24 Jul 2021, 06:29 PM
കോഴിക്കോട് മുതലക്കുളത്ത് അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന അലക്കു തൊഴിലാളികള്‍ക്ക് ഒരു നൂറ്റാണ്ടു കാലത്തെ ചരിത്രം സ്വന്തമായുണ്ട്. 1937-ല്‍ മുതലക്കുളം മൈതാനം ധോബി ഘാനയാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. ഒരു പാട് തലമുറകൾ അലക്കു ജോലി ചെയ്ത് ഇവിടെ കഴിയുന്നുണ്ട്. മറ്റനേകം പ്രതിസന്ധികളിൽ, മറ്റു തൊഴിൽ മേഖലകൾ തകർന്നപ്പോഴും അലക്കു തൊഴിലാളികൾക്ക് ജോലിയില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല. പക്ഷേ കോവിഡ് കാലം ഇവരെയും തൊഴിലില്ലാത്തവരാക്കി മാറ്റുന്നു. തങ്ങളുടെ തൊഴിലിനെയും ജീവിതത്തേയും ഇത്രമേല്‍ ബാധിച്ച ഒരവസ്ഥ മുൻപ് ഉണ്ടായിട്ടില്ലെന്ന് അലക്കു തൊഴിലാളികള്‍ പറയുന്നു.
കോളറ ബാധയുടെ ഭീഷണി കാരണം 1904-ലാണ് മുതലക്കുളം നികത്തുന്നത്. ഇതിനെതിരെ അന്ന് അലക്കു തൊഴിലാളികളും ബാര്‍ബര്‍മാരും പ്രതിഷേധിച്ചിരുന്നു. കുളം നികത്തിയ ഭരണാധികാരികള്‍ അലക്കു തൊഴിലാളികള്‍ക്കായി രണ്ടു കിണറുകള്‍ സ്ഥലത്ത് സ്ഥാപിച്ചു. 1937 മേയ് 25ന് അന്നത്തെ ബ്രിട്ടിഷ് സര്‍ക്കാര്‍ പുറത്തിറക്കിയ 1639 മിസല്ലേനിയസ് എന്ന ഉത്തരവു പ്രകാരമാണ് മുതലക്കുളം മൈതാനം അലക്കുകാര്‍ക്ക് തുണികൾ കഴുകാനും ഉണക്കാനുമായി വിട്ടു നല്‍കുന്നത്. ഇവിടം വൈകിട്ട് 5.30നു ശേഷം പൊതുസമ്മേളനങ്ങള്‍ക്കു നല്‍കാമെന്നുമായിരുന്നു ധാരണ. കോഴിക്കോട്ടെ രാഷ്ട്രീയ സാംസ്കാരിക പരിപാടികൾ നടക്കുന്ന പ്രധാന സ്ഥലം കൂടിയാണ് മുതലക്കുളം മൈതാനം. കൊറോണക്കാലത്തിനു മുൻപ് തിങ്ങിനിറഞ്ഞ ജനക്കൂട്ടം എല്ലാ വൈകുന്നേരങ്ങളിലേയും സ്ഥിരം കാഴ്ചയുമായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ലോഡ്ജുകള്‍ അടച്ചിട്ടതാണ് അലക്കു തൊഴിലാളികളെ ഏറ്റവും ബാധിച്ചിരിക്കുന്നത്. എണ്ണമറ്റ ഹോട്ടലുകളും അവിടെ പല കാര്യങ്ങൾക്കായി താമസിക്കാനെത്തുന്നവരും മുതലക്കുളത്തെ അലക്കു തൊഴിലാളികളുടെ തൊഴിൽ ദാതാക്കളായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ട കൊറോണക്കാലത്ത് പരിപാടികളെല്ലാം ഓൺലൈനിലേക്ക് മാറിയതോടെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസക്കാർ തീരെ കുറഞ്ഞു. നഗരകേന്ദ്രിത വ്യവഹാരങ്ങള്‍ കുറഞ്ഞത് തങ്ങളുടെ തൊഴില്‍ ഘടനയെത്തന്നെ ബാധിച്ചതായി അലക്കു തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലും തൊഴില്‍ മുടക്കാന്‍ തയ്യാറാവാതെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തി തുണികള്‍ ശേഖരിക്കുമ്പോഴും ഇവര്‍ക്കു മുകളില്‍ കോവിഡ് ഉയര്‍ത്തുന്ന ആരോഗ്യ ഭീഷണി നിഴലിച്ചു നില്‍ക്കുന്നുണ്ട്.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
കെ. കണ്ണന്‍
Jan 04, 2023
4 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch
മനില സി.മോഹൻ
Oct 22, 2022
4 Minutes Watch
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read