‘കേരം തിങ്ങും കേരളനാട്​’... തേങ്ങാക്കൊലയാണ്​!

തെങ്ങോളമുയരത്തിൽ നഷ്ടക്കണക്കുമായി കേരളത്തിലെ നാളികേര കർഷകർ അനിശ്‌ചിതത്വത്തിലാണ്​. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കർഷകാനുകൂല പദ്ധതികൾ ആവിഷ്​കരിച്ച് ആവശ്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ നാളികേര കൃഷിയും അതിന്റെ വ്യാവസായിക സാധ്യതകളും കേരളത്തിന് എന്നെന്നേക്കുമായി അന്യമാകും.

കേരളത്തിന്റെ ദൈനംദിനജീവിതത്തെയും ഗ്രാമീണ കാർഷിക- സമ്പദ്​വ്യവസ്​ഥയെയും ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്ന തെങ്ങു കൃഷിക്ക്​ എന്താണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​?

കേരളം അടക്കമുള്ള നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 3.16 മില്യൺ കുടുംബങ്ങളാണ് തെങ്ങുകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. 2020- 21ൽ നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽനിന്ന് രാജ്യത്തിന് ലഭിച്ചത് 2,295.6 കോടി രൂപയാണ്. എന്നാൽ, ​കേരളത്തിൽ നാളികേര ഉൽപ്പാദനം വർഷം ചെല്ലുംതോറും കുറഞ്ഞുവരികയാണ്​. സംസ്​ഥാനത്ത്​ ഒരു ഹെക്ടറിൽ നിന്ന് വെറും 9175 നാളികേരമാണ് ഉൽപാദിപ്പിക്കാനാകുന്നത്. (തമിഴ്‌നാട്ടിൽ ഇത് 12,280, ആന്ധ്രപ്രദേശിൽ 13,969 വീതമാണ്).

വിലസ്ഥിരതയില്ലായ്മ, പണിക്കൂലി വർധന, രാസ-ജൈവ വളങ്ങളുടെയും കീട നാശിനികളുടെയും കൂടിയ വില, രോഗങ്ങൾ, പരിചരണക്കുറവ്, കാട്ടുമൃഗങ്ങളുടെ ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾ, അതിനനുബന്ധമായി ഉൽപ്പാദന ക്ഷമത കുറഞ്ഞതും മൂല്യവർധിത ഉൽപ്പന്നങ്ങൾ വ്യവസായാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനും വിപണനം ചെയ്യാനും സാധിക്കാത്തതും കേരളത്തിലെ നാളികേര കർഷകരെ വൻ പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ടിരിക്കുകയാണ്​. ​കാർഷിക സർവകലാശാല അടക്കമുള്ള ഗവേഷണ - പഠന സ്​ഥാപനങ്ങൾക്കോ, സർക്കാറിനുതന്നെയോ ഇത്തരം പ്രശ്​നങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാനും കഴിയുന്നില്ല.

കേരളത്തിന്​ സംഭവിക്കുന്നത്​

1960 കളിൽ കേരളത്തിൽ മൊത്തം ജനസംഖ്യയുടെ 53 ശതമാനം കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന കാലയളവിൽ മൊത്തം ജി.ഡി.പി.യുടെ 54 ശതമാനം കാർഷിക മേഖലയിൽ നിന്നായിരുന്നുവെന്ന് ഇക്കണോമിക്ക് റിവ്യൂ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ 2020 ലെ റിവ്യു പ്രകാരം കാർഷിക മേഖലയുടെ സംഭാവന 13 ശതമാനത്തിനടുത്ത് മാത്രമായി ചുരുങ്ങിയെങ്കിലും ഇപ്പോഴും ജനസംഖ്യയുടെ 25- 30 ശതമാനം കാർഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഏറ്റവും കുറവ് മാത്രം സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന നൽകുന്ന ഒരു മേഖലയെ ആശ്രയിച്ചാണ് കേരളത്തിലെ ശരാശരി 30 ശതമാനത്തോളം ആളുകൾ മുന്നോട്ട് പോകുന്നത് എന്ന വസ്തുത എത്രമാത്രം വൈരുദ്ധ്യാത്മകമാണ്.

Photo: Pexels

2019 - 20ലെ ഇക്കണോമിക് റിവ്യൂ അനുസരിച്ച് കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഒന്നര ലക്ഷത്തിനൊപ്പമാണ്. മറ്റ് വിവിധ മേഖലയിലുള്ളവരുടെ മാസവരുമാനം ശരാശരി 12,500 നടുത്ത് കണക്കാക്കാം. എന്നാൽ കാർഷിക മേഖലയിൽ മാത്രം ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെയും ശരാശരി മാസ വരുമാനമെടുത്താൽ അത് 6000 ത്തിൽ താഴെ മാത്രമായിരിക്കും. അതായത് കേരളത്തിന്റെ ശരാശരി പ്രതിശീർഷ വരുമാനത്തിന്റെ പകുതി പോലും ഇവിടുത്തെ കർഷകന് കിട്ടുന്നില്ല. കഴിഞ്ഞ 60 വർഷക്കാലത്തെ കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനം, വരുമാനം എന്നിവ പരിശോധിച്ചാൽ കേരളത്തിലെ പ്രെമറി സെക്ടറായി അറിയപ്പെടുന്ന കൃഷിയുടെ പ്രതിശീർഷ വരുമാനത്തിലേക്കുള്ള സംഭാവനാ ശതമാനം ക്രമാനുഗതമായി കുറയുന്നുവെന്നത് വ്യക്തമാണ്.

തകർച്ചയുടെ കാരണങ്ങൾ

കേരളമെന്ന പേരിനെ നിർവചിക്കുമ്പോൾ പോലും കേരത്തെ ഒഴിച്ചുനിർത്താൻ സാധ്യമല്ല. നിര നിരയായി നിൽക്കുന്ന തെങ്ങുകൾ കേരളത്തിന്റെ അടയാള ചിഹ്നമായി എന്നോ പരിണമിച്ച് കഴിഞ്ഞു. തെങ്ങ് ഒരേ സമയം കൃഷിയും ചെറു വ്യവസായവുമായി. എന്നാൽ അവയൊക്കെയും ഇന്ന് ഭൂതകാലത്തിന്റെ ഫലഭൂയിഷ്ഠമായ തേങ്ങാക്കഥകൾ മാത്രമാണ്.

1960 കളിൽ ഒരു തേങ്ങയുടെ വില ഏകദേശം 20 പൈസയായിരുന്നു. അന്നത്തെ ശരാശരി പണിക്കൂലിയാകട്ടെ 1 . 20 രൂപ മുതൽ 1. 50 രൂപ വരെയും. ഈ കണക്കനുസരിച്ച് ആറോ ഏഴോ തേങ്ങ വിറ്റാൽ ഒരു ദിവസത്തെ പണിക്കൂലി കൊടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. ഇന്ന് ഒരു കിലോ പച്ചത്തേങ്ങക്ക് പൊതുവിപണിയിൽ 31 രൂപയാണ്, അതായത് തേങ്ങയൊന്നിന് പത്തോ പതിമൂന്നോ രൂപ. എന്നാൽ ഇന്ന് നാളികേര കൃഷിക്ക് പണിക്കൂലിയിനത്തിൽ മാത്രം വരുന്നത് 800- 1000 രൂപയാണ്​. ഒരു ദിവസത്തെ പണിക്കൂലി കൃത്യമായി നൽകാൻ സാധിക്കുന്ന തരത്തിലുള്ള വരുമാനം പോലും സാധാരണ നാളികേര കർഷകന് കിട്ടുന്നില്ല.

അതിജീവനം സ്വപ്നം കണ്ട് ബാങ്കിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് തൈകൾ വെച്ചാൽ തന്നെ കീടബാധയും മറ്റു രോഗങ്ങളും തെങ്ങിന്റെ വളർച്ചയെയും ഫലഭൂയിഷ്ഠതയെയും മുരടിപ്പിക്കും. കാറ്റുവീഴ്ച അഥവാ കൂമ്പ് ചീയൽ രോഗം ഏറ്റവും കാണപ്പെടുന്നത് തെക്കൻ ജില്ലകളിലാണ്. അതുകൊണ്ട് അവിടങ്ങളിൽ തെങ്ങ് കൃഷി അസാധ്യമായിരിക്കുന്നു. കേരളത്തിൽ നാളികേര ഉൽപ്പാദനം ഏറ്റവും കൂടുതലുള്ള മലബാർ മേഖലയിൽ ഭീഷണി മണ്ഡരിയാണ്. കൂമ്പുചീയൽ രോഗം ബാധിച്ചാൽ തെങ്ങ് മുഴുവനായി ഉണങ്ങിപ്പോവും. മണ്ഡരി ബാധയേറ്റ തെങ്ങുകളിലാകട്ടെ തേങ്ങയുടെ വലുപ്പം കുറഞ്ഞ് ശോഷിച്ചു പോവുന്ന അവസ്ഥയാണുണ്ടാവുക. ഇത്തരം കീടബാധകളെ പ്രതിരോധിക്കാൻ രാസവളങ്ങളും കീടനാശിനികളും ഉപയാഗിക്കാമെങ്കിലും പലപ്പോഴും ചെറുകിട കർഷകർക്ക് അതിന് സാധിക്കാതെ പോകുന്നു. നരേന്ദ്രമോദി അധികാരത്തിൽ വന്ന​ശേഷം സ്വീകരിച്ച കർഷകദ്രോഹ നടപടികളിൽ ഒന്നായിരുന്നു കേന്ദ്ര സർക്കാർ അനുമതിയോടെ രാസവള വില കമ്പനികൾ കുത്തനെ വർദ്ധിപ്പിച്ചത്. ആറ് മാസത്തിനിടെ 300 രൂപയോളമാണ് രാസവളത്തിന് വർധിച്ചത്.
വളങ്ങളും കീടനാശിനികളുമുപയോഗിച്ച് തെങ്ങിന് പരിചരണം നൽകാൻ സാധിക്കാത്തതിനാൽ ഉൽപാദനക്ഷമതയും ഗണ്യമായി കുറയുന്നുണ്ട്.

തെങ്ങിന്റെ വളർച്ചാ ഘട്ടങ്ങളിൽ ശരിയായ രീതിയിൽ ജലസേചനം നടത്തിയാൽ കായ്ഫലം ഇരട്ടിക്കുമെന്ന് കാർഷിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ആസൂത്രിതമായ ജലസേചനോപാധികളുടെ അഭാവം തെങ്ങുകൃഷി മേഖലയിലെ എടുത്തു പറയേണ്ട മറ്റൊരു പ്രശ്നമാണ്. വേനലിൽ കുടിവെള്ളം പോലും കിട്ടാത്തവയാണ് കേരളത്തിലെ പല പ്രദേശങ്ങളും. അത്തരമൊരു സാഹചര്യത്തിൽ കൃഷിക്കായി മെച്ചപ്പെട്ട ജലസേചന സൗകര്യം ഉറപ്പുവരുത്തുക പ്രയാസമുള്ള കാര്യമാണ്. നിരന്തര ന്യൂനമർദ്ദത്തിന്റെയും ചക്രവാതങ്ങളുടെയും ഫലമായി കേരളത്തിൽ അടുത്തിടെയുണ്ടാകുന്ന ശക്തമായ കാറ്റും മഴയും തെങ്ങ് കൃഷിക്കും തിരിച്ചടിയാകുന്നുണ്ട്.

മലയോര മേഖലയിൽ മറ്റ് നഷ്ടങ്ങൾക്ക് പുറമേ കുരങ്ങ്, മലയണ്ണാൻ സാന്നിധ്യവും രൂക്ഷമാണ്. കൂട്ടമായി തെങ്ങിൽ തോപ്പുകളിൽ അത്രിക്രമിച്ച് കയറുന്ന കുരങ്ങൻമാർ നാളികേരവും ഇളനീരും മച്ചിങ്ങയും വരെ തിന്നുതീർക്കുന്നു. കൂടാതെ പറമ്പിൽ കൂട്ടിയിടുന്ന തേങ്ങ കാട്ടുപന്നികൾ തേറ്റ കൊണ്ട് കുത്തി നശിപ്പിക്കുന്ന സംഭവങ്ങളും ഏറെയാണ്​. കോഴിക്കോട്ടെ പല മലയോര പ്രദേശങ്ങളിലും ഇപ്പോൾ തെങ്ങിൻ തോട്ടങ്ങൾ അന്തർ സംസ്​ഥാന തൊഴിലാളികൾക്ക് പാട്ടത്തിന് കൊടുക്കുന്ന ഏർപ്പാടാണുള്ളത്. കുരങ്ങനും മലയണ്ണാനും നശിപ്പിച്ച ശേഷം അവശേഷിക്കുന്ന തേങ്ങയിൽ പകുതി പാട്ടക്കാർക്കും പകുതി ഉടമകൾക്കുമെടുക്കാം എന്നതാണ് കരാർ.

ലോണെടുത്ത് കൃഷി ചെയ്യുന്ന ചെറുകിട കർഷകരെ സംബന്ധിച്ച് ഇത്തരം പ്രതികൂല ഘടകങ്ങൾ അവരെ സാമ്പത്തിക ബാധ്യതകളിലേക്ക് കൂപ്പ് കുത്തിക്കുകയും ഉപജീവന മാർഗം തന്നെ പരുങ്ങലിലാക്കുകയും ചെയ്യും.

കേരള കോക്കനട്ട് ഫാർമേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡേവിസൺ പറയുന്നു: ""നേരത്തേ നിലനിന്ന അവസ്ഥയിൽ നിന്ന് നാളികേരവില അൽപം മെച്ചമാണെങ്കിലും ഉൽപാദനച്ചെലവുമായി തട്ടിച്ച് നോക്കുമ്പോൾ കർഷകർ ഒട്ടും സന്തുഷ്ടരല്ല. ശ്വാസം വിടാൻ കഴിയാത്ത ഒരു വിലയാണ് ഇപ്പോൾ കിട്ടുന്നത്. ഒരു കിലോ തേങ്ങയ്ക്ക് പത്ത് രൂപയും അതിൽ താഴെയുമായിരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നാളികേര സംഭരണ നടപടികൾ കൈക്കൊണ്ടിരുന്നു. നാളികേരം ഒന്നിച്ചെടുക്കുന്ന ഡീലേഴ്സിന് കിട്ടിയ പരിഗണന ചെറുകിട നാളികേര സംഭരണക്കാർക്ക് കിട്ടിയിരുന്നില്ല എന്നത് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന പരിമിതിയായി ചൂണ്ടിക്കാണിക്കാം. സംസ്ഥാന സർക്കാറിന്റെ കേര ഗ്രാമം പദ്ധതി ഒട്ടുമിക്ക പഞ്ചായത്തുകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. മണ്ണ് പരിശോധന, ആവശ്യമായ വളം നിർണയിക്കൽ, വളം സബ്സിഡിയോടെ നൽകാൻ നടപടി, ഇടവിള കൃഷിക്ക്​ സൗകര്യമൊരുക്കൽ തുടങ്ങി തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാനുതകുന്ന അനേകം പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും പലതിന്റെയും ഗുണഫലത്തിന്​ വർഷങ്ങൾ കാത്തിരിക്കേണ്ടതായി വരും. ''

Photo: pexels.com

ഇളനീരിന് തേങ്ങയേക്കാൾ വില മാർക്കറ്റിലുണ്ട്. പെ​ട്ടെന്ന്​പറിച്ചെടുക്കുന്നതിനാൽ തെങ്ങിന്റെ ആരോഗ്യവും റീ പ്രൊഡക്ഷൻ കപ്പാസിറ്റിയും വർധിക്കാനുമിടയുണ്ട്. എങ്കിലും പരമ്പരാഗത രീതിക്ക് വിരുദ്ധമായി വിളവെത്താത്ത തേങ്ങകൾ (ഇളനീര് ) എടുക്കുന്നതിന് കേരളത്തിലെ കർഷകർ തയ്യാറാവുന്നില്ല. തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ അതിർത്തികടന്ന് വരുന്ന അത്യധികം വിഷാംശമുള്ള ഇളനീരുകൾക്ക് പകരം കേരളത്തിലെ കർഷകർ വിളയിച്ച ഇളനീർ വിൽക്കുന്ന ഔട്ട്​ലെറ്റുകൾ ആശുപത്രികൾക്കുമുന്നിലും മറ്റുമായി തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണെന്നും ഡേവിസൺ പറഞ്ഞു.

കയറ്റിയയക്കാനാകാതെ കേരളം

കേരളത്തിൽ ഉൽപാദിപ്പിക്കുന്ന തേങ്ങയുടെ വലിയ ശതമാനവും കയറ്റുമതി ചെയ്യുന്നത് തെക്കൻ സംസ്ഥാനങ്ങളിലേക്കാണ്. അതിൽ, ഏറ്റവും കയറ്റുമതി തമിഴ്നാട്ടിലേക്കായിരുന്നു. അവർ കുറഞ്ഞ വിലക്ക് കേരളത്തിൽ നിന്നെടുക്കുന്ന പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കി വെളിച്ചെണ്ണയുണ്ടാക്കി അത് കേരളത്തിലെ മാർക്കറ്റുകളിലേക്ക്​ കയറ്റി അയക്കുന്നു. മഴനിഴൽ പ്രദേശങ്ങൾ കൂടുതലായതിനാൽ തേങ്ങ ഉണക്കിയെടുക്കുന്നതിന് അനുയോജ്യമായ കാലാവസ്ഥയും തൊഴിലാളികളുടെ കുറഞ്ഞ പണിക്കൂലിയും തമിഴ്നാടിന് ഈ പ്രക്രിയ താരതമ്യേന എളുപ്പമുള്ളതാക്കുന്നു. നാളികേരോൽപാദനത്തിൽ ക്രമേണയുണ്ടായ വളർച്ചയും അവിടെ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയും തമിഴ്നാട്ടിലേക്കുള്ള നാളികേ കയറ്റുമതിക്ക് താൽക്കാലികമായെങ്കിലും ഷട്ടറിട്ട മട്ടാണ്. ഇത് കേരളത്തിലെ പല നാളികേര സംഭരണ കേന്ദ്രങ്ങളുടെയും നിലനിൽപ്പിനെ സാരമായി ബാധിക്കുന്നുണ്ട്.

ഉൽപ്പന്ന വൈവിധ്യവൽക്കരണം : വീഴ്ചകളും പാഠങ്ങളും

നിലവിലെ അരക്ഷിതാവസ്ഥയിൽ നിന്ന് നാളികേര കൃഷിയെയും കേര കർഷകരെയും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണവും മാർക്കറ്റിങ്ങും ഈ മേഖലയെ ഒരു പരിധിവരെയെങ്കിലും നിർജ്ജീവമായ അവസ്ഥയിൽ നിന്ന്​ മോചിപ്പിക്കാൻ സഹായകമാകും.

നാളികേരത്തിന്റെ വ്യത്യസ്തങ്ങളായ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ആ​ഗോള മാർക്കറ്റിൽ നല്ല ഡിമാന്റുണ്ടെങ്കിലും കേരളത്തിൽ പാരമ്പര്യമായി കൊപ്ര വരെയോ അല്ലെങ്കിൽ വെളിച്ചെണ്ണ വരെയോ ഉൽപാദിപ്പിക്കുന്ന രീതിയേ നിലവിലുള്ളൂ. ഉൽപാദന ചെലവ്​ മറികടക്കുന്ന വരുമാനം സാധ്യമാകണമെങ്കിൽ തേങ്ങ തൂക്കി വിറ്റതു കൊണ്ട് മാത്രം കാര്യമില്ലെന്ന് കർഷകർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.

അലക്സ് ഒഴുകയിൽ

കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ പറയുന്നു: ‘‘ടി.കെ ജോസ് ചെയർമാനായിരുന്നപ്പോൾ നാളികേര വികസന ബോർഡിന്റെ കീഴിൽ മൂല്യവർധിത വസ്തുക്കളുടെ ഉൽപാദനവുമായി ബന്ധപ്പെട്ട് കമ്പനികളും ക്ലബ്ബുകളും ഫെഡറേഷനു കളമെല്ലാം രൂപീകരിച്ചിരുന്നെങ്കിലും അതൊന്നും എവിടെയുമെത്താതെ തകർന്നു പോവുകയാണുണ്ടായത്. നാളികേര ഫെഡറേഷനുകൾ ഭാഗമായി ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനികൾ ആരംഭിക്കുകയും അവയ്ക്ക് നബാർഡ് മുഖാന്തരം മൂലധനം ലഭ്യമാക്കുകയും ചെയ്തെങ്കിലും പ്രവർത്തിപ്പിക്കാനാവശ്യമായ വരുമാനം നേടാനാവാത്തതിനാൽ അതിൽ പലതും പാതിവഴിയിൽ ഇല്ലാതായി. ഇതിനൊരു ഉദാഹരണമാണ് കുറ്റ്യാടിക്കടുത്ത് ചക്കിട്ടപ്പാറ പഞ്ചായത്തിൽ നബാർഡിൽ നിന്നുള്ള സാമ്പത്തിക പിന്തുണയോടെ ആരംഭിച്ച പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനി. വെളിച്ചെണ്ണ ഉൽപാദനത്തിന്​ വലിയ ഫാക്ടറിയൊക്കെ പണിതിട്ടിട്ടും ഇതുവരെ അവിടെ വെളിച്ചെണ്ണ ഉൽപാദനം നടന്നിട്ടില്ല. മൂന്ന് തവണ ഇതിന്റെ ഉദ്ഘാടനം നടന്നുവെന്നതാണ് രസകരമായ കാര്യം.''

നാളികേര വികസന ബോർഡിന്റെ ഉദ്ദേശ്യമെല്ലാം കൃത്യമായിരുന്നുവെങ്കിലും മൂല്യവർധിത ഉൽപ്പന്നങ്ങളെ ബ്രാൻഡ് ചെയ്യാനും മാർക്കറ്റിൽ സ്ഥാനമുണ്ടാക്കിക്കൊടുക്കാനുമുള്ള മികച്ച മാനേജീരിയൽ ടെക്നോളജിയുടെ കുറവും അവബോധമില്ലായ്മയും ഒപ്പം, കക്ഷി രാഷ്ട്രീയ താൽപര്യങ്ങളുമാണ് ആ സംരഭങ്ങളെയെല്ലാം തകർച്ചയിലേക്ക് നയിച്ചതെന്നും അലക്സ് ഒഴുകയിൽ കൂട്ടിച്ചേർത്തു.

കേരളം ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്ത് നിരാശപ്പെടേണ്ടി വന്ന പദ്ധതിയായിരുന്നു നീര. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സബ്സിഡിയോടെ പ്രഖ്യാപിച്ച പദ്ധതി പ്രകാരം നീരാ ഉൽപാദന കേന്ദ്രങ്ങൾ ആരംഭിച്ചെങ്കിലും പലരും 20 കോടിയോളം ബാധ്യതകൾ അവശേഷിപ്പിച്ച് പൂട്ടിപ്പോവുകയാണുണ്ടായത്.

നീര ഉൽപ്പന്നങ്ങൾ

ആരോഗ്യത്തിനിണങ്ങുന്ന, സാധാരണക്കാരന്റെ പാനീയമായി അവതരിപ്പിക്കപ്പെട്ട നീരക്ക് മാർക്കറ്റ് കീഴടക്കാനായില്ല. നീരയുടെ ഉൽപാദനത്തിനാവശ്യമായ തെങ്ങുകയറ്റക്കാരെയും ടെക്​നീഷ്യന്മാരെയും കിട്ടാതിരുന്നും നിശ്ചിത പ്രൊഡക്ട് സ്റ്റാൻഡേർഡ് ക്വാളിറ്റി ഉറപ്പു വരുത്താതെ പലയിടങ്ങളിൽ പല ടെക്​നോളജികൾ ഉപയോഗിച്ച് നീര ഉൽപാദിപ്പിച്ചതും അധികമാർക്കും ഇഷ്ടപ്പെടാത്ത തരം രുചിയുമെല്ലാം ഈ ഉൽപ്പന്നത്തിന് വിപണിയിൽ മതിയായ സ്ഥാനം നേടാനാവാതെ പോയതിന്റെ കാരണങ്ങളാണ്.

കുറ്റ്യാടി കോക്കനട്ട് ഇൻഡസ്ട്രിയൽ പാർക്ക്

നാളികേര ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തെക്കുറിച്ച് പറയുമ്പോൾ കോഴിക്കോട്ടെ കോക്കനട്ട് ഇൻഡസ്ട്രിയൽ പാർക്കിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്.

മൂല്യവർധിത ഉൽപന്ന നിർമ്മാണത്തിന്​ കോക്കനട്ട് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കാൻ 2010 കാലത്താണ് കുറ്റ്യാടി വേളം പഞ്ചായത്തിലെ മണിമലയിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡിവലപ്മെൻറ്​ കോർപറേഷൻ 115 ഏക്കർ സ്ഥലം ഏറ്റെടുത്തത്. പ്രശസ്തമായതും ഗുണമേന്മയുള്ളതുമായ കുറ്റ്യാടി തേങ്ങ കിട്ടുന്ന പ്രദേശമായതിനാലാണ് പാർക്കിന് ആ പ്രദേശം തന്നെ തിരഞ്ഞെടുത്തത്. കർഷകർക്ക് ഏത് സീസണിലും വരുമാനമുറപ്പാക്കുക, മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കുന്ന ചെറുകിട വ്യവസായ സംരംഭകർക്ക് തൊഴിൽ നൽകുക, തേങ്ങയുടെ വ്യത്യസ്ത ഉൽപ്പന്നങ്ങളുണ്ടാക്കുന്ന ഹബ്ബാക്കി കുറ്റ്യാടിയെ മാറ്റുക എന്നിവയായിരുന്നു കോക്കനട്ട് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ. പക്ഷേ, പത്ത് വർഷമായി പാർക്കിനായി ഏറ്റെടുത്ത ഏക്കറ് കണക്കിന് സ്ഥലം കാട്ടുമൂടി കിടക്കുകയാണ്.

Photo: Wikimedia Commons

കുറ്റ്യാടിയിൽ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നാളികേര പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നിരന്തരം സർക്കാറുമായി ബന്ധപ്പെട്ടിരുന്നുവെന്ന്​ കുറ്റ്യാടി എം.എൽ.എ കെ. പി. കുഞ്ഞഹമ്മദ് കുട്ടി പറയുന്നു: ‘‘ഇപ്പോൾ കാട് വെട്ടിത്തെളിയിച്ച് പാർക്കിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഈ ഭാഗങ്ങളിൽ വ്യവസായത്തിനാവശ്യമായ റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് . പാർക്ക് യാഥാർത്ഥ്യമായാൽ കോക്കനട്ട് പൗഡർ, വെർജിൻ കോക്കനട്ട് ഓയിൽ, കോക്കനട്ട് ക്രീം, തെങ്ങിൻ തടി ഉപയോഗിച്ചുള്ള ഫർണിച്ചർ, ചിരട്ടക്കരി മുതലായ മുപ്പതോളം ഉൽപ്പന്നങ്ങൾ നാളികേരത്തിൽ നിന്നുണ്ടാക്കാൻ കഴിയും. ഇത് ചെറുകിട വ്യവസായ സംരഭകർക്ക് കൈത്താങ്ങാവുകയും നാളികേരത്തിന്റെ ആവശ്യം വർധിക്കാനിടയാക്കുകയും തെങ്ങ് കൃഷിക്ക് പുതിയ ഊർജ്ജം നൽകുകയും ചെയ്യും''

കൃഷി ജീവിതത്തിന്റെ ശീലമായതുകൊണ്ടും വർഷങ്ങളായി ഏർപ്പെട്ടു കൊണ്ടിരിക്കുന്ന കാർഷിക വൃത്തിക്കപ്പുറത്ത് മറ്റ് തൊഴിലിടങ്ങളിലേക്കിറങ്ങിച്ചെല്ലാൻ നിർവ്വാഹമില്ലാത്തതു കൊണ്ടും കടമെടുത്തും കണ്ണീരു പൊടിച്ചും കൃഷി ചെയ്യുന്ന കേരളത്തിലെ കർഷക ജനതയുടെ ജീവിതം ഒരു നിശബ്ദ സമരം തന്നെയാണ്. ഒരു തെങ്ങോളമുയരത്തിൽ നഷ്ടക്കണക്കുമായി കേരളത്തിലെ നാളികേര കർഷകർ അനിശ്‌ചിതത്വത്തിലാണ്​. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കർഷകാനുകൂല പദ്ധതികൾ ആവിഷ്​കരിച്ച് ആവശ്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ നാളികേര കൃഷിയും അതിന്റെ വ്യാവസായിക സാധ്യതകളും കേരളത്തിന് എന്നെന്നേക്കുമായി അന്യമാകും.

Comments