മുന്നാക്ക സംവരണം പിന്നാക്കക്കാരുടെ അവകാശത്തെ അട്ടിമറിക്കുന്നു, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒരു ഉദാഹരണം

കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിന്റെ ഭാഗത്തുനിന്നാണ് നിലവിലെ സംവരണാനുകൂല്യങ്ങൾ അട്ടിമറിക്കുന്ന തരത്തിലുള്ള സമീപനമുണ്ടായിരിക്കുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിലെ PhD പ്രവേശനത്തിൽ മുന്നോക്ക സമുദായത്തിലെ സാമ്പത്തിക പിന്നോക്കക്കാരുടെ സംവരണം നടപ്പിലാക്കുന്നതിനായ് ആദിവാസി വിഭാഗത്തിന്റെ സംവരണം വെട്ടിക്കുറക്കുകയായിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയിട്ടും നടപടി വൈകുന്നതോടെ കോടതിയെ സമീപിച്ചിരിക്കുകയാണ് ക്യാൻഡിഡേറ്റുകൾ.

"പാവപ്പെട്ടവർ തങ്ങളുടെ സംവരണം പോകുമെന്ന ഭീതിയിലാണ് എതിർക്കുന്നത്. ഇന്ന് നിലവിലുള്ള സംവരണ അവകാശം, നേരിയ ശതമാനം പോലും ഹനിക്കപ്പെടില്ല. അതുകൊണ്ട് അത്തരം ആശങ്കയ്ക്ക് അടിസ്ഥാനമില്ല.' മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കായി സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി വലിയ പ്രതിഷേധങ്ങൾക്കു വഴിവെച്ചതിനു പിന്നാലെ 2020 ഒക്ടോബർ 29ന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണിത്. മുന്നാക്കസംവരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്ന വേളയിലെല്ലാം അതിനെ സർക്കാർ ന്യായീകരിച്ചത് നിലവിൽ സംവരണാനുകൂല്യങ്ങൾ അനുഭവിക്കുന്നവരെ ഒരുതരത്തിലും ഇത് ബാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ്. എന്നാലിപ്പോൾ പ്രത്യക്ഷമായി തന്നെ നിലവിലെ സംവരാണുകൂല്യങ്ങളെ ബാധിക്കുന്ന ഇടപെടലുണ്ടായിട്ടും സർക്കാർ നടപടി വൈകുകയാണ്.

PhD പ്രവേശനവുമായി ബന്ധപ്പെട്ട 2020ലെ കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവിൽ നിന്ന്. പട്ടികവർഗ വിഭാഗത്തിനും മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാർക്കും 7.5% സംവരണമാണുണ്ടായിരുന്നത്.

കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിന്റെ ഭാഗത്തുനിന്നാണ് നിലവിലെ സംവരണാനുകൂല്യങ്ങൾ അട്ടിമറിക്കുന്ന തരത്തിലുള്ള സമീപനമുണ്ടായിരിക്കുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിലെ PhD പ്രവേശനത്തിൽ മുന്നോക്ക സമുദായത്തിലെ സാമ്പത്തിക പിന്നോക്കക്കാരുടെ സംവരണം നടപ്പിലാക്കുന്നതിനായ് ആദിവാസി വിഭാഗത്തിന്റെ സംവരണം വെട്ടിക്കുറക്കുകയായിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയിട്ടും നടപടി വൈകുന്നതോടെ കോടതിയെ സമീപിച്ചിരിക്കുകയാണ് ക്യാൻഡിഡേറ്റുകൾ.

കാലിക്കറ്റ് സർവ്വകലാശാലയിൽ 7.5 ശതമാനമായിരുന്നു PhD പ്രവേശനത്തിൽ 2020 വരെ പട്ടികവർഗ്ഗ വിഭാഗത്തിനുള്ള സംവരണം. പ്രസ്തുത വർഷം EWS ( Economically Weaker Sections) സംവരണവും 7.5 ശതമാനമായിരുന്നു. എന്നാൽ 26.04.2021 ന് പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷൻ പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിന്റെ സംവരണം അഞ്ചുശതമാനമായി വെട്ടിക്കുറയ്ക്കുകയും EWS സംവരണം 10 ശതമാനമായ് ഉയർത്തുകയും ചെയ്യുകയായിരുന്നു. വിഷയത്തിൽ ഹൈക്കോടതി സർവ്വകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

PhD പ്രവേശനവുമായി ബന്ധപ്പെട്ട 2021 ഏപ്രിൽ 26ന് പുറത്തിറക്കിയ ഉത്തരവ്. പട്ടികവർഗവിഭാഗത്തിന്റെ സംവരണം 7.5%ത്തിൽ നിന്നും അഞ്ച് ശതമാനമാക്കി കുറച്ചതുകാണാം.

ദിശ എന്ന സംഘടനയുടെ നിയമ സഹായത്തോടെ എസ്.ടി വിഭാഗത്തിൽ നിന്നുള്ള PhD ക്യാൻഡിഡേറ്റുകളായ അജിത്ത് ശേഖരൻ, പി. ശിവലിംഗൻ, നവിത എം.എൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനും പട്ടികജാതി വകുപ്പിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയില്ലാതായതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ദിശയുടെ പ്രസിഡന്റും സ്ഥാപകനുമായ ദിനു വെയിൽ തിങ്കിനോടു പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണൻ വിഷയം പരിശോധിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

103-ാം ഭരണഘടനാ ഭേദഗതിയ്ക്ക് എതിരാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ ഈ ഉത്തരവെന്ന് ഇവർക്കുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷക പി.കെ ശാന്തമ്മ തിങ്കിനോടു പറഞ്ഞു. നിലവിൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിൽ മുന്നാക്ക സംവരണം പത്തുശതമാനം വരെ പോകാമെന്നാണ് ഭരണഘടനാ ഭേദഗതിയിൽ പറയുന്നത്. പത്തുശതമാനം വരെയെന്നാണ് പറഞ്ഞത്. അല്ലാതെ നിർബന്ധമായും പത്തുശതമാനം കൊടുക്കണം എന്നല്ല. സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ സംവരണത്തെ അത് ബാധിക്കരുത് എന്നുംപറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെ പട്ടികവർഗ വിഭാഗത്തിനു ലഭിച്ചിരിക്കുന്ന സംവരണത്തിൽ നിന്നും രണ്ടരശതമാനം മുന്നാക്ക വിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് എസ്.സി എസ്.ടി കമ്മീഷൻ ചെയർമാൻ മാവോജി തിങ്കിനോട് പറഞ്ഞത്. സർവ്വകലാശാലയോട് വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. "നേരത്തെയുണ്ടായിരുന്ന സംവരണം വെട്ടിക്കുറച്ചത് എന്തുകൊണ്ടാണ്. ഏറ്റവും അടിത്തട്ടിലുള്ള വിഭാഗത്തിന്റെ തന്നെ റിസർവേഷൻ വെട്ടിക്കുറച്ചത് അനീതിയാണ്. ആ അനിതീ തിരുത്തപ്പെടേണ്ടതാണ്' എന്നും മാവോജി പറഞ്ഞു.

അതേസമയം കേന്ദ്രനിർദേശം അനുസരിച്ച് മാത്രമാണ് ഈ വിഷയത്തിൽ പ്രവർത്തിച്ചതെന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡയറക്ടർ ഓഫ് റിസർച്ച് ഡോ. പി.എ ബേബി ഷാരി തിങ്കിനോടു പറഞ്ഞത്. "EWS വിഭാഗത്തിന് പത്തുശതമാനം സംവരണം കൊടുത്തിരിക്കണമെന്ന് നിർബന്ധമാണ്. അഡ്മിഷൻ പ്രൊസീജ്യർ എങ്ങനെയാണെന്നത് അനുസരിച്ച് ചില സാഹചര്യങ്ങളിൽ പത്തുശതമാനം തികയ്ക്കാനാവില്ല. ഡിഗ്രി അഡ്മിഷൻ പോലുള്ള കാര്യങ്ങളിൽ EWS ൽ നിന്ന് അപേക്ഷകർ വന്നില്ലെങ്കിൽ റീ നോട്ടിഫൈ ചെയ്യാൻ പറ്റും. എന്നാൽ എൻട്രൻസ് എക്‌സാമിനേഷൻ പോലുള്ള കാര്യത്തിലാണെങ്കിൽ പിന്നീട് രണ്ടാമത് എൻട്രൻസ് എക്‌സാമിനേഷൻ ഒന്നും നടത്താൻ കഴിയില്ല. അപ്പോൾ അവിടെ ഒഴിവുനിലനിൽക്കും.' അവർ വിശദീകരിക്കുന്നു. പട്ടികവർഗ വിഭാഗത്തിന്റെ സംവരണാനുകൂല്യം കുറച്ചെങ്കിൽ കേന്ദ്രനിർദേശം അനുസരിച്ചായിരിക്കും അത് ചെയ്തിട്ടുണ്ടാവുകയെന്നും അവർ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളിൽ ചെറിയൊരു ശതമാനത്തിനെങ്കിലും അധികാരത്തിലും തൊഴിൽ മേഖലയിലും വിദ്യാഭ്യാസ രംഗത്തും പ്രാതിധ്യം ഉറപ്പാക്കുന്ന സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മുന്നാക്കവിഭാഗത്തിന് സംവരണം ഏർപ്പെടുത്താനുള്ള നീക്കം എന്ന വിമർശനങ്ങൾ ശക്തമാണ്. ഇതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാകുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ്.

Comments