ബിന്ദു അമ്മിണിയെ
മർദ്ദിച്ച തെമ്മാടിയും
കണ്ടു നിൽക്കുന്ന ജനവും
ബിന്ദു അമ്മിണിയെ മർദ്ദിച്ച തെമ്മാടിയും കണ്ടു നിൽക്കുന്ന ജനവും
മാലിന്യം വൃത്തിയാക്കുന്നതിനിടയില്‍, ഊരും പേരു മറിയാത്ത, ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഏതോ സംസ്ഥാനത്തിലെ ഏതോ പാവം മനുഷ്യരെ രക്ഷിക്കാന്‍ മുന്‍പിന്‍ നോക്കാതെ മാന്‍ഹോളിലേക്കിറങ്ങി രക്തസാക്ഷിയായ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ നാടാണത്. ആ നാട് തന്നെ ഫാസിസത്തിന്റെ പ്രതീകാത്മക ആക്രമണത്തിന് തിരഞ്ഞെടുത്തു എന്നത് യാദൃച്ഛികമാണെന്ന് കരുതാനാവുന്നില്ല.
6 Jan 2022, 11:43 AM
ബിന്ദു അമ്മിണി ഒരു പൊതുപ്രവര്‍ത്തകയാണെന്ന പരിഗണന അവിടെ നില്‍ക്കട്ടെ. എന്റെയും നിങ്ങളുടെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരു സ്ത്രീയെന്ന് തല്ക്കാലം കരുതൂ, സാര്‍! അവരെ ശരീര ഭാഷയിലുടനീളം ആണ്‍കോയ്മാ ഭാഷ പ്രസരിപ്പിച്ചുകൊണ്ട് ഒരു തെമ്മാടി തല്ലുന്നു. ആളുകള്‍ അശ്രദ്ധമായി അത് നോക്കി നില്ക്കുന്നു. തല്ലുന്നതൊഴിച്ച് ബാക്കിയെല്ലാം സാധാരണമെന്ന പോലുള്ള അന്തരീക്ഷം. ആളുകള്‍ ശാന്തരായി നടന്നു പോകുന്നു. ബസുകള്‍ ഓടുന്നു. കാറുകള്‍ ഓടുന്നു. ഇരുചക്രവാഹനങ്ങള്‍ ഓടുന്നു. സാമൂഹ്യാന്തരീക്ഷത്തിന് യാതൊരു മാറ്റവുമില്ല. തെമ്മാടി അവന്റെ തുണിയുരിഞ്ഞ് പോകുവോളം മതിമറന്ന് മര്‍ദ്ദനം തുടരുന്നു. ആളുകള്‍ അശ്രദ്ധമായി നോക്കി നില്ക്കുന്നു. തല്ലുന്നവനെ തലോടും പോലെ തടയുന്നത് തുടരുന്നു. കണ്ടു നില്ക്കുന്ന ജനം.
ഇത് ഉത്തരേന്ത്യയല്ല. കോഴിക്കോടാണ്. എന്റെ നാടിനെക്കാള്‍ അഭിമാനപൂര്‍വ്വം ഞാന്‍ പറയാറുള്ള കോഴിക്കോട്. പതിനെട്ട് വര്‍ഷം ഞാന്‍ ജീവിച്ച നാടാണത്. എന്റെ ഓര്‍മയിലും ധാരണയിലും ഇത് കോഴിക്കോടിന്റെ സ്വഭാവമല്ല. മാലിന്യം വൃത്തിയാക്കുന്നതിനിടയില്‍, ഊരും പേരു മറിയാത്ത, ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഏതോ സംസ്ഥാനത്തിലെ ഏതോ പാവം മനുഷ്യരെ രക്ഷിക്കാന്‍ മുന്‍പിന്‍ നോക്കാതെ മാന്‍ഹോളിലേക്കിറങ്ങി രക്തസാക്ഷിയായ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ നാടാണത്. ആ നാട് തന്നെ ഫാസിസത്തിന്റെ പ്രതീകാത്മക ആക്രമണത്തിന് തിരഞ്ഞെടുത്തു എന്നത് യാദൃച്ഛികമാണെന്ന് കരുതാനാവുന്നില്ല.
നാം സഞ്ചരിക്കുന്ന കാലം എത്ര പെട്ടെന്നാണ് പുറംതോടിളക്കി പുറത്ത് വരുന്നത്? നാം നേടിയെടുത്ത മാനവികമായ സാമൂഹ്യ സങ്കല്പങ്ങള്‍, രാഷ്ട്രീയാവബോധങ്ങള്‍ ഇവയെല്ലാം നമ്മെയും വലിച്ച് ഏത് കടലിലേക്കാണ് കൊണ്ടു പോകുന്നത്?
ബിന്ദു അമ്മിണിയെ അതിക്രൂരമായി മര്‍ദ്ദിച്ച ഈ കടല്‍ത്തീരത്തിന്റെ അത്രയൊന്നും ദൂരെയല്ല, കോഴിക്കോട് ആകാശവാണി. ഉറൂബും പി. ഭാസ്‌ക്കരനും കെ.രാഘവനും അവിടെ ജോലി ചെയ്തിട്ടുണ്ട്. മലയാളിക്ക് 1954 ലെ ദേശീയ പുരസ്‌ക്കാരം കിട്ടിയ നീലക്കുയില്‍ സിനിമയുടെ ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത് ഈ സ്ഥലത്ത് വെച്ചാണ്. നീലി എന്ന ദലിത് നായിക പിറക്കുന്നത് അവിടെ നിന്നാണ്. സമൂഹത്തിന്റെ ദുഷിച്ച സവര്‍ണ ബോധത്താല്‍ നീതി നിഷേധിക്കപ്പെട്ട നീലിയുടെ ജീവിത കഥയാണ് നീലക്കുയിലിലെ പ്രമേയം. 1954ല്‍ നിന്ന് 2022ലെത്തുമ്പോള്‍ നമ്മുടെ കൈയിലുള്ളതെന്താണെന്ന് കൂടി ഈ നവോത്ഥാന കേരളം ഒന്ന് പരതി നോക്കുന്നത് നല്ലതാണ്.
ആക്രമണം ആസൂത്രണ സ്വഭാവത്തില്‍ നടത്തിയെന്ന പ്രബലമായ പരിസര സാഹചര്യം, പൊലീസ് ഈ വിഷയത്തെ കൈകാര്യം ചെയ്ത രീതിയെപ്പറ്റി ബിന്ദു അമ്മിണി പറയുന്ന പ്രസക്തമായ കാര്യങ്ങള്‍, ഇവയ്ക്ക് ഭരണകൂടത്തില്‍ നിന്ന് എന്തെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടാകില്ലെന്ന് മുന്‍ അനുഭവങ്ങള്‍ വെച്ച് അവര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യങ്ങള്‍, അരാഷ്ട്രീയതയുടെ വേലിയേറ്റം വര്‍ധിക്കുന്നു എന്നു മാത്രം ഇവ പഠിപ്പിക്കുന്നു. നാം മൂകരാണ്. ബധിരരാണ്. നാറ്റം വമിക്കുന്ന വേസ്റ്റില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് മാത്രം കണ്ടെത്തുന്ന അവസര ബാധിതരായ തുരപ്പന്മാരായി നമ്മെ ആരോ മാറ്റിക്കൊണ്ടിരിക്കുന്നു. തലച്ചോറടിമകള്‍ക്കും ശൂന്യതലച്ചോറുകള്‍ക്കും ജീവിക്കാന്‍ കഴിയുന്ന ഒരിടമായി മാറിക്കൊണ്ടിരിക്കുന്നു. വ്യക്തിയുടെ ഉയര്‍ന്ന രാഷ്ട്രീയ ചിന്തകള്‍ ഇന്നത്തെ അവസ്ഥയില്‍ സാധ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. കക്ഷിരാഷ്ട്രീയ നാടകങ്ങള്‍ സംശുദ്ധ രാഷ്ട്രീയത്തെ മായ്ച്ചു കൊണ്ടിരിക്കുന്നു. പുച്ഛിച്ച് കൊണ്ടിരിക്കുന്നു. എന്നിട്ടും നാം രാഷ്ട്രീയ പ്രബുദ്ധരെന്ന് പറയുന്നു!. ദലിതര്‍, പിന്നാക്ക സമൂഹങ്ങള്‍... ഇവരുടെ മരുഭൂമിയില്‍ ഉഷ്ണം പൂത്ത് കൊണ്ടിരിക്കുന്നു. നാം ഇതെല്ലാം സാധാരണമെന്ന് വിചാരിച്ചുതുടങ്ങിയിട്ടുണ്ട്. കേരളം ഏറെ താമസിയാതെ ഉത്തരേന്ത്യന്‍ അരക്ഷിത ശൈലിയിലേക്ക് വരും. അസ്വഭാവികമായ ശീലങ്ങളോട് സമൂഹത്തിന്റെ പെരുമാറ്റങ്ങളെ ബന്ധിപ്പിക്കുക എന്നതാണ് ഫാസിസത്തിന്റെ ഏറ്റവും വലിയ അധ്യായം. രാഷ്ട്രീയ വിദ്യാഭ്യാസം പോകട്ടെ, ഒരല്പം ലജ്ജയെങ്കിലും!..
ഇത്രയേ ചോദിക്കാനുള്ളൂ- ഫാസിസ്റ്റ് മുട്ടകള്‍ക്ക് നിയമത്തിന്റെ വ്യാജ ചിറകുകളുമായി ഇങ്ങനെ നിരന്തരം അടയിരിക്കുന്നത് ആരാണ്? എന്ത് കൊണ്ടിത് നിരന്തരം സംഭവിക്കുന്നു?
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read
സംഗമേശ്വരന്‍ അയ്യര്‍
May 04, 2022
10 Minutes Read