മൗലികവാദത്തിനും
വസ്തുതകൾക്കുമിടയിലെ
ബഫർസോൺ വിവാദങ്ങൾ
മൗലികവാദത്തിനും വസ്തുതകൾക്കുമിടയിലെ ബഫർസോൺ വിവാദങ്ങൾ
കോടതിയായാലും കേന്ദ്രമായാലും രാജ്യത്തിന് മുഴുവനായി ഒറ്റത്താപ്പുമായി ഇറങ്ങിയാല്‍ ഒരു ഗുണവും അതുണ്ടാക്കില്ല എന്നതു പാഠമാകണം. WGEEP-റിപ്പോർട്ടും പിന്നീടു വന്ന വനനിയമ ഭേദഗതി നിര്‍ദ്ദേശങ്ങളും ഒന്നും കേരളത്തില്‍ കുടിയേറ്റ കര്‍ഷകര്‍ എന്ന ഒരു സുപ്രധാന വിഭാഗമുണ്ട്, അവര്‍ കൂടിചേര്‍ന്നാണ് കാടും മണ്ണും എല്ലാം കാത്തത് എന്ന സവിശേഷത അംഗീകരിക്കുന്നതെയില്ല. ഒരുതരം പരിസ്ഥിതി സംരക്ഷണ- സുസ്ഥിര അജണ്ടകളും അവധാനതയോടെ സംവദിക്കാന്‍ സാധ്യമല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുന്നത് ഈ മൗലികവാദമാണ്.
23 Dec 2022, 06:44 PM
വാസ്തവത്തില്‍ പശ്ചിമഘട്ടം എന്നത് കേരളത്തിലെ ഏറ്റവും കൂടുതല്‍ ഭൂ വിസ്തൃതിയുള്ള കാര്‍ഷിക കാലാവസ്ഥാ മേഖലയിലെ പ്രദേശമാണ്. പശ്ചിമഘട്ട മലകളും അതിന്റെ പീഠഭൂമിയും ചേര്‍ന്നാല്‍ കേരളത്തിന്റെ ആകെ ഭൂ വിസ്തൃതിയുടെ 40 ശതമാനം ( കൃത്യമായി 39.97%) വരുന്ന മലവാരമായി. പൊതു വ്യവഹാരത്തില്‍ പശ്ചിമഘട്ടം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് പശ്ചിമഘട്ട വനങ്ങള്‍ എന്നാണെങ്കിലും high hills എന്ന കാര്‍ഷിക കാലാവസ്ഥാ മേഖലയിലെ പ്രധാന ഭാഗമാണ് പശ്ചിമഘട്ടം എന്നതാണ് വാസ്തവം.
ഭൂപ്രകൃതി ശാസ്ത്ര പ്രകാരം മലനാടും ഇടനാടും തീരപ്രദേശവും ചേര്‍ന്ന പ്രദേശമാണല്ലോ കേരളം. ഇതില്‍ ഇടനാട് മനുഷ്യനിര്‍മിത പ്രകൃതിയാണ്. മലനാടും തീരവുമാണ് ആദിമ പ്രകൃതി പ്രത്യേകതകള്‍. ഇവ തമ്മിലുള്ള വ്യവഹാരങ്ങളാണ് കേരള സാമൂഹ്യ നിര്‍മിതിയും വികാസ ക്രമങ്ങളും നിര്‍ണ്ണയിച്ചത്. കുറിഞ്ഞി (മലമ്പ്രദേശം), പാലൈ (അടിവാരം), മുല്ലൈ (പുല്‍മേട്), മരുത് (നിലങ്ങള്‍), നൈതല്‍ (തീരം) എന്നിങ്ങനെയുള്ള വിഭജനം സംഘകാലത്തുതന്നെ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. കുറിഞ്ഞിയും, പാലൈയും എല്ലാം മനുഷ്യര്‍ അധിവസിക്കുകയും ക്രമേണ കാര്‍ഷികവൃത്തിയിലേക്ക് പരിവര്‍ത്തിക്കപ്പെടുകയും ചെയ്ത ഭൂ ഭാഗം കൂടി ചേരുന്ന പ്രദേശമാണ്. തിരുവിതാംകൂറിന്റെയും മലബാറിന്റെയും മലവാരം കുടിയേറ്റ കര്‍ഷകരുടെ കൊടിയ അധ്വാനത്തില്‍ പൊന്നു വിളയുന്ന ഭൂമിയായി മാറിയത് വെട്ടിപ്പിടിക്കാന്‍ അവര്‍ തീരുമാനിച്ചിറങ്ങിറങ്ങിയതു കൊണ്ടല്ല. അത് നമ്മുടെ നാടിന്റെ രാഷ്ട്രീയ സാമ്പത്തിക പരിണാമത്തിന്റെ ഒരു ഘട്ടമായി വന്ന മാറ്റമാണ്. ഏറ്റവും നേരിട്ട് മനുഷ്യനും പ്രകൃതിയും തമ്മില്‍ ഇടപെട്ടു പുരോഗമിച്ച പ്രദേശമാണ് ഈ മലവാരം എന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല.

ഈ ലോലതയാണ്, അഥവാ സെന്‍സിറ്റിവിറ്റിയാണ് മലവാരത്തിന്റെ പ്രത്യേകത. മണ്ണും വെള്ളവും കാത്തും സംരക്ഷിച്ചുമല്ലാതെ കൃഷി സാധ്യമല്ല. ഇതു കൊണ്ടാണ് ആകെ ഭൂവിസ്തൃതിയുടെ 30 % ഇപ്പോഴും കാടായി സംരക്ഷിക്കപ്പെടുന്നത്. അത് ക്രമം തെറ്റുന്ന കാലാവസ്ഥയുടെ കാലത്ത് ലോകത്തിനാകെ മലയാളം നല്‍കുന്ന സംഭാവനയുമാണ്. ഒരേസമയം നാടിന്റെ സാമ്പത്തിക വികാസത്തില്‍ വലിയ പങ്ക് വഹിക്കുകയും പാരിസ്ഥിതിക സുരക്ഷയില്‍ നിര്‍ണ്ണായകമാകുകയും ചെയ്യുന്ന പ്രദേശമാണിത്. ഇവ തമ്മിലുള്ള സന്തുലനമാണ് ഈ പ്രദേശത്തെ സെന്‍സിറ്റീവ് ആക്കുന്നത്. ഏതെങ്കിലും ഒന്നില്‍ ഏകപക്ഷീയമായി ഊന്നുന്ന സമീപനം ഈ നാടിനെ കലുഷിതമാക്കും. അതാണു നാം പലപ്പോഴായി കാണുന്ന സംഭവഗതികള്‍. മലവാരം എന്നാല്‍ കാടു മാത്രമല്ല, മനുഷ്യരും അവരുടെ ജീവിതവും ജീവിതായോധനവും അതു നാടിനു നല്‍കുന്ന വലിയ സംഭാവനകളും ചേരുന്നതാണ് എന്നു മനസ്സിലാക്കിയെ മതിയാകൂ.
ഇന്നു നടക്കുന്ന ബഫര്‍ സോണ്‍ വിവാദം ഈ പശ്ചാത്തലത്തില്‍ മനസ്സി ലാക്കപ്പെടണം.
പരിസ്ഥിതി ലോലത
പശ്ചിമഘട്ടം അടങ്ങുന്ന മലവാരം പാരിസ്ഥിതികമായി സെന്‍സിറ്റീവ് ആയ പ്രദേശമല്ലേ? അവിടെ പ്രത്യേക സംരക്ഷണ നടപടികള്‍ വേണ്ടതല്ലേ?
ശരിയാണ്. എന്നാല്‍ പ്രശ്‌നം എന്താണെന്നോ? അവിടെയുള്ള മനുഷ്യ ജീവിതവും ജീവിതവൃത്തികളും ഈ പ്രകൃതിസംരക്ഷണവും തമ്മിലുള്ള ബന്ധത്തില്‍ ഊന്നിയല്ല പലപ്പോഴും നാം പരിസ്ഥിതി സംരക്ഷണ അജണ്ട (conservation agenda) മുന്നോട്ടു വയ്ക്കുന്നത്. മറ്റു പലതുമാകും മുന്നില്‍. അതൊക്കെ അസാധുവാണ് എന്നൊന്നുമല്ല വാദിക്കുന്നത്. ബഫര്‍ സോണ്‍ വരുന്ന വഴി തന്നെ നോക്കൂ. വന്യജീവി സംരക്ഷണ സ്ട്രാറ്റജിയുടെ ഭാഗമായിട്ടാണ് ബഫര്‍ സോണ്‍, സേഫ്റ്റി സോണ്‍, ഇക്കോ സെന്‍സിറ്റീവ് സോണ്‍ എന്നൊക്കെ പറയുന്ന കരുതല്‍ മേഖല കടന്നുവരുന്നത്. അവിടെ സാധാരണ മനുഷ്യവാസ പ്രദേശങ്ങളില്‍ നിന്ന് ഭിന്നമായി നിയന്ത്രണങ്ങളും നിരോധനങ്ങളും ഉണ്ടാകും എന്നു പറയുകയാണ്.
എന്തിനാണിത്? മനുഷരുടെ ജീവിതവും ജോലിയുമായി ബന്ധിപ്പിച്ചല്ല ഇവ വരുന്നതും വിശദീകരിക്കപ്പെടുന്നതും. മനുഷ്യനെ മാറ്റി നിര്‍ത്തിയുള്ള കണ്‍സര്‍വേഷന്‍ എന്നു വരുമ്പോഴാണ് ഈ സെന്‍സിറ്റിവിറ്റിയൊക്കെ ഈ വിധം സെന്‍സിറ്റീവ് ആയി ഘനീഭവിക്കുന്നത്.
ഇക്കോ സെന്‍സിറ്റീവ് സോണ്‍ ബഹുവിധം
The Western Ghats Ecology Expert Panel (WGEEP) റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദക്കാലത്താണ് സമീപ കാലത്ത് കേരളം ഈ Eco Sensitive Zone (ESZ ) ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത്. ഇപ്പോഴത്തെ ബഫര്‍ സോണ്‍ എന്ന ESZ യുടെ ജനനം അതിനൊക്കെ മുന്‍പേയാണ്. തമ്മില്‍ കുറച്ചു വ്യത്യാസവുമുണ്ട്. ദക്ഷിണേന്ത്യയിലെ 25 കോടി ജനങ്ങളുടെ ജല ആവശ്യത്തെയും കൃഷിയെയും അതുവഴി ജീവിതത്തെയും ഗണ്യമായി സ്വാധീനിക്കുന്ന പരിസ്ഥിതി വ്യവസ്ഥയാണ് പശ്ചിമഘട്ടം. ഈ വ്യവസ്ഥ പല വിധ കാരണങ്ങളാലും നാശത്തെ നേരിടുന്നു. അതീവ ജൈവപ്രാധാന്യമുള്ള, ലോകത്തിലെ തന്നെ അപൂര്‍വ ജൈവക്കലവറയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടമൊന്നാകെ തന്നെ അതിനാല്‍ പരിസ്ഥിതി പ്രധാന മേഖലയാണ്. ഇതായിരുന്നു WGEEP നടത്തിയ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമ ഘട്ടം ഒന്നാകെ ESZ ആണെന്നു നിര്‍ണയിച്ചു. ESZ 1, 2, 3 എന്നിങ്ങനെ തിരിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും ശുപാര്‍ശ ചെയ്തു. ഇതൊക്കെ നോക്കി നടത്താന്‍ ഒരു പ്രത്യേക അതോറിറ്റിയും ശുപാര്‍ശ ചെയ്യപ്പെട്ടു. അതിരും അടയാളവും നിര്‍ണയിച്ചു. പരിസ്ഥിതി ലോല താലൂക്കുകള്‍ പ്രസിദ്ധപ്പെടുത്തി. ഇതായിരുന്നു WGEEP സ്വീകരിച്ച രീതി. മനുഷ്യര്‍ എതിരായി. പിന്നീട് എന്ത് സംഭവിച്ചു എന്നു നമുക്കറിയാം. മനുഷ്യരെയും അവരുടെ ജീവിതത്തെയും അകറ്റി നിര്‍ത്തി കണ്‍സര്‍വേഷന്‍ സാധ്യമല്ല തന്നെ.
ബഫര്‍ സോണ്‍ എന്ന ESZ
ഇപ്പോഴത്തെ ബഫര്‍ സോണ്‍ എന്ന ESZ ഇത്ര വരില്ല. വന്യമൃഗ സങ്കേതങ്ങള്‍, നാഷനല്‍ പാര്‍ക്കുകള്‍ തുടങ്ങിയ സംരക്ഷിത വനങ്ങളുടെ പുറം അതിരില്‍ നിന്നും ഒരു കിലോമീറ്റര്‍ വീതിയില്‍ Eco Sensitive Zone എന്ന സുരക്ഷിത മേഖല നിര്‍ണയിക്കുക എന്നതാണ് ഇപ്പോഴത്തെ ബഫര്‍ സോണ്‍ നിര്‍ദ്ദേശം.
ഈ ബഫര്‍ സോണ്‍ അഥവാ ESZ അഥവാ safety Zone വന്നതെങ്ങനെയെന്നു മനസിലാക്കേണ്ടതുണ്ട്. 2022 ജൂണ്‍ 3 നു വന്ന ഒരു സുപ്രീം കോടതി വിധിയാണ് സമീപകാലത്തെ സംഭവവികാസം. ഈ കേസിനു തന്നെ പതിറ്റാണ്ടുകളുടെ കഥയുണ്ട്. ജൂണിലെ മൂന്നംഗ സുപ്രീം കോടതി വിധി വന്യ മൃഗ സങ്കേതങ്ങള്‍, നാഷനല്‍ പാര്‍ക്കുകള്‍, സംരക്ഷിത വനങ്ങള്‍ എന്നിവക്ക് ഒരു കിലോമീറ്റർ ബഫര്‍ സോണ്‍ നിര്‍ബന്ധിതമാക്കി.അതു നിര്‍ണയിക്കുന്നതിനുള്ള പ്രക്രിയയും പറഞ്ഞു. വിധിയിലെ വാചകങ്ങള്‍ ഇതാണ്: Each protected forest, that is national park or wildlife sanctuary must have an ESZ of minimum one kilometer measured from the demarcated boundary of such protected forest in which the activities proscribed and prescribed in the Guidelines of 9th February 2011 shall be strictly adhered to.
ഇതില്‍ 2011 ലെ ഒരു ഗൈഡ്ലൈൻ സംബന്ധിച്ചു പറയുന്നില്ലേ? അതിലാണ് ഈ നിരോധനവും നിയന്ത്രണവും എല്ലാമുള്ളത്. അത് 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയതാണ്. എന്തായാലും ഈ സുപ്രീംകോടതി വിധിയാണ് അടിയന്തിരമായി ബഫര്‍ സോണ്‍ നിര്‍ണയം നിര്‍ബന്ധമാക്കിയത്. ഈ പ്രക്രിയയില്‍ ആദ്യ നടപടി ഈ ബഫര്‍സോണില്‍ നിലവിലുള്ള നിര്‍മിതികളും മറ്റും അടയാളപ്പെടുത്തുക എന്നതാണ്. കോടതി പറഞ്ഞത് ഇതാണ്: The Principal Chief Conservator of Forests for each State and Union Territory shall also arrange to make a list of subsisting structures and other relevant details within the respective ESZs forthwith and a report shall be furnished before this Court by the Principal Chief Conservator of Forests of each State and Union Territory within a period of three months.

Subsisting structures, മറ്റു വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദ വിവരം മൂന്നു മാസത്തിനകം സുപ്രീം കോടതിക്കു നല്‍കണം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബഫര്‍ സോണ്‍ ഏതു വരെ എന്നു കോടതി തീരുമാനിച്ചു കഴിഞ്ഞു. അവിടെയുള്ള സ്ഥിതി എന്ത് എന്നതുമാത്രമാണ് ഈ ഘട്ടത്തില്‍ നോക്കുന്നത്. ഉപഗ്രഹ സര്‍വ്വെ / drones photography വഴി നടത്തി എന്നതാണല്ലോ മറ്റൊരു ആക്ഷേപം. ഇതു സുപ്രീംകോടതി പറഞ്ഞതാണ്.
കോടതി പറയുന്നത് ഇതാണ്. നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ എന്തു ചെയ്യണം എന്നത് സുപ്രീം കോടതി വിധിയില്‍ വ്യക്തമാണ്: For this purpose, such authority shall be entitled to take assistance of any governmental agency for satellite imaging or photography using drones.
അപ്പോള്‍ satellite imaging കോടതി പറയുന്നതാണ്. മൂന്നു മാസത്തിനകം നിലവിലുള്ള സ്ഥിതി നല്‍കണം എന്നാണല്ലോ വിധി.
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു കാര്യം കൂടി ഇവിടെ പ്രസക്തമാണ്. എന്തിനാണ് വനം വകുപ്പിനെ ഈ മാപ്പ് ഉണ്ടാക്കാന്‍ ചുമതല ഏല്‍പ്പിക്കുന്നത് എന്ന ചോദ്യം വേഗം ക്ലച്ച് പിടിക്കുന്ന ഒന്നുതന്നെയായിരുന്നു. ഫോറസ്റ്റ് ബ്യൂറോക്രസി അവലംബിക്കുന്ന യാന്ത്രികത ഉണ്ടാക്കുന്ന ദുരിതം ജീവിതം മുഴുവന്‍ നേരിടുന്നവരാണ് മലയോര വാസികള്‍. പന്നിയെ നോക്കി പേടിപ്പിച്ചു എന്നൊക്കെ പറഞ്ഞ് മനുഷ്യരെ റിമാന്‍ഡ് ചെയ്യുന്ന വാര്‍ത്ത എല്ലാവര്‍ക്കും പരിചിതമാനല്ലോ? അതാണ് മനുഷ്യരുടെ ആശങ്ക. പക്ഷേ നിലവിലെ സ്ഥിതി സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ Principal Chief Conservator of Forests നെയാണ് കോടതി ചുമതലപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന് ഇതു അനുസരിക്കാതെ തരമില്ല.
വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍
കോടതി ഉത്തരവു പ്രകാരം Kerala State Remote Sensing and Environment Center നെ ചുമതലപ്പെടുത്തി ഈ സംരക്ഷിത വനപ്രദേശത്തിന്റെ പുറംഅതിരില്‍ നിന്ന് ഒരു കിലോമീറ്റര്‍ വീതിയിലുള്ള പ്രദേശത്ത് നിലവിലെ നിര്‍മിതികള്‍, മറ്റു മനുഷ്യഇടപെടലുകള്‍ എല്ലാം അടയാളപ്പെടുത്തുന്നു. ഒരു കരടു പ്രസിദ്ധപ്പെടുത്തി ആക്ഷേപങ്ങള്‍ കേട്ട് അന്തിമ പട്ടിക തയ്യാറാക്കുക എന്ന കോടതി നിര്‍ദ്ദേശപ്രകാരമുള്ള നടപടിയാണ് സ്വീകരിക്കപ്പെട്ടത്. ഇങ്ങനെ തല്‍സ്ഥിതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് എന്തിനാണ്? വീണ്ടും കോടതി വിധി നോക്കാം: The minimum width of the ESZ may be diluted in overwhelming public interest but for that purpose the State or UnionTerritory concerned shall approach the CEC and MoEF & CC and both these bodies shall give their respective opinions/recommendations before this Court. On that basis, this Court shall pass appropriate order and MoEF & CC and both these bodies shall give their respective opinions/recommendations before this Court. On that basis, this Court shall pass appropriate order..

അതായത് ബഫര്‍സോണ്‍ വീതി ജനങ്ങളുടെ വര്‍ദ്ധിച്ച താല്‍പര്യപ്രകാരം കുറയ്ക്കാം. പക്ഷേ അതിന് സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും, കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും സമീപിച്ച് കാര്യങ്ങള്‍ ധരിപ്പിക്കണം. ഇവരുടെ അഭിപ്രായം കോടതി പരിഗണിച്ച് ഉചിതമായ ഉത്തരവ് നല്‍കും. പിഴവറ്റ വിവരങ്ങളുമായിട്ടല്ലാതെ മന്ത്രാലയത്തെയോ സി.ഇ.സി യെയോ സമീപിക്കാനാവില്ല. അതും കോടതി പറഞ്ഞ നടപടിക്രമം പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയല്ലാതെ കേരളത്തിന്റെ ഈ പ്രത്യേകത കോടതിയെ ബോധിപ്പിച്ച് ഈ ബഫര്‍ സോണ്‍ വീതി കുറയ്ക്കാന്‍ കഴിയില്ല. ഇതാണ് ആദ്യം പ്രസിദ്ധീകരിച്ച ഒരു കി.മീ. ബഫര്‍ കരടു മാപ്പിന്റെ പ്രസക്തി. ജൂണ്‍ 3 ലെ വിധിക്കെതിരെ കേരളം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലും ഇപ്രകാരമുള്ള റിപ്പോര്‍ട്ട് പരമപ്രധാനമാണ്. നിലവിലുള്ള ചില നിര്‍മിതികള്‍ വന്നില്ല എന്നതാണല്ലോ പരാതിയായി വന്നത്. ആക്ഷേപം കേള്‍ക്കുന്നതിനുള്ള സമയം നീട്ടണം എന്നതിനൊന്നും പോരു പ്രഖ്യാപിക്കേണ്ട കാര്യമില്ലല്ലോ? ഇതു മലയോരത്തു മാത്രമല്ല എന്നു പ്രത്യേകം ശ്രദ്ധിക്കണം. സംരക്ഷിത വന മേഖലയിലാണ്. അതില്‍ ഒന്ന് എറണാകുളം പട്ടണത്തിലെ മംഗളവനമാണ്. ഇതിന്റെ ബഫര്‍ സോണിലാണ് (1 കിമീ) ഹൈക്കോടതി. മറ്റൊന്ന് തട്ടേക്കാടും. പലരും പറയുന്നതു കേട്ടാല്‍ എന്താണു തോന്നുക? കുടിയേറ്റ കര്‍ഷകരെ ഇറക്കിവിടാനുള്ള ഇടതുഗൂഡാലോചനയാണ് ഇതെന്നല്ലേ?
ഈ തക്കമാണ് വി.ഡി. സതീശന്‍ നോക്കിയിരുന്നത്. ഇവിടെയാണ് ഈ കേസും ഗൈഡ് ലൈനും എല്ലാം വന്ന വഴി പ്രസക്തമാകുന്നത്.
Eco Sensitive Zone വന്ന വഴികള്‍
Eco Sensitive Zone എന്ന ആശയത്തിനു രണ്ടു ധാരകളുണ്ട്.
ഒന്ന്, കേന്ദ്ര വന്യ ജീവി സംരക്ഷണ ബോര്‍ഡ് നടത്തിയ ഇടപെടലുകളാണ്. 2002 ല്‍ സ്വീകരിച്ച national wildlife conservation strategyയിലാണ് ബഫര്‍ സോണ്‍ എന്ന ആശയം വന്നത്. 10 കിലോമീറ്റര്‍ ആയിരുന്നു വന്യ ജീവി ബോര്‍ഡിന്റെ ബഫര്‍ സോണ്‍. 2005 ല്‍ ഇവര്‍ ഒന്നു മയപ്പെട്ടു. നിരോധനമല്ല, നിയന്ത്രണമാണ് എന്നു പറഞ്ഞ് ESZപ്ലാന്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ആരും ഒന്നും ചെയ്തില്ല. അപ്പോഴാണ് സുപ്രീം കോടതി മറ്റൊരു കേസില്‍ ഇതില്‍ കൈവയ്ക്കുന്നത്. 2006 ഡിസംബറില്‍ ESZ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 2010 ല്‍ ഒരു പക്ഷി സങ്കേതം (Okhla bird sanctuary) സംബന്ധിച്ച കേസില്‍ ESZ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കോടതി സമീപ കാലത്ത് വീണ്ടും നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് നാം നേരത്തെ കണ്ട 2011 ലെ ഗൈഡ്ലൈൻ വരുന്നത്. സംരക്ഷിത വനങ്ങളുടെ പുറം അതിരില്‍ നിന്ന് 10 കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍ കീഴില്‍ ESZ ആക്കുക എന്നതായിരുന്നു ഗൈഡ്ലൈനിലെ നിര്‍ദ്ദേശം.
2011 ഡിസംബര്‍ 9 നാണ് സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ESZ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. 2002 ലെ wild life conservation Strategy, National Wild life Action Plan -2002: 2016 എന്നിവയാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അടിസ്ഥാനം എന്ന് ഈ രേഖ തന്നെ വ്യക്തമാക്കുന്നുണ്ട്. 2005 ല്‍ ദേശീയ വന്യ ജീവി സംരക്ഷണ ബോര്‍ഡ് യോഗം പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് വേണം എന്നും നിയന്ത്രണങ്ങള്‍ എന്നു പറഞ്ഞു. നിരോധനമല്ല, മറിച്ചു നിയന്ത്രണമാണ് തങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളേയും അറിയിക്കുകയും ചെയ്തു. 2006 ല്‍ ഗോവ ഫൗണ്ടേഷന്‍ കേസില്‍ സുപ്രീം കോടതി നാലാഴ്ച കൂടി സമയം സംസ്ഥാനങ്ങള്‍ക്കു നല്‍കി ESZ നിര്‍ദ്ദേശം അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

2010 ലെ Okhla bird sanctuary ( UP) കേസിലെ സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് Eco Sensitivity നിര്‍ണയിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രൊനാബ് സെന്‍ അധ്യക്ഷനായി വിദഗ്ദ സമിതിയെ നിയോഗിച്ചു. ഒരു പ്രദേശത്തിന്റെ ജന്തു സസ്യ വൈവിധ്യം, അവയുടെ അപൂര്‍വ്വത, പ്രാദേശികത (endemism), പ്രദേശത്തിന്റെ ചെരിവ്, നദികളുടേയും അരുവികളുടെയും ഉല്‍ഭവം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രദേശത്തിന്റെ പാരിസ്ഥിതിക ലോലത നിര്‍ണയിക്കുന്നതിന് സമിതി നിര്‍ദ്ദേശം സമര്‍പ്പിച്ചു. ഈ മാനദണ്ഡമാണ് WGEEP കമ്മിറ്റി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ആധാരമാക്കിയത്. എന്തായാലും ഇവിടെ ബഫര്‍ സോണ്‍ നിര്‍ണയത്തില്‍ ഇത് അതേപോലെ ഉപയോഗിക്കപ്പെട്ടില്ല. സംരക്ഷിത വനമേഖലയ്ക്കുചുറ്റും ഒരു ഷോക്ക് അബ്‌സോര്‍ബെര്‍ എന്നതും സമ്പൂര്‍ണ നിയന്ത്രണ മേഖലയില്‍ (വന മേഖലയില്‍ നിന്നും) നിന്ന് ക്രമേണ മാറുന്ന ഒരു പരിവര്‍ത്തന മേഖല (transition Zone)എന്നതുമായിരുന്നു ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ച സമീപനം.
പൊതുതത്വം 10 കിലോ മീറ്റര്‍ വരെ ( Up to 10 KMs ) വരെയാണ് എന്നിരിക്കിലും ഈ പരിധി ഓരോ സംരക്ഷിത വനമേഖലയിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമാകാം എന്നാണ് ഗൈഡ്ലൈന്‍ വ്യവസ്ഥ ചെയ്തത്. ഇതു പ്രത്യേകം ഓര്‍ത്തു വയ്ക്കണം. ഒന്ന്, പത്തു കിലോമീറ്റര്‍ എന്നല്ല മറിച്ച്, പത്തു കിലോമീറ്റര്‍ വരെ എന്നാണ് ഗൈഡ് ലൈന്‍ പറഞ്ഞത്. രണ്ടാമത്തേത്, ഈ പരിധി site specific ആയി വ്യത്യാസപ്പെടാം എന്നും പറയുന്നുണ്ട്. ഈ പരിധി നിര്‍ണയിക്കുന്നതിനുള്ള പ്രക്രിയയും ആ ഗൈഡ് ലൈന്‍ വിശദമാക്കിയിട്ടുണ്ട് . ആദ്യം തല്‍ സ്ഥിതി റിപ്പോര്‍ട്ട് ഉണ്ടാക്കണം. അതിന് ബന്ധപ്പെട്ട റേഞ്ച് ഓഫീസര്‍ക്കാണ് ചുമതല. തദ്ദേശം, റവന്യൂ ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി ഓരോ സംരക്ഷിത മേഖലയ്ക്കും രൂപീകരിക്കണം. ഇവരാണ്, പ്രസ്തുത പ്രദേശത്ത് ബഫര്‍ സോണ്‍ തന്നെ ആവശ്യമുണ്ടോ, വേണമെങ്കില്‍ എത്ര, അവിടെ എന്തൊക്കെ മാനേജ്‌മെന്റ് രീതികള്‍, മാസ്റ്റര്‍ പ്ലാന്‍ എന്നിവ നിര്‍ദ്ദേശിക്കേണ്ടത് എന്നും ഈ ഗൈഡ് ലൈന്‍ പറയുന്നു.
ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ മൂന്നു ഉപ സമിതികള്‍ രൂപീകരിച്ചത്. വി. ഡി. സതീശന്‍, ടി. എന്‍. പ്രതാപന്‍, എന്‍. എം. ഷംസുദ്ദീന്‍ എന്നീ യു.ഡി.എഫ് എം.എൽ.എമാർ അദ്ധ്യക്ഷന്മാരായി ഉപസമിതികള്‍. ഈ സമിതികളാണ് സംരക്ഷിത വനമേഖലയ്ക്കു ചുറ്റും 12 കിലോ മീറ്റര്‍ വീതിയില്‍ ബഫര്‍ സോണ്‍ എന്ന നിര്‍ദ്ദേശം വയ്ക്കുന്നതും, 08-05- 2013 ല്‍ മന്ത്രിസഭ അംഗീകരിക്കുന്നതും.

ജനവാസ മേഖല ഒഴിവാക്കി എന്നതാണ് തീരുമാനം. ഇവിടെ രണ്ടു പ്രശ്‌നങ്ങള്‍ ഉണ്ട്. ഏതാണ് ജനവാസ മേഖല എന്നതാണ് ഒന്ന്. രണ്ടാമത്തേത് 12 കിലോമീറ്റര്‍ വീതിയില്‍ ഇപ്പോഴുള്ളവ സംരക്ഷിക്കപ്പെട്ടാല്‍ മതി, പുതുതായി ഒന്നും വേണ്ടതില്ല എന്നത് സ്വീകരിക്കപ്പെടുന്നു എന്ന അതീവ ഗുരുതരമായ സ്ഥിതി ഉണ്ടാകുകയും ചെയ്യുന്നു. കേരളത്തിന്റെ ജനവാസപ്രകൃതവും ഭൂ ലഭ്യതയും എല്ലാം കണക്കിലെടുക്കുമ്പോള്‍ ഇത്രയും പ്രദേശം No Development Zone ആയോ highly regulated zone ആയോ തുടരാം എന്നത് എത്രമേല്‍ സ്വീകാര്യമാണ് എന്നതു ചര്‍ച്ച ചെയ്യപ്പെട്ടോ എന്നു സംശയമാണ്.
2011 ലെ ഗൈഡ് ലൈന്‍ അനുബന്ധം 1 ല്‍ ബഫര്‍ സോണില്‍ നിരോധിക്കപ്പെടേണ്ടതും, നിയന്ത്രിക്കപ്പെടേണ്ടതുമായ പ്രവര്‍ത്തികളുടെ പട്ടിക നല്‍കിയിട്ടുണ്ട്. 26 ഇനങ്ങളില്‍ 8 ഇനങ്ങളില്‍ സമ്പൂര്‍ണ നിരോധനമാണ്. ഖനനം, അറക്ക മില്ലുകള്‍, ഏതെങ്കിലും തരത്തില്‍ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ (അങ്ങനെ അല്ലാത്ത വ്യവസായം ഉണ്ടോ എന്തോ?), ജല വൈദ്യുത പദ്ധതികള്‍, വിറകിന്റെ വാണിജ്യ ഉപയോഗം, തുടങ്ങിയവ ഇങ്ങനെ സമ്പൂര്‍ണ നിരോധനമുള്ള പ്രവര്‍ത്തികളാണ്. സംരക്ഷിത വന മേഖലയുടെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ മേല്‍ പറഞ്ഞ ഒരു കാര്യവും മേലില്‍ ചെയ്യില്ല എന്നാണ് 2013 മെയ് 8 ന് എടുത്ത തീരുമാനത്തിന്റെ അന്തഃസത്ത.
കോടതി ഇടപെടല്‍
സുപ്രീം കോടതി നിരന്തരമായി ഇതില്‍ ഇടപെടുന്ന ധാരയാണ് രണ്ടാമത്തേത്. നിലമ്പൂരുകാരന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് 1995 ല്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നു. തമിഴ് നാട്ടിലെ നീലഗിരിയില്‍ വനസംരക്ഷണത്തിനു നടപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. ഈ കേസില്‍ കോടതി തങ്ങളുടെ പരിഗണനാമേഖല സ്വയം വിപുലപ്പെടുത്തുകയായിരുന്നു.
രാജ്യത്തെമ്പാടുമുള്ള വനസംരക്ഷണം പരിഗണനാ മേഖലയായി മാറി . 2016 ജൂണ്‍ ഒന്നിന് ഹര്‍ജിക്കാരന്‍ മരിച്ചു. എന്നാലും ഹര്‍ജിയിലുള്ള നടപടികള്‍ അനസ്യൂതം തുടരാന്‍ കോടതി തീരുമാനിച്ചു. ഈ കേസില്‍ 2002 ല്‍ കോടതി ഒരു Central Empowered Committee ( CEC) രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍ കീഴിലുള്ള ഒരു statutory authority ആയി CEC യെ വിജ്ഞാപനം ചെയ്തു.
ഈ കമ്മിറ്റി അതിന്റെ ആദ്യ റിപ്പോര്‍ട്ട് 2003 നവംബറില്‍ കോടതിയ്ക്കും സര്‍ക്കാരിനും നല്‍കി. ഈ റിപ്പോര്‍ട്ട് ഒരു ഇടക്കാല അപേക്ഷയായി പരിഗണിച്ച് കോടതി നടപടികള്‍ സ്വീകരിച്ചു. സംരക്ഷിത വന മേഖലയിലെ ഖനനം ആയിരുന്നു സ്പെസഫിക്കായ വിഷയം. അതു തന്നെ രാജസ്ഥാനിലെ Jamua Ramgarh wildlife sanctuary സംബന്ധിച്ച്. അവിടെ സര്‍ക്കാര്‍ ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ചത് 25 മീറ്റര്‍ ആയിരുന്നു.

ഇതു പരിഗണനയിലിരിക്കേ, 2012 ല്‍ Central Empowered Committee ( CEC) രണ്ടാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതു രാജ്യം മുഴുവന്‍ സംരക്ഷിത വന മേഖലയില്‍ ESZ നിര്‍ണയിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടായിരുന്നു. ഇതും കോടതി തിരുമുല്‍പ്പാട് കേസില്‍ ഉള്‍പ്പെടുത്തി പരിഗണിച്ചു. അതില്‍ വന്ന വിധിയാണ് ജൂണിലെ വിധി.
തിരുമുല്‍പ്പാട് കേസിലെ അനവരതം ഇടക്കാല അപേക്ഷകളും ഗോവ ഫൗണ്ടേഷന്‍ കേസിലെ ഗതിവിഗതികളും നോക്കിയാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. സംരക്ഷിത വനമേഖലയിലെ വ്യാപകമായ ഖനനമാണ് ഇവയിലെ പ്രധാന പരിഗണനാ വിഷയം. ഖനന അനുമതി നേടുന്നതിനുള്ള വ്യവഹാരങ്ങളാണ് ഏറിയ പങ്കും എന്നതു കാണാം. രത്‌നഗിരിയിലെയും രാജസ്ഥാനിലെ Jamua Ramgarh ലെയും മറ്റും ഖനനവും ഇവിടത്തെ പാറമടയും ഒന്നു പോലെ എന്നു പറഞ്ഞു പൊലിപ്പിച്ചാണ് നമ്മുടെ പരിസ്ഥിതി ശുദ്ധത ജീവിക്കുന്നത്. വന്യജീവി സംരക്ഷണ ബോര്‍ഡ് തന്നെ നിരോധനം എന്നതു മാറ്റി നിയന്ത്രണം എന്നാക്കിയിട്ടും ഗാഡ്ഗില്‍ എത്ര ഇനം നിരോധനമാണ് ഇവിടെ വിറ്റത്.
സംസ്ഥാനം ചെയ്തതും ചെയ്യേണ്ടതും
2011 ലെ ഗൈഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരം ബഫര്‍ സോണ്‍ നിര്‍ദ്ദേശം നല്‍കി അനുമതി വാങ്ങുക എന്ന ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. ഗൈഡ് ലൈനില്‍ തന്നെയുള്ള ഇളവുകള്‍ (Flexibilities) ഉപയോഗപ്പെടുത്തി കേരളത്തിന്റെ സവിശേഷത ബോധ്യപ്പെടുത്തി തല്‍സ്ഥിതി സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് തന്നെ ഭാവി വികസന സാധ്യതകള്‍ തുറന്നിടാനും പറ്റുന്ന റിപ്പോര്‍ട്ടു തയ്യാറാക്കി സമീപനം സ്വീകരിക്കുക എന്ന ജോലി സംസ്ഥാനത്തിന്നുണ്ട്. 12 മീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന നിലപാട് ഈ സാധ്യതകളെ ഏതാണ്ട് അടയ്ക്കുന്ന ഒന്നായിരുന്നു. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് തിരുത്തി ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന നിലപാട് സ്വീകരിച്ചു. റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും CEA യ്ക്കും നല്‍കി. ഈ ഘട്ടത്തിലാണ് തിരുമുല്‍പ്പാട് കേസില്‍ സുപ്രീം കോടതി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആയി കണക്കാക്കി ഈ പ്രദേശത്തെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്കാന്‍ ഉത്തരവിടുന്നത്. സംസ്ഥാനം പുനഃപരിശോധനാ ഹര്‍ജി നല്‍കി. എങ്കിലും കോടതി പറഞ്ഞ നടപടി ക്രമം അനുസരിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചുമാത്രമേ ഇളവുകള്‍ നേടിയെടുക്കാന്‍ കഴിയൂ. അപ്പോള്‍ ആ റിപ്പോര്‍ട്ടും കോടതിയ്ക്ക് നല്‍കേണ്ടതുണ്ട്.
വാസ്തതവത്തില്‍ അവധാനതയോടെ പുരോഗമിച്ച ഈ നടപടികള്‍ പൊടുന്നനെ വിവാദത്തില്‍ പെടുന്നത് എങ്ങനെയാണ്? ബഫര്‍ സോണ്‍ മാപ്പ് പ്രസിദ്ധപ്പെടുത്തിയത് ആശങ്കയുണ്ടാക്കി എന്നൊക്കെ പറയാം. എന്നാല്‍ 12 കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നതാണ് ഏറ്റവും അനുയോജ്യം എന്നു കരുതിയവര്‍ എങ്ങനെയാണ് പൊടുന്നനെ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ മഹാ ജനദ്രോഹം എന്നു പറഞ്ഞിറങ്ങുന്നത്? മലയോരത്തെ പൊളിറ്റിക്കല്‍ സോണ്‍ സെന്‍സിറ്റീവ് ആണ്. അതു പിടിക്കാനുള്ള പോരാണ്.
കോടതിയായാലും കേന്ദ്രമായാലും രാജ്യത്തിന് മുഴുവനായി ഒറ്റത്താപ്പുമായി ഇറങ്ങിയാല്‍ ഒരു ഗുണവും അതുണ്ടാക്കില്ല എന്നതു പാഠമാകണം. WGEEP- ഉം പിന്നീടു വന്ന വനനിയമ ഭേദഗതി നിര്‍ദ്ദേശങ്ങളും ഒന്നും കേരളത്തില്‍ കുടിയേറ്റ കര്‍ഷകര്‍ എന്ന ഒരു സുപ്രധാന വിഭാഗമുണ്ട്, അവര്‍ കൂടിചേര്‍ന്നാണ് കാടും മണ്ണും എല്ലാം കാത്തത് എന്ന സവിശേഷത അംഗീകരിക്കുന്നതെയില്ല. ഒരു തരം പരിസ്ഥിതിസംരക്ഷണ, സുസ്ഥിര അജണ്ടകളും അവധാനതയോടെ സംവദിക്കാന്‍ സാധ്യമല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുന്നത് ഈ മൗലികവാദമാണ്.
എന്തായാലും ബഫര്‍ സോണ്‍ ചര്‍ച്ച വികസിക്കുന്ന വഴി സാകൂതം വീക്ഷിക്കാം.
സ്വതന്ത്ര ഗവേഷകന്‍, നിലവില്‍ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റ് സ്റ്റഡീസില്‍ പ്രവര്‍ത്തിക്കുന്നു
കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
Truecopy Webzine
Mar 20, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch
പുരുഷന്‍ ഏലൂര്‍
Mar 15, 2023
5 Minutes Read
സജി മാര്‍ക്കോസ്
Mar 09, 2023
7 Minutes Read