ഗൗരിയമ്മയെ തോൽപ്പിച്ച ചേർത്തല

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

സി.പി.ഐയും കോൺഗ്രസും ഏറ്റുമുട്ടുന്ന ആലപ്പുഴ ജില്ലയിലെ ചേർത്തല കേരളത്തിന്റെ രാഷ്ട്രീയ- തെരഞ്ഞെടുപ്പുചരിത്രങ്ങളിൽ നിർണായക സ്വാധീനമുള്ള ഇടമാണ്. കെ.ആർ. ഗൗരിയമ്മയെ ആദ്യമായി നിയമസഭയിലെത്തിച്ച് മന്ത്രിയാക്കിയത് ചേർത്തലയാണ്. എ.കെ.ആന്റണിയുടെ ആദ്യ മത്സരം ചേർത്തലയിൽനിന്നായിരുന്നു, 30ാം വയസ്സിൽ. മൂന്നാമത്തെ തവണ മത്സരിച്ചപ്പോൾ ജയിച്ചുകയറിയത് മുഖ്യമന്ത്രി പദത്തിലേക്കാണ്. അടുത്ത സുഹൃത്തകൂടിയായ വയലാർ രവിയെ ആഭ്യന്തര മന്ത്രിയാക്കിയതും ചേർത്തലയിലെ വിജയമാണ്. കഴിഞ്ഞ മൂന്നുതവണ തുടർച്ചയായി ജയിച്ച തിലോത്തമനും ഈ മന്ത്രിസഭയിലുണ്ട്.

കെ.ആർ. ഗൗരിയമ്മ / വര: ദേവപ്രകാശ്

ജയത്തിൽ ഹാട്രിക് തികച്ചതുകൊണ്ടുതന്നെ തിലോത്തമൻ ഇത്തവണ മത്സരിക്കുന്നില്ല. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി. പ്രസാദ്, ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്‌മോൻ എന്നിവരാണ് പരിഗണനയിലുള്ളത്. പി. പ്രസാദ് 2016ൽ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ടയാളാണ്. അദ്ദേഹത്തിന് ഇത്തവണ സുരക്ഷിത സീറ്റ് നൽകണമെന്ന ധാരണയുള്ളതുകൊണ്ട് പ്രസാദിനുതന്നെയാണ് സാധ്യത. കഴിഞ്ഞ തവണ തിലോത്തമനോട് മൽസരിച്ചുതോറ്റ കോൺഗ്രസിലെ എസ്. ശരത്ത് തന്നെയാകും യു.ഡി.എഫ് സ്ഥാനാർഥി.

എ.കെ. ആന്റണിയുടെ ജന്മനാടായ ചേർത്തലയിൽ മകൻ അനിൽ ആന്റണിയെ പരിഗണക്കുന്നുണ്ടെന്ന സൂചന തുടക്കത്തിലുണ്ടായിരുന്നു. ഐശ്വര്യ കേരള യാത്രക്ക് ചേർത്തലയിൽ നടന്ന സ്വീകരണത്തിൽ പ്രധാന പ്രാസംഗികനായിരുന്നു, കെ.പി.സി.സി സൈബർ വിഭാഗം കോ ഓഡിനേറ്റർ കൂടിയായ അനിൽ. എന്നാൽ, തെരഞ്ഞെടുപ്പിനില്ല എന്ന് ആന്റണിയും അനിലും വ്യക്തമാക്കിയതോടെ, സ്ഥാനമോഹികളായ കോൺഗ്രസുകാരുടെ നെഞ്ചിടിപ്പിന് വിരാമമായി.

ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ചിട്ടുള്ള ചേർത്തല, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പമായിരുന്നു. 10 വർഷത്തിനുശേഷം ചേർത്തല നഗരസഭ എൽ.ഡി.എഫ് പിടിച്ചെടുത്തു. വയലാർ, ചേർത്തല തെക്ക്, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളും കഞ്ഞിക്കുഴി, പട്ടണക്കാട്, ആര്യാട് ബ്ലോക്കും എൽ.ഡി.എഫിനായിരുന്നു. പട്ടണക്കാടും കടക്കരപ്പള്ളിയും മാത്രമാണ് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചത്. മണ്ഡലത്തിൽ എൽ.ഡി.എഫിന് 12,886 വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്.
ഈഴവ സമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ സാമുദായിക സമവാക്യങ്ങളും വിധി നിർണയിക്കും.

1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.ആർ. ഗൗരിയമ്മയാണ് വിജയിച്ചത്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അവർ അംഗമായി. കോൺഗ്രസിലെ എ. സുബ്രഹ്‌മണ്യപിള്ളയെ 3332 വോട്ടിനാണ് തോൽപ്പിച്ചത്. 1960ൽ ഭൂരിപക്ഷം 1506 വോട്ടായി കുറഞ്ഞു, ഗൗരിയമ്മ കടന്നുകൂടി. ചേർത്തല താലൂക്കിലെ അന്ധകാരനഴിയാണ്​ ഗൗരിയമ്മയുടെ ജന്മനാട്​.

1965ൽ കേരള കോൺഗ്രസിലെ സി.വി. ജേക്കബ് കോൺഗ്രസിലെ പി.എസ്. കാർത്തിയേകനെ തോൽപ്പിച്ചു. 1967ൽ വയലാർ സമര പോരാളി എൻ.പി. തണ്ടാർ കോൺഗ്രസിലെ കെ.ആർ. ദാമോദരനെ 7859 വോട്ടിന് തോൽപ്പിച്ചു. 1970ൽ നിയമസഭയിലേക്കുള്ള കന്നി മത്സരത്തിൽ എ.കെ. ആന്റണി കഷ്ടിച്ചാണ് കടന്നുകൂടിയത്, എൻ.പി. തണ്ടാറിനെതിരെ വെറും 360 വോട്ടിന്റെ ഭൂരിപക്ഷത്തിന്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

1977ൽ എം.കെ. രാഘവനിലൂടെ കോൺഗ്രസ് നിലനിർത്തി; തണ്ടാർ പരാജയപ്പെട്ടത് 1760 വോട്ടിന്. 1980ൽ സി.പി.ഐയിലെ പി.എസ്. ശ്രീനിവാസനിലൂടെ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു; ജെ.എൻ.പിയിലെ ജോസഫ് മാത്തനെ 11,413 വോട്ടിനാണ് തോൽപ്പിച്ചത്.

1982ൽ വയരാർ രവി എത്തി. സി.പി.ഐയിലെ പി.എസ്. ശ്രീനിവാസനെ 1873 വോട്ടിന് തോൽപ്പിച്ചു. 1987ലും രവി തന്നെ, സി.പി.ഐയിലെ സി.കെ. ചന്ദ്രപ്പനെതിരെ 2284 വോട്ടിന്റെ ജയം. 1991ൽ സി.കെ. ചന്ദ്രപ്പൻ വയലാർ രവിയെ അട്ടിമറിച്ചു; വെറും 991 വോട്ടിന്.

1996ൽ വീണ്ടും ആന്റണി, സി.കെ. ചന്ദ്രപ്പനെ തോൽപ്പിച്ചത് 8385 വോട്ടിന്. 1996 മുതൽ 2001 വരെ പ്രതിപക്ഷനേതാവായിരുന്നു ആന്റണി. 2001ൽ ചേർത്തലയിൽ നിന്ന് ആന്റണിയുടെ മൂന്നാം ജയം; ചന്ദ്രപ്പനെതിരെ 7190 വോട്ടിന് ജയിച്ച് മുഖ്യമന്ത്രിയാവുകയും ചെയ്തു. 2006ൽ ആന്റണിയുടെ വിശ്വസ്തൻ സി.കെ. ഷാജി മോഹനെ യു.ഡി.എഫ് ഇറക്കിയെങ്കിലും പി. തിലോത്തമൻ 7724 വോട്ടിന് ജയിച്ചു. 2011ൽ ജെ.എസ്.എസ് സ്ഥാനാർഥിയായി എത്തിയ ഗൗരിയമ്മയെ പി. തിലോത്തമൻ 18,315 വോട്ടിന് അട്ടിമറിച്ചു.

2016ൽ കോൺഗ്രസിന്റെ എസ്. ശരത്തിനെതിരെ തിലോത്തമൻ 7196 വോട്ട് ഭൂരിപക്ഷത്തിന് ഹാട്രിക്.

ചേർത്തല നഗരസഭയും തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല തെക്ക്, വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.


Comments