ഷഹബാസും ഭാവിയില്‍
ഒരു ഗുരുവായി മാറുമോ;
പാട്ടുകളുടെ ദൈവം പൊറുക്കട്ടെ !
ഷഹബാസും ഭാവിയില്‍ ഒരു ഗുരുവായി മാറുമോ; പാട്ടുകളുടെ ദൈവം പൊറുക്കട്ടെ !
ബാബുരാജ് "ബാബൂക്ക' യായി മാറുമ്പോഴും, ഷഹബാസ് അമന്‍ "ഷഹബാസ്' ക്കയാവുന്നുമില്ല. സാമൂഹികമായി സാധൂകരിക്കപ്പെട്ടേക്കാവുന്ന ഒരു കാരണമായി ചൂണ്ടിക്കാട്ടാവുന്നത് ബാബുരാജ് കോഴിക്കോട്ടുകാരനായിരുന്നു എന്നതാണെങ്കില്‍, കോഴിക്കോട് അബ്ദുല്‍ ഖാദറിനെ നമ്മുടെ പാട്ടുകാര്‍ "കോഴിക്കോട് അബ്ദുല്‍ കാദര്‍ക്ക ' എന്ന് വിളിക്കാത്തത് എന്തുകൊണ്ടാണ്?
18 Oct 2021, 02:44 PM
അസാധാരണമായ ഒരു സംഗീത സൗഹൃദത്തിന്റെ ആത്മരേഖ അടയാളപ്പെടുത്തുന്ന ഒരു പുസ്തകം മലയാളത്തിലുണ്ട്. തുല്യതയില്ലാത്ത ആ പുസ്തകത്തിന്റെ പേര് "റൂഹ് എ ഗസല്‍ ' എന്നാണ്. ഷഹ്ബാസിനെക്കുറിച്ച് ഒരു ചങ്ങാതി ഭ്രാന്തമായ സ്‌നേഹത്തോടെ എഴുതിയ പുസ്തകം. കബീര്‍ ഇബ്രാഹിം ആണ് അതെഴുതിയത്. കബീര്‍ ഇബ്രാഹിം: എക്‌സ് പ്രവാസി / വായനക്കാരന്‍ /പുസ്തക വില്‍പനക്കാരന്‍. ഓര്‍മകളെ പല വഴിക്ക് പറഞ്ഞു വിടുന്ന പല തലശ്ശേരിക്കാരില്‍ ഒരാള്‍.
ആ പുസ്തകത്തില്‍ ഗസല്‍ പുറപ്പെട്ടു വന്ന വ്യക്തികളിലേക്കും വരികളിലേക്കും പോകുന്നുണ്ട് ഗ്രന്ഥകാരന്‍. മെഹ്ദി ഹസ്സന്‍ (രാജസ്ഥാന്‍, ലൂന), തലത്ത് മഹ്‌മൂദ് (ഉത്തര്‍ പ്രദേശ്), ഗുലാം അലി (സിയാല്‍ കോട്ട്, പാക്കിസ്ഥാന്‍), ജഗജീത് സിംഗ് (പഞ്ചാഞ്ച്), പങ്കജ് ഉദാസ് (ഗുജറാത്ത്) - ഇങ്ങനെ ഗസല്‍ ആരിലൂടെയെല്ലാം "നിറഞ്ഞു ' എന്ന് മനോഹരമായി ഇതില്‍ പറയുന്നു. ഗസല്‍ "ഇന്ത്യ'യെയാണ് പ്രകാശിപ്പിക്കുന്നത്. ഗുലാം അലി പാടുമ്പോഴും തന്റേതു മാത്രമായ ചിരിയുടെ അറ്റത്ത് ഒരു "മൂളല്‍ ' കൊളുത്തി വെക്കുമ്പോഴും സദസ്സ് / ശ്രോതാക്കള്‍ "അതിര്‍ത്തി ' കള്‍ കൊണ്ടും ബോധം കൊണ്ടും വിഭജിക്കപ്പെടാത്ത "ഒരൊറ്റ ജനത 'യായി മാറുന്നു. എന്നാല്‍, ഇതില്‍ എഴുത്തുകാരന്‍ ഏറ്റവും കൂടുതല്‍ പേജുകള്‍ മാറ്റി വെച്ചത് ഷഹബാസ് അമനു വേണ്ടിയാണ്.
2002 ഒക്ടോബര്‍ 12 ഞായറാഴ്ച പുരോഗമന കലാസാഹിത്യ സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരി ശാരദാ കൃഷ്ണയ്യര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പാഠശാലയില്‍ രാവിലെ 11 മണിക്ക് എം.എന്‍ വിജയന്‍ പ്രസംഗിക്കുന്നു, ഉച്ചയ്ക്ക് 2.30 ന് ഷഹബാസ് അമന്‍ ഗസല്‍ ചൊല്ലുന്നു. (പു.ക.സയുടെ "സവര്‍ണ ധാര' ഈ പോസ്റ്ററില്‍ ഇപ്പോള്‍ കണ്ണോടിക്കുന്നത് നല്ലതാണ്. ചിലരുടെയെങ്കിലും ഉള്ളിലുള്ള "കാവി ഉല്‍പ്രേക്ഷകള്‍ ' മാറിക്കിട്ടും. "ബ്രാഹ്‌മണ്യത്തെ' കേന്ദ്ര ബിന്ദുവിലേക്ക് കൊണ്ടുവന്ന രണ്ടു ഡോക്യുമെന്ററികള്‍ പു.ക.സക്ക് ഈയടുത്ത കാലങ്ങളില്‍ പിന്‍ വലിക്കേണ്ടി വന്നു. 2002 -ല്‍ പു.ക.സ യ്ക്ക് ഫാസിസത്തെക്കുറിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ല). ആ പോസ്റ്റര്‍ ഈ പുസ്തകത്താളിലുണ്ട്.
ഷഹബാസ് അമനെ, മറ്റു പലരെയും സ്വാധീനിച്ച കൂത്തുപറമ്പിലെ ഉസ്താദ് ഹാരിസ് ഈ പുസ്തകത്തിലെ വെളിച്ചമായി കടന്നു വരുന്നു. ഇതിലെ കൂടുതല്‍ പേജുകളും ഷഹബാസ് അമന് കബീര്‍ എഴുതിയ കത്തുകളാണ്. ഒപ്പം ഉറുദു ഗസലുകളുടെ ചരിത്രം, പ്രധാനപ്പെട്ട ഗസല്‍ ഗായകര്‍, ആലാപനത്തിന്റെ ചരിത്രം, ഗസലുകള്‍ - ഇങ്ങനെ ഹൃദയരാഗത്തില്‍ ചേര്‍ത്തുവെച്ച ഈ പുസ്തകം, ഓര്‍മയില്‍ പല കാലങ്ങളില്‍ പാടിയ ഷഹബാസിനെ അടയാളപ്പെടുത്തുന്നു.

പുസ്തക വില്‍പനയും സംഗീതവുമായി തലശ്ശേരിയില്‍ എവിടെയൊക്കെയോ കബീര്‍ ഇബ്രാഹിമിനെ കാണാം. പാട്ടില്‍, പുസ്തകങ്ങളില്‍, തന്നെത്തേടി അലയുന്ന ഒരാള്‍.
ആ പുസ്തകമാണ്, ഷഹബാസിന്റെ പാട്ടു ജീവിതം മനോഹരമായി അടയാളപ്പെടുത്തിയത്. ഉടയാടകളില്ലാത്ത, ഗുരുഭാവം ചമയാത്ത, പഴയ ഷഹബാസിനെ അതില്‍ തൊടാം.
രണ്ട്
"കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?' എന്ന് ജോണ്‍ എബ്രാഹം ചോദിച്ചതു പോലെ, കേരളത്തില്‍ എത്ര "ബാബുരാജുണ്ട്' എന്ന ചോദ്യം വരാം. എത്രയോ പേര്‍ അവരവരുടെ ബാബുരാജിനെ പാടുന്നു. ആ അര്‍ഥത്തില്‍, കോപ്പി ലെഫ്റ്റ് ബാബുരാജ്. ഈ കോപ്പി ലെഫ്റ്റ് ബാബുരാജ് പിന്നെപ്പന്നെ "ബാബൂക്ക' യായി മാറുന്നു. ബാബുരാജ് "സാഹിബ് ' അല്ല എന്ന് ശ്രദ്ധേയമാണ്. ബാബുരാജ് "ബാബൂക്ക 'യായി മാറുമ്പോള്‍, അറിയാതെ സംഭവിക്കുന്നത്, ഒരു സ്വത്വ നിര്‍മിതിയാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് എന്ന് ചിലര്‍ എല്ലായ്‌പ്പോഴും ചേര്‍ത്തും പറയുന്നത് പോലെ, ബാബുരാജ് എന്ന മലയാണ്‍മയിലേക്ക് "ഇക്ക' എന്ന മാപ്പിളമലയാണ്മ കൊണ്ടു വരുന്നു. എന്നാല്‍, ഷഹബാസ് അമനെ "ഷഹബാസ്‌ക്ക' എന്ന് പൊതുവേദിയിലെ വ്യവഹാരത്തില്‍ ആരും സംബോധന ചെയ്യാറില്ല. "ബാബുരാജി'നെ "ബാബൂക്ക' യായി അവതരിപ്പിക്കുന്നത് "ഇന്റിമസി' അല്ലെങ്കില്‍ "ഹുബ്ബ്' ( ഉള്ളില്‍ നിന്ന് വരുന്ന അഗാധമായ സ്‌നേഹം ) കൊണ്ടു തന്നെയാണ്, സംശയമില്ല. എങ്കിലും, അതില്‍ സാമുദായികമായ ഉപ നിര്‍മ്മിതി കൂടി വികസിച്ചു വരുന്നുണ്ട്. എന്നാല്‍, മലയാളത്തില്‍ പല വിധത്തില്‍ മേല്‍ക്കൈ നേടി വരുന്ന സാമുദായിക ഉപരാഷ്ട്രീയ നിര്‍മ്മിതികളില്‍ നിന്ന് ഷഹബാസ് അമന്‍ മാറി നില്‍ക്കുന്നു. അപ്പോഴും, ഷഹബാസ് അമന്‍ ബാബുരാജിനെ "ബാബൂക്ക' എന്നു തന്നെ വിളിക്കുന്നു.

ബാബുരാജ് "ബാബൂക്ക' യായി മാറുമ്പോഴും, ഷഹബാസ് അമന്‍ "ഷഹബാസ്' ക്കയാവുന്നുമില്ല. സാമൂഹികമായി സാധൂകരിക്കപ്പെട്ടേക്കാവുന്ന ഒരു കാരണമായി ചൂണ്ടിക്കാട്ടാവുന്നത് ബാബുരാജ് കോഴിക്കോട്ടുകാരനായിരുന്നു എന്നതാണെങ്കില്‍, കോഴിക്കോട് അബ്ദുല്‍ ഖാദറിനെ നമ്മുടെ പാട്ടുകാര്‍ "കോഴിക്കോട് അബ്ദുല്‍ കാദര്‍ക്ക ' എന്ന് വിളിക്കാത്തത് എന്തു കൊണ്ടാണ്?
എന്തായാലും, ഷഹബാസ് അമന് ആലാപനത്തിലെ അസാധാരണവും അത്ര തന്നെ "തന്റേതു തന്നെ ' എന്ന് ഉറപ്പുള്ളതുമായ ശബ്ദവും അതിന്റെ "നിറയലുകളും' വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കുന്നതില്‍ പങ്കുവെച്ചത് പോലെ, "ഷഹബാസ് അമന്‍ ' എന്ന പേരും വലിയ പങ്കുവെച്ചിട്ടുണ്ട്. മാപ്പിള മലയാണ്മ കലരാത്ത ഒരു പേരാണത്.
ഷഹ്ബാസ് അമനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ലേഖനത്തിലെ ചില വരികള്‍ ഓര്‍ത്തു പോവുകയാണ്:
""ഷഹ്ബാസ് പാടുമ്പോള്‍, വാക്കുകള്‍ വെറുതെയൊരു ശബ്ദമായി പുറത്ത് വരുന്നില്ല. വൈകാരികമായ ചൂട് ആ ശബ്ദം നമ്മെ അനുഭവപ്പെടുത്തുന്നു. ആ ശബ്ദം, പാടുന്ന നേരത്ത് വാക്കുകള്‍ പേറുന്ന ഉള്ളടക്കത്തെയാണ് പ്രതിനിധീകരിക്കുന്നത്. പാടുമ്പോള്‍ പാട്ടുകാരന്റെ ഒപ്പം ചേര്‍ന്നു പാടാന്‍ നമുക്കും തോന്നുന്നു. "പാടുന്ന ഞാന്‍ കേള്‍ക്കുന്ന നീയായി ' മാറുന്നു. നിന്നില്‍ നിറയുന്ന നീയായി ഞാന്‍ മാറുന്ന ഒരു സംലയനം. ഇതൊരു മിസ്റ്റിക് ഭാവമാണ്. പാട്ടില്‍ ഈ സ്‌നേഹ ഭാവം നമുക്കത്രയങ്ങ് പരിചയമില്ല. ശബ്ദം നഗ്‌നമായ ഉടലോടെ പുറത്ത് വരുന്ന ഒരനുഭവമാണ് അത്''.
മരം അതിന്റെ വേരിനെ തൊടാന്‍ ആഗ്രഹിക്കുന്നത് പോലെ, ഷഹ്ബാസിന്റെ പാട്ടുകള്‍ ഓര്‍മയെ തൊടാന്‍ വെമ്പുന്നു. ബാബുരാജിന്റെ പാട്ട് ഷഹ്ബാസ് പാടുമ്പോള്‍ അത് ഒരു ഹൃദയപക്ഷ ആലാപനമായി മാറുന്നു. വരികള്‍ക്ക് ആര്‍ദ്രമായ ഒരു ഭാവപ്പകര്‍ച്ച സംഭവിക്കുന്നു. ശബ്ദത്തില്‍ ഇടര്‍ച്ച വരുന്നു. ശ്വാസം ദ്രുത താളത്തിലും മന്ദഗതിയിലുമാകുന്നു. ബാബുരാജ് കേള്‍ക്കാന്‍ ആഗ്രഹിച്ച പോലെ ഷഹ്ബാസ് പാടുന്നു. ഭൂതകാലത്തിലേക്ക് വേരുകള്‍ കെട്ടിപ്പുണരാന്‍ പായുന്നു.
നരകത്തില്‍ തീയില്ല...
സ്വര്‍ഗത്തില്‍ തോട്ടവുമില്ല...
എല്ലാം നിന്റെ ഉള്ളില്‍ നിന്റെ ഉളളില്‍ ....
നമ്മുടെ മൊല്ലാക്കമാരുടെ മുട്ട് വിറപ്പിക്കാന്‍ പോന്നതാണ് ഷഹബാസിന്റെ ഈ പാട്ട്. മിസ്റ്റിക് അനുഭവങ്ങളെക്കുറിച്ചു വായിച്ച് വിരസരായ വായനക്കാര്‍ അത് യഥാര്‍ഥത്തില്‍ എന്താണ് എന്ന് അനുഭവിച്ചറിയാന്‍ ഈയൊരു പാട്ട് മാത്രം കേള്‍ക്കുക. വിശുദ്ധമായ ആ ഭാവത്തെ ശബ്ദം കൊണ്ട് തിരിച്ചറിയുക. "സജ്‌നി'യിലെ വരികള്‍, പിന്നാലെ വരുന്ന വിഷാദമാണ്. പിടി വിടാത്ത സ്‌നേഹം.
പതിവായി പാടിപ്പാടിയ
പാട്ടൊന്നു കേട്ട് തേങ്ങിയ
സ്‌നേഹം നിറഞ്ഞ കൂട്ടുകാര്‍
അകലുന്നതാണ് വേദന....
ചങ്ങമ്പുഴയുടെ രമണനിലെ "ഏകാന്ത കാമുകാ...' എന്ന വരികള്‍, ഷഹബാസ് പാടുമ്പോള്‍, അത് ഹൃദയത്തില്‍ വാക്കുകള്‍ അലിയിച്ചു കളയുന്ന മായികമായ ശബ്ദമായി മാറുന്നു. എല്ലാവരും അവരവരുടെ കുറ്റബോധങ്ങളുടെ ഇടയന്മാരായി, മാനസാരണ്യകത്തില്‍ അലയുന്നു."കുറ്റം പറയുവാനില്ലിതില്‍ നാമെല്ലാം എത്രയായാലും മനുഷ്യരല്ലെ ....' എന്ന് കുമ്പസാരിക്കുന്നു.
സിനിമയിലെ ഷഹബാസ് പാട്ടുകള്‍ "സ്ഫുട'തയെ സംബന്ധിക്കുന്ന നമ്മുടെ തെറ്റിദ്ധാരണകള്‍ എടുത്ത് ദൂരെ കളയുന്നു. ഉമിനീരിന്റെയും ശ്വാസത്തിന്റെയും ഒച്ചകള്‍ പാട്ടുകളില്‍ പറ്റിച്ചേര്‍ന്നു കിടപ്പുണ്ടാവും.
പാട്ടിലൂടെ സ്വയം പുതുക്കുന്ന പഴക്കമാണ് ഷഹബാസ് അമന്‍. ബിനാലെ പോലെ ബഹുസ്വരമായ ഒരു വൈവിദ്ധ്യത്തോടൊപ്പം ഷഹബാസിന് ചേര്‍ന്നു നില്‍ക്കാന്‍ സാധിക്കുന്നത് അതു കൊണ്ടാണ്. റൂമിയുടെ റൂഹാണ് ഷഹബാസിന്റെ മിടിപ്പുകള്‍. യേശുദാസ് ഒരു "ഗുരുവായി 'മാറിയതു പോലെ ഷഹബാസും ഭാവിയില്‍ ഒരു ഗുരുവായി മാറുമോ എന്ന ചിന്ത, പാട്ടുകളുടെ ദൈവം പൊറുക്കട്ടെ.
എഴുത്തുകാരന്‍
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
രശ്മി സതീഷ്
Jan 11, 2023
3 Minutes Read
എസ്. ശാരദക്കുട്ടി
Jan 10, 2023
3 minute read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
പുഷ്പവതി
Nov 17, 2022
15 Minutes Read
എസ്. ബിനുരാജ്
Nov 02, 2022
6 Minutes Read
Truecopy Webzine
Oct 27, 2022
2 Minutes Read
Adil
19 Oct 2021, 12:10 AM
സമുദായിക ഉപ നിർമ്മിതി 😂, ഗസലുകൾ എന്താണ് എന്ന് എഴുത്തുകാരൻ മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു.മന:പൂര്‍വ്വമെങ്കിൽ ഒന്നും പറയാനില്ല.