ശശി തരൂരും രാജ്ദീപ് സർദേശായിയും വിനോദ് കെ. ജോസും രാജ്യദ്രോഹികളോ?

അടിസ്ഥാനപരമായ പ്രശ്‌നം രാജ്യദ്രോഹം എന്നൊരു കുറ്റകൃത്യത്തിന് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ, ജനാധിപത്യ, പൗര സമൂഹത്തിൽ ഇടമുണ്ടോ എന്നതാണ്. ഇല്ല എന്നതാകണം ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഉത്തരം. അതുകൊണ്ടുതന്നെ 124 A എന്ന വകുപ്പ് എപ്പോഴൊക്കെ ഉപയോഗിക്കണം എന്നതല്ല ചർച്ചയാകേണ്ടത്, മറിച്ച് അത് നമ്മുടെ നിയമവാഴ്ചയിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരു ജനാധിപത്യ വിരുദ്ധ കൊളോണിയൽ നിയമബാക്കിയാണ് എന്നാണ്.

ദേശം സ്വതന്ത്രമായിട്ടും ദേശദ്രോഹം പഴയപോലെ നിലനിന്നു. പഴയ ദേശദ്രോഹികളിൽ ചിലർ പുതിയ ഭരണാധികാരികളായെങ്കിലും ജനാധിപത്യത്തിന്റെ വഴി തങ്ങൾക്ക് മാത്രം നടക്കാനുള്ളതാണെന്ന ബോധത്തിന് ദേശസ്‌നേഹത്തിന്റെ പുതിയ പാട്ടുകൾകൊണ്ട് അകമ്പടി തീർത്തെന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ. സർക്കാരുകളെ, ഭരണകൂടത്തെ വിമർശിച്ചവരും അനീതിയേയും അസമത്വത്തേയും ചോദ്യം ചെയ്തവരും സ്വതന്ത്ര ഇന്ത്യയുടെ തടവറകളിൽ വിരുന്നുണ്ണാൻ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ മിക്ക ജനദ്രോഹ നിയമങ്ങളും പല രൂപത്തിൽ നിലനിർത്താൻ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണവർഗവും സർക്കാരുകളും ശ്രദ്ധ പുലർത്തി. രാജ്യദ്രോഹം (Sedition) അതിൽ ഭരണവർഗത്തിന്റെ ഏറ്റവും പ്രധാന ഒരായുധമായിരുന്നു. ഇന്നിപ്പോൾ ഏറ്റവുമൊടുവിൽ ശശി തരൂരിനും, രാജ്ദീപ് സർദേശായിയും വിനോദ് കെ. ജോസും അടക്കമുള്ള മാധ്യമപ്രവർത്തകർക്കുമെതിരെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ എത്തിനിൽക്കുന്നു അത്.

രാജ്യദ്രോഹനിയമം മോദിക്കുമുമ്പും

ആരുടെയാണ് ഈ രാജ്യം എന്നുള്ള പ്രാഥമികമായ ചോദ്യത്തിന്റെ ഉത്തരമാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A വകുപ്പിന്റെ പ്രയോഗം. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവർ, ജീവിക്കാനുള്ള പ്രാഥമികമായ അവകാശങ്ങൾക്ക് സമരം ചെയ്യുന്നവർ, പോരാട്ടങ്ങൾക്ക് സൈദ്ധാന്തികമായ മൂർച്ച നൽകുന്നവർ, നിലവിലെ വ്യവസ്ഥിതിയുടെ ചൂഷണാത്മകമായ സത്തയെ തുറന്നുകാട്ടുന്നവർ, വ്യവസ്ഥയുടെ ജഡത്വത്തെ കുലുക്കിയിളക്കുന്നവർ, അവരെല്ലാംതന്നെ രാജ്യദ്രോഹികളായി ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന് ഭരണകൂടം കരുതുന്നുണ്ട്.

2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വന്നതോടെ രാജ്യദ്രോഹത്തിന് ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം എന്നും സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം എന്നുമുള്ള സമീകരണങ്ങൾ കൂടി ലഭിച്ചു. NCRB (National Crime Records Bureau) യുടെ 2019-ലെ കണക്കനുസരിച്ച് മോദി സർക്കാരിനു കീഴിൽ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിൽ 165% വർദ്ധനവാണുണ്ടായത്.

കൂടങ്കുളം സമരത്തിൽ പങ്കെടുത്ത എണ്ണായിരത്തോളം പേർക്കെതിരെയാണ് അന്നത്തെ ജയലളിത സർക്കാർ രാജ്യദ്രോഹ കുറ്റം ചുമത്തിയത്

കാർട്ടൂണിസ്റ്റ് അസീം ത്രിവേദി, പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച നിരവധി പേർ, കർണാടകയിലെ വിദ്യാർത്ഥികൾ, എന്നിങ്ങനെ നൂറുകണക്കിനാളുകൾക്കെതിരെയാണ് ബി.ജെ.പിയുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇന്ത്യൻ ഭരണകൂടം മോദിക്ക് മുമ്പും രാജ്യദ്രോഹ നിയമം ജനാധിപത്യപരമായ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള വഴിയായി കണ്ടിരുന്നു. കൂടങ്കുളം സമരത്തിൽ പങ്കെടുത്ത എണ്ണായിരത്തോളം പേർക്കെതിരെയാണ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അരുന്ധതി റോയും ബിനായക് സെന്നും അടക്കമുള്ളവരും ഈ കൊളോണിയൽകാല നിയമത്തിന്റെ ഇരകളായി.

ഗാന്ധിക്കെതിരെയും ചുമത്തിയ കുറ്റം

ഒരു ആധുനിക ജനാധിപത്യ രാജ്യത്തിലെ നിയമവ്യവസ്ഥയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സങ്കൽപനമാണ് രാജ്യദ്രോഹം. ദേശ-രാഷ്ട്രങ്ങളുടെ ആവിർഭാവത്തോടെ ദൈവത്തിനും രാജാവിനും പകരം രാജ്യത്തെ പ്രതിഷ്ഠിക്കുകയല്ല ഉണ്ടായത്. ജനാധിപത്യ സമൂഹത്തിൽ വിമർശനത്തിനോ മാറ്റത്തിനോ വിധേയമാകാത്ത തരത്തിലുള്ള ഒരു സ്ഥാപനവും ഇല്ല. നാഗരികതയുടെ ഉരുത്തിരിയൽത്തന്നെ ഇത്തരം മാറ്റങ്ങളിലൂടെയാണ്. ഒരു കാലത്തെ ഭരണവ്യവസ്ഥയെ അതിന്റെ തീർത്തും എതിർധ്രുവത്തിൽ നിന്ന് വിമർശിക്കുകയും അതിനെ ബലപ്രയോഗമടക്കമുള്ള മാർഗങ്ങളിലൂടെ നിഷ്‌കാസനം ചെയ്യുകയും ചെയ്താണ് ഇന്ന് കാണുന്ന തെരഞ്ഞെടുപ്പ് ഭരണസമ്പ്രദായവും ഉണ്ടായത്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) (a ) അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനകളിൽ ഒന്നാകുന്നതും.

അസീം ത്രിവേദിയുടെ കാർട്ടൂണുകൾ ഭരണഘടനയേയും,

ദേശീയ ചിഹ്നത്തേയും അവഹേളിച്ചെന്ന് ആരോപിച്ചാണ്

അദ്ദേഹത്തിനെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയത്

ഇന്ത്യൻ ഭരണഘടനയുടെ നിർമാണവേളയിൽത്തന്നെ ഭരണഘടനാ നിർമ്മാണസഭയിൽ "രാജ്യദ്രോഹം' (sedition) അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏർപ്പെടുത്താവുന്ന ഒരു വ്യവസ്ഥയായി വെക്കേണ്ടതാണോ എന്നത് സംബന്ധിച്ച ചർച്ച ഉയർന്നുവന്നു. ഭരണഘടനയുടെ കരടിൽ ഇത് രണ്ടു തവണ ഉൾപ്പെടുത്താൻ ശ്രമിക്കിച്ചെങ്കിലും മഹാഭൂരിഭാഗം അംഗങ്ങളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് "രാജ്യദ്രോഹം' ആർട്ടിക്കിൾ 19 (2)-ൽ നിന്നും ഒഴിവാക്കുകയായിരുന്നു.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനുകീഴിൽ മെക്കാളെ പ്രഭു നൽകിയ കരട് ഇന്ത്യൻ ശിക്ഷാനിയമത്തിൽ (1837-39) 113-ാം വകുപ്പായി രാജ്യദ്രോഹം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 1860-ൽ ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിൽ വന്നപ്പോൾ ഈ വകുപ്പ് ഒഴിവാക്കി. എന്നാൽ ഇന്ത്യയിലെ ജനകീയ പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും കർശനമായി അടിച്ചമർത്തേണ്ടതിന് ഇത്തരത്തിലൊരു നിയമം വേണ്ടതിന്റെ ആവശ്യകത 1857-ലെ ഒന്നാം സ്വാതന്ത്ര്യ കലാപം കഴിഞ്ഞതോടെ ബ്രിട്ടീഷുകാർക്ക് ബോധ്യപ്പെട്ടു. 1870-ൽ രാജ്യദ്രോഹം ഇന്ത്യൻ ശിക്ഷാ നിയമത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു.

1891-ലാണ് ഈ വകുപ്പനുസരിച്ചുള്ള ആദ്യ കേസെടുക്കുന്നത്. Age of Consent ll നെ വിമർശിച്ചതിനായിരുന്നു ജോഗേന്ദ്ര ചന്ദ്രബോസിനെതിരെ കുറ്റം ചുമത്തിയത്. അദ്ദേഹം മാപ്പു പറഞ്ഞതോടെ വിചാരണ ഒഴിവാകുകയും ചെയ്തു. എന്നാൽ ദേശീയ വിമോചന സമരത്തിന്റെ രാഷ്ട്രീയ രൂപം ഉരുത്തിരിയാൻ തുടങ്ങിയതോടെ രാജ്യദ്രോഹ വകുപ്പ് കൊളോണിയൽ ഭരണത്തിന്റെ ഒഴിവാക്കാനാകാത്ത ആയുധമായി മാറി. ബാലഗംഗാധര തിലകനെതിരെയുള്ള മൂന്നു രാജ്യദ്രോഹക്കുറ്റ വിചാരണകൾ ഈ വകുപ്പിനെ കൂടുതൽ കർക്കശമായ വ്യാഖ്യാനങ്ങൾ ചമക്കുന്നതിലേക്കായിരുന്നു നയിച്ചത്.

ജോഗേന്ദ്ര ചന്ദ്രബോസിന് ശേഷം ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന പ്രമുഖൻ ബാലഗംഗാധര തിലക് ആണ്. 1908-ൽ തിലകിനെ രാജ്യദ്രോഹക്കുറ്റത്തിന് ആറു വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു

1908-ൽ തിലകനെ രാജ്യദ്രോഹക്കുറ്റത്തിന് ആറു വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. തിലകന്റെ വിചാരണയിലാണ് ജസ്റ്റിസ് സ്ട്രാഷേ 124 A സംബന്ധിച്ച് വളരെ കർക്കശവും കൊളോണിയൽ ഭരണത്തിന് അനുകൂലവുമായ Starchey 's Law എന്നറിയപ്പെട്ട വ്യാഖ്യാനം നൽകിയത്. 1922- ഗാന്ധിയെക്കൂടി ഈ കുറ്റം ചുമത്തി വിചാരണ ചെയ്തതോടെ രാജ്യദ്രോഹക്കുറ്റം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോരാളികളുടെ അലങ്കാരമായി മാറുകയായിരുന്നു.

എന്നാൽ കൊളോണിയൽ കാലഘട്ടത്തിൽത്തന്നെ രാജ്യദ്രോഹക്കുറ്റത്തിനെ Public order-മായി കൂട്ടിക്കിച്ചേർത്തു വായിക്കാനും കേവലമായ അഭിപ്രായ പ്രകടനങ്ങളേയും രാഷ്ട്രീയ വിമർശനങ്ങളെയും ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുമുള്ള ശ്രമങ്ങൾ ഫെഡറൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. നിഹാരേന്ദു ദത്ത് മജൂംദാർ (1942) കേസിൽ ഇത്തരത്തിൽ ഈ വകുപ്പിനെ വ്യാഖ്യാനിക്കാൻ ശ്രമമുണ്ടായെങ്കിലും 1947-ൽ സദാശിവ് ഭലെറാവു കേസിൽ പ്രിവി കൗൺസിൽ വീണ്ടും ഇടുങ്ങിയ തരത്തിലുള്ള വ്യാഖ്യാനത്തിലേക്ക് തിരിച്ചുപോയി.

ഒന്നാം ഭരണഘടനാ ഭേദഗതി

സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിർമാണസഭയിൽ നടന്ന ചർച്ചകളുടെ ഫലമായി അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള വ്യവസ്ഥകളിൽ "രാജ്യദ്രോഹം' ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇന്ത്യൻ ശിക്ഷാനിയമത്തിൽ 124 A പിടിവിടാതെ കിടന്നു. 1951-ലെ ഒന്നാം ഭേദഗതിയിലൂടെ ഭരണഘടനയിൽ 19(2) ൽ Public order സ്ഥാനം പിടിച്ചു. റൊമേഷ് ഥാപ്പർ, ബ്രിജ്ഭൂഷൺ കേസുകളിലെ വിധിയെ മറികടക്കാനായിരുന്നു ഈ ഭേദഗതി.

1922- ഗാന്ധിയെക്കൂടി രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ ചെയ്തതോടെ ഈ വകുപ്പ്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോരാളികളുടെ അലങ്കാരമായി മാറുകയായിരുന്നു

കമ്യൂണിസ്റ്റ് പ്രസിദ്ധീകരണമായിരുന്ന Crossroads, ആർ.എസ്.എസിന്റെ Organizer എന്നിവക്കുമേലുള്ള നിരോധനത്തിനെതിരായിരുന്നു വിധി. വാസ്തവത്തിൽ ഒന്നാം ഭരണഘടനാഭേദഗതി തന്നെ ജനാധിപത്യവിരുദ്ധമായ ഒരു ആവശ്യത്തിൽ നിന്നുമാണ് ഉണ്ടായതെന്ന് പറയാം. എന്നാലപ്പോഴും sedition /രാജ്യദ്രോഹം എന്നത് ഇന്ത്യയിൽ ഉപയോഗിക്കില്ലെന്നും അതിനുള്ള ജനാധിപത്യ ബോധം നമുക്കുണ്ടെന്നുമൊക്കെയുള്ള ആത്മവിശ്വാസം ജവഹർലാൽ നെഹ്റു ഈ ഭേദഗതിയുടെ ചർച്ചാവേളയിൽ പാർലമെന്റിൽ പ്രസംഗിച്ചെങ്കിലും 124 A ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്ദീപ് സർദേശായിയെയും ശശി തരൂരിനെയുമൊക്കെ കാത്തുകിടന്നു.

1962-ലെ കേദാർനാഥ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 124 A യുടെ ഭരണഘടനാ സാധുത ശരിവെക്കുകയായിരുന്നു. കേദാർനാഥിന്റെ കേസും ഭരണകൂടം എതിർ രാഷ്ട്രീയശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് രാജ്യദ്രോഹനിയമം ഉപയോഗിക്കുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു. ബിഹാറിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന കേദാർനാഥ് തന്റെ പ്രസംഗത്തിൽ കോൺഗ്രസ് ഭരണത്തിനെതിരെ ആഞ്ഞടിച്ചപ്പോഴാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

പിന്നീടിങ്ങോട്ട് 124 A രാഷ്ട്രീയ പ്രതിയോഗികൾക്കെതിരായി ഇന്ത്യയിൽ ഉപയോഗിക്കാൻ സർക്കാരുകൾക്ക് ഒരു മടിയുമുണ്ടായില്ല. രാജ്യദ്രോഹം സംബന്ധിച്ച ഈ സങ്കുചിത വ്യാഖ്യാനം ഭരിക്കുന്ന സർക്കാരുകളുടെയും ഭരണവർഗങ്ങളുടെയും താൽപര്യങ്ങളെ സംരക്ഷിക്കാൻ ഉപയോഗിച്ചതിന് ലോകത്ത് മറ്റു പലയിടത്തും മാതൃകകളുണ്ടായിരുന്നു. പൗരസമൂഹത്തെയാകെ കമ്യൂണിസ്റ്റ് വേട്ട നടത്തിയ യു.എസിലെ മക്കാർത്തിയൻ കാലത്ത് Schenck v. United States കേസിൽ ജസ്റ്റിസ് ഹോംസ് കൊണ്ടുവന്ന clear and present danger എന്ന പരിശോധന ജനാധിപത്യ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനാണ് ഉപയോഗിച്ചത്. പിന്നീട് Brandenburg vs. Ohio കേസിലെ വിധിയാണ് ഈ വ്യാഖ്യാനം തള്ളിക്കളഞ്ഞ് ഉദാരമായ രീതി സ്വീകരിച്ചത്. ശ്രേയ സിംഗാൾ കേസിൽ (2015) സുപ്രീം കോടതിവിധിയിൽ Brandenburg കേസ് അതിന്റെ ന്യായവാദങ്ങളിലൊന്നായി പരിഗണിക്കുന്നുമുണ്ട്.

കൊളോണിയൽ നിയമ ബാക്കി

അപ്പോൾ 124 A യുടെ ചരിത്രവഴി എന്നത് കൊളോണിയൽ ഭരണം നിലനിർത്തുന്നതിനും അതിനുശേഷം ഭരണവർഗത്തെയും അതിന്റെ സർക്കാരുകളേയും ജനകീയ പ്രതിഷേധങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഒന്നാണെന്ന് കാണാം. ബൽവന്ത് സിംഗ് കേസിൽ (1995) സുപ്രീം കോടതി വ്യക്തമാക്കിയത് പോലെ ഖാലിസ്ഥാൻ സിന്ദാബാദ് എന്നുവിളിക്കുന്നതൊന്നും രാജ്യദ്രോഹമാകില്ല. എന്നാൽ കേദാർനാഥ് കേസിൽ 124 A യുടെ ഭരണഘടനാസാധുത സാധുത ശരിവെച്ച സുപ്രീംകോടതി വിധിയാണ് മറികടക്കേണ്ടത്.

യു.എസിൽ 1950കളിലെ മക്കാർത്തിയൻ കാലഘട്ടത്തിൽ അച്ചടിച്ചു

വന്ന ​​​​കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രൊപഗണ്ടകളിലൊന്ന്

/ photo: wikimedia commons

അതായത് അടിസ്ഥാനപരമായ പ്രശ്‌നം രാജ്യദ്രോഹം എന്നൊരു കുറ്റകൃത്യത്തിന് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ, ജനാധിപത്യ, പൗര സമൂഹത്തിൽ ഇടമുണ്ടോ എന്നതാണ്. ഇല്ല എന്നതാകണം ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഉത്തരം. ഭരിക്കുന്ന സർക്കാരും ഭരണകൂടവും എന്നത് ജനാധിപത്യത്തിന്റെ അവസാനവാക്കല്ല. നിലനിൽക്കുന്ന വ്യവസ്ഥ പോലും മാറ്റാനുള്ള രാഷ്ട്രീയ സമരങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. അതുകൊണ്ടുതന്നെ 124 A എന്ന വകുപ്പ് എപ്പോഴൊക്കെ ഉപയോഗിക്കണം എന്നതല്ല നമ്മുടെ ചർച്ചയാകേണ്ടത്, മറിച്ച് അത് നമ്മുടെ നിയമ വാഴ്ചയിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരു ജനാധിപത്യ വിരുദ്ധ കൊളോണിയൽ നിയമ ബാക്കിയാണ് എന്നാണ്.

രാജ്യദ്രോഹനിയമത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനിൽ ഈ നിയമം എടുത്തുകളയാൻ 1977-ൽ തന്നെ ശുപാർശ നൽകിയിരുന്നു. 2010-ൽ ബ്രിട്ടനിൽ രാജ്യദ്രോഹനിയമം ഇല്ലാതായി. അതിനെത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ അതിന്റെ പ്രയോഗം ബ്രിട്ടനിൽ ഇല്ലാതായിരുന്നു.
ഇന്ത്യ എന്ന ആശയം അതിന്റെ ഏറ്റവും അടിസ്ഥാനപരമായ നിലനിൽപ്പിനുനേരെയുള്ള വെല്ലുവിളിയാണ് ഇപ്പോൾ ഹിന്ദുത്വ-കോർപ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടത്തിൽ നിന്ന് നേരിടുന്നത്. ഇപ്പോൾ അവകാശപ്പെടുന്നത് അവരാണ് രാജ്യം എന്നാണ്. ജനങ്ങൾ മുഷ്ടി ചുരുട്ടി കലാപത്തിന്റെ പുതിയ പാതകളിലൂടെ ഇരമ്പിക്കയറുന്നത് എങ്കിൽ ഞങ്ങളൊരു പുതിയ രാജ്യമുണ്ടാക്കും എന്നുപറഞ്ഞാണ്. രാജ്യദ്രോഹ നിയമമാണ് ഒരു രാജ്യത്തിന്റെ സുരക്ഷയെ നിർണയിക്കുന്നതെങ്കിൽ അതൊരു ജനാധിപത്യ സമൂഹമല്ല. അതുകൊണ്ടാണ് ഫാസിസ്റ്റുകൾക്കും കോർപ്പറേറ്റ് ഭീകരതക്കുമെതിരെ ജനങ്ങൾ പുതിയ രാജ്യം സൃഷ്ടിക്കുന്നത്.


ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ സോഷ്യൽമീഡിയയിൽ വാർത്ത പങ്കുവച്ച മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ പ്രസ്‌ക്ലബ്ബ് ഓഫ് ഇന്ത്യയും എഡിറ്റേഴ്‌സ് ഗിൽഡും ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുന്ന രാജ്ദീപ് സർദേശായി.

Comments