ആദിവാസികളുടെ പട്ടിണിസമരങ്ങളെ ജന്മിമാർക്കൊപ്പം നിന്ന് വിറ്റുകാശാക്കിയ കമ്യൂണിസ്റ്റ് പാർട്ടി

'കമ്യൂണിസ്റ്റ് പാർട്ടി വിട്ടപ്പോൾ ഒരുമിച്ചു നടന്നവർ എന്നെ കാണുമ്പോൾ മുഖം തിരിച്ചുനടന്നു. വ്യക്തിവിരോധം പോലെ കണ്ടാൽ മിണ്ടാതായി. മാനസികമായി ഭയങ്കരമായ ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോഴും സത്യത്തിനും, നീതിക്കും വേണ്ടിയും ചൂഷണത്തിനെതിരെയും ഉറച്ച നിലപാടോടുകൂടി നിന്നു'- ആത്മകഥയിൽ സി.കെ. ജാനു തുറന്നെഴുതുന്നു.

Think

കേരളത്തിലെ ആദിവാസികളെയും അവരുടെ അവകാശ സമരങ്ങളെയും എങ്ങനെയാണ് സി.പി.എം കൈകാര്യം ചെയ്തത് എന്ന് തുറന്നെഴുതുന്നു, സി.കെ. ജാനു ‘അടിമമക്ക' എന്ന ആത്മകഥയിൽ. ഇന്ന് പുറത്തിറങ്ങുന്ന ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 81ലാണ് അവരുടെ തുറന്നുപറച്ചിൽ.

പതിനഞ്ചാമത്തെ വയസ്സിൽ സി.പി.എം ബ്രാഞ്ച് മെമ്പറും, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റി മെമ്പറും ആയ ജാനു, ജന്മികൾക്കൊപ്പം നിന്ന് പാർട്ടി ആദിവാസി സമരങ്ങളെ ഒറ്റുകൊടുത്ത അനുഭവമാണ് പറയുന്നത്.

‘‘കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ കൂലിക്കുവേണ്ടി ഞങ്ങൾ സമരം ചെയ്തു. കൂലിയുടെ കാര്യത്തിൽ തീരുമാനമാവാതെ പണിയെടുക്കരുതെന്നുപറഞ്ഞ്, പണിയെടുക്കുന്നവരെ പാടത്തുനിന്ന് കേറ്റിവിടാൻ സഖാക്കൾ എന്നോടുപറയും. ആ സമയത്തെല്ലാം ഞാൻ മുന്നിൽനിന്ന് കാര്യങ്ങൾ ചെയ്യും. അന്നത്തെ ഏതാണ്ടെല്ലാ ജന്മിമാരും രാഷ്ട്രീയപാർട്ടി നേതാക്കൻമാരായിരുന്നു.''

‘‘രണ്ടുരൂപയിൽ നിന്ന് ഇരുപത്തഞ്ചു പൈസ കൂടി കൂട്ടിക്കിട്ടാനാണ് സമരം. സമരത്തിനൊടുവിൽ സഖാക്കളും മുതലാളികളും നമ്മളെ കൂട്ടാതെ ചർച്ച നടത്തും. അങ്ങനെ ഇരുപത്തഞ്ചു പൈസക്കുപകരം പത്തുപൈസക്ക് ഒത്തുതീർപ്പാക്കും. സഖാക്കൾ പോയിക്കഴിയുമ്പോൾ ജന്മി നമ്മളോടു പറയും, ഞങ്ങൾ ഇരുപത്തഞ്ചു പൈസയിൽ ഒത്തുതീർപ്പാക്കാനിരുന്നതാണ്, സഖാക്കൾ പത്തുപൈസയിൽ ഒത്തുതീർപ്പാക്കി എന്ന്. മദ്യം, ചായ, കടി, വെറ്റിലയടയ്ക്ക എന്നിവയെല്ലാം കൊടുത്ത് പാർട്ടിക്കാർ ഗോത്രമൂപ്പൻമാരെ വശീകരിച്ചു. നമ്മളെ ആളുകൾ രാവിലെ വല്ല കാട്ടുകിഴങ്ങോ, പച്ചവെള്ളമോ കുടിച്ച് പട്ടിണിയൊക്കെ കിടന്നാണ് സമരം ചെയ്യുക. അങ്ങനെയുള്ള സമരങ്ങളെയാണ് പാർട്ടിക്കാർ വിറ്റുകാശുണ്ടാക്കുന്നത്.''

‘‘പാർട്ടി ആദിവാസികളെ ചൂഷണം ചെയ്യുന്നതുകണ്ട് അതിനെതിരെ ഞാൻ പറഞ്ഞപ്പോൾ, ഇവിടെനിന്ന് തീരുമാനം എടുക്കാൻ പറ്റില്ല എന്നും മേൽകമ്മിറ്റി തീരുമാനിക്കണമെന്നും സഖാക്കൾ പറഞ്ഞു. ആളുകളെ ചൂഷണം ചെയ്യുന്ന മേൽകമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിക്കാൻ പറ്റില്ല എന്നുപറഞ്ഞ്? 1987-ൽ ഞാൻ കമ്യൂണിസ്റ്റ് പാർട്ടി വിട്ടു.''

അടിമമക്ക
സി.കെ. ജാനുവിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങുന്ന വെബ്സീനിൽ തുടരുന്നു...

ട്രൂകോപ്പി വെബ്സീൻ സബ്സ്ക്രൈബ് ചെയ്യാനായി

ക്ലിക്ക് ചെയ്യൂ | വിളിക്കൂ:+91 97784 10345

Comments