മലയാളി മറന്ന ചേറ്റൂർ ശങ്കരൻ നായർ വീണ്ടെടുക്കപ്പെടുന്നു

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റും പ്രമുഖ സ്വാതന്ത്ര്യപ്രസ്ഥാന നായകനും കോടതിമുറികളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ നീതിയുടെ ആൾരൂപവുമായ സർ ചേറ്റൂർ ശങ്കരൻനായരുടെ സംഭവബഹുലമായ ജീവിതം പ്രമേയമാക്കി കരൺ ജോഹർ ഹിന്ദിയിൽ സിനിമ നിർമിക്കുന്നു.

ലയാളിയായ ഒരു ചരിത്രപുരുഷന്റെ അറിയപ്പെടാത്ത കഥ ബോളിവുഡിലേക്ക്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റും പ്രമുഖ സ്വാതന്ത്ര്യപ്രസ്ഥാന നായകനും കോടതിമുറികളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ നീതിയുടെ ആൾരൂപവുമായ സർ ചേറ്റൂർ ശങ്കരൻനായരുടെ സംഭവബഹുലമായ ജീവിതം പ്രമേയമാക്കി കരൺ ജോഹർ ഹിന്ദിയിൽ സിനിമ നിർമിക്കുന്നു.

ഇന്ത്യയുടെ ദേശീയപോരാട്ട ഭൂമികയിൽ രക്തമൊഴുക്കിയ കുപ്രസിദ്ധമായ ജാലിയൻവാലാ ബാഗ് കൂട്ടഹത്യയ്‌ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പട വെട്ടിയ ശങ്കരൻനായരുടെ സമരോൽസുക ജീവിതകഥയ്ക്ക് അഭ്രാവിഷ്‌കാരം നൽകുന്നത് പ്രമുഖ സംവിധായകൻ കരൺസിംഗ് ത്യാഗിയാണ്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും സഹനിർമാണക്കമ്പനിയായ സ്റ്റിൽ ആൻറ്​ സ്റ്റിൽ മീഡിയാ കമ്പനിയും സംയുക്തമായാണ് സിനിമ നിർമിക്കുന്നതെന്ന് കരൺ ജോഹർ ഇൻസ്റ്റഗ്രാം കുറിപ്പിൽ അറിയിച്ചു.

കരൺ ജോഹർ

ചേറ്റൂർ ശങ്കരൻ നായരുടെ കൊച്ചുമകൻ രഘു പാലാട്ട്, ഭാര്യ പുഷ്പ പാലാട്ട് എന്നിവർ ചേർന്നെഴുതി, 2019 ഒക്ടോബർ 19 ന് കൊച്ചിയിൽ പ്രകാശനം ചെയ്ത "ദ കേസ്​ ദാറ്റ് ഷൂക്ക് ദ എംപയർ' (The Case That Shook the Empire )എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് തിരക്കഥ. സർ സി. ശങ്കരൻ നായരുടെ ജീവിതഘട്ടങ്ങളുടെ സന്നിഗ്ധതകൾക്കൊപ്പം പ്രക്ഷുബ്ധമായ കാലത്തിന്റെ സ്പന്ദനങ്ങൾ കൂടി പകർത്തുന്ന ചിത്രത്തിന്റെ പ്രധാന ഫോക്കസ് ജാലിയൻവാലാബാഗിന്റെ രക്തപങ്കിലവും സമരതീക്ഷ്ണവുമായ അധ്യായമാണെന്നാണ് കരുതുന്നത്. സിനിമയുടെ ചിത്രീകരണം കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളിലായിരിക്കും. അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് വിശദാംശങ്ങളും വൈകാതെ അറിയിക്കുമെന്നാണ് കരൺ ജോഹർ പോസ്റ്റിൽ അറിയിച്ചിട്ടുള്ളത്.

ഇന്ത്യൻ സമാധാനപ്രസ്ഥാനത്തിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും നേതാക്കളായ സൈഫുദ്ദീൻ കിച്ച്‌ലു, സത്യപാൽ എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തിയ ആൾക്കൂട്ടത്തിനു നേരെ ബ്രിഗേഡിയർ ജനറൽ ഡയാറും പട്ടാളക്കാരും വെടിയുതിർത്തു. നാനൂറോളം നിരപരാധികളെ പോയിൻറ്​ ബ്ലാങ്കായി വെടിവെച്ചുകൊല്ലുകയും 1200- ലധികം പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത നരഹത്യയുടെ ഉത്തരവാദിയായ പഞ്ചാബിലെ ലെഫ്റ്റനൻറ്​ ഗവർണർക്കെതിരെ കൊടുങ്കാറ്റായി വീശിയ സർ സി. ശങ്കരൻനായരുടെ ധീരോദാത്തമായ ജീവിതകഥ, തീർച്ചയായും പുതുതലമുറയെ ആവേശം കൊള്ളിക്കുമെന്നുറപ്പ്. ഒരു വേള, ചരിത്രത്തിൽ നിന്ന് മാഞ്ഞു പോകുന്ന പലതും പുതിയ കാലഘട്ടത്തിൽ പുനരാനയിക്കപ്പെടുമ്പോൾ കൈവരുന്ന പ്രസക്തിയും പ്രാമുഖ്യവും കൂടി കണക്കിലെടുക്കാവുന്നതാണ്- കഥയായാലും ചരിത്രമായാലും.

ഒറ്റപ്പാലം - പാലക്കാട് റോഡിൽ ഭാരതപ്പുഴയോരത്തെ മങ്കര ഗ്രാമത്തിലെ
ചേറ്റൂർ തറവാട്ടിൽ ജനിച്ച ശങ്കരൻനായർ, നാട്ടിലെ വിദ്യാഭ്യാസത്തിനു ശേഷം 1880 ലാണ് മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകജീവിതത്തിന് തുടക്കം കുറിച്ചത്. മലബാർ സംസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സമിതി അംഗമായി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ നിയോഗിച്ചു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ഇഴ പിരിയാത്ത ബന്ധം ശങ്കരൻനായരെ കർമോന്മുഖനാക്കിയിരുന്നു. അഡ്വക്കറ്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം 1908 മുതൽ 1915 വരെ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു.

സത്യസന്ധത മുഖമുദ്രയാക്കിയതിനാൽ നീതിയുടെ ത്രാസിൽ അദ്ദേഹത്തിന്റെ കൈയൊപ്പുകൾ വീണു. അനീതിക്കെതിരെ പോരാട്ടം കൂടുതൽ ശക്തമാക്കി. അത് കൊണ്ടാണ് ജാലിയൻവാലാബാഗിലെ ഹിംസയ്‌ക്കെതിരെ കോടതിയ്ക്കകത്തും പുറത്തും പോരാടേണ്ടി വന്നത്. ഭരണപരിഷ്‌കാര റിപ്പോർട്ടിലെ മനുഷ്യത്വവിരുദ്ധമായ ചില കരടുകളെ അദ്ദേഹം പിടിച്ചു കുടഞ്ഞു. ഗൗണിട്ട് ഈ പോരാട്ടം തുടരാനാവില്ലെന്ന് തിരിച്ചറിഞ്ഞ് വൈസ്രോയിയുടെ കൗൺസിലംഗത്വം വലിച്ചെറിഞ്ഞു. ഗൗൺ അഴിച്ചു വെച്ചു. പൂർണമായും കോൺഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങി.

സർ സി. ശങ്കരൻ നായർ

മദ്രാസിൽ ആദ്യത്തെ പ്രൊവിൻഷ്യൽ കൗൺസിലംഗമായി. മഹാരാഷ്ട്രയിലെ അമരാവതിയിൽ ചേർന്ന ചരിത്രപ്രസിദ്ധമായ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് സർ സി. ശങ്കരൻനായരായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ, മലയാളിയായ സി. ശങ്കരൻ നായരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു (ആദ്യത്തേയും ഒരു പക്ഷെ അവസാനത്തേതുമായ മലയാളി കോൺ​ഗ്രസ്​ ദേശീയാധ്യക്ഷൻ). മദ്രാസ് നിയമസഭാംഗമായിരിക്കെ, ലെജിസ്ലേറ്റീവ് രംഗത്തെ നിരവധി മാറ്റങ്ങൾക്ക് നിയമപ്രാബല്യം നൽകുന്നതിന് അവിഭക്ത മദ്രാസ് സംസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

അതേ സമയം ഖിലാഫത്ത് പ്രസ്ഥാനത്തെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായി സമീകരിക്കുന്നതിലും മഹാത്മാഗാന്ധിയുടെ ചില നയങ്ങളിലും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്ന ശങ്കരൻനായർക്ക് കോൺഗ്രസിനകത്ത് പിൽക്കാലത്ത് രൂപപ്പെട്ടുവന്ന വലതുപക്ഷധാരയോടായിരുന്നു കൂടുതൽ ആഭിമുഖ്യമെന്ന് ഗാന്ധി ആൻറ്​ അനാർക്കി എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ചില സൂചനകൾ നൽകുന്നുണ്ട്. കാലക്രമേണ മുഴുവൻസമയ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ച സർ സി. ശങ്കരൻ നായർ 1934 ൽ 77ാം വയസ്സിൽ അന്തരിച്ചു. അഭിഭാഷക- രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ പക്ഷേ അമൂല്യമായിരുന്നു. കേരളീയനായിട്ടും മലയാളികൾ പെട്ടെന്ന് വിസ്മരിച്ചുപോയ ഒരു നേതാവ് കൂടിയായിരുന്നു അദ്ദേഹം.
കരൺ ജോഹറിന്റെ സിനിമ റിലീസ് ചെയ്യപ്പെടുന്നതോടെ, ശങ്കരൻനായരുടെ സംഭാവനകളെക്കുറിച്ച് രാഷ്ട്രീയ കേരളം സഗൗരവം ചർച്ച ചെയ്യുമെന്ന് കരുതുക.

ഒറ്റപ്പാലത്തെ ലേഡി ശങ്കരൻ നായർ കോൺവെന്റും (എൽ.എസ്.എൻ) പ്രസിദ്ധമായ പാലാട്ട് റോഡും സർ സി. ശങ്കരൻനായരുടെ ഓർമയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ്. ഒറ്റപ്പാലത്തെ സി.എസ്.എൻ ട്രസ്റ്റ് ( ചേറ്റൂർ ശങ്കരൻനായർ ട്രസ്റ്റ്) എല്ലാ വർഷവും ഡിസംബറിൽ നൃത്ത സംഗീതോൽസവം സംഘടിപ്പിക്കാറുണ്ട്. സർ സി. ശങ്കരൻ നായരുടെ മൂത്ത മകളുടെ ഭർത്താവ് സർ സി. മാധവൻ നായർ, തമിഴ്‌നാട്ടിലെ പ്രിവികൗൺസിൽ ജഡ്​ജിയായിരുന്നു. ഈ മകളുടെ ഓർമക്ക്​ മഹാലിംഗപുരത്ത് ലേഡി മാധവൻ നായർ കോളനി സ്ഥാപിക്കപ്പെട്ടു.

വിശ്വപ്രശ്‌സത എഴുത്തുകാരനും ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനുമായ കെ.പി.എസ്. മേനോന്റെ (സീനിയർ) ഭാര്യ സരസ്വതി മേനോൻ, സർ സി. ശങ്കരൻനായരുടെ ഒമ്പത് മക്കളിൽ രണ്ടാമത്തെ മകളാണ്. അവസാനകാലം ഇവരും ഭർത്താവ് കെ.പി.എസ്. മേനോനും ഒറ്റപ്പാലം പാലാട്ട് തറവാട്ടിലാണ് കഴിഞ്ഞിരുന്നത്്. ശങ്കരൻനായരുടെ മകൻ ആർ.എം. പാലാട്ടും ഏറെ പ്രസിദ്ധനാണ്. ഗോവാ വിമോചന നായകൻ ലെഫ്. ജനറൽ കെ.പി. കാൻഡത്ത്, സർ സി. ശങ്കരൻ നായരുടെ പൗത്രനാണ്. മരുമകൻ കെ.കെ. ചേറ്റൂർ, ജപ്പാനിലെ ആദ്യ ഇന്ത്യൻ അംബാസഡർ. ഇദ്ദേഹത്തിന്റെ മകളാണ് സമതാപാർട്ടി അധ്യക്ഷയായിരുന്ന ജയാ ജയ്റ്റ്‌ലി ( ജയയുടെ മകൾ അദിതി, പ്രമുഖ ക്രിക്കറ്റ്താരം അജയ് ജഡേജയുടെ ഭാര്യ).

ഇന്ത്യൻ രാഷ്ട്രീയ- നയതന്ത്ര ശ്രേണിയിൽ ശോഭ പരത്തി നീണ്ടു നീണ്ടുപോകുന്ന അതിവിപുലമായ ശൃംഖലയിലെ ആദ്യകണ്ണിയായ സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം, ബോളിവുഡിലേക്കെത്തുന്നതോടെ, മങ്കരയും മഹാലിംഗപുരവും അമരാവതിയും അമൃതസറും കടന്നു പോകുന്ന തിളക്കമാർന്നൊരു ചരിത്രത്തിന്റെ കലർപ്പേശാത്ത ചലച്ചിത്രകാവ്യം കൂടിയായിരിക്കും രഘു പാലാട്ട്- പുഷ്പ പാലാട്ട്- കരൺ ജോഹർ- കരൺസിംഗ് ത്യാഗി ടീം അണിയിച്ചൊരുക്കുകയെന്ന് പ്രത്യാശിക്കുക.


Comments