Burning, ഹാഥ്രസിലെ ചിതയിലേക്ക്
പടരുന്ന തീയുമായി
ഒരു ഡോക്യുഫിക്ഷന്‍
Burning ഹാഥ്രസിലെ ചിതയിലേക്ക് പടരുന്ന തീയുമായി ഒരു ഡോക്യുഫിക്ഷന്‍
ഉത്തര്‍പ്രദേശിലെ ജാതിരാഷ്ട്രീയത്തിന്റെയും സ്ത്രീജീവിതത്തിന്റെയും അവസ്ഥ ചിത്രീകരിക്കുന്ന വി.എസ്. സനോജിന്റെ Burning എന്ന സിനിമ, ഹാഥ്രസിലെ ദളിത് പെണ്‍കുട്ടിയുടെ അതിക്രൂരമായ കൊലപാതകത്തിന്റെ സന്ദര്‍ഭത്തില്‍ പൊള്ളിക്കുന്ന ചില യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു.
4 Oct 2020, 09:55 AM
മൂന്നുദിവസം മുമ്പാണ് ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി, വയലില്‍, ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചത്. പൊലീസുകാര്‍ കത്തിച്ചുകളഞ്ഞ ആ ശരീരം അതിക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു, ലൈംഗികമായി. അവളുടെ നാവ് പറിച്ചെടുത്തിരുന്നു. ആ പെണ്‍കുട്ടിയുടെ പേര് നമുക്കറിയാം. പക്ഷേ, ഇനിയത് പറയാന്‍ പറ്റില്ല. അവള്‍ ജനിച്ച ദളിത് സമുദായത്തിന്റെ പേര് അവളുടെ പേരിനൊപ്പം ഉണ്ടായിരുന്നു; വാത്മീകി.
ഇരുണ്ട പച്ചവെളിച്ചത്തില്‍ ആ വാത്മീകിയുടെ ചിത കത്തിത്തീരുന്നതിന്റെ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടു. പിറ്റേന്ന്, പകല്‍ വെളിച്ചത്തില്‍, അവിടെ നിലംപതിഞ്ഞുകിടന്നു, കത്തിച്ചുകളഞ്ഞ, ദളിതയായ, ദരിദ്രയായ ഒരു പെണ്‍കുട്ടിയുടെ ചാരശരീരം.
Burning, വി.എസ്. സനോജ് സംവിധാനം ചെയ്ത 17 മിനുട്ട് ദൈര്‍ഘ്യമുള്ള സിനിമയുടെ പേരാണ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ (കാശി) ഷൂട്ട് ചെയ്ത സിനിമ. മൃതദേഹങ്ങളുടെ നാടാണ് വാരണാസി, കത്തുന്ന ചിതകളുടെ ദൃശ്യങ്ങള്‍ നിറഞ്ഞ നാട്. മരണഘട്ട്.
ജേണലിസ്റ്റായ സിനിമ സംവിധായകനാണ് വി.എസ്. സനോജ്. ഉത്തര്‍പ്രദേശിലെ അതിസങ്കീര്‍ണമായ ജാതിരാഷ്ട്രീയത്തെക്കുറിച്ച്, അടിത്തട്ടിലെ യാഥാര്‍ഥ്യത്തെക്കുറിച്ച് അറിയാവുന്നയാള്‍. ഹാഥ്രസിലെ വാത്മീകി പെണ്‍കുട്ടിയുടെ കൊലപാതകത്തിനുപിന്നിലെ ജാതിവെറിയുടെ നീചരാഷ്ട്രീയത്തെക്കുറിച്ച് സനോജ് എഴുതിയ ലേഖനം വായിച്ച അന്നു തന്നെയാണ് അദ്ദേഹത്തിന്റെ Burning കണ്ടത്.
ജാതിക്കും മരണത്തിനും ചിതകള്‍ക്കും മുന്നില്‍ നിന്നുകൊണ്ട് ഒരു ജേണലിസ്റ്റ് നടത്തിയ രണ്ടുതരം ആവിഷ്‌കാരങ്ങള്‍. ഹാഥ്രസിലെ വയലിനും വാരണാസിയിലെ മരണഘട്ടിനും ഇടയില്‍ പതിനെട്ട് മണിക്കൂറിന്റെയും 690 കിലോമീറ്ററിന്റേയും ദൂരമുണ്ട്. യോഗി ആദിത്യനാഥ് എന്ന തീവ്ര ഹിന്ദുത്വവാദിയാണ് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി. കാവി വസ്ത്രധാരി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കരുത്തനായ വക്താവ്.
ലേഖനത്തില്‍ സനോജ് എഴുതുന്നുണ്ട്, പേര് പറിഞ്ഞുപോയ ആ വാത്മീകി പെണ്‍കുട്ടി, ഉത്തര്‍പ്രദേശില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട പേരില്ലാത്ത നൂറുകണക്കിന് ദളിത് പെണ്‍കുട്ടികളുടെ നിരയില്‍ ഇങ്ങേയറ്റത്ത് നില്‍ക്കുന്ന ഒരുവള്‍ മാത്രമാണ് എന്ന്. മരിച്ചാലും പേര് പറയാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ ഇനിയും ഉണ്ടാകും എന്ന്. ആക്രമണം സവര്‍ണരുടെ അവകാശമായി കരുതുന്ന നാട്ടില്‍, ആക്രമിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍ വാര്‍ത്തയേ അല്ലെന്ന്.

Burning ല്‍ സനോജ് ഉത്തര്‍പ്രദേശിലെ ജാതിരാഷ്ട്രീയത്തിന്റെയും സ്ത്രീജീവിതത്തിന്റെയും മറ്റൊരു അവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് സ്ത്രീകള്‍, മരണഘട്ടിലെ പടവുകളില്‍ വെച്ച് സംസാരിക്കുകയാണ് (കേതകി നാരായണനും റുക്‌സാന തബസ്സും ആണ് അഭിനേതാക്കള്‍). അതിലൊരാളുടെ മകന്റെ മൃതദേഹത്തിനായി വിലപേശുകയാണ് അവര്‍. വളരെ കുറച്ചുനേരം മാത്രമുള്ള ഒരു സംസാരം. ആ സംസാരമാണ് സിനിമ.
ഒരേസമയം കരുത്തരും നിസ്സഹായരുമായ രണ്ടുപേര്‍. ഒരിക്കല്‍ പ്രണയിച്ചിരുന്നവര്‍, പഠിച്ചിരുന്നവര്‍.
അതില്‍ ദരിദ്രയായവള്‍, സ്വാഭാവികമായും ജാതിയാല്‍ വേട്ടയാടപ്പെട്ടവള്‍, ഹാഥ്രസ് പോലൊരു ഗ്രാമത്തില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ട് വാരണസിയില്‍ എത്തിപ്പെട്ടവള്‍. മകളുടെ പ്രണയത്തിന്റെ പേരില്‍ അച്ഛനമ്മമാരെ കൊന്നുകളഞ്ഞ ജാതിയുടെ ഇര.
അതില്‍ സമ്പന്നയായവളുടെ ജീവിതത്തില്‍ ജാതിയല്ല, പാട്രിയാര്‍ക്കിയാണ് നാവരിയാന്‍ ആയുധവുമായി എപ്പോഴും കൂടെയുള്ളത്. അപ്പോഴും അവള്‍ പറയുന്നുണ്ട്, ഞങ്ങള്‍ സമ്പന്നര്‍ക്ക് ദുഃഖം മറികടക്കാന്‍ കുറേ മാര്‍ഗ്ഗങ്ങളുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടേതായി വളരെ കുറച്ചേയുള്ളൂവെന്ന്. അതെങ്കിലും നിങ്ങള്‍ക്ക് വിട്ട് തരേണ്ടതുണ്ട് എന്ന്.
ഹാഥ്രസ് സംഭവവുമായി Burning സിനിമയ്ക്ക് പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. കാലവും സാഹചര്യങ്ങളും കോണ്‍ടെക്സ്റ്റും ഒന്നും തമ്മില്‍ ബന്ധമില്ല. പക്ഷേ Burning ലെ സ്ത്രീകളുടെ വര്‍ത്തമാനത്തിലേക്ക് ഹാഥ്രസിലെ പെണ്‍കുട്ടി കൂടി ചേരുന്നുവെന്ന് തോന്നി. നാവറുക്കപ്പെട്ടവളുടെ സംഭാഷണം കാലത്തിന് മുന്നേയിരുന്ന് രണ്ടുപേര്‍ സിനിമയില്‍ പൂരിപ്പിച്ചുവെന്ന്.

ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ലോകത്തെവിടെയും പരസ്പരം മനസ്സിലാവുന്ന, വളരെ പെട്ടെന്ന് കണക്റ്റ് ചെയ്യാവുന്ന ഭാഷയുണ്ട്. വുമണ്‍ഹുഡിന്റെ ആ ഭാഷ തിരിച്ചറിയാന്‍ പറ്റി എന്നതാണ് സംവിധായകനും ജേണലിസ്റ്റുമായ സനോജിന്റെ വിജയം. സനോജിന്റെ ജേണലിസ്റ്റിക് അനുഭവങ്ങളുടെ രാഷ്ട്രീയ സൂക്ഷ്മത ബേണിങ്ങിലെ ദൃശ്യങ്ങളില്‍ കണ്ടെടുക്കാം.
രണ്ട് ക്ലാസിലും ജാതിയിലും സാഹചര്യത്തിലും പെട്ട ഫിക്ഷണല്‍ കഥാപാത്രങ്ങളാണ് ബേണിങ്ങിലുള്ളത്. കഥാപാത്രങ്ങള്‍ ഫിക്ഷണലാണെങ്കിലും സിനിമാപരിസരം, അതല്ല. വാരണാസി, സിനിമയിലെ പ്രധാന കഥാപാത്രമാണ്. അതുകൊണ്ടുതന്നെ ഡോക്യുഫിക്ഷനാണ് ബേണിങ്ങ് എന്ന് പറയാം.
ആളിക്കത്തുന്ന ചിതകളുടെ രാത്രി ദൃശ്യങ്ങളിലാണ് സിനിമ തീരുന്നത്. മറ്റൊരു സമയത്തായിരുന്നെങ്കില്‍ ഒരു പക്ഷേ ആ ദൃശ്യങ്ങള്‍ സിനിമയ്ക്കുള്ളില്‍ മാത്രമേ നില്‍ക്കുമായിരുന്നുള്ളൂ. പക്ഷേ ഇപ്പോള്‍ ഹാഥ്രസ് ഗ്രാമത്തിലെ വയലില്‍ കത്തിച്ച ചിതയിലേക്ക് ആ തീ പടരുന്നുണ്ട്.
മലയാളികള്‍ പിടിച്ച ഹിന്ദി സിനിമയാണിത്. ബിജി ബാലിന്റേതാണ് ബേണിങ്ങിലെ സംഗീതം. ജേണലിസ്റ്റായ ജിനോയ് ജോസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മനേഷ് മാധവന്റേതാണ് ക്യാമറ. എഡിറ്റർ പ്രവീണ്‍ മംഗലത്ത്. സര്‍വ്വമംഗല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് കുമാര്‍ നിര്‍മിച്ച ബേണിങ്ങ്, നിരവധി അന്താരാഷ്ട്ര, ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ബേണിങ്ങ് ഇന്ന് വൈകീട്ട് യൂ ട്യൂബില്‍ റിലീസ് ചെയ്യും.
ബേണിങ്ങ് ഇന്ന്(ഒക്‌ടോബര്‍ നാല്, ഞായര്‍) വൈകീട്ട് യൂ ട്യൂബില്‍ റിലീസ് ചെയ്യും.
പ്രതിഷേധം കെടും, ലൈംഗികാക്രമണം തുടരും; ഇത് സവർണ ‘ആത്മനിര്‍ഭര്‍' ലോകമാണ്
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
സല്‍വ ഷെറിന്‍
Mar 08, 2023
11 Minutes Watch