കുടുംബം, അധികാരം, ന്യൂറോസിസ്സ് ​​​​​​​കെ. ജി. ജോർജ്ജിന്റെ മൂന്നു ചിത്രങ്ങൾ

കെ. ജി. ജോർജ്ജി​ന്റെ സിനിമകളിലെ കുടുംബം, അധികാരം, ബന്ധങ്ങൾ തുടങ്ങിയവ, സ്വപ്​നാടനം, ആദാമി​ന്റെ വാരിയെല്ല്​, ഇരകൾ എന്നീ സിനിമകളെ ​​​​​​​അടിസ്​ഥാനമാക്കി സാങ്കേതികമായും പ്രമേയപരമായും അവലോകനം ചെയ്യപ്പെടുന്നു

കുടുംബം എന്ന സ്ഥാപനത്തെപ്പറ്റി ജീവിതനൗക, ഭാര്യ, ചെമ്മീൻ തുടങ്ങിയ ചലച്ചിത്രങ്ങൾ നിർമിച്ചെടുത്ത ആദർശവൽകൃതമായ സങ്കല്പങ്ങൾക്ക് വലിയ പ്രചാരം മലയാളസിനിമയിൽ പിന്നീടുണ്ടായി. ഈ ചിത്രങ്ങളുടെ സ്വാധീനം കൊണ്ടല്ല ഇതു സംഭവിച്ചത്; മറിച്ച് മലയാളിക്ക് അവയിലുള്ള പരമ്പരാഗതമായ ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടാണ്. കുടുംബത്തിന്റെ കെട്ടുറപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ഫ്യൂഡൽ/യാഥാസ്ഥിതിക അധികാര സങ്കൽപമാണ് ഈ ആശയങ്ങളിൽ ഏറ്റവും പ്രമുഖം. ഇത്തരം സങ്കൽപങ്ങളെ അടിസ്ഥാനമാക്കിയതുകൊണ്ട് കുടുംബജീവിതം എന്ന ദൈനംദിന പ്രക്രിയയെക്കുറിച്ച് യാഥാർത്ഥ്യത്തിനടുത്തു നിൽക്കുന്ന ധാരണകളൊന്നും എഴുപതുകൾ വരെയുള്ള മലയാള ചിത്രങ്ങളിൽ കാര്യമായ സാന്നിദ്ധ്യമാകാതെപോയി. നേരിട്ടല്ലാതെ ഈ പ്രമേയം കൈകാര്യം ചെയ്ത ഭാർഗവീനിലയം (എ. വിൻസെന്റ്, 1964) ഓളവും തീരവും (പി. എൻ. മേനോൻ, 1970) നിഴലാട്ടം (എ. വിൻസെന്റ്, 1970) തുടങ്ങി കുറച്ചു പടങ്ങൾ ഇതിൽ നിന്ന് ചെറിയൊരു പരിധി വരെ മാറിനിൽക്കുന്നു. പഴയ മൂല്യവ്യവസ്ഥയിൽ നിന്നുള്ള പരിവർത്തനം ചിത്രീകരിക്കുന്ന അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം (1972) മുതലുള്ള ചിത്രങ്ങൾപോലും അവയുപേക്ഷിക്കാൻ ശ്രമിക്കുന്ന മൂല്യസംഹിതയുടെ പ്രേതബാധയിൽനിന്ന് വിമുക്തമല്ല.

ട്രൂകോപ്പി വെബ്‌സിൻ പാക്കറ്റ് ഒന്നിന്റെ കവർ

അതിവൈകാരികത, ഫ്യൂഡൽ വ്യാകുലത, മലയാളി- നൊസ്റ്റാൾജിയ തുടങ്ങിയ തേൻവലകളിൽനിന്ന് അപൂർവമായേ മലയാളസിനിമ പുറത്തുകടക്കാറുള്ളു. ഈ പുറത്തുകടക്കൽ വ്യക്തമായി ചിത്രീകരിച്ച സംവിധായകരിൽ എടുത്തുപറയേണ്ട ഒരാൾ എന്ന നിലയിലാണ് കെ. ജി. ജോർജ്ജിന്റെ മൂന്നു ചിത്രങ്ങൾ ചർച്ച ചെയ്യുന്നത്. കുടുംബം എന്ന സ്ഥാപനത്തെ അതിന്റെ പരമ്പരാഗത- കാൽപനിക പരിവേഷങ്ങളില്ലാതെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഈ സംവിധായകനെ ഇക്കാര്യത്തിൽ സഹായിച്ച ഘടകങ്ങളിൽ പ്രധാനം.

കുടുംബ ജീവിതത്തെപ്പറ്റി പ്രചാരത്തിലുള്ള ആദർശവൽകൃതമോ ലളിത- മസൃണമോ ആയ ധാരണകൾ ചോദ്യം ചെയ്യുന്ന ഏതാനും ചിത്രങ്ങൾ കെ. ജി.ജോർജ് സംവിധാനം ചെയ്യുകയുണ്ടായി: സ്വപ്നാടനം (1976), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് (1983), ആദാമിന്റെ വാരിയെല്ല് (1983), ഇരകൾ (1986), മറ്റൊരാൾ (1988), ഈ കണ്ണികൂടി (1990). വൈകാരികതയിൽ നിർമിച്ചെടുത്തതോ പരുക്കനായ യാഥാർത്ഥ്യങ്ങൾ അവഗണിക്കുന്നതോ ആയ ഒരു കുടുംബസങ്കല്പമല്ല ഈ ചിത്രങ്ങളിൽ ഉരുത്തിരിയുന്നത്. ക്ലിനിക്കൽ എന്നോ ചില സന്ദർഭങ്ങളിൽ നിഷ്‌ക്കരുണം എന്നുതന്നെയോ വിളിക്കാവുന്ന ഒരു അകൽച്ച മലയാള സിനിമയിൽ നിലനിന്നിരുന്ന ഫ്യൂഡൽ/ഹ്യൂമനിസ്റ്റ് സങ്കല്പങ്ങളോട് അവ നിലനിർത്തുന്നു.

'ഇര'കളിൽ നിന്ന്

പരമ്പരാഗതമായി മലയാളിയ്ക്കു ലഭിച്ച കുടുംബ സങ്കല്പങ്ങളുടെ മാസ്മരികമായ കാൽപനിക മൂല്യങ്ങൾ അവഗണിക്കുകയും, കുടുംബജീവികളായ മനുഷ്യർ ചെയ്യുന്ന കാര്യങ്ങളോരോന്നും ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയും ചെയ്തുകൊണ്ടാണ് ജോർജ്ജിന്റെ പടങ്ങൾ അവയുടെ രാഷ്ട്രീയമാനങ്ങൾ നിർവചിക്കുന്നത്. തൃഷ്ണകളും അധികാരബന്ധങ്ങളും കാര്യങ്ങൾ തീരുമാനിക്കുന്ന കുടുംബം എന്ന ഇടം ഒരു സങ്കീർണ്ണമേഖലയായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുന്നു. സ്നേഹവും പരസ്പരധാരണയും മുതൽ വിശ്വാസലംഘനവും, ശാരീരികാക്രമണവും, കൊലപാതകവും വരെ നടക്കാനനുവദിക്കുന്ന സാധ്യതകൾ ഈ മേഖലയിലുണ്ട്. ഇതെല്ലാം ബോധപൂർവമായോ അല്ലാതെയോ കാണാതിരിക്കുമ്പോഴാണ് "ആദർശ'കുടുംബചിത്രങ്ങൾ തിരക്കഥകളിൽ മുഖ്യഘടകമാകുന്നത്.
മനുഷ്യരെല്ലാം നിഷ്ഠൂരരാണെന്നോ, കുടുംബജീവിതത്തിൽ സന്തോഷമുണ്ടാവില്ല എന്നോ സ്ഥാപിക്കാനല്ല സംവിധായകൻ ഈ ചിത്രങ്ങളിൽ ശ്രമിക്കുന്നത്; മറിച്ച്, സന്തോഷമില്ലാത്ത കുടുംബങ്ങളിൽ എന്തുകൊണ്ടാണ് അതില്ലാതായത് എന്നത് ദൃശ്യവൽക്കരിക്കാനാണ്. കുടുംബ സന്തോഷത്തെക്കുറിച്ചുള്ള ക്ലീഷേ സങ്കല്പങ്ങൾ തിരിച്ചറിയാതെയും ഉപേക്ഷിക്കാതെയും ഈ ദൃശ്യവൽക്കരണം സാദ്ധ്യമല്ല. ഇത്തരം ക്ലീഷേകളുടെ മൂടലിൽ നിന്ന്? പുറത്തുകടന്നാൽ മാത്രമേ കുടുംബം അധികാരബന്ധങ്ങളുടെ ഒരു സമുച്ചയമാണെന്ന് കാണാൻ കഴിയൂ.

ഒറ്റപ്പെട്ടൊരിടത്തു നടക്കുന്ന ഏകമാനമായ ഒരു റൊമാൻസാണ് കുടുംബജീവിതം എന്ന ധാരണ ഈ പുറത്തുകടക്കലിലൂടെ ചോദ്യം ചെയ്യപ്പെടുന്നു.

ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് ഒന്നിൽ സി.ബി. മോഹൻദാസ്എഴുതിയ
ലേഖനത്തിന്റെ പൂർണ്ണരൂപം വായിക്കാം


Comments