് ടച്ചൽ.

യൂറോപ്യൻ ഫുട്ബാളിലെ പ്രബലരായ സെർബിയ, സ്വിറ്റ്‌സർലൻഡ് ടീമുകൾക്കെതിരായ ലോകകപ്പ് മത്സരങ്ങളിൽ ഗോളി അലിസ്സൺ ബെക്കറിന് ടാർജറ്റിൽ തൊടുത്ത ഒരൊറ്റ ഷോട്ട് പോലും തടുത്തിടേണ്ടി വന്നിട്ടില്ല. തൊടുത്തതെല്ലാം സിൽവ നയിച്ച പ്രതിരോധ നിരയുടെ സമ്മർദ്ദത്തിൽ അസ്ഥാനത്താവുകയോ അവരുടെ അച്ചടക്കത്തിനു മുന്നിൽ അടിയറവ് പറയുകയോ ആയിരുന്നു.

ഒരു സെൻ സന്യാസിയുടെ ശാന്തതയോടെ ഡിഫെൻഡ് ചെയ്യുന്ന തിയാഗോ, കളി നിയന്ത്രിക്കുവാനും അടുത്ത മൂവ് ഒരു പടി മുന്നേ കണ്ട് പന്ത് കൃത്യമായി വിതരണം ചെയ്യുവാനും വിഷനുള്ള കളിക്കാരൻ ആണ്.

"Rolls Royce of a defender and football visionary' എന്ന വിശേഷണവും തിയാഗോവിന് മാത്രം. ചിട്ടയോടുള്ള ജീവിതവും ഭക്ഷണനിയന്ത്രണവും നിത്യേനയുള്ള കഠിന പരിശീലനവും ഈ പ്രായത്തിലും അന്താരാഷ്ട്ര വേദിയിൽ പന്തുകളി തുടരുന്നതിന് അദ്ദേഹത്തിന് സഹായകരമായി.

1998-ൽ ഫ്ലുമിനെൻസ് എന്ന ബ്രസീലിയൻ ക്ലബ്ബിൽ തുടങ്ങിയ ഫുട്‌ബോൾ കരിയർ. 2004-ൽ ഇറ്റാലിയൻ ക്ലബ്ബ് എ.സി മിലാനിലേക്കുള്ള കുടിയേറ്റം. ഉടൻ റഷ്യൻ ക്ലബ്ബ് ആയ ഡിനാമോ മോസ്‌കോയിലേക്ക് ലോണിൽ. ഇവിടെ കളിക്കുമ്പോഴാണ് ക്ഷയരോഗം വന്ന് തിയാഗോ തീരെ അവശനായി ആശുപത്രിയിൽ കിടപ്പിലാവുന്നതും ഡോക്ടർമാർ അദ്ദേഹത്തിന്റെ ഒരു ശ്വാസകോശം മുറിച്ചുമാറ്റണമെന്ന് പറയുന്നതും. തന്റെ ഫുട്‌ബോൾ ജീവിതം അവസാനിപ്പിക്കാൻ തിയാഗോ തീരുമാനിച്ചിരിക്കുമ്പോഴാണ്​ അമ്മയുടെ ഉപദേശപ്രകാരം റഷ്യ വിട്ട്​ തുടർചികിത്സ തേടുന്നതും ആരോഗ്യം വീണ്ടെടുത്ത്​കളിക്കളത്തിൽ തിരിച്ചെത്തുന്നതും.

ബ്രസീലിനോടൊപ്പം ഒളിമ്പിക്‌സ് മെഡലുകൾ, കോപ്പ അമേരിക്ക, കോൺഫെഡറേഷൻസ് കപ്പ്. പാരീസ് സെൻറ്​ ജെർമെയ്ൻ ക്ലബ്ബിനുവേണ്ടി കളിക്കുന്ന കാലത്ത് ഏഴ്​ ഫ്രഞ്ച് ലീഗ് (Ligue 1) ടൈറ്റിലുകൾ. കൂടാതെ ഒട്ടനവധി ഡൊമസ്​റ്റിക്​ കപ്പുകളും അവാർഡുകളും. 36 വയസുള്ളപ്പോൾ ചെൽസിയുടെ പ്രതിരോധ തലവനായി യൂറോപ്യൻ ക്ലബ്ബ് ഫുട്ബാളിലെ ഏറ്റവും മികച്ച ടൂർണമെൻറ്​ ആയ ചാമ്പ്യൻസ് ലീഗ് വിജയം.

2002 - ലെ ബ്രസീൽ ലോക കപ്പ് സെമി ഫൈനൽസിൽ ഹോം ടീമിനെ എത്തിക്കുന്നതിൽ കാരണക്കാരനായ പ്രതിരോധത്തിലെ പ്രധാനി സിൽവയായിരുന്നു. അന്ന് ജർമനിക്കെതിരെ 7-1 ന്റെ കടുത്ത തോൽവി ഏറ്റു വാങ്ങിയ ബ്രസീൽ ടീമിൽ സിൽവ കളിച്ചിരുന്നെങ്കിൽ ഫലം മെച്ചപ്പെട്ടേനെ എന്നാണ് പൊതുവായുള്ള വിശ്വസിക്കുന്നവരുണ്ട്. (സസ്പെൻഷൻ മൂലം അദ്ദേഹത്തിന് അന്ന് ഇറങ്ങാൻ കഴിഞ്ഞില്ല). "Thiago Silva was Brazil's one man army in defence during the world cup' എന്നാണന്ന് മീഡിയ ഒരേ സ്വരത്തിൽ പറഞ്ഞത്.

തിയാഗോ ഒരു പ്രതിഭാസമാണെന്ന് പറഞ്ഞത് ബ്രസീലിന്റെ മഹാനായ കളിക്കാരനും കോച്ചുമായിരുന്ന ഡുംഗയാണ്.

ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് തിയാഗോ സിൽവ, ബ്രസീലിന് വേണ്ടി കളിച്ച 43 അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോളുകൾക്ക് കാരണമാകുന്ന, എന്തിന് എതിർ കളിക്കാരന്റെ ഗോൾ മുഖത്തേക്കുള്ള ഒരു ഷോട്ടിന് പോലും കാരണമാകുന്ന വീഴ്ച തന്റെ ഭാഗത്ത് നിന്നും വരുത്തിയിട്ടില്ല. ഈ ലോകകപ്പിന്റെ തിളക്കം തിയാഗോ സിൽവ നയിക്കുന്ന ബ്രസീലിയൻ പ്രതിരോധ നിരക്കുകൂടി അവകാശപ്പെട്ടതാണ്.

ഓർക്കാം, ജപ്പാനെ

29 വർഷങ്ങൾക്കു മുൻപാണ് (1993) ഖത്തറിന്റെ മണ്ണിൽ ജപ്പാൻ ഇനിയും മറക്കാത്ത ആ തോൽവിയുണ്ടായത്.

വേദി അൽ അഹ്​ലി സ്​പോർട്​സ്​ ക്ലബ്​ ഗ്രൗണ്ട്​. ലോക കപ്പിന് ക്വാളിഫൈ ചെയ്യാൻ ഇറാനോട് ജയം അനിവാര്യം. 2 - 1 ന് ലീഡ് ചെയ്ത ജപ്പാൻ സ്​റ്റോപ്പേജ്​​ ടൈമിൽ ഗോൾ വഴങ്ങി കളി സമനിലയിൽ അവസാനിക്കുന്നു. അതോടെ 1994 ലോകകപ്പ് കളിക്കുക എന്ന രാഷ്ട്രത്തിന്റെ മോഹം ഒരേയൊരു ഗോളിന്റെ വ്യത്യാസത്തിന്​ പൊലിയുന്നു. ‘ട്രാജഡി ഓഫ്​ ദോഹ’ എന്നാണ് ആ സമനിലയെ കുറിച്ച് ജപ്പാൻകാർ തെല്ലുവേദനയോടെ അക്കാലത്തു പറയാറുള്ളത്. ഇന്നത്തെ കോച്ച് ഹജ്‌മേ മോറിയാസു ടീമിലെ മിഡ്​ഫീൽഡറായിരുന്നു.

തോൽവിക്കുശേഷം ഏതാനും വർഷങ്ങളോളം ദോഹ സന്ദർശിക്കാൻ വരുന്ന ഫുട്‌ബോൾ പ്രിയരായ എന്റെ ജപ്പാനീസ്​ സഹപ്രവർത്തകർ അൽ അഹ്​ലി സ്​പോർട്​സ്​ ക്ലബ്​ ​ഗ്രൗണ്ടിലേക്ക് കൊണ്ടുപോവാൻ പറയും. ഗ്രൗണ്ടിലെത്തിയാൽ മൈതാന മദ്ധ്യത്തിലേക്കും ഒഴിഞ്ഞ ഗാലറികളിലേക്കും നോക്കി നെടുവീർപ്പിടും. ജപ്പാനീസ്​ ഭാഷയിൽ മോണോലോഗിൽ മുഴുകും, ശേഷം അവരുടെ വിഷമം പങ്കിടും.

കഴിഞ്ഞ വ്യാഴം രാത്രി, ഒരു മില്ലി മീറ്ററിന്റെ വ്യത്യാസത്തിനു പുറത്തുപോവാൻ വിസമ്മതിച്ച ആ കാൽപ്പന്തിന്റെ ബലത്തിൽ ജപ്പാൻ നോക്ക് ഔട്ട് റൗണ്ടുകളിലേക്ക് കളിച്ചുതന്നെ കയറുമ്പോൾ ഹജ്‌മേ മോറിയാസു പഴയ കാല ഓർമകളെ ഒരു ചെറുപുഞ്ചിരിയോടെ അയവിറക്കിക്കാണണം.

Comments