ചൂണ്ടക്കൊളുത്തുകൾ; സീന ജോസഫിന്റെ കവിത

ന്നൊരിക്കൽ അലക്കിക്കുളിച്ച്, വായ്ത്താളം പറഞ്ഞു വരുമ്പഴാണ്
സങ്കടം ചിറകെട്ടിനിർത്തിയ രണ്ട് നീളൻ കണ്ണുകൾ വഴിയരികിൽ കണ്ടത്

"ഇതാരാന്നെണേ ഈ പുതുപ്പെണ്ണ്? തോനെണ്ടല്ലോ പൊന്നും ചന്തോം!
ഓളെന്തിനാ ന്നെയിങ്ങനെ തുറിച്ചു നോക്ക്ന്ന്?'

""അതിപ്പോ നീ ഓടെ ചെക്കനെ വെച്ചോണ്ടിരുന്നാ ഓള് പിന്നെ നോക്കാണ്ടിരിക്ക്വാ''?

"ഏത് ? രാമുന്റെ പെണ്ണാത്? ചന്തക്കാരിയാണല്ലപ്പാ..!'

തിരിഞ്ഞു നോക്കുമ്പഴും അവളുണ്ടായിരുന്നവിടെത്തന്നെ.
അന്നാദ്യമായി രണ്ട് ചൂണ്ടക്കൊളുത്തുകൾ നെഞ്ചിൽ കൊളുത്തിപ്പിടിച്ചു
മുന്നോട്ട് നടന്നപ്പോൾ നടുമ്പുറത്ത് തീപ്പൊള്ളലേറ്റ പോലെ!

അന്തി ചോന്ന നേരത്ത്, രാമൂന്റെ ആക്രാന്തം പെരുത്തപ്പഴെല്ലാം
അവൾക്ക് പുറത്തു വീണ പൊള്ളൽ വീണ്ടും വീണ്ടും വെന്തു
കയ്യിൽത്തടഞ്ഞ നോട്ടുകൾ വലിച്ചെറിഞ്ഞ് അവനിറങ്ങിപ്പോയി

പിന്നെയാ നീളൻ കണ്ണുകളുടെ വഴിയേ അവൾ പോയതേയില്ല
എന്നിട്ടും ചങ്കിൽ തറച്ച ചൂണ്ടക്കൊളുത്ത് നീറിപ്പിടിച്ചു
ചിറകെട്ടിയ സങ്കടം മോഹത്തീയിൽ വെള്ളം കുടഞ്ഞു

"അന്റെ സുന്ദരിക്കോതക്ക് ബയറ്റിലുണ്ടെന്ന് കേട്ടീനല്ലാ' ഒരിക്കലവൾ ചോദിച്ചു.
"ശവം! അനക്കാ അസത്തിന്റെ കാര്യം മിണ്ടാണ്ടിരുന്നൂടെ'
അവൻ ചവിട്ടിക്കുലുക്കിയിറങ്ങിപ്പോയി.

പിന്നാരോ പറഞ്ഞു, പേറിനു ശേഷം ആ പെങ്കൊച്ചാകെ മാറിപ്പോയെന്ന്
പിറുപിറുത്തോണ്ട് രാത്രിമുഴുവൻ തളത്തിലൂടെ നടക്കുമായിരുന്നെന്ന്
രാത്രിയിലെങ്ങാണ്ടിറങ്ങിപ്പോയി അമ്പലക്കുളത്തിൽ ചാടിച്ചത്തെന്ന്!

അവിടുന്നങ്ങോട്ട് തൊടുന്നിടത്തൊക്കെ അവൾക്ക് പൊള്ളിക്കുമിളച്ചു
അകമേയാകെ ചൂണ്ടക്കൊളുത്തുകൾ കൊളുത്തിവലിച്ചു
അകവും പുറവും വെന്തടർന്നവളങ്ങനെ.....!


Comments