ലോകത്തെ വിസ്മയിപ്പിച്ച
തമ്പുകള്‍ അന്നം തേടുന്നു
ലോകത്തെ വിസ്മയിപ്പിച്ച തമ്പുകള്‍ അന്നം തേടുന്നു
പുതിയ കാലത്തിനൊപ്പം ഒഴുകാന്‍ സാധിക്കാതെ കരക്കടിഞ്ഞുപോയ അവസ്ഥയാണ് സര്‍ക്കസ്സിന്. ഊര്‍ദ്ധശ്വാസം വലിക്കുന്നത് ചരിത്രമാണ്. തോറ്റുപോകുന്നത് മനുഷ്യാധ്വാനവും അപൂര്‍വ്വമായ കലയുമാണ്. വര്‍ണ്ണാഭമായിരുന്ന കൂടാരങ്ങള്‍ക്ക് മുകളില്‍ നിസ്സഹായതയുടെ ഓട്ടകളാണ്. ലോകത്തെ വിസ്മയിപ്പിച്ച തമ്പുകള്‍ അന്നം തേടുന്ന സ്ഥിതിയാണ്. ‘ഡൽഹി ലെൻസ്’ പരമ്പര തുടരുന്നു.
12 Jun 2022, 11:16 AM
തമ്പുകൾക്ക് വിശക്കുന്നുണ്ട്
ജനക് പുരിയില്‍ മെട്രൊ ഇറങ്ങുമ്പോള്‍ ഇരുട്ടിത്തുടങ്ങുന്നേയുള്ളൂ. പുറത്ത് വീടണയാന്‍ ഒഴുകുന്ന ആള്‍കൂട്ടമാണ്. മെട്രോ യാത്രക്കാരെ കാത്ത് സൈക്കിള്‍ റിക്ഷക്കാര്‍ വലിയ ശബ്ദത്തില്‍ വിളിച്ചുകൂവുന്നുണ്ട്. അവരോട് യാത്രക്കാരില്‍ ചിലര്‍ പത്തു രൂപയെങ്കിലും കുറയ്ക്കാനായി വിലപേശുന്നു. വലിയ അധ്വാനമാണ് പുറകില്‍ ആളെയിരുത്തി റിക്ഷ ചവിട്ടാന്‍. ഇരുപതോ മുപ്പതോ രൂപയാണ് പരമാവധി ഒരു യാത്രക്ക് കിട്ടുന്നത്. അതിലാണ് വിലപേശല്‍ നടക്കുന്നത്.
ദൈന്യത കലര്‍ന്ന ഭാവത്തോടെ ഒരാള്‍ മുന്നിലേക്ക് വന്നു. സര്‍ക്കസ്സ് തമ്പിലേക്കാണെന്ന് പറഞ്ഞപ്പോള്‍ പരുക്കന്‍ ശബ്ദത്തില്‍ സീറ്റ് തുടച്ചുകൊണ്ട് കയറാന്‍ പറഞ്ഞു. നഗരത്തിലെ പകുതി ചളി അദ്ദേഹത്തിന്റെ ഷര്‍ട്ടിലുണ്ട്. സൈക്കിളിന് വഴിയൊരുക്കാന്‍ വലിയ ശബ്ദമുണ്ടാക്കി ആളുകളുടെ ശ്രദ്ധതിരിച്ചു. ഇരുഭാഗങ്ങളിലേക്ക് മാറിയ ജനക്കൂട്ടത്തിന് ഇടയിലൂടെ ഞങ്ങള്‍ നീങ്ങി. സര്‍വ്വശക്തിയുമെടുത്താണ് അദ്ദേഹം ചവിട്ടുന്നത്. ഓരോ തവണ ചവിട്ടുമ്പോഴും ഉള്ളിലേക്ക് എടുക്കുന്ന ദീര്‍ഘനിശ്വാസം എത്രമാത്രം അധ്വാനമുള്ള പണിയാണെന്ന് വ്യക്തമാക്കും.
ആള്‍ത്തിരക്കില്‍ നിന്നും അതിവേഗം ഗലികളിലേക്ക് കടന്നു. വലിയ റോഡുകള്‍ പകുതിയായി ചുരുങ്ങി. ബഹുനില കെട്ടിടങ്ങളും ഏറെ പുറകിലായി. ദൂരെനിന്നും ദില്‍സെയിലെ പാട്ട് കേള്‍ക്കുന്നുണ്ട്. തമ്പിലേക്ക് അടുക്കുംതോറും കൊളാമ്പിസ്പീക്കറിന്റെ ശബ്ദം കാതില്‍ മുഴങ്ങി. കൊയ്തുകഴിഞ്ഞ ഗോതമ്പു പാടത്താണ് കൂടാരം കെട്ടിയത്. പിരമിഡ് ആകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രധാന കൂടാരത്തിന് മുന്നില്‍ സൈക്കിള്‍ നിര്‍ത്തി.

ചുറ്റിലും താല്‍ക്കാലിക വേലിയുണ്ട്. തുരുമ്പെടുത്ത് ദ്രവിച്ച ഇരുമ്പ് പെട്ടിയാണ് ടിക്കറ്റ് കൗണ്ടര്‍. നൂറുരൂപയാണ് ഒരു ടിക്കറ്റിന്. തമ്പിലേക്ക് പ്രവേശിക്കാനുള്ള പരവധാനി നിറം തിരിച്ചറിയാന്‍ സാധിക്കാത്തവിധം നരച്ചിട്ടുണ്ട്. ടിക്കറ്റ് പരിശോധിച്ച് പ്രായമായ ഒരു സ്ത്രീ അകത്തേക്കുള്ള കര്‍ട്ടന്‍ നീക്കിത്തന്നു. കരുതിയതിന് വിപരീതമായിരുന്നു അകത്തെ കാഴ്ചകള്‍. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ. വട്ടത്തിലിട്ട കസേരകള്‍ മിക്കതും പൊട്ടിയിട്ടുണ്ട്. ബാക്കിയുള്ളവ പൊടിപിടിച്ച് വരാന്‍ സാധ്യതയില്ലാത്ത ആരെയോകാത്ത് കിടക്കുന്നു.
അന്നത്തിനാണ് ജീവന്‍മരണ പോരാട്ടം
ഏറെ നേരം കഴിഞ്ഞപ്പോള്‍ പത്തുപേര്‍ അടങ്ങുന്ന സംഘമെത്തി. ആയിരത്തോളം കാണികള്‍ക്ക് ഇരിക്കാനുള്ള കൂടാരത്തില്‍ ഞാനടക്കം ഇരുപതു പേരില്‍ താഴെയാണ്. ഒഴിഞ്ഞ കസേരകള്‍ കണ്ടപ്പോള്‍ ഇന്നിനി പ്രദര്‍ശനം ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു. നിരാശയോടെ പോകാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ബ്യുഗിളിന്റെ മനോഹര ശബ്ദത്തോടെ മുന്നിലെ കര്‍ട്ടന്‍ തുറന്നു. തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് കലാകാരന്‍മാര്‍ അണിനിരന്നു.
അവരെ അപ്പോള്‍ പോരാളികളെ പോലെ തോന്നിയത് എനിക്ക് മാത്രമല്ലെന്ന് പിന്നീട് വ്യക്തമായി. രണ്ടുമണിക്കൂര്‍ അവിടെ നടന്നത് അക്ഷരങ്ങള്‍ കൊണ്ട് എഴുതി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പ്രകടനമാണ്. ഏറെ മനസ്സ് ഉലച്ചത് കോമാളികളുടെ ഇനമാണ്. ആളൊഴിഞ്ഞ കസേരകള്‍ നോക്കി തല കുലിക്കികൊണ്ട് അവര്‍ കഥ പറഞ്ഞു. കാണികളില്‍ അത് വല്ലാത്ത ചിരിപടര്‍ത്തി. എരിയുന്ന വയറിന്റെ വിങ്ങല്‍ മുഖത്തെ ചായത്തിനുള്ളില്‍ നിസ്സാരമായി ഒളിപ്പിച്ചു. ആ കലകൂടെ അവര്‍ ഇതിനോടകം സ്വായത്തമാക്കിയിട്ടുണ്ട്.

ഓട്ടവീണ തമ്പിന് ഉള്ളിലൂടെ നക്ഷത്രങ്ങള്‍ കാണാം. ആ കാഴ്ച്ച കണ്ട് നക്ഷത്രങ്ങള്‍ കരയുന്നുണ്ടാകും. ഷോ തീര്‍ന്ന് നിമിഷങ്ങളോളം കാണികള്‍ എഴുന്നേറ്റ് കയ്യടിച്ചാണ് മടങ്ങിയത്. ചായത്തിനുള്ളില്‍ അപ്പോള്‍ ചിരിവിടരുന്നത് കാണാമായിരുന്നു. ഉസ്താത് കോമാളിയായ കാശിനാഥ് കനൗജിയയാണ് തമ്പിന് അകത്തെ ലോകത്തേക്ക് ക്ഷണിച്ചത്. ആ ജീവിതങ്ങള്‍ പറഞ്ഞതും അദ്ദേഹം തന്നെ. പശ്ചിമ ബംഗാളില്‍ നിന്നാണ് സര്‍ക്കസ്സ് തമ്പിലേക്ക് അദ്ദേഹം കുടിയേറിയത്.
അന്ന് ഗ്രാമത്തില്‍ ആദ്യമായെത്തിയ സര്‍ക്കസ്സ് കാണാന്‍ അച്ചനൊപ്പമാണ് കാശിനാഥ് പുറപ്പെട്ടത്. തമ്പിലെ കാഴ്ച്ചകള്‍ മനസ്സില്‍ കുരുക്കിട്ടു. പുസ്തകങ്ങള്‍ മടക്കി പകരം സര്‍ക്കസ്സ് പഠിക്കണം എന്നു പറഞ്ഞു. ഒടുവില്‍ പത്തുവയസ്സുകാരന്റെ പിടിവാശിക്ക് മുന്നില്‍ കുടുംബം വഴങ്ങി. തമ്പുകള്‍ക്കൊപ്പം അന്നുതുടങ്ങിയ യാത്രയാണ്. ജാലവിദ്യകളും കുതിരപ്പുറത്തുള്ള അഭ്യാസപ്രകടങ്ങളും പരിശീലിച്ചു.
കാണികളെ കോമാളിത്തരം കാണിച്ചു ചിരിപ്പിക്കുന്നതാണ് പ്രധാന ഇനം. മറ്റ് കോമാളികള്‍ക്കൊപ്പം അത് മനോഹരമായി അദ്ദേഹം കൈകാര്യം ചെയ്യുന്നു. തമിഴ് നാട്ടുകാരനായ രാജുവാണ് ഗുരു. അല്‍പ്പം തമിഴും കാശിനാഥിനറിയാം. പ്രധാന അഭ്യാസികള്‍ക്കെല്ലാം പ്രത്യേകം തമ്പുകളുണ്ട്. അല്ലാത്തവര്‍ ഒരുമിച്ചാണ്. ചൂടും തണുപ്പുമാണ് മറ്റൊരു പ്രതിസന്ധി. ആളില്ലെങ്കിലും ഷോ മുടക്കിയിട്ടില്ല ഇതുവരെ. വരുമാനത്തിന് അപ്പുറം ജീവിതത്തോട് ചേര്‍ന്നൊട്ടിയതാണ് ആ മനുഷ്യര്‍ക്ക് സര്‍ക്കസ്സ്.

വര്‍ണ്ണാഭമായിരുന്ന കൂടാരങ്ങള്‍ക്ക് മുകളില്‍ നിസ്സഹായതയുടെ ഓട്ടകളാണ്. ലോകത്തെ വിസ്മയിപ്പിച്ച തമ്പുകള്‍ അന്നം തേടുന്ന സ്ഥിതിയാണ്. കാലപ്പഴക്കം കൊണ്ട് നരച്ചു മങ്ങിയ കൂടാരങ്ങള്‍ ഓരോ മണ്ണില്‍ ഉയര്‍ത്തുമ്പോഴും കാശിനാഥ് സ്വപ്‌നം കാണാറുണ്ട്. നിറഞ്ഞ ജനാരവത്തോടെ അവിടെ എങ്കിലും കളിക്കാമെന്ന്. അത് സ്വപ്നമായി തന്നെ തുടരുന്നു. ലോക ചരിത്രത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ കലയാണ് കാണികളില്ലാതെ അനാഥമാകുന്നത്. ആ ചരിത്രം ഓര്‍ത്തെടുക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
റോമില്‍ നിന്നും വന്ന കഥ
രണ്ടു നൂറ്റാണ്ടുകളായി ആധുനിക സര്‍ക്കസ്സിന് തമ്പുയര്‍ന്നിട്ട്. എണ്ണമറ്റ രക്തസാക്ഷികളുണ്ട് തമ്പിനുള്ളിലെ ചിരിക്ക് പുറകില്‍. മനുഷ്യന്റെ രക്തം കൊടുത്താണ് ആ കല ഇന്നുകാണുന്ന വിധം ഉണ്ടാക്കിയെടുത്തത്. ജീവന്മരണ പോരാട്ടം നടത്തിയാണ് ഓരോ ഇനവും ചിട്ടപ്പെടുത്തിയത്. റീ ടേക്കുകള്‍ ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയാണ് സര്‍ക്കസ്. അതുകൊണ്ടാവണം ജനങ്ങള്‍ക്കുള്ളില്‍ ഇത്ര ആഴത്തില്‍ വേരാഴ്ത്താന്‍ സാധിച്ചത്. തമ്പിനുള്ളില്‍ ചേര്‍ത്ത് കെട്ടിയ കയറുകളാണ് ആകെയുള്ള പ്രതീക്ഷ. അത് കൈവിട്ടാല്‍ മരണമാണ്. രണ്ടര മണിക്കൂര്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സമയമാണ്.
യുദ്ധങ്ങള്‍ക്ക് പരിശീലനം ലഭിച്ച കുതിരകളെയും ആനകളെയും പ്രദര്‍ശിപ്പിച്ചിരുന്ന കെട്ടിടത്തെയാണ് അക്കാലത്ത് സര്‍ക്കസ്സ് എന്നു വിളിച്ചത്. അവിടെ നടന്നിരുന്ന പ്രദര്‍ശനത്തിന്റെ പരിഷ്‌കൃത രൂപമാണ് ഇന്ന് കാണുന്ന തരത്തില്‍ മാറിയത്. പുരാതന റോമാണ് പരവതാനി വിരിച്ച് ആ കലയെ നെഞ്ചേറ്റിയത്. ഫിലിപ്പ് ആസ്റ്റ്‌ലിയുടെ നിരന്തര പരിശ്രമത്തിലൂടെയാണ് കലക്കൊപ്പം വിനോദവുമായി സര്‍ക്കസ്സ് നാടുചുറ്റിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നമുണ്ട് അതിന് പുറകില്‍. തെംസ് നദിയോരത്തെ ആളൊഴിഞ്ഞ പ്രദേശമായിരുന്നു പരീക്ഷണശാല. ചരിത്രകാരന്മാര്‍ക്കിടയില്‍ സര്‍ക്കസ്സിന്റെ ഉത്ഭവത്തെ കുറിച്ച് പല അഭിപ്രായങ്ങളാണ്. എങ്കിലും ഒന്നുറപ്പാണ് ആവേശ ഭരിതമായ കാഴ്ച്ചക്ക് പുറകില്‍ പേരറിയാതെ പോയ നൂറു കണക്കിന് മനുഷ്യരുടെ പ്രയത്‌നവും ചോരക്കറയുമുണ്ട്.

മഹാരാഷ്ട്രക്കാരനായ വിഷ്ണുപന്ത് മൊറെശ്വര്‍ ചാത്രയാണ് സര്‍ക്കസ്സിന്റെ ഇന്ത്യന്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. വൈകാതെ തന്നെ "ഇന്ത്യന്‍ സര്‍ക്കസ്സ്' എന്ന സര്‍ക്കസ്സ് കമ്പനിയും അദ്ദേഹം തുടങ്ങി. സര്‍ക്കസ്സിന്റെ പിതാവായി അദ്ദേഹത്തെ രാജ്യം വാഴ്ത്തി. അത്രമേല്‍ ആഴത്തില്‍ ഇന്ത്യ മുഴുവന്‍ തമ്പുകള്‍ കെട്ടി മനുഷ്യരെ വിസ്മയിപ്പിച്ചു. 1888 ല്‍ തമ്പുകളുമായി കേരളത്തിലുമെത്തി. തലശ്ശേരിയിലാണ് ആദ്യത്തെ തമ്പിന് കുറ്റിയടിച്ചത്. ഇന്ത്യയിലെ സര്‍ക്കസ്സിന്റെ ജാതകം മാറിയ കാലമാണത്. അന്നത്തെ പേരുകേട്ട തലശ്ശേരി കളരിയെ കുറിച്ച് ചാത്ര കേള്‍ക്കാന്‍ ഇടയായി. കളരിയിലെ ഇടിവെട്ടായിരുന്ന കീലേരി കുഞ്ഞികണ്ണന്റെ പ്രകടനത്തിന് മുന്നില്‍ അദ്ദേഹം കൈകൂപ്പി. പിന്നീട് കുഞ്ഞികണ്ണനുമായി നടത്തിയ കൂടിക്കാഴ്ചയാണ് കേരളത്തില്‍ സര്‍ക്കസ്സിന്റെ വളര്‍ച്ചക്ക് വഴിവെച്ചത്.
തലശ്ശേരിയിലെ മലക്ക പിശാച്
ചാത്രെയും കുഞ്ഞികണ്ണനും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ച വലിയ മുന്നേറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ ചിത്രത്തിനൊപ്പം തലശ്ശേരിയെന്ന ഗ്രാമത്തിന്റെ പേരുകൂടെ തുന്നിച്ചേര്‍ക്കപ്പെട്ടു. അവര്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം കുഞ്ഞികണ്ണന്‍ അഭ്യാസികളെ പരിശീലിപ്പിക്കുമെന്നും അവര്‍ക്ക് ചാത്രെ ജോലി നല്‍കുമെന്നുമുള്ള ഉടമ്പടിയുണ്ടാക്കി. വൈകാതെ തന്നെ ചിറക്കരയില്‍ സര്‍ക്കസ്സ് പരിശീലന കേന്ദ്രവും തുടങ്ങി. കേരളത്തിലെ ആദ്യ സര്‍ക്കസ്സ് കമ്പനിക്ക് തമ്പടിച്ചതും അക്കാലത്താണ്. മലബാര്‍ ഗ്രാന്റ് സര്‍ക്കസ്സ് എന്ന പേരില്‍ സര്‍ക്കസ്സ് ചരിത്രം കേരളത്തിന്റേത് കൂടെയായി.

ചുരുങ്ങിയ കാലം കൊണ്ട് തലശ്ശേരിയും കുഞ്ഞികണ്ണനും ഇന്ത്യന്‍ സര്‍ക്കസ്സിന്റെ നെടുംതൂണായി. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പേരുകേട്ട സര്‍ക്കസ്സ് അഭ്യാസികളായി. കണ്ണനായിരുന്നു പ്രധാന ശിഷ്യരില്‍ ഒരാള്‍. പഠനശേഷം കണ്ണന്‍ യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ടു. അവിടെ പല സര്‍ക്കസ്സ് കമ്പനികളുമായി സഹകരിച്ചു. സാക്ഷാല്‍ ഹിറ്റ്ലര്‍ സര്‍ക്കസ്സ് കാണാന്‍ ഇടയാവുന്നത് അക്കാലത്താണ്. ലോകത്തെ നിശ്വാസം കൊണ്ട്‌പോലും വിറപ്പിച്ച ഹിറ്റ്‌ലര്‍ ശ്വാസമടക്കി പിടിച്ചാണ് പ്രകടനങ്ങള്‍ കണ്ട് തീര്‍ത്തത്. ഒറ്റ കയറില്‍ തൂങ്ങി പറന്നു പോകുന്ന സാഹസികന്‍ അദ്ദേഹത്തെ ഞെട്ടിച്ചു. "Jumping Devil' (മലക്ക പിശാച്) എന്നാണ് ആ മനുഷ്യനെ ഹിറ്റ്‌ലര്‍ വിശേഷിപ്പിച്ചത്. തലശ്ശേരിക്കാരനായ കണ്ണനായിരുന്നു ആ അഭ്യാസി. ലോക സര്‍ക്കസ്സ് ഭൂപടത്തില്‍ തലശ്ശേരി എന്ന ഗ്രാമം കൂടുതല്‍ വ്യക്തമായി എഴുതി ചേര്‍ക്കപ്പെട്ടു.
സര്‍ക്കസ്സില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തലശ്ശേരി തയ്യാറായി. ഇന്ത്യന്‍ യുവത ആ കളരിയിലേക്ക് ഒഴുകി. മണിപ്പൂര്‍, ആസ്സാം, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് ചെറുപ്പക്കാരാണ് തലശ്ശേരി തിരഞ്ഞെത്തിയത്. സര്‍ക്കാര്‍ സഹായത്തോടെ ആദ്യത്തെ സര്‍ക്കസ്സ് അക്കാദമിയും തുടങ്ങി. ആ തുടക്കമാണ് വലിയ തകര്‍ച്ചയിലേക്കും വഴിവച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ത്തും നിരുത്തരവാദപരമായി. അക്കാദമിക്കായി അവര്‍ കണ്ടെത്തിയത് പഴയ സിനിമ തീയേറ്റര്‍. പുറം മതില്‍ കുമ്മായം പൂശിയതല്ലാതെ മറ്റൊന്നിനും ഭരണകൂടം തയ്യാറായില്ല. യാതൊരു വിധ പരിശീലന സാമഗ്രഹികളും ഒരുക്കിയില്ല.

പ്രതീക്ഷയോടെ എത്തിയ വിദ്യാര്‍ഥികള്‍ നിസ്സഹായരായി. പതിവ് പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. ദീര്‍ഘ വീക്ഷണമില്ലാത്തതിന്റെ പേരില്‍ മറ്റ് പലതിനെന്നപോലെ കേരളത്തില്‍ ആദ്യ സര്‍ക്കസ്സ് അക്കാഥമിക്കും പൂട്ടുവീണു. എക്കാലത്തും ലോകം ഓര്‍ക്കാവുന്ന നാടിന്റെ പേര് എന്നേക്കുമായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിഴവ് കൊണ്ട് മറവിയിലേക്ക് തള്ളപ്പെട്ടു.
നിരാശയുടെ തമ്പുകള്‍
ദിനം പ്രതി ഉയരുന്ന വിനോദ നികുതി വല്ലാതെ മുറിപ്പെടുത്തുന്നുണ്ട്. കാണികള്‍ തമ്പ് ഒഴിയുമ്പോഴും നികുതി കുതിച്ചു കയറുകയാണ്. സര്‍ക്കസ്സ് സാമഗ്രഹികള്‍ക്കുള്ള വിലക്കയറ്റവും വലിയ പ്രതിസന്ധിയാണ്. മറ്റ് വ്യവസായ ശാലകളെ താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കസ്സില്‍ അപകടം കുറവാണ്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈടാക്കുന്നത്. സാമ്പത്തിക സഹായം ലഭിക്കാനുള്ള സ്രോതസ്സുകളും വെല്ലുവിളിയാണ്. വ്യവസായമായി കണ്ട് സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറല്ല.
കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ സര്‍ക്കസ്സിലേക്ക് എത്തിച്ചിരുന്നത് മൃഗങ്ങളുടെ സാന്നിധ്യമാണ്. പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു അത്. മൃഗങ്ങളെ അടുത്ത് കാണാനും അറിയാനും ഗ്രാമങ്ങള്‍ക്ക് ലഭിച്ച വലിയ അവസരമായിരുന്നു. സര്‍ക്കസ്സില്‍ മൃഗങ്ങളെ നിരോധിച്ചുകൊണ്ട് കേരള ഹൈ കോടതി ഉത്തരവിറക്കി. 2001 ല്‍ സുപ്രീം കോടതി ഉത്തരവ് ശരിവച്ചു. അതോടുകൂടി കിരീടവും ചെങ്കോലും നഷ്ട്ടമായ അവസ്ഥയായി.

മൃഗങ്ങളുടെ കുറവ് നികത്താന്‍ കൂടുതല്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി. വന്യമൃഗങ്ങളെ കാണാനുള്ള കാണികളുടെ ആഗ്രഹത്തെ മറികടക്കാന്‍ മാത്രം സാധിച്ചില്ല. 2011 ല്‍ കുട്ടികളെ സര്‍ക്കസില്‍ ഉപയോഗിക്കുന്നതിനും സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തി. ചെറുപ്പം മുതലെ പരുവപ്പെട്ട് വരേണ്ട കലക്ക് അതും മങ്ങലേല്‍പ്പിച്ചു. മികച്ച കലാകാരന്മാരെ നഷ്ട്ടമായതിന് കാരണം ഇത്തരം ഉത്തരവുകളാണെന്നാണ് പരിശീലകര്‍ പറയുന്നത്.
കേരളത്തിലെ സര്‍ക്കസ്സിന് വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചത് വിട്ടുമാറാത്ത മഴയാണ്. അഞ്ച് മാസത്തോളം തമ്പുകള്‍ മഴയില്‍ കുതിര്‍ന്ന് കിടക്കും. സമാനമായ അവസ്ഥയാണ് സൗത്ത് ഇന്ത്യയിലാകെ. അത്തരം സമയങ്ങളില്‍ മറ്റ് നാടുകളിലേക്ക് തമ്പുമായി ഊരുചുറ്റും. തിരിച്ചെത്തുന്നത് നഷ്ടങ്ങളുടെ കണക്കുമായാണ്. സര്‍ക്കസ്സിനുള്ള സ്ഥലം കണ്ടെത്താനും വലിയ പ്രതിസന്ധിയാണ്. 250 ഓളം സര്‍ക്കസ്സ് കമ്പനികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 20 ല്‍ താഴെയായി ചുരുങ്ങി. നിരാശയുടെ തമ്പുകള്‍ കെട്ടറ്റു വീഴുകയാണ്.
കരക്കടിഞ്ഞ കല
തമ്പുമായുള്ള ഓട്ടത്തിനിടക്ക് നഷ്ടമാവുന്നത് ജീവിതമാണ്. തളര്‍ന്ന ശരീരവും മനസ്സുമാണ് ഒടുവില്‍ അവശേഷിക്കുന്നത്. സര്‍ക്കാര്‍ പെന്‍ഷന്‍ 1600 രൂപയുണ്ട്. ചതഞ്ഞ ശരീരത്തിന് കുഴമ്പ് വാങ്ങിക്കാം. അപ്പോഴും അന്നത്തിന് എന്ത് ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്. വൈകിവരുന്ന പെന്‍ഷനായി കാത്തിരിക്കുകയാണ് കാലത്തെ ത്രസിപ്പിച്ച പ്രതിഭകള്‍. കൂടാരങ്ങള്‍ക്ക് തീപിടിച്ചാലുള്ള അവസ്ഥയാണ് പ്രായമായ ഓരോ സര്‍ക്കസ്സുകാരന്റെയും. പല നാട് ചുറ്റിയ മനുഷ്യരില്‍ നാടറിയാതെ ഒടുങ്ങി പോയവരും നിരവധിയാണ്. തമ്പിന് അപ്പുറത്ത് എത്ര വലിയ കലാകാരനും അറിയപ്പെടാനുള്ള സാധ്യതകള്‍ വിരളമാണ്. തമ്പിനുള്ളിലെ രാഷ്ട്രീയമാണത്. ആരും അനിവാര്യരല്ല എന്നാണ് സര്‍ക്കസ്സ് ഉടമസ്ഥന്‍ നല്‍കുന്ന സന്ദേശം. അത്കൊണ്ടാണ് മികച്ച പല പ്രതിഭകളെയും ലോകം അറിയാതെ പോകുന്നത്.
കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രൂപമാറ്റം വരുത്താനും സാധിക്കാതെ പോയ കലയാണ് സര്‍ക്കസ്സ്. പിന്നി പറഞ്ഞ തമ്പുമായി ഓടിയെത്താനാവാതെ കിതക്കുകയാണ്. ഇപ്പോഴും ഒടുങ്ങിത്തീരാത്തത് കലാകാരന്മാരുടെ നെഞ്ചുറപ്പുകൊണ്ടാണ്. പ്രകടനം കൊണ്ട് ആളൊഴിഞ്ഞ കസേരകളെപ്പോലും ത്രസിപ്പിക്കുന്നത് സര്‍ക്കസിനോടുള്ള തീരാത്ത അഭിനിവേശമാണ്.
പുതിയ കാലത്തിനൊപ്പം ഒഴുകാന്‍ സാധിക്കാതെ കരക്കടിഞ്ഞുപോയ അവസ്ഥയാണ് സര്‍ക്കസ്സിന്. ഊര്‍ദ്ധശ്വാസം വലിക്കുന്നത് ചരിത്രമാണ്. തോറ്റുപോകുന്നത് മനുഷ്യാധ്വാനവും അപൂര്‍വ്വമായ കലയുമാണ്. തിരിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഒടുങ്ങിത്തീരുന്നത് വരെ നോക്കി ഇരിക്കരുത്. നമ്മുടെ പാടവരമ്പത്തും നഗര ഹൃദയങ്ങളിലും അവര്‍ തമ്പുമായി വരും. അവിടെ എത്തുക എന്നത് തോറ്റുപോയ മനുഷ്യരോടുള്ള ഐക്യപ്പെടലാണ്. കാണുന്നത് ചരിത്രവും.
Delhi Lens
Aug 07, 2022
5.2 minutes Read
Delhi Lens
Jul 17, 2022
6 Minutes Read
Truecopy Webzine
Jul 04, 2022
3 Minutes Read