സഖാവ് വർഗീസിന്റെ ബന്ധുക്കൾക്ക് നൽകുന്ന ആ 50 ലക്ഷത്തിന്റെ രാഷ്ട്രീയം

പൊലീസ്​ വെടിവെച്ചുകൊന്ന സഖാവ്​ വർഗീസിന്റെ ബന്ധുക്കൾക്ക്​ 50 ലക്ഷം രൂപ നഷ്​ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്​ സംസ്​ഥാന സർക്കാർ. സ്റ്റേറ്റിന്റെ പഴയൊരു കുറ്റകൃത്യത്തിന് വൈകിയെങ്കിലും പ്രായശ്ചിത്തം ചെയ്യുന്നത് നല്ല കാര്യം. പക്ഷെ അതേ കുറ്റകൃത്യമാവർത്തിക്കില്ലെന്ന ഉറപ്പെങ്കിലും പിണറായി വിജയൻ അമ്പത് ലക്ഷത്തിന്റെ ചെക്ക് കൈമാറുന്നതിനോടൊപ്പം നൽകേണ്ടതല്ലേ? ജനാധിപത്യ കേരളം അത്തരമൊരുറപ്പ് ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും നേടിയെടുക്കണ്ടതുണ്ട്. തെരഞ്ഞെടുപ്പു കാലമെങ്കിലും വോട്ടർമാരുടേതാണല്ലോ.

മിണ്ടുക മഹാമുനേ.. എന്ന് ഒരു കാലത്ത് കേരളത്തിലെ കുടിലുകൾ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചിരുന്ന സി. അച്ചുതമേനോനുനേരെ വിരൽ ചൂണ്ടിയത് അടിയന്തരാവസ്ഥക്കുശേഷമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് അച്ചുതമേനോൻ മുഖ്യമന്ത്രിയും കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോൾ 1976 മാർച്ച് രണ്ടിന് ഞാൻ കൂടിയുണ്ടായിരുന്ന കക്കയം പൊലിസ് കോൺസൻട്രേഷൻ ക്യാമ്പിൽ വെച്ച് കൊല്ലപ്പെട്ട എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി പി. രാജനെ പ്രതി മാത്രമായിരുന്നില്ല ആ കൈ ചൂണ്ടൽ; 1970 ഫെബ്രുവരി 18ന് അച്യുതമേനോൻ മുഖ്യമന്ത്രിയും സി.എച്ച്. മുഹമ്മദുകോയ ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോൾ തിരുനെല്ലി കാട്ടിൽവെച്ച് പൊലിസ് വെടിവെച്ചുകൊന്ന എ. വർഗീസിനേയും പ്രതിയായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത്​‌ കൊല്ലപ്പെട്ട ‌ ആർ.ഇ.സി. വിദ്യാർത്ഥി രാജൻ.

രാജന്റെ മരണം സത്യമായും അറിയില്ലായിരുന്നു, ഷാ കമീഷൻ ചോദിച്ചിരുന്നെങ്കിൽ താനത് ഏറ്റുപറയുമായിരുന്നു എന്നു മറുപടി പറഞ്ഞ അച്യുതമേനോൻ വർഗീസിന്റെ കാര്യത്തിൽ മൗനം ഭഞ്ജിക്കാൻ വിസമ്മതിച്ചു. പക്ഷേ രാജന്റെ അച്ഛൻ ഈച്ചരവാര്യരുടെ ഹേബിയസ് കോർപസ് ഹരജിയുടെ വിചാരണയിൽ ആ മരണം സ്ഥിരീകരിക്കപ്പെട്ടു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് രാജിവെക്കേണ്ടിവന്നു. ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ നിർബ്ബന്ധിതവുമായി .

വർഗീസിന് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ വഴിത്തിരിവായത് ആ ഏറ്റുമുട്ടൽ കൊലപാതക കൃത്യം സ്വന്തം കൈ കൊണ്ട് ചെയ്യാൻ നിർബന്ധിതനായ രാമചന്ദ്രൻ നായരുടെ കാൽനൂറ്റാണ്ടിനു ശേഷമുള്ള ഏറ്റുപറച്ചിലായിരുന്നു. അങ്ങനെയാണ് അന്നത്തെ ഐ.ജിയായിരുന്ന ജയറാം പടിക്കലും പൊലിസ് സൂപ്രണ്ടായിരുന്ന ലക്ഷ്മണയും മുതൽ കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ വരെ പ്രതിക്കൂട്ടിൽ നിർത്തപ്പെട്ടത്. അങ്ങനെ പൊലിസ് പച്ചക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു വർഗീസിനെ എന്ന് തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് വർഗീസിന്റെ സഹോദരന്മാർ കോടതിയിൽ പോയത്.

സി. അച്യുതമേനോൻ

നഷ്ടപരിഹാരം നൽകാൻ വിധിക്കുന്നതിന് പകരം സർക്കാരിനെ സമീപിക്കാൻ ഹരജിക്കാരോടും ഇവരുടെ നിവേദനം അനുഭാവപൂർവം പരിഗണിക്കാൻ സർക്കാരിനോടും നിർദേശിക്കുകയായിരുന്നു കോടതി. ആ നിർദേശമനുസരിച്ചാണിപ്പോൾ അമ്പതുലക്ഷം രൂപ ബന്ധുക്കൾക്കു നൽകാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. വർഗീസിന്റെ കടുംബം അർഹിക്കുന്നതിൽ ഏറ്റവും കുറഞ്ഞ ഈ നഷ്ടപരിഹാരത്തുക- മനുഷ്യന് വിലയിടാൻ നാമാര്- പൗരാവകാശ പ്രവർത്തകർക്ക് സന്തോഷം നൽകുന്നതാണ്.

തൊട്ടുമുമ്പാണല്ലോ മുത്തങ്ങ പൊലിസ് വെടിവെപ്പിൽ പ്രതിയാക്കപ്പെടുകയും കൊടിയ മർദ്ദനത്തിനിരയാവുകയും ചെയ്ത കെ.കെ. സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിയുണ്ടായത്. നിശ്ചയമായും സർക്കാർ കണക്കു തീർക്കാൻ നിർബന്ധിതരായി തുടങ്ങുകയാണ് ....ആരായിരുന്നു നക്‌സലൈറ്റ് വർഗീസ് എന്നറിയപ്പെടുന്ന എ. വർഗീസ്? അടിയോരുടെ പെരുമൻ എന്ന് ക്ഷുബ്ധ യൗവനത്തിന്റെ ദശകത്തിലെ കവിതകൾ വാഴ്ത്തിപ്പാടിയ വർഗീസ് ആദ്യതലമുറയിലെ നക്‌സ ലൈറ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട സഖാക്കളിലൊരാൾ. തലശ്ശേരി- പുൽപ്പള്ളി പൊലിസ് സ്റ്റേഷൻ ആക്രമണങ്ങളിലും തൃശ്ശിലേരി -തിരുനെല്ലി ജന്മി ഉന്മൂലനങ്ങളിലും പ്രധാന പങ്കു വഹിക്കുകയും ആ ആക്ഷനുകൾക്ക് നേതൃത്വം നൽകുകയും ചെയ്തവരിൽ പ്രധാനി. നേരിട്ട് കാണാനോ സംസാരിക്കാനോ അവസരമുണ്ടായില്ലെങ്കിലും (ഞാൻ സ്‌കൂൾ അധ്യാപകനായി വയനാടിൽ എത്തുന്നതുതന്നെ വർഗീസ് കൊല്ലപ്പെട്ടശേഷമാണ് ) വർഗീസിന്റെ ഗുരു പി.എസ്. ഗോവിന്ദൻ വഴിയും വലങ്കയ്യായിരുന്ന സഖാവ് എ. വാസു വഴിയും വർഗീസിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സഖാക്കൾ കാളൻ, കരിയൻ, ചോമൻ, മരച്ചാത്തൻ, ചെമ്പേരൻ, ഗോണി തുടങ്ങിയവർ വഴിയും അറിയാനിടയായ വർഗീസുണ്ട്. സഖാവ് എന്ന് എല്ലാ അർഥത്തിലും വിളിക്കാവുന്ന, അടിമക്കച്ചവടത്തിൽ നിന്നും വല്ലിപ്പണിയിൽ നിന്നും ആദിവാസികളെ മോചിപ്പിച്ച യഥാർത്ഥ പെരുമൻ...

ചന്നം പിന്നം മഴ പെയ്യുന്ന ഒരു കൂരിരുട്ട് രാത്രിയിൽ മാനന്തവാടിയിലെ പൊതുപരിപാടി കഴിഞ്ഞപ്പോഴാണ് പി.എസിനെ ഒന്നു കണ്ടാലോ എന്നു തോന്നുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കണ്ണൂർ ജില്ല പാർട്ടി ഓഫീസ് സെക്രട്ടറിയായിരുന്ന വർഗീസ് വയനാട്ടിൽ ആദിവാസി പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടപ്പോൾ എത്തപ്പെട്ടത് പി.എസ്. ഗോവിന്ദന്റെ അടുത്താണ്. പിൽക്കാല വർഗീസിന്റെ രൂപീകരണത്തിൽ വലിയ പങ്ക് വഹിച്ച പി.എസ്. തന്റെ ചെറുവീട്ടിൽ മണ്ണെണ്ണ വിളക്കിനു മുമ്പിലിരുന്ന് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഏറ്റവുമൊടുവിലത്തെ വിമർശന ഗ്രന്ഥം വായിക്കുകയാണ്; വി.സി. ശ്രീജന്റെ പ്രതിവാദങ്ങൾ.

2016-ൽ നിലമ്പൂർ കരുളായി വനത്തിൽ പൊലീസ്​ വെടിവെച്ചുകൊന്ന കുപ്പു ദേവരാജ്, അജിത

ഒരുപക്ഷേ സാർത്രിന്റെ ക്രിട്ടിക്ക് ഓഫ് ഡയലക്ടിക്കൽ മെറ്റിരിയലിസത്തിനു ശേഷം ഏറ്റവുമാധികാരികതയോടെ മാർക്‌സിസത്തിന്റെ ദാർശനികാടിത്തറ പരിശോധിക്കുന്ന ഈ പുസ്തകം, എന്തോ, ശ്രദ്ധിക്കപ്പെടാതെ പോയി. വിജ്ഞാന/ ദർശന വിഭാഗത്തിൽ പെട്ട ഈ കൃതി സാഹിത്യ നിരൂപണ വിഭാഗത്തിലാണ് അക്കാദമി പുരസ്‌കാരം നേടിയതെന്നതും രസകരം. പഴയ സോഡാക്കുപ്പിയുടെ കട്ടിയുള്ള അടിഭാഗത്തെ ഓർമിപ്പിക്കുന്ന കണ്ണട അഴിച്ച് താഴെ വെച്ചതിനുശേഷം പി.എസിന്റെ ആദ്യ അന്വേഷണം ഇങ്ങനെയായിരുന്നു: ഓ, താനും ബുദ്ധിജീവിയാണല്ലോ, ശ്രീജനെ പോലെത്തന്നെയാവും ആലോചന, അല്ലേ? വർഗീസിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ഓർമകളിലൂടെ അന്നദ്ദേഹം കടന്നുപോയത് രോമാഞ്ചത്തോടു കൂടിയല്ലാതെ വീണ്ടെടുക്കാനാവില്ല. അതായിരുന്നു വർഗീസ്, അങ്ങനെയായിരുന്നു അയാൾ രൂപപ്പെട്ടത്...

തിരുനെല്ലി ആക്ഷനിടയിലെ ഒരു സംഭവം വർഗീസിന്റെ വലംകൈയായിരുന്ന എ. വാസു ഓർത്തെടുക്കുന്നു: ഞങ്ങളന്ന് രാത്രി കയറിയിറങ്ങിയ ജന്മി വീടുകളിലൊന്നിലെ ഒരു ചെറിയ കുട്ടി വല്ലാതെ പരിഭ്രമിച്ച് വലിയ വായിലേ ഏങ്ങിയേങ്ങിക്കരയുകയായിരുന്നു. എന്തിന് കുട്ടാ, അച്ഛനോട് ചില കണക്കുകൾ ചോദിച്ച് ഞങ്ങളങ്ങ് തിരിച്ചുപോവുമല്ലോ, മറ്റാരേയും ഒന്നും ചെയ്യില്ല, വലുതാവുമ്പം ഈ ദിവസം പക്ഷേ ഓർക്കണം , അച്ഛനെ പോലാവരുത് മകൻ, ഈ അടിയാന്മാർ പകലന്തിയോളം എല്ലുമുറിയെ പണിയെടുത്തിട്ടാണ് നിങ്ങൾ ഏമാന്മാർ പല്ല് മുറിയെ തിന്നു ജീവിക്കണത്, ആ ദുഷ്ടജീവിതം ഇനി തുടരരുത്...അന്നങ്ങനെ ആശ്വസിപ്പിക്കപ്പെട്ട ട്രൗസർ കുട്ടി വലുതായപ്പോൾ എഴുതിയ ആദ്യ കവിത, നരിനിരങ്ങിമലയിൽ നിന്നിറങ്ങി വരുന്ന നരികളെ കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു.

സി.കെ. ജാനു

ഞാൻ കൂടി എഡിറ്ററായിരുന്ന യെനാൻ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ കവിത വായിച്ച വാസുവേട്ടൻ പൊട്ടിച്ചിരിച്ചു: ഇങ്ങനെയൊക്കെയാടോ വിപ്ലവം പ്രവർത്തിക്കുന്നത്. എന്നാൽ വർഗീസിനെ കുറിച്ചുള്ള ഏറ്റവും മികച്ച സാക്ഷ്യം വരുന്നത് സഖാവിനൊപ്പമുണ്ടായിരുന്ന, പിന്നീട് എട്ടുപത്തുവർഷം ജയിൽവാസമനുഷ്ടിച്ച മുകളിൽ പേരെടുത്തു പറഞ്ഞ ആദിവാസി സഖാക്കളിൽ നിന്നാണ്. അവരുടെ കുടുംബത്തിൽ നിന്നാണ് പിന്നീട് ആദിവാസി സ്വത്വരാഷ്ടീയത്തിന്റെ പ്രതീകമായി സി.കെ. ജാനു ഉയർന്നുവന്നത് എന്നത് ഒട്ടും അതിശയിപ്പിക്കുന്ന കാര്യമല്ല.

താഹ ഫസലും അലനും

വർഗീസിന്റെ ബന്ധുക്കൾക്കു ലഭിക്കുന്ന ഈ നഷ്ടപരിഹാരത്തുക ആദിവാസികളെ കുറിച്ചും അവർക്കിടയിലെ വിപ്ലവ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ഗവേഷണങ്ങൾക്കും ഒരു മ്യൂസിയം സ്ഥാപിക്കാനും ഉപയോഗപ്പെടുത്തുകയാണ് എന്നത് ആഹ്‌ളാദകരമായ കാര്യം. രാജന്റെ പിതാവ് ഈച്ചരവാര്യരും തനിക്ക് ലഭിച്ച നഷ്ടപരിഹാരത്തുക എറണാകുളം ജില്ല ആശുപത്രിക്കാണല്ലോ നൽകിയത്. ഏതായാലും ഒടുവിൽ സർക്കാരിന് ചില കണക്കുകൾക്ക് മറുപടി പറയേണ്ടി വന്നിരിക്കുന്നു. എന്നാൽ നഷ്ടപരിഹാരത്തുക നൽകുന്ന ഇതേ സർക്കാരിന്റെ കാലത്തുതന്നെ നടന്ന ഇതുപോലുള്ള നാല് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ, കൊല്ലപ്പെട്ട എട്ട് രക്തസാക്ഷികളുടെ കണക്കുകൂടി ചോദിക്കേണ്ടതുണ്ടല്ലോ . പിണറായി വിജയൻ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമായി ഭരിക്കുന്ന ഈ അഞ്ച് വർഷത്തിനിടയിൽ നിലമ്പൂരിലും വയനാട്ടിലും അട്ടപ്പാടിയിലുമായി നടന്ന, വർഗീസ് കൊലപാതക മോഡലിലുള്ള പൊലിസ് പാതകങ്ങൾ തന്നെയാണ് എടുത്തുപറയുന്നത്. വർഗീസ് വധം തെറ്റെങ്കിൽ ഈ കൊലപാതകങ്ങളും തെറ്റ് തന്നെ. വർഗീസിന്റെ കൊലപാതകത്തിന് അവരുടെ ഭാഗത്തുനിന്നുതന്നെയുണ്ടായ ചില പ്രകോപനങ്ങൾ ചൂണ്ടിക്കാണിക്കാനെങ്കിലുമുണ്ട്. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും താഹയടക്കമുള്ള ചെറുപ്പക്കാരെ യു.എ.പി.എ പ്രകാരം ജയിലിലടച്ചിരിക്കുന്നതിനും എന്ത് ന്യായീകരണം?

മുഖ്യമന്ത്രി പിണറായി വിജയൻ

ഇക്കാലയളവിൽ കാര്യമായ എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം പോലും ഇപ്പോൾ മാവോയിസ്റ്റുകൾ എന്നറിയപ്പെടുന്ന ചെറുപ്പക്കാരിൽ നിന്നുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത്രയും പച്ചപ്പാവങ്ങളായ, എത്ര പ്രകോപ്പിപ്പിച്ചാലും പ്രകോപിതരാവാത്ത കലാപകാരികൾ കേരളത്തിലെ മാവോയിസ്റ്റുകളെപ്പോലെ ലോകത്ത് മറ്റെവിടേയെങ്കിലുമുണ്ടോ? ഇവരാര്, സസ്യഭുക്കുകളേക്കാൾ കടുത്ത സന്ധ്യഭുക്കുകളോ? എന്നിട്ടുമെന്തേ തിരുനെല്ലിക്കാടുകളിൽ അരനൂറ്റാണ്ട് മുമ്പ് നടന്നത് അതേപോലെത്തന്നെ ആവർത്തിക്കപ്പെടുന്നു? സ്റ്റേറ്റിന്റെ പഴയൊരു കുറ്റകൃത്യത്തിന് വൈകിയെങ്കിലും പ്രായശ്ചിത്തം ചെയ്യുന്നത് നല്ല കാര്യം. പക്ഷെ അതേ കുറ്റകൃത്യമാവർത്തിക്കില്ലെന്ന ഉറപ്പെങ്കിലും പിണറായി വിജയൻ അമ്പത് ലക്ഷത്തിന്റെ ചെക്ക് കൈമാറുന്നതിനോടൊപ്പം നൽകേണ്ടതല്ലേ? ജനാധിപത്യ കേരളം അത്തരമൊരുറപ്പ് ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും നേടിയെടുക്കണ്ടതുണ്ട്. തെരഞ്ഞെടുപ്പു കാലമെങ്കിലും വോട്ടർമാരുടേതാണല്ലോ.


സിവിക് ചന്ദ്രൻ

കവി, നാടകകൃത്ത്​, എഴുത്തുകാരൻ, ആക്ടിവിസ്റ്റ്. പാഠഭേദം മാസികയുടെ പത്രാധിപർ. ജനകീയ സംസ്‌കാരിക വേദിയുടെ സെക്രട്ടിയും അതി​ന്റെ മുഖപത്രമായ പ്രേരണയുടെ പത്രാധിപരും ആയിരുന്നു. തടവറക്കവിതകൾ, നിങ്ങളാ​​രെ കമ്യൂണിസ്​റ്റാക്കി (പ്രതിനാടകം), എഴുപതുകളിൽ സംഭവിച്ചത്,​ നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് (നാടകം) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments