മികച്ച ഗ്രേഡിന്​ മത്സരിക്കുമ്പോൾ കാമ്പസുകളിലെ ഹാപ്പിനസ്​ ഇൻഡെക്​സ്​ കൂടി പരിഗണിക്കേണ്ടതല്ലേ?

കാമ്പസുകളിലെ ഗുണനിലവാരവും വിലയിരുത്തുന്ന സമിതി യാന്ത്രികമായ വിഷയങ്ങളിൽ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നത്. ഈ വിഷയങ്ങളുടെ കണക്കുകൾ നിരത്തുന്ന റിപ്പോർട്ടുകൾ സൃഷ്ടിച്ച് അവ റഗുലേറ്ററി കമീഷണുകൾക്ക് മുന്നിൽ സമർപ്പിച്ച് "മികച്ച' ഗ്രേഡ് നേടുകയെന്നതാണ് ഈ സമിതികൾക്ക് ചുക്കാൻ പിടിക്കുന്നവരുടെ ദൗത്യം. കാമ്പസിലെ ‘ഹാപ്പിനസ് ഇൻഡക്‌സ്’ എന്തുകൊണ്ട് മേൽ പറഞ്ഞ ഗുണനിലവാരത്തിൽ വരുന്നില്ലയെന്ന ചോദ്യം റാങ്കിനു വേണ്ടി മാത്രം പഠിക്കുന്ന വിദ്യാർത്ഥിയെപ്പോലെ ഗ്രേഡുകൾക്ക് മത്സരിക്കുന്ന വിദ്യാലയങ്ങളുടെ സാങ്കേതികതയ്ക്ക് ഊന്നൽ കൊടുക്കുന്ന വിദ്യാഭ്യാസ രീതിയിലേക്കാണ് വിരൽചൂണ്ടുന്നത്- കാമ്പസിൽ നടന്ന കൊലയുടെ പാശ്​ചാലത്തലത്തിൽ രണ്ട്​ അധ്യാപകർ എഴുതുന്നു

കോളേജ് കാമ്പസിൽ പെൺ‍കുട്ടിയെ സഹപാഠിയായ ആൺ‍കുട്ടി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്ന് അക്കാദമിക സമൂഹം വിമുക്തി നേടി വരുന്നതേയുള്ളൂ. ദശകങ്ങൾക്ക് മുൻപ് രാഷ്ട്രീയവൈരത്തിന്റെ പേരിൽ കാമ്പസുകളിൽ കഠാരകൾ ഏറെ വിദ്യാർത്ഥികളുടെ ജീവൻ എടുത്തിട്ടുണ്ടെങ്കിലും അടുത്തിടെയായി ഇത്തരം അക്രമങ്ങളിൽ നിന്ന്​കലാലയപരിസരം ഏറെക്കുറെ വിമുക്തമായിരുന്നു. എന്തെങ്കിലും അക്രമം നടന്നാൽ അത് മിക്കവാറും പുറത്തുനിന്ന് വരുന്ന ക്രിമിനൽ സ്വഭാവമുള്ളവരുടെ പണിയാണെന്നായിരുന്നു പറച്ചിൽ. എന്നാൽ ഒന്നര വർഷത്തോളം അടച്ചിട്ട കാമ്പസ് വീണ്ടും വിദ്യാർത്ഥികൾക്കായി തുറക്കുവാൻ പോകുന്ന സാഹചര്യത്തിൽ പച്ചിരുമ്പിന്റെ മനുഷ്യചോര രുചിക്കൽ അത്ര സുഖകരമായ അന്തരീക്ഷമല്ല സൃഷ്ടിച്ചത്. നമ്മുടെ കോളേജിലും ഇങ്ങനെ ഒക്കെ നടക്കുമോയെന്ന് വാർത്ത അറിഞ്ഞിട്ട് പരസ്പരം പറയാത്ത അധ്യാപകരും വിദ്യാർത്ഥികളും ചുരുക്കമാവും.

ഏത് കുറ്റകൃത്യം നടന്നാലും അതിനെ വ്യക്തികളിലേക്ക് ന്യൂനീകരിക്കുകയാണ് പതിവ്. കുറ്റം ചെയ്തവരുടെ വ്യക്തിപരമായ വഴിനടപ്പ് പിശകുകൾ, മുൻകാല ചെയ്തികൾ എന്നിവയെല്ലാം "സൂക്ഷ്​മവിശകലനം' ചെയ്ത് പൊടിപ്പും തൊങ്ങലും ചേർത്ത് കാരണം കണ്ടുപിടിക്കുന്നതിലൂടെ വലിയൊരു ഉത്തരവാദിത്വത്തിൽ നിന്ന് സമൂഹം തലയൂരുന്നു. കതിരിൽ വളം വെക്കുന്നത് പോലെ ഏതാനും ചില പൊടിക്കൈകൾ പ്രശ്‌നപരിഹാര നിർദേശങ്ങൾ എന്ന പേരിൽ സമർപ്പിക്കുകകൂടി ചെയ്യുന്നതോടെ പ്രസ്തുത വിഷയത്തിലുള്ള മുഴുവൻ ചർച്ചകളും അവസാനിക്കുകയാണ്. യഥാർത്ഥ കാരണം മനസിലാക്കാതെയുള്ള ഇത്തരം വാചോടാപങ്ങൾ ഫലരഹിതമായി അവസാനിക്കുകയാണ് സ്ഥിരം പതിവ്. കോളേജ് കാമ്പസിൽ നടന്ന കൊലപാതകത്തെ തുടർന്ന് ചർച്ചകൾ മുഴുവനും ലിംഗനീതിയുമായി ബന്ധപ്പെട്ട രോഷപ്രകടനത്തിലേക്ക് മാത്രം മാറിയപ്പോൾ കാമ്പസിനകത്ത് നടക്കുന്ന മറ്റ് വ്യവഹാരങ്ങൾ ചർച്ചയായതുമില്ല.

പ്രധാന ഊന്നൽ അക്കാദമികതയ്ക്ക് ആവുമ്പോൾ തന്നെ പാരസ്പര്യത്തിന്റെ, സംവാദങ്ങളുടെ, ജനാധിപത്യ മൂല്യങ്ങളുടെ കൂടെ ഇടമാണ് കാമ്പസ്. ഇത്തരം മൂല്യങ്ങളും സംവാദാത്മകതയും ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പിൻവാങ്ങിയിട്ട് നാളേറെയായി. ഒന്നാം വർഷക്കാർക്ക് അധ്യയനം ആരംഭിക്കുന്ന ദിവസം തന്നെ അവർ ചേർന്നിരിക്കുന്ന കോഴ്സ് പൂർത്തിയാക്കിയാൽ ഏതേതു തൊഴിലിടങ്ങളിൽ എത്രയൊക്കെ ശമ്പളത്തിന് ജോലിക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട് എന്നതാണ് ആദ്യ ചർച്ച. ലാഭത്തിന് വേണ്ടി മൂലധന നിക്ഷേപം നടത്തുന്നതിന് സമാനമായി തന്നെ വിദ്യാഭ്യാസത്തെയും സമീപിക്കുകയാണ് ഇവിടെ.

മൂന്നോ, നാലോ വർഷം കാമ്പസിൽ ചെലവഴിക്കുന്നതിനുപകരം എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടാവുക എന്നത് ചർച്ചയാവുന്ന ഉന്നത വിദ്യാഭ്യാസത്തിൽ മാനവികതയേക്കാൾ കച്ചവട മൂല്യങ്ങൾ ആയിരിക്കും അളവിലും തൂക്കത്തിലും മുൻപന്തിയിൽ നിൽക്കുന്നത്. ഏതൊരു കോഴ്സ് പഠിക്കുന്ന ആളെ സംബന്ധിച്ചും തൊഴിൽ സാധ്യത വളരെ പ്രധാനപ്പെട്ട സംഗതി തന്നെയാണ്, പക്ഷെ വിദ്യാഭ്യാസത്തെ സംബന്ധിച്ച മുഴുവൻ ചർച്ചകളും കമ്പോളവുമായി കൂട്ടിയിണക്കി ചിന്തിക്കുന്നത് ഒട്ടും അഭിലഷണീയമാവില്ല. "എനിക്കെന്തു കിട്ടും' എന്ന ചോദ്യത്തിൽ ഒതുക്കി നിർത്താനുള്ള സാധ്യതയാവരുത് നമ്മുടെ വിദ്യാഭ്യാസപരിപാടികൾ. ഞാൻ എന്ന ഒറ്റ സംജ്ഞയിലേക്ക് മുഴുവനേയും ആവാഹിക്കുന്ന, അക്കാദമികതയെന്ന ജൈവ രാഷ്ട്രീയ പരിപാടിയെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് മാത്രം ചുരുക്കുന്ന പദ്ധതിയാവുകയുമരുത് ഉന്നത വിദ്യാഭ്യാസം. ലഭിക്കാതെ പോകുന്നതിനെ എങ്ങനെയും നേടണമെന്ന മാത്സര്യത്തോടേയും, തനിക്ക് ഇല്ലെങ്കിൽ മറ്റാർക്കും ഉണ്ടാവരുതെന്ന സ്വാർഥ വിചാരവും ലാഭക്കമ്പോളത്തിന്റെ മൂല്യബോധം തന്നെയാണ്.
വൈജ്ഞാനിക സമ്പദ്വ്യവസ്ഥയുടെ മേടുകളിൽ നമ്മൾ എന്ന കരുതലിനും അപ്പുറം ഞാൻ എന്ന ഒറ്റയാൻ സ്ഥാനം പിടിക്കുമ്പോൾ നഷ്ടപ്പെടുന്നത് കാമ്പസിന്റെ കൂട്ടായ ഒന്നിപ്പാണ്.

ഹോളിറ്റിസ്റ്റിക് കാമ്പസുകൾ

കാമ്പസുകളിൽത്തന്നെ സാമൂഹിക ബന്ധങ്ങളെയും മാനവിക മൂല്യങ്ങളെയും ആരോഗ്യകരമായ രീതിയിൽ സൃഷ്ടിച്ചെടുക്കേണ്ടത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടുത്തരവാദിത്വമാണ്. ക്ലാസ് മുറികളിലും ലാബുകളിലും സെമിനാർ ഹാളുകളിലും മാത്രമല്ല വിദ്യാഭ്യാസ പ്രകിയ നടക്കുന്നതെന്ന് തിരിച്ചറിവുണ്ടാകണം. അധ്യാപക- വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മകൾ കാൻറീനിലും മൈതാനങ്ങളിലും അവരുടെ വീടുകളിലുമൊക്കെ ക്ലാസ് റൂമിന് വെളിയിലുള്ള ജൈവികമായ കൂട്ടായ്മകൾ സൃഷ്ടിക്കണം. ഒരുകാലത്ത് ഇത്തരം കൂട്ടായ്മയുടെ ബന്ധങ്ങൾ സജീവവും, ജീവസുറ്റതുമായിരുന്നു. എന്നാലിന്ന് ഈ വക ബന്ധങ്ങളും അതിന്റെ ഊഷ്മളതയുമൊക്കെ പറഞ്ഞു കേൾക്കുന്ന ഗൃഹാതുര ഓർമ്മകളായി മാറിയിരിക്കുന്നു. നഷ്ടപ്പെട്ട ഈ കൂട്ടയമകളെ അടിയന്തിരമായി തിരിച്ചു പിടിക്കേണ്ടതുണ്ട്. ജീവിത പ്രശ്‌നങ്ങളെക്കുറിച്ചും, രാഷ്ട്രീയം സാംസ്‌കാരിക പ്രവണതകൾ, പ്രാദേശിക പ്രശ്‌നങ്ങൾ, സിനിമ, വിനോദം എന്നിവയൊക്കെ ചർച്ച ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ആശയലോകം, യാഥാസ്തിതിക, വ്യക്തികേന്ദ്രീകൃത ലോകത്തു നിന്നും ഉയർന്ന സാമൂഹ്യ ചിന്താ ലോകത്തേക്ക് അധ്യാപകരെയും വിദ്യാർത്ഥികളേയും ഒരേ പോലെ കൈ പിടിച്ചുയർത്തുമെന്നതിൽ സംശയമില്ല.

സൗഹൃദ കൂട്ടായ്മബോധം ധൈര്യവും തുല്യതാ ബോധവും സൃഷ്ടിക്കുക വഴി പ്രതിബന്ധങ്ങളെ നേരിടാനുള്ള ആർജ്ജവവും ഇവർക്കു നൽകും. ഒറ്റക്കല്ലയെന്ന ചിന്ത തന്നെ യാന്ത്രികമായ ലോക സംസ്‌കാരത്തിൽ വിദ്യാർത്ഥികൾക്ക് ശക്തി പകർന്നു നൽകും. ഈ മഹാമാരി സമയത്ത് വിദ്യാർത്ഥികൾ അനുഭവിച്ച മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടീലും ഇതിനു മുമ്പുള്ള ലോകത്തുമുണ്ടായിരുന്നെങ്കിലും, അതിനെയൊക്കെ സമൂഹദൃഷ്ടിയിൽ കൃത്യതയോടെ വെളിവാക്കിയത് ഈ മഹാമാരിക്കാലമാണ്. കോവിഡാനന്തര (ആ കാലമായിട്ടില്ല) കാലത്ത് കൂട്ടായ്മാ ബോധത്തെ ഉണ്ടാക്കിയെടുക്കേണ്ട സാമൂഹ്യ ഭൂമികയായി മാറണം വിദ്യാലയങ്ങൾ.

മാറേണ്ട നിലവാര മാനദണ്ഡങ്ങൾ

യൂണിവേഴ്‌സിറ്റി, കോളേജ് കാമ്പസുകളിലെ അക്കാദമിക പദ്ധതികളുടെ സംഘാടനവും , ഗുണനിലവാരവും വിലയിരുത്തുന്ന സമിതിയാണ് IQAC (Internal Quality Assurance Cell). ഓരോ കോളേജുകളിലും സുപ്രധാനമായ തീരുമാനങ്ങളെടുക്കേണ്ട ഒരു സമിതിയാണിത്. വളരെ യാന്ത്രികമായ വിഷയങ്ങളിൽ മാത്രമാണ് ഈ സമിതികൾ ശ്രദ്ധ ചെലുത്തുന്നത്. അധ്യാപകരുടെ പ്രസിദ്ധീകരണങ്ങൾ, പരീക്ഷാവിജയ ശതമാന കണക്കുകൾ, ഗവേഷണ ഫെല്ലോഷിപ്പുകളുടെ എണ്ണം, മാതൃകാ പരിപാടികളുടെ വിവരണം എന്നീ വക കണക്കുകൾ നിരത്തുന്ന റിപ്പോർട്ടുകൾ സൃഷ്ടിച്ച് അവ റഗുലേറ്ററി കമീഷണുകൾക്ക് മുന്നിൽ സമർപ്പിച്ച് "മികച്ച' ഗ്രേഡ് നേടുകയെന്നതാണ് ഈ സമിതികൾക്ക് ചുക്കാൻ പിടിക്കുന്നവരുടെ (തലയിലായവരുടെ) ദൗത്യം. വിദ്യാഭ്യാസത്തിലെ ഗുണമേന്മയെന്നത്, മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഊന്നൽ കൊടുക്കേണ്ട വിദ്യാഭ്യാസ നയമാണ്. ഒരു കോളേജ് കാമ്പസിലെ ‘ഹാപ്പിനസ് ഇൻഡക്‌സ്’ എന്തുകൊണ്ട് മേൽ പറഞ്ഞ ഗുണനിലവാരത്തിൽ വരുന്നില്ലയെന്ന ചോദ്യം റാങ്കിനു വേണ്ടി മാത്രം പഠിക്കുന്ന വിദ്യാർത്ഥിയെപ്പോലെ ഗ്രേഡുകൾക്ക് മത്സരിക്കുന്ന വിദ്യാലയങ്ങളുടെ സാങ്കേതികതയ്ക്ക് ഊന്നൽ കൊടുക്കുന്ന വിദ്യാഭ്യാസ രീതിയിലേക്കാണ് വിരൽചൂണ്ടുന്നത്. യു.ജി.സിയും മറ്റു റഗുലേറ്ററി സ്ഥാപനങ്ങളും തികച്ചും യാന്ത്രികമായ സാങ്കേതിക അക്കാദമിക് അന്തരീക്ഷത്തെ സൃഷ്ടിക്കുന്നതാണ് കാമ്പസുകളുടെ മാനസിക ആരോഗ്യ അപചയത്തിന് മൂലകാരണം.

ആരോഗ്യകരമായ വിദ്യാർത്ഥി ബന്ധം

ലിംഗങ്ങൾ തമ്മിലുള്ള ബന്ധം സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ച് വലിയതോതിൽ മാറുന്നതായി പറച്ചിലിൽ ഉണ്ടെങ്കിലും ഇത്തരമൊരു മാറ്റം മന്ദഗതിയിലുള്ളതാണ്. പുരോഗമനം എന്നു തോന്നുന്ന സമൂഹ ഇടങ്ങളിൽ പോലും ആണ് - പെൺ വിഭജനത്തിന്റെ ചരിത്രപരമായ ബലതന്ത്രം പ്രവർത്തിക്കുന്നു. ആൺ- പെൺ ബന്ധങ്ങളെ ഏറ്റക്കുറച്ചിലുകളോടെ പുനഃസ്ഥാപിക്കുകയും പുനരുത്പാദിപ്പിക്കും ചെയ്യുന്ന സാമൂഹിക സ്ഥാപനങ്ങളാണ് നമ്മുടെ കലാലയങ്ങൾ അടക്കം. ഒരു ശാരീരിക പ്രതിഭാസം മാത്രമായി പരിഗണിക്കേണ്ട ഒന്നല്ല പ്രണയം എന്നും അത് മനസ്സിന്റെയും വ്യക്തിത്വത്തിന്റെയും തലത്തിൽ ഇടപെടുന്നവരുടെ ഇടയിൽ സാക്ഷാത്കരിക്കേണ്ട അനുഭൂതി ആണെന്നും തിരിച്ചറിയേണ്ടെത്തുണ്ട്. ആരോഗ്യകരമായ, സർഗാത്മകതയുള്ള ബന്ധങ്ങൾ ലിംഗഭേദമന്യേ വളർത്തിയെടുക്കുന്നിടത്താണ് സിലബസ് പൂർത്തിയാകുന്നത്. കലാലയങ്ങൾ ഒരിക്കലും ഇത്തരം ബന്ധങ്ങളെ നിഷേധിക്കുന്ന കഠിന സാനിറ്റോറിയങ്ങൾ ആവരുത്. ആണ് - പെൺ ബന്ധങ്ങൾ പാപം നിറഞ്ഞതും, കളങ്കിതവും, കഴിയും വേഗം തിരുത്തപ്പെടേണ്ട ഒന്നാണെന്നുമുള്ള ധാരണ എപ്പോഴാണോ ബാധിച്ചത് അന്ന് മുതൽ മലയാളി മനസിലും പുണ്ണ് പടർന്നു. ഒരുപക്ഷെ തുറവിയുടെ, ആരോഗ്യകരമായ ഒരു സമീപനം ഇക്കാര്യത്തിൽ ഉണ്ടാവാത്ത പക്ഷം കടുത്ത മോറൽ പൊലീസിങ്ങും, ചലനത്തിലും, സംസാരത്തിലും എന്തിന് നോട്ടത്തിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തുന്ന കടുത്ത നിരീക്ഷണ സംവിധാനമായിരിക്കും കോളേജ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ജാതികൾ തമ്മിലുണ്ടായിരുന്ന തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും സമാനമായി ആണിനും പെണ്ണിനും ഇടയിൽ അയിത്താചാരം നിർമിക്കുകയല്ല ഇപ്പോൾ വേണ്ടത്.

കൗൺസലിംഗ് ഒരു അച്ചടക്ക ത​ന്ത്രമാകരുത്​

കാമ്പസിൽ അക്രമമോ അച്ചടക്കരാഹിത്യമോ കാണുമ്പോൾ ഉടനെ വരുന്ന ചിന്തയാണ് കൗൺസലിംഗ് മെച്ചപ്പെടുത്തൽ. പ്രതിസന്ധികളെ മറികടക്കുന്ന ഒരു മാജിക്കായി കാണേണ്ടതല്ല കൗൺസലിംഗ്. അത് ഒരു യൂണിറ്റോ കുറച്ചധ്യാപകരോ മാത്രം ചെയ്യേണ്ട കാര്യവുമല്ല. കാമ്പസുകളിലെ കൗൺസലിംഗ് നിരന്തരം നടക്കേണ്ടത് ക്ലാസ് മുറികളിലാണ്. രസതന്ത്രവും ഭൗതിക ശാസ്ത്രവും ചരിത്രവും സാഹിത്യവും പഠിപ്പിക്കുമ്പോൾ തന്നെ മാനുഷിക മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നവരായി മാറണം അധ്യാപകർ. ലാബുകളിലും ക്ലാസ് മുറികളിലും സെമിനാർ ഹാളുകളിലും നല്ല മനുഷ്യരെ സൃഷ്ടിക്കുന്ന മൂല്യങ്ങൾ ശാസ്ത്ര, സാഹിത്യ, മാനവിക വിഷയങ്ങളോടൊപ്പം പ്രസരണം ചെയ്യപ്പെടേണ്ടതാണ്. ആധുനിക ലോകത്തെ നിർമിച്ച സകല മൂല്യങ്ങളും, തുല്യത, സാഹോദര്യം, സമത്യം, യുക്തിചിന്ത, തുടങ്ങിയവയെല്ലാം രൂപപ്പെട്ടത് അതത് കാലത്തെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിജ്ഞാനവുമായി ബന്ധപ്പെട്ടാണ്. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ക്ലാസ് മുറികൾ പ്രസ്തുത മൂല്യങ്ങളെപ്പറ്റി നിശബ്ദമായപ്പോൾ ആധുനികതയാൽ സൃഷ്ടിക്കപ്പെട്ട ലോകബോധം കൂടിയാണ് ക്ലാസ് മുറികളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നടന്നുപോയത്.

എന്തിനും ഏതിനും പ്രതിവിധിയായി ഒറ്റമൂലി കഷായം പോലെ കുറച്ചു കൊടുക്കുന്ന കൗൺസലിംഗ് ഒരു ആഡ് ഓൺ കോഴ്സായി നടത്തേണ്ടതല്ല, സമാനമായി ധാർമിക മൂല്യങ്ങൾ പ്രത്യേകം പഠിപ്പിച്ചു കൊടുക്കേണ്ടതുമല്ല, മറിച്ച് അധ്യാപനത്തിലും പരീക്ഷണശാലകളിലും കുട്ടികളിലേക്ക് എത്തിച്ചു കൊടുക്കേണ്ട പാഠ്യപദ്ധതിയുടെ ഭാഗം തന്നെയായി മാറണം. കൗൺസലിംഗ് കാമ്പസിൽ അച്ചടക്കം പുനഃസ്ഥാപിക്കാനുള്ള പ്രയോഗ തന്ത്രം മാത്രമായി മാറരുത്. പരിശീലനം ലഭിച്ച വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തി കൗൺസലിംഗ് യൂണിറ്റുകൾ ശാക്തീകരിക്കണം. തങ്ങളുടെ പ്രശ്‌നങ്ങൾ, ചിലപ്പോൾ കൂടുതൽ ആത്മാർത്ഥമായി വിദ്യാർത്ഥി കൗൺസിൽ സെല്ലുകളിൽ വെളിവാക്കപ്പെടാം. സാമൂഹികമായി കൗൺസിൽ സെല്ലുകളുമായി പുതിയ ആശയലോകത്തു നിന്നുമെത്തുന്ന വിദ്യാർത്ഥികൾക്കു സംവേദിക്കാനുമാകും, മറയില്ലാതെ.

കൂടാതെ, കൗൺസലിംഗ് കേന്ദ്രങ്ങൾ ചില മാനസിക പ്രശ്‌നങ്ങൾ അല്ലെങ്കിൽ അച്ചടക്ക രാഹിത്യം എന്നിവ മാത്രം കൈകാര്യം ചെയ്യുന്ന യൂണിറ്റുകളായി മാറാതെ, തങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ നവീന ഗവേഷണ രീതികൾ പ്രയോഗിത്തിലാക്കുന്ന കേന്ദ്രങ്ങളായി മാറണം. ഉദാഹരണത്തിന്, ഫസ്സി ഗണിത ശാസ്ത്ര പണ്ഡിതനായ ഒരധ്യാപകൻ, തന്റെ ഗവേഷണ വൈദഗ്ധ്യം തെളിയിക്കേണ്ടത് ജേർണൽ പ്രബന്ധങ്ങൾ എഴുതി മാത്രമാവരുത്. തന്റെ ക്യാമ്പസിലെ വിദ്യാർത്ഥി സന്തോഷത്തിന്റെ കൃത്യമായ കണക്കെടുപ്പ് ഫസ്സി ഗണിത ശാസ്ത്ര രീതിയിലൂടെ വിശദീകരിക്കുവാൻ സാധിക്കണം.

ചരിത്രത്തിലെ ദുഃഖിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മുറിവുണക്കിയ വീര നേതാക്കളെപ്പറ്റി ലക്ചറുകൾ കൊടുക്കുന്ന ചരിത്രാധ്യാപകൻ തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥിയുടെ ദുഃഖം അകറ്റുവാൻ സാധിച്ചില്ലെങ്കിൽ എന്തു ചരിത്രമാണ് അവിടെ സംവേദിക്കപ്പെടുന്നത്? തങ്ങളുടെ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു കൂട്ടായ്മയാണ് കാമ്പസുകളെ ജീവസുറ്റതാക്കേണ്ട നേതാക്കൾ. മാനുഷിക മൂല്യങ്ങൾക്കു വില കല്പിക്കാത്ത ചരിത്രവും ശാസ്ത്രവും മാനവ സംസ്‌കാര പുരോഗതിയെ പുറകോട്ടടിക്കുന്ന പ്രഹസനങ്ങളായി മാറും.

സർഗാത്മകമായ രാഷ്ട്രീയത്തിന്റെ കലാലയങ്ങൾ

നമുക്ക് വേണ്ടത് അളവിൽ മാത്രമല്ല, ഗുണത്തിൽ കൂടി മെച്ചപ്പെട്ട വിദ്യാർത്ഥി രാഷ്ട്രീയ കാഴ്ചപ്പാടാണ്. അത് വിയോജിപ്പിന്റെ സ്വരമുയർത്താൻ സാധിക്കുന്ന, ബദലുകളെപ്പറ്റി ചിന്തിക്കുന്ന, അക്കാദമികതയോടൊപ്പം ചേർന്ന് പോവേണ്ട രാഷ്ട്രീയമാണ്. യുക്തിവിചാരം നടത്തുന്ന, വിവേകത്തോടെ ചിന്തിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹമാണ് നമുക്ക് വേണ്ടത്. ഞങ്ങളുടെ കോളേജിൽ രാഷ്ട്രീയം നിരോധിച്ചെന്ന് പറയുന്ന അധികാരികളും, രാഷ്ട്രീയമില്ലാത്ത കോളേജുകളിൽ കുട്ടികളെ അയക്കാൻ ഉത്സാഹിക്കുന്ന രക്ഷകർത്താക്കളും, രാഷ്ട്രീയം വിദ്യാർത്ഥികളെ നശിപ്പിക്കും എന്നു പറയുന്നവരും വാസ്തവത്തിൽ സർഗാത്മകതയുടെ കടക്കാണ് കത്തി വെക്കുന്നത്. അക്കാദമിക രാഷ്ട്രീയം എന്നൊരു പുതിയൊരു സംസ്‌കാരം തന്നെ കാമ്പസിൽ ഉയർന്ന് വരേണ്ടതുണ്ട്. ഒന്നിച്ചിരിക്കാനും കൂടെയുള്ളവരെ പരിഗണിക്കാനുമുള്ള മനസ് നിർമിക്കുന്നതിൽ രാഷ്ട്രീയോന്മുഖമായ വിദ്യാർത്ഥി കൂട്ടായ്മകൾക്ക് സാധിക്കും. അതുപോലെ കൂടെയുള്ളവരെ തിരുത്താനും, ഇടക്ക് വഴിപിരിഞ്ഞു പോകുന്നവരെ ഒന്നിപ്പിച്ചു നിർത്തുവാനും, തമ്മിൽ ഉള്ള പ്രശ്‌നങ്ങൾ പറഞ്ഞു പരിഹരിക്കാനും ഈ കൂട്ടായ്മക്ക് സാധിക്കും. ഒരുപക്ഷേ അധ്യാപകരെക്കാളും, കൗണ്‌സിലിംഗ് വിദഗ്ധരെക്കാളും.

കാമ്പസുകൾക്കു വേണ്ടത് മാനസികാരോഗ്യ നയമാണ്

കാമ്പസുകൾ മാനസിക ഹൃദയൈക്യത്തിലൂടെ പരസ്പരം ചേർന്നു നിൽക്കുന്ന കൂട്ടായ്മകളെ സൃഷ്ടിക്കണം. റാങ്കും ഗ്രേഡും നേടുന്നതിനൊപ്പം നല്ല മനുഷ്യരെക്കൂടി സൃഷ്ടിക്കുന്ന നയങ്ങൾ ആവിഷ്‌ക്കരിക്കപ്പെടണം. കരിയർ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മാത്രമുള്ള ഇടമല്ല കാമ്പസ്. പുരോഗന പരമായ മനുഷ്യത്വവൽക്കരണത്തിന് നേതൃത്വം കൊടുക്കുന്ന കൂട്ടായ്മകളായിരിക്കണം ഒരോ ക്യാമ്പസും. പുറത്ത് സമൂഹത്തിലേക്ക് ഇത്തരത്തിലുള്ള കാമ്പസുകളിൽ നിന്ന് മാനവ മൂല്യങ്ങൾ പ്രസരിക്കപ്പെടണം. നല്ല ഗ്രേഡ് കിട്ടിയ വിദ്യാർത്ഥി ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിലും എ പ്ലസ് നേടണം. ഇതിന്റെ വിളനിലങ്ങളായി നില നിൽക്കുന്ന ക്യാമ്പസുകളാണ് യഥാർത്ഥ എ പ്ലസ് പ്ലസ് കാമ്പസുകൾ. കാമ്പസുകൾ പരാജയപ്പെടുമ്പോൾ കൂടെ പരാജയപ്പെടുന്നത് വിദ്യാർത്ഥികൾ തന്നെയാണ്. നല്ല ഗ്രേഡ് കാണിക്കുന്ന സർട്ടിഫിക്കേറ്റുകൾക്കൊപ്പം കാണിക്കേണ്ടതാണ് മാനവിക മൂല്യബോധത്തിന്റെ അടയാളങ്ങളായ ഹൃദയങ്ങളും.

Comments