അച്യുതമേനോൻ എന്ന സന്ദേഹിയായ കമ്യൂണിസ്റ്റുകാരൻ

ഒരുവേള ഇനിയങ്ങോട്ട് രാജന്റെ പേരിൽ സി.പി.എമ്മുകാർ അച്യുതമേനോനെ പഴയതുപോലെ വേട്ടയാടിയെന്നു വരില്ല. കാരണം അടുത്ത കാലത്തായി അവരുടെ പൊലീസും നക്‌സൽ കൊലപാതകങ്ങൾ പലതും നടത്തുകയുണ്ടായല്ലോ! ഒന്നോർക്കണം. അച്യുതമേനോന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു രാജൻ സംഭവം. കുറ്റബോധം ഏറ്റുപറയാൻ പാർട്ടി അച്ചടക്കം അദ്ദേഹത്തിന് തടസ്സം നിന്നോ എന്നെനിക്കറിയില്ല. ഒന്നുറപ്പിച്ചു പറയാം. ഇതിൽ അദ്ദേഹം ഏറെ വേദനിച്ചിരുന്നു-

30 വർഷം മുമ്പ്, 1991 ആഗസ്റ്റ് 16ന് സി. അച്യുതമേനോൻ അന്തരിച്ചു.
വർഷങ്ങൾ പലതു കഴിഞ്ഞിട്ടും കേരളം അച്യുതമേനോനെ വേണ്ട വിധം മനസ്സിലാക്കിയില്ല. നല്ലൊരു ജീവചരിത്രം പോലും ഇന്നുവരെ പുറത്തു വന്നില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും ചിന്താധാരകളെയും വിലയിരുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു.

ആരായിരുന്നു സി. അച്യുതമേനോൻ?
മിടുക്കനായ ഒരു ഭരണാധികാരിയായിരുന്നു എന്ന നിലയിൽ, കേരളത്തിന്റെ ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന നിലയിലൊക്കെ അദ്ദേഹം ഇപ്പോഴും വാഴ്​ത്തപ്പെടുന്നുണ്ട്. ഓർമിക്കപ്പെടുന്നുണ്ട്. അതുപോലെ, അദ്ദേഹത്തിന്റെ ഭരണകാലത്തു സംഭവിച്ച ഏറെ വിവാദമായ രാജൻ സംഭവത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നുമുണ്ട്.

അച്ചുതമേനോൻ ഇതിനുമൊക്കെ അപ്പുറം പലതുമായിരുന്നു.
കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി എന്നതോ, ഏഴുവർഷം മുഖ്യമന്ത്രിയായി എന്നതോ യാദൃച്ഛികമായി അദ്ദേഹത്തിൽ വന്നുചേർന്ന സ്ഥാനങ്ങളായിരുന്നില്ല. യഥാർത്ഥത്തിൽ അധികാരത്തിൽ കൊതിയില്ലാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം എന്ന നിലയിൽ അതൊക്കെ തന്നാലാവും വിധം ഭംഗിയായി നിർവ്വഹിച്ചു എന്നേയുള്ളൂ. ഏറ്റവും ആദ്യം കിട്ടിയ അവസരത്തിൽ തന്നെ അവയൊക്കെ അദ്ദേഹം തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞതോടെ പൊതുജീവിതത്തിൽ നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലേക്കു മടങ്ങുകയും ചെയ്തു. അപ്പോഴും മുൻ അധികാര പട്ടങ്ങളൊന്നും അദ്ദേഹം കൂടെ കൊണ്ടു നടന്നില്ല. അവയൊക്കെ എന്നന്നേക്കുമായി അഴിച്ചുവെച്ചാണ് അദ്ദേഹം എം.എൻ.സ്മാരകം വിട്ട് തൃശൂരിലേ വീട്ടിലേക്ക് മടങ്ങിയത്.

ഉദാത്തമായ മനുഷ്യസ്‌നേഹമായിരുന്നു അടിസ്ഥാനപരമായി അച്യുതമേനോൻ എന്ന മനുഷ്യനെ നയിച്ചിരുന്നത്. അദ്ദേഹം മുന്നോട്ടുവെച്ച ചിന്താധാരയുടെ ഊർജ്ജവും മനുഷ്യസ്‌നേഹം തന്നെയായിരുന്നു. അതിന്റെ വ്യാപനത്തിനും അതിലധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും കമ്യൂണിസം ഒരു വഴിയാണെന്ന് നന്നേ ചെറുപ്പത്തിലേ അദ്ദേഹം മനസ്സിലാക്കി. അപ്പോഴും അതു മാത്രമാണ് വഴി എന്ന പതിവ് ശാഠ്യത്തിനൊന്നും അദ്ദേഹത്തിന്റെ മനസ്സ് വഴങ്ങിക്കൊടുത്തില്ല. അദ്ദേഹം എന്നും ഒരു സന്ദേഹിയായിരുന്നു. മരണം വരെ സന്ദേഹങ്ങളുള്ള ഒരു കമ്യൂണിസ്റ്റുകാരനായാണ് ജീവിച്ചത്. ലോകത്തെ സമഗ്രമായി മനസ്സിലാക്കാനും പുതിയ ആശയങ്ങളിലൂടെ സമൂഹത്തെ മാറ്റിപ്പണിയാനും വെമ്പൽ പൂണ്ട ഒരു മനസ്സായിരുന്നു അച്യുതമേനോന്റേത്. നിരന്തരം സംശയങ്ങൾ ഉന്നയിക്കുക, സംവദിക്കുക, ഉത്തരങ്ങൾ തേടുക എന്നൊരു രീതിയിലാണ് ആ ബുദ്ധി മരണം വരെ പ്രവർത്തിച്ചത്. ഇതദ്ദേഹം തന്നെ ഏറ്റുപറയാറുണ്ടായിരുന്നു. ഇത് വ്യക്തമാക്കാനായി അദ്ദേഹം ഒ.വി.വിജയന് എഴുതിയ ഒരു കത്ത് ഞാൻ നിങ്ങളുടെ ശ്രദ്ധയിലേക്ക് വെക്കുന്നു. 1989 സെപ്റ്റംബറിലാണ് വിജയനയച്ച കത്തിനുള്ള മറുപടിയെന്ന നിലയിൽ അദ്ദേഹം എഴുതിയത്:

ഒ.വി വിജയൻ / ചിത്രീകരണം : ദേവപ്രകാശ്

‘‘പ്രിയപ്പെട്ട ശ്രീ. വിജയൻ,
തീയതിയില്ലാത്ത താങ്കളുടെ കത്തിന് ഞാൻ വളരെ നന്ദിയുള്ളവനാകുന്നു. കഴിഞ്ഞ നാൽപതിലേറെ വർഷങ്ങളായി സി.പി.ഐയുടെ വിശ്വസ്തനായ ഒരു പ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ എപ്പോഴും പാർട്ടി അച്ചടക്കത്തിനു വിധേയമായിരുന്നു. വളരെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിൽ പാർട്ടിയുമായി ചില സന്ദർഭങ്ങളിൽ എനിക്ക് വിയോജിപ്പ് ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി 1956 ൽ സോവിയറ്റ് സൈന്യം ഹംഗറിയിൽ പ്രവേശിച്ചത് എനിക്ക് അംഗീകരിക്കുവാൻ കഴിഞ്ഞില്ല. അന്നു പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന സ. അജയഘോഷിന് ഞാനൊരു കത്തെഴുതി. പാർട്ടിക്കുള്ളിൽ എന്റെ വീക്ഷണത്തിനു പിന്തുണയില്ലാതിരുന്നതുകൊണ്ട് പ്രശ്‌നം അവിടെ അവസാനിച്ചു. ഒറ്റയ്ക്കു നിന്നുമുഴുവൻ പാർട്ടിയോടു പൊരുതുവാനാവശ്യമായ മനക്കരുത്തും ധൈര്യവും എനിക്കുണ്ടായിരുന്നില്ല.
1968ൽ സ്ഥിതി അല്പം കൂടി മെച്ചമായിരുന്നു. പാർട്ടി നാഷണൽ കൗൺസിലിൽ ഞാനുൾപ്പടെ അമ്പതു ശതമാനത്തോളം വരുന്ന സഖാക്കൾ, സോവിയറ്റ് സൈന്യം ചെക്കോസ്ലാവാക്യയിൽ നടത്തിയ കടന്നുകയറ്റത്തെ എതിർത്തു. എന്നാൽ ഞങ്ങൾ വീണ്ടും തന്ത്രപൂർവം തോല്പിക്കപ്പെട്ടു. പാർട്ടി അച്ചടക്കം കാരണം ഞങ്ങളെല്ലാം നിശബ്ദരായിരുന്നു.
ഇപ്പോൾ, നിങ്ങൾ നിരീക്ഷിക്കുന്നതുപോലെ ചില കാര്യങ്ങൾ തുറന്നു പറയുന്നതിന് ആവശ്യമായ ധൈര്യം ഞാൻ സംഭരിച്ചു കഴിഞ്ഞു. വലിയൊരു വിഭാഗം വരുന്ന പാർട്ടി അംഗങ്ങളിൽ സ. ഗോർബച്ചേവ് ചെലുത്തിയ ഉദാത്തമായ ധാർമിക ശക്തിയാണ് അതിനു കാരണം.
ഞാനിന്ന് 76 വയസ്സുള്ള ക്ഷീണിതനായ ഒരു വൃദ്ധനാണ്. കടുത്ത ഹൃദ്രോഗബാധയാൽ ശരിക്കും മെലിഞ്ഞതാണ് എന്റെ ശരീരം. ഇനി എനിക്ക് അധികം പ്രവർത്തിക്കുന്നതിനു കഴിയുകയില്ല. ഒരു സമയത്ത് പാർട്ടിയിൽ വഹിച്ചിരുന്ന ഉയർന്ന സ്ഥാനങ്ങളും ഞാൻ വിട്ടു കഴിഞ്ഞു. ഇപ്പോൾ ഞാൻ പാർട്ടിയിൽ സാധാരണ മെമ്പർ മാത്രമാണ്.
ആത്മാർത്ഥതയോടെ താങ്കളുടെ,
അച്ച്യുതമേനോൻ''

1969 ലെ അച്യുതമേനോൻ മന്ത്രിസഭ

ഈ വരികളിൽ നിന്നെനിക്ക് അച്യുതമേനോനെ വായിച്ചെടുക്കാൻ കഴിയും. മനുഷ്യസ്‌നേഹിയും സന്ദേഹിയുമായ കമ്യൂണിസ്റ്റുകാരനെ. അതു കാണാതെ അദ്ദേഹത്തിൽ ഭരണകർത്താവിനെയും മുഖ്യമന്ത്രിയെയുമൊന്നും കാണുന്നതിൽ ഒരർത്ഥവുമില്ലെന്നാണ് എന്റെ പക്ഷം.

1935-ൽ അഭിഭാഷകനായി പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ബ്രിട്ടീഷ് വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ 1941-ൽ ആദ്യമായി അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജയിലിൽ നിന്ന് പുറത്തുവരുമ്പോൾ രണ്ടു കാര്യം സംഭവിച്ചിരുന്നു. ഒന്ന് അദ്ദേഹം കമ്യൂണിസ്റ്റുകാരനായി മാറിയിരുന്നു. മറ്റൊന്ന്, എച്ച്.ജി. വെൽസിന്റെ A Short History of the World എന്ന പുസ്തകം ജയിലിൽ വെച്ച് പരിഭാഷപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇങ്ങനെയാണ് അച്യുതമേനോന്റെ തുടക്കം. തുടർന്ന് പാർട്ടിയുടെ സംഘാടനത്തിൽ വ്യാപൃതനായി. 1948 മുതൽ 1951 വരെ അദ്ദേഹം ഒളിവിൽ കഴിഞ്ഞു. അക്കാലത്താണ് പാർട്ടിയിൽ നയപരിപാടികളെപ്പറ്റിയുള്ള വലിയ വിവാദങ്ങൾ നടന്നത്. അതിൽ അച്യുതമേനോൻ സജീവമായി പങ്കെടുത്തു. പല പ്രധാന സംശയങ്ങളും മുന്നോട്ടുവെച്ചു. ഒരു പ്രത്യേക രേഖ തന്നെ അവതരിപ്പിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയുടേതായ ഒരു പാത വേണം എന്നതായിരുന്നു ആ രേഖയുടെ കാതൽ. അച്യുതമേനോനോടൊപ്പം സഖാക്കൾ കെ.സി.ജോർജും എൻ.ഇ.ബാലറാമും ഈ രേഖയുടെ നിർമ്മാണത്തിൽ പങ്കാളികളായി. കാലം ഏറെ കഴിഞ്ഞു. ഇന്നും ആ പാതയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി എത്തിച്ചേർന്നിട്ടില്ല എന്നത് വേറെ കാര്യം. എന്തായാലും ഇന്ത്യയുടേതായ ഒരു കമ്യൂണിസ്റ്റു പാർട്ടി എന്ന ആശയത്തിനായി ആദ്യം മുതലേ വാദിച്ചൊരാളായിരുന്നു സഖാവ്. സി. അച്യുതമേനോൻ.

അടിയന്തരാവസ്ഥക്കാലത്തെ അനുഭവവും രാജൻ സംഭവവും അദ്ദേഹത്തെ വല്ലാതെ തളർത്തിക്കളഞ്ഞു എന്ന് അദ്ദേഹവുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന സഖാവ് കെ.വി. സുരേന്ദ്രനാഥ് എന്നോട് പറഞ്ഞിട്ടുണ്ട്. അതോടെയാണ് അദ്ദേഹം ശാരീരികമായും മാനസികമായും ക്ഷീണിതനായത്. അധികം വൈകാതെ അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഒരുവേള ഇനിയങ്ങോട്ട് രാജന്റെ പേരിൽ സി.പി.എമ്മുകാർ അച്യുതമേനോനെ പഴയതുപോലെ വേട്ടയാടിയെന്നു വരില്ല. കാരണം അടുത്ത കാലത്തായി അവരുടെ പൊലീസും നക്‌സൽ കൊലപാതകങ്ങൾ പലതും നടത്തുകയുണ്ടായല്ലോ! ഒന്നോർക്കണം. അച്യുതമേനോന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു രാജൻ സംഭവം. കുറ്റബോധം ഏറ്റുപറയാൻ പാർട്ടി അച്ചടക്കം അദ്ദേഹത്തിന് തടസ്സം നിന്നോ എന്നെനിക്കറിയില്ല. ഒന്നുറപ്പിച്ചു പറയാം. ഇതിൽ അദ്ദേഹം ഏറെ വേദനിച്ചിരുന്നു.

ഒരിക്കൽ എം.ടി.വാസുദേവൻ നായർ ഒരു സംഭവം ഓർത്തെടുത്തു പറഞ്ഞു. അച്യുതമേനോൻ തൃശൂരിൽ വിശ്രമജീവിതം നയിക്കുന്ന കാലത്ത് എം.ടി. അദ്ദേഹത്തിന് ഒരു കത്തെഴുതി. മാതൃഭൂമിയിലേക്ക് ഇടയ്ക്ക് എന്തെങ്കിലും എഴുതണം എന്നായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കൂടിയായ എം.ടി.യുടെ ആവശ്യം. തുടർന്ന് തൃശ്ശൂരിലെ ലേഖകനോട് അച്യുതമേനോനെ ഒന്ന് പോയി നേരിൽ കണ്ട് ഇതൊന്നോർമ്മിപ്പിക്കാനും എം.ടി. പറഞ്ഞു. അങ്ങനെ കുറച്ചു ആഴ്ചകൾ കഴിഞ്ഞപ്പോൾ അച്യുതമേനോൻ പുസ്തകങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങി. ഇതങ്ങനെ തുടർന്നു. ഒരു നാൾ എം.ടി ഓഫീസിലെത്തിയപ്പോൾ ഒരു സഹപ്രവർത്തകൻ പറഞ്ഞു: ‘അച്യുതമേനോന്റെ ഒരു ഫോൺ കോളുണ്ടായിരുന്നു. തിരിച്ചുവിളിച്ചാൽ തരക്കേടില്ല എന്നു പറഞ്ഞിട്ടുണ്ടായിരുന്നു.'
എം.ടി ഉടൻ അച്യുതമേനോനെ തിരിച്ചുവിളിച്ചു കാര്യമന്വേഷിച്ചു.
കാര്യം ഇതായിരുന്നു. മാതൃഭൂമിയിൽ നിന്ന് ലേഖനത്തിന് കിട്ടിക്കൊണ്ടിരുന്ന പ്രതിഫലം കുറച്ചായി കിട്ടുന്നില്ല. അതാകട്ടെ മരുന്നു വാങ്ങാനായി കരുതിയതായിരുന്നു. ഒന്നന്വേഷിക്കാമോ എന്നാണ് എം.ടിയോട് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

എം.ടി. വാസുദേവൻ നായർ

എം.ടി. കുറ്റബോധത്തോടെ അപ്പോൾ തന്നെ തടസ്സം നീക്കി പണം അയച്ചുകൊടുക്കാൻ ഏർപ്പാടു ചെയ്തു. ഈ സംഭവം വർഷങ്ങൾക്കിപ്പുറം എന്നോടു പറയുമ്പോൾ എം.ടിയുടെ മുഖം വികാരം കൊണ്ട് തുടുത്തിരുന്നു.
ഇതൊക്കെയാണ് ഞാനറിയുന്ന സി. അച്യുതമേനോൻ. അല്ലാതെ കേരളത്തിന്റെ വെറുമൊരു മുൻ മുഖ്യമന്ത്രി മാത്രമല്ല. നമ്മൾ ഈ വലിയ മനുഷ്യനോട് നീതി കാണിച്ചില്ല. അദ്ദേഹത്തെ വേണ്ട വിധം വിലയിരുത്താൻ മരണാനന്തരം മൂന്നു പതിറ്റാണ്ടിനപ്പറവും നമുക്ക് സാധിച്ചില്ല.

Comments