കേരള ഗവർണർ വിദ്യാഭ്യാസം കൊണ്ടുതന്നെ പട നയിക്കുന്നതിനുപിന്നിൽ...

എവിടെയാണ് കേരള ഗവർണർ തന്റെ പണി തുടങ്ങിയത്? വിദ്യാഭ്യാസത്തിൽ തന്നെ. തന്റെ ആലങ്കാരിക ചാൻസലർ പദവി ഉപയോഗിച്ച്​ സംസ്ഥാന സർവ്വകലാശാലകളെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്. സംഘപരിവാറിന്റെ തിട്ടൂരങ്ങൾക്കനുസരിച്ച് ചലിക്കുന്ന ചില പാവകളെ കേരളത്തിന്റെ സർവ്വകലാശാലകളിൽ നിയമിക്കാനാണ് പുതിയ നീക്കം.

രിക്കൽ ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന വിദ്യാഭ്യാസം കേന്ദ്രത്തിന് കൂടുതൽ അധികാരങ്ങളുള്ള കൺകറൻറ്​ ലിസ്റ്റിലേക്ക് മാറ്റപ്പെടുന്നത് അടിയന്തരാവസ്ഥക്കാലത്താണ്. പല ഭരണഘടനാ വിദഗ്ധരും ‘പോയ്‌സണസ്' എന്ന് വിശേഷിപ്പിച്ചിട്ടുള്ള 42-ാം ഭരണഘടനാ ദേദഗതിയിലൂടെ. ആ ഭരണഘടനാ ദേദഗതി മാറ്റിമറിച്ചത് ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെക്കൂടിയാണ്.

ഇന്ത്യ എന്ന വൈവിധ്യങ്ങളുടെ നാടിനെ ഏക ധ്രുവത്തിലേക്ക് പറിച്ചുനടുന്നതിന്റെ ആദ്യ പടിയായിരുന്നു ആ ദേദഗതി. രാജ്യത്തിന് മൊത്തമായ ഒരു വിദ്യാഭ്യാസ പരിപാടി എന്നത് വലതുപക്ഷ മനസ്സുകളുടെ ഉത്പന്നമാണ്. അവരാഗ്രഹിക്കുന്നത് വൈവിധ്യങ്ങളില്ലാതാക്കി ഏകജാതീയമായ ദേശരാഷ്ട്രത്തെ സൃഷ്​ടിക്കലാണ്. അന്ന് സംഘപരിവാർ പ്രത്യക്ഷത്തിൽ ഇന്ത്യൻ ഭരണകൂടത്തെ ചലിപ്പിക്കാതിരുന്ന സമയമായിരുന്നതിനാൽ വിദ്യാഭ്യാസത്തിന്റെ വലതുപക്ഷവത്കരണം നേരിൽ കാണാൻ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവന്നു.
ബി.ജെ.പി. അധികാരത്തിലെത്തിയപ്പോൾ ഇന്നലെകളെ വിസ്മൃതിയിലാഴ്​ത്തി വിദ്യാഭ്യാസം പുതിയ മാനങ്ങളിലേക്ക് യാത്ര തിരിച്ചു. യഥാർത്ഥത്തിൽ കോൺഗ്രസ്​ ഗവൺമെന്റുകളുടെ വലതുപക്ഷ വ്യതിയാനത്തിന്റെ ഗുണഭോക്താക്കൾ മാത്രമാണ് ബി.ജെ.പി. അവർ വരുന്നതിനുമുൻപേ തന്നെ അതിനൊരു പശ്ചാത്തലമൊരുക്കുന്നതിന് കോൺഗ്രസിന് കഴിഞ്ഞിരുന്നു.

ഇന്ത്യയെപ്പോലൊരു രാഷ്ട്രത്തിന് ഒരു ദേശീയ വിദ്യാഭ്യാസ നയം (National Education Policy) ആവശ്യമുണ്ടോ? ഇന്ത്യ എന്നത് ഒരൊറ്റ ദേശീയതയുടെ രാഷ്ട്രമാണോ? പാഠപുസ്തകങ്ങളിൽ എഴുതിവച്ചവ ഒരു വിദ്യാർത്ഥി മനസ്സിലാക്കുന്നത് അവരുടെ സാംസ്‌കാരിക പരിസരത്തിലൂടെയാണ് എന്നതിനാൽ ഒരു കേന്ദ്രത്തിൽ വിദ്യാഭ്യാസത്തെ തളച്ചിടുന്നത് ശുദ്ധ അസംബന്ധമാണ്. കാൾ മാർക്‌സിന്റെ സിദ്ധാന്തം കേരളത്തിലെ വിദ്യാർത്ഥി മനസ്സിലാക്കുന്നത് ബീഡിത്തൊഴിലാളിയായ രാധയുടെ കൈവിരലുകളിൽ അവശേഷിക്കുന്ന തഴമ്പിലൂടെ ആയിരിക്കാം. അത് ഉത്തരേന്ത്യയിലെത്തുമ്പോൾ റിക്ഷ വലിക്കുന്ന അലിഭായിയുടെ കിതപ്പിലൂടെ ആയിരിക്കാം. അത്തരത്തിലുള്ള ഇമേജുകളെ ഇല്ലാതാക്കാൻ കൂടിയാണ് വലതുപക്ഷം ശ്രമിക്കുന്നത്.

പാഠപുസ്തകങ്ങളിൽ എഴുതിവച്ചവ ഒരു വിദ്യാർത്ഥി മനസ്സിലാക്കുന്നത് അവരുടെ സാംസ്‌കാരിക പരിസരത്തിലൂടെയാണ് എന്നതിനാൽ ഒരു കേന്ദ്രത്തിൽ വിദ്യാഭ്യാസത്തെ തളച്ചിടുന്നത് ശുദ്ധ അസംബന്ധമാണ് / Photo: Shafeeq Thamarassery

പുത്തൻ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സംഘപരിവാർ മുന്നോട്ടുവക്കുന്നത്​ ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ മൊത്തമായി നവീകരിക്കാനുള്ള ഒരു ഡോക്യുമെൻറ്​ അല്ല, മറിച്ച്, ബഹുസ്വരത ഇല്ലാതാക്കി ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ' എന്ന ആശയത്തിന്റെ ബ്ലൂപ്രിൻറ്​ ആണ്.

‘ഇന്ത്യൻ നോളജ് സിസ്റ്റം' എന്ന വലതുപക്ഷ കൺസർവേറ്റീവ് ആശയം വികസിപ്പിച്ചിട്ടുണ്ട്, പുത്തൻ വിദ്യാഭ്യാസ നയത്തിൽ. സംസ്‌കൃതമാണ് അതിന്റെ ഭാഷ. മനുസ്മൃതിയിൽ അധിഷ്ഠിതമായ സവർണ- പാട്രിയാർക്കിയൽ ഇന്ത്യൻ പാരമ്പര്യമാണ് അതിന്റെ കാതൽ. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ വിദ്യാർത്ഥികളെ കഴിഞ്ഞകാലത്തിന്റെ പാരമ്പര്യത്തിലേക്ക് തളച്ചിടലാണ് വിദ്യാഭ്യാസ നയം ലക്ഷ്യം വക്കുന്നത്. മെഷീൻ ലാംഗ്വേജായി സംസ്‌കൃതമാണ് ഏറ്റവും അഭികാമ്യം എന്ന് വാദിക്കുന്ന തരത്തിലുള്ള സിദ്ധാന്തങ്ങൾ ഉയർന്നുവരുന്നതും, സ്യൂഡോ സയൻറിഫിക്കായ ആർഗ്യുമെന്റുകൾ ഉയർത്തിക്കൊണ്ടുവരുന്നതും ഇതിന്റെ ഭാഗമായാണ്.

ഇന്ത്യയ്ക്ക് ഒരു മഹത്തായ പാരമ്പര്യമുണ്ട് എന്ന് സംഘപരിവാർ അവകാശപ്പെടുമ്പോഴും അത് ജാതിയുടെ അതിരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടതായിരുന്നുവെന്നതും, പുരുഷകേന്ദ്രീകൃത വ്യവസ്ഥയായിരുന്നുവെന്നതും പാരമ്പര്യത്തിന്റെ മഹത്വം ഒരായിരം വട്ടം ഉരുവിട്ടുകൊണ്ട് മറച്ചുപിടിക്കുന്നുമുണ്ട് അവർ. സതി എന്ന, ചിതയിൽ ചാടിയ വിധവകളുടെ കരച്ചിലിന്റെ ശബ്ദവും, ശംബൂകന്റെ കഴുത്തിൽ നിന്ന് പ്രവഹിച്ച രക്തത്തിന്റെ ചുവപ്പും പ്യൂരിറ്റിയുടെയും മോക്ഷത്തിന്റെയും കഥകൾ പറഞ്ഞ് ഒളിച്ചുവയ്ക്കുക കൂടിയാണ് സംഘപരിവാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒന്നുകൂടിയുണ്ട്; ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം എന്ന് പറയുമ്പോഴും മുസ്​ലിം ഭരണാധികാരികളുടെ കാലത്തെ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമായി വിശേഷിപ്പിക്കുകകൂടി വലതുപക്ഷ വിദ്യാഭ്യാസ നയം ലക്ഷ്യം വക്കുന്നുണ്ട്. ഇന്ത്യയുടെ ഇന്നത്തെ എല്ലാ പ്രശ്‌നങ്ങളുടെയും ഉറവിടമായി മുഗൾ ഭരണകാലത്തെ വിശേഷിപ്പിക്കുന്നത് ഈ വലതുപക്ഷ അജണ്ടയുടെ ഭാഗമായിട്ടാണ്. യഥാർത്ഥത്തിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാതനകളുടെ മുറിവിൽ ഉപ്പുതേക്കുന്ന പരിപാടി കൂടിയാണിത്. ഒരു ‘അദർ' (other) സൃഷ്​ടിച്ചെടുത്താൽ, ഉയർന്നുവരാൻ സാധ്യതയുള്ള തൊഴിലാളി ഐക്യം കൂടി ഇല്ലാതാക്കിയെടുക്കാമല്ലോ.

ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. സംസ്ഥാനങ്ങൾക്കകത്തുപോലും വിവിധ സംസ്‌കാരങ്ങൾ, ഭാഷകൾ, ജനവിഭാഗങ്ങൾ തുടങ്ങിയവയെല്ലാമുണ്ട്​. ഇവിടേയ്ക്കാണ് ഫെഡറൽ വ്യവസ്ഥയെ അട്ടിമറിച്ച്​ ദേശീയ വിദ്യാഭ്യാസ നയം കടന്നുവരുന്നത്. പറയുന്നത് ബദൽ എന്നാണ്. പാശ്ചാത്യ വിദ്യാഭ്യാസത്തിന് ബദലാണത്രെ വിദ്യാഭ്യാസത്തിന്റെ ഇന്ത്യാവത്കരണം (Indianisation of education). പക്ഷേ എന്തു ബദലാണ് പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യം വയ്ക്കുന്നത്? പാശ്ചാത്യ ലിബറൽ വിദ്യാഭാസനയങ്ങളുടെ ഭാഗമായ സ്വകാര്യവത്കരണം ഇല്ലാതാക്കാൻ പുതിയ വിദ്യാഭ്യാസ നയം എന്തെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ? ഇവിടെയും പണത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് വിദ്യാഭാസത്തിന്റെ ആക്‌സസ് ലഭിക്കുന്നത്.

സംസ്ഥാനങ്ങൾക്കകത്തുപോലും വിവിധ സംസ്‌കാരങ്ങൾ, ഭാഷകൾ, ജനവിഭാഗങ്ങൾ തുടങ്ങിയവയെല്ലാമുണ്ട്​. ഇവിടേയ്ക്കാണ് ഫെഡറൽ വ്യവസ്ഥയെ അട്ടിമറിച്ച്​ ദേശീയ വിദ്യാഭ്യാസ നയം കടന്നുവരുന്നത് / Photo: Shafeeq Thamarassery

ഇന്ത്യയുടെ ഉന്നതവിദ്യാഭാസ രംഗത്തെ ‘അഗ്രഹാര' എന്നാണ് വിശേഷിപ്പിക്കാറ്. അത്തരമൊരു സവർണ വിദ്യാഭ്യാസകേന്ദ്രങ്ങളെ തകർക്കാൻ എന്തെങ്കിലും നടപടികളെക്കുറിച്ച് പറയുന്നുണ്ടോ? ഇല്ല എന്നുമാത്രമല്ല അഗ്രഹാരങ്ങളെ ലെജിറ്റിമൈസ് ചെയ്യുക കൂടിയാണ് ഇന്ത്യൻ നോളജ് സിസ്റ്റത്തിലൂടെ ചെയ്യുന്നത്. ഇന്ത്യയിലെ സ്ത്രീ, ദലിത്, തദ്ദേശീയ, പിന്നാക്ക വിദ്യാർത്ഥികളുടെ എൻറോൾമെൻറ്​ റേഷ്യോ സവർണരേക്കാൾ വളരെ പിറകിലാണ്; ഡ്രോപ്പ്ഔട്ട് നിരക്ക് വളരെ കൂടുതലാണ്. കൂടാതെ, പല തരം വിവേചനങ്ങളും അടിച്ചമർത്തലുകളും. ഇതിനെയെല്ലാം ഇല്ലാതാക്കാനാണ് ‘വിദ്യഭ്യാസത്തിന്റെ ഇന്ത്യാവത്കരണം’ ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ശരി. പക്ഷേ ഇന്ത്യയുടെ പ്രീ- കാപ്പിറ്റലിസ്റ്റ് സാമൂഹികമൂല്യങ്ങളുടെ തിരിച്ചെടുക്കലാണ് പുതിയ വിദ്യാഭ്യാസ നയം.

ഇന്ത്യ ഫെഡറൽ അല്ലായിരുന്നുവെങ്കിൽ രണ്ട് സാധ്യതകൾ മാത്രമാണുള്ളത്: ഒന്നുകിൽ ഒരു സ്വേഛാധിപത്യ രാഷ്ട്രമാവുക, അല്ലെങ്കിൽ പല രാജ്യങ്ങളായി തല്ലിപ്പിരിയുക. ഇതിൽ ഒന്നാമത്തെ ഓപ്ഷനാണ് ഫെഡറലിസത്തെ ഇല്ലാതാക്കി സംഘപരിവാർ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാഭാസത്തിൽ മാത്രമല്ല, എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനം കാണാം. ‘രാജ്യം മുഴുവൻ ഹിന്ദി' എന്ന നാഥൂറാം വിനായക് ഗോഡ്‌സെയുടെ ആശയങ്ങൾ ഇന്ന് നടപ്പിലാക്കി വരുന്നുണ്ട്. രാഷ്ടത്തിന്റെ വിഭവങ്ങളുടെ പുനർവിതരണം സംഘപരിവാറിന്റെ ബെൽറ്റിലേക്ക് മാത്രം ചുരുക്കി സംസ്ഥാനങ്ങളെ ഞെരുക്കുന്നു. ഒരു ദേശീയ ടാക്‌സിങ്ങ് സംവിധാനം (GST) നിലവിൽ വന്നിരിക്കുന്നു. എന്തൊക്കെ സംസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്നോ അതെല്ലാം തിരിച്ചെടുക്കുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ഗവർണർമാരിലൂടെ സംസ്ഥാന ഭരണം നേരിട്ട് വരുതിയിലാക്കാൻ ശ്രമിക്കുന്നതിലൂടെ കാണുന്നത്.

എവിടെയാണ് കേരള ഗവർണർ തന്റെ പണി തുടങ്ങിയത്? വിദ്യാഭ്യാസത്തിൽ തന്നെ. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കിയത് നമ്മളാരും മറന്നുകാണില്ല. ഇപ്പോൾ ഗവർണർ തന്റെ ആലങ്കാരിക ചാൻസലർ പദവി ഉപയോഗിച്ച്​ സംസ്ഥാന സർവ്വകലാശാലകളെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്. സംഘപരിവാറിന്റെ തിട്ടൂരങ്ങൾക്കനുസരിച്ച് ചലിക്കുന്ന ചില പാവകളെ കേരളത്തിന്റെ സർവ്വകലാശാലകളിൽ നിയമിക്കാനാണ് പുതിയ നീക്കം. ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലു തൂണുകളും സംഘപരിവാർ വിലക്കുവാങ്ങിയ ഈ കാലത്ത് ഇത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഗവർണർ. വിദ്യാഭ്യാസം കൺകറണ്ട് ലിസ്റ്റിലാണെങ്കിലും വലതുപക്ഷം ശക്തിയാർജ്ജിച്ച ഈ കാലത്ത് സംസ്ഥാനങ്ങളെ പരിഗണിക്കുന്ന രാഷ്ട്രീയമര്യാദ ഇല്ലാത്ത ഒരു സാധനമാണെന്ന് സംഘപരിവാറിനും ഗവർണർക്കും നന്നായറിയാം.

യൂണിവേഴ്‌സിറ്റി ഗ്രാൻറ്​സ്​ കമീഷൻ സർവ്വകലാശാലകൾക്ക് ഗ്രാൻറ്​ വിതരണം ചെയ്യുന്ന ഒരു ഏജൻസി എന്ന നിലക്കായിരുന്നു തുടക്കം. അതിന്റെ വളർച്ചയിൽ അത് സർവ്വകലാശാലകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഏജൻസി ആയി രൂപാന്തരം പ്രാപിച്ചു. ഗുണനിലവാരം എന്നത് ഒരു അക്കാദമിക് കൺസപ്റ്റ് ആയി തെറ്റിധരിക്കരുത്. സർവ്വകലാശാലകളെ കേന്ദ്രനയങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഒന്നാക്കി മാറ്റുകയാണ് അതിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് യു.ജി.സി. റെഗുലേഷനുകൾ വരുന്നത്. ആദ്യകാലങ്ങളിൽ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ മാത്രമായിരുന്നു റെഗുലേഷനുകൾ. അത് ദേശീയ നിയമത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടത് ചില കോടതി വിധികളിലൂടെയാണ്. കോടതിക്ക് ആദ്യകാലങ്ങളിൽ സർവ്വകലാശാലകളുടെ കുത്തഴിഞ്ഞ സംവിധാനങ്ങളെ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യശുദ്ധി ഉണ്ടായിരിക്കാം. പക്ഷേ അത് ഉരുത്തിരിഞ്ഞുവന്നത് വിദ്യാഭ്യാസത്തിന്റെ ഫെഡറൽ മൂല്യങ്ങളെ ഇല്ലാതാക്കുന്ന ഒരു സംവിധാനം എന്ന നിലയ്ക്കാണ്. ഇന്ന് പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കുന്ന സംവിധാനമായി യു.ജി.സി. റെഗുലേഷനുകൾ മാറി. ചില ഉദ്യോഗസ്ഥരുടെ ഉത്പ്പന്നമാണ് യു.ജി.സി. റെഗുലേഷനുകൾ. ഇന്ന് സംഘപരിവാറും നേരിട്ട് ഇടപെടുന്നു. അല്ലാതെ പാർലമെൻറ്​ ഉണ്ടാക്കുന്ന നിയമമൊന്നുമല്ല യു.ജി.സി. റെഗുലേഷനുകൾ.

ഇന്ത്യയ്ക്ക് മൊത്തമായി ഒരു നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ അത് ഇന്ത്യൻ പാർലമെൻറ്​ നിർമിക്കുന്ന നിയമമായിരിക്കണം എന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യു.ജി.സി. പോലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡികൾ നിർമിക്കുന്ന നിയമങ്ങൾ ഇന്ത്യൻ പാർലമെൻറിന്റെ രണ്ട് സഭകളും അപ്രൂവ് ചെയ്തിരിക്കണം. അതിൽ ദേദഗതി വരുത്താനും, തള്ളാനുമുള്ള അധികാരം പാർലമെന്റിനുണ്ട്. യു.ജി.സി തന്നെ അതിനെക്കുറിച്ച് എന്താണ് പറയുന്നത് എന്നുനോക്കാം.

യു.ജി.സി. ആക്റ്റിന്റെ സെക്ഷൻ 28 ഇങ്ങനെ പറയുന്നു: ‘‘Every rule and every regulation made under this Act shall be laid, as soon as may be after it is made, before each House of Parliament while it is in session, for a total period of 30 days which may be comprised in one session or in two or more successive sessions, and if, before the expiry of the session immediately following the session, or the successive sessions aforesaid, bot Houses agree in making any modification in the rule or regulation or both Houses agree that the rule or regulation should not be made, the rule or regulation shall thereafter have effect only in such modified form or be of no effect, as the case may be.'’

ഇന്ത്യൻ പാലമെന്റിന്റെ അംഗീകാരമില്ലാതെ ഒരു നിയമവും പ്രാബല്യത്തിൽ വരില്ല. പക്ഷേ ഇത്തരത്തിൽ ഏതെങ്കിലും റെഗുലേഷനുകൾ പാർലമെൻറ്​ ചർച്ച ചെയ്തതായോ, ഭേദഗതി വരുത്തിയതായോ, രണ്ട് സഭകളും അംഗീകാരം കൊടുത്തതായോ എവിടെയും കേട്ടിട്ടില്ല. കേവലം ഒരു റെഗുലേഷൻ പാർലമെന്റിനുമുന്നിൽ പ്ലേസ് ചെയ്തതുകൊണ്ട് നിയമമാവുന്നില്ല. മറിച്ച്, അത് പാർലമെൻറ്​ ചർച്ച ചെയ്യുകയും വോട്ടിനിട്ട് അംഗീകരിക്കുകയും വേണം. അതിനെയാണ് ജനാധിപത്യം എന്ന് പറയുക. എന്നിരുന്നാലും കോടതികൾക്ക് റെഗുലേഷനുകളാണ് പഥ്യം. ഉദ്യോഗസ്ഥർ പടച്ചുവിട്ട ഇത്തരം നിയമങ്ങൾ രാജ്യത്തിന്റെ മൊത്തം നിയമമായി മാറുന്നത് ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ബി.ജെ.പി. ഇന്ന് റെഗുലേഷനുകളെ സംസ്ഥാന നിയമങ്ങളെ അട്ടിമറിക്കാനുള്ള ഉപാധിയായും ഉപയോഗിക്കുന്നു.

സത്യത്തിൽ സംഘപരിവാർ ഭരിക്കുന്ന ഇന്ത്യയിൽ ജനാധിപത്യം എന്നൊക്കെ പറയുന്നതുതന്നെ ആലങ്കാരികമാണ്. അവർ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ചിരിക്കുന്നു. കാർഷിക നിയമങ്ങളിലും, പൗരത്വ നിയമത്തിലും, മുന്നാക്കത്തിലെ പിന്നാക്ക ഭരണഘടനാ ഭേദഗതിയിലും, ആർട്ടിക്കിൾ 370 ഇല്ലാതാക്കിയതിലും ജനാധിപത്യ ധ്വംസനം കണ്ടതാണ്. ജനാധിപത്യം, ഭരണഘടന, ഫെഡറലിസം എന്നതൊക്കെ സംഘപരിവാറിന് തൊട്ടുകൂടായ്മയുണ്ടാക്കുന്ന കാര്യങ്ങളാണ്. അവർ ചില കാര്യങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്. അത് ഇന്ത്യയിൽ നടപ്പിലാക്കണം. അതിന് ജനാധിപത്യത്തെ കശാപ്പ് ചെയ്താലും, ഫെഡറലിസം അട്ടിമറിച്ചാലും കുഴപ്പമില്ല.

Photo: Facebook

ഇന്ത്യയെ ഏകകേന്ദ്രീകൃതമായ വലതുപക്ഷ മരുഭൂമിയാക്കി മാറ്റണമെങ്കിൽ സർവ്വകലാശാലകളെ ഇല്ലാതാക്കണമെന്ന് സംഘപരിപാറിന് നന്നായി അറിയാം. അതിന്റെ ആദ്യ ശ്രമങ്ങളാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലും ഡൽഹി യൂണിവേഴ്‌സിറ്റിയിലും കണ്ടത്. ഇന്നിതാ കേന്ദ്ര സർവകലാശാലകളിൽ നിന്ന് സംസ്ഥാന സർവ്വകലാശാലകളിലേക്ക് എത്തിനിൽക്കുന്നു. ഇവിടങ്ങളിൽ ഉത്പ്പാദിപ്പിക്കുന്ന വിജ്ഞാനം സംഘപരിവാറിന് അനുകൂലമായിരിക്കണം. നാളത്തെ വിദ്യാർത്ഥികൾ ഗാന്ധിയെക്കുറിച്ചും, ഭഗത് സിങ്ങിനെക്കുറിച്ചും, നെഹ്‌റുവിനെക്കുറിച്ചും പഠിക്കണ്ട. വർഗവിഭജിതമായ ലോകത്തെക്കുറിച്ച് പഠിക്കണ്ട. പാട്രിയാർക്കി എന്താണ് എന്ന് മനസ്സിലാക്കണ്ട. ജാതിമേധാവിത്വവും ജാതിവിവേചനങ്ങളും പഠിക്കണ്ട. നിങ്ങളുടെ ചരിത്രം ഇന്ത്യൻ ഹൈന്ദവ പാരമ്പര്യത്തിന്റേതാണ് എന്ന് മനസ്സിലാക്കുക. നമ്മുടെ വിജ്ഞാനം ഇന്ത്യൻ നോളജ് സിസ്റ്റമാണ്. ചരിത്രമോ വിമർശനമോ ഇല്ലാതെ അച്ചടക്കമുള്ള കുട്ടികളായി നിങ്ങൾ കഴിഞ്ഞുകൊൾക. ഇന്ത്യൻ ദേശീയതയിൽ അഭിമാനം കൊൾക, തർക്കിക്കുക, വേണ്ടിവന്നാൽ കൊല്ലുക.

അതിനിടയിൽ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം സ്ഥാനത്തേക്ക് പുറംതള്ളപ്പെട്ടിട്ടുണ്ട്. അല്ല, അതൊക്കെ പാശ്ചാത്യശക്തികളുടെ സൃഷ്​ടിയാണ്. വിദ്യാർത്ഥികളേ, അതിലൊന്നും വിശ്വസിക്കാതിരിക്കുക. ഇന്ത്യൻ പാരമ്പര്യത്തിൽ എല്ലാത്തിനുമുള്ള പരിഹാരമുണ്ട്... മടങ്ങുക, ഭാരതത്തിലേക്ക്.

Comments