വീരർകൾ പുതയ്ക്കപ്പെടുവതില്ലൈ, വിതയ്ക്കപ്പെടുകിരാർകൾ

ഇന്ന് തകരം മറച്ചുകെട്ടിയ അഭയാർത്ഥി ക്യാമ്പുകളിൽ മലവിസർജന സൗകര്യം പോലുമില്ലാതെ ജീവിക്കുകയാണ് ശേഷിച്ച തമിഴർ. അവർ ഭൂരിഭാഗവും വികലാംഗരാണ്. വർണപ്പട്ടുവസ്ത്രങ്ങൾ ലോകത്താരെക്കാളും മുൻപേയുടുത്തവരാണ്, സംസ്‌കാരത്തനിമയോടെ ലോകത്തിനുമുന്നേ നടന്നവരാണ്, ഇന്ന് പൊട്ടിപ്പോയ ശരീരങ്ങളെ കൂട്ടിപ്പിടിച്ചു നടക്കാൻ ശ്രമിക്കുന്നത്, ഈഴത്തമിഴർ. എൽ.ടി.ടി.ഇ സ്ഥാപകൻ വേലുപ്പിള്ളൈ പ്രഭാകരൻ കൊല്ലപ്പെട്ടിട്ട് മെയ് 18ന് 12 വർഷം തികയുന്നു

മെയ് 18, അത്ര എളുപ്പം മാഞ്ഞുപോകുന്ന ഒരു ദിവസമല്ല. അരലക്ഷത്തോളം മനുഷ്യരെ ജീവനോടെ പൊട്ടിത്തെറിപ്പിച്ച ദിവസമാണ്. ഒന്നിനുപിറകെ ഒന്നായി വന്ന ഷെല്ലാക്രമണങ്ങളിൽ ഗർഭാശയത്തിലെ പിഞ്ചു കുഞ്ഞു പോലും ചിതറിത്തെറിച്ച ദിവസം. ഒരു പൊക്കിൾക്കൊടി നമുക്കിടയിലുണ്ടായിട്ടും അതിനെതിരെ ചൂണ്ടു വിരൽ പോലുമുയർത്താതെ നമ്മൾ പതിവ് തിരക്കിലേക്കലിഞ്ഞു പോയ ദിവസം.

1619-ൽ തമിഴ് രാജാവായ സങ്കലി കുമരനെ വധിച്ച് സിലോണിനെ പോർച്ചുഗീസുകാർ കീഴടക്കുമ്പോഴും വടക്കുകിഴക്ക് തമിഴരും തെക്കു പടിഞ്ഞാറ് സിംഗളരുമായി രണ്ടായി പിരിഞ്ഞു തന്നെ കിടന്നിരുന്നു അത്. ഭാഷയിലും സംസ്‌കാരത്തിലും മതത്തിലുമെല്ലാം വൈപരീത്യം പുലർത്തിയിരുന്ന രണ്ടു വിഭാഗങ്ങൾ. മധ്യേ കാൻഡി എന്ന രാജ്യതലസ്ഥാനവും. 1658-ൽ ഡച്ചുകാർ ഭരണം പിടിച്ചെടുത്തപ്പോഴും രണ്ടു സാമ്പത്തിക രാഷ്ട്രങ്ങളായിത്തന്നെ നിലകൊണ്ടു അത്. സിലോണിന്റെ തേയിലയിലും പലവ്യഞ്ജനങ്ങളിലും നാവു നുണഞ്ഞ് 1815-ൽ ബ്രിട്ടീഷുകാർ സിലോണിലെത്തുമ്പോഴും ഈ ദ്വീപ് ഭൂമിയിലെ ഏറ്റവും സുന്ദരമായ തോട്ടമായിരുന്നു. മധുര, തഞ്ചാവൂർ തിരുനെൽവേലിയിൽ നിന്നൊക്കെ ഒറ്റ ടിക്കറ്റിന് സിലോണിലെത്താമായിരുന്ന കാലം. ഇന്ത്യക്കാരുടെ ആദ്യ പ്രവാസങ്ങളുടെ പറുദീസ. ബ്രിട്ടീഷുകാർ സ്ഥാപിച്ച വിദ്യാഭാസ സ്ഥാപനങ്ങളിൽ പഠിച്ചു അഭ്യസ്ത വിദ്യരായ തമിഴന്മാർ അഭിമാനത്തോടെ ജീവിച്ച കാലം. ഇന്നാ ജനസമൂഹം ഭൂമിയിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടിട്ട് പന്ത്രണ്ടു കൊല്ലങ്ങളാകുന്നു. അടുത്തിടെ ലോകം കണ്ട അതിദാരുണമായ വംശഹത്യ ഇനിയും ചരിത്രത്തിൽ എഴുതപ്പെട്ടുപോലുമില്ല.

1984-ൽ റോ യുടെ പരിശീലനത്തിനിടെ എൽ.ടി.ടി.ഇ. നേതാക്കൾ തമിഴ്‌നാട്ടിലെ സിരുമലൈ ക്യാമ്പിൽ/ Photo: Wikimedia Commons

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ അടുത്ത വർഷം 1948 ഫെബ്രുവരി നാലിന് ബ്രിട്ടീഷുകാരിൽ നിന്ന് മുക്തമായെങ്കിലും വിദ്യാഭാസ സാമൂഹ്യ- സാമ്പത്തിക മേഖലകളിൽ മുന്നിട്ടുനിന്ന തമിഴനോട് സിംഗള സമൂഹത്തിനു മുൻ വൈരമുണ്ടായിരുന്നു. 1958 ഭണ്ഡാരനായകഃയുടെ ഭരണകാലത്ത് സിംഗളം ദേശീയ ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. ഇതിനെതിരെ പ്രതിഷേധ സമ്മേളനം കൂടിയ തമിഴർക്കുനേരെ ആക്രമണം അഴിച്ചു വിട്ടു. "ശ്രീ' എന്ന് എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകളിൽ എഴുതണമെന്ന സർക്കാർ നിർദേശത്തിന്റെ പ്രതിഷേധമെന്നോണം ചില ചെറുപ്പക്കാർ അവ മായ്ച്ചു കളഞ്ഞു. പ്രകോപിതരായ സർക്കാർ ആളുകൾ നൂറോളം പേരെ കൊന്നൊടുക്കിയത് മുതൽ തുടങ്ങുന്നു വംശഹത്യ.

1983 മുതൽ 2009 വരെ മുപ്പതാണ്ടുകൊല്ലം നീണ്ടു നിന്ന രക്തചൊരിച്ചിലിനൊടുക്കം എൽ.ടി.ടി.ഇ. നേതാവ് പ്രഭാകരന്റെ ഉറ്റസൃഹുത്ത് കരുണ രാജപക്സെ യുടെ പക്ഷം ചേരുകയും നിർണായക വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്തതാണ് തമിഴ് ഈഴത്തിന്റെ പരാജയകാരണം. അതിനിടയിൽ സിംഗളമന്ത്രിയുടെയും ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെയും കൊലപാതകങ്ങളിൽ തമിഴ് പുലികൾ തീവ്രവാദികളായി മുദ്രകുത്തപ്പെട്ടു.
ഇരുപത്താറു കൊല്ലങ്ങൾ നീണ്ട തമിഴ്- സിംഗള യുദ്ധം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ തമിഴ്പുലികൾ സ്വപ്നഭൂമികയായി ഈഴത്തിന്റെ തലസ്ഥാനമായി കണ്ടിരുന്ന കിളിനൊച്ചി പൂർണമായി തകർക്കപ്പെട്ടു. അവിടെനിന്ന് ലക്ഷത്തോളം വരുന്ന തമിഴ്മക്കളുമായി മുല്ലൈവായ്ക്കാലിൽ തഞ്ചമടഞ്ഞു. പ്രാണരക്ഷാർത്ഥം സൈക്കിളുകളിലും കാൽനടയായും തങ്ങളുടെ കുട്ടികളെയും ആവശ്യസാധനങ്ങളെയും വളർത്തു മൃഗങ്ങളെയും കൊണ്ട് അവർ പലായനം ചെയ്തു. ഇടത്താവളമെന്നോണം യാഴ്പാണം, കിളിനൊച്ചി, മുല്ലിവയ്ക്കാൽ, മുല്ലൈതീവ് എന്നിവിടങ്ങളിലെല്ലാം അതിജീവനത്തിനായി ശ്രമിച്ചു.

മഹീന്ദ രാജ്പക്സെ, കരുണ അമ്മൻ

ഒന്നിന് പുറകെഒന്നായി "നോ ഫയർ സോണു' കളായി പ്രഖ്യാപിക്കപ്പെട്ട മൂന്നു സ്ഥലങ്ങളിലും ഒതുങ്ങിക്കൂടിയ മനുഷ്യർക്കുമേൽ ബോംബുകൾ വർഷിക്കപ്പെട്ടു. യുദ്ധാവസാനത്തിനു ഒരാഴ്ച മുൻപ് അവയുടെ വിസ്തീർണം കുറഞ്ഞുകുറഞ്ഞ് ഒരു മൈൽ മാത്രം നീളമുള്ള ഭൂഭാഗമായി ചുരുങ്ങി. അവിടേക്കാണ് ഉടൽ ചിതറിയ അര ജീവൻ മാത്രം ബാക്കിയുള്ള അമ്പതിനായിരത്തോളം വരുന്ന മനുഷ്യരെ ശ്രീലങ്കൻ സൈന്യം അടിച്ചു തെളിച്ചത്. റെഡ് ക്രോസിനും യു.എന്നിനും പ്രവേശനം നിഷേധിച്ച ആ ഒരാഴ്ചയിൽ സേഫ് സോണെന്നു പ്രഖ്യാപിച്ച മേഖലയിലാണ് മെഡിക്കൽ സെന്ററുകളാക്കിയ രണ്ടു സ്‌കൂളുകളിൽ 65 തവണ ഷെല്ലാക്രമണം നടത്തി മുറിവേറ്റവരെയും ശുശ്രൂഷിച്ചവരെയും കൊന്നുകളഞ്ഞത്. അന്ന് പെയ്ത മഴവെള്ളത്തോടൊപ്പം ചുവന്നൊലിച്ചു മുല്ലൈവായ്ക്കാൽ. പെൺകുട്ടികളെ ദാരുണമായി ലൈംഗികമായി പീഡിപ്പിച്ചും മാറിടങ്ങൾ അറുത്തുമാറ്റിയും ശ്രീലങ്കൻ സൈന്യം ആഘോഷിക്കുന്ന വീഡിയോ യൂറോപ്പിന്റെ ചാനൽ 4 പുറത്തു വിട്ടിട്ടുണ്ട്.

2009 മെയ് 18, ഇരുപത്താറാണ്ടുകാലം സർക്കാരിനെ വിറപ്പിച്ച പ്രഭാകരന്റെ മരണത്തോടെ നിലവിളികൾ പോലും വറ്റിപ്പോയ തമിഴ് ഈഴം എന്നെന്നേക്കുമായി ഇല്ലാതായി.
കൂട്ടിയിട്ടു കുഴിച്ചു മൂടിയ വംശഹത്യയുടെ പേരിൽ ഇപ്പോഴും രാജപക്സെയോ ഗവൺമെന്റോ യാതൊരു വിചാരണയും നേരിട്ടില്ലെന്നു മാത്രമല്ല, പൈശാചികമായ അറുകൊലയ്ക്കു നേതൃത്വം വഹിച്ച സൈന്യാധിപന്മാരായ ശിവേന്ദ്ര സിൽവ പിന്നീട് ന്യൂയോർക്കിലെ യു.എന്നിൽ സമാധാന സംഘത്തിലുണ്ടായിരുന്നു എന്നതും പ്രസന്ന ഡിസിൽവ ലണ്ടനിലെ ശ്രീലങ്കൻ എംബസിയുടെ തലപ്പത്തുണ്ടായിരുന്നു എന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം.

രാജപക്സെയെന്ന ഫാസിസ്റ്റ് ശക്തിയുടെ വിജയം അന്നവർക്ക് സഹായം ചെയ്തുകൊടുത്ത ഇസ്രായേലിന് കരുത്തു പകരുന്നുണ്ടാവണം. എന്തു ലക്ഷ്യത്തിനുവേണ്ടിയാണോ ഐക്യരാഷ്ട്ര സംഘടന ഉണ്ടായത്, അതിലതു പരാജയപ്പെട്ടു. യുദ്ധാനന്തരം ബെൻ കി മൂൺ നടത്തിയ ശ്രീലങ്കൻ സന്ദർശനം ഫാസിസ്റ്റുകളുടെ അന്നം കൊണ്ട് ജീവിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വെറും നാടകമല്ലാതെ മറ്റെന്താണ്?

വംശഹത്യകൾ വെറും കൂട്ടക്കൊലപാതകങ്ങളല്ല. അവരുടെ ജീവനോപാധികളെയും ചരിത്ര രേഖകളെയും നശിപ്പിച്ച് അവരുടെ തലമുറകളുടെ ആത്മാഭിമാനത്തെ ഇല്ലായ്മ ചെയ്യലാണത്. ആദ്യമാദ്യം വെറും നാലു ശതമാനം വിദ്യാഭാസമുണ്ടായിരുന്ന സിംഗളർ ബ്രിട്ടീഷുകാരിൽ നിന്ന് തന്ത്രപൂർവം അധികാരം പിടിച്ചെടുക്കുകയും പതുക്കെപ്പതുക്കെ അധികാരത്തിൽ നിന്ന്, സർക്കാരുദ്യോഗങ്ങളിൽ നിന്ന്, വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്ന്, റേഷനിൽ നിന്ന് തമിഴ് മക്കളുടെ പേരുവെട്ടുകയും മൂന്നര ലക്ഷം തമിഴർ ജീവനോടെയിരിക്കെ അവർ വെറും 60,000 മാത്രമാണെന്ന് ലോകത്തോട് പറയുകയും LLRC യുടെ rescue ഓപ്പറേഷനിൽ മരിച്ചവർ അയ്യായിരമോ പത്തായിരമോ എന്ന് നിസ്സംഗനായി പൊയ്ക്കണക്ക് പറഞ്ഞ്, പിന്നീട് നടന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ ലോകനേതാക്കൾക്കൊപ്പം ചിരിച്ചുനിൽക്കുകയും ചെയ്യുന്ന രാജപക്ഷെ മോഡി സർക്കാരിന് നൽകുന്ന ആത്മവിശ്വാസം എത്രയായിരിക്കും.

വേലുപ്പിള്ള പ്രഭാകരൻ

1981 മെയ് 31 നു യാഴ്പാനം (ജാഫ്ന) പബ്ലിക് ലൈബ്രറി 400 കൊല്ലം പഴക്കമുള്ള ദ്രാവിഡ പനയോലകൾക്കും 90,000 പുസ്തകങ്ങൾക്കുമൊപ്പം കത്തിക്കപ്പെട്ടു. ഭൂമിയിലെ തന്നെ ഏറ്റവും പ്രാചീന ഭാഷകളിലൊന്നായ, ഇന്നും വ്യവഹാര ഭാഷയിലുള്ള, അനേകം പ്രാദേശിക ഭാഷകൾക്ക്, മലയാളമടക്കം, ജന്മം നൽകിയ ആ സംസ്‌കാരത്തെയാണ്, അവരുടെ ചരിത്രത്തെയാണ് ശ്രീലങ്കൻ സൈന്യം ചാമ്പലാക്കിയത്. 1815 ൽ ഇംഗ്ലീഷിലും തമിഴിലുമാണ് അന്നത്തെ സിലോൺ മഹാറാണി ബ്രിട്ടീഷുകാരുമായി ഉടമ്പടി തയാറാക്കിയത് എന്നോർക്കണം.

ഇന്ന് തകരം മറച്ചുകെട്ടിയ അഭയാർത്ഥി ക്യാമ്പുകളിൽ മലവിസർജന സൗകര്യം പോലുമില്ലാതെ ജീവിക്കുന്ന ശേഷിച്ച തമിഴർ ഭൂരിഭാഗവും വികലാംഗരാണ്. വർണപ്പട്ടുവസ്ത്രങ്ങൾ ലോകത്താരെക്കാളും മുൻപേയുടുത്തവരാണ്, സംസ്‌കാരത്തനിമയോടെ ലോകത്തിനു മുന്നേ നടന്നവരാണ്, ഇന്ന് പൊട്ടിപ്പോയ ശരീരങ്ങളെ കൂട്ടിപ്പിടിച്ചു നടക്കാൻ ശ്രമിക്കുന്നത്, ഈഴത്തമിഴർ.

Comments