നിർബന്ധിത അനുമതി നൽകി കോവിഡ്​ വാക്​സിൻ ക്ഷാമത്തിന്​ പരിഹാരം നേടാം

കോവിഡ് വാക്‌സിനുകൾക്ക് നിർബന്ധിത അനുമതി നൽകുന്ന പക്ഷം രാജ്യം ഇന്ന് നേരിടുന്ന വാക്‌സിൻ ക്ഷാമത്തിനും കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച അനിശ്ചിതത്വത്തിനും അന്ത്യം കുറിക്കാനാകുമെന്ന്​ സംശയ ലേശമന്യേ പറയാം.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ആദ്യ കടമ്പ മാനവരാശി ഒരു പരിധിവരെ വിജയകരമായി താണ്ടി എന്ന് പറയാം. വളരെ കുറഞ്ഞ സമയം കൊണ്ട് കോവിഡിനെതിരായി നിരവധി വാക്‌സിനുകളാണ് ശാസ്ത്ര സമൂഹം നിർമിച്ചെടുത്തത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ സുപ്രധാന കടമ്പയും ഇതുതന്നെയായിരുന്നു.

പ്രതിരോധ മരുന്നുകളുടെ കണ്ടുപിടുത്തം പോലെ തന്നെയാണ് അവയുടെ ഉൽപ്പാദനം, സംഭരണം, വിതരണം, ലഭ്യത എന്നിവയും. ഉത്പാദനത്തിന് (Production) അനുസൃതമായല്ല വിതരണം (Supply), ഉത്പന്നത്തിന്മേലുള്ള ആവശ്യം (Demand) എങ്കിൽ പ്രസ്തുത അവസ്ഥ ഉത്പന്നത്തിന്റെ വില വർധനക്കും ക്ഷാമത്തിനും കാരണമാകുമെന്നത് സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നാണ്. അത്തരമവസരങ്ങളിലാണ് മുതലാളിത്തം തങ്ങളുടെ ലാഭക്കൊതിയുടെ തനിനിറം പുറത്തു കാട്ടുന്നതും നവലിബറൽ നയങ്ങളുടെ പ്രയോക്താക്കളായ ആധുനിക ജനാധിപത്യ സർക്കാരുകൾ തങ്ങളുടെ കൂറ് വെളിപ്പെടുത്തുന്നതും.

ധന മുതലാളിത്തത്തിന്റെ (Finance Capitalism) നിർലോഭമായ ഒഴുക്കിനെ തടയുന്ന എന്തിനെയും സുതാര്യമെന്ന് തോന്നിക്കുന്ന ഇടപെടലുകളിലൂടെ ലോക മുതലാളിത്തം തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്.
കോളനിവൽക്കരണാനന്തരം (Post Colonialism) തങ്ങളുടെ modus operandi നവ ഉദാരവൽക്കരണത്തിലേക്ക് മാറ്റിയതിനു ശേഷം സാമ്രാജ്യത്വം നടത്തിയ പ്രധാന ഇടപെടലായിരുന്നു 1995 ലുണ്ടായ World Trade Organization (WTO) ന്റെ രൂപീകരണവും TRIPS (Trade Related Intellectual Property Rights) കരാറിന്റെ അവതരണവും.
ലോകത്ത് അന്നു വരെ നിലനിന്നിരുന്ന ബൗദ്ധികസ്വത്തവകാശ (Intellectual Property Rights) നിയമങ്ങളുടെ ഏകീകരണവും മുതലാളിത്തത്തിന്റെ നിരന്തരമായ ലാഭകൊതിക്കനുസൃതമായ നിയമങ്ങളുടെ ക്രോഡീകരണവുമായിരുന്നു TRIPS കരാറിന്റ പ്രധാന ലക്ഷ്യം.

ബൗദ്ധികസ്വത്തവകാശ നിയമങ്ങളിലെ വ്യത്യസ്ത വകുപ്പുകൾ ലോകത്തെ മുഴുവൻ ഒരൊറ്റ കമ്പോളം എന്ന സംജ്ഞയിലേക്ക് ഒതുക്കിക്കൊണ്ടിരുന്ന രാജ്യാന്തര മുതലാളിത്ത (Trans national Capitalism) ത്തിന്റെ വളർച്ചയ്ക്ക് വിലങ്ങുതടിയായിരുന്ന ക്ഷേമരാഷ്ട്രസങ്കല്പത്തിൽ ഊന്നിയ നിയമനിർമാണങ്ങളുടെ പൊളിച്ചെഴുത്തും TRIPS കരാറിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പ്രസ്തുത കരാറിന്റെ ഭാഗമായശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഭൗതിക സ്വത്തവകാശ നിയമങ്ങളിൽ കാതലായ മാറ്റം സംഭവിച്ചു.

വാക്‌സിൻ ഉത്പാദനവും വിതരണവും

രാജ്യത്ത് നിലവിൽ Serum Institute of India, Bharath Bio-Tech എന്നീ ഉൽപാദകരുടെ വാക്‌സിനുകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ഉൽപ്പാദിപ്പിക്കുന്നത് പ്രതിമാസം 60 മില്യൺ ഡോസും ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്നത് നാലു മില്യൻ ഡോസുമാണ്.

ഇതിനിടയിലാണ് 18 വയസ് തികഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിൻ ലഭ്യമാകും എന്ന വിജ്ഞാപനം ഏപ്രിൽ 19ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്.
പ്രസ്തുത വിജ്ഞാപന പ്രകാരം വാക്‌സിൻ നിർമാതാക്കൾക്ക് തങ്ങളുടെ വാക്‌സിൻ പൊതുവിപണിയിൽ മുൻകൂട്ടി നിശ്ചയിച്ച വില പ്രകാരം വിൽക്കാം. കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള സൗജന്യ വാക്‌സിൻ യജ്ഞം തുടരുമെങ്കിലും മേൽപ്പറഞ്ഞ വിജ്ഞാപന പ്രകാരം ഉൽപ്പാദകർ തീരുമാനിക്കുന്ന തുകക്ക് വാക്‌സിൻ പൊതുജനങ്ങൾ സ്വയം പണം നൽകി വാങ്ങിക്കേണ്ടതായി വരും.
നേരത്തെ കേന്ദ്രസർക്കാറിന് 150 രുപയ്ക്ക് നൽകിയിരുന്ന കോവിഷീൽഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും പൊതുവിപണിയിൽ 600 രൂപയ്ക്കും ലഭ്യമാക്കുമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വാർത്താക്കുറിപ്പിൽ പറയുന്നത്.

ഇതിനകം Remdesivir പോലുള്ള ജീവൻരക്ഷാ മരുന്നുകളുടെ പൂഴ്​ത്തിവെപ്പിനെ കുറിച്ചുള്ള വാർത്തകൾ നാം കണ്ടു കഴിഞ്ഞു. അങ്ങനെയെങ്കിൽ കോവിഡ് വാക്‌സിൻ പൊതു വിപണിയിൽ ലഭ്യമായിത്തുടങ്ങിയാൽ ഉണ്ടാകാൻ സാധ്യതയുള്ള കൃത്രിമമായതോ അല്ലാതെയോ ഉള്ള ക്ഷാമം എങ്ങനെയായിരിക്കും നാം നേരിടേണ്ടിവരിക? നിലവിലുള്ള ഉൽപാദന പ്രക്രിയ ഇതിനു പര്യാപ്തമല്ല എന്ന് തെളിഞ്ഞതാണ്.

ഈയൊരു ദുർഘടാവസ്ഥ തരണം ചെയ്യാൻ കേന്ദ്രസർക്കാരിന് മുന്നിലെ വഴികളിലൊന്ന് പ്രസ്തുത വാക്‌സിനുകളുടെ ഉൽപാദനം കൂട്ടുകയോ അല്ലെങ്കിൽ മറ്റു വിദേശനിർമ്മിത വാക്‌സിനുകൾ ഇറക്കുമതി ചെയ്യുകയോ എന്നതാണ്. വിദേശ നിർമിത വാക്‌സിനുകളുടെ താരതമ്യേനയുള്ള ഉയർന്ന വില അത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രസർക്കാറിനെ നയിക്കാൻ സാധ്യതയില്ല. അങ്ങിനെയെങ്കിൽ നിലവിലെ വാക്‌സിൻ ഉത്പാദനം വർധിപ്പിക്കുകമാത്രമാണ് പോംവഴി.

പൊതുജനങ്ങൾക്ക്​ താങ്ങാവുന്ന വിലയിൽ ജനസംഖ്യാനുപാതികമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിന് നിർമാണാനുമതിയുള്ള കോ വാക്‌സിൻ, കോവിഷിൽഡ് എന്നീ വാക്‌സിനുകൾക്ക് ഇന്ത്യൻ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരമുള്ള Compulsory License ലഭ്യമാക്കാവുന്നതാണ്.

എന്താണ് നിർബന്ധിത അനുമതി (Compulsory License) ?

1995 ലെ TRIPS കരാർ പ്രകാരം Indian Patent Act 1999,2002,2005 എന്നീ വർഷങ്ങളിൽ യഥാക്രമം ഭേദഗതി വരുത്തി. പ്രസ്തുത നിയമത്തിലെ XVI അധ്യായപ്രകാരം Patent ചെയ്യപ്പെട്ട ഉൽപ്പന്നങ്ങൾക്കും ഉൽപ്പാദന പ്രക്രിയകൾക്കും നിർബന്ധിത അനുമതി (Compulsory License) നൽകാം. Indian Patent Act പ്രകാരം പ്രസ്തുത നിയമത്താൽ സംരക്ഷിക്കപ്പെട്ട ഉൽപ്പന്നങ്ങളും ഉൽപാദന പ്രക്രിയകളും ഉടമയുടെ അനുവാദമില്ലാതെ പുനരുത്പാദിപ്പിക്കുവാൻ മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ അവകാശമില്ല. എന്നാൽ Indian Patent Act ലെ വകുപ്പ് 84,92,100,102 എന്നിവ പ്രകാരം നിർബന്ധിത അനുമതി നൽകുന്ന പക്ഷം Patent നിയമത്താൽ സംരക്ഷിക്കപ്പെട്ട മരുന്നുകൾ തിരഞ്ഞെടുക്കപ്പെടുന്ന നിർമാതാക്കൾക്ക് നിയമാനുസൃതമായി പുനരുൽപാതിപ്പിക്കുവാൻ സാധിക്കും. Indian Patent Act ലെ വകുപ്പ് 84 പ്രകാരം പുനരുല്പാദിപ്പിക്കേണ്ട മരുന്നിന്​ Patent ലഭിച്ച് മൂന്നുവർഷങ്ങൾക്കുശേഷം പ്രസ്തുത വകുപ്പിലെ ഉപവകുപ്പായ 84(1) ന്റെ ലംഘനം ഉണ്ടെങ്കിൽ മാത്രമാണ് മറ്റൊരു നിർമ്മാതാവിന് നിർബന്ധിത അനുമതിക്ക്​ Patent General മുൻപാകെ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുക. കോവിഡ് മഹാമാരിയുടെ ഈയൊരവസരത്തിൽ അത് അപ്രയോഗികമാണുതാനും.

Patent Act വകുപ്പ് 92 പ്രകാരം നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിർബന്ധിത അനുമതിക്ക്​ Controller of Patent മുൻപാകെ അപേക്ഷ ക്ഷണിക്കാം. പ്രസ്തുത അപേക്ഷകൾ പരിഗണിച്ചതിനുശേഷം Controller of Patent ന് പ്രഥമ ഉൽപ്പാദകന്​ നിശ്ചിത അവകാശധനം (Royalty) നൽകുവാൻ പുനരുൽപാദകനോട് ഉത്തരവിടുകയും ചെയ്യാം.

Indian Patent ആക്ട് വകുപ്പ് 92 പറയുന്നത് ഇപ്രകാരമാണ്: (1) If the Central Government is satisfied, in respect of any patent in force in circumstances of national emergency or in circumstances of extreme urgency or in case of public non-commercial use, that it is necessary that compulsory licenses should be granted at any time after the sealing thereof to work the invention, it may make a declaration to that effect, by notification in the Official Gazette, and thereupon the following provisions shall have effect, that is to say-
(i) the Controller shall on application made at any time after the notification by any person interested grant to the applicant a license under the patent on such terms and conditions as he thinks fit;
(ii) in settling the terms and conditions of a license granted under this section, the Controller shall endeavour to secure that the articles manufactured under the patent shall be available to the public at the lowest prices consistent with the paten­tees deriving a reasonable advantage from their patent rights.

Patent Act ലെ വകുപ്പ് 92 പ്രകാരം മരുന്നിന്റെ പുനരുൽപാദനം മാത്രമല്ല ഉത്പാദിപ്പിക്കുന്ന മരുന്നിന്റെ വില പൊതുജനങ്ങൾക്ക് താങ്ങാവുന്നതുമായിരിക്കണം എന്ന് കേന്ദ്ര സർക്കാരിനു ഉറപ്പുവരുത്താവുന്നതാണ്. പേറ്റൻറ്​ ആക്ട് വകുപ്പ് 100 പ്രകാരം കേന്ദ്ര സർക്കാരിന് തെരഞ്ഞെടുത്ത കമ്പനികളെ Patent ചെയ്യപ്പെട്ട മരുന്നുകളുടെ ഉൽപ്പാദനം നടത്തുവാൻ ചുമതലപ്പെടുത്താനാകും. ഇതു കൂടാതെ പൊതുജനതാല്പര്യം കണക്കിലെടുത്ത് വകുപ്പ് 102 പ്രകാരം Patent Acquisition നടത്തുകയും ചെയ്യാം.

മേൽസൂചിപ്പിച്ച നടപടികളിൽ ഏതെങ്കിലുമൊന്ന് കേന്ദ്രസർക്കാർ എടുക്കുകയാണെങ്കിൽ കോവിഡിനെതിരായുള്ള പോരാട്ടത്തിൽ ശക്തമായ ഇടപെടൽ നടത്താൻ ഇന്ത്യക്കാകും.
നിലവിൽ ലോകത്തിനാവിശ്യമായ വിവിധ വാക്‌സിനുകളിൽ 50% ൽ അധികവും ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യൻ ഫാർമ കമ്പനികളാണെന്ന യാഥാർത്ഥ്യം ഈ തീരുമാനത്തിന്റെ ഗൗരവം എത്രമാത്രം ഉണ്ടെന്ന് അടിവരയിട്ട് പറയുന്നുണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒറ്റത്തവണ മാത്രമാണ് നിർബന്ധിത അനുമതി നൽകപ്പെട്ടിട്ടുള്ളത്. കരൾ, വൃക്ക എന്നിവയെ ബാധിക്കുന്ന കാൻസറിനെതിരെയുള്ള (Renal Cell Carcinoma (RCC), Hepatocellular Carcinoma (HCC) Sorafenib Tosylate എന്ന മരുന്നിനായിരുന്നു നിർബന്ധിത അനുമതി നൽകപ്പെട്ടത്.

അമേരിക്കൻ ഫാർമ ഭീമനായ Bayer Corporation 1999 ൽ Sorafenib Tosylate ന് US Patent നേടി, 2005 ൽ Nexavar എന്ന പേരിൽ പ്രസ്തുത മരുന്ന് കമ്പനി അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുകയും 2008 ൽ ഇന്ത്യൻ Patent നേടുകയും ചെയ്തു. Nexavar ന്റെ ഇന്ത്യൻ മാർക്കറ്റിലെ വില 2,75,000 രൂപയായിരുന്നു. എന്നാൽ Indian Patent Act ലെ വകുപ്പ് 84(1) പ്രകാരം Natco Pharma Limited എന്ന ഇന്ത്യൻ ഫാർമ കമ്പനി നിർബന്ധിത അനുമതിക്ക്​ അപേക്ഷിക്കുകയും 2012 ൽ Controller General of Patent Designs and Trademarks of India അപേക്ഷകന് നിർബന്ധിത അനുമതി അനുവദിക്കുകയും ചെയ്തു. ഏറ്റവും പ്രസക്തമായ വസ്തുത, Nexavar ന്​Bayer ഈടാക്കിയിരുന്നത് 2,75,000 രൂപ ആയിരുന്നുവെങ്കിൽ Natco Pharma അതേ മരുന്ന് വെറും 8000 രുപയ്ക്ക് വിപണിയിൽ എത്തിച്ചു എന്നതാണ്.

പ്രസ്തുത ഉത്തരവിനെതിരെ Bayer Corporation, IPAB (Intellectual Property Appellate Board) യെ സമീപിച്ചു. എന്നാൽ മികച്ച ആരോഗ്യത്തിനുള്ള പൗരന്റെ അവകാശം ഭരണഘടന അനുച്ഛേദം 21 ന്റെ ഭാഗമാണെന്നു പറഞ്ഞ്​ Controller General ന്റെ നടപടിയെ IPAB ശരി വെക്കുകയാണുണ്ടായത്. IPAB യുടെ ഉത്തരവിനെതിരെ ബോംബെ ഹൈകോടതിയിൽ Bayer അപ്പീൽ ഫയൽ ചെയ്‌തെങ്കിലും ചീഫ്​ ജസ്​റ്റിസ്​ ​മോഹിത്​ എസ്​. ഷാ, ജസ്​റ്റിസ്​ എം.എസ്​. സാംഗ്ലേഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് Bayer ന്റെ വാദം തള്ളുകയും Indian Patent Act ലെ വകുപ്പ് 84(1) പ്രകാരം നിർബന്ധിത അനുമതിനൽകിയ നടപടി TRIPS കരാറിനനുസൃതമാണെന്നു പറഞ്ഞ്​ ശരിവെക്കുകയും ചെയ്തു.

Indian Patent Act ലെ വകുപ്പ് 84(1) പ്രകാരം താഴെ പറയുന്ന ഉപാധികൾ പാലിക്കപ്പെടുന്നില്ലെങ്കിൽ നിർബന്ധിത അനുമതി നൽകാം.
i) reasonable requirement of the public for the patented invention have not been satisfied; or
ii) the patented invention is not available to the public at reasonably affordable price or
iii) that the patented invention is not worked in the territory of India.
ബോംബെ ഹൈക്കോടതി വിധിക്കെതിരെ Bayer Corporation സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി, പ്രസ്തുത വിധിയിൽ ഇടപെടേണ്ടതില്ല എന്ന് ചൂണ്ടിക്കാണിച്ച്​ തള്ളുകയും ചെയ്തു.

Nexavar എന്ന മരുന്നിന്​ നിർബന്ധിത അനുമതി ലഭിച്ചതുമൂലം ഒരിക്കൽ 2,75,000 രൂപ ഉണ്ടായിരുന്ന മരുന്നിന്​ ഇന്ന് വെറും 8000 രൂപയാണ് വിപണി വില.

കൊവിഡ് വാക്‌സിനെ TRIPS പരിധിയിൽ നിന്ന്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ഇന്ത്യ, ദക്ഷിണാഫ്രിക്ക അടക്കംഎട്ടു രാജ്യങ്ങൾ ഏതാനും മാസങ്ങൾക്ക് മുൻപ് ​ലോകാരോഗ്യസംഘടനയെ സമീപിച്ചിരുന്നു. എന്നാൽ, യു.എസ്​, യു.കെ എന്നീ രാജ്യങ്ങളിൽ നിന്ന് ശക്തമായ എതിർപ്പാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. അതുകൊണ്ടുതന്നെ കോവിഡ് വാക്‌സിനുകൾക്ക് നിർബന്ധിത അനുമതി നൽകുകയാണെങ്കിൽ ഇന്ത്യൻ സർക്കാർ ശക്തമായ വെല്ലുവിളി നേരിടേണ്ടിവരും. വെല്ലുവിളികൾക്കൊപ്പം കോവിഡ് മഹാമാരിയുടെ ഈ വേളയിൽ ശക്തമായ പിന്തുണയും ഇന്ത്യൻ സർക്കാരിന് ലോക രാജ്യങ്ങളിൽ നിന്ന്​ ഉണ്ടാകുമെന്നതിൽ സംശയമില്ല.

കോവിഡ് വാക്‌സിനുകൾക്ക് നിർബന്ധിത അനുമതി നൽകുന്ന പക്ഷം രാജ്യം ഇന്ന് നേരിടുന്ന വാക്‌സിൻ ക്ഷാമത്തിനും കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച അനിശ്ചിതത്വത്തിനും അന്ത്യം കുറിക്കാനാകുമെന്ന്​ സംശയ ലേശമന്യേ പറയാം.


Comments