നിങ്ങളുടെ ശരീരവും
ഭക്ഷണവും വീടും
കടവ്യവസ്ഥയുടെ ഭാഗമാവുകയാണ്
നിങ്ങളുടെ ശരീരവും ഭക്ഷണവും വീടും കടവ്യവസ്ഥയുടെ ഭാഗമാവുകയാണ്
മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങള്‍ ബിസിനസ് മൂലധന താല്‍പര്യങ്ങളിലേക്ക് പിടിച്ചെടുക്കപ്പെട്ടിരിക്കുന്നു. സ്വശരീരം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, ഒഴിവുവേളകള്‍, വ്യക്തിഗത ഹോബികള്‍ തുടങ്ങി ചെറു വായ്പകളിലൂടെ ഭക്ഷണം, വസ്ത്രം എന്നിവ വരെ കടവ്യവസ്ഥയുടെ ഭാഗമായിരിക്കുന്നു. ഒന്നര നൂറ്റാണ്ടിലേറെയായി സുസ്ഥിരമായി നിലനിന്ന ബിസിനസ് വ്യവസ്ഥയെയും അതിന്റെ സാമ്പത്തിക വിനിമയ രീതികളെയും കോവിഡ് എങ്ങനെയാണ് മാറ്റിത്തീര്‍ത്തത് എന്നും ഈ അവസ്ഥയെ പുതിയ ബിസിനസ് മോഡലുകളിലൂടെ അതിജീവിക്കുന്നതെങ്ങനെയെന്നും ഈ നവ ബിസിനസ് ക്രമം മനുഷ്യർക്ക് എന്ത് ആഘാതമേൽപ്പിക്കുന്നു എന്നും ആഴത്തില്‍ വിശകലനം ചെയ്യപ്പെടുന്നു
29 Sep 2020, 03:29 PM
‘The speculator always counts on disasters, particularly on bad harvests. He utilizes everything -for instance, Newyork fire in its time- and immortality's culminating point the speculation on the stock exchange, where history and with it mankind, is demoted to a means of gratifying the avarice of the calculating or gambling speculator.'- Frederick Engels, Outlines of a critique of political economy.
‘Debt, as Doctor Faustus shows us, is to market societies what hell is to Christianity: unpleasant yet indispensable.'- Yanis Varoufakis, A brief history of Capitalism.
കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലേറെയായി സുസ്ഥിരമായി നിലനിന്നിരുന്ന ബിസിനസ് വ്യവസ്ഥയും അതിന്റെ സാമ്പത്തിക വിനിമയ രീതികളും മഹാമാരിയുടെ ഘട്ടത്തോടെ വലിയൊരു മാറ്റത്തിന് വിധേയമായിരിക്കുന്നു. എന്നാല്‍ നമ്മളിന്നു മനസിലാക്കുന്ന വിധത്തിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞൊരു പതിറ്റാണ്ടിലേറെയായി ബിസിനസ് സാമ്രാജ്യങ്ങള്‍ തയ്യാറായി നില്‍ക്കുക്കയായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ലോക ബിസിനസ് മാതൃകയുടെ പൊളിച്ചെഴുത്തിനും പുനര്‍നിര്‍മാണത്തിനും വഴിവെച്ചത് ഡിജിറ്റല്‍ മുതലാളിത്തമാണ്. ഡിജിറ്റല്‍വല്‍ക്കരണത്തെക്കുറിച്ച് അടിസ്ഥാനപരമായ സംശയത്തില്‍ അകപ്പെട്ടിരിക്കുകയായിരുന്നു ബിസിനസ് ലോകം. അത് പ്രധാനമായും റവന്യു മാതൃകയെക്കുറിച്ചുള്ള അവ്യക്തത കൊണ്ടാണ്. ഇതിന്പരിഹാരവും ഏറെ അഭികാമ്യമായതും പയ്യെ ബിസിനിസ് മാതൃക മാറ്റിയെടുക്കുക എന്നതാണ്. കാരണം അങ്ങനെ വന്നാല്‍ അത് ജനജീവിതത്തില്‍ സ്വഭാവികമെന്നോണം സ്വീകരിക്കപ്പെടും.

രണ്ടാമത്തെ പ്രശ്നം, എല്ലാ രാഷ്ട്രങ്ങളും ഈ ബിസിനസ് മാറ്റത്തിന് ഒരുങ്ങിയിരുന്നില്ല. ലോക സാമ്പത്തിക വ്യവസ്ഥ ഡിജിറ്റല്‍ മുതലാളിത്തത്തിന് അനൂപൂരകമാകും വിധം സജ്ജമായശേഷം മാത്രമേ ബിസിനസ് മാതൃകയിലെ മാറ്റങ്ങള്‍ ലാഭത്തെയും മിച്ചമൂല്യത്തെയും അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥക്ക് അനുഗുണമാകൂ. ഡിജിറ്റലിനെ അടിസ്ഥാനമാക്കിയുള്ള നവ ബിസിനസ് ക്രമത്തിലേക്കുള്ള പരിവര്‍ത്തനത്തിനും അതിന്റെ തന്നെ സ്വാഭാവികവല്‍ക്കരണത്തിനും വലിയ തോതില്‍ ഗുണപ്രദമായി മാറിയത് കോവിഡ് വ്യാപനം പ്രതിരോധിച്ചു നിര്‍ത്താന്‍ വിവിധ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ ഏകതാനതയോടെ നടപ്പാക്കിയ ലോക്ക്ഡൗണാണ്.
മാറ്റം സാധ്യമാക്കിയ ലോക്ക്ഡൗണ്‍
വ്യവസായങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സവിശേഷ പ്രയോഗങ്ങളില്‍ ഒന്നാണ് ലോക്ക് ഔട്ട്. തൊഴില്‍ തര്‍ക്കങ്ങളാലോ വ്യവസായങ്ങളുടെ ആന്തരിക പ്രതിസന്ധികളുടെ കാരണത്താലോ വ്യവസായശാല പൂട്ടിയിടുന്ന പ്രക്രിയയാണത്. തൊഴിലാളികള്‍ സംഘടിതമായോ അല്ലെങ്കില്‍ മാനേജ്മെന്റ് നേരിട്ടോ ആണ് ലോക്ക് ഔട്ട് പ്രഖ്യാപിക്കാറ്. വ്യവസായ മേഖലയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പ്രയോഗത്തിന് സാധുതയെങ്കിലും, ലോക്ക് ഡൗണ്‍ എന്നത് അതിനേക്കാള്‍ വിപുലമായ രീതിയില്‍ ജനജീവിതത്തെ ബാധിക്കുന്നു. ലോക്ക് ഔട്ട് സാധാരണ വ്യവസായ തര്‍ക്കമെന്ന നിലയില്‍ പരിഹരിക്കപ്പെടുന്നത് ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. ലോക്ക് ഔട്ടിന്റെ ആത്യന്തിക ഫലമെന്ന നിലയില്‍ പലപ്പോഴും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, അല്ലെങ്കില്‍ അലവന്‍സ് വര്‍ധിപ്പിക്കുക എന്നീ തിരുമാനങ്ങളിലേക്കാണ് എത്തിച്ചേരുക. എന്നാല്‍ ചില ഘട്ടങ്ങളിലെങ്കിലും വ്യവസായ ശാലയുടെ അടച്ചുപൂട്ടലിലേക്കും അത് ചെന്നെത്താറുണ്ട്. എങ്ങനെയാണെങ്കിലും അധികവും പൂര്വസ്ഥിതിയിലേക്ക്തിരിച്ചുപോക്ക് സാധ്യമാകാറില്ല. ലോക്ക്ഡൗണിനും സമാനരീതിയില്‍ വ്യവസായത്തിലും തൊഴില്‍ മേഖലയിലും ജീവിതത്തിന്റെ നാനാമേഖലകളിലും പ്രത്യാഘാതമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. അതായത് ഒരു സവിശേഷമായ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും ക്രമപ്പെടുത്താനും ലോക്ക്ഡൗണ്‍ സഹായകമായി. ഇത് പറയുമ്പോള്‍, ആഗോള മുതലാളിത്ത ഗൂഢാലോചനയുടെ സൃഷ്ടിയാണ് കോവിഡ് എന്നും ലോക്ക്ഡൗണ്‍ പൂര്‍വകല്‍പിതമാണെന്നുമല്ല ഉദ്ദേശിക്കുന്നത്. ഒരു രഹസ്യ കേന്ദ്രത്തില്‍ അടച്ചിരുന്ന് ഏതാനും വ്യക്തികള്‍ നടത്തുന്ന ഗൂഢാലോചന എന്ന നിലക്ക് പരമ്പരാഗത മട്ടില്‍ ആലോചിക്കുമ്പോഴാണ് നവ മുതലാളിത്തതിന്റെ നിക്ഷിപ്ത താല്‍പര്യത്തെപ്പറ്റി കോവിഡിനെ മുന്‍നിര്‍ത്തി ആരെങ്കിലും വിവേകപൂര്‍വമായ സംശയം ഉന്നയിച്ചാല്‍ അത് ഒരു ഞായറാഴ്ച വക്കീലിനോ പോപ്പുലര്‍ സയന്‍സ് പകര്‍ത്തെഴുത്തുകാരനോ വരെ പരിഹാസമായി തോന്നുന്നത്.
ഗൂഢാലോചനയുടെ രീതികള്‍ അവരുടെ ചെടിച്ച ഭാവനയെയും അതിവര്‍ത്തിച്ചിരിക്കുന്നു. മൂലധനത്തിന് സ്വയംനിഷ്ഠമായ രീതിയില്‍ തന്നെ ഗൂഢമായി പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്. കഥകള്‍ മെനയാനും അതിനെ സരളമായി പ്രചരിപ്പിക്കാനും എളുപ്പം അതിന് കഴിയുന്നു. പഴയൊരു ഉദാഹരണമെടുത്താല്‍, അമേരിക്ക കൊളംബസ് കണ്ടുപിടിച്ചു എന്നത് ലോകത്തിലേക്ക് ആര്‍ത്തിപിടിച്ച് ഇറങ്ങാന്‍ തുടങ്ങുന്ന പ്രാകൃത മൂലധന സഞ്ചയത്തിന്റെ ഗൂഢപ്രവര്‍ത്തനമായിരുന്നു എന്ന് ഇന്നൊരുപക്ഷേ ഒരു വിമത സാമൂഹ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പൊതുനയമായി പഠിപ്പിക്കപ്പെടുന്ന പാഠപുസ്തകചരിത്രം അതിപ്പോഴും അംഗീകരിച്ച മട്ടില്ല.
ഒരേതരം ‘അതിജീവന' ശേഷി
കോവിഡ് വ്യാപന ഭീഷണി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജീവിതവ്യവസ്ഥയുടെ ഡിജിറ്റല്‍വല്‍ക്കരണം പ്രായോഗിക അതീജീവന ഉപാധിയായി പൊതുവില്‍ രാഷ്ട്രങ്ങളാകെ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. അതിന്റെ ഭാഗമായി ലോകമെമ്പാടും നടപ്പായ ലോക്ക്ഡൗണ്‍ നിയമങ്ങളാണ് ഈ പരിവര്‍ത്തത്തനം ചടുലമാക്കിയത്. ലോകത്തെ ഓരോ ഭരണകൂടങ്ങളുടെയും പകര്‍ച്ചവ്യാധിയോടുള്ള പ്രതികരണം ശ്രദ്ധിക്കുക. ഭരണകൂടങ്ങള്‍ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ഭൂവിസ്തൃതിയുടെയും പരമാധികാരത്തിന്റെയും കാര്യത്തില്‍ ഭിന്നപ്രകാരത്തിലുള്ളതാണെങ്കിലും, ചില ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ഒരേ മൂശയിലിട്ടു വാര്‍ത്തെടുത്ത വിധമാണ് പകര്‍ച്ചവ്യാധി നേരിടാനുള്ള നിയമങ്ങളെ കല്‍പ്പന ചെയ്തത്. വ്യത്യസ്തതകള്‍ തീര്‍ത്തുമില്ലെന്നല്ല. ഉദാഹരണത്തിന് ദക്ഷിണ കൊറിയയുടെ പ്രതികരണം ചൈനയുടേതുപോലെ പോലും ആയിരുന്നില്ല. മാത്രവുമല്ല, വിവരങ്ങളുടെ അഭാവം നിമിത്തം പുറംലോകത്തിന് അവിടെ എന്തു നടന്നുവെന്ന് അറിയാനും പ്രായേണ ബുദ്ധിമുട്ടാണ്. എങ്കിലും സാമാന്യേന പറയാവുന്നത്, നവ മൂലധനക്രമം ആഗിരണം ചെയ്ത എല്ലാ ദേശ രാഷ്ട്ര -പരമാധികാര വ്യവസ്ഥകളും ഒരേ ജീവിവര്‍ഗമെന്ന പോലെയാണ് തങ്ങളുടെ ‘അതിജീവന' ശേഷി പ്രകടമാക്കിയത്. മൂന്ന് സുപ്രധാന കാര്യങ്ങളാണ് അതിനായി അവര്‍ ചെയ്തത്. ഒന്ന്, പകര്‍ച്ചവ്യാധി തടയല്‍ ഭരണ നിര്‍വഹണത്തിന്റെ സവിശേഷ ഭാഗമാക്കി. ഇതുകൊണ്ടു ഉദ്ദേശിക്കുന്നത് ഇതാണ്; പ്രാഥമികമായും പകര്‍ച്ചവ്യാധി നേരിടാന്‍ രാജ്യമൊട്ടാകെ അതിനുവേണ്ടി തയ്യാറാക്കപ്പെട്ട ഒരു സവിശേഷ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരിക. രണ്ട്, പകര്‍ച്ചവ്യാധി ക്രമസമാധാന പ്രശ്‌നത്തിന്റെ കൂടി ഭാഗമാക്കുക. സമൂഹത്തിലെ എല്ലാ വര്‍ഗങ്ങളും പെട്ടെന്നുതന്നെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഭ്രമണപഥത്തിലേക്ക് എടുത്തെറിയപ്പെട്ടു. പക്ഷെ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഒരു പതിറ്റാണ്ടിലധികമായി നടന്നു വരികയായിരുന്നു. വലിയ തോതിൽ നിക്ഷേപങ്ങള്‍ ഡിജിറ്റല്‍ മേഖലയില്‍ നടന്നിട്ടുണ്ട്. ബാങ്കിങ്, ഫിനാന്‍സ് , റീടെയ്ല്‍, സേവന മേഖലയിലെ പ്രധാന സംരംഭങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം (ടെലിമെഡിസിന്‍), ഇതിനു പുറമെ വ്യവസായിക ഉത്പാദന പ്രവര്‍ത്തനങ്ങള്‍ തന്നെ സോഫ്റ്റ്വെയര് കേന്ദ്രിതമായി കഴിഞ്ഞിരുന്നു. ചുരുക്കത്തില്‍, വൈജ്ഞാനിക സമ്പദ്വ്യവസ്ഥ എന്ന നാമകരണത്തില്‍ ഉള്‍ക്കൊള്ളാവുന്ന ആഗോളീകൃതമായ എല്ലാ ഉല്‍പാദന -വിതരണ പ്രക്രിയകളും ഡിജിറ്റില്‍വല്‍ക്കരിക്കപ്പെടുകയും നഗരകേന്ദ്രിതമായ ഉപരി -മധ്യവര്‍ഗ്ഗത്തിലെ വലിയൊരു ശതമാനം ജനവിഭാഗം ഡിജിറ്റലിലേക്ക് സ്വാംശീകരിക്കപ്പെടുകയും ചെയ്തിരുന്നു.
ഒന്നര പതിറ്റാണ്ടിനുള്ളില്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായവരില്‍ ആദ്യത്തെ പത്തുപേരും നവ സാങ്കേതിക വിദ്യയുടെ മേഖലയില്‍ നിന്നുള്ളവരാണ്. അവരോടൊപ്പം ധനമേഖല നിയന്ത്രിക്കുന്ന നിക്ഷേപകകരും (പറയത്തക്ക ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കെടുക്കുന്നില്ല). ഹോസ്പിറ്റാലിറ്റി തുടങ്ങിയ സേവനമേഖലയില്‍ നിന്നുള്ളവരാണ് തൊട്ടുപിറകില്‍. ഇത് കാണിച്ചുതരുന്നത് ഏതൊക്കെ മേഖലയിലാണ് മൂലധന കേന്ദ്രീകരണം നടന്നിരിക്കുന്നത് എന്നതാണ്. മാര്‍ക്‌സ് വിഭാവനം ചെയ്ത വിധത്തില്‍ ഖരമായതൊക്കെ ആവിയാവുകയും അതുവരെ വിശിഷ്യമെന്നു കരുതിയതൊക്കെ ലോപമാര്‍ന്ന അസ്തിത്വ പ്രതിസന്ധിയിലേക്ക് തള്ളപ്പെടുകയും ചെയ്തു. അതില്‍ ധനവിനിയോഗത്തിലുള്ള കറന്‍സി മുതല്‍ തൊഴില്‍ ബന്ധങ്ങള്‍, സ്ഥിതരൂപത്തിലുള്ള സ്ഥാപനസാമഗ്രികള്‍ വരെ ഉള്‍പ്പെടും. ഇതിനെ വൈജ്ഞാനിക മുതലാളിത്തമെന്നു ചിലര്‍ വിശേഷിപ്പിക്കുന്നു. ചിലരാകട്ടെ ധൈഷണിക മുതലാളിത്തമെന്നു വിളിക്കുന്നു (Cognitive Capitalism), ബൗദ്ധിക മുതലാളിത്തമെന്നും ചിലര്‍ അതിനെ നാമകരണം ചെയ്തിരിക്കുന്നു (intellectual capitalism). മൂന്നും സൂക്ഷ്മതലത്തില്‍ വ്യത്യസപ്പെട്ടിരിക്കുന്നുവെങ്കിലും അതിന്റെ സ്ഥൂലീകൃത പ്രകടനത്തില്‍ നവസാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള മൂലധന ക്രമത്തെയാണ് അത് സൂചിപ്പിക്കുന്നത്.
അപഭൗതികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം
കഴിഞ്ഞ കാലങ്ങളിൽ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട, നമ്മള്‍ ഇടപഴകി വരുന്ന ചില പ്രയോഗങ്ങളാണ് - അസ്പര്‍ശനീയ സമ്പദ്വ്യവസ്ഥ
( intangibe economy), അപഭൗതികാവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം (de-materialized capitalism) എന്നിവ. സേവനമേഖലയുമായി നവവിവരവിജ്ഞാന സാങ്കേതിക വിദ്യയുടെ ഉദ്ഗ്രഥനത്തെ തുടര്‍ന്നു വന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നവയാണ് ഈ പ്രയോഗങ്ങള്‍. മൂര്‍ത്തവും സ്പര്‍ശനീയവും ഭൗതികസ്വഭാവമുള്ളതുമായ ബിസിനസ് വ്യവസ്ഥ രൂപാന്തരപ്പെടുത്തുന്ന ഒന്നായാണ് ഇതിനെ മനസ്സിലാക്കുന്നത്. ഫിസിക്കല്‍ സമ്പദ്വ്യവസ്ഥ മറികടക്കാനുള്ള ഉദ്യമങ്ങള്‍ രണ്ടു പതിറ്റാണ്ടായി നടന്നു വരികയാണ്. പ്രധാനമായും സമ്പദ്വ്യവഹാരങ്ങളുടെ ധനവല്‍ക്കരണമാണ് (financialization) ഇതിനെ ത്വരിതപ്പെടുത്തിയത്. ഇക്കാലയളവില്‍, ബാങ്കിങ്-ഇന്‍ഷുറന്‍സ് മേഖലയുടെ വ്യാപനവും ഒപ്പം വലിയ തോതിലുള്ള സ്വകാര്യവല്‍ക്കരണവവും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കലും സംഭവിക്കുകയുണ്ടായി. വ്യക്തിഗത -സ്വകാര്യ -ചെറുകിട നിക്ഷേപങ്ങള്‍ സമകാലിക പ്രാകൃത മൂലധന സഞ്ചയത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടു. ഈ പണലഭ്യത പുതിയ സംരംഭങ്ങള്‍ക്കും പുത്തന്‍ രീതിയിലുള്ള മൂലധന വ്യാപനത്തിനുമായി വിനിയോഗിക്കപ്പെട്ടു. സമ്പത്തിന്റെ സമാഹരണത്തോടൊപ്പം ഒരു ഘട്ടത്തില്‍ പ്രത്യക്ഷമായി തന്നെ ഭരണകൂടത്തിന്റെ ഒത്താശയോടെ ഭൂമി പോലുള്ള വസ്തുക്കള്‍ നിര്‍ബന്ധപൂര്‍വം കര്‍ഷകരെയും ചെറുകിടക്കാരെയും അവരുടെ ജീവസന്ധാരണ വ്യവസ്ഥകളില്‍ നിന്ന് കുടിയൊഴിപ്പിച്ച് നടക്കുകയുണ്ടായി. പുറന്തള്ളല്‍ വഴിയുള്ള സഞ്ചയത്തിനെതിരെ (accumulation by dispossession) ലോകമെങ്ങും വ്യാപക പ്രക്ഷോഭം ഉയര്‍ന്നു വന്നു. ലോക മുതലാളിത്തതിന്റെ ആദിമ മൂലധന സഞ്ചയത്തിന്റെ ഘട്ടത്തില്‍, അതായത്, പതിനേഴു മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ കണ്ടുവന്ന വലിയ തോതിലുള്ള അടച്ചുകെട്ടല്‍ (enclosure) നീക്കങ്ങളും അതിന്റെ തന്നെ വിപുലമായ രീതിയിലുള്ള കൊളോണിയലിസത്തിന്റെയും പ്രകൃതത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ളതായിരുന്നു കഴിഞ്ഞ ഒന്ന് രണ്ടു ദശകങ്ങളില്‍ വികസനത്തിന്റെ വായ്ത്താരി ഉപയോഗിച്ചു നടത്തിയ മൂലധന കൈയേറ്റങ്ങള്‍. അതിന്റെ തുടര്‍ച്ചയെന്നോണം ജനങ്ങളുടെ പണം മുഴുവന്‍ സമാഹരിക്കുക എന്നതാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഒരു രാഷ്ട്രത്തിലെ വ്യക്തിയുടെ പ്രാഥമികമായ പൗരത്വമെന്ന അസ്തിത്വം മുതല്‍ ജീവിതത്തിന്റെ വ്യവഹാരങ്ങളുടെ മൂര്‍ത്തവും സ്പര്‍ശനീയവുമായ നിലനില്പിനെ അസ്ഥിരമാക്കിക്കൊണ്ട് ഭരണകൂടത്തിന്റെ കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് സ്വാംശീകരിക്കാനുള്ള ഏറ്റവും മികച്ച സാങ്കേതിക ഉപാധിയായി മാറി ഡിജിറ്റല്‍. ഡിജിറ്റല്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, ഒരേസമയം കണ്‍ട്രോള്‍ സാങ്കേതികവിദ്യയാണ്, ഡീ കണ്‍ട്രോളുമാണ്. അത് സാമാന്യ ജനങ്ങളുടെ വിനിമയ ഉപാധി എന്ന നിലയില്‍ അണ്‍കണ്‍ട്രോള്‍ ആയിരിക്കുന്നു എന്നതുകൊണ്ടാണ് വ്യത്യസ്ത സ്വഭാവമുള്ള ഭരണാധികാരികള്‍ പോലും അതിനെ വരുതിയിലാക്കാനും നിലക്കുനിര്‍ത്താനും നിയമ നിര്‍മാണം മുതല്‍ കോര്‍പറേറ്റുകളുടെ സഹായം വരെ തേടുന്നത്. അത് മറ്റൊരു വിഷയമാണ്.
ഇവിടെ പ്രസക്തം, ഡിജിറ്റല്‍ ഇന്ത്യ പോലുള്ള സവിശേഷ പ്രധാനമായ പദ്ധതികള്‍ ഈ രീതിയിലുള്ള നിയന്ത്രിത സമ്പദ് വ്യവസ്ഥയുടെ വിപുലമായ സാധ്യതയെ മുന്‍നിര്‍ത്തിയാണ് വിഭാവനം ചെയ്യപ്പെട്ടത് എന്നതാണ്.
നോട്ട് നിരോധനത്തിലൂടെ ഫിസിക്കല്‍ സമ്പദ്‌വ്യവസ്ഥയെയാണ് അസ്ഥിരീകരിക്കേണ്ടിയിരുന്നത്. കള്ളപ്പണം എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ അതിനെ അളന്നുതിട്ടപ്പെടുത്തി സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുക എന്ന പ്രക്രിയയുടെ ആഘാതം ഏല്‍ക്കേണ്ടി വന്നത് വികസനത്തിന്റെ പിന്നണി ശ്രേണിയില്‍ കിടക്കുന്ന സമ്പൂര്‍ണമായും അനൗപചാരിക - കാഷ്വല്‍ മേഖലയില്‍ അദ്ധ്വാനം വിറ്റു ജീവിക്കുന്നവരുടെ പരിമിതമായ നിലനില്‍പ് സമ്പദ് വ്യവസ്ഥയ്ക്കാണ്. അവരുടെ ജീവിതവ്യവസ്ഥകള്‍ അസ്ഥിരപ്പെടുകയും ചെയ്തു. വ്യവസ്ഥയില്‍ നിന്ന് പുറന്തള്ളപ്പെട്ട ജീവിതങ്ങളെ മൂലധന ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലേക്ക് ഓടിപ്പിക്കുന്ന രീതിയില്‍ നിന്ന് മാറി മൂലധനം ഗ്രാമഗ്രാമാന്തരങ്ങളെയും വിഴുങ്ങുന്ന പുതിയ പ്രക്രിയയിലേക്ക് മാറിയിരിക്കുന്നു. പുറന്തള്ളപ്പെട്ട അവശജനവിഭാഗങ്ങളെ ഈ പുതിയ വികസന പ്രക്രിയയിലേക്ക് പിടിച്ചെടുക്കപ്പെടേണ്ടവരാകുന്നു. നോട്ട് നിരോധനം ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ എങ്ങനെ ബാധിച്ചുവെന്ന് പ്രത്യേകം പഠിക്കേണ്ടിയിരിക്കുന്നു. ഏതായാലും, അനുഭവൈകമായി പരിശോധിക്കേണ്ട കാര്യങ്ങളാണ് അതൊക്കെ. പക്ഷെ ഇവിടെ പ്രസക്തമായത്, അസ്പര്‍ശനീയ സമ്പദ് വ്യവസ്ഥ ഉടലെടുത്തതോടെ വന്‍തോതില്‍ ദരിദ്ര ജനവിഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടിട്ടുണ്ട് എന്ന കാര്യമാണ്. മൂന്ന് കാര്യങ്ങളാണ് അവരുടെ ദാരിദ്രാവസ്ഥയെ കൂടുതല്‍ ദുര്‍ബലമാക്കിയത് - പരിമിതമായ തോതിലെങ്കിലും ലഭ്യമായിട്ടുള്ള സേവിങ്സിന്റെ അഭാവം, സാങ്കേതിക വിദ്യ ഉപയോഗത്തിന് പരിജ്ഞാനക്കുറവ്, തൊഴില്‍ നൈപുണിയുടെ പരിമിതത്വം.
ഡെമോഗ്രാഫിക് പുറന്തള്ളല്‍
ഡീ ഫിസിക്കലൈസേഷന്റെ പരിണതി മാത്രമല്ല ഇത്, നവ ലിബറല്‍വല്‍ക്കരണം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തിരുന്ന ഡെമോഗ്രാഫിക് പരിഷ്‌ക്കാരങ്ങളുടെയും ഭാഗമാണത്. ഡെമോഗ്രാഫിക് പരിഷ്‌ക്കാരങ്ങള്‍ സമകാലിക ഭരണകൂടങ്ങള്‍ ആസൂത്രിതമായി നിയമത്തിന്റെ പിന്‍ബലത്തോടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ഡെമോഗ്രാഫിസൈഡ് (demographicide) എന്ന രീതിയിലേക്കാണ് ഈ നിയമ പ്രാബല്യത്തിലൂടെയുള്ള പുറന്തള്ളല്‍ ചെന്ന് കലാശിക്കുക. ലോകമെങ്ങും സംഭവിക്കുന്ന വലതുപക്ഷ ത്തിന്റെ ഉയര്‍ച്ചയും ഡെമോഗ്രാഫിക് നിര്‍മിതിയും ലോക സാമ്പത്തിക ശക്തികളും അന്താരാഷ്ട്ര ബാങ്കുകളും അനുശാസിക്കുന്ന വളര്‍ച്ച മാതൃകയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ഉദാഹരണത്തിന് ചെലവ് ചുരുക്കല്‍ (austerity ) ഇത്തരമൊരു ഡെമോഗ്രാഫിക് നിര്‍മിതിയെ ലക്ഷ്യം വെച്ചുള്ളതാണ്. ചെലവ് ചുരുക്കല്‍ ഒരിക്കലും സാമ്പത്തിക- സാമൂഹിക അസമത്വം പരിഗണിക്കുന്നില്ല, പകരം സവിശേഷ ബയോപൊളിറ്റിക്കല്‍ മാനേജ്മെന്റിലൂടെ ജനസംഖ്യയിലെ ഏറ്റവും ദരിദ്രവവും ദുര്‍ബലവുമായ വിഭാഗത്തെയാണ് വലയം ചെയ്യുന്നത്. വലയം ചെയ്യുക എന്നാല്‍ വിപണിയുടെ അരാജകത്വത്തിന് വിട്ടുകൊടുക്കുക എന്നര്‍ത്ഥത്തില്‍. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പലായനമായി മാറുകയാണ് വിപണി വലിച്ചെറിഞ്ഞ് ഡെമോഗ്രാഫിക് മിച്ചമാകുന്ന ജനങ്ങളുടെ ജീവിതം. വീണ്ടും വീണ്ടും പുറന്തള്ളപ്പെടുന്നത് അരികുവല്‍ക്കരിക്കപ്പെട്ട ജനത തന്നെയാണ്. നോട്ട് നിരോധനത്തിലൂടെ ഡിജിറ്റല്‍വല്‍ക്കരണവും സമ്പദ് വ്യവസ്ഥയുടെ അപഭൗതികവല്‍ക്കരണവുമാണ് ലക്ഷ്യമാക്കിയിരുന്നത് എന്നുവേണം അനുമാനിക്കാന്‍. നോട്ട് നിരോധനത്തിന്റെ ഘട്ടത്തില്‍ തന്നെ ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യം, പേ.ടി.എം മൊബൈല്‍ ഫോണ്‍ വഴിയുള്ള പണമിടപാട് ആപ്പ് ഒരു ഡിജിറ്റല്‍ പണവിനിമയോപാധി എന്ന നിലയില്‍ വമ്പിച്ച വിജയമായിരുന്നു എന്നാണ്. മാത്രമല്ല, വ്യാപാരം ഓണ്‍ലൈനിലേക്ക് പയ്യെ മാറുകയും ചെയ്തു. ഡാറ്റ സേവന ദാതാവ് എന്ന നിലയില്‍ ജിയോ ഇതര സേവന ദാതാക്കളെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് വരുന്നതും ഈ ഘട്ടത്തിലാണ്. നോട്ട് നിരോധനം ഈ നിലയില്‍ ഡിജിറ്റല്വത്കരണത്തിന്വമ്പിച്ച കുതിപ്പ് നല്‍കിയെങ്കിലും എല്ലാ മേഖലകളും പൂര്‍ണമായും ഓണ്‍ലൈനിലേക്ക് വന്നിരുന്നില്ല. പൂര്‍ണമായ തോതിലുള്ള ബിസിനസ് മാറ്റത്തിന് പരിവര്‍ത്തനാത്മകമായ ഒരു ഘട്ടം അനിവാര്യമായിരുന്നു. ലോക്ക് ഡൗണ്‍ ഇതിനു നിമിത്തവുമാകയും പരിവര്‍ത്തനത്തിന് യഥായോജിതമായ സന്ദര്‍ഭം ഒരുക്കുകയും ചെയ്തു.
ഇതൊരു സവിശേഷ ഘട്ടമായിരുന്നു. വാസ്തവത്തില്‍ മനുഷ്യര്‍ സമ്പൂര്‍ണമായും നിസ്സഹായമായ ഒരു ഘട്ടം. പൊതുവെന്ന് (Public/ Commons) വിളിക്കാവുന്ന എല്ലാം ഒരു വേള അപ്രത്യക്ഷമായി. മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങള്‍ സ്തംഭിക്കപ്പെട്ടു. ഉല്‍പാദന മേഖലകള്‍ നിശ്ചലമായി. മനുഷ്യരുടെ മുമ്പില്‍ കേവലം അതീജീവന പ്രശ്‌നം മാത്രം നിലനില്‍ക്കെ ധനപരിക്രമണം പരിമിതപ്പെട്ടതും ഉല്‍പാദനം നിശ്ചലമായതും പ്രധാന പ്രശ്‌നമല്ലാതെയായി. എല്ലാവരും ഒരു തോണിയില്‍ എന്ന വാദം ആ സമയം ഉയര്‍ത്തപ്പെട്ടത് വെറുതെയായി. തൊഴിലും പാര്‍പ്പിടവും അതാതു ദിവസത്തെ ആഹാരവും നഷ്ടപ്പെട്ടവര്‍ ഗതിമുട്ടുന്ന അവസ്ഥയിലായി, പാര്‍പ്പിടവും ധനാഗമന മാര്‍ഗവും സാമ്പത്തിക ഭദ്രതയുമുള്ളവര്‍ക്കും; സര്‍ക്കാര്‍ നയങ്ങളെ പാട്ടകൊട്ടി അഭിവാദ്യം ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. സര്‍ക്കാറും സന്നദ്ധ പ്രവര്‍ത്തകരും ഒരു വിധം ഈ പ്രശ്‌നം നേരിടാനും ഇടപെടാനും തീര്‍ച്ചപ്പെടുത്തുകയും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയും ചെയ്‌തെങ്കിലും തങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടാത്ത വിധമായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ പലായനം ചെയ്തത്. ഈ ഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ മരണസംഖ്യ എത്രയെന്ന് സര്‍ക്കാരിന് തിട്ടപ്പെടുത്താന്‍ കഴിയാത്തതും നേരത്തെ സൂചിപ്പിച്ച ഡെമോഗ്രാഫിക് പുറന്തളളിന്റെ രീതിയിലുള്ളതാണ്. മാത്രമല്ല, അവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നത് വാട്ട്‌സ് ആപ്പ് വ്യാജ വാര്‍ത്തകള്‍ കൊണ്ടുമാത്രമാണ് എന്നുപറയുന്നത് എത്രമാത്രം ഈ വിഷയത്തോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉദാസീനരും ഇന്‍സെന്‍സിറ്റീവുമാണ് എന്ന് കാണിച്ചു തരുന്നു. ഉള്ളതെന്തോ അതും പെറുക്കിയെടുത്ത് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യാന്‍ അവര്‍ക്ക് തോന്നിയത് വല്ലാത്ത വിധം ഭീതി നാട്ടിലെങ്ങും പടര്‍ന്നിരുന്നു എന്നതുകൊണ്ടു കൂടിയാണ്. വ്യാജ വാര്‍ത്തകള്‍ എരിതീയില്‍ എണ്ണയായിട്ടുണ്ടെന്ന് ശരിയാണ്. ഡിജിറ്റല്‍വല്‍ക്കരണവും അതിനസരിച്ച ക്രോഡീകരണവും പ്രത്യേകിച്ചൊരു ഉപകാരവും ചെയ്തില്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്. ഇതില്‍ നിന്നൊക്കെ അനുമാനിക്കാവുന്ന ഒരു കാര്യം, വിപണിയും സെക്യൂരിറ്റുമായി ഉദ്ഗ്രന്ഥിക്കപ്പെട്ടുകൊണ്ടാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനം നടക്കുന്നത് എന്നതാണ്.

പുതിയ മാറ്റങ്ങള്‍ ഈ ദിശയിലുള്ളതാണ്. കോര്‍പറേറ്റ് നിയന്ത്രിതമായ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ തീവ്രത പലമടങ്ങു വര്‍ധിച്ചു. മോര്‍ഗന്‍ സ്റ്റാന്‍ലി നടത്തിയ പഠനം മുന്‍നിര്‍ത്തി ഇക്കണോമിക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്, റിലയന്‍സ് ജിയോ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് 388 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണെന്നാണ്. ഇതുവെച്ച് നോക്കുകയാണെങ്കില്‍ ഏതാണ്ട് അമ്പതു ശതമാനത്തോളം ഇന്റര്‍നെറ്റ് ബേസ് ജിയോവിന്റെ അടുത്താണ്. ഒപ്പം ആലോചിക്കേണ്ടത് റീടെയില്‍ മുതല്‍ വിനോദ വ്യവസായം വരെയുള്ളവയില്‍ റിലയന്‍സ് വന്‍ തോതില്‍ നിക്ഷേപം നടത്തുകയും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുയും ചെയ്യുന്നു. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കൂടി പരിഗണിക്കുമ്പോള്‍ ഇനിയും മറ്റൊരുപാട് മേഖലയിലേക്ക് അവര്‍ക്ക് എളുപ്പം വ്യാപിക്കുകയൂം ചെയ്യാം. അവര്‍ അവലംബിച്ചു വരുന്ന ബിസിനസ് രീതികള്‍ നോക്കുകയാണെങ്കില്‍, ഇതര സ്ഥാപനങ്ങളുമായുള്ള മത്സരത്തില്‍ ഇതര കോര്‍പറേറ്റുകളെ അടിപടവില്‍ നിന്ന് തന്നെ വെട്ടി അതാതു മേഖലയില്‍ കുത്തക സ്ഥാപിക്കുക എന്നതാണ്. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്. എന്‍.എല്‍ പോലുള്ള സ്ഥാപനം നേരിടുന്ന സര്‍ക്കാര്‍ നിസ്സംഗതയും പിന്തുണാരാഹിത്യവും ആ സ്ഥാപനങ്ങളെ നൂതനവല്‍ക്കരിക്കുന്നതില്‍ നിന്ന് പിന്നോട്ട് അടിച്ചിരിക്കുന്നു. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ സവിശേഷ യാഥാര്‍ഥ്യം ഇതാണ്.
വിര്‍ച്വല്‍വല്‍ക്കരണം
ലോക്ക്ഡൗണ്‍ കനത്ത ആഘാതം ഏല്‍പിച്ച ഒരു മേഖല മാധ്യമങ്ങളുടേതായിരിക്കും. മാധ്യമ ഉടമകള്‍ വൻതോതിൽ പിരിച്ചുവിടലിന് ഈ അവസരം ഉപയോഗിക്കുന്നതായി നാഷണല്‍ അലയന്‍സ് ഓഫ് ജേര്‍ണലിസ്റ്റുകളും ദല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റുകളും അവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുകയുണ്ടായി. വരുമാനക്കമ്മി ചൂണ്ടിക്കാട്ടി എഡിഷനുകളും ബ്യൂറോയും അടച്ചുപൂട്ടുന്നതിനോടൊപ്പം അധിക ബാധ്യത ഉന്നയിച്ച് പത്രപ്രവര്‍ത്തകരെയും അനുബന്ധ തൊഴിലാളികളെയും മാധ്യമ സ്ഥാപങ്ങള്‍ പിരിച്ചുവിട്ടു. പത്രപ്രവര്‍ത്തകരുടെ പിരിച്ചുവിടലിന്റെ വാര്‍ത്ത പതിവുപോലെ മുഖ്യധാര അച്ചടിമാധ്യമങ്ങള്‍ പരിപൂര്‍ണമായും തമസ്‌ക്കരിച്ചെങ്കില്‍, ഇതിനെ സംബന്ധിച്ച പ്രസ്താവനകളും വാര്‍ത്തകളും ഓണ്‍ലൈന്‍ സമാന്തര പ്രസിദ്ധീകരണങ്ങളിലാണ് അധികവും വെളിച്ചം കണ്ടത്. പക്ഷെ അപ്പോഴും പിരിച്ചുവിടലിന്റെ ആഘാതം കൃത്യമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ് . കാരണം, പത്രപ്രവര്‍ത്തകര്‍ മാത്രമല്ല പിരിച്ചുവിടപ്പെട്ടത്, അനുബന്ധ മേഖല എന്ന നിലയില്‍ സര്‍ക്കുലേഷന്‍, മാര്‍ക്കറ്റിങ്, പ്രിന്റിംഗ്, ഡി.ടി.പി, മള്‍ട്ടി സ്‌കില്‍ തൊഴിലാളികള്‍, ശ്രേണിയിലെ താഴെത്തട്ടിലെ ജീവനക്കാര്‍- പിരിച്ചുവിടപ്പെട്ടവര്‍ വലിയൊരു സംഖ്യ വരും. മാത്രമല്ല, സ്വകാര്യ മേഖലയായതുകൊണ്ട് താല്‍ക്കാലിക പരിരക്ഷയ്ക്കുള്ള തുകയോ മറ്റു വേതന മിച്ചമോ ഒന്നും നല്‍കപ്പെട്ടിട്ടുണ്ടാകാനും വഴിയില്ല. വാസ്തവത്തില്‍, സാമ്പത്തിക വ്യവസ്ഥയില്‍ നിന്നുള്ള പുറന്തള്ളലിന്റെ ഒരു രീതിയാണിത്. അതുവരെ പിന്തുടര്‍ന്ന ജീവിത സാഹചര്യത്തില്‍ നിന്നുള്ള പെട്ടെന്നുള്ള മാറ്റം. പിരിച്ചുവിടലിന് നിദാനമായി പറഞ്ഞൊരു കാര്യം വരുമാനക്കുറവും അധികബാധ്യതയുമാണെങ്കില്‍, മാധ്യമ സ്ഥാപനങ്ങള്‍ വലിയ നിക്ഷേപം ഈ ഘട്ടത്തില്‍ ഓണ്‍ലൈനില്‍ നടത്തിയിട്ടുണ്ട്. മള്‍ട്ടീമീഡിയ സ്വഭാവത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മാധ്യമങ്ങളുടെ ഡിജിറ്റില്‍ പതിപ്പുകള്‍ ഈക്കാലത്ത് പുതിയ റവന്യു മാതൃകയും മുന്നോട്ടു വെയ്ക്കുകയുണ്ടായി. പഴയ പോലെ ഫ്രീ ആക്‌സിസിബിലിറ്റി നിര്‍ത്തലാക്കിയിരിക്കുന്നു. പെട്ടെന്ന് കൈക്കൊണ്ട തീരുമാനമെന്നതിനേക്കാള്‍, ഈ പരിവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ദീര്‍ഘ കാലത്തെ പദ്ധതിയുടെ ത്വരിത ഗതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നത്.
മാധ്യമ മേഖല പ്രത്യക്ഷ ഉദാഹരണമാണെങ്കില്‍ വിര്‍ച്വല്‍വല്‍ക്കരിക്കപ്പെടാതെ പോയ ഒരു വ്യവസായ മേഖലയുമുണ്ടാകാന്‍ വഴിയില്ല. സമന്യേന ഉയരുന്ന ഒരു ചോദ്യം: സാങ്കേതിക നൂതനവല്‍ക്കരണത്തില്‍ നിന്ന് ഏതെങ്കിലും മേഖലക്ക് മാറിനില്‍ക്കാന്‍ കഴിയുമോ എന്നതാണ്? ഒരിക്കലുമില്ല. പക്ഷെ അതൊരു ഫ്‌ളാറ്റായ ചോദ്യമാണ്. കാതലായ പ്രശ്‌നം പക്ഷെ അതല്ല. എങ്ങനെയാണ് വിര്‍ച്വല്‍വല്‍ക്കരണം വ്യവസായത്തില്‍ നിന്ന് മാത്രമല്ല പ്രത്യക്ഷ ജീവിതത്തിന്റെ ഇടങ്ങളില്‍ നിന്ന് വന്‍തോതിലുള്ള തൊഴില്‍ ചെയ്യുന്നവരെ പര്‍ജു ചെയ്യുന്നത് എന്നാണ്. അതിനുള്ള മൂലധനത്തിന്റെ കൈകാര്യക്കാരുടെ പരോക്ഷ മറുപടി ‘വിധികല്‍പിതം' എന്നാണെങ്കില്‍, മുതലാളിത്തം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യപാദത്തില്‍ അല്‍പമെങ്കിലും പ്രകടിപ്പിച്ച ഒരു സിവിലൈസേഷണല്‍ മൂല്യത്തില്‍നിന്ന് പ്രകടമായി പിന്മാറിക്കൊണ്ട് അതിന്റെ ആദിമ സഞ്ചയത്തിന്റെ പ്രാകൃതത്വത്തിലേക്ക് തിരിച്ചുപോയി എന്നതാണ്.
വാസ്തവത്തില്‍, സാങ്കേതിക വിദ്യയുടെ നൂതനവല്‍ക്കരണമല്ല ഈയൊരു വലിയ തോതിലുള്ള പുറന്തള്ളലിന് കാരണമായത്, മറിച്ച് സ്വകാര്യ -കോര്‍പറേറ്റ് കുത്തകവല്‍കരണമാണ് എന്ന് തിരിച്ചറിയാവുന്നതേയുള്ളൂ. പൊതു ഉടമസ്ഥതയിലാണ് ഒരു സമ്പദ്വ്യവസ്ഥ എങ്കില്‍ ഈയൊരു പരിണാമത്തിലേക്കായിരിക്കില്ല കാര്യങ്ങള്‍ എത്തിച്ചേരുക. അതുകൊണ്ട് പഴയ വൈരുധ്യങ്ങള്‍ ഏറ്റവും സങ്കീര്‍ണതയോടെ പുനരാഗമനം ചെയ്തിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍. അത് പുതിയ പ്രതിസന്ധിയാണ്. പ്രതിസന്ധികള്‍ക്ക് രാഷ്ട്രീയ പരിഹാരമാണ് അനിവാര്യമാവുക.
ഡാറ്റ, ഏറ്റവും വിലപിടിച്ച വസ്തു
മാധ്യമങ്ങളില്‍ സംഭവിച്ചതിനേക്കാള്‍ കടുപ്പത്തില്‍ മറ്റിതര വ്യവസായ മേഖലകളില്‍ സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. രാജ്യത്തിന്മൊത്തത്തിലുണ്ടായ തൊഴില്‍ നഷ്ടവും വളര്‍ച്ച മുരടിപ്പും ലോക്ക്ഡൗണിനു മുമ്പുതന്നെ ചര്‍ച്ച വിഷയമായിരുന്നു. സ്റ്റാഗ്ഫ്ളേഷന്‍ എന്ന് സാമ്പത്തിക വിഗദ്ഗദര്‍ വിളിച്ചിരുന്ന അവസ്ഥയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഉദാരവല്‍ക്കരണത്തിനുശേഷം നാളിതുവരെയില്ലാത്ത വിധം അസമത്വം വര്‍ധിച്ചു എന്നതാണ്. സ്റ്റാഗ്ഇന്‍ഇക്വാളിറ്റി (staginquality) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഭരണകര്‍ത്താക്കള്‍ക്കപ്പുറം ആഴത്തില്‍ വേരോടിയിട്ടുള്ള ഡീപ് സ്റ്റേറ്റ് (deep state ) ഇത്തരം നയങ്ങള്‍ വാര്‍ത്തെടുക്കുന്നതിലും പ്രയോഗത്തില്‍ കൊണ്ടുവരുന്നതിലും അതീവ തല്‍പരരാണ്. വാസ്തവത്തില്‍ നോട്ടു നിരോധനം അത് പ്രഖ്യാപിക്കുന്നതുവരേക്കും രാഷ്ട്രീയ ഭരണ നേതൃത്വം അറിഞ്ഞിരുന്നില്ല എന്നതിന്റെ അര്‍ഥം, ഇത്തരം ബൃഹത്തായ പദ്ധതി ഡീപ് സ്റ്റേറ്റിന് എത്ര രഹസ്യമായി കരുതലോടെ നടപ്പാക്കാന്‍ പറ്റുമെന്നാണ്. ഡീപ് സ്റ്റേറ്റിന്റെ ആഴവും പടര്‍പ്പും ശ്രംഖല ബന്ധങ്ങളും ഭരണാധികാരികളുടെ രാഷ്ട്രീയ -പ്രത്യശാസ്ത്ര വ്യത്യാസങ്ങള്‍ക്കപ്പുറമാണ്. പലപ്പോഴും പ്രകടമായി വ്യത്യസ്ത സ്വഭാവം പുലര്‍ത്തേണ്ട രാഷ്ട്രീയ നേതൃത്വം നയങ്ങളിൽ തന്മാത്രാതലത്തിലെ ഐക്യരൂപം പ്രകടമാക്കുന്നത് ഡീപ് സ്റ്റേറ്റിന്റെ സ്വാധീനത അതില്‍ നിഴലിക്കുന്നതുകൊണ്ടാണ്. സമ്പദ്ഘടനയുടെയും ബിസിനസിന്റെയും സമ്പൂര്‍ണ വിര്‍ച്വല്‍വല്‍ക്കരണം കാര്യക്ഷമതക്ക് അനിവാര്യമാണെന്നതാണ്ഡീപ് സ്റ്റേറ്റിന്റെ അടിസ്ഥാനചിന്ത തന്നെ. സങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ബിഗ് ഡാറ്റാ കേന്ദ്രിതമായ വികസന പദ്ധതികള്‍ക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്നു എന്നാണ് കാണാന്‍ കഴിയുന്നത്. ബിഗ് ഡാറ്റ കേന്ദ്രിതമായ ഇത്തരം സംരംഭങ്ങള്‍ക്ക് വന്‍കിട ഹൈ ടെക് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തവും കണ്ടുവരുന്നു. വന്‍കിട ഹൈ ടെക് കമ്പനികള്‍ നേരിട്ട് സംരഭങ്ങളില്‍ പങ്കെടുക്കുന്നില്ലെങ്കിലും മൂന്നാമതൊരു കമ്പനിയുടെ വൈദഗ്ധ്യ സേവനത്തിലൂടെയാണ് ഈയൊരു ശ്രംഖലയിലേക്ക് ഹൈ ടെക് കമ്പനികള്‍ കണ്ണിചേര്‍ക്കപ്പെടുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല ആഴത്തിലേക്കുള്ള പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടപ്പോഴും ഹൈ ടെക് സംരഭകരുടെ, കുത്തക മുതലാളിമാരുടെ സമ്പത്ത് കുത്തനെ ഉയരുകയായിരുന്നു എന്നത് പലരും നീരിക്ഷിച്ചിട്ടുള്ളതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഹൈ ടെക് ഷെയറുകള്‍ വമ്പിച്ച മുന്നേറ്റം നടത്തുന്നു, ഒപ്പം; ഏറ്റവും ബൃഹത്തായ രീതിയിലുള്ള പങ്കാളിത്തവും ഓഹരി കൈമാറ്റവും നടക്കുന്നത് ഈ ഘട്ടത്തിലാണ്. ഇതെല്ലാം ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയോ അല്ലെങ്കില്‍ ഡാറ്റ സേവന ദാതാക്കളുടെയോ ആകുന്നു. എന്തിനു പറയുന്നു, ഈ പ്രതിസന്ധി കാലത്ത് മനുഷ്യന്‍ എല്ലാ നിലയിലും അസ്തിത്വപരമായ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും മനുഷ്യന്റേതെന്നു പറയാന്‍ ആകെ വിലപിടിപ്പുള്ള വസ്തു അവരവരെ കുറിച്ചുള്ള ഡാറ്റ മാത്രമായിരുന്നു. ഒരു വേള തനിക്കു മാത്രമായി യാതൊരു പ്രയോജനവുമില്ലാത്ത വസ്തുവാണ് ഏറ്റവും വിലപിടിപ്പുള്ളതായി മാറുന്നതായി മനുഷ്യര്‍ മനസ്സിലാക്കുന്നത്. ഇങ്ങനെയാണ് കഥയെങ്കില്‍, ഡാറ്റ വിവാദം കോവിഡ് ഘട്ടത്തില്‍ ഏറെ കൊടുമ്പിരിക്കൊണ്ടതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.
വ്യക്തിക്ക് സമൂഹത്തിലുള്ള വില നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു
ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമായും വിര്‍ച്വല്‍വല്‍ക്കരിക്കപ്പെട്ടത് തൊഴിലുകളാണ്. വര്‍ക്ക് ഫ്രം ഹോം എന്നത് എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമായി . ഇതിന്റെ ഭാഗമായി ഫ്രന്റ് എന്‍ഡ് മാത്രമല്ല ബാക്ക് എന്‍ഡ് പ്രവര്‍ത്തനങ്ങളും വിര്‍ച്വല്‍വല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. വന്‍കിട വ്യവസായങ്ങളില്‍ പോലും ഉല്‍പാദന രീതികള്‍ വിര്‍ച്വല്‍വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഓട്ടോമൊബൈല്‍ പോലുള്ള വ്യവസായങ്ങളില്‍ ഏതായാലും പഴയ ഫോര്‍ഡ് മാതൃകയിലുള്ള അസംബ്ലി ലൈന്‍ ഉല്‍പാദന രീതികളില്‍ മുമ്പേ മാറ്റം വന്നിട്ടുണ്ട്. പോസ്റ്റ് -ഇന്‍ഡസ്ട്രിയല്‍ എന്ന് വിളിക്കുന്നത് അതാണ്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അമ്പതില്‍ താഴെ ജീവനക്കാര്‍ മാത്രമേ തത്സമയം ഒരു സ്ഥലത്തുണ്ടാകാന്‍ പാടുള്ളൂ. അത് ഉല്‍പാദന ശേഷിയില്‍ വരുത്തുന്ന കുറവ് വലിയ തോതിലുള്ള ഓട്ടോമേഷന്‍ വഴിയും അല്ലെങ്കില്‍ ഔട്ട്‌സോഴ്‌സിങ് വഴിയുമായാണ് പരമ്പരാഗത വ്യവസായം തന്നെ പരിഹരിക്കുന്നത്. ഐ.ടി വ്യവസായ മേഖലയിലാണെങ്കില്‍, വര്‍ക് ഫ്രം ഹോം രീതിയാണ് അടിസ്ഥാനപരമായി തുടരുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍ ഉല്‍പാദന മേഖലക്ക് പ്രാമുഖ്യം നല്‍കി വിദേശത്തു നിന്ന് വലിയ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നുണ്ട്. ‘ആത്മനിര്‍ഭര്‍ ഭാരതം’ ഈ നിലയ്ക്കുള്ള വികസന പന്ഥാവാണ് മുന്നോട്ട് വെയ്ക്കുന്നത്. അതിനുതകുന്നവണ്ണം തൊഴില്‍ നിയമങ്ങള്‍ നവീകരിക്കപ്പെടുന്നു. വാസ്തവത്തില്‍ കോവിഡിനെ തുടര്‍ന്ന് വലിയ തോതില്‍ തൊഴിലാളികളുടെ റിസര്‍വ് ഒരുക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ തന്നെ നൈപുണിയുള്ളവര്‍ക്കാണ് മുന്‍ഗണന. നേരത്തെ സൂചിപ്പിച്ച വിധം നഗരകേന്ദ്രിതമായിരിക്കുകയുമില്ല ഉത്പാദന കേന്ദ്രങ്ങള്‍. അത് ചെറുതും വലുതുമായ ഉള്‍സ്ഥലത്തേക്ക് ഓരോ ഓരോ ആവശ്യം മുന്‍നിര്‍ത്തി കടന്നു വരികയാണ് ചെയ്യുക. അങ്ങനെ വരുന്ന വേളയില്‍ അതുവരെ അരോഗദൃഢഗാത്രരായി തൊഴില്‍ ചെയ്തിരുന്നവര്‍ വിര്‍ച്വല്‍വല്‍ക്കരണം ആവശ്യപ്പെടുന്ന നൈപുണിയുടെ അഭാവത്താല്‍ ബഹിഷ്‌കൃതരായേക്കാം.
ഒരുതരത്തില്‍ ഈ പുതിയ വിര്‍ച്വല്‍വല്‍ക്കരണം പുതിയ രീതിയിലുള്ള ലുംപനൈസേഷന് വഴിവെയ്ക്കും. താത്കാലികമായി സര്‍ക്കാരിന്റെ കാര്‍മികത്വത്തിലുള്ള ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികളുടെ ഭാഗമായി അവര്‍ സംരക്ഷിക്കപ്പെടും. എങ്കിലും സാമൂഹിക ജീവിതത്തില്‍ അത് മറ്റു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ബഹിഷ്‌കരിക്കപ്പെടുന്നവരും പുറന്തള്ളപ്പെടുന്നവരും നിലവിലെ അവസ്ഥവെച്ച് തന്നെ അതീവ ദുര്‍ബല വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും. അതേസമയം, നാഗരിക തലങ്ങളില്‍, ഈ വിര്‍ച്വല്‍വല്‍ക്കരണം സൃഷ്ടിക്കാന്‍ പോകുന്ന സമ്പന്നതയുടെ ഹൈ ടെക് സംവിധാനങ്ങളാല്‍ സജ്ജീകൃതമായ സ്മാര്‍ട്ട് സിറ്റികളുടെ ദേശീയ ക്ലസ്റ്ററുകളാണ്. ഉപഭോഗത്തിന്റെയും സമ്പന്നതയുടെയും ആര്‍ഭാടങ്ങളുടെയും മറ്റൊരുവിധം സാമൂഹിക ക്രമം. മാധ്യമങ്ങളെയും വിവര വിനിമയ വൈജ്ഞാനിക മേഖലയെയും നിയന്ത്രിക്കാന്‍ പോകുന്നത് ഇവരായിരിക്കും. ഇവര്‍ക്ക് ചുറ്റും ഇതിനുവേണ്ട സേവനം പ്രദാനം ചെയ്യുന്നതിന് ഒരു നവ മധ്യവര്‍ഗവും നിലവില്‍ വരും. ഇത് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യമായി മാത്രം കാണേണ്ടതില്ല. കാരണം, ഇത്തരം വിര്‍ച്വല്‍വല്‍ക്കരണത്തിന് മുന്നൊരുക്കം മുമ്പേ നടന്നു കഴിഞ്ഞിരിക്കുന്നു. അതിലേക്ക് പതുക്കെ അഭിപ്രായ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ഒരു വിഭാഗമെങ്കിലും സ്വാംശീകരിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖല നോക്കുക. അത് കേവലം ഓണ്‍ലൈന്‍ ക്ലാസുകളുടെ പ്രശ്നമായി മാത്രം കാണുന്നത് ഹ്രസ്വദൃഷ്ടി കൊണ്ടു മാത്രമാണ്. വിര്‍ച്വല്‍വല്‍ക്കരണം എത്തിച്ചേരാന്‍ പോകുന്നത് വരേണ്യവിഭാഗങ്ങള്‍ക്കും സമ്പന്നര്‍ക്കും മാത്രം ആശ്രയിക്കാവുന്ന ഹൈടെക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദേശ പിന്തുണയോടെ തന്നെ നിലവില്‍ വരുന്നതോടെയാണ്. മികവിന്റെ കേന്ദ്രങ്ങള്‍ എന്നത് പുതിയ ഗേറ്റഡ് (Gated) സ്ഥാപനങ്ങളായിരിക്കും. ബാരിക്കേഡ് ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ (Barricaded institutions) എന്നും അതിനെ പറയാം. ഇന്ത്യന്‍ എഴുത്തുകാരിയായ ലാവണ്യ ലക്ഷ്മിനാരയണന്റെ സ്‌പെക്കുലേറ്റിവ് ഫിക്ഷനായ അനലോഗ്/വിര്‍ച്ച്വല്‍ ആന്‍ഡ് അഥര്‍ സിമുലേഷന്‍സ് ഓഫ് ഫ്യുച്ചര്‍ ( Analog/ virtual And Other Simulations of the Future) ഈയൊരു ഡിസ്ഉടോപ്പിക് നാഗരികതയെ ആവിഷ്കരിക്കുന്നു. ബെല്‍ കോര്‍പ് നിയന്ത്രിക്കുന്ന ഒരു ടെക്‌നോ നാഗരിക വ്യവസ്ഥയും അതിന്റെ അരികില്‍ ജീവിക്കുന്ന തിരസ്‌കൃതരുടെ അനലോഗ് ജീവിതവും തമ്മിലുള്ള നിതാന്ത സംഘര്‍ഷമാണ് നോവലില്‍ അവതരിപ്പിക്കുന്നത്. ബെല്‍ കോര്‍പിന്റെ മനുഷ്യവകാശ രേഖയുടെ ആമുഖത്തില്‍ തന്നെ ഇങ്ങനെ കുറിച്ചിരിക്കുന്നു: ‘നാഗരികത തന്നെ വിവേചനത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. മികവിന്റെ (merit) ഒരു ആഗോള വ്യവസ്ഥ വ്യക്തിക്ക് സമൂഹത്തിലുള്ള വില നിശ്ചയിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരു മെറിറ്റോക്രാറ്റിക് ടെക്‌നാര്‍കിയാണ്. ഞങ്ങള്‍ മനുഷ്യ വംശത്തിന്റെ ഭാവിയാണ്.'
ജനാധിപത്യത്തിന്റെ തന്നെ വിര്‍ച്വല്‍വല്‍ക്കരണം ഏതുവരെയാകാം?
സര്‍വ ഉല്‍പാദന മേഖലയും പൂട്ടികിടക്കുന്ന സമയത്തും സ്റ്റോക്ക് മാര്‍ക്കറ്റ് അതിനനുസരിച്ച് കൂപ്പുകുത്തുകയോ താഴെ പോകുകയോ ചെയ്യാതെ ഇന്‍ഡക്‌സുകളെല്ലാം ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. 30 കളിലെ വന്‍ തകര്‍ച്ചയുടെ സമയത്ത് സംഭവിച്ചതിന് സമാനമായോ അല്ലെങ്കില്‍ അതിലും മോശമായോ തൊഴില്‍ രാഹിത്യം ഏറ്റവും ഉയര്‍ന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും വര്‍ധിച്ചു വരുന്ന അസമത്വത്തിന്റെ പ്രതിഫലനമെന്നോണം ദരിദ്രരും മര്‍ദ്ദിതരുമായ ജനവിഭാഗങ്ങള്‍ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ടെക്‌നോക്രറ്റിക് പരിഹാരങ്ങളാണ് പലപ്പോഴും ഭരണകൂടം മുന്നോട്ടുവെക്കുന്നത്. ഉദാഹരത്തിന് ആരോഗ്യ ഐ.ഡി കാര്‍ഡ് ഈ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണ്. ആധാറിനു പുറമെ മറ്റൊരു ഐ.ഡി കാര്‍ഡ് കൂടി ഇന്ത്യന്‍ പൗരന് വേണ്ടിവരുന്നു. ആധാറില്‍ ഉയര്‍ത്തിയ അതേ സ്വകാര്യതയുടെ പ്രശ്‌നം ഇതിനും ബാധകമായിരിക്കും. പൗരരുടെ വളരെ വ്യക്തിഗതവും സ്വകാര്യവുമായ ഡാറ്റയാണ് ഡിജിറ്റലായി വിന്യസിക്കപ്പെടാന്‍ പോകുന്നത്. നോട്ട് നിരോധനം മുതല്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും അടിസ്ഥാന പ്രശ്‌നമായ അര്‍ഹരായ പൗരര്‍ക്കുള്ള ബേസിക് ഇന്‍കം നയം ഒരു ഘട്ടത്തിലും ചര്‍ച്ചയാകുന്നുമില്ല. പകരം വിചിത്രവാദമെന്ന നിലയില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പോലുള്ള നവലിബറല്‍ സ്വഭാവമുള്ള പെന്‍ഷന്‍ നയമാണ് ചര്‍ച്ചയാകുന്നത്. പക്ഷെ യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം എന്ന സങ്കല്‍പം തൊഴില്‍ നഷ്ടത്തിന് പകരം നിര്‍ദേശിക്കുന്നത് നവലിബറല്‍ എക്കണോക്രസിയും തന്ത്രപരമായി മുന്നോട്ട് വെച്ചേക്കാം. തൊഴിലിനെ അസ്ഥിരപ്പെടുത്തുന്ന വ്യാപകമായ റോബോട്ടിക്കവല്‍ക്കരണത്തെ ന്യായീകരിക്കുന്നതായിരിക്കും ഇത്.
ജനാധിപത്യത്തിന്റെ വിര്‍ച്വല്‍വല്‍ക്കരണത്തിന്റെ നിര്‍ദ്ദേശവും ഈ ഘട്ടത്തില്‍ ഉയര്‍ന്നു വന്നു. അതിനെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. നിര്‍ദ്ദേശത്തിന്റെ സ്വഭാവം എന്തെന്നാല്‍, തിരഞ്ഞെടുപ്പ് പ്രക്രിയ ഓണലൈനിലേക്ക് മാറ്റുക എന്നാണ്. വ്യക്തിഗത ഐ.ഡി നല്‍കി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന പ്രക്രിയയാണിത്.
ഡിജിറ്റല്‍വല്‍ക്കരണ സാദ്ധ്യത ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. തീര്‍ച്ചയായും ഇതുവരെ നിര്‍വഹിച്ചുകൊണ്ടിരുന്ന പല പ്രവര്‍ത്തിയെയും ലഘൂകരിക്കാന്‍ സാധിക്കുമായിരിക്കാം. പക്ഷെ. ഏതൊക്കെ ഡിജിറ്റല്വല്ക്കരണത്തിന്വിധേയമാകണമെന്നും ഏത് മാറ്റിവെക്കണമെന്നും നിശ്ചയിക്കാന്‍ ജനാധിപത്യപരമായ റഫറണ്ടം പോലുള്ള പ്രക്രിയ ആവശ്യമാണ്. കാരണം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ നിയന്ത്രണം ഭരണകൂടങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഒരേസമയം കൈക്കലാക്കാനും അവരുടെ ഇച്ഛകള്‍ക്കനുസരിച്ച് മാനിപുലേറ്റ് ചെയ്യാനും പറ്റുമെന്ന വാസ്തവം നിലനില്‍ക്കെ, ജനാധിപത്യത്തിന്റെ തന്നെ വിര്‍ച്വല്‍വല്‍ക്കരണം ഏതുവരെയാകാമെന്നു ഗൗരവത്തോടെയും കുറച്ചധികം ജാഗ്രതയോടെ സമീപിക്കേണ്ട പ്രശ്‌നമാണ്. പ്രോക്‌സി വോട്ടിങ് പ്രക്രിയയും ജനാധിപത്യ രീതികള്‍ക്ക് പൂര്‍ണമായും ഹിതകരമാണോ എന്നും ആലോചിക്കേണ്ടതുണ്ട്.
ഡിജിറ്റല്‍വല്‍ക്കരണംകൊണ്ടു വന്ന വലിയ മാറ്റങ്ങളിലൊന്നാണ് ഗിഗ് (gig economy) സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ച. ഗിഗ്സ് എന്നു വിളിക്കുന്നത് താല്‍കാലികവും സ്ഥിരമല്ലാത്തതുമായ ജോലികളെയാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന് ഗിഗ് പ്രവര്‍ത്തനം കാര്യക്ഷമമായി. ഓല, ഉബര്‍, സോമറ്റോ, സ്വിഗ്ഗി ഇതിനുദാഹരണങ്ങള്‍. കെന്‍ ലോച്ചിന്റെ ‘Sorry we missed you' ഗിഗ് എക്കണോമി ആശ്രയിക്കേണ്ടി വരുന്ന തൊഴിലാളിയുടെ കഥയാണ് പറയുന്നത്. വലിയ കടബാധ്യത പരിവഹരിക്കാനാണ് ഗിഗ് ഏര്‍പ്പാട് റിക്കി സ്വീകരിക്കുന്നത് . ഗിഗ് വ്യവസ്ഥ അനുശാസിക്കുന്നത് അതിലേക്ക് വരുന്ന ഓരോരുത്തരം കോണ്‍ട്രാക്ടന്മാരാണ് എന്നാണ്. അതായത്, തൊഴിലാളി എന്ന സങ്കല്പമില്ല. അവര്‍ സ്വന്തം ബിസിനസ് നടത്തുന്നവരാണ്. അതുകൊണ്ടു തന്നെ അവരുടെയും അവര്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തിയുടെയും സുരക്ഷിത്വതം ഉറപ്പു വരുത്തേണ്ടത് അവര്‍ മാത്രമാണ്. ഉബര്‍, സോമറ്റോ തുടങ്ങിയ പ്ലാറ്റുഫോമുകളില്‍ അവര്‍ കോണ്‍ട്രാക്ടര്‍മാര്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യുന്നു. അതായത് ചെറിയ മുതല്‍മുടക്കുള്ള ബിസിനസുകാര്‍. സ്വന്തമായി ഒരു വാഹനവും മൊബൈല്‍ ഫോണുമാണ് വേണ്ടത്. പ്ലാറ്റുഫോമുകള്‍ അടിസ്ഥാനപരമായി ഡാറ്റ ശേഖരിച്ച് വിനിമയം ചെയ്യുന്ന സ്ഥാപനം മാത്രമാണ്. തൊഴിലാളിയുമല്ല, മുതലാളിയുമല്ല എന്ന പുതിയ അനൗപചാരിക വ്യവസ്ഥയില്‍ ഇവര്‍ കമ്പനി കൈമാറുന്ന ഡാറ്റയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് അവര്‍ക്ക് ഒരു സ്ഥലത്തു നിന്ന് ഒരു ഓര്‍ഡര്‍ വരുന്നു എന്ന് അറിയിക്കുന്നു. പ്രസ്തുത ഓര്‍ഡര്‍ എവിടെ നിന്ന്ശേഖരിച്ച് എവിടെ എത്തിക്കണമെന്ന വിവരവും ഡാറ്റയായി ലഭിക്കുന്നു. പ്രസ്തുത ഡാറ്റ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് അവര്‍ പ്രസ്തുത കാര്യം നിര്‍വഹിക്കുന്നു. ഇതില്‍ പ്രോത്സാഹനപരമായ ഘടകങ്ങളും പ്ലാറ്റുഫോമുകള്‍ നല്‍കുന്നു- പറഞ്ഞ സമയത്തേക്കാള്‍ എത്ര നേരത്തെ ഡെലിവര്‍ ചെയ്തു തുടങ്ങിയ കാര്യങ്ങൾ. കൃത്യതയോടെ ഇത് ഓരോ തവണയും നിര്‍വഹിക്കുമ്പോള്‍ ഒരു വ്യക്തിയുടെ പോയന്റ് നില ഉയര്‍ന്നുവരുന്നു. അത് ആ വ്യക്തിക്ക് മോണിറ്റൈസ് ചെയ്യാം. ഇതേ പോലെ, നഷ്ടങ്ങളും പേറാന്‍ ഒരു വ്യക്തി നിര്‍ബന്ധിതമാണ്. ചുരുക്കത്തില്‍ സമയത്തിനെതിരെയുള്ള ഓട്ടമായി ഇത് പരിണമിക്കുന്നു. ചെറുപ്പക്കാരാണ് ധാരാളമായി ഇതിലേക്ക് റിക്രൂട്ട്ചെയ്യപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍, തൊഴില്‍രാഹിത്യത്തിന്റെ പ്രശ്‌നത്തിന്റെ താത്കാലിക പരിഹാരമാകാം. പക്ഷെ, അസമത്വമെന്നത്, സാമ്പത്തിക അന്തരം എന്നത് പ്രകടമായി നിലനില്‍ക്കുകയും ഒരു വിഭാഗം സാമ്പത്തിക ശേഷിയുള്ള ഉപഭോക്താക്കള്‍ നിലനില്‍ക്കുന്നു എന്നതുമാണ് ഗിഗ് വ്യവസ്ഥയുടെ പ്രയോഗക്ഷമതയ്ക്ക് ആധാരം. പ്ലാറ്റ്ഫോം മുതലാളിത്തത്തിനുവേണ്ടത് ഡാറ്റയാണ്. ഇവിടെ കോണ്‍ട്രാക്റ്റര്‍മാര്‍, അതായത് ഗിഗ് പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നത് അതുതന്നെ. ഡിജിറ്റില്‍ ഇക്കോണമിയെ ക്കുറിച്ച് വിമര്‍ശനാത്മക പഠനം നടത്തിയ ജാഥന്‍ സാഡോവ്‌സ്‌കി ഇതിനെ ‘ഡാറ്റ വാടക’ എന്ന് വിശേഷിപ്പിക്കും. ഇവിടെ ഡാറ്റയാണ് കോണ്‍ട്രാക്റ്റര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത്. ആ ഡാറ്റ ഉപയോഗിച്ച് അയാള്‍ നല്‍കുന്ന സേവനത്തിന്റെ ഒരു നിശ്ചിത വിഹിതം പ്ലാറ്റുഫോമുകള്‍ക്ക് പോകുന്നു. പ്ലാറ്റ്ഫോം മുതലാളിത്തത്തെ കുറഞ്ഞ വേതന തൊഴിലുകളുടെ (low wage work) പ്ലാറ്റഫോംവല്‍ക്കരണം എന്ന് പറയും. ഭൂരിപക്ഷവും ചെറുപ്പക്കാര്‍ പണിയെടുക്കുന്ന ഈ മേഖലയില്‍ സാമ്പത്തിക ബാധ്യതയില്‍ നിന്ന്കരകയറാനും മറ്റും ഒരധിക തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ മധ്യവയസ്സ് പ്രായത്തിലുള്ളവരും കണ്ണി ചേര്‍ക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികള്‍ നിന്ന് വേര്‍പെട്ടാണ് സ്വന്തം അസ്തിത്വം ഗിഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശദീകരിക്കുക. മിക്കവാറും മോട്ടിവേഷന്‍ ക്ളാസും മനഃശാസ്ത്രപരമായ ഒരുക്കലുകള്‍ക്കും ശേഷമാണ് ഗിഗ് വ്യവസ്ഥയിലേക്ക് ഔപചാരികമായി പ്രവേശനം സാധ്യമാവുക. ഗിഗ് പ്രവര്‍ത്തകരൊക്കെ അഭിലഷിക്കുന്നത് പോയന്റുകള്‍ സമാഹരിച്ച് സ്വന്തം നിലയില്‍ സംരഭകത്വത്തിലേക്ക് വരികയെന്നാണ്. അതായത്, ഒരു വാഹനത്തില്‍ നിന്ന് അനേകം വാഹനങ്ങളിലേക്കും അങ്ങനെ സ്വയം തൊഴില്‍ ദാതാവായി മാറുന്ന ഒരു വ്യവസ്ഥ . മോട്ടിവേഷന്‍ ക്ളാസ്സുകളില്‍ വെച്ച് ഒരു പക്ഷെ അങ്ങനത്തെ എത്രയോ ഉദാഹരണങ്ങള്‍ അവരുടെ മനസിലേക്ക് കടത്തിവിട്ടിരിക്കും.
പ്രീകാരിയസ് തൊഴിലാളികള്‍
ഗിഗ് ഇക്കോണമിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഔപചാരികമോ അനൗപചാരികമോ ആയ തൊഴില്‍ സേനയില്‍പെടുന്നില്ല, മാത്രവുമല്ല; കാര്യക്ഷതക്ക് നിദാനമായ മുതലാളിത്തം അനുശാസിക്കുന്നത് ഫ്‌ളെക്‌സിബിലിറ്റി, വ്യക്തി കേന്ദ്രിതത്വം, അനാവശ്യമായ സംഘടന പ്രവര്‍ത്തനത്തിന് പകരം തൊഴില്‍ സമര്‍പ്പണം , കോര്‍പറേറ്റ് ലോയല്‍റ്റി എന്നിവയാണ്. ഗിഗ് എക്കണോമിയിലെ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതുതന്നെ. ഈ മേഖലയില്‍ സാമ്പ്രദായിക രീതിയില്‍ വിശേഷിപ്പിച്ചാല്‍ കാഷ്വല്‍ തൊഴിലാളികളാണ്. പ്രീകാരിയസ് (precarious) തൊഴിലാളികള്‍ എന്നാണ് ശരിക്കും വിശേഷിപ്പിക്കേണ്ടത്. സ്വയംതൊഴിലും സ്വാതന്ത്ര്യവും എന്നത് പേരിനു മാത്രമേയുള്ളൂ; തൊഴില്‍ നിയമം ബാധകമല്ല എന്നതുകൊണ്ടു തന്നെ തൊഴില്‍ സമയം നിജപ്പെടുത്തിയിട്ടില്ല. കൂടുതല്‍ ലോയല്‍റ്റി പോയന്റ് നേടാന്‍ കൂടുതല്‍ സമയം അധ്വാനിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. കൂടുതല്‍ സമയം അദ്ധ്വാനിക്കുന്നു എന്ന് ആദര്‍ശവല്‍ക്കരിക്കുന്നത് ഈ സമ്പദ്വ്യവസ്ഥയും അതിന്റെ മൂലധനക്രമവും കൂടുതല്‍ മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുക എന്നര്‍ത്ഥത്തിലാണ്. കൊടിയ ചൂഷണമാണ് പുതിയ മാനേജീരിയല്‍ പരിവേഷത്തോടെ ഈ വ്യവസ്ഥയില്‍ നടപ്പാക്കപ്പെടുന്നത്.

കോവിഡ് കാലം ഗിഗ് ഇക്കണോമിയെ സങ്കീര്‍ണമാക്കി, പലരും പെട്ടെന്ന് തൊഴില്‍രഹിതരായി. വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ അവര്‍ക്ക് ലഭ്യവുമായിരുന്നില്ല. പിന്നീട് ലോക്ക് ഡൗണ്‍ ഭാഗികമായി പിന്‍വലിക്കപ്പെട്ടപ്പോള്‍ ഗിഗ് വ്യവസ്ഥയില്‍ ഉണര്‍വുണ്ടായെങ്കിലും ഉത്തരവാദിത്തം വളരെ വര്‍ധിക്കുകയാണുണ്ടയത്. ലോക്ക്ഡൗണ്‍ സമയത്ത് ആമസോണിലെ തൊഴിലാളികള്‍ സംഘടിച്ചു പ്രതിഷേധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സൂക്ഷിക്കേണ്ട കോവിഡ് ജാഗ്രതയെ പറ്റിയാണ് കൂടുതലും വാര്‍ത്ത വന്നത്. ഭക്ഷണം ഓര്‍ഡര്‍ സ്വീകരിച്ച് ഉപഭോക്താവിന് എത്തിക്കേണ്ട ഒരു പ്ലാറ്റ്ഫോമിലെ ഏതോ ഒരു തൊഴിലാളി വിശപ്പ് സഹിക്കാനാവാതെ വഴിയില്‍ നിര്‍ത്തി താന്‍ കൊണ്ടുപോകുന്ന ഭക്ഷണ പായ്ക്കറ്റുകളില്‍ ഒന്നില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കൂടുതലും അന്ന് ചര്‍ച്ചയായത് സുരക്ഷയുടെ കാര്യങ്ങളാണ്, ആ തൊഴിലാളി അങ്ങനെ ചെയ്യേണ്ടിവന്ന സാഹചര്യം വിലയിരുത്തപ്പെട്ടില്ല. മാത്രവുമല്ല, കഴിക്കുന്ന ഡെലിവറി ചെയ്യാനുള്ളതാണെന്നോ അതോ അത് ഡെലിവറി ചെയ്യാനാകാതെ മടക്കിയതാണെന്നോ ആരും ചോദിച്ചില്ല.
നിങ്ങളാണ് നിങ്ങളുടെ ഭാവിയുടെ വിധാതാക്കള്‍ എന്ന സൂക്തമാണ് ആദ്യം മനഃപാഠമാക്കേണ്ടത്. മുതലാളിത്തം ഇതര വ്യവസ്ഥയില്‍ നിന്ന് വെറും ‘മെറിറ്റിന്റെ' അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് സാമൂഹ്യ ശ്രേണിയില്‍ ഘര്‍ഷണരഹിതമായി മുന്നേറാന്‍ അവസരം നല്‍കുന്നു. ഒരു പക്ഷെ ഇത്തരം സൂക്തകം ഏറ്റവും ആകര്‍ഷിക്കുക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടമെങ്കിലും പൂര്‍ത്തീകരിച്ച, എന്നാല്‍ പാരമ്പര്യ സമ്പാദ്യമോ മറ്റു പൂര്‍വ്വാര്‍ജ്ജിത സ്വത്തോ ഇല്ലാത്തവരെയാണ്. അവര്‍ക്ക് ഈ സാമൂഹികക്രമം മറികടന്ന് മുന്നോട്ടു പോകേണ്ടതുണ്ട്. രണ്ടു മാര്‍ഗങ്ങളാണ് അവരുടെ മുമ്പിലുള്ളത്- കുടിയേറ്റവും, സ്വയം തൊഴില്‍ കണ്ടെത്തലും. കുടിയേറ്റം ഏതാണ്ട് ഒരു പരിധിയെത്തിയിരിക്കുന്നതുകൊണ്ട്, അത് അത്ര എളുപ്പമല്ല. മാത്രമല്ല, മൂന്നാം തലമുറയില്‍പ്പെട്ടവരാണ് ഇന്ന് അധികവും വിദേശങ്ങളിലേക്ക് കുടിയേറുന്നത്. വിദ്യാസമ്പന്നരും നല്ല നൈപുണ്യ ശേഷിയുമുള്ളവരുമായ ഈ തലമുറയില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പ്രയാസം താരതമ്യേന കുറവാണ്. എന്നാല്‍ പുതുതായി ഉടലെടുത്ത ഗിഗ് പോലെ സമ്പദ്‌വ്യവസ്ഥയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സ്വന്തമായൊരു സംരംഭം തുടങ്ങാന്‍ മുതല്‍മുടക്ക് കൈയിലില്ലാത്തവര്‍ക്കും മൂലധന സ്രോതസ്സുകളിലേക്ക് താരതമ്യേന ആക്‌സസ് കുറഞ്ഞവര്‍ക്കും സ്വയം തൊഴില്‍ എന്ന ഉപാധിയുടെമേല്‍ വാഹനവും മൊബൈല്‍ ഫോണും ലഭ്യമാകാനുള്ള ചെറുകിട വായ്പ നല്‍കുന്നു. പ്രത്യേകിച്ചൊരു ഈടും നല്‍കേണ്ടതില്ല, പകരം, അവര്‍ ഈ നവ സമ്പദ്വ്യവസ്ഥയിലെ സേവനദാതാക്കളായി റിക്രൂട്ട് ചെയ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ വര്‍ഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി എന്ന ഗണത്തില്‍പ്പെടുന്നുമില്ല. അങ്ങനെ ഈ നവ സമ്പദ് വ്യവസ്ഥയിലേക്ക് ആഗിരണം ചെയ്യപ്പടുന്ന ഇവര്‍ ഋണബദ്ധ സാമ്പത്തികവ്യസ്ഥയിലേക്ക് (debt economy) യഥാവിധം കണ്ണി ചേര്‍ക്കപ്പെടുകയാണ്. കടബാധ്യതയുടെ ഒരു പ്രത്യേകത എന്തെന്നാല്‍ അതില്‍ ഒരുതവണ അകപ്പെട്ടാല്‍ അത് വര്‍ദ്ധമാനമായികൊണ്ടിരിക്കുക മാത്രമേയുള്ളൂ. അത് സ്‌പൈറല്‍ ചെയ്തുകൊണ്ടേയിരിക്കും. വാസ്തവത്തില്‍, ഈ സ്‌പൈറല്‍ സാമ്പത്തിക വ്യവസ്ഥയില്‍ അകപ്പെട്ടിരിക്കുകയാണ് മധ്യവര്‍ഗവും. കാര്‍ഷിക മേഖലയില്‍ മധ്യവര്‍ത്തികളെ ഒഴിവാക്കുന്നു എന്ന പേരില്‍ പ്രസ്തുത മേഖലയുടെ വിര്‍ച്വല്‍വല്‍ക്കരണമാണ് ഭരണകൂടം ലക്ഷ്യംവെക്കുന്നത്. കര്‍ഷകര്‍ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയുടെ കോണ്‍ട്രാക്ടര്‍മാരായി മാറും. വായ്പ നല്‍കിയും ദീര്‍ഘകാല കോണ്‍ട്രാക്റ്റില്‍ പങ്കാളിയായും കടബദ്ധ വ്യസ്ഥയിലേക്ക് ആത്യന്തികമായി അകപ്പെടും.
ദൈനംദിന ജീവിതത്തിന്റെ ധനവല്‍ക്കരണം
മനുഷ്യരുടെ ദൈനദിന വ്യവഹാരങ്ങള്‍ ഒന്നുപോലും ഒഴിവാക്കാതെ ബിസിനസ് മൂലധന താല്‍പര്യങ്ങളിലേക്ക് പിടിച്ചെടുക്കപ്പെട്ടിരിക്കുന്നു. സ്വശരീരം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, ഒഴിവുവേളകള്‍, വ്യക്തിഗത ഹോബികള്‍ തുടങ്ങി ചെറു വായ്പകളിലൂടെ ഭക്ഷണം, വസ്ത്രം എന്നിവ വരെ കടവ്യവസ്ഥയുടെ ഭാഗമായിരിക്കുന്നു. ഇതിനെ ബയോ ഫൈനാന്‍സിയലൈസേഷന്‍ എന്നും വിശേഷിപ്പിക്കുന്നു. ബയോ പൊളിറ്റിക്കല്‍ എന്നത് ഇന്ന് പ്രവര്‍ത്തനക്ഷമമാകുന്നത് ഭരണകൂട- കോര്‍പറേറ്റ് സഹകരണത്തിലൂടെ ബയോ ഫൈനാന്‍സിയലൈസേഷന്‍ എന്ന നിലക്കാണ്. ഇത്തരമൊരു ധനവല്‍കരണത്തിന്റെ മുന്നുപാധിയാണ് സമ്പദ്‌വ്യവസ്ഥയുടെ ബാങ്കുവത്കരണം (bankarisation). ബാങ്കുവല്‍ക്കരണം സമ്പദ്‌വ്യവസ്ഥയെ കേന്ദ്രീകരിക്കാന്‍ സഹായകമാകുന്നു. അത്തരമൊരു കേന്ദ്രീകരണത്തിന്അടിസ്ഥാനമാകുന്നത് ഡിജിറ്റല്‍വല്‍ക്കരണമാണ്. എല്ലാര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന സങ്കല്‍പം ഉറവെടുക്കുന്നത് അത്തരമൊരു സാഹചര്യത്തില്‍ ഈ മട്ടിലുള്ള കേന്ദ്രീകരണത്തിനാണ്. കമാന്‍ഡ് (comand) ഇക്കണോമിയില്‍ നിന്ന് നിയന്ത്രിത (Control ) സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനമാണിത്. അതിന്റെ ഭാഗമായി നവലിബറല്‍ ഘടന സൃഷ്ടിക്കുന്നത് ധനവത്കൃതമായ കര്‍ത്തൃത്വങ്ങളെയാണ്. മനുഷ്യരുടെ ജീവിത വ്യാപാരത്തിന്റെ വിവിധ തുറകളിലേക്ക് ധനവല്‍ക്കരണത്തിന്റെ ഘടകങ്ങള്‍ അധിനിവേശിച്ചിരിക്കുന്ന അവസ്ഥയാണിത്. ഇത് പലതരത്തിലുള്ള ഫിനാന്‍ഷ്യല്‍ ഫ്രോഡുകള്‍ക്കും സാഹചര്യമൊരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍വല്‍ക്കരണം ഫിനാഷ്യല്‍ തട്ടിപ്പിന്റെ ഒരധോലോക വ്യവസ്ഥ തന്നെ സൃഷ്ടിച്ചിരിക്കുന്നു.
ബയോഫിനാന്‍ഷ്യല്‍വല്‍ക്കരണത്തിന് നിദാനമാകുന്ന വിധത്തിലാണ് ആരോഗ്യ ഡാറ്റ അടിസ്ഥാനമാകുന്ന ഐ.ഡി പ്രധാനമായി വരുന്നത്. കാരണം മെഡിക്കല്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് ഏറെ പ്രധാനമാണ് ഈ ഡാറ്റ. ഉദാഹരണത്തിന് ഒരേ പ്രായത്തിലുള്ള വ്യക്തികള്‍ക്ക് രണ്ടുതരത്തിലുള്ള ഇന്‍ഷുറന്‍സ് സ്‌കീം വരുന്നത് അവരുടെ ആരോഗ്യ സ്ഥിതി അടിസ്ഥാനമാക്കിയാണ്. ജിമ്മില്‍ പോകുന്നവര്‍ക്കും പോകാത്തവര്‍ക്കും വ്യത്യസ്ത സ്‌കീമുകളായിരിക്കും ഉണ്ടായിരിക്കുക.
മറ്റൊരു പ്രധാന ഘടകം, റിസ്‌കിനെ അടിസ്ഥാനമാക്കിയാണ് ജീവിതത്തിന്റെ നിലനില്‍പ് എന്നതാണ് ബയോ ഫിനാന്‍സ് കാണുന്നത്. നിങ്ങള്‍ എത്ര റിസ്‌ക് എടുക്കാന്‍ തയ്യാറാണ് എന്നടിസ്ഥാനത്തിലാണ് ഫിനാന്‍ഷ്യല്‍ സ്‌കീം നിശ്ചയിക്കപ്പെടുക. ഭാവിയെ അടിസ്ഥാനമാക്കിയുള്ള റിസ്‌കാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. കൂടുതല്‍ റിസ്‌ക് പരിഗണിച്ചാണ് നിക്ഷേപമെങ്കില്‍ കൂടുതല്‍ സമ്പാദ്യവും കരുതലുമാകുന്നു ഒരാളുടെ കൈമുതല്‍. കുടുംബത്തിലെ സഹജീവികളോടുള്ള സ്‌നേഹം, കരുതല്‍ എന്നിവ അടിസ്ഥാനമാക്കുന്നത് റിസ്‌കുകളുടെ ഘടകങ്ങളെ എങ്ങനെയാണ് ധനവത്കരിച്ചു കാണാന്‍ പറ്റുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഈ വ്യവസ്ഥയിലേക്ക് അണിചേരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ആരോഗ്യമേഖലയുടെ സമ്പൂര്‍ണമായ സ്വാകാര്യവല്കരണമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് വ്യവസ്ഥയുടെ നിലനില്‍പിന് ആധാരം.
ആദ്യം നോട്ട് നിരോധനവും, ഇപ്പോള്‍ മഹാമാരിയും കൂടിയായപ്പോള്‍ വേതനത്തിലെ സ്തംഭനാവസ്ഥ, പ്രത്യേകിച്ചും, അനൗപചാരിക മേഖലകളില്‍ ജോലി ചെയ്യുന്നവരെ കടക്കണ്ണികളില്‍ ഊരാന്‍ പറ്റാത്ത വിധം കൊരുത്തിരിക്കുകയാണ്. കട ബാധ്യതയില്‍ നിന്ന് രക്ഷനേടുക എന്നത് കൂടുതല്‍ വായ്പകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാക്കും. ഔപചാരികമായ വായ്പ സംവിധാനത്തില്‍ നിന്ന് ലഭിക്കാതെ വരുമ്പോള്‍ ഇതര സ്രോതസുകളെ ആശ്രയിക്കേണ്ടി വരും. ഇതര സ്രോതസുകളെ ആശ്രയിക്കുന്നതോടെ മിച്ചം വരുന്ന ആസ്തി പോലും കൈവിട്ടുപോകുന്ന അവസ്ഥയായിരിക്കും സൃഷ്ടിക്കുക. സ്വകാര്യ ബാങ്കുകള്‍ കുടുംബങ്ങള്‍ക്ക് ചില വ്യവസ്ഥയിന്മേല്‍ കടം കൊടുത്തേക്കാം. വിഷമസന്ധിയില്‍ സ്വകാര്യ ബാങ്കുകള്‍ നല്‍കുന്ന ഇത്തരം ‘വായ്പ' രീതികളെ ‘സ്വകര്യവല്‍ക്കരിക്കപ്പെട്ട കെയ്നീഷ്യനിസം' എന്നും വിശേഷിപ്പിക്കുന്നുവെത്രെ. ഭരണകൂടത്തിന്റെ പിന്‍വാങ്ങല്‍ പ്രക്രിയയുടെ സംപൂര്‍ത്തീകരണമാണ് ദൈനംദിന ജീവിതത്തിന്റെ ധനവല്‍ക്കരണം. ഇവിടെ, കടമാണ് സ്തംഭിച്ചുകൊണ്ടിരിക്കുകയോ താഴ്ന്നുകൊണ്ടിരിക്കുകയോ ചെയ്യുന്ന വേതനത്തിന് പകരമാവുന്നത്. ഗിഗ് ഇക്കോണമി വാസ്തവത്തില്‍ കൂടുതല്‍ വ്യക്തികളെ അവരുടെ കോണ്‍ട്രാക്ട് വ്യവസ്ഥയിലേക്ക് കൊണ്ടുവരാനും ഇതൊരു അവസരമാക്കുന്നു. ഫിസിക്കല്‍ സമ്പദ്വ്യവസ്ഥ അര്‍ധമായെങ്കിലും നിലനില്‍ക്കുകയാണെങ്കില്‍ ഈയൊരു ദൈനദിന ജീവിതത്തിന്റെ ധനവല്‍ക്കരണം പൂര്‍ണമാവുകയോ വിജയിക്കുകയോ ചെയ്യില്ല. ധനവത്കരണത്തിന് അനിവാര്യമായത് വര്‍ദ്ധമാനമായ രീതിയില്‍ ഡാറ്റ സംഭരിക്കുക എന്നതാണ്. ഡാറ്റയാണ് ഇതിനെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഇന്ധനം. അതുകൊണ്ടു സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണം നവമൂലധനവ്യവസ്ഥയുടെ തന്നെ നിലനിൽപിനാധാരമായ നാഡീവ്യൂഹമാകുന്നു.
Jose Sebastian
29 Sep 2020, 08:12 PM
Really enjoyed your piece
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Janardhanan.os
2 Oct 2020, 12:25 AM
എംഗൽസിനെ കോട്ട് ചെയ്ത് മാർക്സിനെ സ്പർശിച്ച് പ്രാകൃത മൂലധനസഞ്ചയ അധിനവേശവും നവ മുതലാളിത്തത്തിന്റെ വിവിധ സ്ഥലികളിലൂടെ ഡിജിറ്റൽ ക്യാ പറ്റ ലിസവും ഗിഗ് ഇക്കണോമി യും കടന്ന് ധനമത്കരണത്തിന്റെ ഭീഭത്സ ത വരച്ചുകാട്ടിയ സമഗ്രത ..... ജാഥൻ സാഡോവ്സ്കിസ്കിയുടെ പ0നം. ലാവണ്യ ലക്ഷി നാരായണയുടെ കൃതി. കെൻലോച്ചിന്റെ കഥ .കൊണ്ടുംഎന്തു നല്ല വായനാനുഭവം. നന്ദി.