നെഹ്‌റു കുടുംബം ഹൈജാക്ക് ചെയ്യുന്ന കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

രനൂറ്റാണ്ടുകാലം മുമ്പ്, ഏതാനും മാസങ്ങൾ മാത്രം കോൺഗ്രസിന്റെ പ്രസിഡന്റുപദവി "അലങ്കരിച്ച' ഒരു നേതാവിനെ ഇപ്പോൾ പലരും ഓർക്കുന്നുണ്ട്. മല്ലികാർജുൻ ഖാർഗെ എന്ന ദലിത് നേതാവ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ, ബാബു ജഗ്ജീവൻ റാമിനെ ഓർക്കാതിരിക്കാനും വയ്യല്ലോ. അന്നും കോൺഗ്രസിൽ ഒരു സംഘർഷകാലമായിരുന്നു. 1969- ലെ പിളർപ്പിനെതുടർന്ന്, സംഘടന പിടിച്ചെടുക്കാനുള്ള ഇന്ദിരാഗാന്ധിയുടെ സമർഥമായ രാഷ്ട്രീയനീക്കങ്ങളുടെ ഒരു കരു മാത്രമായിരുന്നു ജഗ്ജീവൻ റാമും അദ്ദേഹത്തിന് ലഭിച്ച പ്രസിഡന്റ് പദവിയും. ഒരു ദലിത് നേതാവിന് സ്വഭാവികമായും ലഭിക്കേണ്ട ഒരു അവസരമായിരുന്നില്ല അത്, പകരം, ഇന്ദിരാഗാന്ധിയുടെ ഹിഡൻ അജണ്ടയുടെ മുഖംമൂടി മാത്രമായിരുന്നു ജഗ്ജീവൻ റാം എന്ന ദലിത് നേതാവ്.

ദലിത് നേതാക്കളെ കോൺഗ്രസ് എങ്ങനെയാണ് കൈകാര്യം ചെയ്തുപോന്നിരുന്നത് എന്നതിന്റെ നല്ല ഉദാഹരണവുമാണ് ജഗ്ജീവൻ റാം. ഡോ. ബി.ആർ. അംബേദ്കറെ നിർവീര്യമാക്കുന്നതിന് കോൺഗ്രസ് പ്രയോഗിച്ച ഒളിയമ്പു മാത്രമായിരുന്നു ജഗ്ജീവൻ റാം. ജവഹർലാൽ നെഹ്റുവിനെപ്പോലെയുള്ള ഏതാനും നേതാക്കന്മാർ അംബേദ്കറെ ഉൾക്കൊള്ളാൻ ശ്രമിച്ചതായി തോന്നുമെങ്കിലും, പാർട്ടി സംവിധാനത്തിന് അംബേദ്കറിനെപ്പോലെ ഒരാളെ സ്വീകരിക്കാനുള്ള ശേഷിയും വികാസവുമുണ്ടായിരുന്നില്ല. അങ്ങനെ, അന്നത്തെ ഹൈക്കമാൻഡ് കണ്ടുപിടിച്ച് തന്ത്രപൂർവം അവതരിപ്പിച്ച ഒരു ഉപകരണം മാത്രമായിരുന്നു ജഗ്ജീവൻ റാം. അതുകൊണ്ടുതന്നെ, ഇപ്പോൾ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെക്ക് ജഗ്ജീവൻ റാമുമായി ഏറെ സാമ്യങ്ങളുണ്ട്. അരനൂറ്റാണ്ടുകാലത്തെ, ഖാർഗെയുടെ രാഷ്ട്രീയ ജീവിതം നെഹ്റു കുടുംബത്തോട് ചേർന്നുനിൽക്കുന്ന ഒന്നായിരുന്നു. വിശ്വസ്തതയെ വിധേയത്വവും കൂറുമായുമാണ് കോൺഗ്രസിലെ നെഹ്റു കുടുംബനേതൃത്വം സാധാരണ പരിഗണിക്കാറ്. അതുകൊണ്ട്, ഖാർഗെക്ക് പാർട്ടി നേതൃത്വത്തോടുള്ള വിശ്വസ്തതയെ സമ്പൂർണമായ വിധേയത്വവും കൂറുമായി മാറ്റിയെടുക്കാൻ ഏറെ പണിപ്പെടേണ്ടിവരില്ല എന്ന് മൂന്ന് കുടുംബാംഗങ്ങൾക്കും അറിയാം. അങ്ങനെയാണ്, രാഹുൽ ഗാന്ധിക്ക് എക്കാലവും അവകാശപ്പെട്ട ഒരു പദവിയിലേക്ക്, വിധേയന്മാരുടെ പട്ടികയിൽനിന്ന് ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ, അസാധ്യമെന്ന് കരുതാവുന്ന ഒരു സാധ്യത മാത്രമേ ഖാർഗെയുടെ സ്ഥാനാർഥിത്വം അവശേഷിപ്പിക്കുന്നുള്ളൂ. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ സാമർഥ്യം സോണിയക്കും മക്കൾക്കും ഇല്ല എന്നതുകൊണ്ട്, ഖാർഗെക്ക് വേണമെങ്കിൽ തന്റെ മേലുള്ള ഹൈക്കമാൻഡ് ചരടുകളെ പൊട്ടിച്ചെറിഞ്ഞ് ഒരു സ്വതന്ത്ര പ്രസിഡന്റായി മാറാം എന്ന സാധ്യത. ഈ സാധ്യതയെക്കുറിച്ച് പാർട്ടിയിലെ ജനാധിപത്യവാദികൾക്ക് സ്വപ്നം കാണാം എന്നു മാത്രം.

ജനാധിപത്യത്തിനെതിരെ, ഫാഷിസത്തിന്റെ കാവിപ്പതാകകൾ പാറിപ്പറക്കുന്ന ഒരു കാലത്ത്, രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയിൽ നടക്കുന്ന ജനാധിപത്യ പരീക്ഷണങ്ങൾ എത്രമേൽ പരിഹാസ്യത നിറഞ്ഞതാണ് എന്ന കാര്യം, സംഘടനയിലുള്ളവർ പോലും തിരിച്ചറിയുന്നില്ല. കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ആശങ്കകളിലൊന്നാണിത്. മല്ലികാർജുൻ ഖാർഗെ, നെഹ്റു കുടുംബത്തിന്റെ സ്ഥാനാർഥിയാണ് എന്ന വസ്തുത മറച്ചുപിടിച്ച്, അങ്ങനെയല്ല എന്ന് വരുത്തിത്തീർക്കുന്നു. അങ്ങനെ, ശശി തരൂരിനെ മുൻനിർത്തി വ്യാജമായ ഒരു മത്സരപ്രതീതി സൃഷ്ടിക്കുന്നു. രണ്ടു സ്ഥാനാർഥികളും പാർട്ടിക്ക് ഒരേപോലെയാണ്, ആർക്കുവേണ്ടിയും പരസ്യമായ കാമ്പയിൻ അരുത് തുടങ്ങിയ ശാസനകൾ എങ്ങനെയാണ് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ ഏറ്റെടുത്തിരിക്കുന്നത് എന്നത്, സ്ഥാനാർഥികളുടെ കാമ്പയിൻ റിപ്പോർട്ടുകൾ തെളിയിക്കുന്നുണ്ട്. "മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നു എന്ന ശശി തരൂരിന്റെ വേദന നിറഞ്ഞ പ്രസ്താവന, ഇത് ഒരു വ്യാജ തെരഞ്ഞെടുപ്പാണ് എന്ന് സൂചിപ്പിക്കുന്നു. മാത്രമല്ല, സംസ്ഥാനങ്ങളിൽ ഇരു സ്ഥാനാർഥികളുടെയും പ്രചാരണത്തിന് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ പലതരം നിലപാടുകൾ സ്വീകരിക്കുന്നു. ചില പി.സി.സികൾ, തരൂരിനോട് മത്സരത്തിൽനിന്ന് പിന്മാറാനാവശ്യപ്പെടുന്നു. അതായത്, നെഹ്റു കുടുംബത്തിന്റെ ഇച്ഛ തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിലും വോട്ടായി മാറുക എന്ന് ഇപ്പോഴേ വ്യക്തമായിക്കഴിഞ്ഞു.

കോൺഗ്രസിനെ സംബന്ധിച്ചു മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചും പൂർണമായും കാലഹരണപ്പെട്ട നെഹ്റു കുടുംബ നേതൃത്വം, അതിന്റെ പിടി നഷ്ടപ്പെടാതിരിക്കാനുള്ള അവസാന ശ്വാസം വലിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ. 24 വർഷമായി സോണിയയും രാഹുലും പ്രിയങ്കയുമാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളത്. സോണിയ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുമ്പോൾ, കോൺഗ്രസിന് നാലു സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ഭരണം. 2004ലെയും 2009ലും പാർട്ടിയെ കേന്ദ്രഭരണത്തിലെത്തിക്കുന്നതിൽ സോണിയയുടെ നേതൃത്വത്തിനും ഒരു പങ്കുണ്ടായിരുന്നു. എന്നാൽ, അതിനുശേഷം ഉദയം ചെയ്ത രാഹുൽഗാന്ധി യുഗം കോൺഗ്രസിന്റെ സമ്പൂർണ തകർച്ചയിലേക്ക് നയിച്ചു. നെഹ്റു കുടുംബനേതൃത്വം രാഷ്ട്രീയമായി മാത്രമല്ല, സംഘടനാപരമായും വട്ടപ്പൂജ്യമാണ് എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. വഴികളടഞ്ഞുപോയ ഒരു സംഘടനക്കുവേണ്ടി ശശി തരൂർ ഉയർത്തിയ മുദ്രാവാക്യം- "നാളേക്കുവേണ്ടി ചിന്തിക്കുക' എന്നത് അത്യന്തം പ്രസക്തമാണ്. സംഘടനാ സംവിധാനത്തിലും സമീപനങ്ങളിലും കോൺഗ്രസ് നടത്തേണ്ട അഴിച്ചുപണികളെക്കുറിച്ച് തരൂരിന്റെ മാനിഫെസ്റ്റോ ചില ആമുഖങ്ങൾ മുന്നോട്ടുവക്കുന്നുണ്ട്. യുവാക്കളിലും സ്ത്രീകളിലും ഊന്നിക്കൊണ്ടുള്ള ഒരു പുതിയ പാർട്ടി മുഖത്തെക്കുറിച്ച് തരൂർ പറയുന്നുണ്ട്. സകല അധികാരവും നേതൃത്വത്തിലെ ഏതാനും ചിലരിൽ ഒതുങ്ങുന്നു എന്ന യാഥാർഥ്യം ചൂണ്ടിക്കാണിച്ചുകൊണ്ട്, ഹൈക്കമാൻഡ് എന്ന സംവിധാനത്തെ തന്നെ തരൂർ തള്ളിക്കളയുന്നുണ്ട്. ഇത്തരം ചിന്തകൾ പോലും, ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസിനെ സംബന്ധിച്ച് പ്രതീക്ഷാനിർഭരമാണ്. എന്നാൽ, തീർത്തും വ്യാജമായ ഒരു ജനാധിപത്യപ്രക്രിയയിൽ ഇത്തരം പ്രതീക്ഷകളുടെ ഭാവി എന്താണ് എന്നുകൂടി ശശി തരൂരിനെപ്പോലെ, കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ഓരോരുത്തരും ആലോചിക്കേണ്ട സന്ദർഭമാണ് ഈ തെരഞ്ഞെടുപ്പ്.

Comments