truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
education

Education

ആറാം വയസ്സില്‍
ഒന്നില്‍ തുടങ്ങേണ്ടതല്ല പഠനം

ആറാം വയസ്സില്‍ ഒന്നില്‍ തുടങ്ങേണ്ടതല്ല പഠനം

മൂന്നുവയസ്സ് മുതല്‍ അഞ്ചുവയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളുംവിധം ഏകീകൃതമായ ഒരു വിദ്യാഭ്യാസ പദ്ധതി കേരളത്തിന് ഇതുവരെയും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ആറുവയസ്സിനുമുമ്പുള്ള പരിചരണത്തിനും വിദ്യാഭ്യാസത്തിനും പല ലോകരാജ്യങ്ങളും മുന്തിയ പരിഗണനയാണ് സമീപകാലത്ത് നല്‍കുന്നത്. തൊഴിലെടുക്കുന്ന അമ്മമാരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിക്കുന്നതിനനുസരിച്ച് കുട്ടികളുടെ സുരക്ഷയും പരിചരണവും ഉറപ്പാക്കേണ്ട പൊതുബാധ്യത വര്‍ധിക്കുന്നുവെന്നത് ഇതിന് ഒരു കാരണമാണ്.

23 Feb 2023, 10:55 AM

ഡോ. പി.വി. പുരുഷോത്തമൻ

വിദ്യാഭ്യാസത്തിന് വര്‍ധിച്ച പരിഗണന നല്‍കുന്ന സംസ്ഥാനമാണ് കേരളം എന്നാണ് നമ്മുടെ ധാരണ. പക്ഷേ ആ പരിഗണന ആരംഭിക്കുന്നത് ഒന്നാംക്ലാസ് മുതലാണെന്ന് മാത്രം! ഇങ്ങനെ പറയാന്‍ കാരണം, മൂന്നുവയസ്സ് മുതല്‍ അഞ്ചുവയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളുംവിധം ഏകീകൃതമായ ഒരു വിദ്യാഭ്യാസ പദ്ധതി നമുക്ക് ഇതുവരെയും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാലാണ്. അങ്കണവാടികള്‍ ഒരുവഴിക്ക്, സ്‌കൂളുകളോടുചേര്‍ന്ന് സമീപകാലത്ത് വ്യാപകമായിട്ടുള്ള പ്രീ പ്രൈമറികള്‍ വേറൊരു വഴിക്ക്, സ്വകാര്യ അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ മറ്റേതൊക്കെയോ വഴികളില്‍ എന്നതാണ് നിലവിലുള്ള നില. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴും, ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തലാണ് ഇനിയത്തെ ഊന്നലെന്ന് പറയുമ്പോഴും സര്‍ക്കാര്‍ മറന്നുപോകുന്നത് ശൈശവകാല വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയെന്ന പ്രാഥമിക ഉത്തരവാദിത്തമാണ്. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ശിശുവികാസത്തിന്റെ തുടക്കം

അമ്മയുടെ വയറ്റില്‍ ഒരു ജീവകോശമായി ഉരുവംകൊള്ളുന്നതു മുതല്‍ ആരംഭിക്കുന്നതാണ് ഒരു ശിശുവിന്റെ വളര്‍ച്ചയും വികാസവും. ഗര്‍ഭകാലത്തെ പോഷണക്കുറവും അമ്മയുടെ ശാരീരിക മാനസിക നിലയുമൊക്കെ കുഞ്ഞിന്റെ ഭാവിവളര്‍ച്ചയെയും വികാസത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
അമ്മയുടെ വയറ്റില്‍ കിടക്കുമ്പോള്‍ ഗര്‍ഭപാത്രത്തിന്മേലുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസങ്ങളോടും പുറമേ നിന്നുള്ള തീവ്രമായ ശബ്ദതരംഗങ്ങളോടും വരെ ശിശു പ്രതികരിക്കുന്നുണ്ടത്രേ. ജനനശേഷമാകട്ടെ ആദ്യം അമ്മയുമായും പിന്നീട് തന്നെ പരിചരിക്കുന്നവരുമായും തുടര്‍ന്ന് ചുറ്റുമുള്ള ഭൗതികലോകവുമായും ബന്ധപ്പെടുന്നതിലൂടെയാണ് കുഞ്ഞിന്റെ അനുഭവലോകം വിശാലമാകുന്നത്. കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചും കുട്ടി നിരന്തരം ലോകത്തെ അറിയാന്‍ ശ്രമിക്കുന്നു. അളവറ്റ ജിജ്ഞാസയോടെ കൈയില്‍ കിട്ടുന്നതെന്തും കൈകാര്യം ചെയ്യുന്നു. അനുഭവങ്ങളെ താരതമ്യം ചെയ്ത് പ്രാഥമിക ധാരണകളിലേക്ക് അബോധപൂര്‍വം എത്തിച്ചേരുന്നു. സംവേദനവും അറിയലും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ശാരീരികവും ബുദ്ധിപരവും വൈകാരികവും സാമൂഹ്യവുമായ വികാസത്തിന്റെ സൂക്ഷ്മമായ പടവുകള്‍ പലതും കുഞ്ഞ് അതിവേഗം പിന്നിടുന്നു. അറിവായും ഭാഷയായും ശരീരവഴക്കങ്ങളായും ചിന്താശേഷിയായും പ്രതികരണശീലങ്ങളായും ആവിഷ്‌കരണ നൈപുണികളായും "വിദ്യാഭ്യാസ'ത്തിന്റെ പല അടിസ്ഥാനഘടകങ്ങളും അഞ്ചുവയസ്സിനുമുമ്പ് പിന്നിടുന്നു. മാതൃഭാഷയുടെയും ഗണിതത്തിന്റെയും പ്രാഗ്‌ശേഷികള്‍ മിക്കതും അനുഭവങ്ങളിലൂടെ നേടേണ്ട, നേടുന്ന പ്രായമാണിത്.

anganawadi

കുഞ്ഞിന്റെ വൈകാരികമായ ചില സവിശേഷതകളും അറിവുനിര്‍മാണത്തിന്റെ ശൈലീഭേദങ്ങളും സാമൂഹികതയുടെ രുചിക്കൂട്ടുമൊക്കെ അഞ്ചുവയസ്സിനകം ഏതാണ്ട് രൂപപ്പെടുമെന്നാണ് പുതിയ അന്വേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ഘട്ടത്തിലുള്ള വളര്‍ച്ചയുടെയും വികാസത്തിന്റെയും കൃത്യമായ നാഴികക്കല്ലുകള്‍ (milestones) ശിശുവിദഗ്ധരും മനഃശാസ്ത്രജ്ഞരുമൊക്കെ കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. തലച്ചോറിന്റെ വലിപ്പവര്‍ധനവിന്റെ 85 ശതമാനവും ഭാഷയുടെ അടിസ്ഥാന വ്യാകരണവുമൊക്കെ രൂപപ്പെടുന്ന അതിനിര്‍ണായകവും അങ്ങേയറ്റം വിലപ്പെട്ടതുമായ വളര്‍ച്ചാഘട്ടമായ ശൈശവത്തെയാണ് നാമിവിടെ ഗൗരവമില്ലാതെ സമീപിക്കുന്നത്. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും അറിവില്ലായ്മകൊണ്ട് രണ്ടു കാര്യങ്ങള്‍ സംഭവിക്കാം. ഒന്നുകില്‍ ഈ ഘട്ടത്തില്‍ ലഭിക്കേണ്ട പോഷണവും പരിചരണവും സുരക്ഷയും വൈവിധ്യപൂര്‍ണമായ അനുഭവങ്ങളും വേണ്ട അളവില്‍ ലഭിക്കാതിരിക്കാം. അല്ലെങ്കില്‍ മുതിര്‍ന്നവരുടെ "വര്‍ധിച്ച ശ്രദ്ധ' കാരണം പ്രായത്തിന് ഉപരിയായ പലതും നിര്‍ബന്ധപൂര്‍വം കുഞ്ഞില്‍ കുത്തിനിറയ്ക്കുന്നതിനാല്‍ സ്വാഭാവിക വികാസം തടസ്സപ്പെട്ടെന്നുവരാം. 

മറ്റിടങ്ങളിലെ സ്ഥിതി

ആറുവയസ്സിനുമുമ്പുള്ള പരിചരണത്തിനും വിദ്യാഭ്യാസത്തിനും പല ലോകരാജ്യങ്ങളും മുന്തിയ പരിഗണനയാണ് സമീപകാലത്ത് നല്‍കുന്നത്. പ്രീ സ്‌കൂള്‍ മേഖലയില്‍ ഇപ്പോള്‍ നടത്തുന്ന നിക്ഷേപം ഭാവിയില്‍ പലമടങ്ങായി തിരിച്ചുകിട്ടുമെന്ന സാമ്പത്തികയുക്തി ഇതിന് ഒരു കാരണമാണ്. തൊഴിലെടുക്കുന്ന അമ്മമാരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിക്കുന്നതിനനുസരിച്ച് കുട്ടികളുടെ സുരക്ഷയും പരിചരണവും ഉറപ്പാക്കേണ്ട പൊതുബാധ്യത വര്‍ധിക്കുന്നുവെന്നത് മറ്റൊരു കാരണമാണ്. ശിശുവികാസമെന്നത് ജനനം മുതല്‍ നടക്കുന്ന പ്രക്രിയയാണെന്നും ആകയാല്‍ നേരത്തെ തന്നെ അവരുടെ പോഷണ - ആരോഗ്യ - പരിചരണ - വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നുമുള്ള ആധുനിക കാഴ്ചപ്പാടിന്റെ വ്യാപനം മറ്റൊരു പ്രേരണയാണ്. 

education

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1989-ല്‍ 192 രാജ്യങ്ങള്‍ ഒപ്പിട്ട കുട്ടികളുടെ അവകാശ ഉടമ്പടി, 1990-ലെ "എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന പ്രഖ്യാപനം, 2015-ലെ "സുസ്ഥിര വികസനലക്ഷ്യങ്ങള്‍' സംബന്ധിച്ച പ്രഖ്യാപനം എന്നിവ അഞ്ചുവയസ്സിനുമുമ്പുള്ള പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബോധ്യപ്പെടുത്തിയതാണ്. കാലത്തിന്റെയും ലോകത്തിന്റെയും ഇത്തരം ആഹ്വാനങ്ങള്‍ മുഖവിലയ്ക്കെടുത്ത് പല രാജ്യങ്ങളും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതുവരെയുള്ള കുട്ടികളുടെ വളര്‍ച്ച കുടുംബത്തിന്റെ ചുമതലയാണെന്ന പരമ്പരാഗത ധാരണ ഉറച്ചുപോയ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഇടപെടലുകള്‍ കാര്യമായ ഫലം തരുന്നില്ല. ഉദാഹരണമായി, 1975-ല്‍ ആരംഭിച്ച, ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ശിശുപരിചരണ പദ്ധതിയായ ഐ.സി.ഡി.എസ്. (Integrated Child Development Scheme) ശിശുവിദ്യാഭ്യാസ കാര്യത്തില്‍ ആപേക്ഷികമായ പുരോഗതി  ഇപ്പോഴും നേടിത്തന്നിട്ടില്ല. 

ALSO READ

പള്ളിക്കൂടത്തിന് പുറത്ത് നിര്‍ത്തിയ കുട്ടികള്‍

എന്നാല്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ നോക്കുക. ഉദാഹരണമായി, സ്വീഡനില്‍ ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ ആദ്യത്തെ പതിമൂന്ന് മാസത്തോളം 80 ശതമാനം ശമ്പളത്തോടെയുള്ള അവധി നല്‍കിക്കൊണ്ട് അമ്മയോ പറ്റുമെങ്കില്‍ മാതാപിതാക്കള്‍ ഒന്നിച്ചോ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുന്നു. അതുകഴിഞ്ഞാല്‍ മുനിസിപ്പാലിറ്റിയുടെ ചുമതലയിലുള്ള പൊതുവായ കെയര്‍ സെന്ററില്‍ കുട്ടികളെ ചേര്‍ക്കുന്നു. തുടര്‍ന്ന് മൂന്നുവയസ്സാകുന്നതോടെ അവരെ ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന പ്രീസ്‌കൂളില്‍ പ്രവേശിപ്പിക്കുന്നു. ആറുവയസ്സ് തികയുന്നതോടെ എല്ലാവരെയും ഔപചാരിക പഠനസംവിധാനങ്ങളിലേക്ക് നയിക്കുന്നു. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ ഓരോന്നും ഒന്നുകില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ചുമതലയിലുള്ളതോ അതുമല്ലെങ്കില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതോ ആയിരിക്കും. എവിടെയായാലും ചെലവിന്റെ നാമമാത്രമായ ഒരു ഭാഗമേ രക്ഷിതാക്കള്‍ വഹിക്കേണ്ടതുള്ളൂ. 

മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ പോലും ദരിദ്ര - ധനികവ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും മെച്ചപ്പെട്ട ഡെ കെയര്‍, പ്രീ സ്‌കൂള്‍ അനുഭവങ്ങള്‍ കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഫെഡറല്‍ തലത്തിലുള്ള ഇടപെടലുകളുണ്ട്. 1965-ല്‍ "ദാരിദ്ര്യത്തിനെതിരായ യുദ്ധ'ത്തിന്റെ ഭാഗമായി, ആരോഗ്യ-വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ 3-6 വയസ്സ് പ്രായപരിധിയിലുള്ള കുട്ടികള്‍ക്കായി അമേരിക്കയില്‍ ഹെഡ്സ്റ്റാര്‍ട്ട് പദ്ധതി (Head Start Program) ആരംഭിച്ചത് ഓര്‍ക്കാവുന്നതാണ്. 1994-ല്‍ 0-3 വയസ്സുകാരെക്കൂടി ചേര്‍ത്ത് അത് വിപുലീകരിക്കുകയുണ്ടായി. 

ശാസ്ത്രീയമായ ശിശുപരിചരണം

ശൈശവമെന്നത് മുതിര്‍ന്നവരുടെ തോന്നലുകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ച് എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാമെന്ന ധാരണ എത്രയോ മുമ്പുതന്നെ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ കുട്ടികള്‍ക്കായി ആദ്യത്തെ സചിത്ര പാഠപുസ്തകം തയ്യാറാക്കുകയും അമ്മമാര്‍ക്കായി "School of Infancy' എന്ന പുസ്തകമെഴുതുകയും ചെയ്ത കൊമേനിയസ് (John Amos Comenius) ഇതിന് ശക്തമായ തുടക്കമിട്ടു. ആദിശൈശവം സവിശേഷതകള്‍ ഏറെയുള്ള കാലമാണെന്നും ചുറ്റുമുള്ള വസ്തുക്കളുമായി ഇടപഴകുമ്പോഴാണ് കുട്ടികള്‍ കാര്യങ്ങള്‍ നന്നായി ഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
കുറച്ചുകാലം അവഗണിക്കപ്പെട്ടിരുന്ന ഇത്തരം ആശയങ്ങള്‍ക്ക് പുനര്‍ജന്മമുണ്ടായത് ഫ്രോബല്‍ (Friedrich Froebel) 1837-ല്‍ കിന്റര്‍ഗാര്‍ട്ടന്‍ ആരംഭിച്ചപ്പോഴാണ്. വ്യത്യസ്ത തരം മരക്കട്ടകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് കളികളിലൂടെ പഠിക്കാനും കുഞ്ഞുങ്ങള്‍ക്ക് അവരുടെ ആന്തരികമായ നിയമങ്ങള്‍ക്ക് അനുസൃതമായി വികസിക്കാനുമുള്ള സൗകര്യം അവിടെ ലഭ്യമാക്കി. ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍, ഇന്ത്യയിലുള്‍പ്പെടെ തന്റെ ആശയങ്ങള്‍ നേരിട്ട് പ്രചരിപ്പിച്ച മറിയ മോണ്ടിസോറി (Maria Montessori), വിദ്യാഭ്യാസം ജനനത്തോടെ ആരംഭിക്കുന്നുവെന്നും ജീവിതത്തിലെ ആദ്യവര്‍ഷങ്ങള്‍ അതിപ്രധാനമാണെന്നും ഇക്കാലത്ത് കുഞ്ഞുങ്ങള്‍ ചില പ്രത്യേക വളര്‍ച്ചാഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നും ഓര്‍മിപ്പിച്ചു.

jean pigat
   ഷോൺ പിയാഷെ. / Photo : Wikimedia Commons.

ഇരുപതാം നൂറ്റാണ്ടിന്റെ ഇരുപാതികളിലുമായി മനഃശ്ശാസ്ത്രരംഗത്തുണ്ടായ കണ്ടെത്തലുകള്‍ ശിശുവികാസത്തില്‍ അനുഭവങ്ങള്‍ക്കുള്ള പ്രാധാന്യം ഒന്നുകൂടി എടുത്തുകാട്ടി. ജ്ഞാനനിര്‍മിതിവാദിയായ പിയാഷെയുടെ (Jean Piaget) കണ്ടെത്തലുകള്‍, 0 മുതല്‍ 2 വയസ്സുവരെ പ്രായത്തെ ഒരു ഘട്ടമായും 2 മുതല്‍ 7 വയസ്സുവരെയുള്ള പ്രായത്തെ മറ്റൊരു   ഘട്ടമായും കണ്ട് കുട്ടികള്‍ എങ്ങനെയാണ് ലോകത്തെ അറിയുന്നതെന്നും അതില്‍ നവംനവങ്ങളായ അനുഭവങ്ങള്‍ക്കുള്ള പങ്കെന്താണെന്നും വ്യക്തമാക്കുകയുണ്ടായി. വികാസത്തിന്റെയും പഠനത്തിന്റെയും പിറകിലുള്ള മാനസികപ്രക്രിയകളിലേക്ക് പിയാഷെ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. കുഞ്ഞിനെ ഒരു സജീവപഠിതാവായിക്കണ്ട അദ്ദേഹം, വികസനമെന്നത് ശിശുവളര്‍ച്ചയോടൊപ്പം നടക്കുന്നതും മൂര്‍ത്തചിന്തയില്‍ നിന്നും അമൂര്‍ത്തചിന്തയിലേയ്ക്കുള്ള പരിണാമവുമാണെന്ന് ദീര്‍ഘകാല പഠനങ്ങളെ അടിസ്ഥാനമാക്കി വിശദീകരിച്ചു. അതുവഴി കുട്ടികളെ എങ്ങനെയും രൂപപ്പെടുത്താമെന്ന, പൊതുബോധത്തില്‍ വളരെക്കാലമായി നിലനിന്ന, വ്യവഹാരവാദ ധാരണയെ ശക്തമായി ചോദ്യംചെയ്തു.

ALSO READ

വിദ്യാർഥികളുടെ ജീവനെടുക്കുന്ന ഐ.ഐ.ടികൾ, എൻ.ഐ.ടികൾ

താഴ്ന്ന മാനസികപ്രക്രിയകളില്‍ നിന്ന് ഉയര്‍ന്ന മാനസികപ്രക്രിയകളിലേയ്ക്കുള്ള കുഞ്ഞിന്റെ മാറ്റത്തില്‍ സമൂഹവും സംസ്‌കാരവും ചെലുത്തുന്ന സ്വാധീനം റഷ്യന്‍ മനഃശാസ്ത്രജ്ഞനായ വിഗോട്‌സ്‌കി (Lev Vygotsky) ഉയര്‍ത്തിക്കാട്ടി. ചമഞ്ഞുകളി (Make believe / pretend play) പോലുള്ള പ്രീസ്‌കൂള്‍ കാലത്തെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ കുട്ടികള്‍ അവരുടെ നിലവിലുള്ള മാനസികനിലയില്‍ നിന്നും ഒരുപടി ഉയര്‍ന്ന തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രീസ്‌കൂള്‍ കുട്ടികള്‍ നടത്തുന്ന ചമഞ്ഞുകളികള്‍ ആത്മനിയന്ത്രണം കൈവരിക്കുന്നതിലും സമൂഹനിയമങ്ങള്‍ ആന്തരികവത്കരിക്കുന്നതിലും നിയമങ്ങള്‍ പാലിക്കുന്നതിലും നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. പ്രീസ്‌കൂള്‍ ഘട്ടത്തിലെ ഇത്തരം അനുഭവങ്ങള്‍ വഴിയും ചുറ്റുപാടുമായും സമൂഹവുമായും ഇടപെടുന്നതുവഴിയും മുതിര്‍ന്നവര്‍, സഹപാഠികള്‍, കൂടുതല്‍ അറിവുള്ളവര്‍ എന്നിവരുമായി ഇടപെടുന്നതുവഴിയും എങ്ങനെയാണ് കുട്ടികള്‍ ഔപചാരിക വികാസത്തിന് പാകപ്പെടുന്നതെന്ന് വിഗോട്‌സ്‌കിയും മറ്റ് സാമൂഹ്യജ്ഞാന നിര്‍മിതിവാദികളും വിശദീകരിച്ചിട്ടുണ്ട്.

നവീനമാതൃകകളുടെ ആവിര്‍ഭാവം

മേല്‍പ്പറഞ്ഞതുപോലുള്ള ആശയങ്ങളില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ടുകൊണ്ട് നിരവധി പ്രീ സ്‌കൂള്‍ മാതൃകകള്‍ ലോകമെമ്പാടും അറുപതുകളിലും എഴുപതുകളിലും ഉയര്‍ന്നുവരികയുണ്ടായി. അതില്‍ ഏറെ ശ്രദ്ധേയം 75 വര്‍ഷത്തെ ചരിത്രമുള്ള റെജിയോ എമിലിയ' (Reggio Emilia) മാതൃകയാണ്. വടക്കന്‍ ഇറ്റലിയിലെ ഒരു നഗരപ്രാന്തത്തില്‍, രണ്ടാം ലോകയുദ്ധത്തിന്റെ കെടുതിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തില്‍ ഒരുകൂട്ടം ദരിദ്രകര്‍ഷകര്‍ സ്വന്തം കൈകള്‍കൊണ്ട് ചുട്ടെടുത്ത ഇഷ്ടികകളില്‍ പണിതുയര്‍ത്തിയ ഒരു പ്രീസ്‌കൂളിലായിരുന്നു" അതിന്റെ തുടക്കം. അതൊരു സന്ദേശമായി സമീപപ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിച്ചതോടെ സ്ത്രീകളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡസനേളം സ്ഥാപനങ്ങള്‍ അവിടവിടെ ഉയര്‍ന്നുവന്നു. 1960 കളില്‍ റെജിയോ മുനിസിപ്പാലിറ്റി അവയെ മൊത്തമായി ഏറ്റെടുത്തതോടെ ലോറിസ് മലഗുസ്സിയെന്ന (Loris Malaguzzi) വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ അതൊരു മഹാപ്രസ്ഥാനമായി വളര്‍ന്നു. ഒരു പ്രാദേശിക ഭരണകൂടം ശിശുവിദ്യാഭ്യാസത്തില്‍ സക്രിയമായി ഇടപെടുന്നതിന്റെ ഉജ്വലമായ ലോകമാതൃകയായി റെജിയോ ഇപ്പോഴും നിലനില്‍ക്കുന്നു. ഡ്യൂയി (John Dewey), പിയാഷെ, വിഗോട്‌സ്‌കി തുടങ്ങിയവരുടെ ആശയങ്ങളില്‍ കെട്ടിപ്പടുത്ത സമീപനമാണ് ഇവിടെയുള്ളത്.

children
  ഒരു പ്രാദേശിക ഭരണകൂടം ശിശുവിദ്യാഭ്യാസത്തില്‍ സക്രിയമായി ഇടപെടുന്നതിന്റെ ഉജ്വലമായ ലോകമാതൃകയായി റെജിയോ ഇപ്പോഴും നിലനില്‍ക്കുന്നു. / Photo : reimaginingchildhood.com.

"റെജിയോ സമീപനം' സ്വീകരിച്ച നിരവധി പ്രീസ്‌കൂളുകള്‍ ഇന്ന് അമേരിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികളുടെ താത്പര്യങ്ങള്‍ തിരിച്ചറിയുന്നതിലൂടെ രൂപപ്പെടുന്ന പ്രോജക്റ്റ് പ്രവര്‍ത്തനങ്ങളാണ് ഈ രീതിയുടെ മുഖ്യസവിശേഷതയെന്നു കാണാം. കുട്ടികള്‍ പറയുന്നതും ചെയ്യുന്നതും വരയ്ക്കുന്നതും നിര്‍മിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ശബ്ദമായും ഫോട്ടോയായും വീഡിയോയായും കുറിപ്പുകളായും ഡോക്യുമെന്റ് ചെയ്യുകയും രക്ഷിതാക്കളുമായി പങ്കുവെക്കുകയും ചെയ്തുകൊണ്ട്, തുടര്‍വിലയിരുത്തലിന്റെ ഒരു പ്രായോഗികമാതൃക കൂടി ആവിഷ്‌കരിക്കാന്‍ റെജിയോ പ്രീസ്‌കൂളുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം നേരിട്ടുകണ്ട് ബോധ്യപ്പെട്ടവരില്‍ ആധുനിക വിദ്യാഭ്യാസചിന്തയിലെ പ്രമുഖരായ ബ്രൂണറും (Jerome S. Bruner) ഗാര്‍ഡ്‌നറും (Howard Gardner) ഉള്‍പ്പെടുന്നു.

1970-ല്‍ അമേരിക്കയിലെ മിഷിഗണിലെ പെറി പ്രീസ്‌കൂളില്‍ (Perry preschool) ഡേവിഡ് വീക്കാര്‍ട്ട് (David P. Weikart) എന്ന മനഃശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹൈസ്‌കോപ്പ് (HighScope) കരിക്കുലം മാതൃകയും ഒട്ടേറെ രാജ്യങ്ങളില്‍ ഇന്ന് പ്രാദേശികമാറ്റങ്ങളോടെ നടപ്പിലാക്കിവരുന്നു. കുട്ടികള്‍ അറിവ് നിര്‍മിക്കുന്നുവെന്ന കാഴ്ചപ്പാട് തന്നെയാണ് ഇതിന്റെയും അടിത്തറ. ഇവിടെ പഠിച്ചുവളര്‍ന്ന കുട്ടികളെ നാല്‍പതുവര്‍ഷത്തോളം ഇടവിട്ട് നിരീക്ഷിച്ച ഗവേഷകര്‍ കുട്ടികളുടെ പില്‍ക്കാല പഠനത്തിലും ജീവിതത്തിലും ഈ പ്രീസ്‌കൂള്‍ അനുഭവം മികച്ച ഗുണാത്മകസ്വാധീനം ചെലുത്തുകയുണ്ടായെന്ന് ശാസ്ത്രീയമായി ലോകത്തെ ബോധ്യപ്പെടുത്തുകയുണ്ടായി.

ALSO READ

പഠനനിലവാരത്തിനായുള്ള നിലവിളികള്‍

പ്രശസ്തമായ കിന്റര്‍ഗാര്‍ട്ടന്‍ രീതിയ്ക്കും മോണ്ടിസോറി സമ്പ്രദായത്തിനും പിന്നാലെ പുതിയ തിരിച്ചറിവുകളുടെ പിന്‍ബലത്തില്‍ പ്രീസ്‌കൂള്‍ അന്വേഷണങ്ങള്‍ വൈവിധ്യമാര്‍ന്ന പലവഴികളിലൂടെയും ഇന്ന് ലോകമാകെ മുന്നോട്ടുപോവുകയാണ്. ജോണ്‍ ഡ്യൂയിയുടെ ആശയങ്ങളില്‍ നിന്ന് രൂപപ്പെട്ടതും ലിലിയന്‍ കാറ്റ്‌സിനെ (Lilian G. Katz) പോലുള്ളവര്‍ പിന്നീട് ഏറെ വികസിപ്പിച്ചതുമായ പ്രോജക്റ്റ് രീതി റെജിയോയില്‍ ഉള്‍പ്പെടെ പലേടത്തും പ്രാബല്യത്തിലുണ്ട്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്മാര്‍ക്കിനും സ്വീഡനും ശേഷം ജര്‍മനി, സ്‌കോട്‌ലന്‍ഡ്‌, കാനഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച വനാധിഷ്ഠിത പ്രീസ്‌കൂളുകള്‍  (Forest kindergarten) ശ്രദ്ധേയമായ മറ്റൊരു മാതൃകയാണ്. പ്രകൃതിനശീകരണം വര്‍ധിക്കുകയും കുട്ടികള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍, കമ്പ്യൂട്ടറുകള്‍ക്കു മുമ്പില്‍ തളച്ചിടപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് അവരെ ബാധിക്കുന്ന "പ്രകൃതിയപര്യാപ്തതാ രോഗ'ത്തിന് (Nature deficit disorder) ഇതൊരു മറുമരുന്നാണെന്ന് പലരും കരുതുന്നു.

രീതിയും പേരുമൊക്കെ എന്തായാലും, (0-1) വയസ്സ്, (1-3) വയസ്സ്, (3-5) വയസ്സ്, (5-6) വയസ്സ് എന്നീ പ്രായപരിധികളില്‍ യഥാക്രമം വീട്, ഡെ കെയര്‍ സെന്റര്‍, പ്രീസ്‌കൂള്‍, പ്രിപ്പറേറ്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രായാനുസൃതമായി കിട്ടുന്ന ശരിയായ അനുഭവങ്ങള്‍ പില്‍ക്കാലത്തെ വിദ്യാഭ്യാസത്തിലും ജീവിതത്തിലും സദ്ഫലങ്ങള്‍ നല്‍കുമെന്ന പൊതുധാരണ ഇന്ന് ലോകത്ത് ശക്തമായി വരികയാണ്. എന്നാല്‍ മറ്റുപല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, നമ്മള്‍ ഇന്നും മൂന്നു വയസ്സുവരെ കുട്ടികളെ വീട്ടില്‍ തന്നെ നിര്‍ത്താന്‍ ശ്രമിക്കുന്നു. തുടര്‍ന്നുള്ള കാലത്താകട്ടെ സാമ്പത്തികസ്ഥിതിയനുസരിച്ച് സമീപത്ത് ലഭ്യമാകുന്ന ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ തത്കാലം കുട്ടികളെ കൊണ്ടാക്കുക എന്നതാണ് പൊതുനില. മഹാഭൂരിപക്ഷത്തിന്റെയും ആശ്രയം അങ്കണവാടികളാണ്. നല്ല പങ്ക് കുട്ടികള്‍ക്ക് അങ്ങനെയൊരു സൗഭാഗ്യം പോലും ഇന്ത്യയില്‍ ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഗോത്രവിഭാഗങ്ങളുടെയും മറ്റും കുട്ടികള്‍ ഈ വിഭാഗത്തില്‍  പെടുന്നു. ഇത്തരക്കാര്‍ക്ക് ഏതെങ്കിലും ഏജന്‍സി വഴി സമീപപ്രദേശത്ത് ബദല്‍വിദ്യാഭ്യാസകേന്ദ്രങ്ങള്‍ തുടങ്ങാനും അല്പം "ലിറ്ററസി'യും "ന്യൂമറസി'യും പരിശീലിപ്പിക്കാനുമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ (NCF-2020) ല്‍ പോലും ലക്ഷ്യമിട്ടിട്ടുള്ളത്.  

education
  1970-ല്‍ അമേരിക്കയിലെ മിഷിഗണിലെ പെറി പ്രീസ്‌കൂളില്‍ ഡേവിഡ് വീക്കാര്‍ട്ട് എന്ന മനഃശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹൈസ്‌കോപ്പ് കരിക്കുലം മാതൃക അഭ്യസിക്കുന്ന കുട്ടികള്‍. / Photo : Highscope.org.

കേരളത്തിലേയ്ക്ക് വരുമ്പോള്‍

പ്രസവശുശ്രൂഷയിലൂടെ ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാല്‍ മിക്ക അമ്മമാരും ജോലിക്ക് പോവുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. കുപ്പിപ്പാലും മുതിര്‍ന്ന ആരുടെയെങ്കിലും പരിചരണവുമാണ് പിന്നീട് കുഞ്ഞിന് ലഭ്യമാവുക. അത് ഏതാണ്ട് മൂന്നുവയസ്സുവരെ തുടരുന്നു. അങ്കണവാടിയിലാണോ പൊതുവിദ്യാലയത്തിലുള്ള പ്രീ പ്രൈമറിയിലാണോ അതോ വലിയ ഡൊണേഷനും ഫീസും നല്‍കേണ്ട സ്വകാര്യസ്ഥാപനങ്ങളിലാണോ കുട്ടിയെ ചേര്‍ക്കേണ്ടത് എന്ന തീരുമാനം അതിനകം രക്ഷിതാക്കള്‍ എടുത്തിരിക്കും. അവരുടെ സാമ്പത്തികാവസ്ഥയും ഭാവിസ്വപ്നങ്ങളുമൊക്കെ ഈ തീരുമാനത്തെ സ്വാധീനിക്കും. സ്വകാര്യസ്ഥാപനത്തില്‍ പിന്നീട് കുട്ടിയെ ചേര്‍ക്കണം എന്ന് കരുതുന്ന ചിലര്‍ "ഇരുത്തം പഠിക്കാന്‍'എന്ന പേരില്‍ അങ്കണവാടിയിലോ അയല്‍പക്കത്തെ സ്‌കൂളിലെ പ്രീപ്രൈമറിയിലോ തല്‍ക്കാലം കുട്ടിയെ ചേര്‍ക്കുന്ന പരിപാടിയുമുണ്ട്. അഞ്ചുവയസ്സായാല്‍ ഡൊണേഷന്‍ കൊടുത്ത് സ്വകാര്യ വിദ്യാലയത്തിലെ ഒന്നാംക്ലാസില്‍ സീറ്റ് ഉറപ്പിക്കും. കുട്ടിയുടെ വികസനാവശ്യങ്ങളോ കുട്ടിക്ക് ആ സ്ഥാപനത്തില്‍ കിട്ടാന്‍ പോകുന്ന അനുഭവങ്ങളോ ഒന്നും തന്നെ ഈ ഘട്ടത്തില്‍ മിക്ക രക്ഷിതാക്കളുടെയും പരിഗണനയില്‍ വരുന്നില്ല.

കുട്ടികള്‍ കളിച്ചും രസിച്ചും ശാസ്ത്രീയമായ അനുഭവങ്ങളിലൂടെ കടന്നുപോയും സ്വാഭാവികവികാസം നേടണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കാകട്ടെ, തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എവിടെയും ലഭ്യമല്ല എന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. നാടൊട്ടുക്ക് അങ്കണവാടികളും എല്ലാ സ്‌കൂളുകളിലും പ്രീപ്രൈമറികളും ഉണ്ടല്ലോ എന്നതാവാം ബന്ധപ്പെട്ടവരുടെ നിലപാട്. അങ്കണവാടികള്‍ക്ക് തീം സമീപനവും പ്രതിമാസ തീം ചാര്‍ട്ടുമൊക്കെ തത്ത്വത്തില്‍ ഉണ്ട് എന്നത് ശരിയാണ്. പക്ഷേ അവ പൂര്‍ണാര്‍ഥത്തില്‍ പ്രയോഗക്ഷമമാക്കാനുള്ള ഭൗതികസൗകര്യങ്ങളോ വൈദഗ്ധ്യമോ ഇച്ഛാശക്തിയോ പിന്തുണയോ അവിടെയുള്ള പ്രവര്‍ത്തകര്‍ക്ക് വേണ്ടത്രയില്ല. അവരെ സംബന്ധിച്ച് വിദ്യാഭ്യാസം നിരവധി ഉത്തരവാദിത്തങ്ങളില്‍ ഒന്നുമാത്രമാണ്. 

ALSO READ

ഇന്റേണ്‍ഷിപ്പ് ഫീസ് കുറക്കണം, പരാതിയുമായി വിദ്യാര്‍ഥികള്‍

പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറിയിലാവട്ടെ, അത് സര്‍ക്കാര്‍ അംഗീകരിച്ചതായാലും അല്ലെങ്കിലും, ഒന്നാംതരത്തിനുമുമ്പുള്ള കാര്യങ്ങള്‍ പ്രീപ്രൈമറി ടീച്ചറുടെ ധാരണയനുസരിച്ചോ രക്ഷാകര്‍ത്താക്കളുടെ സമ്മര്‍ദമനുസരിച്ചോ നീങ്ങുകയാണ്. സ്‌കൂളിലെ മറ്റധ്യാപകര്‍ ഇവര്‍ക്ക് വഴികാട്ടാനോ സ്‌കൂളിന്റെ അവിഭാജ്യഘടകമായി പ്രീസ്‌കൂളിനെ കാണാനോ പൊതുവേ തയ്യാറാകുന്നില്ല. ഒന്നാംക്ലാസിലേയ്ക്കുള്ള ഒരു സ്ഥിരനിക്ഷേപം എന്ന നിലയില്‍ മാത്രമാണ് പല വിദ്യാലയങ്ങളിലും പ്രീപ്രൈമറി വിഭാഗം ആരംഭിച്ചതുതന്നെ.
2012-ന് മുമ്പ് ആരംഭിച്ചതും അംഗീകൃതവുമായ സ്ഥാപനങ്ങളില്‍ എസ്.സി.ഇ.ആര്‍.ടി.യുടെ"കളിപ്പാട്ട'വും (അധ്യാപകസഹായി) "കളിത്തോണി'യും (വര്‍ക്ക് ഷീറ്റുകള്‍) ഒക്കെ ഉണ്ടെങ്കിലും സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുക എന്നതാണ് മിക്കയിടത്തും നടക്കുന്നത്. എല്ലാ പൊതുവിദ്യാലയങ്ങളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രീ സ്‌കൂളുകളെയും അംഗീകരിക്കുകയും അധ്യാപികമാര്‍ക്ക് വ്യാപകമായി പരിശീലനം നല്‍കി അവരെ പൊതുവിദ്യാഭ്യാസത്തിന്റെ ധാരയിലേയ്ക്ക് കൊണ്ടുവരികയും ചെയ്യുകയെന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും ഗൗരവത്തോടെ കാണുന്നില്ല എന്നത് ഖേദകരമാണ്. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രീ സ്‌കൂള്‍ സംബന്ധമായി ഒരു ദേശീയ സെമിനാര്‍ നടത്താനും പ്രീസ്‌കൂള്‍ക്കായി ഒരു കരിക്കുലവും അധ്യാപകസഹായിയും കുട്ടികള്‍ക്കുള്ള ആക്ടിവിറ്റി കാര്‍ഡുകളും ഉണ്ടാക്കാനും നടത്തിയ ശ്രമം വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. പാലക്കാട്ടുള്ള ഐ.ആര്‍.ടി.സി.യുമായി ചേര്‍ന്ന് കുറച്ചുപേര്‍ക്ക് പരിശീലനവും നല്‍കി. പക്ഷേ അതെല്ലാം സര്‍ക്കാര്‍ അംഗീകാരമുള്ള, 2012-നുമുമ്പ് നിലവില്‍ വന്ന 2267 പൊതുവിദ്യാലയ പ്രീപ്രൈമറികളില്‍ ഒതുങ്ങുകയായിരുന്നു. വനിതാ-ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടികള്‍ക്കായും ഇത്തരം സാമഗ്രികളുടെ നിര്‍മാണവും പരിശീലനവും നടക്കുന്നുണ്ട്. പക്ഷേ അവയുടെയും ചെറിയ അംശമേ ഫീല്‍ഡില്‍ പ്രതിഫലിക്കുന്നുള്ളൂ. 

സമഗ്രമായ ഒരു പ്രീ സ്‌കൂള്‍ നയം ഉണ്ടാക്കാനുള്ള സര്‍ക്കാര്‍തല ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്വകാര്യമേഖലയുടെ എതിര്‍പ്പ് കാരണം അത് ഇതുവരെയും എവിടെയുമെത്തിയിട്ടില്ല എന്നതാണ് വസ്തുത. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതിയ ഒരെണ്ണം ഉണ്ടാക്കാന്‍ എസ്.സി.ഇ.ആര്‍.ടി. ശ്രമിക്കുകയും അതിന്റെ ആദ്യഭാഗം സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാതലായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാം ഭാഗം ഇപ്പോഴും രൂപീകരണ ഘട്ടത്തിലാണ്. 

school

വേണ്ടത് എന്ത്?

സ്വകാര്യ പ്രീ സ്‌കൂളുകളുടെമേല്‍ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലാവട്ടെ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ ഇടപെടുന്നുമില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ അക്കാദമിക മുന്നേറ്റത്തിനായി ശ്രമിക്കുകയും ചെയ്യുമ്പോള്‍ തന്നെ അതിലേറെ പ്രാധാന്യത്തോടെ ഇടപെടേണ്ടമേഖലയാണ് പ്രീ പ്രൈമറി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE-2009) പ്രീസ്‌കൂളുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ തടസ്സമില്ല. പഞ്ചായത്തീരാജ് നിയമപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് അങ്കണവാടികളുടെ നടത്തിപ്പ് ചുമതലയും ഉണ്ട്.

2020-ലെ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ച് മൂന്നുവയസ്സുമുതലുള്ള വിദ്യാഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പരിധിയില്‍ വരികയാണ് എന്നുപറഞ്ഞ് കാത്തിരിക്കേണ്ടതില്ല. ശിശുവികാസത്തില്‍ അഞ്ചുവയസ്സിനുമുമ്പുള്ള പ്രായത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സമഗ്രമായ ഒരു നയവും ശാസ്ത്രീയമായ ഇടപെടലുകളും എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ മുന്‍കൈയെടുക്കണം. ഇതിനായി,
1. അഞ്ചുവയസ്സിനുമുമ്പുള്ള ശിശുവിദ്യാഭ്യാസവും പഠനവും സംബന്ധിച്ച ആശയരൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. നവീനമായ മനഃശാസ്ത്ര കാഴ്ചപ്പാടുകള്‍, നാഡീമനഃശാസ്ത്ര നിഗമനങ്ങള്‍, ഈ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിരവധിയായ ദേശീയവും അന്തര്‍ദേശീയവുമായ നിയമങ്ങള്‍, പ്രഖ്യാപനങ്ങള്‍, മാതൃകകള്‍ എന്നിവയെല്ലാം വിലയിരുത്തിക്കൊണ്ടുള്ള സമഗ്രമായ കാഴ്ചപ്പാടിന് ഉടന്‍ അന്തിമരൂപം നല്‍കണം.
2. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ (0 - 5/6) വയസ്സ് വരെയുള്ള കാലത്തെ ശിശുവികസന നയം രൂപീകരിക്കുകയും സമഗ്രമായ ഒരു നിയമനിര്‍മാണം നടത്തുകയും വേണം.
3. ആദ്യഘട്ടമെന്ന നിലയില്‍, സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിനുമുമ്പുള്ള ഒരുവര്‍ഷത്തെ പ്രീസ്‌കൂള്‍ പ്രവര്‍ത്തനങ്ങളെങ്കിലും ഏകീകരിക്കുന്നതിനുള്ള തീരുമാനങ്ങളും നടപടികളും കൈക്കൊള്ളണം. ഭൗതികസൗകര്യമൊരുക്കല്‍, പഠനപദ്ധതി വികസിപ്പിക്കല്‍, അധ്യാപക നിയമനം, അവരുടെ ശാക്തീകരണം, രക്ഷാകര്‍ത്താക്കളുടെ പങ്കാളിത്തം ഉറപ്പിക്കല്‍ എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടണം. ഇതിനുള്ള ചുമതലകളില്‍ ചിലത് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയും മറ്റു ചിലത് പ്രാദേശിക സര്‍ക്കാരുകളെ ഏല്‍പ്പിക്കുകയും വേണം.
4. ഇതിനൊപ്പം, ഓരോ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം ഒരു പ്രീസ്‌കൂളെങ്കിലും ഭൗതികവും അക്കാദമികവും സാമൂഹ്യവുമായ തലങ്ങളില്‍ മാതൃകയാക്കുമെന്ന ലക്ഷ്യം നേടിയെടുക്കണം.
5. (3 - 4/5) പ്രായക്കാര്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടികളുടെ സൗകര്യങ്ങള്‍ സമാന്തരമായി വികസിപ്പിക്കുകയും അവിടുത്തെ വിദ്യാഭ്യാസ ഉള്ളടക്കം മെച്ചപ്പെടുത്തുകയും അത് പ്രീസ്‌കൂള്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയും വേണം.
6. മൂന്നുവയസ്സിനുമുമ്പുള്ള കുട്ടികള്‍ക്ക് ചെറിയ ചെലവില്‍ മികച്ച ഡെ കെയര്‍ സെന്ററുകള്‍ ഒരുക്കുന്നതിനുള്ള വിവിധ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണം.
7. ശാസ്ത്രീയമായ പ്രീസ്‌കൂളിങ്ങിന്റെ ആവശ്യകതയെക്കുറിച്ചും രീതികളെക്കുറിച്ചും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധവത്കരിക്കണം. 

ALSO READ

പട്ടിക വിഭാഗം വിദ്യാർഥികളെ പഠനത്തിൽനിന്ന്​ പുറത്താക്കുന്ന ഒരു കേന്ദ്ര പരിഷ്​കാരം

ചുരുക്കത്തില്‍ വിദ്യാഭ്യാസം അഞ്ചുവയസ്സോടെ ആരംഭിക്കുന്നുവെന്ന അന്ധവിശ്വാസം നാം ഇനിയെങ്കിലും ഉപേക്ഷിക്കണം. ഇല്ലെങ്കില്‍ വിലപ്പെട്ട ശൈശവത്തോട് നാം ചെയ്തുകൊണ്ടിരിക്കുന്ന പാതകം ഇതുപോലെ തുടരുകയാവും ഫലം. ഇനിയും അമാന്തം തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ഗതിവേഗവും ഗുണതയും വര്‍ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഇടപെടലാവും കാഴ്ചപ്പാടിന്റെയും മുന്‍ഗണനക്കുറവിന്റെയും അഭാവത്തില്‍ നീണ്ടുപോവുക. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സാര്‍ഥകമായ ഒരു കര്‍മപരിപാടിയായി ഇത് വികസിക്കട്ടെ

( ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 66 ൽ പ്രസിദ്ധീകരിച്ച ലേഖനം)

ഡോ. പി.വി. പുരുഷോത്തമൻ  

കണ്ണൂർ ‘ഡയറ്റി’ൽ സീനിയർ ലക്​ചററായിരുന്നു

  • Tags
  • #Education
  • #Education Policy
  • #first standard students
  • #kerala goverment
  • #dr. p. v purushothaman
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
School

Education

അശ്വതി റിബേക്ക അശോക്

സ്​കൂളുകളിലെ തദ്ദേശ സ്​ഥാപന ഇടപെടൽ: ചില പാഠങ്ങൾ കൂടി

Mar 26, 2023

5 Minutes Read

kerala-university

Higher Education

ജെ. വിഷ്ണുനാഥ്

കേരള യൂണിവേഴ്​സിറ്റിയിലെ ദുരിത ഗവേഷണം, വിദ്യാർഥി തുറന്നെഴുതുന്നു

Mar 20, 2023

5 Minutes Read

 Kerala-PSC.jpg

Education

പി. പ്രേമചന്ദ്രന്‍

മലയാളത്തിനായി രണ്ട്​ ഉത്തരവുകൾ, അതിനുപുറകിലെ വലിയ സമരങ്ങളുടെ അനുഭവം

Mar 03, 2023

10 Minutes Read

kaipa mangaam

Education

അഡ്വ. കെ.പി. രവിപ്രകാശ്​

സർക്കാറേ, നയത്തിന്​ വിരുദ്ധമായി ഒരു സ്​കൂൾ, മാനേജർ പൂട്ടുകയാണ്​...

Mar 03, 2023

5 Minutes Read

Child Labour

Education

അജിത്ത് ഇ. എ.

പള്ളിക്കൂടത്തിന് പുറത്ത് നിര്‍ത്തിയ കുട്ടികള്‍

Feb 13, 2023

8 minutes read

school students

Education

പി.കെ. തിലക്

പഠനനിലവാരത്തിനായുള്ള നിലവിളികള്‍

Feb 07, 2023

10 minutes read

kerala budget

Kerala Budget 2023

ഡോ. രശ്മി പി. ഭാസ്കരന്‍

നികുതിഭാരം നിറഞ്ഞ ശരാശരി ബജറ്റ്​

Feb 04, 2023

3 Minutes Read

 Banner.jpg

Higher Education

ഷാജു വി. ജോസഫ്

പട്ടിക വിഭാഗം വിദ്യാർഥികളെ പഠനത്തിൽനിന്ന്​ പുറത്താക്കുന്ന ഒരു കേന്ദ്ര പരിഷ്​കാരം

Feb 02, 2023

20 Minutes Read

Next Article

പൊളിറ്റിക്കൽ ന്യൂട്രാലിറ്റി ​ബോധ്യപ്പെടുത്താനല്ല പരിഷത്ത്​ ജാഥ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster